Saturday, March 27, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 15

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മദ്ധ്യാഹ്നത്തിന് മുമ്പായി സ്ലാപ്ടൺ ബീച്ചിൽ  ഏതാനും മൃതദേഹങ്ങൾ കൂടി കരയ്ക്കടിഞ്ഞു. ഒരു മണൽക്കൂനയുടെ മറവിൽ ഡോഗൽ മൺറോയും ജാക്ക് കാർട്ടറും ഉച്ചഭക്ഷണം കഴിക്കുവാൻ ഇരുന്നു. സാൻഡ്‌വിച്ച് കഴിച്ചതിനു ശേഷം ഒരു ബോട്ട്‌ൽ ബിയർ ഇരുവരും കൂടി ഷെയർ ചെയ്തു. തീരത്തു കൂടി റോന്തു ചുറ്റുന്ന സൈനികരിൽ ചിലർ മേലധികാരികളുടെ നിർദ്ദേശ പ്രകാരം കടലിൽ ഇറങ്ങി, ഒഴുകിയെത്തിയ മറ്റൊരു മൃതദേഹം കൂടി കരയിലേക്ക് വലിച്ചു കയറ്റി. ഏകദേശം മുപ്പതോളം മൃതശരീരങ്ങൾ ഇപ്പോൾ കടൽത്തീരത്ത് നിരത്തി കിടത്തിയിട്ടുണ്ട്.


"ആരോ പറഞ്ഞിട്ടുണ്ട്... യുദ്ധത്തിൽ ആദ്യം സംഭവിക്കുന്ന മരണത്തിന് മാത്രമേ കണക്കുള്ളൂ എന്ന്..." മൺറോ പറഞ്ഞു.


"താങ്കളുടെ മാനസികാവസ്ഥ മനസ്സിലാവുന്നു സർ..." ജാക്ക് കാർട്ടർ പ്രതിവചിച്ചു.


ചെറുപ്പക്കാരനായ ഒരു അമേരിക്കൻ ഓഫീസർ അവർക്ക് മുന്നിൽ വന്ന് സല്യൂട്ട് ചെയ്തു. "ബീച്ച് ക്ലിയർ ആയിട്ടുണ്ട് സർ... തൽക്കാലം കൂടുതൽ മൃതദേഹങ്ങൾ വരാൻ സാദ്ധ്യത കാണുന്നില്ല...  ഇതുവരെ മുപ്പത്തിമൂന്നെണ്ണമായി. കേണൽ കെൽസോയുടെ ഒരടയാളവുമില്ല..." അയാൾ ഒന്ന് സംശയിച്ചു. "ശവസംസ്കാര ചടങ്ങുകൾ വീക്ഷിക്കണമെന്ന് ബ്രിഗേഡിയർക്ക് ആഗ്രഹമുണ്ടോ...? ഇവിടെ നിന്നും അധികം ദൂരമില്ല..."


"നോ... താങ്ക് യൂ..." മൺറോ പറഞ്ഞു. "അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..."


ഒരിക്കൽക്കൂടി സല്യൂട്ട് ചെയ്തിട്ട് ആ ഓഫീസർ തിരിഞ്ഞു നടന്നു. മൺറോ നിലത്ത് നിന്ന്  എഴുന്നേറ്റിട്ട് കാർട്ടറെ എഴുന്നേൽക്കാൻ സഹായിച്ചു. "വരൂ ജാക്ക്... നമുക്കിനി ഇവിടെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല..."


"ഓൾറൈറ്റ് സർ..."


ജാക്ക് കാർട്ടർ തന്റെ വാക്കിങ്ങ് സ്റ്റിക്കിൽ ഊന്നി നിന്നു. ഇരുകൈകളും പോക്കറ്റിൽ തിരുകി മൺറോ ദൂരെ കടലിലേക്ക് വീക്ഷിച്ചു. പെട്ടെന്ന് ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെടുന്നതു പോലെ അദ്ദേഹത്തിന് തോന്നി.


"എനിതിങ്ങ് റോങ്ങ് സർ...?" കാർട്ടർ ആരാഞ്ഞു.


"എന്തോ, പെട്ടെന്ന് ഒരു വല്ലായ്മ പോലെ ജാക്ക്... സത്യം പറയാമല്ലോ, ഇന്ന് രാവിലെ മുതൽ അത്ര സുഖമില്ലായിരുന്നു... വല്ലാത്തൊരു അസ്വസ്ഥത... കമോൺ, ലെറ്റ്സ് ഗെറ്റ് ബാക്ക് റ്റു ലണ്ടൻ..." അദ്ദേഹം തിരിഞ്ഞ് നടന്നു.


                                   ***


"അപ്പോൾ, ബെർഗർ... ഞാൻ പറയുന്നതെന്താണെന്ന് മനസ്സിലാവുന്നുണ്ടോ നിങ്ങൾക്ക്...?" കോൺറാഡ് ഹോഫർ ചോദിച്ചു.


ഫീൽഡ് മാർഷലിന് ഉപയോഗിക്കാൻ വേണ്ടി ചീഫ് ഓഫീസർ വിട്ടു നൽകിയ ഓഫീസിലെ മേശയ്ക്ക് മുന്നിൽ അറ്റൻഷനായി നിവർന്ന് നിൽക്കുകയാണ് ഹെയ്നി ബാം. പുറത്തെ ഗാർഡനിലേക്ക് കണ്ണും നട്ട് ജാലകത്തിനരികിൽ നിൽക്കുന്ന റോമലിന്റെ നേർക്ക് നോക്കാതിരിക്കാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു. 


"എനിക്ക് തീർച്ചയില്ല ഹെർ മേജർ..."


റോമൽ വെട്ടിത്തിരിഞ്ഞു. "മണ്ടത്തരം പറയരുത് ബെർഗർ... നിങ്ങളൊരു ബുദ്ധിമാനും ധൈര്യശാലിയും ആണെന്ന കാര്യം എനിക്കറിയാം..." അയാളുടെ അയേൺ ഫസ്റ്റ് ക്ലാസ് ബാഡ്ജിലും ഇടതു കൈയ്യിലെ കഫ് ടൈറ്റിലിലും തന്റെ ബാറ്റൺ കൊണ്ട് തട്ടിയിട്ട് റോമൽ പറഞ്ഞു. "ആഫ്രിക്ക കോർപ്സ് കഫ് ടൈറ്റ്‌ൽ... അതുശരി... അപ്പോൾ നാം പഴയ സഹപ്രവർത്തകരാണ്... അലമൈനിൽ ഉണ്ടായിരുന്നോ നിങ്ങൾ...?"


"ഇല്ല ഫീൽഡ് മാർഷൽ... തോബ്രുക്കിൽ വച്ചാണ് എനിക്ക് പരുക്ക് പറ്റിയത്..."


"ഗുഡ്... നോക്കൂ, വെട്ടിത്തുറന്ന് കാര്യം പറയുന്ന സ്വഭാവമാണ് എന്റേത്... ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം... ഇന്നലെ രാത്രിയിൽ വളരെ നന്നായിട്ടാണ് നിങ്ങളെന്നെ അനുകരിച്ചത്... രൂപത്തിലും‌ ശബ്ദത്തിലും‌ തികഞ്ഞ പ്രൊഫഷണലിസം ഉണ്ടായിരുന്നു..."


"വളരെ നന്ദി ഹെർ ഫീൽഡ് മാർഷൽ..."


"അതു പോലത്തെ ഒരു പ്രകടനം കൂടിയാണ്‌ നിങ്ങളിൽ നിന്നും എനിക്ക് ഇപ്പോൾ ആവശ്യം... ഈ വെള്ളിയാഴ്ച മേജർ ഹോഫറോടൊപ്പം‌ നിങ്ങൾ ജെഴ്സിയിലേക്ക് പറക്കുന്നു... ഈ വാരാന്ത്യത്തിൽ അവരെയെല്ലാം ഒന്ന് കബളിപ്പിക്കാൻ ആവില്ലേ നിങ്ങൾക്ക്...? ഒറ്റ ദിവസത്തെ രാജാവ്... എന്തു പറയുന്നു...?"


ഹെയ്നി ബാം പുഞ്ചിരിച്ചു. "സത്യം പറയുകയാണെങ്കിൽ, എന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നു സർ..."


റോമൽ ഹോഫറിന് നേർക്ക് തിരിഞ്ഞു. "ഞാൻ   പറഞ്ഞില്ലേ... എല്ലാം ശരിയാവുമെന്ന്...? അപ്പോൾ യാത്രക്കുള്ള ഏർപ്പാടുകൾ  നടക്കട്ടെ... തൽക്കാലം ഇവിടെ നിന്നും പുറത്തു കടക്കാം നമുക്ക്..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


16 comments:

  1. എല്ലാം ശരിയാവുമോ?

    ഹെയ്നി ബാം "ഒറ്റ ദിവസത്തെ രാജാവ്" ആവുന്നത് കാണാൻ ആകാംഷ കൂടി..

    ReplyDelete
    Replies
    1. ഹെയ്നി ബാമിന് ഒരു സുപ്രധാന റോൾ ആണ്‌ ഈ നോവലിൽ...

      Delete
    2. അതെ... പുള്ളി അപരവേഷത്തിൽ ഒരു കലക്ക് കലക്കുവാൻ പോകുന്നു...

      Delete
  2. മുതൽവൻ...
    നോക്കാം ..എന്ത് ശരിയാവാൻ.

    ReplyDelete
    Replies
    1. കാത്തിരുന്നു കാണാം ഉണ്ടാപ്രീ...

      Delete
  3. Replies
    1. ഹെയ്നി ബാം എന്ന എറിക്ക് ബെർഗർ...

      Delete
  4. ഒറ്റ ദിവസത്തെ രാജാവാകാൻ ഹെയിനി ബാം

    ReplyDelete
    Replies
    1. അതെ... അതൊരു സംഭവമായിരിക്കും...

      Delete
  5. ഒരു ദിവസത്തെ രാജാവായാലും പടയാടികളായ ഭടന്മാർ പിണമായി ഇതുപോലെ ഒഴുകിവന്നുകൊണ്ടിരിക്കും എന്നതാണല്ലോ ഏത് യുദ്ധങ്ങളുടെയും രസതന്ത്രം ..!

    ReplyDelete
  6. കളിക്കാൻ അറിയാമെങ്കിൽ ഹെയ്നിക്ക്....... 😜

    ReplyDelete