ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഹാവിയർ ഡി പാസിലെ സിൽവർ ടൈഡ് ഹോട്ടലിൽ തന്റെ ഓഫീസിലിരുന്ന് കനം കൂടിയ ഒരു ഫയൽ ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് ജെഴ്സിയിലെ സീക്രട്ട് ഫീൽഡ് പോലീസിന്റെ ഓഫീസർ ഇൻ കമാൻഡ് ആയ ക്യാപ്റ്റൻ കാൾ മുള്ളർ. താൻ ജോലി ചെയ്യുന്ന ഡിപ്പാർട്ട്മെന്റിന്റെ വിജയത്തിന് പിന്നിൽ മുഖ്യപങ്ക് വഹിച്ചിരുന്ന ഊമക്കത്തുകളുടെ ശേഖരമായിരുന്നു ആ ഫയലിനുള്ളിൽ. വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ആ കത്തുകളിൽ. അനധികൃതമായി റേഡിയോ കൈവശം വച്ചതോ ഒളിച്ചോടിയ റഷ്യൻ അടിമത്തൊഴിലാളിയെ സഹായിച്ചതോ കരിഞ്ചന്തയുമായുള്ള ബന്ധമോ ഒക്കെ ആയിരുന്നു അധികം കേസുകളും. ആ ഊമക്കത്തുകൾ എഴുതിയവരെ അന്വേഷിച്ച് കണ്ടെത്തുക എന്നതായിരുന്നു മുള്ളർ തന്റെ കീഴുദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും മുന്നിൽ തുറന്നു കാട്ടും എന്ന് ഭീഷണിപ്പെടുത്തി പലവിധത്തിൽ അവരെ ഉപയോഗിക്കുക എന്നതായിരുന്നു സീക്രട്ട് പോലീസിന്റെ അടവ്.
പാരീസിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലേത് പോലെ അത്ര വലിയ സംവിധാനം ഒന്നും ആയിരുന്നില്ല അവരുടേത്. മുള്ളർ ഒരു SS ആയിരുന്നില്ലെങ്കിലും നാസി പാർട്ടി അംഗം ആയിരുന്നു. മുമ്പ് ഹാംബർഗ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ചീഫ് ഓഫീസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്ന് അയാൾ പിടികൂടിയ ഒരു ഫ്രഞ്ച് യുവതി ചോദ്യം ചെയ്യലിനിടയിൽ തന്റെ സഹപ്രവർത്തകരുടെ പേരുകൾ വെളിപ്പെടുത്താതെ മരണമടയുകയുണ്ടായി. ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ മുഖ്യ കണ്ണികളിൽ ഒരാളായിരുന്നു ആ യുവതി എന്നതു കൊണ്ട് തന്നെ ആ മരണം വിവാദമായി. അയാളുടെ അമിതാവേശം ഹാംബർഗ് പോലീസിന്റെ പേരിന് കളങ്കം വരുത്തി എന്നായിരുന്നു മേലധികാരികളുടെ കണ്ടെത്തൽ. അതേത്തുടർന്നാണ് ഈ ദ്വീപിലേക്കുള്ള സ്ഥലം മാറ്റം ഉണ്ടായത്. അതിനാൽത്തന്നെ എങ്ങനെയും തിരികെ ഹാംബർഗ് പോലീസിൽ എത്തുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.
ഫയൽ മടക്കി വച്ച് അയാൾ എഴുന്നേറ്റു. ആ അമ്പതുകാരന്റെ തലമുടി കടും ബ്രൗൺ നിറമായിരുന്നു. ഏതാണ്ട് ആറടിയോട് അടുത്ത് ഉയരം. ഒന്ന് മൂരി നിവർത്തി പുറത്തെ കാലാവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കാനായി ജാലകത്തിനരികിലേക്ക് നീങ്ങിയപ്പോഴാണ് ടെലിഫോൺ റിങ്ങ് ചെയ്തത്.
അയാൾ റിസീവർ എടുത്തു. "യെസ്...?"
ലൈനിലെ ഇരമ്പൽ ശബ്ദത്തിൽ നിന്നും അതൊരു ലോക്കൽ കോൾ അല്ല എന്ന് അയാൾക്ക് മനസ്സിലായി.
"ക്യാപ്റ്റൻ മുള്ളർ...? ഇത് ഷ്രൂഡർ ആണ്... ഗ്രാൻവിലായിലെ പോർട്ട് ഓഫീസർ..."
***
പത്ത് മിനിറ്റ് കഴിഞ്ഞു കാണും. മുള്ളർ ജാലകത്തിനപ്പുറം ഇരുട്ടിലേക്ക് കണ്ണും നട്ട് നിൽക്കവെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു. അയാൾ തിരിഞ്ഞ് തന്റെ ഡെസ്കിന് പിന്നിലെ കസേരയിൽ ചെന്ന് ഇരുന്നു.
റൂമിലേക്ക് പ്രവേശിച്ച ആ രണ്ടു പേരും മുള്ളറെ പോലെ തന്നെ സിവിലിയൻ വേഷമാണ് ധരിച്ചിരുന്നത്. GFP (Geheime Feldpolizei) യിൽ ഉള്ളവർ യൂണിഫോം ധരിക്കാൻ പൊതുവേ വൈമുഖ്യം കാട്ടുന്നവരാണെന്ന കാര്യം പരക്കെ അറിവുള്ളതാണ്. ചാര നിറമുള്ള കണ്ണുകളുടെ ഉടമയായ തടിച്ച് കുറുകിയ ആളാണ് ഇൻസ്പെക്ടർ വില്ലി ക്ലൈസ്റ്റ്. മുള്ളറുടെ സെക്കൻഡ് ഇൻ കമാൻഡ് ആയ അയാൾ ഗെസ്റ്റപ്പോയിൽ നിന്നും എത്തിയ ഉദ്യോഗസ്ഥനാണ്. മുള്ളറെപ്പോലെ തന്നെ ഹാംബർഗ് പോലീസിലെ മുൻ ഡിറ്റക്ടിവ് ആയിരുന്നു അയാളും. വർഷങ്ങളായി പരസ്പരം അറിയാവുന്നവർ. അയാളോടൊപ്പമുള്ള ചെറുപ്പക്കാരനാണ് സെർജന്റ് ഏണസ്റ്റ് ഗ്രൈസർ. ചാരനിറമുള്ള മുടിയും നീലക്കണ്ണുകളുമുള്ള അയാൾ ആർമി ഫീൽഡ് പോലീസിൽ നിന്നും GFP യിലേക്ക് ട്രാൻസ്ഫർ ആയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ.
"ഗൗരവമുള്ള ഒരു വിഷയമാണ്..." മുള്ളർ അവരോട് പറഞ്ഞു. "ഗ്രാൻവിലായിൽ നിന്നും ഷ്രൂഡറിന്റെ ഫോൺ ഉണ്ടായിരുന്നു... ഒരു SD സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ ഒരു ഫ്രഞ്ച് യുവതിയോടൊപ്പം പോർട്ട് ഓഫീസിൽ വന്ന് ജെഴ്സിയിലേക്ക് യാത്രാസൗകര്യം വേണമെന്ന ആവശ്യമുന്നയിച്ചുവത്രെ... ആ യുവതിയെ അവർ വിക്ടർ യൂഗോയിൽ കയറ്റി വിട്ടിട്ടുണ്ട്. ഈ ഫോഗെൽ എന്നയാൾ ഡൈട്രിച്ചിനോടൊപ്പം S92 ൽ പുറപ്പെട്ടിട്ടുണ്ടെന്നും ഷ്രൂഡർ പറഞ്ഞു..."
"എന്തിനായിരിക്കും, ഹെർ ക്യാപ്റ്റൻ...?" ക്ലൈസ്റ്റ് ചോദിച്ചു. "നമുക്ക് യാതൊരു ഇൻഫർമേഷനും ലഭിച്ചില്ലല്ലോ... എന്തായിരിക്കും അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം...?"
"അത്ര ശുഭകരമല്ലാത്ത ഒരു വാർത്ത കൂടിയുണ്ട്..." മുള്ളർ പറഞ്ഞു. "റൈഫ്യൂറർ ഹിംലറുടെ സ്പെഷ്യൽ വാറന്റുമായിട്ടാണത്രെ അദ്ദേഹം എത്തിയിരിക്കുന്നത്... ആ അധികാര പത്രത്തിൽ ഫ്യൂറർ കൗണ്ടർ സൈനും ചെയ്തിട്ടുണ്ടത്രെ..."
"മൈ ഗോഡ്...!" ഗ്രൈസർ ഭയചകിതനായി.
"അതുകൊണ്ട്, കൂട്ടുകാരേ, നമ്മൾ തയ്യാറായി ഇരിക്കണം... കോൺവോയ് ഷിപ്പുകൾ സെന്റ് ഹെലിയറിൽ എത്തുമ്പോൾ യാത്രക്കാരെ പരിശോധിക്കുന്നതിന്റെ മേൽനോട്ടം നിങ്ങൾക്കല്ലേ ഏണസ്റ്റ്...?" അയാൾ ഗ്രൈസറിനോട് ചോദിച്ചു.
"യെസ്, ഹെർ ക്യാപ്റ്റൻ..."
"ഇത്തവണ ഇൻസ്പെക്ടർ ക്ലൈസ്റ്റും ഞാനും നിങ്ങളോടൊപ്പമുണ്ടാകും... അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം എന്തു തന്നെ ആയാലും ശരി, എന്റെ ഒരു കണ്ണ് അതിന്മേൽ ഉണ്ടായിരിക്കും... അപ്പോൾ ശരി, നമുക്ക് പിന്നെ കാണാം..."
അവർ പുറത്തിറങ്ങി. ഒരു സിഗരറ്റിന് തീ കൊളുത്തി മുള്ളർ ജാലകത്തിനരികിലേക്ക് നീങ്ങി. മാസങ്ങൾക്ക് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം ആവേശഭരിതനായിരുന്നു അയാൾ അപ്പോൾ.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
കപ്പലുകൾ പെട്ടന്ന് എത്തട്ടെ.. പിടിപ്പത് പണിയുണ്ട്..
ReplyDeleteവിളഞ്ഞു കിടക്കുന്ന എണ്ണപ്പാടം കണ്ടിട്ട് തന്നെ ആണ് ഈ കാത്തിരിപ്പ് ന്ന് മനസ്സിലാവണുണ്ട് ട്ടാ
Deleteആ പരിപ്പ് ഈ കലത്തിൽ വേവൂല്ല
Deleteഒന്നുമേ പുരിയലയേ...🤔
Deleteഅന്തരീക്ഷമാകെ ചൂടുപിടിക്കുമെന്ന തോന്നൽ ഇവിടം മുതൽ...!
ReplyDeleteചൂടു പിടിക്കും അശോകേട്ടാ...
Deleteപണി പാളുമോ
ReplyDeleteസാദ്ധ്യത ഇല്ലാതില്ല...
Deleteഫോഗെൽ ആരാണെന്ന് മനസ്സിലാകുമോ
ReplyDeleteഅത്ര എളുപ്പമൊന്നും പിടി കിട്ടില്ല...
Deleteഷിപ്പുകൾ എത്തുമ്പോൾ എന്താവുമോ
ReplyDeleteഅതിന് മുമ്പ് എന്തെല്ലാം സംഭവവികാസങ്ങൾ...!
Deleteശ്ശോ... പിടികിട്ടുമൊ അവർക്ക്??
ReplyDeleteഎന്തായാലും നേരിയ സംശയം ഉദിച്ചിട്ടുണ്ട്...
Delete