Thursday, July 22, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 31

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വലതു കണ്ണിന് തൊട്ടു പിന്നിൽ തലയ്ക്കുള്ളിൽ കുത്തുന്ന വേദനയുമായാണ് ഹാരി മാർട്ടിനോ ഉറക്കമുണർന്നത്.  ഒപ്പം വായ്ക്കുള്ളിൽ അരുചിയും. ഒരേയൊരു ഉത്തരമേയുള്ളൂ അതിന്. പഴയൊരു ട്രാക്ക് സ്യൂട്ട് എടുത്തണിഞ്ഞ് ഒരു ടവ്വലുമായി വാതിൽ തുറന്ന് കടൽത്തീരത്തേക്ക് കുതിച്ചു.


വസ്ത്രങ്ങളെല്ലാം ഉരിഞ്ഞു കളഞ്ഞ് വെള്ളത്തിലേക്കിറങ്ങിയ അദ്ദേഹം തിരമാലകളെ ഭേദിച്ചു കൊണ്ട് മുന്നോട്ട് നടന്നു. അത്ര പ്രസന്നമായ ഒരു പ്രഭാതമായിരുന്നില്ല അത്. ഇരുണ്ട മാനം. മുഖത്തേക്ക് വീശുന്ന കാറ്റിനൊപ്പം ചാറ്റൽ മഴയുമുണ്ട്. പെട്ടെന്നാണ് കടലും‌ ആകാശവും ഒന്നായത് പോലെയൊരു തോന്നൽ അദ്ദേഹത്തിനുണ്ടായത്. ചുറ്റുമുള്ള ശബ്ദകോലാഹലങ്ങളെല്ലാം കുറേ നേരത്തേക്ക് മങ്ങി കെട്ടടങ്ങിയത് പോലെ... തിരമാലകൾക്കെതിരെ പൊരുതിക്കൊണ്ട് അദ്ദേഹം മുന്നോട്ട് നീങ്ങി. ഭൂതമോ ഭാവിയോ ഒന്നും തന്നെ അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നില്ല അപ്പോൾ. ഇപ്പോഴത്തെ ഈ നിമിഷങ്ങളെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. ഒരു തിര വന്ന് തലയ്ക്ക് മുകളിലൂടെ കടന്നു പോയതും മഴ ശക്തിയാർജ്ജിച്ചു.


"ഹാരീ, കടലിൽ തിമിർക്കുകയാണെന്ന് തോന്നുന്നല്ലോ..." ദൂരെ നിന്നും ആരോ വിളിക്കുന്ന സ്വരം കേൾക്കാറായി.


മാർട്ടിനോ തിരിഞ്ഞ് തീരത്തേക്ക് നോക്കി. ഒരു കമ്പിളി കോട്ടും പിഞ്ഞിയ ഹാറ്റും ധരിച്ച് കുടയും ചൂടി ബ്രിഗേഡിയർ ഡോഗൽ മൺറോ അവിടെ നിൽക്കുന്നുണ്ടായിരുന്നു. 


"മൈ ഗോഡ്...!" അദ്ദേഹം അത്ഭുതം കൂറി. "ഡോഗൽ, നിങ്ങളോ...?"


"അതെ... ഞാൻ തന്നെ ഹാരീ... കോട്ടേജിലേക്ക് വരൂ... ഒരാളെ പരിചയപ്പെടുത്താനുണ്ട്..."


മറ്റൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം തിരിഞ്ഞു നടന്നു. ആരായിരിക്കും അത് എന്ന് ചിന്തിച്ചു കൊണ്ട് മാർട്ടിനോ കുറച്ചു നേരം കൂടി വെള്ളത്തിൽ നീന്തിത്തുടിച്ചു കൊണ്ട് കിടന്നു. എന്തായാലും വെറുമൊരു സ്നേഹാന്വേഷണത്തിന് വേണ്ടിയായിരിക്കില്ല ലണ്ടനിൽ നിന്നും ഇത്രയും ദൂരം താണ്ടി മൺറോ ഇവിടെ എത്തിയിരിക്കുന്നത് എന്ന കാര്യം ഉറപ്പാണ്. ദേഹമാസകലം ഒരു ആവേശം നുരഞ്ഞു കയറുന്നു. വെള്ളം വകഞ്ഞു മാറ്റി കരയിലേക്ക് കയറി പെട്ടെന്ന് ദേഹം തുടച്ച് ട്രാക്ക് സ്യൂട്ട് എടുത്തണിഞ്ഞ് അദ്ദേഹം കോട്ടേജിലേക്കുള്ള പാത ഓടിക്കയറി. ഒരു ഇടമുറിയാതെ പെയ്യുന്ന മഴയെയും നോക്കി സിഗരറ്റും വലിച്ചുകൊണ്ട് ജാക്ക് കാർട്ടർ പോർച്ചിൽ നിൽക്കുന്നുണ്ടായിരുന്നു. 


"എന്ത്, നിങ്ങളുമോ ജാക്ക്...?" പുഞ്ചിരിച്ചു കൊണ്ട് മാർട്ടിനോ അയാളുടെ കരം കവർന്നു. "എനിക്ക് എന്തെങ്കിലും പണി തരാനായിരിക്കും ആ കിഴവൻ വന്നിരിക്കുന്നതല്ലേ...?"


"എന്ന് പറയാം..." കാർട്ടർ ഒന്ന് സംശയിച്ചു. "ഹാരീ, ഈ ജോലി നിങ്ങൾക്ക് മടുത്തു കാണുമെന്നാണെനിക്ക് തോന്നുന്നത്..."


"മടുത്തു എന്നൊരു വാക്ക് എന്റെ ഡിക്ഷ്ണറിയിൽ ഇല്ല ജാക്ക്... എന്നെ പെട്ടിയിലാക്കി ആറടി മണ്ണിൽ ഇറക്കി വയ്ക്കുന്നത് വരേയ്ക്കും..." ജാക്കിനരികിലൂടെ അദ്ദേഹം തിടുക്കത്തിൽ അകത്തേക്ക് നടന്നു.


മേശപ്പുറത്ത് കണ്ട നോട്ട് പാഡും വായിച്ചു കൊണ്ട് നെരിപ്പോടിനരികിൽ മൺറോ ഇരിക്കുന്നുണ്ടായിരുന്നു. "ഇപ്പോഴും നിങ്ങൾ പൊട്ടക്കവിതകൾ എഴുതുന്നുണ്ടല്ലേ...?"


"അതിന് ഞാൻ ഒരിക്കലും അത് നിർത്തിയിട്ടില്ലല്ലോ..." മൺറോയുടെ കൈയ്യിൽ നിന്നും ആ നോട്ട് പാഡ് വാങ്ങി മുകളിലത്തെ കടലാസ് ചീന്തി ചുരുട്ടിക്കൂട്ടി അദ്ദേഹം നെരിപ്പോടിനുള്ളിലേക്കെറിഞ്ഞു. അപ്പോഴാണ്  അടുക്കളയുടെ വാതിൽക്കൽ നിൽക്കുന്ന സാറാ ഡ്രെയ്ട്ടനെ അദ്ദേഹം കണ്ടത്.


"എല്ലാവർക്കുമായി ചായ ഉണ്ടാക്കുകയായിരുന്നു ഞാൻ... വിരോധമില്ലല്ലോ കേണൽ മാർട്ടിനോ...? ഞാൻ സാറാ ഡ്രെയ്ട്ടൻ..."


മാർട്ടിനോയെ കണ്ടതിന്റെ പരിഭ്രമം കൊണ്ട് കൈകൾ വിറയ്ക്കുന്നതിനാൽ ഹസ്തദാനത്തിനായി അവൾ തുനിഞ്ഞില്ല. വയറിനുള്ളിൽ നിന്നും ഒരു ആളൽ പോലെ. തൊണ്ട വരളുന്നു. ആവേശം കൊണ്ട് അവളുടെ കണ്ണുകൾ സജലങ്ങളായി. Coup de foudre എന്ന് ഫ്രഞ്ചിൽ പറയുന്നത് ഇതിനാണ്. അതായത് പ്രഥമ ദർശനത്തിൽ തോന്നുന്ന അനുരാഗം... പ്രണയങ്ങളിൽ ഏറ്റവും ഔന്നത്യമാർന്നത്... പൊടുന്നനെ പൊട്ടിമുളച്ച, ഒരിക്കലും പിൻവലിയാനാവാത്ത പ്രണയം...


അവളുടെ അവസ്ഥ കണ്ട മാർട്ടിനോ തന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന കറുത്ത മുടിയിഴകൾ വകഞ്ഞു മാറ്റി. തികച്ചും സ്വാഭാവികവും ആകർഷകവുമായ മന്ദഹാസത്താൽ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചു. പിന്നെ അല്പം ഈർഷ്യയോടെ മൺറോയെ നോക്കി ചോദിച്ചു. 


"മൈ ഗോഡ്, വാട്ട് എ ബാസ്റ്റർഡ് യൂ ആർ, ഡോഗൽ... നമ്മുടെ ദൗത്യത്തിൽ സ്കൂൾ കുട്ടികളെയും ഉപയോഗിക്കുവാൻ തുടങ്ങിയോ...?"



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


14 comments:

  1. "എല്ലാവർക്കുമായി ചായ ഉണ്ടാക്കുകയായിരുന്നു ഞാൻ..."

    എന്നാ പിന്നെ ചായ കുടി കഴിഞ്ഞിട്ട് സംസാരിയ്ക്കാം ബാക്കി കാര്യങ്ങൾ.

    ReplyDelete
    Replies
    1. ചായ ഉണ്ടാക്കി വച്ചിട്ടും ആരെയും കാണുന്നില്ലല്ലോ... ശ്രീയും സുകന്യാജിയും മാത്രമേ വന്നുള്ളൂ...

      Delete
  2. പ്രണയപരവശയായ് സാറ. മാർട്ടിനോയ്ക്ക് സ്കൂൾ കുട്ടിയും

    ReplyDelete
    Replies
    1. അതെ... സാറയുടെ പ്രണയം എങ്ങനെ മുന്നോട്ട് പോകുമെന്ന് നോക്കാം നമുക്ക്...

      Delete
  3. സ്കൂൾ കുട്ടിക്ക് തന്നോട് love at first sight ആണെന്നറിഞ്ഞാൽ മാർട്ടിനോയുടെ കിളികൾ പറന്നുപോകും 😋

    ReplyDelete
  4. ‘ഈ സ്വാമി എന്ത് അക്രമമാണ് കാണിക്കുന്നത്.. വന്ന് 10 മിനിറ്റായില്ല… അപ്പളേക്കും ഉമ്മ വച്ച് കളിക്ക്യാ..!!’

    സാറയുടെ ‘പ്രഥമദർശനാനുരാഗപാരവശ്യം’ കണ്ടപ്പോൾ ‘വിയറ്റ്നാം കോളനി’യിലെ ഈ രംഗമാണ് ഓർമ്മ വന്നത്..

    സ്കൂൾകുട്ടിയിൽ നിന്നും പ്രണയനിലേയ്ക്കുള്ള സാറയുടെ വളർച്ചയ്ക്കായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. സ്കൂൾ കുട്ടി ഒന്നുമല്ലാട്ടോ... വയസ്സ് പത്തൊമ്പതായി... ജോലിയുമുണ്ട്...

      Delete
  5. ഈ കഥകളിലും സിനിമയിലും മാത്രം ഉള്ള ഒരു സംഭവമാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

    ReplyDelete
  6. സാറയുടെ പ്രണയാവേശം പിന്നിൽ നിന്നും തുടങ്ങുന്ന വായനയെ ഉത്സാഹപ്പെടുത്തുന്നുണ്ട് കേട്ടോ വിനുവേട്ടാ

    ReplyDelete
  7. കണ്ടോ.... അവളെ ചാടിച്ചു

    ReplyDelete