ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ലാ മോയ് പോയിന്റിന് സമീപത്തെ മലഞ്ചെരുവിൽ ഫീൽഡ് എഞ്ചിനീയർമാർ വലിച്ചു കെട്ടിയ വടത്തിൽ പിടിച്ച് താഴെ നിന്നും കോർപ്പറൽ മുകളിലേക്ക് കയറി. റോഡിൽ എത്തിയതും തന്റെ സേഫ്റ്റി ഹുക്ക് അഴിച്ചു മാറ്റി അയാൾ എല്ലാവരെയും ഒന്ന് നോക്കി. ആ ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന സെർജന്റ് അയാൾക്ക് ഒരു സിഗരറ്റ് നൽകി. “അത്ര നല്ല വാർത്തയല്ല എന്ന് തോന്നുന്നു…?”
“തീർച്ചയായും അല്ല… ഡ്രൈവറുടെ മൃതശരീരം ഏതാണ്ട് പൂർണ്ണമായും പൊള്ളലേറ്റ അവസ്ഥയിലാണെന്ന് പറയാം...”
“എന്തെങ്കിലും പേപ്പറുകൾ ലഭിച്ചുവോ…?”
“അയാളുടെ വസ്ത്രത്തോടൊപ്പം എല്ലാം കത്തിനശിച്ചിരിക്കുന്നു… ഒരു റെനോ കാറാണ്… നമ്പർ കിട്ടിയിട്ടുണ്ട്…”
അയാൾ പറഞ്ഞ നമ്പർ സെർജന്റ് എഴുതിയെടുത്തു. “ഇനിയുള്ള കാര്യം പോലീസുകാർ നോക്കിക്കോളും…” അദ്ദേഹം തന്റെ സംഘാംഗങ്ങൾക്ക് നേരെ തിരിഞ്ഞു. “ഓൾറൈറ്റ്… തിരികെ നമ്മുടെ ഡ്യൂട്ടി പോയിന്റിലേക്ക്…”
***
ജെഴ്സിയുടെ കിഴക്കൻ തീരത്ത് ഗോറിയിലുള്ള മോണ്ട് ഓർഗ്വിൽ ഒരു പക്ഷേ യൂറോപ്പിലെ തന്നെ ഏറ്റവും ഗംഭീരമായ ഒരു കൊട്ടാരമായിരിക്കും. കോസ്റ്റൽ ആർട്ടിലറി ബാറ്ററിയുടെ ഒരു സൈനികത്താവളമാക്കി മാറ്റിയിരിക്കുകയാണ് ജർമ്മൻകാർ ഇപ്പോൾ അതിനെ. വാസ്തവത്തിൽ രണ്ട് റെജിമെന്റൽ ഹെഡ്ക്വാർട്ടേഴ്സ് ആണ് ഇപ്പോൾ ആ കൊട്ടാരത്തിനുള്ളിൽ പ്രവർത്തിക്കുന്നത്. ഹെയ്നി ബാം, റോമലിന്റെ സ്വതസിദ്ധമായ ഊർജ്ജസ്വലതയോടെ ആ രണ്ട് താവളങ്ങളും സന്ദർശിച്ചു. കൊട്ടാരത്തിന്റെ ഏറ്റവും ഉയർന്ന ഇടത്ത് സൈന്യം ഒരു നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നു. ബാം അവിടെ നിന്നുകൊണ്ട് ഫീൽഡ് ബൈനോക്കുലേഴ്സിലൂടെ കടലിനപ്പുറമുള്ള ഫ്രഞ്ച് തീരത്തേക്ക് നോക്കി. വളരെ വ്യക്തമായി കാണാനാവുന്നുണ്ട്. മറ്റുള്ളവരിൽ നിന്നും അല്പം അകലെയായി നിന്നിരുന്ന അയാളുടെ അരികിലേക്ക് ഹോഫർ നടന്നെത്തി.
“എല്ലാം ഓകെയല്ലേ…?” ബൈനോക്കുലേഴ്സിൽ നിന്നും കണ്ണ് മാറ്റാതെ ബാം ചോദിച്ചു.
“ഫോഗെൽ നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു…” പതിഞ്ഞ സ്വരത്തിൽ ഹോഫർ പറഞ്ഞു.
“അയാൾക്ക് എന്നോട് സംസാരിക്കണമെന്നുള്ളതു പോലെ… എന്നാൽ പിന്നെ ആയിക്കോട്ടെയെന്ന് ഞാനും കരുതി…” ബാം പറഞ്ഞു. “അയാളെ സന്തോഷിപ്പിച്ച് നിർത്താനാണ് ഞാൻ ശ്രമിക്കുന്നത്, മേജർ… അയാളെ മാത്രമല്ല, ഹിംലറുമായി ബന്ധപ്പെട്ട എല്ലാവരെയും… അതല്ലേ താങ്കൾക്ക് വേണ്ടത്, മേജർ…?”
“തീർച്ചയായും…” ഹോഫർ പറഞ്ഞു. “ഞാൻ പറഞ്ഞത് തെറ്റിദ്ധരിക്കണ്ട… നിങ്ങൾ നന്നായിത്തന്നെ അഭിനയിക്കുന്നുണ്ട്… എങ്കിലും ശ്രദ്ധയുണ്ടാവണമെന്ന് പറഞ്ഞതാണ്…”
അവരുടെ അരികിലെത്തിയ നെക്കറിന് നേർക്ക് ബാം തിരിഞ്ഞു. “മനോഹരമായ ഇടം… ഇനി എനിക്ക് കാണേണ്ടത് നാട്ടിൻപുറമാണ്… അവിടെയുള്ള ഏതെങ്കിലും ഒരു സൈനികത്താവളം…”
“തീർച്ചയായും, ഹെർ ഫീൽഡ് മാർഷൽ…”
“അതിന് ശേഷം ഉച്ചഭക്ഷണം…”
“അതിനുള്ള ഏർപ്പാടാക്കിയിട്ടുണ്ട്… ബാറ്റ്ൽ ഹെഡ്ക്വാർട്ടേഴ്സിലെ മെസ്സിലാണ് താങ്കൾക്കുള്ള ഭക്ഷണം…”
“അത് വേണ്ട, നെക്കർ… എന്തെങ്കിലും ഒരു വ്യത്യസ്തത ആയിക്കോട്ടെ… ഈ ദ്വീപിലെ ജനജീവിതത്തിന്റെ മറുപുറം കൂടി കാണണമന്നുണ്ടെനിക്ക്… ഫോഗെൽ പറയുകയായിരുന്നു അയാൾ തങ്ങുന്നത് ഡു വിലാ പ്ലേസ് എന്നൊരു കോട്ടേജിലാണെന്ന്… നിങ്ങൾക്കറിയാമോ ആ സ്ഥലം…?”
“അറിയാം, ഹെർ ഫീൽഡ് മാർഷൽ… അതിന്റെ ഉടമ മിസ്സിസ് ഹെലൻ ഡു വിലായുടെ ഭർത്താവ് ബ്രിട്ടീഷ് ആർമിയിലെ ഒരു ഓഫീസറാണ്… എടുത്തു പറയത്തക്ക ഒരു വനിതയാണ്…”
“ഫോഗെലിന്റെ അഭിപ്രായത്തിൽ മനോഹരമായ ഒരു കോട്ടേജാണത്… ഉച്ചഭക്ഷണം അവിടെ ആയാലോ എന്നൊരു ചിന്ത… മിസ്സിസ് ഡു വിലായ്ക്ക് വിരോധമൊന്നും ഉണ്ടാവില്ലെന്നാണ് ഞാൻ കരുതുന്നത്… പ്രത്യേകിച്ചും ഭക്ഷണവും വൈനും നിങ്ങൾ സപ്ലൈ ചെയ്യുമെങ്കിൽ…” മേഘങ്ങളേതുമില്ലാത്ത തെളിഞ്ഞ നീലാകാശത്തിലേക്ക് അദ്ദേഹം നോക്കി. “പിക്നിക്കിന് പറ്റിയ ദിനം…”
“താങ്കളുടെ ആഗ്രഹം പോലെ, ഹെർ ഫീൽഡ് മാർഷൽ… ഇപ്പോൾത്തന്നെ പോയി എല്ലാം ഏർപ്പാടാക്കാം ഞാൻ …”
പത്തു മിനിറ്റിന് ശേഷം, ഓഫീസർമാരുടെ ആ സംഘം പ്രധാന കവാടം കടന്ന് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നയിടത്ത് എത്തിയപ്പോഴാണ് മോട്ടോർസൈക്കിളിൽ ഒരു മിലിട്ടറി പോലീസുകാരൻ അവിടെയെത്തിയത്. മുള്ളറുടെ സിട്രോൺ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്നിരുന്ന ഏണസ്റ്റ് ഗ്രൈസറുടെ അരികിലേക്കാണ് അയാൾ നേരെ ചെന്നത്. അയാൾ നൽകിയ സന്ദേശം വായിച്ചു നോക്കിയ ഗ്രൈസർ പെട്ടെന്ന് ചാടിയിറങ്ങി ഓഫീസർമാരുമായി സംസാരിച്ചുകൊണ്ടിരുന്ന മുള്ളറുടെ അരികിലേക്ക് തിടുക്കത്തിൽ നടന്നു. സമീപത്തുണ്ടായിരുന്ന മാർട്ടിനോയ്ക്ക് അവർ തമ്മിലുള്ള സംസാരം മുഴുവനും കേൾക്കാൻ സാധിച്ചു.
“ബ്ലഡി ഫൂൾ…” തന്റെ കൈയ്യിലെ പേപ്പർ ചുരുട്ടിക്കൂട്ടിക്കൊണ്ട് മുള്ളർ മന്ത്രിച്ചു. “ശരി, നമുക്ക് അങ്ങോട്ട് പെട്ടെന്ന് തന്നെ ചെല്ലണം…”
നെക്കറുടെ അരികിൽ ചെന്ന് അദ്ദേഹത്തെ കാര്യങ്ങൾ ഗ്രഹിപ്പിച്ച ശേഷം മുള്ളർ കാറിനുള്ളിൽ കയറി. ആ വാഹനം ചീറിപ്പാഞ്ഞു പോയതും മാർട്ടിനോ നെക്കറുടെ അടുത്തേക്ക് ചെന്നു. “മുള്ളറിന് എന്തോ പ്രശ്നമുള്ളത് പോലെ…?”
“യെസ്…” നെക്കർ പറഞ്ഞു. “അയാളുടെ സംഘത്തിലെ ഒരാൾ ഒരു കാർ ആക്സിഡന്റിൽ മരണമടഞ്ഞുവത്രെ…”
“കഷ്ടമായിപ്പോയല്ലോ…” അയാൾക്ക് ഒരു സിഗരറ്റ് നൽകിയിട്ട് മാർട്ടിനോ തുടർന്നു. “ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയായി കൈകാര്യം ചെയ്തതിന് എന്റെ അഭിനന്ദനങ്ങൾ സ്വീകരിച്ചാലും…”
“ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തിരിക്കും… റോമലിന്റെ സന്ദർശനം എന്ന് പറയുന്നത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒന്നല്ലല്ലോ…”
“മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ന് രാത്രി ആ സ്റ്റോർക്ക് വിമാനം ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞതിന് ശേഷം മാത്രമേ നിങ്ങൾക്ക് ആശ്വാസത്തിന്റെ നെടുവീർപ്പിടാൻ സാധിക്കൂ എന്ന്… ആട്ടെ, എപ്പോഴാണ് അദ്ദേഹം പുറപ്പെടുന്നത്…? ആ മെയിൽ വിമാനത്തിന് മുമ്പോ അതോ ശേഷമോ…?”
“എനിക്ക് തോന്നുന്നത്, അദ്ദേഹത്തിന്റെ യാത്ര ഇരുട്ടിന്റെ മറവിലായിരിക്കുമെന്നാണ്… മെയിൽ വിമാനം സാധാരണ പുറപ്പെടാറുള്ളത് എട്ടു മണിക്കാണ്… ഇരുൾ പരന്നതിന് ശേഷം…”
“അതോർത്ത് വിഷമിക്കണ്ട മേജർ…” മാർട്ടിനോ പുഞ്ചിരിച്ചു. “അക്കാര്യം അദ്ദേഹം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുമെന്നെനിക്കുറപ്പുണ്ട്… നേരിൽ കാണുമ്പോൾ ഞാനും സംസാരിക്കാം അദ്ദേഹത്തോട് ഇതേക്കുറിച്ച്…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...