Saturday, February 20, 2021

നൈറ്റ് ഓഫ് ദി ഫോക്സ് – 11

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ബൂട്ടിന്റെ തുമ്പ് കൊണ്ട് നെരിപ്പോടിലെ വിറക് അല്പം മുന്നോട്ട് തള്ളി വച്ചിട്ട് റോമൽ തിരിഞ്ഞു. “അപ്പോൾ വോൺ സ്റ്റൂപ്‌നാഗെലും ഫാൾക്കൻഹ്യൂസനും ആയി ഞാൻ ചർച്ച നടത്തണമെന്നാണോ എല്ലാവരും പറയുന്നത്...?”

 

അതെ ഹെർ ഫീൽഡ് മാർഷൽ...” ഹോഫർ പറഞ്ഞു. “എങ്കിലും താങ്കൾ സൂചിപ്പിച്ചതു പോലെ ഇന്നത്തെ അവസ്ഥയിൽ വളരെയധികം ശ്രദ്ധ വേണം... അത്തരം ഒരു മീറ്റിങ്ങിന് പോകുന്ന കാര്യം പോലും അതീവ രഹസ്യമായിരിക്കണം...”

 

അതെ...” റോമൽ പറഞ്ഞു. “രഹസ്യമായിരിക്കണമെന്ന് മാത്രമല്ല, ആ അവസരം നാം ശരിക്കും മുതലാക്കുകയും വേണം...” ഷെൽഫിന് മുകളിലെ ക്ലോക്കിൽ രണ്ട് വട്ടം മണി മുഴങ്ങി. റോമൽ പൊട്ടിച്ചിരിച്ചു. “പുലർച്ചെ രണ്ടു മണി... ഭ്രാന്തൻ ആശയങ്ങൾക്ക് പറ്റിയ സമയം...”

 

താങ്കൾ എന്താണ് പറഞ്ഞു വരുന്നത് ഹെർ ഫീൽഡ് മാർഷൽ...?”

 

വളരെ ലളിതം... ഇന്ന് ശനിയാഴ്ച്ചയല്ലേ...? മുൻകൂട്ടി നിശ്ചയിച്ച ഏതെങ്കിലും ഒരു സങ്കേതത്തിൽ വച്ച് അടുത്തയാഴ്ച്ച ഒരു ദിവസം വോൺ സ്റ്റൂപ്‌നാഗെലും ഫാൾക്കൻഹ്യൂസനും ആയി ഞാൻ ചർച്ച നടത്തുന്നു... മറ്റൊരിടത്ത് വേറൊരു പരിപാടിയിൽ പങ്കെടുക്കേണ്ട അതേ ദിവസം തന്നെ... ഉദാഹരണത്തിന് ജെഴ്സിയിൽ...”

 

ചാനൽ ഐലന്റ്സിലോ...?” ഹോഫർ ചിന്താക്കുഴപ്പത്തിലായത് പോലെ തോന്നി.

 

ഓർമ്മയില്ലേ, രണ്ട് മാസം മുമ്പ് ഫ്യൂറർ എന്നോട് അവിടെ പോയി പ്രതിരോധ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തണമെന്ന് പറഞ്ഞത്...? ചാനൽ ഐലന്റ്സിലെ സൈനിക പ്രാധാന്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് എന്താണെന്ന് നിങ്ങൾക്കറിയാമല്ലോ... സഖ്യകക്ഷികൾ അവിടെ ഒരു ലാന്റിങ്ങിന് ഒരിക്കലും തുനിയുകയില്ല... കാരണം, വളരെയധികം സിവിലിയൻ കാഷ്വാലിറ്റി ആയിരിക്കും അതുണ്ടാക്കുക... പ്രത്യേകിച്ചും ബ്രിട്ടീഷ് സിവിലിയൻ കാഷ്വാലിറ്റി...”

 

എന്നിട്ടും മുന്നൂറ്റിപ്പത്തൊമ്പതാം ഇൻഫന്ററി ഡിവിഷനെ നാം അവിടെ വിന്യസിച്ചിരിക്കുന്നു...” ഹോഫർ പറഞ്ഞു. “ജെഴ്സിയിൽ മാത്രം ആറായിരം സൈനികർ... ലുഫ്ത്‌വാഫിനെയും നേവിയേയും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ പതിനായിരത്തോളം വരും അവിടുത്തെ നമ്മുടെ സൈനികരുടെ എണ്ണം...”

 

അതെ... അതിന് കാരണവുമുണ്ട്... നമുക്ക് പിടിച്ചെടുക്കാൻ സാധിച്ച ഏക ബ്രിട്ടീഷ് പ്രദേശമാണ് ചാനൽ ഐലന്റ്സ്...  ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ ദുർഗ്ഗം... അത് വിട്ടുകൊടുക്കാൻ ഫ്യൂറർ ആഗ്രഹിക്കുന്നില്ല... യൂറോപ്യൻ തീരം ഒട്ടാകെ സംരക്ഷണ വലയം തീർക്കുവാൻ വേണ്ടി ഇത്രയും സൈനിക പോസ്റ്റുകൾ ഒട്ടും അധികമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം...” റോമൽ പുഞ്ചിരിച്ചു. “ഫ്യൂറർ പറഞ്ഞത് ശരിയാണ്... അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയുടെ കമാൻഡർ എന്ന നിലയിൽ ഇത്രയും പ്രാധാന്യമുള്ള സൈനികത്താവളം തീർച്ചയായും ഞാൻ സന്ദർശിക്കുക തന്നെ വേണം...”

 

ഹോഫർ തല കുലുക്കി. “അത് മനസ്സിലാവുന്നു ഹെർ ഫീൽഡ് മാർഷൽ... പക്ഷേ, എനിക്ക് മനസ്സിലാവാത്തത് ഇതാണ്... ഒരേ സമയത്ത് രണ്ടിടങ്ങളിൽ താങ്കൾക്ക് എങ്ങനെ പോകാനാവുമെന്നത്... ഫാൾക്കൻഹ്യൂസനും സ്റ്റൂപ്‌നാഗെലുമായി ഫ്രാൻസിൽ വച്ച് നടക്കാൻ പോകുന്ന മീറ്റിങ്ങിലും പിന്നെ ജെഴ്സിയിലെ സൈനികത്താവളത്തിലെ ഇൻസ്പെക്ഷനിലും...”

 

പക്ഷേ, ഇന്ന് വൈകിട്ട് നിങ്ങൾ എന്നെ രണ്ടിടത്ത് വച്ച് കണ്ടല്ലോ...” റോമൽ പറഞ്ഞു. “ഒരേ സമയം സദസ്യരുടെ ഇടയിലും പിന്നെ സ്റ്റേജിലും...”

 

ആ മുറിയിൽ ഘനീഭവിച്ചു നിന്ന നിശ്ശബ്ദതയിൽ ക്ലോക്കിന്റെ മിടിപ്പുകൾ പോലും വ്യക്തമായി കേൾക്കാമായിരുന്നു. “മൈ ഗോഡ്...” ഹോഫർ മന്ത്രിച്ചു. “താങ്കൾ കാര്യമായിട്ടാണോ പറയുന്നത്...?”

 

തീർച്ചയായും... സ്റ്റേജിൽ വന്ന നമ്മുടെ ബെർഗർ എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കളഞ്ഞു... എന്റെ അതേ സ്വരം... അതേ രൂപഭാവങ്ങൾ...”

 

പക്ഷേ, ഇങ്ങനെയൊരു ആശയവുമായി മുന്നോട്ട് പോകുന്നത് ബുദ്ധിപരമായിരിക്കുമോ...? അയാൾക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളുമുണ്ടാവില്ലേ...? ഒരു ഫീൽഡ് മാർഷലിന്റെ സ്ഥാനത്ത് നിന്ന് പ്രവർത്തിക്കുക എന്നത് വെറും ഒരു റൂം ഓർഡർലി ആയ അയാൾക്ക് അത്ര എളുപ്പമായിരിക്കുമെന്ന് തോന്നുന്നുണ്ടോ...?” ഹോഫർ ചോദിച്ചു.

 

അതിനും മാത്രമുള്ള ബുദ്ധിയൊക്കെ അയാൾക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്...” റോമൽ പറഞ്ഞു. “ധീരനും കഴിവുള്ളവനുമായ ഒരു സൈനികനാണ് അയാൾ... അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ബാഡ്ജുകളുടെ ഉടമ... പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം മറക്കരുത്...”

 

എന്താണത് ഫീൽഡ് മാർഷൽ...?”

 

എവിടെയെങ്കിലും വഴി തെറ്റുന്നു എന്ന് തോന്നിയാൽ തിരുത്തുവാനായി നിങ്ങൾ അയാളോടൊപ്പം തന്നെ ഉണ്ടായിരിക്കും...” പെട്ടെന്ന് റോമൽ അക്ഷമനായത് പോലെ തോന്നി. “നിങ്ങളുടെ ആ ഉത്സാഹമൊക്കെ എവിടെപ്പോയി കോൺറാഡ്...? വിജയസാദ്ധ്യതയെക്കുറിച്ച് സംശയം തോന്നുന്നുവെങ്കിൽ അയാളെ ഒന്ന് തയ്യാറാക്കിയെടുക്കുവാൻ ഏതാനും ദിവസങ്ങൾ വേണമെങ്കിൽ തരാം... ഇന്ന് ശനിയാഴ്ച്ച... അടുത്ത വെള്ളിയാഴ്ച്ച ജെഴ്സിയിൽ ചെന്നിറങ്ങുന്നതിനെക്കുറിച്ച് എന്തു പറയുന്നു...? വെറും മുപ്പത്തിയാറ് മണിക്കൂർ നേരത്തെ പരിപാടിയേ ഞാൻ അവിടെ പ്ലാൻ ചെയ്യുന്നുള്ളൂ... ശനിയാഴ്ച്ച രാത്രി അല്ലെങ്കിൽ ഞായാറാഴ്ച്ച തിരികെ ഫ്രാൻസിൽ... അത്രയും ചുരുങ്ങിയ സമയത്തെ പരിപാടികൾ കൈകാര്യം ചെയ്യാൻ ബെർഗറിനെക്കൊണ്ട് കഴിയുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല...”

 

എങ്കിൽ ശരി, ഹെർ ഫീൽഡ് മാർഷൽ... അടുത്ത വെള്ളിയാഴ്ച്ച താങ്കൾ അവിടെ എത്തുന്ന വിവരം ഞാൻ ചാനൽ ഐലന്റ്സിൽ അറിയിക്കാം...”

 

ഇല്ല... നമ്മൾ അറിയിക്കുന്നില്ല...” റോമൽ പറഞ്ഞു. “കുറേക്കൂടി ബുദ്ധിപരമായി നാം കാര്യങ്ങൾ നീക്കുന്നു... ആരാണവിടുത്തെ കമാൻഡർ ഇൻ ചീഫ്...?”

 

മേജർ ജനറൽ കൗണ്ട് വോൺ ഷ്മെറ്റോ... ഗ്വെൺസിയിലാണ് അദ്ദേഹത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ്...”

 

, ഞാൻ ഓർക്കുന്നു...” റോമൽ പറഞ്ഞു. “മിടുക്കനായ ഓഫീസറാണ്...”

 

ഇംഗ്ലീഷുകാരോട് അല്പം ചായ്‌വുള്ള ആളാണെന്നാണ് കേട്ടത്... അതു കൊണ്ട് അത്രയങ്ങ് ഉയരാൻ കഴിഞ്ഞില്ല...” ഹോഫർ പറഞ്ഞു.

 

വേറൊരു വശം കൂടിയുണ്ട്... ഫീൽഡ് മാർഷൽ വോൺ റൺസ്റ്റഡിന്റെ അനന്തിരവനാണ് അയാൾ... ആ ഒരു ബന്ധം അല്പമൊക്കെ അയാൾക്ക് സഹായകരമായി എന്ന് വേണം പറയാൻ... ആട്ടെ, ആരാണ് ജെഴ്സിയിലെ മിലിട്ടറി കമാൻഡർ...?”

 

ഞാൻ നോക്കിയിട്ട് പറയാം...” ബ്രീഫ്കെയ്സിൽ നിന്നും ഒരു ഫയൽ എടുത്ത് ഹോഫർ പേജുകൾ മറിച്ചു. “ആഹ്, കിട്ടിപ്പോയി... കേണൽ ഹെയ്‌ൻ ആണ് മിലിട്ടറി കമാൻഡർ...”

 

സിവിൽ അഡ്മിനിസ്ട്രേഷനിൽ ആരൊക്കെയാണ്...?”

 

കേണൽ ബാരൺ വോൺ ഔസെസ്സും  ക്യാപ്റ്റൻ ഹെയ്ഡറും ആണ് അവിടെയുള്ളവരിൽ പ്രമുഖ...”

 

പിന്നെ അവിടുത്തെ തദ്ദേശവാസികൾ... അവരെ പ്രതിനിധീകരിക്കുന്നത് ആരൊക്കെയാണ്...?”

 

സുപ്പീരിയർ കൗൺസിൽ ഓഫ് ദി സ്റ്റേറ്റ്സ് ഓഫ് ജെഴ്സി എന്നൊരു ഭരണ സംവിധാനമുണ്ട്... കൗൺസിലിന്റെ പ്രസിഡന്റ് ആണ് അവിടുത്തെ ഭരണകർത്താവ്... അലക്സാണ്ടർ കൂട്ടാഞ്ച് എന്നാണ് അദ്ദേഹത്തിന്റെ പേര്...”

 

ഗുഡ്...” റോമൽ പറഞ്ഞു. “അപ്പോൾ നമ്മുടെ നീക്കം ഇങ്ങനെയായിരിക്കണം... സഖ്യകക്ഷികളുടെ ഫ്രഞ്ച് അധിനിവേശ ഭീഷണിയെ ചെറുക്കുവാനുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുവാനായി ഗ്വെൺസിയിൽ വച്ച് ഒരു മീറ്റിങ്ങ് സംഘടിപ്പിക്കുവാൻ ജനറൽ വോൺ ഷ്മെറ്റോയ്ക്ക്  ഒരു സന്ദേശം അയയ്ക്കുക...”

 

മേൽപ്പറഞ്ഞ എല്ലാവരെയും അതിൽ ഉൾപ്പെടുത്തണോ...?”

 

തീർച്ചയായും... ജെഴ്സിയിലെ മിലിട്ടറി കമാൻഡർ, സിവിൽ അഫയേഴ്സ് കൈകാര്യം ചെയ്യുന്നവർ, കൗൺസിൽ പ്രസിഡന്റും സംഘവും, പിന്നെ ഐലന്റ്സിലുള്ള നേവിയുടെയും ലുഫ്ത്‌വാഫിന്റെയും അധികാരികൾ ആരൊക്കെയാണെന്ന് വച്ചാൽ അവരെല്ലാവരും...”

 

അപ്പോൾ പിന്നെ ജൂനിയർ ഓഫീസേഴ്സ് മാത്രമേ ബാക്കിയുണ്ടാവൂ...”

 

അതെ...”

 

പുറമെ നിന്ന് ചാനൽ ഐലന്റ്സിലേക്ക് വരികയും പോകുകയും ചെയ്യുന്നവർ വളരെ വിരളമാണിപ്പോൾ... RAF ന്റെ ശല്യം ആ ഭാഗത്തൊന്നും കാര്യമായി ഇല്ല എന്ന് തന്നെ പറയാം... കടൽമാർഗ്ഗം ദ്വീപുകൾക്കിടയിൽ സഞ്ചരിക്കുന്നത് ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു... അതും രാത്രി കാലങ്ങളിൽ...”

 

അതെനിക്കറിയാം...” റോമൽ പറഞ്ഞു. “ഷെർബർഗ്ഗിലെ നേവൽ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും അക്കാര്യത്തിൽ എനിക്ക് വിവരം ലഭിച്ചിരുന്നു... അടുത്ത ശനിയാഴ്ച്ച മീറ്റിങ്ങ് വിളിച്ചു കൂട്ടുവാൻ വോൺ ഷ്മെറ്റോയെ അറിയിച്ചേക്കൂ... വ്യാഴാഴ്ച്ച രാത്രിയിലോ വെള്ളിയാഴ്ച്ച പുലർച്ചെയോ ആയിട്ട് അവരെല്ലാം അവിടെ എത്തിച്ചേരട്ടെ... വെള്ളിയാഴ്ച്ച രാവിലെ ഒരു സ്റ്റോർക്ക് വിമാനത്തിൽ ഞാനും അവിടെയെത്തുന്നു...”

 

വിമാനയാത്ര അല്പം റിസ്ക് ആയിരിക്കില്ലേ ഹെർ ഫീൽഡ് മാർഷൽ...?”

 

റിസ്ക് നിങ്ങൾക്കായിരിക്കും കോൺറാഡ്... പിന്നെ ആ ബെർഗർക്കും... എനിക്കല്ല...” റോമൽ പുഞ്ചിരിച്ചു. കരുണ ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത പുഞ്ചിരി. “എയർഫീൽഡിൽ ലാന്റ് ചെയ്യാനുള്ള അനുമതി തേടുമ്പോഴായിരിക്കും എന്റെ സന്ദർശനത്തെക്കുറിച്ച് ആദ്യമായി അവർ അറിയുന്നത്...”

 

വോൺ ഷ്മെറ്റോ എന്തു വിചാരിക്കും...?”

 

എല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് അയാൾ കരുതിക്കോളും... ദ്വീപുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുവാനുള്ള എന്റെ മിന്നൽ സന്ദർശനത്തിന്റെ ഭാഗം ആയിട്ട്...” റോമൽ പറഞ്ഞു.

 

വളരെ ബുദ്ധിപരമായ നീക്കം...” ഹോഫർ പറഞ്ഞു.

 

അതെ...” റോമൽ തന്റെ കഴുത്തിലെ ബട്ടൺസ് അഴിച്ചു. “അതേ സമയം ഫ്രാൻസിലെ ഏതെങ്കിലും അജ്ഞാത കേന്ദ്രത്തിൽ വച്ച് ഞാനും ഫാൾക്കൻഹ്യൂസനും സ്റ്റൂപ്‌നാഗെലും ആയുള്ള മീറ്റിങ്ങ് നടക്കുകയായിരിക്കും...” അദ്ദേഹം കോട്ടുവായിട്ടു. “ഉറക്കം വരുന്നു... നാളെ രാവിലെ തന്നെ വോൺ ഷ്മെറ്റോയ്ക്കുള്ള സന്ദേശം ഗ്വെൺസിയിലേക്ക് അയക്കാൻ മറക്കണ്ട... ആഹ്, പിന്നെ രാവിലെ തന്നെ കേണൽ ഹാൾഡറിനെ വിളിക്കണം... കോർപ്പറൽ ബെർഗറുടെ പ്രകടനത്തിൽ ഞാൻ അതീവ സന്തുഷ്ടനാണെന്നും അയാളെ കുറച്ചു ദിവസത്തേക്ക് വിട്ടു തരണമെന്നും പറയണം... അയാൾ വിരോധമൊന്നും പറയുമെന്ന് തോന്നുന്നില്ല...”

 

വിരോധമോ...? ഒരിക്കലുമില്ല... അപ്പോൾ ശരി, ഗുഡ് നൈറ്റ് ഹെർ ഫീൽഡ് മാർഷൽ...” ഹോഫർ പുറത്തേക്കിറങ്ങി.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

16 comments:

  1. വെളുക്കാൻ തേച്ചത് പാണ്ടാവുമോ??

    ബർഗർ വീണ്ടും റോമലാവുന്നത് കാണാൻ കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. ഈ നോവലിൽ നിറഞ്ഞാടുന്ന ഒരു കഥാപാത്രം ആകാൻ പോകുകയാണ് എറിക്ക് ബെർഗർ എന്ന ഹെയ്നി ബാം...

      Delete
  2. പദ്ധതി തകിടം മരിയൻ സാധ്യതകൾ വല്ലതും...?

    ReplyDelete
  3. അപരൻ ഇനി എങ്ങനെ ആവും പ്രവർത്തിക്കുക, കസറുമോ

    ReplyDelete
    Replies
    1. ഈ അപരന് ഒരു നിർണ്ണായക പങ്കാണ് ഈ നോവലിൽ ഉള്ളത്... പുള്ളി പൊരിക്കും...

      Delete
  4. റോമലിന്റെ ഐഡിയ കൊള്ളാം. ഇനി എന്താവുമോ!

    ReplyDelete
    Replies
    1. ഇനിയല്ലേ കളി തുടങ്ങാൻ പോകുന്നത്...

      Delete
  5. ദേ ആ ബർഗർ വരുന്നുണ്ട്!

    ReplyDelete
    Replies
    1. അതെ... ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ബെർഗർ... :p

      Delete
  6. ദേ പിന്നേം ആൾമാറാട്ടം.... എവിടെച്ചെന്ന് നിൽക്കുമോ എന്തോ?

    ReplyDelete
    Replies
    1. ഇത് ഒരു നടയ്ക്കൊന്നും പോകില്ലാട്ടോ... ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ ഒക്കെ ആയിരിക്കും‌ സഞ്ചാരം...

      Delete
  7. അവസാനം എന്റെ ഐഡിയ ആയി പോയി. എന്ന് പറയേണ്ടി വരുമോ

    ReplyDelete
    Replies
    1. എന്നാൽ ഇപ്പോൾ പറയണം എങ്ങനെയൊക്കെയാണ് കഥ മുന്നോട്ട് പോകുക എന്ന്... :p

      Delete
  8. മാജിക്കിലെ ഒരു കൂട് വിട്ട് കൂട് മാറൽ പോലെ

    ReplyDelete