ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
1943 ഡിസംബർ 26. മിടുക്കനായ ജർമ്മൻ ഓഫീസർ കേണൽ ക്ലൗസ് വോൺ സ്റ്റൗഫൻബെർഗ് ഒരു പ്രത്യേകതയുമായാണ് റാസ്റ്റൻബർഗിലെ മീറ്റിങ്ങിന് എത്തിയത്. അയാളുടെ ബ്രീഫ്കെയ്സിൽ ഒരു ടൈം ബോംബ് ഉണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഫ്യൂറർ ക്രിസ്മസ് അവധിക്കായി ബവേറിയയിലേക്ക് യാത്ര തിരിച്ചിരുന്നതിനാൽ അന്ന് ആ മീറ്റിങ്ങ് നടക്കുകയുണ്ടായില്ല. യുദ്ധമുന്നണിയിൽ ഇടതു കണ്ണും വലതുകൈയും നഷ്ടപ്പെട്ടിരുന്ന വോൺ സ്റ്റൗഫൻബെർഗ്, ജനറൽ ആർമി ഓഫീസിലെ ജനറൽ ഓൾബ്രിഷ്ടിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവർത്തിച്ചു വരികയാണ്. ഫ്യൂററെ വധിച്ച് ജർമ്മനിയെ ദുരന്തത്തിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആർമി ജനറൽമാരുടെ ഗൂഢ സംഘത്തിന്റെ സിരാകേന്ദ്രമായിരുന്നു അയാൾ.
1943 ലെ ക്രിസ്മസിന്റെ പിറ്റേന്ന് നടക്കാതെ പോയ ആ വധശ്രമം അതുവരെ നടന്ന വധശ്രമങ്ങളിൽ ഒന്നു മാത്രമായിരുന്നു. എന്നിട്ടും അത്തരം ശ്രമങ്ങൾ അവസാനിപ്പിക്കുവാൻ അവർ തയ്യാറായിരുന്നില്ല. ലക്ഷ്യം നിറവേറ്റുവാൻ ധാരാളം യുവാക്കൾ എപ്പോഴും സന്നദ്ധരായി നിൽപ്പുണ്ടായിരുന്നു. ഏപ്രിലിലെ ആ നരച്ച പ്രഭാതത്തിൽ ഹിറ്റ്‌ലർ ആവശ്യപ്പെട്ട ആ റിപ്പോർട്ടുമായി ബെർലിനിൽ നിന്നും വിമാനത്തിലെത്തി റാസ്റ്റൻബർഗ്ഗിലെ രഹസ്യകേന്ദ്രത്തിലേക്ക് മിലിട്ടറി കാറിൽ പുറപ്പെട്ട ക്യാപ്റ്റൻ കാൾ കീനിഗ്ഗ് ആ സംഘത്തിൽ പെട്ട ഒരുവനായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന അയാൾ സ്വാഭാവികമായും അസ്വസ്ഥനായിരുന്നു. കാരണം അയാളുടെ ബ്രീഫ്കെയ്സിന്റെ അടിഭാഗത്തെ രഹസ്യ അറയിൽ ഒരു ടൈം ബോംബാണ് ഉണ്ടായിരുന്നത്. ഏതു നിമിഷവും തിരികെ പറക്കാൻ റെഡി ആയിരിക്കണം എന്ന് റാസ്റ്റൻബർഗ്ഗ് എയർഫീൽഡിൽ വച്ച് പൈലറ്റിനോട് പറഞ്ഞിട്ട് വന്നിരിക്കുന്ന അയാളുടെ വിരലുകൾ സിഗരറ്റിന് തീ കൊളുത്തവെ വിറയ്ക്കുന്നുണ്ടായിരുന്നു.
SS ഡ്രൈവറും അയാളുടെ സമീപം ഇരിക്കുന്ന ഗാർഡും റാസ്റ്റൻബർഗ്ഗ് വനത്തിനു നടുവിലൂടെ കടന്നു പോകുന്ന റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കവെ കീനിഗ്ഗിന്റെ പരിഭ്രാന്തി ഏറുകയായിരുന്നു. പാതയ്ക്ക് ഇരുവശവും ഉള്ള ഇലക്ട്രിക്ക് വേലിയ്ക്ക് അപ്പുറം വനത്തിൽ മൈനുകൾ വിന്യസിച്ചിട്ടുണ്ട്. പാതയിൽ എമ്പാടും വേട്ടനായ്ക്കളെയും കൊണ്ട് ഗാർഡുകളുടെ പട്രോളിങ്ങ് കാണാം. മൂന്ന് കവാടങ്ങൾ കടന്നിട്ടാണ് അവർ കോമ്പൗണ്ടിന് ഉള്ളിലേക്കെത്തിയത്. ടൈം ബോംബിന്റെ സ്വിച്ച് ഓൺ ചെയ്യാൻ സമയമായിരിക്കുന്നു. ഓൺ ചെയ്ത് കൃത്യം മുപ്പത് മിനിറ്റ് കഴിയുമ്പോഴാണ് സ്ഫോടനം ഉണ്ടാവുക എന്നാണവർ പറഞ്ഞത്.
ബ്രീഫ്കെയ്സിന്റെ ഇടതുവശത്തെ സ്ട്രാപ്പിന്റെ ലോക്കിൽ അയാൾ വിരലമർത്തി. തൊട്ടടുത്ത നിമിഷം ഉണ്ടായ അതിശക്തമായ സ്ഫോടനത്തിൽ കീനിഗ്ഗും ആ രണ്ട് ഭടന്മാരും കൊല്ലപ്പെട്ടു. അവരുടെ കാർ ഉയർന്ന് ചിതറിത്തെറിച്ചു.
***
അടക്കാനാവാത്ത രോഷത്താൽ ഹിറ്റ്‌ലർ മാപ്പ് റൂമിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. “പിന്നെയും അവർ ശ്രമിച്ചിരിക്കുന്നു...!” അദ്ദേഹം റാറ്റൻഹ്യൂബറിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ എന്താണിവിടെ ചെയ്യുന്നത് ഓബർഫ്യൂറർ...? എന്റെ സുരക്ഷയ്ക്കായിട്ടല്ലേ നിങ്ങളെ നിയമിച്ചിരിക്കുന്നത്...? എന്നിട്ട് എന്താണിതെല്ലാം...?”
“ഫ്യൂറർ... അത്......” റാറ്റൻഹ്യൂബർ വാക്കുകൾക്കായി പരതി. “ഞാനിപ്പോൾ എന്താണ് പറയുക...”
“ഒന്നും പറയണ്ട...!” അലറിക്കൊണ്ട് ഹിറ്റ്‌ലർ മറ്റുള്ളവർക്ക് നേരെ തിരിഞ്ഞു. “പ്രയോജനമുള്ള ഒരു വാക്കു പോലും പറയാൻ നിങ്ങൾക്കാർക്കും കഴിയില്ല... ഒരുത്തനെക്കൊണ്ടും ഗുണമില്ല...”
അമ്പരപ്പിനിടയിൽ അവിടെങ്ങും നിറഞ്ഞ മൗനത്തെ ഭഞ്ജിച്ചത് ഹിംലർ ആണ്. അദ്ദേഹത്തിന്റെ സ്വരം പരിമിതവും കാര്യമാത്ര പ്രസക്തവും ആയിരുന്നു. “ഇവിടെ അപകടകരമായ അശ്രദ്ധ ഉണ്ടായിരിക്കുന്നു എന്നത് ഒരു വാസ്തവമാണ് ഫ്യൂറർ... എങ്കിലും ഭീരുത്വം നിറഞ്ഞ, വിഫലമായ ഈ വധശ്രമത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്... താങ്കളുടെ നിയോഗം... താങ്കളുടെ മഹത്തായ നേതൃത്വത്തിന് കീഴിൽ ജർമ്മനിയുടെ വിജയം സുനിശ്ചിതമാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു...”
ഹിറ്റ്‌ലറുടെ കണ്ണുകൾ തിളങ്ങി. അദ്ദേഹത്തിന്റെ രോഷം ഒന്നടങ്ങിയതു പോലെ തോന്നി. “തീർച്ചയായും, റൈഫ്യൂറർ... അതെ... എനിക്കല്ലാതെ മറ്റാർക്കും അതിന് കഴിയുകയില്ല...” അദ്ദേഹം മറ്റുള്ളവരുടെ നേർക്ക് തിരിഞ്ഞു. “ഗെറ്റൗട്ട് ഓൾ ഓഫ് യൂ... എനിക്ക് റൈഫ്യൂററുമായി തനിച്ച് അല്പം സംസാരിക്കാനുണ്ട്...”
ഒന്നും ഉരിയാടാതെ അവർ പുറത്തേക്ക് നടന്നു. ഗീബൽസ് ആയിരുന്നു ഏറ്റവുമൊടുവിൽ മുറിയിൽ നിന്നും ഇറങ്ങിയത്. കൈകൾ പിന്നിൽ കെട്ടി മാപ്പ് ടേബിളിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് ഹിറ്റ്‌ലർ നിന്നു.
“എന്ത് സേവനമാണ് ഞാൻ ചെയ്യേണ്ടത് ഫ്യൂറർ...?” ഹിംലർ ആരാഞ്ഞു.
“ഗൂഢാലോചന നടന്നിരിക്കുന്നു... ശരിയല്ലേ...?” ഹിറ്റ്‌ലർ ചോദിച്ചു. “എന്നെ ഇല്ലാതാക്കാൻ വേണ്ടി... ഇപ്പോൾ കൊല്ലപ്പെട്ട ഈ ക്യാപ്റ്റൻ കീനിഗ്ഗ് വെറുമൊരു ഏജന്റ് മാത്രമാണെന്ന് പറയാൻ കഴിയുമോ...?”
“ഏതാനും ജനറൽമാരാണ് ഇതിന് പിന്നിൽ, ഫ്യൂറർ...”
ഹിറ്റ്‌ലർ വെട്ടിത്തിരിഞ്ഞു. “തീർച്ചയാണോ നിങ്ങൾക്ക്...?”
“തീർച്ചയായും... പക്ഷേ തെളിവുകൾ എന്തെന്ന് ചോദിച്ചാൽ... ബുദ്ധിമുട്ടാണ്...”
ഹിറ്റ്‌ലർ തല കുലുക്കി. “ജനറൽ ഓൾബ്രിഷ്ടിന്റെ അസിസ്റ്റന്റ് ആയിരുന്നു ഈ കീനിഗ്ഗ്... ഇതിൽ പങ്കുണ്ടെന്ന് നിങ്ങൾ സംശയിക്കുന്നവരിൽ ഒരാളാണോ ഓൾബ്രിഷ്ട്...? ആരൊക്കെയാണ് മറ്റുള്ളവർ...?”
“ജനറൽ സ്റ്റൈഫ്, വാഗ്‌നർ, വോൺ ഹെയ്സ്, ലിൻഡ്മാൻ... ഇനിയുമുണ്ട്... എല്ലാവരെയും ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്...”
ഹിറ്റ്‌ലർ അല്പം ശാന്തനായത് പോലെ തോന്നി. “രാജ്യദ്രോഹികൾ... സകലരും... ഫയറിങ്ങ് സ്ക്വാഡ് അല്ല... തൂക്കുകയർ ആണ് അവർക്ക് പറഞ്ഞിരിക്കുന്നത്... സമയമാകുമ്പോൾ ശിക്ഷ നടപ്പാക്കാൻ മറക്കണ്ട... ജനറൽ പദവിയ്ക്ക് മുകളിൽ ഉള്ളവർ ആരും ഇല്ലെന്ന് കരുതാം അല്ലേ...? ചുരുങ്ങിയത് ഫീൽഡ് മാർഷൽമാരെങ്കിലും നമ്മോടൊപ്പം ആണെന്ന് കരുതുന്നു...”
“ഞാനും അങ്ങനെ കരുതുന്നു ഫ്യൂറർ... പക്ഷേ, സംശയത്തിന്റെ നിഴലിൽ ഒരാളുണ്ട്... താങ്കളോടത് പറയാതിരുന്നാൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും...”
“ആരാണത്...? പറയൂ...”
“റോമൽ...”
മുഖം ഒന്ന് വിളറിയെങ്കിലും അടുത്ത നിമിഷം അദ്ദേഹം പുഞ്ചിരിച്ചു. തന്റെ കണക്കുകൂട്ടലുകൾ ശരിയായിരുന്നു എന്ന മട്ടിലുള്ള പുഞ്ചിരി. മാപ്പ് ടേബിളിന് മുന്നിൽ നിന്നും ജാലകത്തിനരികിലേക്ക് നടന്നിട്ട് അദ്ദേഹം തിരിഞ്ഞു. അപ്പോഴും ആ മന്ദഹാസം മാഞ്ഞിരുന്നില്ല. “ഞാൻ പ്രതീക്ഷിച്ചിരുന്നു... എനിക്ക് തെറ്റിയില്ല... അപ്പോൾ അങ്ങനെയാണ്... ഡെസർട്ട് ഫോക്സ് എനിക്കെതിരെ കളിക്കാൻ തന്നെ ഇറങ്ങിയിരിക്കുകയാണ്...”
“എന്ന് പറയാം, ഫ്യൂറർ...”
“ജനങ്ങളുടെ ഹീറോ ആണയാൾ...” ഹിറ്റ്‌ലർ പറഞ്ഞു. “നമ്മൾ അയാളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചു വേണം... ശരിയല്ലേ...?”
“കൗശലത്തോടെയായിരിക്കണം അയാളെ കുടുക്കേണ്ടത്, ഫ്യൂറർ...” ഹിംലർ പറഞ്ഞു.
“കൗശലത്തോടെ... അതെ... തീർച്ചയായും... മരുഭൂമിയിലെ കുറുക്കനെ കുടുക്കേണ്ടത് കൗശലത്തോടെ തന്നെയായിരിക്കണം...” ഹിറ്റ്‌ലറുടെ മുഖം പ്രസന്നമായി. “അതെനിക്ക് ഇഷ്ടപ്പെട്ടു റൈഫ്യൂറർ... ഔട്ട്ഫോക്സ് ദി ഡെസർട്ട് ഫോക്സ്...”
***
മദ്ധ്യാഹ്നം വരെയും ഉറക്കത്തിലായിരുന്ന ഹ്യൂ കെൽസോ കടുത്ത വേദനയാൽ ഞെട്ടിയുണർന്നു. തിരമാലകളിൽ ആടിയുലയുന്ന റാഫ്റ്റിനുള്ളിൽ കിടന്നു കൊണ്ട് അതിന്റെ കവാടത്തിന്റെ സിപ്പർ വലിച്ചു തുറന്ന് പുറത്തേക്ക് നോക്കിയ അദ്ദേഹത്തിന്റെ മനസ്സ് തകർന്നു പോയി. അനന്തമായി പരന്നു കിടക്കുന്ന കടൽ അല്ലാതെ മറ്റൊന്നും തന്നെ കാണാനില്ല. ശക്തമായ തിരമാലകൾ ആ ചങ്ങാടത്തിനെ അമ്മാനമാടുകയാണ്. ഇരുണ്ട ആകാശവും കോരിച്ചൊരിയുന്ന മഴയും. 5 അല്ലെങ്കിൽ 6 എന്ന നിലയിൽ വീശുന്ന കാറ്റ്. കരയുടെ ലാഞ്ഛന പോലും എവിടെയും കാണാനില്ല എന്നതായിരുന്നു ഏറ്റവും ദുഃഖകരമായ വസ്തുത. ഒരു കാര്യം വ്യക്തം. താൻ കരയിൽ നിന്നും വളരെയകലെ ഇംഗ്ലീഷ് ചാനലിൽ എവിടെയോ ആണ്. നേരെ ഒഴുകുകയാണെങ്കിൽ, ആരും തന്നെ പിക്ക് ചെയ്യുന്നില്ലെങ്കിൽ ഫ്രാൻസിന്റെ തീരത്ത് മിക്കവാറും ഷെർബർഗ്ഗ് ഉപഭൂഖണ്ഡത്തിൽ എവിടെയെങ്കിലും എത്തിയേക്കാം. അതിനും താഴെയാണ് സെന്റ് മാലോ ഉൾക്കടലും ആൽഡർണി, ഗ്വെൺസി, ജെഴ്സി എന്നീ ചാനൽ ഐലൻഡുകളും ഉള്ളത്. ജർമ്മൻ അധീനതയിലുള്ള ബ്രിട്ടീഷ് ദ്വീപുകളാണ് അവ എന്നതിൽ കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. അത്രയും ദൂരെ തെക്കോട്ട് ഒഴുകി എത്തുവാനുള്ള സാദ്ധ്യത ഏതായാലും ഇല്ല എന്ന് അദ്ദേഹം ആശ്വസിച്ചു.
ഫ്ലെയർ ഗൺ എടുത്ത് അദ്ദേഹം ആകാശത്തേക്ക് ഷൂട്ട് ചെയ്തു. രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ക്ഷണിക്കുവാനുള്ള ഓറഞ്ച് നിറമുള്ള ജ്വാലകൾ ആകാശത്തേക്ക് ഉയർന്നു. പകൽ സമയത്ത് ഇംഗ്ലീഷ് ചാനലിൽ ജർമ്മൻകാരുടെ നാവിക സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത വിരളമാണ്. തങ്ങളുടെ മൈൻ ഫീൽഡുകൾക്ക് പിറകിൽ നിന്നു കൊണ്ടുള്ള നിരീക്ഷണത്തിനാണ് ഈ സമയത്ത് അവർക്ക് താല്പര്യം. അദ്ദേഹം ഒരു ഫ്ലെയർ കൂടി തൊടുത്തു വിട്ടു. തുറന്നു കിടക്കുന്ന ഫ്ലാപ്പിനുള്ളിലൂടെ വെള്ളം അകത്ത് കയറിയതും അതിന്റെ സിപ്പർ മുകളിലേക്ക് വലിച്ച് ആ കവാടം അദ്ദേഹം അടച്ചു. എമർജൻസി കിറ്റിനുള്ളിൽ ഏതാനും ഭക്ഷണ സാധനങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്നും അല്പം ഉണങ്ങിയ പഴങ്ങൾ എടുത്ത് അകത്താക്കി. കാലിലെ വേദന വീണ്ടും അസഹനീയമായിരിക്കുന്നു. മോർഫിന്റെ ഒരു ആംപ്യൂൾ കൂടി എടുത്ത് അദ്ദേഹം കുത്തി വച്ചു. കൈ തലയിണയാക്കി മലർന്നു കിടന്ന അദ്ദേഹം അല്പ സമയത്തിനകം വീണ്ടും നിദ്രയിലേക്കാണ്ടു.
പുറത്ത് കടൽ പ്രക്ഷുബ്ധമായിത്തന്നെ നിലകൊണ്ടു. വൈകിട്ട് അഞ്ചു മണി ആയതോടെ അന്തരീക്ഷം ഇരുളിന് വഴി മാറി. തെക്ക് പടിഞ്ഞാറേക്ക് ഗതി മാറി വീശിത്തുടങ്ങിയ കാറ്റ് അദ്ദേഹത്തെ ഷെർബർഗ്ഗ് ഉപഭൂഖണ്ഡത്തിലെ ഫ്രഞ്ച് തീരത്തു നിന്നും നിന്നും ദൂരേയ്ക്ക് ഒഴുക്കിക്കൊണ്ടു പോയി. ഏതാണ്ട് ആറു മണിയോടെ ആൽഡർണി ദ്വീപിന് പത്ത് മൈൽ പടിഞ്ഞാറ് എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം. എന്നാൽ പിന്നെയും ഗതിമാറി വീശിയ കാറ്റ് ആ ചങ്ങാടത്തെ സെന്റ് മാലോ ഉൾക്കടലിന്റെ പുറംഭാഗത്തു കൂടി ഗ്വെൺസിയുടെ നേർക്ക് കൊണ്ടു പോയി.
എന്നാൽ ഇതൊന്നും കെൽസോ അറിയുന്നുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഏതാണ്ട് ഏഴു മണിയോടെ ഉറക്കമുണർന്നപ്പോൾ നന്നായി പനിക്കുന്നുണ്ടായിരുന്നു. അല്പം വെള്ളമെടുത്ത് മുഖം കഴുകി ആശ്വാസം കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥിതി മോശമാകുകയാണുണ്ടായത്. നിമിഷങ്ങൾക്കകം അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണു.
***
ലണ്ടനിൽ തന്റെ ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺറോ. നിശ്ശബ്ദത തളം കെട്ടി നിൽക്കുന്ന ആ റൂമിൽ പേനയുടെ നിബ്ബ് കടലാസിൽ ഉരയുന്ന സ്വരം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ. ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് തലയുയർത്തിയ അദ്ദേഹം കണ്ടത് കൈയ്യിൽ ഒരു ഫോൾഡറുമായി മുറിയിലേക്ക് പ്രവേശിക്കുന്ന ജാക്ക് കാർട്ടറെയാണ്. അദ്ദേഹം ആ ഫയൽ മൺറോയുടെ മുന്നിൽ വച്ചു.
“സ്ലാപ്ടണിൽ നിന്നും ഏറ്റവും ഒടുവിൽ വന്ന ലിസ്റ്റാണ് സർ...”
“കെൽസോയുടെ എന്തെങ്കിലും വിവരം...?”
“ഇല്ല സർ... പക്ഷേ, ലഭ്യമായ സകല കപ്പലുകളും ആ ഭാഗത്ത് നമ്മൾ വിന്യസിച്ചിട്ടുണ്ട്... കാണാതായവരുടെ മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിനായി...”
ഡോഗൽ മൺറോ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം മഴത്തുള്ളികൾ ജാലകച്ചില്ലിൽ ചരൽ പോലെ വന്നു പതിച്ചു. അനുകമ്പയോടെ തലയാട്ടിക്കൊണ്ട് അദ്ദേഹം മന്ത്രിച്ചു. “ഗോഡ് ഹെൽപ്പ് സെയ്‌ലേഴ്സ് അറ്റ് സീ ഓൺ എ നൈറ്റ് ലൈക്ക് ദിസ്...”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഗോഡ് ഹെൽപ്പ് സെയ്‌ലേഴ്സ് അറ്റ് സീ ഓൺ എ നൈറ്റ് ലൈക്ക് ദിസ്...”
ReplyDeleteഅല്ലാതെന്തു പറയാൻ ഈ അവസരത്തിൽ...
Deleteപാവം കെൽസോ! അദ്ദേഹം എവിടെ എത്തുമോ....
ReplyDeleteഒഴുകി ഏതെങ്കിലും തീരത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം...
Deleteഗൂഡാലോചന നടത്തിയത് കണ്ടെത്തി
ReplyDeleteചെറിയൊരു പിഴവ് മൂലം വിജയിച്ചില്ല...
Deleteകെൽസോ ഒടിഞ്ഞ കാലുമായി കടലിൽ തന്നെ ആണല്ലോ. ഒപ്പം എത്തി കേട്ടോ ഞാനും
ReplyDeleteഅതെ... ഇപ്പോഴും കടലിൽത്തന്നെ...
Deleteഒപ്പം എത്തിയതിൽ സന്തോഷം... :)
"ഔട്ട്ഫോക്സ് ദി ഡെസർട്ട് ഫോക്സ്.."
ReplyDeleteപൊളിറ്റിക്സ്... അത് പണ്ടും ഉണ്ടായിരുന്നു...
Deleteമരുഭൂമിയിലെ കുറുക്കൻ!!
ReplyDeleteഡെസർട്ട് ഫോക്സ്... അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള കഥ... അതാണ് നൈറ്റ് ഓഫ് ദി ഫോക്സ്...
Deleteസംശയത്തിൻ്റെ നിഴലിലാണ് മിക്കവരും... കെൽസോ കരയിലെത്തുമോ?
ReplyDeleteകരയിൽ എത്തണ്ടേ...?
Deleteഇല്ലെങ്കിൽ എത്തിക്കണം
Deleteഞാനും ഒപ്പം ഉണ്ട്
ReplyDeleteമിടുക്കൻ...
Deleteഇനിപ്പ്യോ ഇവിടെ എന്റെ ഹാജറില്ലാതെ വേണ്ട ..!
ReplyDeleteഅല്ല പിന്നെ...
Deleteകൊള്ളാം രോമാഞ്ചം ഹിറ്റ്ലർ..🌹🌹🌹
ReplyDeleteപുലിയല്ലേ ആള്...
Delete