Wednesday, November 17, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 46

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മുപ്പതുകാരനായ എറിക് ഡൈട്രിച്ച്  യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഒരു ആർക്കിടെക്റ്റ് ആയിരുന്നു. എന്നാൽ ജർമ്മൻ നേവിയിൽ ചേർന്നതോടെയാണ് ശരിയായ ഇടത്താണ് താൻ എത്തിയിരിക്കുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞത്‌. ഒരു E-ബോട്ട് കമാൻഡർ എന്ന നിലയിൽ അങ്ങേയറ്റം സംതൃപ്തനായിരുന്നു ഡൈട്രിച്ച്. എത്രയൊക്കെ നഷ്ടങ്ങൾ നേരിടേണ്ടി വന്നെങ്കിലും യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല. ഗ്വിഡോ ഓർസിനിയോടൊപ്പം പോർട്ട് ഓഫീസർ ലെഫ്റ്റെനന്റ് ഷ്രൂഡറുടെ ചാർട്ട് ടേബിളിൽ കാലാവസ്ഥ അവലോകനം ചെയ്യവെ വാക്കുകളിൽ നർമ്മം വാരി വിതറുകയായിരുന്നു അയാൾ.


"കാറ്റിന്റെ നില മൂ‌ന്ന് അല്ലെങ്കിൽ നാല്... പിന്നെ  ശക്തമായ മഴയും പ്രതീക്ഷിക്കാം... ഒരുവേള കൂടുതൽ മോശമാകാനും സാദ്ധ്യതയുണ്ട്..."


"റൂവർ പ്രദേശത്ത് ഇന്ന് രാത്രി വീണ്ടും കനത്ത ബോംബിങ്ങ് പ്രതീക്ഷിക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്... അതിനാൽ നിങ്ങളുടെ യാത്രാപഥത്തിൽ RAF നെ കൊണ്ട് ശല്യമൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല..." ഷ്രൂഡർ പറഞ്ഞു.


"അങ്ങനെയാണോ കരുതുന്നത്...? എങ്കിൽ എന്തും തന്നെ വിശ്വസിക്കും നിങ്ങൾ..." ഓർസിനി പരിഹസിച്ചു.


"ഗ്വിഡോ, നിങ്ങൾ ഒരു ദോഷൈകദൃക്കാണെന്ന് പറയാതിരിക്കാനാവില്ല..." എറിക് ഡൈട്രിച്ച് പറഞ്ഞു. "പ്രതീക്ഷിക്കുന്നത് നല്ലത് മാത്രമാണെങ്കിൽ താനേ അവ നിങ്ങളെ തേടിയെത്തും... എന്റെ അമ്മ പലപ്പോഴും പറയാറുള്ളതാണ്..."


അദ്ദേഹത്തിന് പിന്നിൽ വാതിൽ തുറന്നു. ഷ്രൂഡറുടെ മുഖം പെട്ടെന്ന് മ്ലാനമായി. ഗ്വിഡോയുടെ മുഖത്തെ ചിരി മാഞ്ഞു. തിരിഞ്ഞു നോക്കിയ ഡൈട്രിച്ച് കണ്ടത് മാർട്ടിനോയെയും അദ്ദേഹത്തെ തൊട്ടുരുമ്മി നിൽക്കുന്ന സാറയെയും ആണ്.


"കപ്പിത്താൻ ലെഫ്റ്റെനന്റ് ഡൈട്രിച്ച്...? എന്റെ പേര് മാക്സ് ഫോഗെൽ..." മാർട്ടിനോ തന്റെ SD  ഐഡന്റിറ്റി കാർഡ് അയാളെ കാണിച്ചിട്ട് പോക്കറ്റിൽ നിന്നും ഹിംലർ സൈൻ ചെയ്ത അധികാരപത്രം പുറത്തെടുത്തു. "ഇതുകൂടി ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും..."


ജർമ്മൻ ഭാഷയിൽ ആയിരുന്നത് കൊണ്ട് അദ്ദേഹം പറഞ്ഞ ഒറ്റ വാക്ക് പോലും സാറയ്ക്ക് മനസ്സിലായില്ല. മാത്രവുമല്ല, തന്റെയൊപ്പം നിൽക്കുന്നത് വേറെയേതോ ഒരാളാണെന്ന് പോലും അവൾക്ക് തോന്നി. നിർവ്വികാരവും പരുക്കനുമായ സ്വരം. ഡൈട്രിച്ച് ആ കത്ത് വായിക്കവെ ഷ്രൂഡറും‌ ഗ്വിഡോയും അയാളുടെ ചുമലിന് മുകളിലൂടെ അതിലേക്ക് എത്തി നോക്കി. ഗ്വിഡോയുടെ മുഖം വിവർണ്ണമായി. ഡൈട്രിച്ച് ആ കത്ത് തിരികെ കൊടുത്തു.


"ഫ്യൂറർ അതിൽ കൗണ്ടർസൈൻ ചെയ്തിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ..." മാർട്ടിനോ പറഞ്ഞു.


"ഈ രേഖകളുടെ വിശ്വാസ്യതയിൽ യാതൊരു സംശയവും എനിക്കില്ല സ്റ്റാൻഡർടൻഫ്യൂറർ..." ഡൈട്രിച്ച് പറഞ്ഞു. "എന്ത് സേവനമാണ്  താങ്കൾക്ക് ഞങ്ങൾ ചെയ്തു തരേണ്ടത്...?"


"എനിക്കും മിസ്സ് ലത്വായ്ക്കും‌ ജെഴ്സിയിലേക്കുള്ള യാത്രാ സൗകര്യം... കോൺവോയ് കമാൻഡർ നിങ്ങളാണല്ലോ... സ്വാഭാവികമായും നിങ്ങളോടൊപ്പം ആയിരിക്കും ഞാനും യാത്ര ചെയ്യുന്നത്... ഞങ്ങളുടെ സ്യൂട്ട്കെയ്സുകൾ കപ്പലിലേക്ക്‌ എടുത്തു വയ്ക്കുവാൻ നിങ്ങളുടെ പെറ്റി ഓഫീസറോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്..."


എറിക് ഡൈട്രിച്ചിനെ നിശ്ശബ്ദനാക്കുവാൻ അത് ധാരാളമായിരുന്നുവെങ്കിലും ഒരു കാര്യം അയാളെ അതിന് അനുവദിച്ചില്ല. ജർമ്മൻ സൈന്യത്തിൽ ഏറ്റവും കുറവ് നാസികൾ ഉള്ളത് ക്രീഗ്സ്മറീനിൽ (ജർമ്മൻ നേവി) ആയിരുന്നു. നാസി ആശയങ്ങളോട് ആഭിമുഖ്യം ഇല്ലാത്ത ഡൈട്രിച്ച്, പാർട്ടിയെ ഒട്ടും വക വച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെലിന് അനുകൂലമായി പ്രവർത്തിക്കുവാൻ അല്പം വൈമനസ്യവുമുണ്ടായിരുന്നു. എതിർപ്പ് പ്രകടിപ്പിക്കുന്നതിൽ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും തന്റെ ഭാഗം ന്യായീകരിക്കുന്നതിന് ഒരു കാരണം അയാൾ കണ്ടെത്തി.


"അനുസരിക്കുന്നതിൽ സന്തോഷമേയുള്ളൂ സ്റ്റാൻഡർടൻഫ്യൂറർ..." ഡൈട്രിച്ച് ശാന്തസ്വരത്തിൽ പറഞ്ഞു. "പക്ഷേ, ഒരു പ്രശ്നമുണ്ട്... നേവൽ റെഗുലേഷൻസ് പ്രകാരം സിവിലിയൻസിനെ യുദ്ധക്കപ്പലുകളിൽ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്... താങ്കളുടെ കാര്യത്തിൽ യാതൊരു പ്രശ്നവുമില്ല... പക്ഷേ, ഈ ചെറുപ്പക്കാരിയെ കൊണ്ടുപോകാനാവില്ല..."


അയാളോട് തർക്കിക്കുന്നതിൽ അർത്ഥമുണ്ടായിരുന്നില്ല. കാരണം‌, അയാളുടെ ഭാഗത്തായിരുന്നു ന്യായം എന്നത് തന്നെ. പക്ഷേ കാര്യം നടന്നേ തീരൂ. മാക്സ് ഫോഗെൽ എന്ന കണിശക്കാരനായ SS കേണൽ സ്വാഭാവികമായും പെരുമാറേണ്ട രീതിയിൽ തന്ത്രപരമായിത്തന്നെ മാർട്ടിനോ കരുക്കൾ നീക്കി. "ശരി, നിങ്ങളുടെ അഭിപ്രായത്തിൽ എന്താണൊരു മാർഗ്ഗം...?"


"കോൺവോയിയിലുള്ള മറ്റു കപ്പലുകളിൽ ഏതെങ്കിലുമൊന്നിൽ... ഈ നിൽക്കുന്ന ലെഫ്റ്റെനന്റ് ഓർസിനി SS വിക്ടർ യൂഗോ എന്ന ചരക്കു കപ്പലിലെ ഗൺ ഗ്രൂവിന്റെ കമാൻഡറാണ്...  ജെഴ്സിയിലെ സെന്റ് ഹെലിയറിലേക്കാണത് പോകുന്നത്... നിങ്ങൾ ഇരുവർക്കും അതിൽ യാത്ര ചെയ്യാം..."


എന്നാൽ സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ എന്ന മാർട്ടിനോ പൂർണ്ണമായും തോറ്റു കൊടുക്കുവാൻ തയ്യാറായിരുന്നില്ല. "ഇല്ല..." ശാന്തസ്വരത്തിൽ അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ പ്രവർത്തന രീതികൾ നേരിൽ കാണുക എന്നൊരു ഉദ്ദേശ്യം കൂടി എനിക്കുണ്ട് കപ്പിത്താൻ ലെഫ്റ്റെനന്റ്... അതിനാൽ ഞാൻ നിങ്ങളോടൊപ്പം തന്നെ വരുന്നു... ലെഫ്റ്റെനന്റ് ഓർസിനിയ്ക്ക് വിരോധമൊന്നുമില്ലെങ്കിൽ മിസ്സ് ലത്വാ വിക്ടർ യൂഗോയിലും യാത്ര ചെയ്യട്ടെ..."


"വിരോധമോ... ഒരിക്കലുമില്ല..." അവളിൽ നിന്ന് കണ്ണെടുക്കുവാൻ പാടു പെടുകയായിരുന്നു ഗ്വിഡോ ഓർസിനി. "മറിച്ച്, സന്തോഷമേയുള്ളൂ..."


"പക്ഷേ, നിർഭാഗ്യവശാൽ മിസ്സ് ലത്വായ്ക്ക് ജർമ്മൻ ഭാഷ സംസാരിക്കാൻ അറിയില്ല..." മാർട്ടിനോ അവളുടെ നേർക്ക് തിരിഞ്ഞ് ഫ്രഞ്ച് ഭാഷയിൽ പറഞ്ഞു. "തൽക്കാലം ഈ യാത്രയിൽ ഒരുമിച്ച് പോകാൻ നമുക്കാവില്ല മൈ ഡിയർ... ചില റൂൾസ് & റെഗുലേഷൻസ് തന്നെ കാരണം... നിന്റെ ലഗ്ഗേജ് എന്നോടൊപ്പം ഇരുന്നോട്ടെ. അതിന്റെ കാര്യമോർത്ത് വിഷമിക്കേണ്ട... ഈ ചെറുപ്പക്കാരൻ ലെഫ്റ്റെനന്റ് നിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചോളും..."


"എന്ത് സഹായത്തിനും ഗ്വിഡോ ഓർസിനി തയ്യാർ, സിനോറിനാ..." ആചാരമര്യാദയോടെ അവളെ സല്യൂട്ട് ചെയ്തു കൊണ്ട് ഓർസിനി പറഞ്ഞു. "എന്നോടൊപ്പം വരൂ, സുരക്ഷിതമായി ഞാൻ കപ്പലിൽ എത്തിക്കാം... മുപ്പത് മിനിറ്റിനുള്ളിൽ നാം പുറപ്പെടുകയായി..."


അവൾ മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "എങ്കിൽ ശരി, പിന്നെ കാണാം മാക്സ്..."


"ജെഴ്സിയിൽ വച്ച്..." മാർട്ടിനോ തല കുലുക്കി.


ഓർസിനി തുറന്നു കൊടുത്ത വാതിലിലൂടെ അവൾ പുറത്തു കടന്നു. 


"മിടുക്കി പെൺകുട്ടി..." ഡൈട്രിച്ച് തന്റെ അഭിപ്രായം മറച്ചു വച്ചില്ല.


"തീർച്ചയായും..." മാർട്ടിനോ ചാർട്ട് ടേബിളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. "ഇന്ന് രാത്രി പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഒരു യാത്ര പ്രതീക്ഷിക്കാമോ...? നിങ്ങളുടെ കോൺവോയ് പലപ്പോഴും RAF നൈറ്റ് ഫൈറ്ററുകളുടെ ആക്രമണത്തിന് ഇരയാകാറുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്..."


"ആക്രമണങ്ങൾ പതിവാണ് സ്റ്റാൻഡർടൻഫ്യൂറർ..." ഷ്രൂഡർ പറഞ്ഞു. "പക്ഷേ, ഇന്ന് രാത്രി RAF മറ്റിടങ്ങളിൽ തിരക്കിലായിരിക്കാനാണ് സാദ്ധ്യത..."


"പതിവ് പോലെ നമ്മുടെ നഗരങ്ങളിൽ സിവിലിയന്മാരുടെ മേൽ കനത്ത ബോംബിങ്ങ് നടത്തുന്ന തിരക്കിൽ..." മാർട്ടിനോ പറഞ്ഞു. കാരണം, ഒരു നാസി പാർട്ടി അനുയായി എന്ന നിലയിൽ ആ വാക്കുകൾ ആയിരിക്കും അദ്ദേഹത്തിൽ നിന്നും അവർ പ്രതീക്ഷിക്കുകയും ചെയ്യുക. "ബ്രിട്ടീഷ് റോയൽ നേവിയുടെ കാര്യം എങ്ങനെ...?"


"യെസ്, അവരുടെ MTBകൾ (Motor Torpedo Boat) ഈ പ്രദേശത്ത് പ്രവർത്തന നിരതമാണ്..." ഭൂപടത്തിൽ തൊട്ടു കാണിച്ചു കൊണ്ട് ഡൈട്രിച്ച് പറഞ്ഞു. "ഫാൾമൗത്തിലെയും ഡെവൺപോർട്ടിലെയും താവളങ്ങളിൽ നിന്നാണ് അവ ഓപ്പറേറ്റ് ചെയ്യുന്നത്..."


"നിങ്ങളെ അത് അലോസരപ്പെടുത്തുന്നില്ല...?"


"സ്റ്റാൻഡർടൻഫ്യൂറർ, അവ എണ്ണത്തിൽ കുറെയേറെ ഉണ്ടെന്നത് വാസ്തവമാണ്... പക്ഷേ, അവരുടെ ബോട്ടുകളെക്കാൾ വേഗതയേറിയതാണ് നമ്മുടെ E-ബോട്ടുകൾ... താങ്കളെ അത് ബോദ്ധ്യപ്പെടുത്താനുള്ള അവസരം ഇന്ന് രാത്രി എനിക്ക് ലഭിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം..." അയാൾ തന്റെ ചാർട്ടുകൾ ചുരുട്ടി വച്ചു. "താങ്കൾ എന്നോടൊപ്പം വന്നാലും... നമുക്ക് കപ്പലിലേക്ക് പോകാം..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


18 comments:

  1. അതെന്നാ പരുപാടിയാ മാഷെ
    .സാറകൊച്ചിനെ പൊന്നു പോലെ നോക്കാന്നും പറഞ്ഞു കൊണ്ട് വന്നിട്ട് ഏതോ ലെവന്മാരുടെ കൂടെ പറഞ്ഞു വിടുന്നത് ശെരിയാണോ

    ReplyDelete
    Replies
    1. ഉണ്ടാപ്രിച്ചായാ... എന്തേലും ഒന്നു തീരുമാനിയ്ക്ക്. ഞങ്ങക്കൊപ്പം വരുന്നോ അതോ SS വിക്ടർ യൂഗോയിൽ കേറുന്നോ

      Delete
    2. @ഉണ്ടാപ്രി : ശരിയാണോന്ന് ചോദിച്ചാൽ ശരിയല്ല... ബട്ട് റൂൾ ഈസ് റൂൾ...

      @ശ്രീ : നമുക്ക് E-ബോട്ടിൽ പോകാം... ഉണ്ടാപ്രി സാറയ്ക്ക് പേഴ്സണൽ ഗാർഡ് ആയി വിക്ടർ യൂഗോയിൽ വരട്ടെ... (പണി കിട്ടാൻ പോകുന്നതേയുള്ളൂ 🤭)

      Delete
    3. എന്നാ നിങ്ങ ചെല്ല്..
      എന്നാ പണി കിട്ടും എന്ന് പറഞ്ഞാലും ആ പെങ്കൊച്ചിനെ ഒറ്റയ്ക്ക് അവന്മാരുടെ കൂടെ വിടുന്ന പ്രശ്നമില്ല ..( ജിമ്മൻ ആൾറെഡി കേറിപ്പറ്റിയോ ആവോ....പുള്ളി വരുന്നെനും മുമ്പേ ബോട്ടേട് സ്രാങ്കെ ..)

      Delete
    4. ഉണ്ടാപ്രിച്ചായോ... ഇങ്ങ് പോര്, ഇങ്ങ് പോര്.. ഞാൻ ഇവിടെ സീറ്റ് പിടിച്ചിട്ടുണ്ട്..

      ആ ഓർസിനി ആള് ശരിയല്ല.. ഒന്ന് ശ്രദ്ധിച്ചോണം..

      Delete
    5. എനിക്കറിയാരുന്നു ഇടിച്ചു കേറി കാണും എന്ന്
      ("പ്രതീക്ഷിക്കുന്നത് നല്ലത് മാത്രമാണെങ്കിൽ... എന്റെ പ്രതീക്ഷ ഒക്കെ വെള്ളത്തിൽ ആയല്ലോ ..")

      ഒന്നൊതുങ്ങി ഇരി .. ഒരു അടി ഉണ്ടായ കൂടെ നിൽക്കണം കേട്ടാ

      Delete
    6. എനിക്കും അറിയാരുന്നു ഉണ്ടാപ്രി ഡെക്കിൽ ചെല്ലുമ്പോൾ ജിമ്മൻ ചിരിച്ചോണ്ട് അവിടെ നിൽപ്പുണ്ടാവുമെന്ന്... 😜

      Delete
    7. അതുറപ്പല്ലേ 😄

      Delete
  2. അധികാരം.. അത് ഉപയോഗിയ്ക്കാൻ അറിയുന്നവരുടെ മിടുക്ക്... അതിലാണ് കാര്യം അല്ലേ

    ReplyDelete
    Replies
    1. അതെ... എത്ര വിദഗ്ദ്ധമായി മാർട്ടിനോ അത് ഉപയോഗിക്കുന്നു എന്ന് നോക്കുക...

      Delete
  3. "പ്രതീക്ഷിക്കുന്നത് നല്ലത് മാത്രമാണെങ്കിൽ താനേ അവ നിങ്ങളെ തേടിയെത്തും…"

    എല്ലാം നല്ലതിനാവട്ടെ..

    ReplyDelete
    Replies
    1. വിശ്വാസം രക്ഷിക്കട്ടെ...

      Delete
  4. മിടുക്കി പെൺകുട്ടി എന്നതിൽ തർക്കമില്ല

    ReplyDelete
    Replies
    1. തീർച്ചയായും സുകന്യാജീ...

      Delete
  5. മാർട്ടിനോ തന്റെ റോൾ നന്നായി ചെയ്യുന്നുണ്ട്. സാറയും അദ്ദേഹവുമിപ്പോൾ പക്ഷെ രണ്ടു കപ്പലിൽ ആയല്ലോ 😳

    ReplyDelete
    Replies
    1. അതെ... അതൊരു പ്രശ്നം തന്നെയാണ്...

      Delete
  6. രണ്ടായാലും ഒന്നാകുമല്ലോ. യാത്ര തുടങ്ങട്ടെ

    ReplyDelete
    Replies
    1. അത് കുറച്ചു കഴിയുമ്പോൾ മനസ്സിലായിക്കോളും...

      Delete