Wednesday, October 5, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 83

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


സെയ്‌ന്റ് പീറ്റർ പാരീഷിന് സമീപം മരങ്ങൾ നിറഞ്ഞ കുന്നിൻ ചെരുവിൽ നിന്നാൽ താഴെ സെയ്‌ന്റ് ഔൺ ഉൾക്കടൽ കാണാമായിരുന്നു. അവിടെയുള്ള മെഷീൻ ഗൺ പോസ്റ്റുകൾ സന്ദർശിച്ച ഫീൽഡ് മാർഷൽ ഓടിനടന്ന് ഗൺ ക്രൂവിലുള്ളവരോട് സുഖവിവരങ്ങൾ ആരായുകയും അവരിൽ ചിലർ നൽകിയ സിഗരറ്റുകൾ സ്വീകരിക്കുകയും ചെയ്തു. അവർക്കിടയിൽ അദ്ദേഹത്തിനുള്ള ജനസമ്മതി നെക്കറിനെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ഇത്രയും ഊർജ്ജസ്വലത അദ്ദേഹത്തിന് എവിടെ നിന്ന് ലഭിച്ചു എന്നത് ദൈവത്തിന് മാത്രമറിയാം.


ഡിഫൻസ് കോംപ്ലക്സിന്റെ എല്ലാ ഭാഗങ്ങളും സന്ദർശിച്ചതിന് ശേഷം മരക്കൂട്ടങ്ങൾക്കിടയിലൂടെ തിരികെ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായ ആ സംഭവമുണ്ടായത്. മരങ്ങൾക്കിടയിൽ നിന്നും പുറത്തു വന്ന ഹെയ്നി ബാം കണ്ടത് അല്പം താഴെയായി റോഡിൽ പണിയെടുക്കുന്ന ഒരു കൂട്ടം അടിമത്തൊഴിലാളികളെയാണ്. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ദൈന്യതയുടെ പ്രതിരൂപങ്ങളായിരുന്നു അവർ. തന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയനീയ ദൃശ്യം.


“ആരാണിവർ…?” അദ്ദേഹം ആരാഞ്ഞു.


“റഷ്യക്കാരാണ്, ഹെർ ഫീൽഡ് മാർഷൽ… കൂട്ടത്തിൽ ഏതാനും പോളണ്ടുകാരും സ്പെയിൻകാരുമുണ്ട്…”


ആ തൊഴിലാളികളിൽ ആരും തന്നെ അവരുടെ സാന്നിദ്ധ്യം അറിഞ്ഞിരുന്നില്ല. പ്രത്യേകിച്ചും ഒരു മരത്തടിയിൽ ഇരുന്ന് തന്റെ റൈഫിൾ മടിയിൽ വച്ച് സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്ന സെക്യൂരിറ്റി ഗാർഡ്. സമീപത്തു നിന്നും ഒരു കുതിരവണ്ടി അങ്ങോട്ടെത്തിയത് അപ്പോഴാണ്. സ്കാർഫും ഓവറോളും ധരിച്ച ഒരു യുവതിയായിരുന്നു കുതിരയെ നിയന്ത്രിച്ചിരുന്നത്. വണ്ടിയുടെ പിൻഭാഗത്ത് അഞ്ചോ ആറോ വയസ്സു പ്രായം തോന്നുന്ന ഒരു പെൺകുട്ടിയും ഇരിക്കുന്നുണ്ട്. ആ തൊഴിലാളികളുടെ അരികിലൂടെ കടന്നു പോകവെ ആ കൊച്ചു പെൺകുട്ടി വണ്ടിയിലെ ചാക്കിൽ നിന്നും കുറേ മുള്ളങ്കികൾ അവർക്ക് എറിഞ്ഞു കൊടുത്തു.


അതു കണ്ട് രോഷാകുലനായ ജർമ്മൻ സെക്യൂരിറ്റി ഗാർഡ് ഒച്ചവച്ചു കൊണ്ട് ആ വണ്ടിയുടെ പിന്നാലെ പാഞ്ഞെത്തി കുതിരയുടെ കടിഞ്ഞാണിൽ പിടിച്ച് നിർത്തി. ആ യുവതിയോട് എന്തൊക്കെയോ പറഞ്ഞിട്ട് പിന്നിലെത്തിയ അയാൾ കൊച്ചു പെൺകുട്ടിയെ വണ്ടിയിൽ നിന്നും വലിച്ച് താഴെയിട്ട് മുഖത്ത് അടിച്ചു. അതു കണ്ട് ഓടിയെത്തിയ ആ യുവതിയെയും അയാൾ തള്ളി താഴെയിട്ടു.


മുകളിൽ ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ഹെയ്നി ബാം ഒന്നും മിണ്ടാൻ പോയില്ല. പകരം ഒരു കൊടുങ്കാറ്റ് പോലെ ആ കുന്നിൻ ചെരിവിലൂടെ അയാൾ താഴോട്ട് കുതിച്ചു. താഴെ റോഡിൽ എത്തുമ്പോൾ ആ കൊച്ചു കുഞ്ഞിനെ അടിക്കാനായി വീണ്ടും കൈ ഉയർത്തുകയായിരുന്നു ആ സെക്യൂരിറ്റി ഗാർഡ്. ബാം അയാളുടെ കൈയിൽ കടന്നു പിടിച്ച് മുകളിലേക്കുയർത്തി വട്ടത്തിൽ ഒന്ന് തിരിച്ചു. വേദന കൊണ്ട് തിരിഞ്ഞ അയാളുടെ മുഖത്തെ ദ്വേഷ്യം ആശ്ചര്യത്തിന് വഴി മാറിയത് നിമിഷനേരം കൊണ്ടായിരുന്നു. എന്നാൽ അതിനോടകം ബാമിന്റെ മുഷ്ടി അയാളുടെ വായിൽ പതിച്ചു കഴിഞ്ഞിരുന്നു. കുതിരവണ്ടിയുടെ അരികിൽ നിന്നും തെറിച്ച് അയാൾ മുട്ടുകുത്തി നിലത്തു വീണു.


“മേജർ നെക്കർ…” ഫീൽഡ് മാർഷൽ വിളിച്ചു. “ഈ മൃഗത്തെ ഉടൻ അറസ്റ്റ് ചെയ്യുക…” പിന്നെ അവരെ അവഗണിച്ച് അദ്ദേഹം ആ യുവതിയുടെയും അവരെ അള്ളിപ്പിടിച്ച് നിൽക്കുന്ന ആ കൊച്ചു പെൺകുട്ടിയുടെയും നേർക്ക് തിരിഞ്ഞു. “യുവർ നെയിം, ഫ്രോലീൻ…?” അദ്ദേഹം ഇംഗ്ലിഷിൽ ചോദിച്ചു.


“ഴോങ്ങ് ലെ കുട്ടെർ…”


“ആൻഡ് ദിസ് ഈസ്…?” ബാം നിലത്തു നിന്നും ആ പെൺകുഞ്ഞിനെ എടുത്തുയർത്തി.


“മൈ സിസ്റ്റർ ആഗ്‌നസ്…”


“സോ…” അദ്ദേഹം തലകുലുക്കി. “യൂ ആർ എ വെരി ബ്രേവ് ഗേൾ, ആഗ്‌നസ് ലെ കുട്ടെർ…” അദ്ദേഹം അവളെ ആ വണ്ടിയ്ക്കുള്ളിലേക്ക് ഇരുത്തിയിട്ട് തിരിഞ്ഞ് ആ യുവതിയെ നോക്കി ആചാരമര്യാദയോടെ സല്യൂട്ട് ചെയ്തു. “മൈ ഡീപ്പെസ്റ്റ് റിഗ്രെറ്റ്സ്…”


അത്ഭുതത്തോടെ അദ്ദേഹത്തെ മിഴിച്ചു നോക്കിയിട്ട് ആ യുവതി കുതിരയുടെ കടിഞ്ഞാണിൽ പിടിച്ച് വണ്ടി മുന്നോട്ടെടുത്തു. മരക്കൂട്ടങ്ങൾക്കപ്പുറം അവർ മറയവെ ആ കൊച്ചു പെൺകുട്ടി അദ്ദേഹത്തന് നേരെ കൈ ഉയർത്തി വീശി.


അവിടെ കൂടിയിരുന്ന ഓഫീസർമാർക്കിടയിൽ നിന്നും കൂട്ടച്ചിരി ഉയർന്നു. നെക്കറിന് നേർക്ക് തിരിഞ്ഞ് ബാം പറഞ്ഞു. “ഇതുവരെ കണ്ടിടത്തോളം എല്ലാം തൃപ്തികരം… ഇനി ലഞ്ചിനായി ഡു വിലാ പ്ലേസിലേക്ക്…”    


                                                       ***


റോഡരികിലെ മുനമ്പിൻ നിന്നുകൊണ്ട് മുള്ളറും ഗ്രൈസറും താഴെ തകർന്നു കിടക്കുന്ന റെനോ കാറിന്റെ അവശിഷ്ടങ്ങളിലേക്ക് നോക്കി. “കാറിന് തീ പിടിച്ചിരുന്നു…” ഗ്രൈസർ പറഞ്ഞു. “താഴെ ഇറങ്ങി നോക്കിയ ആ എഞ്ചിനീയർ സെർജന്റിനോട് ഞാൻ സംസാരിച്ചിരുന്നു… ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതശരീരം വികൃതമായിരിക്കുന്നുവെന്നാണ് അയാൾ പറഞ്ഞത്…”


“എനിക്ക് ഊഹിക്കാനാവും…” മുള്ളർ തല കുലുക്കി. “ഓൾറൈറ്റ്, ഉച്ച കഴിയുമ്പോഴേക്കും മൃതശരീരം മുകളിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യൂ… പോസ്റ്റ്മോർട്ടം ചെയ്യണം… പക്ഷേ, ഒരു കാര്യം ശ്രദ്ധിക്കണം… അയാൾ മദ്യപിച്ചിരുന്ന കാര്യം റിപ്പോർട്ടിലുണ്ടാവരുത്…”


മുള്ളർ തിരിച്ചുപോകാനൊരുങ്ങവെ ഗ്രൈസർ പറഞ്ഞു. “എങ്കിലും, എന്തു ചെയ്യുകയായിരുന്നു അയാളിവിടെ…? അതാണെനിക്ക് മനസ്സിലാവാത്തത്…”


“കഴിഞ്ഞ രാത്രി മുഴുവനും അയാൾ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന കാര്യം മാത്രമാണ് നമുക്കിതുവരെ ലഭിച്ചിട്ടുള്ളത്… ഇന്നലെ രാത്രി അയാളുടെ കാർ ആരെങ്കിലും കണ്ടിരുന്നുവോ എന്ന് ഈ പ്രദേശത്തുള്ള മിലിട്ടറി പോലീസുകാരോട് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും…” മുള്ളർ പറഞ്ഞു. “എനിക്ക് തിരികെ ഒഫീഷ്യൽ പാർട്ടിയിൽ എത്തേണ്ടതുണ്ട്… അതുകൊണ്ട് സിട്രോൺ ഞാനെടുക്കുന്നു… നിങ്ങളുടെ ആവശ്യത്തിന് മിലിട്ടറി പോലീസിന്റെ ഏതെങ്കിലും വാഹനം തരപ്പെടുത്തിക്കോളൂ… എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ എന്നെ അറിയിക്കാൻ മറക്കരുത്…”


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

9 comments:

  1. ഇന്നലെ രാത്രി അയാളുടെ കാർ ആരെങ്കിലും കണ്ടിരുന്നുവോ??

    ReplyDelete
    Replies
    1. ഏതേലും അലവലാതികൾ കണ്ടു കാണണം... മിനക്കെടുത്താൻ 😁

      Delete
    2. @ജിമ്മൻ : ആവശ്യമില്ലാത്ത ചോദ്യങ്ങളും കൊണ്ട് വരുന്നോ...?

      @ശ്രീ : അതേന്ന്...

      Delete
  2. ഫോഗേലിൻ്റെ കാർ കണ്ടവരുണ്ട്

    ReplyDelete
  3. ആരെങ്കിലും കണ്ടോന്ന ചോദ്യം എത്തുന്നത് ആ പോലീസുകാരിൽ ആയിരിക്കും.

    ReplyDelete
    Replies
    1. അതെ... ഒരു സംശയവും വേണ്ട അക്കാര്യത്തിൽ...

      Delete
  4. കണ്ടവരുണ്ട്..അവർ എന്ത് പറയും? ഒരു ആകാംക്ഷ

    ReplyDelete
    Replies
    1. അവർ കണ്ട കാര്യം അതുപോലെ പറയും...

      Delete