ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ആദ്യത്തെ സ്ഫോടനം നടന്നതും ആ E-ബോട്ട് ഫുൾ സ്പീഡിൽ മുന്നോട്ട് കുതിച്ചു. ഡൈട്രിച്ച് തിടുക്കത്തിൽ തന്റെ നൈറ്റ് ഗ്ലാസിലൂടെ നാലു പാടും നിരീക്ഷിച്ചു. കപ്പൽ അപ്രതീക്ഷിതമായി മുന്നോട്ട് കുതിച്ചതിന്റെ ആഘാതത്തിൽ നില തെറ്റിയ മാർട്ടിനോ കൈവരിയിൽ മുറുകെ പിടിച്ച് നിന്നു.
"എന്താണ് സംഭവം...?" മാർട്ടിനോ ചോദിച്ചു.
"ഉറപ്പ് പറയാറായിട്ടില്ല..." ഡൈട്രിച്ച് പറഞ്ഞു. അപ്പോഴാണ് ഏതാണ്ട് അഞ്ഞൂറ് വാര അകലെയായി ഒരു അഗ്നിഗോളം ഉയർന്നത്. അയാൾ വിക്ടർ യൂഗോയുടെ നേർക്ക് ഫോക്കസ് ചെയ്തു. നിഴൽ പോലെ ഇരുണ്ട എന്തോ ഒന്ന് നൈറ്റ് ഗ്ലാസിലെ പാച്ചിലൂടെ കടന്നു പോയി. തൊട്ടു പിറകെ മറ്റൊന്നു കൂടി. "ബ്രിട്ടീഷ് MTBകളാണ്... (മോട്ടോർ ടോർപിഡോ ബോട്ട്) അവർ വിക്ടർ യൂഗോയെ ഹിറ്റ് ചെയ്തിരിക്കുന്നു..."
അയാൾ ബാറ്റ്ൽ സ്റ്റേഷൻ അലാറത്തിന്റെ ബട്ടൺ അമർത്തി. പൂർണ്ണ വേഗതയെടുക്കുവാനുള്ള ശ്രമത്തിൽ മുരളുന്ന മെഴ്സിഡിസ് ബെൻസ് എഞ്ചിനുകളുടെ ഗർജ്ജനത്തിനും മുകളിൽ അലാറത്തിന്റെ സ്വരം മുഴങ്ങി. ഡെക്കിലെ പീരങ്കിയും ബോഫോഴ്സ് ഗണ്ണുകളും ഇരുട്ടിലേക്ക് തീ തുപ്പുവാൻ തുടങ്ങി.
പൊടുന്നനെ സാറയെക്കുറിച്ച് ഓർമ്മ വന്ന മാർട്ടിനോ ഡൈട്രിച്ചിന്റെ കൈയ്യിൽ കയറിപ്പിടിച്ചു. "ആ കപ്പലിൽ ഉള്ളവർ... അവരെ രക്ഷിക്കണം നമുക്ക്..."
"അതൊക്കെ പിന്നീട്..." അയാൾ മാർട്ടിനോയുടെ കൈ തട്ടിക്കളഞ്ഞു. "ഇവിടെ ഞാനാണ് ക്യാപ്റ്റൻ... തടസ്സമുണ്ടാക്കാതെ അങ്ങോട്ട് മാറി നിൽക്കൂ..."
***
ക്രമേണ ചരിഞ്ഞു കൊണ്ടിരിക്കുന്ന വിക്ടർ യൂഗോയുടെ സമീപത്തു നിന്നും ആവുന്നത്ര ദൂരേയ്ക്ക് നീന്തുവാൻ സാറ കിണഞ്ഞു പരിശ്രമിച്ചു. കപ്പലിന്റെ പിൻഭാഗത്തായി കടലിൽ പരന്നൊഴുകി തീ പിടിച്ച എണ്ണയിൽ നിന്നും നീന്തി രക്ഷപെടാൻ ശ്രമിക്കുന്ന നാവികർ. അതിലൊരാളെ അപ്പോഴേക്കും തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. അയാളുടെ നിലവിളി അവൾ വ്യക്തമായി കേട്ടു. പിന്നെ ആ രൂപം അപ്രത്യക്ഷമായി.
നനഞ്ഞു കുതിർന്ന റീഫർകോട്ടും ലൈഫ് ജാക്കറ്റും കാരണം നീന്തുവാൻ ശരിക്കും ബുദ്ധിമുട്ടുകയായിരുന്നു സാറ. അസ്ഥികൾ മരവിക്കുന്ന തണുപ്പ് കാലിലൂടെ അരിച്ചു കയറുന്നു. ഓർസിനി അവളെ റീഫർകോട്ട് ധരിപ്പിച്ചതിന്റെ ആവശ്യകത അപ്പോഴാണ് അവൾക്ക് മനസ്സിലായത്. അയാൾ എവിടെ...? അവൾ തിരിഞ്ഞ് എണ്ണ പുരണ്ട മുഖങ്ങളെ തിരിച്ചറിയാൻ ഒരു ശ്രമം നടത്തി. വിക്ടർ യൂഗോയുടെ അടുത്തേക്ക് പാഞ്ഞെത്തിയ ഒരു MTB വെള്ളത്തിൽ വീണു കിടക്കുന്ന നാവികരുടെ ഇടയിലൂടെ ഒരു റൗണ്ടെടുത്ത് അവർക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർത്തു.
പിന്നിൽ നിന്നും ആരോ തന്റെ ലൈഫ് ജാക്കറ്റിൽ പിടിച്ചു വലിച്ചത് അറിഞ്ഞ സാറ തിരിഞ്ഞു നോക്കി. ഓർസിനി ആയിരുന്നുവത്. "ഇങ്ങോട്ട് ഡിയർ... ഞാൻ പറയുന്നത് പോലെ ചെയ്യുക..." അയാൾ പറഞ്ഞു.
കപ്പലിൽ നിന്നും ചിതറി വീണ വസ്തുക്കൾ എമ്പാടും ഒഴുകി നടക്കുന്നുണ്ടായിരുന്നു. പൊന്തിക്കിടക്കുന്ന വൈക്കോൽക്കെട്ടുകളിൽ ഒന്നിനരികിലേക്ക് അവളെയും കൂട്ടി നീന്തി ചെന്ന് അത് കെട്ടിയിരിക്കുന്ന കയറിൽ പിടിച്ച് അവർ കിടന്നു.
"ആരായിരുന്നു അവർ...?" ശ്വാസമെടുത്തിട്ട് അവൾ ചോദിച്ചു.
"MTBകൾ..."
"ബ്രിട്ടീഷ്...?"
"ആയിരിക്കും... അല്ലെങ്കിൽ ഫ്രഞ്ച്, അതുമല്ലെങ്കിൽ ഡച്ച്... ഫാൾമൗത്ത് ഹാർബറിൽ നിന്നാണ് അവരെല്ലാം ഓപ്പറേറ്റ് ചെയ്യുന്നത്..."
വീണ്ടും ഒരു MTB ആ അവശിഷ്ടങ്ങൾക്കും നാവികർക്കും ഇടയിലൂടെ പാഞ്ഞു പോയി. അതിൽ നിന്നും ഉതിർന്ന മെഷീൻ ഗൺ ബുള്ളറ്റുകൾ വെള്ളത്തിൽ തുരുതുരാ പതിച്ചു. അധികം അകലെയല്ലാതെ ഇരുട്ടിലേക്ക് ഉയർന്നു പൊങ്ങിയ ട്രെയ്സറിന്റെ സ്റ്റാർ ഷെൽ പൊട്ടിത്തെറിച്ചു. അടുത്ത നിമിഷം അതിൽ നിന്നും പുറപ്പെട്ട പാരച്യൂട്ട് ഫ്ലെയറിന്റെ പ്രകാശത്തിൽ ആ പ്രദേശത്തിന്റെ വ്യക്തമായ ചിത്രം കാണാറായി.
അല്പം ദൂരെയായി ഓടിയൊളിക്കാൻ ശ്രമിക്കുന്ന രണ്ട് MTBകൾ... അവയ്ക്ക് പിന്നാലെ കുതിക്കുന്ന E-ബോട്ട്... "എറിക്ക്, വിടരുത് ആ തെമ്മാടികളെ...!" ഓർസിനി അലറി വിളിച്ചു.
അവളും അയാളുടെ ആവേശത്തിനൊപ്പമായിരുന്നു എന്ന് പറയാം. മൈ ഗോഡ്... അവൾ ഓർത്തു. ഇങ്ങനെയാണോ എന്റെ അവസാനം... എന്റെ സ്വന്തം നാട്ടുകാരുടെ കൈ കൊണ്ട്...! വൈക്കോൽക്കെട്ടിന്റെ കയറിൽ പിടിച്ചു കിടന്ന് കിതച്ചു കൊണ്ട് അവൾ ചോദിച്ചു. "ഇത്രയും ക്രൂരതയുടെ ആവശ്യമെന്താണവർക്ക്...? കടലിൽ വീണു കിടക്കുന്നവർക്ക് നേരെ മെഷീൻ ഗൺ കൊണ്ട് നിറയൊഴിക്കുക...!"
"യുദ്ധം എന്ന് പറയുന്നത് അങ്ങനെയാണ് ഡിയർ... സകലരെയും ഭ്രാന്തരാക്കുന്നു... ആട്ടെ, പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടോ നിങ്ങൾക്ക്...?"
"എന്റെ കൈകൾ കുഴയുന്നു..."
അത്ര അകലെയല്ലാതെ ഒഴുകി നടക്കുന്ന ഒരു പലക ശ്രദ്ധയിൽപ്പെട്ട അയാൾ നീന്തിച്ചെന്ന് അതുമായി തിരികെയെത്തി. "നിങ്ങൾ ഇതിന്മേൽ കയറിക്കോളൂ..."
അല്പം ബുദ്ധിമുട്ടിയാണെങ്കിലും അതിന് മുകളിൽ കയറിക്കിടക്കുന്നതിൽ അവൾ വിജയിച്ചു. "നിങ്ങളുടെ കാര്യമോ...?"
"ഞാൻ ഇതിൽ പിടിച്ച് തുഴഞ്ഞു നിന്നോളാം..." അയാൾ പുഞ്ചിരിച്ചു. "വിഷമിക്കാതിരിക്കൂ, ഇതിനു മുമ്പും ഞാൻ കടലിൽ വീണിട്ടുള്ളതാണ്... ഭാഗ്യം എന്നും എന്നോടൊപ്പമാണ്... അതുകൊണ്ട് എന്നോടൊപ്പം കൂടിക്കോളൂ..."
അപ്പോഴാണ് ലുൽവർത്ത്കോവിലെ ആ സായാഹ്നം അവൾക്ക് ഓർമ്മ വന്നത്. മാർട്ടിനോയോടൊപ്പം നടക്കാനിറങ്ങിയതും ആ ജിപ്സി വനിതയുടെ ടററ്റ് കാർഡ് പ്രവചനത്തിലെ അഗ്നിയും വെള്ളവും എല്ലാം ഓർത്ത് അവൾ കുലുങ്ങി ചിരിക്കുവാൻ തുടങ്ങി.
"എന്തുപറ്റി...?" ഓർസിനി അമ്പരന്നു.
"ലവ്ലി... നത്തിങ്ങ് ലൈക്ക് ദ് ചാനൽ ഐലന്റ്സ് ഫോർ എ ഹോളിഡേ അറ്റ് ദിസ് ടൈം ഓഫ് ദ് ഇയർ... കടലിൽ കുളിക്കാൻ പറ്റിയ സമയം..." പെട്ടെന്നാണ് തനിക്ക് പറ്റിയ അമളി ഭീതിയോടെ അവൾ മനസ്സിലാക്കിയത്. അവൾ സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു...!
വെള്ളത്തിൽ തുഴഞ്ഞു കിടന്ന് അവളെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ഓർസിനി മികച്ച ഇംഗ്ലീഷിൽ പറഞ്ഞു. "ഡിഡ് ഐ റ്റെൽ യൂ ഐ വെന്റ് റ്റു വിഞ്ചെസ്റ്റർ...? ഒരു ഇംഗ്ലീഷ് പബ്ലിക്ക് സ്കൂളിൽ പഠിച്ചാൽ മാത്രമേ എനിക്ക് ജീവിക്കാൻ വേണ്ട കഴിവുകൾ ലഭിക്കുകയുള്ളൂ എന്നായിരുന്നു എന്റെ പിതാവിന്റെ തീരുമാനം..." അയാൾ പൊട്ടിച്ചിരിച്ചു. "അത് ശരിയായിരുന്നുവെന്ന് എനിക്കിപ്പോൾ ബോദ്ധ്യമായി... ആദ്യമായി കണ്ട നിമിഷം തന്നെ എനിക്ക് തോന്നിയിരുന്നു ഡിയർ, എന്തൊക്കെയോ പ്രത്യേകതകൾ നിങ്ങളിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന്..." ആവേശത്തോടെ വീണ്ടും അയാൾ ചിരിച്ചു. "എന്ന് വച്ചാൽ നമ്മുടെ ആ സ്റ്റാൻഡർടൻഫ്യൂറർ ഫോഗെലിന്റെ കാര്യത്തിലും എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന്..."
"പ്ലീസ്..." ദൈന്യതയോടെ അവൾ പറഞ്ഞു.
"ഡോണ്ട് വറി, ഡിയർ... ഹാർബറിലെ ആ കൂടാരത്തിന്റെ കവാടത്തിലൂടെ ഉള്ളിലേക്ക് കടന്നു വന്ന നിങ്ങളെ കണ്ട മാത്രയിൽത്തന്നെ ഞാൻ അനുരക്തനായിക്കഴിഞ്ഞിരുന്നു... ഐ ലൈക്ക് യൂ, ഐ ഡോണ്ട് ലൈക്ക് ദെം - അവർ ആരായിരുന്നാലും ശരി... വീ ഇറ്റാലിയൻസ് ആർ എ വെരി സിംപിൾ പീപ്പിൾ..."
തന്റെ മുഖത്തെ എണ്ണപ്പാട വടിച്ചു കളഞ്ഞിട്ട് അയാൾ ഒന്ന് ചുമച്ചു. അവൾ അയാളുടെ കൈയ്യിൽ എത്തിപ്പിടിച്ചു. "ഗ്വിഡോ, നിങ്ങളാണ് എന്റെ ജീവൻ രക്ഷിച്ചത്..."
വേഗത കുറച്ച് അടുത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ഒരു എഞ്ചിന്റെ ശബ്ദം അവർക്ക് കേൾക്കാറായി. അയാൾ തല തിരിച്ച് എത്തി നോക്കി. അവരുടെ കോൺവോയിയ്ക്ക് അകമ്പടി സേവിച്ചിരുന്ന ഒരു സായുധ ട്രോളർ ആയിരുന്നുവത്. "യെസ്... അങ്ങനെ ഇത്തവണയും രക്ഷപെട്ടു..." ഓർസിനി പറഞ്ഞു.
അടുത്ത നിമിഷം അവർക്കരികിലെത്തിയ ആ ട്രോളറിൽ നിന്നും താഴേക്കിട്ട ലാഡറിലൂടെ ഇറങ്ങി വന്ന ഏതാനും ജർമ്മൻ നാവികർ അവളെ മുകളിലേക്ക് വലിച്ചു കയറ്റി. പിന്നാലെ മുകളിലെത്തിയ ഓർസിനി അവൾക്കരികിൽ ഡെക്കിൽ കുഴഞ്ഞു വീണു.
ബ്രിഡ്ജിൽ നിന്നും താഴേക്ക് ഇറങ്ങി വന്ന ചെറുപ്പക്കാരനായ ഒരു ലെഫ്റ്റെനന്റ് ജർമ്മൻ ഭാഷയിൽ അയാളോട് ചോദിച്ചു. "ഗ്വിഡോ, നിങ്ങളല്ലേ ഇത്...?"
"അതെ ബ്രൂണോ, ഇത് ഞാൻ തന്നെയാണ്..." ജർമ്മൻ ഭാഷയിൽത്തന്നെ ഓർസിനി പ്രതിവചിച്ചു.
"ഫ്രോലീൻ, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ... വരൂ, നിങ്ങളെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടു പോകാം..." ആ നാവികൻ പറഞ്ഞു.
"ബ്രൂണോ, ഇത് മിസ് ആൻ മാരി ലത്വാ... ഇവർക്ക് ജർമ്മൻ ഭാഷ അറിയില്ല..." ഓർസിനി ഫ്രഞ്ച് ഭാഷയിൽ അയാളോട് പറഞ്ഞു.
ലെഫ്റ്റെനന്റ് ബ്രൂണോ പുഞ്ചിരിച്ചു കൊണ്ട് സാറയെ എഴുന്നേൽക്കാൻ സഹായിച്ചു. "വരൂ, താഴെ ക്യാബിനിലേക്ക് പോകാം..."
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...