Saturday, December 25, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 50

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ആദ്യത്തെ സ്ഫോടനം നടന്നതും ആ E-ബോട്ട്  ഫുൾ സ്പീഡിൽ മുന്നോട്ട് കുതിച്ചു. ഡൈട്രിച്ച് തിടുക്കത്തിൽ തന്റെ നൈറ്റ് ഗ്ലാസിലൂടെ നാലു പാടും‌ നിരീക്ഷിച്ചു. കപ്പൽ അപ്രതീക്ഷിതമായി മുന്നോട്ട് കുതിച്ചതിന്റെ ആഘാതത്തിൽ നില തെറ്റിയ മാർട്ടിനോ കൈവരിയിൽ മുറുകെ പിടിച്ച് നിന്നു.


"എന്താണ് സംഭവം...?" മാർട്ടിനോ ചോദിച്ചു.


"ഉറപ്പ് പറയാറായിട്ടില്ല..." ഡൈട്രിച്ച് പറഞ്ഞു. അപ്പോഴാണ് ഏതാണ്ട് അഞ്ഞൂറ് വാര അകലെയായി ഒരു അഗ്നിഗോളം ഉയർന്നത്. അയാൾ വിക്ടർ യൂഗോയുടെ നേർക്ക് ഫോക്കസ് ചെയ്തു. നിഴൽ പോലെ ഇരുണ്ട എ‌ന്തോ ഒന്ന് നൈറ്റ് ഗ്ലാസിലെ പാച്ചിലൂടെ കടന്നു പോയി. തൊട്ടു പിറകെ മറ്റൊന്നു കൂടി. "ബ്രിട്ടീഷ് MTBകളാണ്... (മോട്ടോർ ടോർപിഡോ ബോട്ട്) അവർ വിക്ടർ യൂഗോയെ ഹിറ്റ് ചെയ്തിരിക്കുന്നു..."


അയാൾ ബാറ്റ്‌ൽ സ്റ്റേഷൻ അലാറത്തിന്റെ ബട്ടൺ അമർത്തി. പൂർണ്ണ വേഗതയെടുക്കുവാനുള്ള ശ്രമത്തിൽ മുരളുന്ന മെഴ്സിഡിസ് ബെൻസ് എഞ്ചിനുകളുടെ ഗർജ്ജനത്തിനും മുകളിൽ അലാറത്തിന്റെ സ്വരം മുഴങ്ങി. ഡെക്കിലെ പീരങ്കിയും ബോഫോഴ്സ് ഗണ്ണുകളും ഇരുട്ടിലേക്ക് തീ തുപ്പുവാൻ തുടങ്ങി. 


പൊടുന്നനെ സാറയെക്കുറിച്ച് ഓർമ്മ വന്ന മാർട്ടിനോ ഡൈട്രിച്ചിന്റെ കൈയ്യിൽ കയറിപ്പിടിച്ചു. "ആ കപ്പലിൽ ഉള്ളവർ... അവരെ രക്ഷിക്കണം നമുക്ക്..."


"അതൊക്കെ പിന്നീട്..." അയാൾ മാർട്ടിനോയുടെ കൈ തട്ടിക്കളഞ്ഞു. "ഇവിടെ ഞാനാണ് ക്യാപ്റ്റൻ... തടസ്സമുണ്ടാക്കാതെ അങ്ങോട്ട് മാറി നിൽക്കൂ..."



                                     ***


ക്രമേണ ചരിഞ്ഞു കൊണ്ടിരിക്കുന്ന വിക്ടർ യൂഗോയുടെ സമീപത്തു നിന്നും ആവുന്നത്ര ദൂരേയ്ക്ക് നീന്തുവാൻ സാറ കിണഞ്ഞു പരിശ്രമിച്ചു. കപ്പലിന്റെ പിൻഭാഗത്തായി കടലിൽ പരന്നൊഴുകി തീ പിടിച്ച എണ്ണയിൽ നിന്നും നീന്തി രക്ഷപെടാൻ ശ്രമിക്കുന്ന നാവികർ. അതിലൊരാളെ അപ്പോഴേക്കും തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. അയാളുടെ നിലവിളി അവൾ വ്യക്തമായി കേട്ടു. പിന്നെ ആ രൂപം അപ്രത്യക്ഷമായി.


നനഞ്ഞു കുതിർന്ന റീഫർകോട്ടും ലൈഫ് ജാക്കറ്റും കാരണം നീന്തുവാൻ ശരിക്കും ബുദ്ധിമുട്ടുകയായിരുന്നു സാറ. അസ്ഥികൾ മരവിക്കുന്ന തണുപ്പ് കാലിലൂടെ അരിച്ചു കയറുന്നു. ഓർസിനി അവളെ റീഫർകോട്ട് ധരിപ്പിച്ചതിന്റെ ആവശ്യകത അപ്പോഴാണ് അവൾക്ക് മനസ്സിലായത്. അയാൾ എവിടെ...? അവൾ തിരിഞ്ഞ് എണ്ണ പുരണ്ട മുഖങ്ങളെ തിരിച്ചറിയാൻ ഒരു ശ്രമം നടത്തി. വിക്ടർ യൂഗോയുടെ അടുത്തേക്ക് പാഞ്ഞെത്തിയ ഒരു MTB വെള്ളത്തിൽ വീണു കിടക്കുന്ന നാവികരുടെ ഇടയിലൂടെ ഒരു റൗണ്ടെടുത്ത് അവർക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർത്തു. 


പിന്നിൽ നിന്നും ആരോ തന്റെ ലൈഫ് ജാക്കറ്റിൽ പിടിച്ചു വലിച്ചത് അറിഞ്ഞ സാറ തിരിഞ്ഞു നോക്കി. ഓർസിനി ആയിരുന്നുവത്. "ഇങ്ങോട്ട് ഡിയർ... ഞാൻ പറയുന്നത് പോലെ ചെയ്യുക..." അയാൾ പറഞ്ഞു.


കപ്പലിൽ നിന്നും ചിതറി വീണ വസ്തുക്കൾ എമ്പാടും ഒഴുകി നടക്കുന്നുണ്ടായിരുന്നു. പൊന്തിക്കിടക്കുന്ന വൈക്കോൽക്കെട്ടുകളിൽ ഒന്നിനരികിലേക്ക് അവളെയും കൂട്ടി നീന്തി ചെന്ന് അത് കെട്ടിയിരിക്കുന്ന കയറിൽ പിടിച്ച് അവർ കിടന്നു.


"ആരായിരുന്നു അവർ...?" ശ്വാസമെടുത്തിട്ട് അവൾ ചോദിച്ചു.


"MTBകൾ..."


"ബ്രിട്ടീഷ്...?"


"ആയിരിക്കും... അല്ലെങ്കിൽ ഫ്രഞ്ച്, അതുമല്ലെങ്കിൽ ഡച്ച്... ഫാൾമൗത്ത് ഹാർബറിൽ നിന്നാണ്‌ അവരെല്ലാം ഓപ്പറേറ്റ് ചെയ്യുന്നത്..."


വീണ്ടും ഒരു MTB ആ അവശിഷ്ടങ്ങൾക്കും നാവികർക്കും ഇടയിലൂടെ പാഞ്ഞു പോയി. അതിൽ നിന്നും ഉതിർന്ന മെഷീൻ ഗൺ ബുള്ളറ്റുകൾ വെള്ളത്തിൽ തുരുതുരാ പതിച്ചു. അധികം അകലെയല്ലാതെ ഇരുട്ടിലേക്ക് ഉയർന്നു പൊങ്ങിയ ട്രെയ്സറിന്റെ സ്റ്റാർ ഷെൽ  പൊട്ടിത്തെറിച്ചു. അടുത്ത നിമിഷം അതിൽ നിന്നും പുറപ്പെട്ട പാരച്യൂട്ട് ഫ്ലെയറിന്റെ പ്രകാശത്തിൽ ആ പ്രദേശത്തിന്റെ വ്യക്തമായ ചിത്രം കാണാറായി.


അല്പം ദൂരെയായി ഓടിയൊളിക്കാൻ ശ്രമിക്കുന്ന രണ്ട്  MTBകൾ... അവയ്ക്ക് പിന്നാലെ കുതിക്കുന്ന E-ബോട്ട്...‌ "എറിക്ക്, വിടരുത് ആ തെമ്മാടികളെ...!" ഓർസിനി അലറി വിളിച്ചു.


അവളും അയാളുടെ ആവേശത്തിനൊപ്പമായിരുന്നു എന്ന് പറയാം. മൈ ഗോഡ്... അവൾ ഓർത്തു. ഇങ്ങനെയാണോ എന്റെ അവസാനം... എന്റെ സ്വന്തം നാട്ടുകാരുടെ കൈ കൊണ്ട്...! വൈക്കോൽക്കെട്ടിന്റെ കയറിൽ പിടിച്ചു കിടന്ന് കിതച്ചു കൊണ്ട് അവൾ ചോദിച്ചു. "ഇത്രയും ക്രൂരതയുടെ ആവശ്യമെന്താണവർക്ക്...? കടലിൽ വീണു കിടക്കുന്നവർക്ക് നേരെ മെഷീൻ ഗൺ കൊണ്ട്  നിറയൊഴിക്കുക...!"


"യുദ്ധം എന്ന് പറയുന്നത് അങ്ങനെയാണ് ഡിയർ... സകലരെയും ഭ്രാന്തരാക്കുന്നു... ആട്ടെ, പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടോ നിങ്ങൾക്ക്...?"


"എന്റെ കൈകൾ കുഴയുന്നു..."


അത്ര അകലെയല്ലാതെ ഒഴുകി നടക്കുന്ന ഒരു പലക ശ്രദ്ധയിൽപ്പെട്ട അയാൾ നീന്തിച്ചെന്ന് അതുമായി തിരികെയെത്തി. "നിങ്ങൾ ഇതിന്മേൽ കയറിക്കോളൂ..."


അല്പം ബുദ്ധിമുട്ടിയാണെങ്കിലും അതിന് മുകളിൽ കയറിക്കിടക്കുന്നതിൽ അവൾ വിജയിച്ചു. "നിങ്ങളുടെ കാര്യമോ...?"


"ഞാൻ ഇതിൽ പിടിച്ച് തുഴഞ്ഞു നിന്നോളാം..." അയാൾ പുഞ്ചിരിച്ചു. "വിഷമിക്കാതിരിക്കൂ, ഇതിനു മുമ്പും ഞാൻ കടലിൽ വീണിട്ടുള്ളതാണ്... ഭാഗ്യം എന്നും എന്നോടൊപ്പമാണ്... അതുകൊണ്ട് എന്നോടൊപ്പം കൂടിക്കോളൂ..."


അപ്പോഴാണ്‌ ലുൽവർത്ത്‌കോവിലെ ആ സായാഹ്നം അവൾക്ക് ഓർമ്മ വന്നത്. മാർട്ടിനോയോടൊപ്പം നടക്കാനിറങ്ങിയതും ആ ജിപ്സി വനിതയുടെ ടററ്റ് കാർഡ് പ്രവചനത്തിലെ അഗ്നിയും വെള്ളവും എല്ലാം ഓർത്ത് അവൾ കുലുങ്ങി ചിരിക്കുവാൻ തുടങ്ങി. 


"എന്തുപറ്റി...?" ഓർസിനി അമ്പരന്നു.


"ലവ്‌ലി... നത്തിങ്ങ് ലൈക്ക് ദ് ചാനൽ ഐലന്റ്സ് ഫോർ എ ഹോളിഡേ അറ്റ് ദിസ് ടൈം ഓഫ് ദ് ഇയർ... കടലിൽ കുളിക്കാൻ പറ്റിയ സമയം..." പെട്ടെന്നാണ് തനിക്ക് പറ്റിയ അമളി ഭീതിയോടെ അവൾ മനസ്സിലാക്കിയത്. അവൾ സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു...!


വെള്ളത്തിൽ തുഴഞ്ഞു കിടന്ന് അവളെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ഓർസിനി മികച്ച ഇംഗ്ലീഷിൽ പറഞ്ഞു. "ഡിഡ് ഐ റ്റെൽ യൂ ഐ വെന്റ് റ്റു വിഞ്ചെസ്റ്റർ...? ഒരു ഇംഗ്ലീഷ് പബ്ലിക്ക് സ്കൂളിൽ പഠിച്ചാൽ മാത്രമേ എനിക്ക് ജീവിക്കാൻ വേണ്ട കഴിവുകൾ ലഭിക്കുകയുള്ളൂ എന്നായിരുന്നു എന്റെ പിതാവിന്റെ തീരുമാനം..." അയാൾ പൊട്ടിച്ചിരിച്ചു. "അത് ശരിയായിരുന്നുവെന്ന് എനിക്കിപ്പോൾ ബോദ്ധ്യമായി... ആദ്യമായി കണ്ട നിമിഷം തന്നെ എനിക്ക് തോന്നിയിരുന്നു ഡിയർ, എന്തൊക്കെയോ പ്രത്യേകതകൾ നിങ്ങളിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന്..." ആവേശത്തോടെ വീണ്ടും അയാൾ ചിരിച്ചു. "എന്ന് വച്ചാൽ നമ്മുടെ ആ സ്റ്റാൻഡർടൻഫ്യൂറർ ഫോഗെലിന്റെ കാര്യത്തിലും എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന്..."


"പ്ലീസ്..." ദൈന്യതയോടെ അവൾ പറഞ്ഞു.


"ഡോണ്ട് വറി, ഡിയർ... ഹാർബറിലെ ആ കൂടാരത്തിന്റെ കവാടത്തിലൂടെ ഉള്ളിലേക്ക് കടന്നു വന്ന നിങ്ങളെ കണ്ട മാത്രയിൽത്തന്നെ ഞാൻ അനുരക്തനായിക്കഴിഞ്ഞിരുന്നു... ഐ ലൈക്ക് യൂ, ഐ ഡോണ്ട് ലൈക്ക് ദെം - അവർ ആരായിരുന്നാലും ശരി... വീ ഇറ്റാലിയൻസ് ആർ എ വെരി സിംപിൾ പീപ്പിൾ..."


തന്റെ മുഖത്തെ എണ്ണപ്പാട വടിച്ചു കളഞ്ഞിട്ട് അയാൾ ഒന്ന് ചുമച്ചു. അവൾ അയാളുടെ കൈയ്യിൽ എത്തിപ്പിടിച്ചു. "ഗ്വിഡോ, നിങ്ങളാണ്‌ എന്റെ ജീവൻ രക്ഷിച്ചത്..."


വേഗത കുറച്ച് അടുത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ഒരു എഞ്ചിന്റെ ശബ്ദം അവർക്ക് കേൾക്കാറായി. അയാൾ തല തിരിച്ച് എത്തി നോക്കി. അവരുടെ കോൺവോയിയ്ക്ക് അകമ്പടി സേവിച്ചിരുന്ന ഒരു സായുധ ട്രോളർ ആയിരുന്നുവത്. "യെസ്... അങ്ങനെ ഇത്തവണയും രക്ഷപെട്ടു..." ഓർസിനി പറഞ്ഞു.


അടുത്ത നിമിഷം അവർക്കരികിലെത്തിയ ആ ട്രോളറിൽ നിന്നും താഴേക്കിട്ട ലാഡറിലൂടെ ഇറങ്ങി വന്ന ഏതാനും ജർമ്മൻ നാവികർ അവളെ മുകളിലേക്ക് വലിച്ചു കയറ്റി. പിന്നാലെ  മുകളിലെത്തിയ ഓർസിനി അവൾക്കരികിൽ ഡെക്കിൽ കുഴഞ്ഞു വീണു.


ബ്രിഡ്ജിൽ നിന്നും താഴേക്ക് ഇറങ്ങി വന്ന ചെറുപ്പക്കാരനായ ഒരു ലെഫ്റ്റെനന്റ് ജർമ്മൻ ഭാഷയിൽ അയാളോട് ചോദിച്ചു. "ഗ്വിഡോ, നിങ്ങളല്ലേ ഇത്...?"


"അതെ ബ്രൂണോ, ഇത് ഞാൻ തന്നെയാണ്..." ജർമ്മൻ ഭാഷയിൽത്തന്നെ ഓർസിനി പ്രതിവചിച്ചു.


"ഫ്രോലീൻ, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ...  വരൂ, നിങ്ങളെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടു പോകാം..." ആ നാവികൻ പറഞ്ഞു.


"ബ്രൂണോ, ഇത് മിസ് ആൻ മാരി ലത്വാ... ഇവർക്ക് ജർമ്മൻ ഭാഷ അറിയില്ല..." ഓർസിനി ഫ്രഞ്ച് ഭാഷയിൽ അയാളോട് പറഞ്ഞു.  


ലെഫ്റ്റെനന്റ് ബ്രൂണോ പുഞ്ചിരിച്ചു കൊണ്ട്  സാറയെ എഴുന്നേൽക്കാൻ സഹായിച്ചു. "വരൂ, താഴെ ക്യാബിനിലേക്ക് പോകാം..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, December 17, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 49

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


രാത്രി പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു. അടുക്കളയുടെ പിൻഭാഗത്തു നിന്നും നേരെ തന്റെ ബെഡ്റൂമിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഗോവണി വഴി ഒരു ട്രേയുമായി ഹെലൻ ഡു വിലാ മുകളിലേക്ക് കയറി. അവളുടെ സ്വകാര്യ ആവശ്യത്തിനുള്ളതായതിനാൽ അവിടെ തങ്ങുന്ന ഓഫീസർമാർ ആരും തന്നെ ആ ഗോവണി ഉപയോഗിക്കാറില്ല. എങ്കിലും അത്യന്തം ശ്രദ്ധാലു ആയിരുന്നു അവൾ. ട്രേയിൽ ഒരേയൊരു കപ്പ് മാത്രം. ഭക്ഷണം ആയാലും ഒരാൾക്കുള്ളത് മാത്രം.  ഇത്രയും വൈകി തന്റെ ബെഡ്റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കണമെന്ന് അവൾ തീരുമാനിച്ചാൽ ചോദ്യം ചെയ്യാൻ ആർക്കവകാശം...?


ബെഡ്റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തിട്ട് അവൾ ബുക്ക് ഷെൽഫിന് നേർക്ക് നീങ്ങി. ആ ഷെൽഫിലെ രഹസ്യ വാതിൽ തുറന്ന് അകത്ത് കയറി മച്ചിൻപുറത്തേക്കുള്ള ഗോവണി കയറുന്നതിന് മുമ്പ് വാതിൽ അടച്ചു എന്നവൾ ഉറപ്പ് വരുത്തി. കട്ടിലിലെ തലയിണയിൽ ചാരിയിരുന്ന് എണ്ണവിളക്കിന്റെ വെട്ടത്തിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഹ്യൂ കെൽസോ. ആകെയുള്ള ഒരു ജാലകത്തിന്റെ പലക കൊണ്ടുള്ള കതകുകൾ അടച്ചിട്ടുണ്ട്. മാത്രവുമല്ല, കനം കൂടിയ കർട്ടൻ വലിച്ചിട്ടിട്ടുമുണ്ട്.


തലയുയർത്തി അദ്ദേഹം പുഞ്ചിരിച്ചു. "ഇന്ന് എന്തൊക്കെയാണ് വിഭവങ്ങൾ...?"


"അങ്ങനെ അധികമൊന്നുമില്ല... ചായ... നല്ല ഒറിജിനൽ ചായ... പിന്നെ ചീസ് സാൻഡ്‌വിച്ച്... ഈയിടെയായി ഞാൻ തന്നെയാണ് ചീസ് ഉണ്ടാക്കുന്നത്... താങ്കൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല... ആട്ടെ, ഏത് പുസ്തകമാണ് വായിക്കുന്നത്...?"


"നിങ്ങൾ തന്ന പുസ്തകങ്ങളിലൊന്ന്... ഏലിയറ്റിന്റെ The Four Quartets..."


"ഒരു എഞ്ചിനീയറായ താങ്കൾ വായിക്കുന്നത് കവിത...!" ബെഡ്ഡിന്റെ അരികിൽ ഇരുന്ന് അവൾ ഒരു സിഗരറ്റിന് തീ കൊളുത്തി. 


"പണ്ടൊന്നും കവിതയിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല... പക്ഷേ, ഈ യുദ്ധം..."  അദ്ദേഹം ചുമൽ വെട്ടിച്ചു. "മറ്റു പലരെയും പോലെ ഞാനും പലതിനുമുള്ള ഉത്തരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്... In my end is my beginning എന്നാണ്‌ അദ്ദേഹം എഴുതിയിരിക്കുന്നത്... പക്ഷേ ഇവ രണ്ടിനും ഇടയിൽ എന്താണ്...? എന്താണ്‌ ശരിക്കും അദ്ദേഹം ഉദ്ദേശിച്ചത്...?"


"വെൽ, ഇതിനൊക്കെയുള്ള ഉത്തരം എപ്പോഴെങ്കിലും കണ്ടെത്തുകയാണെങ്കിൽ എന്നെയും അറിയിക്കാൻ മറക്കരുത്..." ലോക്കറിനരികിൽ വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും ചിത്രം അപ്പോഴാണവൾ ശ്രദ്ധിച്ചത്. അവൾ അത് കൈയ്യിലെടുത്തു. "ഇവരെക്കുറിച്ച് എപ്പോഴും ഓർക്കാറുണ്ടോ താങ്കൾ...?"


"എപ്പോഴും... എന്റെ ജീവനാണവർ... ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ വൈവാഹിക ജീവിതം വിജയകരമായിരുന്നു എന്നർത്ഥം... വേറൊന്നും തന്നെ ഞാൻ ആഗ്രഹിച്ചിരുന്നില്ല... പക്ഷേ അപ്പോഴാണ്‌ യുദ്ധം വന്നതും എല്ലാം താറുമാറായതും..."


"അതെ... യുദ്ധത്തിന്‌‌ അങ്ങനെ ചില ദൂഷ്യവശങ്ങൾ കൂടിയുണ്ട്..."


"എന്നാലും എനിക്ക് പരാതിയൊന്നുമില്ല... സുഖപ്രദമായ കിടക്ക, രുചികരമായ ഭക്ഷണം, ഗൃഹാതുരത്വം പേറുന്ന എണ്ണവിളക്കിന്റെ വെട്ടം..."


"കൃത്യം ഒമ്പത് മണിക്ക് തന്നെ അവർ ഈ ഭാഗത്തേക്കുള്ള വൈദ്യുതി കട്ട് ചെയ്യും..." അവൾ പറഞ്ഞു. "ഈ എണ്ണവിളക്കിന്റെ വെട്ടം എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വാസം കൊള്ളുന്ന പലരെയും എനിക്കറിയാം..."


"അത്രയ്ക്കും മോശമാണോ ഇവിടുത്തെ അവസ്ഥ....?"


"സംശയമെന്ത്...?" അവളുടെ സ്വരത്തിൽ രോഷം കലർന്നിരുന്നു. "മറ്റെന്ത് പ്രതീക്ഷിക്കണം...? ഭാഗ്യം കൊണ്ട് മാത്രമാണ് ഈ ഒരു കപ്പ് ചായ പോലും താങ്കൾക്ക് കിട്ടുന്നത്... ഈ ദ്വീപിൽ ഭൂരിഭാഗം ഇടങ്ങളിലും ചായയിലയ്ക്ക് പകരം മുള്ളങ്കി അല്ലെങ്കിൽ ബ്ലാക്ക്ബെറി എന്നിവയുടെ ഇലകളാണ് ഉപയോഗിക്കുന്നത്... അല്ലെങ്കിൽ പിന്നെ ഓക്ക് മരത്തിന്റെ കായ പൊടിച്ചുണ്ടാക്കുന്ന Acorn coffee പരീക്ഷിച്ചു നോക്കണം... ജീവിതം അത്ര മാത്രം ദുഷ്കരമാണ്..."


"ഭക്ഷണത്തിന്റെ കാര്യമോ...?"


"ഒരു മനുഷ്യന് അത്യാവശ്യം വേണ്ടുന്നതിലും വളരെ കുറഞ്ഞയളവ് കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥ... അത്ര തന്നെ... പുകയിലയുടെ കാര്യവും വിഭിന്നമല്ല..." അവൾ തന്റെ സിഗരറ്റ് ഉയർത്തിക്കാണിച്ചു. "ഇത് പക്ഷേ ഒറിജിനൽ ആണ്... കരിഞ്ചന്തയിൽ നിന്നും ലഭിക്കുന്നത്... പരിചയമുള്ള ആളും ധാരാളം പണവും ഉണ്ടെങ്കിൽ എന്തും ലഭ്യമാണെന്നത് വേറെ വിഷയം... സമ്പന്നർക്ക് ഇപ്പോഴും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല... പൗണ്ടിന് പകരം റൈമാർക്ക് ആണ് ബാങ്കുകളിൽ ഇപ്പോൾ വിതരണം ചെയ്യുന്നത്..." അവൾ ചിരിച്ചു. "ജർമ്മൻ അധിനിവേശത്തിന് കീഴിൽ ജെഴ്സിയിലെ സാധരണ ജനങ്ങളുടെ മാനസികാവസ്ഥ എന്താണെന്നറിയുമോ താങ്കൾക്ക്...?"


"അറിയാൻ കൗതുകമുണ്ട്..."


"തീർത്തും വിരസം..." അവൾ അദ്ദേഹത്തിന്റെ തലയിണ തട്ടിക്കുടഞ്ഞു കൊടുത്തു. "എന്നാൽ ശരി, ഞാൻ ഉറങ്ങാൻ പോകുകയാണ്..."


"നാളെ സംഭവ ബഹുലമായ ഒരു ദിനമായിരിക്കും..." അദ്ദേഹം പറഞ്ഞു.


"സവരി അന്ന് കൊണ്ടുവന്ന  സന്ദേശം വിശ്വസിക്കാമെങ്കിൽ..." അവൾ ട്രേ എടുത്തു. "രാത്രി എന്തായാലും കുറച്ച് ഉറങ്ങാൻ പറ്റുമോ എന്ന് നോക്കൂ..."



         ‌‌‌‌‌‌                         ***


ഓർസിനി തന്റെ ക്യാബിൻ സാറയ്ക്ക് വിട്ടു കൊടുത്തിരുന്നു. ഒരു കബോർഡും വാഷ് ബേസിനും ഒരു ബങ്കും മാത്രമുള്ള വളരെ ചെറിയ ഒരു ക്യാബിൻ. ആകെയുള്ള ഒരു ജാലകം ബ്ലാക്കൗട്ട് റൂൾ പ്രകാരം വെളിച്ചം പുറത്തു കടക്കാതിരിക്കാൻ വേണ്ടി അടച്ചിരിക്കുന്നു. റൂമിൽ വായു സഞ്ചാരം ഇല്ലാത്തതിനാൽ അസഹനീയമായ ചൂടായിരുന്നു. ക്യാബിന് താഴെ നിന്നും എത്തുന്ന എഞ്ചിന്റെ മടുപ്പിക്കുന്ന മുരൾച്ച കേട്ട് അവൾക്ക് തലവേദനയുണ്ടാക്കി. കണ്ണുകളടച്ച് ബങ്കിൽ കിടക്കുന്ന അവൾ മനസ്സിനെ ശാന്തമാക്കുവാൻ ശ്രമിച്ചു. പെട്ടെന്ന് കപ്പൽ ഒന്ന് കുലുങ്ങിയത് പോലെ അവൾക്ക് തോന്നി. ഒരു പക്ഷേ തോന്നൽ മാത്രമായിരിക്കാം. എന്നാൽ തൊട്ടടുത്ത നിമിഷം ശക്തമായ ഒരു സ്ഫോടനം കേട്ടു. 


അതിനു ശേഷം‌ സ്ലോ മോഷനിൽ എന്നത് പോലെയാണ്‌ കാര്യങ്ങൾ നടന്നത്. ചെറുതായി ഒന്ന് ഉയർന്ന് വീണ്ടും താഴോട്ട് പതിച്ചത് പോലെയുള്ള അനുഭവം. തൊട്ടു പിന്നാലെ ഒരു സ്ഫോടനം കൂടി. ഇത്തവണ ചുവരുകളിൽ വിറയൽ അനുഭവപ്പെട്ടു. അലറി കരഞ്ഞു കൊണ്ട് അവൾ ബങ്കിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞത് പെട്ടെന്നായിരുന്നു. ബങ്കിൽ നിന്നും ഊർന്നുപോയ അവൾ എതിർവശത്തെ വാതിൽക്കൽ ചെന്നു വീണു. മുകളിലെ ലോക്കറിൽ വച്ചിരുന്ന ഹാൻഡ്ബാഗ് അവളുടെ കാൽക്കൽ വന്ന് പതിച്ചു. ബാഗുമായി ചാടിയെഴുന്നേറ്റ അവൾ വാതിലിന് നേർക്ക് കുതിച്ചതും കതക് ശക്തിയായി അടഞ്ഞു. ഹാൻഡിലിൽ പിടിച്ച് തുറക്കാൻ കഠിന പ്രയത്നം നടത്തവെ അപ്രതീക്ഷിതമായി തുറന്ന കതകിന്റെ ശക്തിയിൽ അവൾ എതിർവശത്തെ ചുമരിലേക്ക് എടുത്തെറിയപ്പെട്ടു. 


പരിഭ്രമം നിറഞ്ഞ മുഖത്തോടെ വാതിൽക്കൽ ഓർസിനി നിൽക്കുന്നുണ്ടായിരുന്നു. "പുറത്തു കടക്കൂ..." അയാൾ ആജ്ഞാപിച്ചു. "പെട്ടെന്ന്... സമയമില്ല..."


"എന്താണ് സംഭവിക്കുന്നത്...?" തന്റെ കൈയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് കുതിക്കുന്ന ഓർസിനിയോട് അവൾ ചോദിച്ചു.


"ടോർപിഡോ അറ്റാക്ക്... ഒന്നല്ല, രണ്ടു തവണ... നിമിഷങ്ങൾക്കകം കപ്പൽ മുങ്ങും...'


ഇടനാഴിയിലൂടെ മുകളിക്ക് കുതിച്ച അവർ സലൂണിൽ എത്തി. ആരും തന്നെ ഉണ്ടായിരുന്നില്ല അവിടെ. അയാൾ തന്റെ റീഫർകോട്ട് ഊരി അവൾക്ക് നേരെ നീട്ടി. "പെട്ടെന്ന് ഇത് ധരിക്കൂ..." ഹാൻഡ്ബാഗും പിടിച്ച് അമ്പരന്ന് നിൽക്കുകയായിരുന്ന അവൾ പെട്ടെന്ന് അത് വാങ്ങി ധരിച്ചിട്ട് തന്റെ ബാഗ് അതിന്റെ വലിയ പോക്കറ്റിലേക്ക് തിരുകി. ഒരു ലൈഫ് ജാക്കറ്റ് എടുത്ത് കൊടുത്തിട്ട് അത് ധരിക്കാൻ അവളെ അയാൾ സഹായിച്ചു. പിന്നെ ഒരെണ്ണം എടുത്ത് സ്വയം അണിഞ്ഞിട്ട് അവളെയും കൂട്ടി ഡെക്കിലേക്ക് കുതിച്ചു.


ഡെക്കിൽ എമ്പാടും ആളുകൾ പരിഭ്രാന്തരായി പല പ്രവൃത്തികളിൽ മുഴുകിയിരിക്കുകയായിരുന്നു. ചിലർ ലൈഫ്ബോട്ട് ഇറക്കുവാനുള്ള പരിശ്രമത്തിലാണ്. ബ്രിഡ്ജിനു മുകളിൽ ഗൺ ക്രൂ അലക്ഷ്യമായി ഇരുട്ടിലേക്ക് വെടിയുതിർത്തു കൊണ്ടിരിക്കുന്നു. അതിന് മറുപടിയെന്നോണം  അവർക്ക് നേരെ ശത്രുപക്ഷത്തു നിന്നും തീഗോളങ്ങൾ വന്നു പതിച്ചു കൊണ്ടിരുന്നു. ബ്രിഡ്ജിന്‌ മുകളിൽ നിന്ന് ആജ്ഞകൾ നൽകിക്കൊണ്ടിരുന്ന സവരിയുടെ സമീപമാണ്‌ അതിലൊന്ന് വന്നു പതിച്ചത്. ഭയന്ന് അലറി വിളിച്ചു കൊണ്ട് അയാൾ ബ്രിഡ്ജിനു മുകളിലൂടെ ഡെക്കിലെ വൈക്കോൽക്കെട്ടുകൾക്ക് മുകളിലേക്ക് ചാടി.  പീരങ്കിയിൽ നിന്നുമുള്ള ഷെല്ലുകൾ ലൈഫ്ബോട്ടുകളിലൊന്നിന്റെ പാർശ്വഭാഗത്ത് തുളഞ്ഞു കയറി. 


ഓർസിനി സാറയെ തൊട്ടടുത്തു കണ്ട കൽക്കരിച്ചാക്കുകളുടെ മറവിലേക്ക് തള്ളിയിട്ടു. ആ നിമിഷമാണ് ശക്തിയായ മറ്റൊരു സ്ഫോടനം ഉണ്ടായത്. ഇത്തവണ അത് കപ്പലിനുള്ളിൽ ആയിരുന്നു. ഡെക്കിൽ നിന്നും പിളർന്ന് മാറിയ പിൻഭാഗത്ത് നിന്നും തീജ്വാലകൾ ഇരുട്ടിലേക്കുയർന്നു പൊങ്ങി. കപ്പൽ ഒന്നാകെ ഇടത്തോട്ട് ചരിഞ്ഞു. ഡെക്കിൽ അടുക്കി വച്ചിരുന്ന കൽക്കരിച്ചാക്കുകളും വൈക്കോൽക്കെട്ടുകളും മറ്റു ചരക്കുകളും എല്ലാം കൂടി കൈവരികൾക്ക് മുകളിലേക്ക് നിരങ്ങി വീണു തുടങ്ങി. 


ലൈഫ്ബോട്ടുകളിൽ ഒന്നു പോലും കടലിലേക്ക് ഇറക്കുവാൻ ആകുമായിരുന്നില്ല ആ അവസ്ഥയിൽ. അത്രയ്ക്കും ചടുലമായിരുന്നു ശത്രുവിന്റെ ആക്രമണം. സവരിയുടെ പിന്നാലെ നാവികർ ഓരോരുത്തരായി കൈവരികൾക്ക് മുകളിലൂടെ കടലിലേക്ക് ചാടി. നില തെറ്റിയ ഓർസിനിയോടൊപ്പം സാറയും ഡെക്കിൽ മലർന്ന് വീണു. ചരിഞ്ഞ ഡെക്കിലൂടെ താൻ താഴോട്ട് തെന്നി നീങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് കൈവരികൾ വെള്ളത്തിനടിയിലായതും അവൾ കടലിലേക്ക് വീണതും.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, December 7, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 48

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാവിയർ ഡി പാസിലെ സിൽവർ ടൈഡ് ഹോട്ടലിൽ തന്റെ ഓഫീസിലിരുന്ന് കനം കൂടിയ ഒരു ഫയൽ ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് ജെഴ്സിയിലെ സീക്രട്ട് ഫീൽഡ് പോലീസിന്റെ ഓഫീസർ ഇൻ കമാൻഡ് ആയ ക്യാപ്റ്റൻ കാൾ മുള്ളർ. താൻ ജോലി ചെയ്യുന്ന ഡിപ്പാർട്ട്മെന്റിന്റെ വിജയത്തിന് പിന്നിൽ മുഖ്യപങ്ക് വഹിച്ചിരുന്ന ഊമക്കത്തുകളുടെ ശേഖരമായിരുന്നു ആ ഫയലിനുള്ളിൽ. വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ആ കത്തുകളിൽ. അനധികൃതമായി റേഡിയോ കൈവശം വച്ചതോ ഒളിച്ചോടിയ റഷ്യൻ അടിമത്തൊഴിലാളിയെ സഹായിച്ചതോ കരിഞ്ചന്തയുമായുള്ള ബന്ധമോ ഒക്കെ ആയിരുന്നു അധികം കേസുകളും. ആ ഊമക്കത്തുകൾ എഴുതിയവരെ അന്വേഷിച്ച് കണ്ടെത്തുക എന്നതായിരുന്നു മുള്ളർ തന്റെ കീഴുദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും മുന്നിൽ തുറന്നു കാട്ടും എന്ന് ഭീഷണിപ്പെടുത്തി പലവിധത്തിൽ അവരെ ഉപയോഗിക്കുക എന്നതായിരുന്നു സീക്രട്ട് പോലീസിന്റെ അടവ്.


പാരീസിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലേത് പോലെ അത്ര വലിയ സംവിധാനം ഒന്നും ആയിരുന്നില്ല അവരുടേത്. മുള്ളർ ഒരു SS ആയിരുന്നില്ലെങ്കിലും നാസി പാർട്ടി അംഗം ആയിരുന്നു. മുമ്പ് ഹാംബർഗ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ചീഫ് ഓഫീസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.   അന്ന് അയാൾ പിടികൂടിയ ഒരു ഫ്രഞ്ച് യുവതി ചോദ്യം ചെയ്യലിനിടയിൽ തന്റെ സഹപ്രവർത്തകരുടെ പേരുകൾ വെളിപ്പെടുത്താതെ മരണമടയുകയുണ്ടായി. ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ മുഖ്യ കണ്ണികളിൽ ഒരാളായിരുന്നു ആ യുവതി എന്നതു കൊണ്ട് തന്നെ ആ മരണം വിവാദമായി. അയാളുടെ അമിതാവേശം ഹാംബർഗ് പോലീസിന്റെ പേരിന് കളങ്കം വരുത്തി എന്നായിരുന്നു മേലധികാരികളുടെ കണ്ടെത്തൽ. അതേത്തുടർന്നാണ് ഈ ദ്വീപിലേക്കുള്ള സ്ഥലം മാറ്റം ഉണ്ടായത്. അതിനാൽത്തന്നെ എങ്ങനെയും തിരികെ ഹാംബർഗ് പോലീസിൽ എത്തുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. 


ഫയൽ മടക്കി വച്ച് അയാൾ എഴുന്നേറ്റു. ആ അമ്പതുകാരന്റെ തലമുടി കടും ബ്രൗൺ നിറമായിരുന്നു. ഏതാണ്ട് ആറടിയോട് അടുത്ത് ഉയരം. ഒന്ന് മൂരി നിവർത്തി പുറത്തെ കാലാവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കാനായി ജാലകത്തിനരികിലേക്ക് നീങ്ങിയപ്പോഴാണ് ടെലിഫോൺ റിങ്ങ് ചെയ്തത്. 


അയാൾ റിസീവർ എടുത്തു. "യെസ്...?"


ലൈനിലെ ഇരമ്പൽ ശബ്ദത്തിൽ നി‌ന്നും അതൊരു ലോക്കൽ കോൾ അല്ല എന്ന് അയാൾക്ക് മനസ്സിലായി. 


"ക്യാപ്റ്റൻ മുള്ളർ...? ഇത് ഷ്രൂഡർ ആണ്... ഗ്രാൻവിലായിലെ പോർട്ട് ഓഫീസർ..."



                                   ***



പത്ത് മിനിറ്റ് കഴിഞ്ഞു കാണും. മുള്ളർ ജാലകത്തിനപ്പുറം ഇരുട്ടിലേക്ക് കണ്ണും നട്ട് നിൽക്കവെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു. അയാൾ തിരിഞ്ഞ് തന്റെ ഡെസ്കിന് പിന്നിലെ കസേരയിൽ ചെന്ന് ഇരുന്നു. 


റൂമിലേക്ക് പ്രവേശിച്ച ആ രണ്ടു പേരും മുള്ളറെ പോലെ തന്നെ സിവിലിയൻ വേഷമാണ് ധരിച്ചിരുന്നത്. GFP (Geheime Feldpolizei) യിൽ‌ ഉള്ളവർ യൂണിഫോം ധരിക്കാൻ പൊതുവേ വൈമുഖ്യം കാട്ടുന്നവരാണെന്ന കാര്യം പരക്കെ അറിവുള്ളതാണ്. ചാര നിറമുള്ള കണ്ണുകളുടെ ഉടമയായ തടിച്ച് കുറുകിയ ആളാണ് ഇൻസ്പെക്ടർ വില്ലി ക്ലൈസ്റ്റ്. മുള്ളറുടെ സെക്കൻഡ് ഇൻ കമാൻഡ് ആയ അയാൾ ഗെസ്റ്റപ്പോയിൽ നിന്നും എത്തിയ ഉദ്യോഗസ്ഥനാണ്. മുള്ളറെപ്പോലെ തന്നെ ഹാംബർഗ് പോലീസിലെ മുൻ ഡിറ്റക്ടിവ് ആയിരുന്നു അയാളും. വർഷങ്ങളായി പരസ്പരം അറിയാവുന്നവർ. അയാളോടൊപ്പമുള്ള ചെറുപ്പക്കാരനാണ് സെർജന്റ് ഏണസ്റ്റ് ഗ്രൈസർ. ചാരനിറമുള്ള മുടിയും നീലക്കണ്ണുകളുമുള്ള അയാൾ ആർമി ഫീൽഡ് പോലീസിൽ നിന്നും GFP യിലേക്ക് ട്രാൻസ്ഫർ ആയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. 


"ഗൗരവമുള്ള ഒരു വിഷയമാണ്..." മുള്ളർ അവരോട് പറഞ്ഞു. "ഗ്രാൻവിലായിൽ നിന്നും ഷ്രൂഡറിന്റെ ഫോൺ ഉണ്ടായിരുന്നു... ഒരു SD സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ ഒരു ഫ്രഞ്ച് യുവതിയോടൊപ്പം പോർട്ട് ഓഫീസിൽ വന്ന് ജെഴ്സിയിലേക്ക് യാത്രാസൗകര്യം വേണമെന്ന ആവശ്യമുന്നയിച്ചുവത്രെ... ആ യുവതിയെ അവർ വിക്ടർ യൂഗോയിൽ കയറ്റി വിട്ടിട്ടുണ്ട്. ഈ ഫോഗെൽ എന്നയാൾ ഡൈട്രിച്ചിനോടൊപ്പം S92 ൽ പുറപ്പെട്ടിട്ടുണ്ടെന്നും ഷ്രൂഡർ പറഞ്ഞു..."


"എന്തിനായിരിക്കും, ഹെർ ക്യാപ്റ്റൻ...?" ക്ലൈസ്റ്റ് ചോദിച്ചു. "നമുക്ക് യാതൊരു ഇൻഫർമേഷനും ലഭിച്ചില്ലല്ലോ... എന്തായിരിക്കും അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം...?"


"അത്ര ശുഭകരമല്ലാത്ത ഒരു വാർത്ത കൂടിയുണ്ട്..." മുള്ളർ പറഞ്ഞു. "റൈഫ്യൂറർ ഹിംലറുടെ സ്പെഷ്യൽ വാറന്റുമായിട്ടാണത്രെ അദ്ദേഹം എത്തിയിരിക്കുന്നത്... ആ അധികാര പത്രത്തിൽ ഫ്യൂറർ കൗണ്ടർ സൈനും ചെയ്തിട്ടുണ്ടത്രെ..."


"മൈ ഗോഡ്...!" ഗ്രൈസർ ഭയചകിതനായി.


"അതുകൊണ്ട്, കൂട്ടുകാരേ, നമ്മൾ തയ്യാറായി ഇരിക്കണം... കോൺവോയ് ഷിപ്പുകൾ സെന്റ് ഹെലിയറിൽ എത്തുമ്പോൾ യാത്രക്കാരെ പരിശോധിക്കുന്നതിന്റെ മേൽനോട്ടം നിങ്ങൾക്കല്ലേ ഏണസ്റ്റ്...?" അയാൾ ഗ്രൈസറിനോട് ചോദിച്ചു.


"യെസ്, ഹെർ ക്യാപ്റ്റൻ..."


"ഇത്തവണ ഇൻസ്പെക്ടർ ക്ലൈസ്റ്റും ഞാനും നിങ്ങളോടൊപ്പമുണ്ടാകും... അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം എന്തു തന്നെ ആയാലും ശരി, എന്റെ ഒരു കണ്ണ് അതിന്മേൽ ഉണ്ടായിരിക്കും... അപ്പോൾ ശരി, നമുക്ക് പിന്നെ കാണാം..."


അവർ പുറത്തിറങ്ങി. ഒരു സിഗരറ്റിന് തീ കൊളുത്തി മുള്ളർ ജാലകത്തിനരികിലേക്ക് നീങ്ങി. മാസങ്ങൾക്ക് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം ആവേശഭരിതനായിരുന്നു അയാൾ അപ്പോൾ.


(തുടരും)


 അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...




Saturday, November 27, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 47

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ബാർജ്ജുകൾ ഉൾപ്പെടെ പതിനൊന്ന് കപ്പലുകൾ ചേർന്ന ആ കോൺവോയ് രാത്രി പത്ത് മണി കഴിഞ്ഞ ഉടൻ തന്നെ പുറപ്പെട്ടു. S92 ന്റെ നേതൃത്വത്തിൽ ഹാർബറിൽ നിന്നും പുറത്തു കടന്ന ആ സംഘം ഇടത്തോട്ട് തിരിഞ്ഞ് പുറം കടലിലേക്ക് നീങ്ങി. പൊഴിയുന്ന ചാറ്റൽ മഴയിൽ കപ്പലിന്റെ ബ്രിഡ്ജിൽ നിന്നു കൊണ്ട് സെയ്സ് നൈറ്റ് ഗ്ലാസ്സിലൂടെ ഡൈട്രിച്ച്  ചുറ്റിനും നിരീക്ഷിച്ചു. മാർട്ടിനോ അയാളുടെ തൊട്ടരികിൽത്തന്നെ ഉണ്ടായിരുന്നു. അവർക്ക് തൊട്ടു താഴെ വീൽ ഹൗസിൽ പ്രധാന നാവികനും എഞ്ചിൻ റൂമിൽ ടെലിഗ്രാഫിസ്റ്റും തൊട്ടരികിലുള്ള മേശയ്ക്ക് പിന്നിൽ നാവിഗേറ്ററും തങ്ങളുടെ ജോലികളിൽ മുഴുകിയിരിക്കുന്നു. ഇടനാഴിയിലൂടെ താഴേക്കിറങ്ങിയാൽ വയർലെസ് റൂമാണ്.


"ഈ ഇനം കപ്പലുകളിൽ സ്ഥലം തീരെ കുറവാണല്ലോ..." മാർട്ടിനോ അഭിപ്രായപ്പെട്ടു.


"നിറയെ എഞ്ചിനുകളാണെന്ന് പറയാം..." ഡൈട്രിച്ച് പറഞ്ഞു.


"പടക്കോപ്പുകൾ എന്തൊക്കെയാണുള്ളത്...?"


"ടോർപ്പിഡോകൾ... പിന്നെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ബോഫോഴ്സ് ഗൺ... ഡെക്കിൽ മുൻഭാഗത്ത് ഒരു 20mm പീരങ്കി... എട്ട് മെഷീൻ ഗണ്ണുകൾ... ഇത്രയും കൊണ്ട് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു പോകുന്നു..."


"ഒപ്പം റഡാറും, അല്ലേ...?"


"അതെ... പക്ഷേ ഈ പ്രദേശത്ത് അത് ഉപയോഗിക്കുക അത്ര എളുപ്പമല്ല... പാറക്കെട്ടുകളും ചെറുദ്വീപുകളും ഒക്കെ ധാരാളമുണ്ട്... അവയെല്ലാം റഡാർ സ്ക്രീനിൽ കൂടുതൽ കൺഫ്യൂഷൻ ഉണ്ടാക്കുകയേ ഉള്ളൂ... ഞാൻ ഷെർബർഗ്ഗിൽ നിന്നും ഓപ്പറേറ്റ് ചെയ്യാറുള്ളപ്പോൾ ബ്രിട്ടീഷ് കോൺവോയികളെ ആക്രമിച്ച്  തകർക്കുന്ന അതേ രീതി തന്നെയാണ്‌‌ അവർ ഇവിടെ നമ്മുടെ നേർക്കും പ്രയോഗിക്കുന്നത്..."


"എന്താണത്...?"


"നമ്മുടെ റഡാർ സിസ്റ്റം ഓഫ് ചെയ്യുക... അങ്ങനെയാകുമ്പോൾ അവരുടെ ലൊക്കേഷൻ എക്വിപ്മെന്റിൽ നമ്മുടെ സാന്നിദ്ധ്യം അറിയാൻ സാധിക്കില്ല... ഒപ്പം റേഡിയോ പ്രവർത്തിപ്പിക്കാതിരിക്കുകയും ചെയ്യുക..."


തല കുലുക്കിയിട്ട് മാർട്ടിനോ പിറകോട്ട് തിരിഞ്ഞ് ഇരുട്ടിൽ തങ്ങളെ അനുഗമിച്ചു കൊണ്ടിരിക്കുന്ന കപ്പൽ വ്യൂഹത്തെ വീക്ഷിച്ചു. "കോൺവോയിയുടെ ശരാശരി വേഗത എത്രയാണ്...?"


"ആറ് നോട്ട്സ്..."


"പന്തയക്കുതിരയെക്കൊണ്ട് വണ്ടി വലിപ്പിക്കുന്നത് പോലെ തോന്നുന്നുണ്ടാകുമല്ലേ  നിങ്ങൾക്ക്...?"


ഡൈട്രിച്ച് പൊട്ടിച്ചിരിച്ചു. "അതെ... പക്ഷേ, എന്റെ കീഴിൽ ഇത്തരത്തിലുള്ള രണ്ടായിരം കുതിരകളുണ്ട്..." അയാൾ റെയിലിൽ ചെറുതായി ഒന്ന് അടിച്ചു. "ആവശ്യനേരത്ത് എത്ര പെട്ടെന്നാണ് അവ ഓടിയെത്തുന്നത് എന്നത് തീർച്ചയായും സന്തോഷം പകരുന്ന കാര്യം തന്നെയാണ്..."


     ‌‌                             ***

     

അതേ സമയം വിക്ടർ യൂഗോയുടെ ബ്രിഡ്ജിൽ വളരെ ലാഘവത്തോടെയാണ്‌ കാര്യങ്ങൾ നീങ്ങിയത്. സുരക്ഷിതത്വം തോന്നുന്ന അന്തരീക്ഷം. ക്യാബിന്റെ ചില്ലുകളിൽ വന്ന് പതിക്കുന്ന ചാറ്റൽ മഴ. വീൽ നിയന്ത്രിക്കുന്ന നാവികന്റെ തൊട്ടരികിൽത്തന്നെ സവരി നിൽക്കുന്നുണ്ട്. സാറയും ഗ്വിഡോ ഓർസിനിയും ചാർട്ട് ടേബിളിലെ ഭൂപടത്തിലേക്ക് നോക്കിക്കൊണ്ട് നിൽക്കുന്നു. 


"വെഗ് ഐഡാ എന്ന് നേവിക്കാരുടെ ഇടയിൽ അറിയപ്പെടുന്ന ഗ്രാൻവിലായിൽ നിന്നുള്ള കോൺവോയ് റൂട്ട് ഇതാണ്... ഷൗസീ ദ്വീപിന് കിഴക്ക് ഭാഗത്ത് കൂടി..." ഓർസിനി പറഞ്ഞു. 


ആദ്യ ദർശനത്തിൽ തന്നെ ഗ്വിഡോ ഓർസിനിയോട് വല്ലാത്തൊരു ഇഷ്ടം അവളുടെ മനസ്സിൽ രൂപം കൊണ്ടിരുന്നു എന്നതാണ് വാസ്തവം. ഹാർബ്ബറിലെ ആ കൂടാരത്തിനുള്ളിൽ വച്ച് തലയുയർത്തി അവളെ നോക്കിയ ആ നിമിഷം മുതൽ... തീർച്ചയായും അയാൾ ഒരു സുമുഖൻ തന്നെ...‌ പോരാ, അതി സുന്ദരൻ എന്ന് തന്നെ വേണം പറയാൻ... മനം മയക്കുന്ന അയാളുടെ ആ ചിരി... അതിന്റെ ആകർഷകത്വം ഒന്ന് വേറെ തന്നെ...


അവളെ തൊട്ടുരുമ്മിയാണ്‌ അയാൾ നിന്നിരുന്നത്. "വരൂ, നമുക്ക് സലൂണിലേക്ക് പോകാം... ഞാൻ ഒരു കോഫി എത്തിക്കാം... ഒന്ന് കിടക്കണമെന്നുണ്ടെങ്കിൽ എന്റെ ക്യാബിൻ ഉപയോഗിക്കുകയും ചെയ്യാം..."


അത് കേട്ട സവരി തിരിഞ്ഞു. "ഇപ്പോൾ പറ്റില്ല പ്രഭോ... എനിക്ക് എഞ്ചിൻ റൂം ഒന്ന് ചെക്ക് ചെയ്യാനുണ്ട്... തിരിച്ചെത്തുന്നത് വരെ താങ്കൾ ഇവിടെ ബ്രിഡ്ജിൽത്തന്നെ വേണം..." അയാൾ പുറത്തേക്ക് നടന്നു.


"പ്രഭു...?" സാറയുടെ മുഖം ആശ്ചര്യത്താൽ വികസിച്ചു.


"ഓ, ഇറ്റലിയിൽ ഞങ്ങൾ ധാരാളം പ്രഭുക്കന്മാരുണ്ട്... അതോർത്ത് തൽക്കാലം തല പുകയണ്ട..."


അയാൾ നീട്ടിയ സിഗരറ്റ് അവൾ സ്വീകരിച്ചു. പുറത്ത് ഇരുട്ടിലേക്ക് നോക്കി ഇരുവരും സിഗരറ്റ് പുകയ്ക്കവെ അവർക്കിടയിൽ മൗനം നിറഞ്ഞു. എഞ്ചിന്റെ പതിഞ്ഞ സ്വരം മാത്രം.


"ഇറ്റലി കഴിഞ്ഞ വർഷം തന്നെ സഖ്യകക്ഷികളുടെ മുന്നിൽ അടിയറവ് പറഞ്ഞുവെന്നാണല്ലോ ഞാൻ കേട്ടത്..." സാറ പറഞ്ഞു.


"ഓ, അതെയതെ... ആ ഫാസിസ്റ്റ് ഭ്രാന്തന്മാർ പക്ഷേ സമ്മതിക്കാൻ തയ്യാറല്ല... ജർമ്മൻകാരുടെ കീഴിൽ പോരാട്ടം തുടരാൻ തന്നെയാണ് അവരുടെ തീരുമാനം... പ്രത്യേകിച്ചും ആ ഓട്ടോ സ്കോർസെനി മലമുകളിലെ തട‌ങ്കലിൽ നിന്നും മുസ്സോളിനിയെ മോചിപ്പിച്ച് വിമാനമാർഗ്ഗം ബെർലിനിൽ എത്തിച്ചതിന് ശേഷം വിശുദ്ധ പോരാട്ടം തുടരുകയാണത്രെ..." ഓർസിനി പറഞ്ഞു.


"അപ്പോൾ നിങ്ങൾ ഒരു ഫാസിസ്റ്റ് അല്ല...?"


യുവത്വം തുടിക്കുന്ന ആ മുഖത്തേക്ക് അയാൾ വീണ്ടും നോക്കി. തന്റെ ജീവിതത്തിൽ  ഇതുവരെ മറ്റൊരു സ്ത്രീയിലും ദർശിക്കാത്ത ആർദ്രത... ഒരു പക്ഷേ, അതു തന്നെ ആയിരിക്കാം ഒട്ടും മറയില്ലാതെ അവളുമായി സംസാരിച്ചു കൊണ്ടിരിക്കുവാൻ അയാളെ പ്രേരിപ്പിക്കുന്നതും.


"സത്യം പറഞ്ഞാൽ ഞാൻ ഇതിലൊന്നിലും ഇല്ല... രാഷ്ട്രീയത്തോട് തീരെ താല്പര്യവുമില്ല... റോമിലെ ഒരു സെനറ്റർ പണ്ട് പറഞ്ഞ കാര്യമാണ് എനിക്കോർമ്മ വരുന്നത്... 'ദയവ് ചെയ്ത് ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണെന്ന് ആരും എന്റെ അമ്മയോട് പറയരുത്... വേശ്യാലയത്തിൽ പിയാനോ വായിക്കുന്ന തൊഴിലിന് തുല്യമാണ് അതെന്നാണ് അവരുടെ ധാരണ...'"


"അതെനിക്കിഷ്ടപ്പെട്ടു..." അവൾ പൊട്ടിച്ചിരിച്ചു.


"എന്റെ പഴയ കൂട്ടുകാരിൽ ഭൂരിഭാഗം പേരും ബ്രിട്ടന്റെയും അമേരിക്കയുടെയും നേവികളിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്... ഞാനാണെങ്കിൽ എതിർപക്ഷത്ത് ജർമ്മൻ നേവിയുടെ അഞ്ചാം ഷ്നെൽബൂട്ട് ഫ്ലോട്ടില്ലയിലും... ജർമ്മനിയുമായി ഇറ്റലി സമാധാനത്തിന്റെ പാതയിലൂടെ പോകാൻ തീരുമാനിച്ചപ്പോൾ എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗമില്ലായിരുന്നു... ജയിലിനുള്ളിൽ പോകാൻ എനിക്കൊട്ട് താല്പര്യവും ഉണ്ടായിരുന്നില്ല... അവർ എന്നെ അത്രയ്ക്കങ്ങ് വിശ്വാസത്തിൽ എടുത്തിട്ടില്ല എന്ന കാര്യം എനിക്കറിയാം... ഒരു E-ബോട്ട് കമാൻഡ് ചെയ്യാനുള്ള അനുമതിയൊന്നും ഈയിടെയായി ലഭിക്കാറില്ല... അതുമായി ഞാൻ ഇംഗ്ലണ്ടിലേക്ക് കടന്നു കളയുമെന്ന് ഒരു പക്ഷേ അവർ കരുതുന്നുണ്ടാവും..."


"അങ്ങനെ വല്ല പദ്ധതിയുമുണ്ടോ നിങ്ങൾക്ക്...?"


ആ നിമിഷമാണ് പുറത്ത് പോയിരുന്ന സവരി തിരിച്ചെത്തിയത്.‌ "റൈറ്റ്, എന്നാലിനി നമുക്ക് താഴെ പോയി കോഫി കുടിക്കാം..." ഓർസിനി സാറയോട് പറഞ്ഞു.


അവൾ മുന്നിൽ നടന്നു. പടവുകൾ ഇറങ്ങി ഇടനാഴിയിലേക്ക് നീങ്ങുന്ന അവളെ വീക്ഷിക്കവെ അയാളുടെ ഉള്ളിൽ ആവേശം തിര തല്ലുകയായിരുന്നു. പല യുവതികളെയും താൻ പരിചയപ്പെട്ടിട്ടുണ്ട്... മുടിയിൽ ചായം തേച്ച് കോമാളിവേഷം കെട്ടിയ ഈ ആൻ മാരി ലത്വയെക്കാൾ പതിന്മടങ്ങ് സുന്ദരികളെ... ഇതിലും പരിഷ്കാരികളെ... പക്ഷേ, ഇവളുടെ കാര്യത്തിൽ എന്തെല്ലാമോ ചിലത് ഒട്ടും തന്നെ യോജിക്കുന്നില്ല... ബാഹ്യരൂപം ഒന്ന്... സ്വഭാവം മറ്റൊന്ന്... സംസാരിച്ചിടത്തോളം ആ രൂപവുമായി ഒരു ചേർച്ചയുമില്ല ഇവളുടെ സ്വഭാവത്തിന്... 


"ഗ്വിഡോ, ദൈവത്തെയോർത്ത്, നിനക്കെന്താണ് സംഭവിക്കുന്നത്...?" ഇടനാഴിയിലൂടെ അവളെ അനുഗമിക്കവെ അയാൾ സ്വയം ചോദിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Wednesday, November 17, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 46

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മുപ്പതുകാരനായ എറിക് ഡൈട്രിച്ച്  യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഒരു ആർക്കിടെക്റ്റ് ആയിരുന്നു. എന്നാൽ ജർമ്മൻ നേവിയിൽ ചേർന്നതോടെയാണ് ശരിയായ ഇടത്താണ് താൻ എത്തിയിരിക്കുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞത്‌. ഒരു E-ബോട്ട് കമാൻഡർ എന്ന നിലയിൽ അങ്ങേയറ്റം സംതൃപ്തനായിരുന്നു ഡൈട്രിച്ച്. എത്രയൊക്കെ നഷ്ടങ്ങൾ നേരിടേണ്ടി വന്നെങ്കിലും യുദ്ധം അവസാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല. ഗ്വിഡോ ഓർസിനിയോടൊപ്പം പോർട്ട് ഓഫീസർ ലെഫ്റ്റെനന്റ് ഷ്രൂഡറുടെ ചാർട്ട് ടേബിളിൽ കാലാവസ്ഥ അവലോകനം ചെയ്യവെ വാക്കുകളിൽ നർമ്മം വാരി വിതറുകയായിരുന്നു അയാൾ.


"കാറ്റിന്റെ നില മൂ‌ന്ന് അല്ലെങ്കിൽ നാല്... പിന്നെ  ശക്തമായ മഴയും പ്രതീക്ഷിക്കാം... ഒരുവേള കൂടുതൽ മോശമാകാനും സാദ്ധ്യതയുണ്ട്..."


"റൂവർ പ്രദേശത്ത് ഇന്ന് രാത്രി വീണ്ടും കനത്ത ബോംബിങ്ങ് പ്രതീക്ഷിക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്... അതിനാൽ നിങ്ങളുടെ യാത്രാപഥത്തിൽ RAF നെ കൊണ്ട് ശല്യമൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല..." ഷ്രൂഡർ പറഞ്ഞു.


"അങ്ങനെയാണോ കരുതുന്നത്...? എങ്കിൽ എന്തും തന്നെ വിശ്വസിക്കും നിങ്ങൾ..." ഓർസിനി പരിഹസിച്ചു.


"ഗ്വിഡോ, നിങ്ങൾ ഒരു ദോഷൈകദൃക്കാണെന്ന് പറയാതിരിക്കാനാവില്ല..." എറിക് ഡൈട്രിച്ച് പറഞ്ഞു. "പ്രതീക്ഷിക്കുന്നത് നല്ലത് മാത്രമാണെങ്കിൽ താനേ അവ നിങ്ങളെ തേടിയെത്തും... എന്റെ അമ്മ പലപ്പോഴും പറയാറുള്ളതാണ്..."


അദ്ദേഹത്തിന് പിന്നിൽ വാതിൽ തുറന്നു. ഷ്രൂഡറുടെ മുഖം പെട്ടെന്ന് മ്ലാനമായി. ഗ്വിഡോയുടെ മുഖത്തെ ചിരി മാഞ്ഞു. തിരിഞ്ഞു നോക്കിയ ഡൈട്രിച്ച് കണ്ടത് മാർട്ടിനോയെയും അദ്ദേഹത്തെ തൊട്ടുരുമ്മി നിൽക്കുന്ന സാറയെയും ആണ്.


"കപ്പിത്താൻ ലെഫ്റ്റെനന്റ് ഡൈട്രിച്ച്...? എന്റെ പേര് മാക്സ് ഫോഗെൽ..." മാർട്ടിനോ തന്റെ SD  ഐഡന്റിറ്റി കാർഡ് അയാളെ കാണിച്ചിട്ട് പോക്കറ്റിൽ നിന്നും ഹിംലർ സൈൻ ചെയ്ത അധികാരപത്രം പുറത്തെടുത്തു. "ഇതുകൂടി ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും..."


ജർമ്മൻ ഭാഷയിൽ ആയിരുന്നത് കൊണ്ട് അദ്ദേഹം പറഞ്ഞ ഒറ്റ വാക്ക് പോലും സാറയ്ക്ക് മനസ്സിലായില്ല. മാത്രവുമല്ല, തന്റെയൊപ്പം നിൽക്കുന്നത് വേറെയേതോ ഒരാളാണെന്ന് പോലും അവൾക്ക് തോന്നി. നിർവ്വികാരവും പരുക്കനുമായ സ്വരം. ഡൈട്രിച്ച് ആ കത്ത് വായിക്കവെ ഷ്രൂഡറും‌ ഗ്വിഡോയും അയാളുടെ ചുമലിന് മുകളിലൂടെ അതിലേക്ക് എത്തി നോക്കി. ഗ്വിഡോയുടെ മുഖം വിവർണ്ണമായി. ഡൈട്രിച്ച് ആ കത്ത് തിരികെ കൊടുത്തു.


"ഫ്യൂറർ അതിൽ കൗണ്ടർസൈൻ ചെയ്തിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ..." മാർട്ടിനോ പറഞ്ഞു.


"ഈ രേഖകളുടെ വിശ്വാസ്യതയിൽ യാതൊരു സംശയവും എനിക്കില്ല സ്റ്റാൻഡർടൻഫ്യൂറർ..." ഡൈട്രിച്ച് പറഞ്ഞു. "എന്ത് സേവനമാണ്  താങ്കൾക്ക് ഞങ്ങൾ ചെയ്തു തരേണ്ടത്...?"


"എനിക്കും മിസ്സ് ലത്വായ്ക്കും‌ ജെഴ്സിയിലേക്കുള്ള യാത്രാ സൗകര്യം... കോൺവോയ് കമാൻഡർ നിങ്ങളാണല്ലോ... സ്വാഭാവികമായും നിങ്ങളോടൊപ്പം ആയിരിക്കും ഞാനും യാത്ര ചെയ്യുന്നത്... ഞങ്ങളുടെ സ്യൂട്ട്കെയ്സുകൾ കപ്പലിലേക്ക്‌ എടുത്തു വയ്ക്കുവാൻ നിങ്ങളുടെ പെറ്റി ഓഫീസറോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്..."


എറിക് ഡൈട്രിച്ചിനെ നിശ്ശബ്ദനാക്കുവാൻ അത് ധാരാളമായിരുന്നുവെങ്കിലും ഒരു കാര്യം അയാളെ അതിന് അനുവദിച്ചില്ല. ജർമ്മൻ സൈന്യത്തിൽ ഏറ്റവും കുറവ് നാസികൾ ഉള്ളത് ക്രീഗ്സ്മറീനിൽ (ജർമ്മൻ നേവി) ആയിരുന്നു. നാസി ആശയങ്ങളോട് ആഭിമുഖ്യം ഇല്ലാത്ത ഡൈട്രിച്ച്, പാർട്ടിയെ ഒട്ടും വക വച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെലിന് അനുകൂലമായി പ്രവർത്തിക്കുവാൻ അല്പം വൈമനസ്യവുമുണ്ടായിരുന്നു. എതിർപ്പ് പ്രകടിപ്പിക്കുന്നതിൽ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും തന്റെ ഭാഗം ന്യായീകരിക്കുന്നതിന് ഒരു കാരണം അയാൾ കണ്ടെത്തി.


"അനുസരിക്കുന്നതിൽ സന്തോഷമേയുള്ളൂ സ്റ്റാൻഡർടൻഫ്യൂറർ..." ഡൈട്രിച്ച് ശാന്തസ്വരത്തിൽ പറഞ്ഞു. "പക്ഷേ, ഒരു പ്രശ്നമുണ്ട്... നേവൽ റെഗുലേഷൻസ് പ്രകാരം സിവിലിയൻസിനെ യുദ്ധക്കപ്പലുകളിൽ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്... താങ്കളുടെ കാര്യത്തിൽ യാതൊരു പ്രശ്നവുമില്ല... പക്ഷേ, ഈ ചെറുപ്പക്കാരിയെ കൊണ്ടുപോകാനാവില്ല..."


അയാളോട് തർക്കിക്കുന്നതിൽ അർത്ഥമുണ്ടായിരുന്നില്ല. കാരണം‌, അയാളുടെ ഭാഗത്തായിരുന്നു ന്യായം എന്നത് തന്നെ. പക്ഷേ കാര്യം നടന്നേ തീരൂ. മാക്സ് ഫോഗെൽ എന്ന കണിശക്കാരനായ SS കേണൽ സ്വാഭാവികമായും പെരുമാറേണ്ട രീതിയിൽ തന്ത്രപരമായിത്തന്നെ മാർട്ടിനോ കരുക്കൾ നീക്കി. "ശരി, നിങ്ങളുടെ അഭിപ്രായത്തിൽ എന്താണൊരു മാർഗ്ഗം...?"


"കോൺവോയിയിലുള്ള മറ്റു കപ്പലുകളിൽ ഏതെങ്കിലുമൊന്നിൽ... ഈ നിൽക്കുന്ന ലെഫ്റ്റെനന്റ് ഓർസിനി SS വിക്ടർ യൂഗോ എന്ന ചരക്കു കപ്പലിലെ ഗൺ ഗ്രൂവിന്റെ കമാൻഡറാണ്...  ജെഴ്സിയിലെ സെന്റ് ഹെലിയറിലേക്കാണത് പോകുന്നത്... നിങ്ങൾ ഇരുവർക്കും അതിൽ യാത്ര ചെയ്യാം..."


എന്നാൽ സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ എന്ന മാർട്ടിനോ പൂർണ്ണമായും തോറ്റു കൊടുക്കുവാൻ തയ്യാറായിരുന്നില്ല. "ഇല്ല..." ശാന്തസ്വരത്തിൽ അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ പ്രവർത്തന രീതികൾ നേരിൽ കാണുക എന്നൊരു ഉദ്ദേശ്യം കൂടി എനിക്കുണ്ട് കപ്പിത്താൻ ലെഫ്റ്റെനന്റ്... അതിനാൽ ഞാൻ നിങ്ങളോടൊപ്പം തന്നെ വരുന്നു... ലെഫ്റ്റെനന്റ് ഓർസിനിയ്ക്ക് വിരോധമൊന്നുമില്ലെങ്കിൽ മിസ്സ് ലത്വാ വിക്ടർ യൂഗോയിലും യാത്ര ചെയ്യട്ടെ..."


"വിരോധമോ... ഒരിക്കലുമില്ല..." അവളിൽ നിന്ന് കണ്ണെടുക്കുവാൻ പാടു പെടുകയായിരുന്നു ഗ്വിഡോ ഓർസിനി. "മറിച്ച്, സന്തോഷമേയുള്ളൂ..."


"പക്ഷേ, നിർഭാഗ്യവശാൽ മിസ്സ് ലത്വായ്ക്ക് ജർമ്മൻ ഭാഷ സംസാരിക്കാൻ അറിയില്ല..." മാർട്ടിനോ അവളുടെ നേർക്ക് തിരിഞ്ഞ് ഫ്രഞ്ച് ഭാഷയിൽ പറഞ്ഞു. "തൽക്കാലം ഈ യാത്രയിൽ ഒരുമിച്ച് പോകാൻ നമുക്കാവില്ല മൈ ഡിയർ... ചില റൂൾസ് & റെഗുലേഷൻസ് തന്നെ കാരണം... നിന്റെ ലഗ്ഗേജ് എന്നോടൊപ്പം ഇരുന്നോട്ടെ. അതിന്റെ കാര്യമോർത്ത് വിഷമിക്കേണ്ട... ഈ ചെറുപ്പക്കാരൻ ലെഫ്റ്റെനന്റ് നിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചോളും..."


"എന്ത് സഹായത്തിനും ഗ്വിഡോ ഓർസിനി തയ്യാർ, സിനോറിനാ..." ആചാരമര്യാദയോടെ അവളെ സല്യൂട്ട് ചെയ്തു കൊണ്ട് ഓർസിനി പറഞ്ഞു. "എന്നോടൊപ്പം വരൂ, സുരക്ഷിതമായി ഞാൻ കപ്പലിൽ എത്തിക്കാം... മുപ്പത് മിനിറ്റിനുള്ളിൽ നാം പുറപ്പെടുകയായി..."


അവൾ മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "എങ്കിൽ ശരി, പിന്നെ കാണാം മാക്സ്..."


"ജെഴ്സിയിൽ വച്ച്..." മാർട്ടിനോ തല കുലുക്കി.


ഓർസിനി തുറന്നു കൊടുത്ത വാതിലിലൂടെ അവൾ പുറത്തു കടന്നു. 


"മിടുക്കി പെൺകുട്ടി..." ഡൈട്രിച്ച് തന്റെ അഭിപ്രായം മറച്ചു വച്ചില്ല.


"തീർച്ചയായും..." മാർട്ടിനോ ചാർട്ട് ടേബിളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. "ഇന്ന് രാത്രി പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഒരു യാത്ര പ്രതീക്ഷിക്കാമോ...? നിങ്ങളുടെ കോൺവോയ് പലപ്പോഴും RAF നൈറ്റ് ഫൈറ്ററുകളുടെ ആക്രമണത്തിന് ഇരയാകാറുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്..."


"ആക്രമണങ്ങൾ പതിവാണ് സ്റ്റാൻഡർടൻഫ്യൂറർ..." ഷ്രൂഡർ പറഞ്ഞു. "പക്ഷേ, ഇന്ന് രാത്രി RAF മറ്റിടങ്ങളിൽ തിരക്കിലായിരിക്കാനാണ് സാദ്ധ്യത..."


"പതിവ് പോലെ നമ്മുടെ നഗരങ്ങളിൽ സിവിലിയന്മാരുടെ മേൽ കനത്ത ബോംബിങ്ങ് നടത്തുന്ന തിരക്കിൽ..." മാർട്ടിനോ പറഞ്ഞു. കാരണം, ഒരു നാസി പാർട്ടി അനുയായി എന്ന നിലയിൽ ആ വാക്കുകൾ ആയിരിക്കും അദ്ദേഹത്തിൽ നിന്നും അവർ പ്രതീക്ഷിക്കുകയും ചെയ്യുക. "ബ്രിട്ടീഷ് റോയൽ നേവിയുടെ കാര്യം എങ്ങനെ...?"


"യെസ്, അവരുടെ MTBകൾ (Motor Torpedo Boat) ഈ പ്രദേശത്ത് പ്രവർത്തന നിരതമാണ്..." ഭൂപടത്തിൽ തൊട്ടു കാണിച്ചു കൊണ്ട് ഡൈട്രിച്ച് പറഞ്ഞു. "ഫാൾമൗത്തിലെയും ഡെവൺപോർട്ടിലെയും താവളങ്ങളിൽ നിന്നാണ് അവ ഓപ്പറേറ്റ് ചെയ്യുന്നത്..."


"നിങ്ങളെ അത് അലോസരപ്പെടുത്തുന്നില്ല...?"


"സ്റ്റാൻഡർടൻഫ്യൂറർ, അവ എണ്ണത്തിൽ കുറെയേറെ ഉണ്ടെന്നത് വാസ്തവമാണ്... പക്ഷേ, അവരുടെ ബോട്ടുകളെക്കാൾ വേഗതയേറിയതാണ് നമ്മുടെ E-ബോട്ടുകൾ... താങ്കളെ അത് ബോദ്ധ്യപ്പെടുത്താനുള്ള അവസരം ഇന്ന് രാത്രി എനിക്ക് ലഭിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം..." അയാൾ തന്റെ ചാർട്ടുകൾ ചുരുട്ടി വച്ചു. "താങ്കൾ എന്നോടൊപ്പം വന്നാലും... നമുക്ക് കപ്പലിലേക്ക് പോകാം..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, November 5, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 45

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം - ഒമ്പത്


സ്ലാപ്റ്റൺ തീരത്തെ ആക്രമണത്തിന് ശേഷം ഷെർബർഗ്ഗിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ഷ്നെൽബൂട്ട് ഫ്ലോട്ടില്ലയിലെ മൂന്ന് E-ബോട്ടുകളോട് താൽക്കാലികമായി ഗ്വെൺസിയിലേക്ക് തിരിക്കാനാണ്‌ ജർമ്മൻ നേവി ആവശ്യപ്പെട്ടത്. ചാനൽ ഐലന്റ്സിന് സമീപം സർവ്വീസ് നടത്തുന്ന കോൺവോയ്കൾക്ക് അകമ്പടി നൽകുവാനായിരുന്നു അത്. അതിലൊരു കപ്പലായ S92 ഇപ്പോൾ ഗ്രാൻവിലാ ഹാർബറിലാണ്‌ നങ്കൂരമിട്ടിരിക്കുന്നത്.


ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. കോൺവോയ് പുറപ്പെടാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട തിരക്കും ബഹളവുമാണ്‌ ഹാർബറിൽ എമ്പാടും. ഡെക്കിന് പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ബോഫോഴ്സ് 40mm പീരങ്കി പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ചീഫ് പെറ്റി ഓഫീസർ ഹാൻസ് റിക്ടർ. തൊട്ടരികിലായി നങ്കൂരമിട്ടിരിക്കുന്ന വിക്ടർ യൂഗോ എന്ന ചരക്കു കപ്പലിന്റെ ഡെക്കിലേക്ക് അയാൾ കണ്ണോടിച്ചു. വാർഫിൽ നിന്നും ചരക്കുകൾ കപ്പലിൽ എത്തിക്കുന്ന തിരക്കിലാണ്‌ തുറമുഖ തൊഴിലാളികൾ. കപ്പലിന്റെ ഉൾഭാഗം നിറഞ്ഞു കഴിഞ്ഞതിനാൽ കൽക്കരിച്ചാക്കുകളും വൈക്കോൽക്കെട്ടുകളും  എല്ലാം ഡെക്കിൽ അടുക്കി വച്ചുകൊണ്ടിരിക്കുകയാണവർ. ചുരുക്കത്തിൽ കാൽ കുത്താൻ ഇടമില്ലാത്ത വിധമായിരിക്കുന്നു ആ കപ്പലിന്റെ ഡെക്ക്.


വ്യോമാക്രമണ പ്രതിരോധത്തിനായി ഏതാനും 7.92mm മെഷീൻ ഗണ്ണുകളും ഒരു ബോഫോഴ്സ് ഗണ്ണും മാത്രമേ വിക്ടർ യൂഗോയുടെ ഡെക്കിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ശക്തിയേറിയ സെർച്ച് ലൈറ്റുകളും തെളിയിച്ചു കൊണ്ട് ഇരുട്ടിന്റെ മറവിൽ നി‌ന്നും പൊടുന്നനെ ഇരച്ചെത്തുന്ന ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ബ്രിസ്റ്റൾ ബ്യൂഫൈറ്ററുകളെ നേരിടാൻ ആ സംവിധാനം ഒട്ടും പര്യാപ്തമായിരുന്നില്ല എന്ന് വേണം പറയാൻ. ഇക്കാര്യത്തിൽ ലുഫ്ത്‌വാഫിന്റെ യുദ്ധവിമാനങ്ങൾക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. വിക്ടർ യൂഗോയുടെ മാസ്റ്റർ സവരിയും ഗൺ ക്രൂവിന്റെ കമാൻഡിങ്ങ് ഓഫീസറായ ഇറ്റാലിയൻ സ്വദേശി ലെഫ്റ്റനന്റ് ഗ്വിഡോ ഓർസിനിയും കപ്പലിന്റെ ബ്രിഡ്ജിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് റിക്ടർ കണ്ടു. പതിവ് പോലെ വെള്ള ക്യാപ്പും കഴുത്തിൽ സ്കാർഫും ഒക്കെയായി ആകർഷകമായ വേഷത്തിലാണ് ഓർസിനി. ടറാന്റോ തീരത്തിനടുത്ത് വച്ച് ഒരു ബ്രിട്ടീഷ് യുദ്ധക്കപ്പലിനെ മുക്കിയ ചരിത്രമൊക്കെയുള്ള ആളാണെന്നാണ് പറയപ്പെടുന്നത്. അതിന് ശേഷമാണ് ഒരു E-ബോട്ട് കമാൻഡറായി അഞ്ചാം ഷ്നെൽബൂട്ട് ഫ്ലോട്ടില്ലയിലേക്ക് മാറ്റം ലഭിക്കുന്നത്. എങ്കിലും ഈയിടെയായി അപ്രധാനമായ ഡ്യൂട്ടികൾക്ക് മാത്രമാണ്‌ ജർമ്മൻകാർ അയാളെ നിയോഗിക്കുന്നത്. ഇറ്റാലിയൻസിനെ അവർ അത്ര വിശ്വാസത്തിലെടുക്കുന്നില്ല എന്നത് തന്നെ ആയിരുന്നു കാരണം. മാത്രവുമല്ല, ഇറ്റാലിയൻ നാവികരിൽ ഭൂരിഭാഗവും സഖ്യകക്ഷികൾക്ക് വേണ്ടിയാണ്‌ ഇപ്പോൾ പ്രവർത്തിച്ചു പോരുന്നതും.


റിക്ടർ നോക്കിക്കൊണ്ടിരിക്കവെ ഗ്വിഡോ ഓർസിനി ലാഡർ വഴി ഗാങ്ങ്‌വേയിലേക്കിറങ്ങി വാർഫിലെ പോർട്ട് ഓഫീസറുടെ കൂടാരത്തിലേക്ക് നടന്നു. റിക്ടർ തിരിഞ്ഞ് തന്റെ ജോലിയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുമ്പോഴാണ് താഴെ നിന്നും ഒരാളുടെ സ്വരം കേട്ടത്. "പെറ്റി ഓഫീസർ...!"


റിക്ടർ റെയിലിന് മുകളിലൂടെ വാർഫിലേക്ക് നോക്കി. കപ്പലിന് സമീപം ഏതാനും അടി ദൂരത്തിൽ ഒരു SS ഓഫീസർ...! യൂണിഫോമിന് മുകളിൽ ഒരു കറുത്ത ലെതർ ട്രെഞ്ച് കോട്ട് ധരിച്ചിരിക്കുന്ന അയാളുടെ ക്യാപ്പിലെ സിൽവർ ഡെത്ത് ഹെഡ്  ബാഡ്ജ് പോക്കുവെയിലിൽ തിളങ്ങുന്നുണ്ടായിരുന്നു. ഒരു ഫുൾ കേണൽ എന്ന് സൂചിപ്പിക്കുന്ന കോളർ പാച്ചിലെ ഓക്ക് ലീവ്സ് ദൃഷ്ടിയിൽ പെട്ടതോടെ റിക്ടറുടെ ഉള്ളം കിടുങ്ങി. 


റിക്ടർ പൊടുന്നനെ കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നിട്ട് ചോദിച്ചു. "സ്റ്റാൻഡർടൻഫ്യൂറർ... എന്ത് സഹായമാണ് ഞാൻ അങ്ങേയ്ക്ക് ചെയ്യേണ്ടത്...?"


ആ കേണലിനെ തൊട്ടുരുമ്മി നിൽക്കുന്ന അത്യന്തം സുന്ദരിയായ യുവതിയെ നോക്കാതിരിക്കാൻ അയാൾക്കായില്ല. കറുത്ത ഹാറ്റ്, ബെൽറ്റുള്ള റെയിൻകോട്ട്, ഹാംബർഗ്ഗിൽ വീട്ടിലുള്ള തന്റെ മകളുടേത് പോലെ വെള്ളി നിറമുള്ള മുടി... ഇയാളെപ്പോലൊരു SS ബാസ്റ്റർഡിന് ഒട്ടും ചേരാത്ത അത്രയും ചെറുപ്പമാണല്ലോ ഇവൾ എന്ന് റിക്ടർ മനസ്സിലോർത്തു.


"നിങ്ങളുടെ കമാൻഡിങ്ങ് ഓഫീസർ കപ്പിത്താൻ ലെഫ്റ്റെനന്റ് ഡൈട്രിച്ച് തന്നെയാണ് കോൺവോയ് നയിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കു‌ന്നു... അദ്ദേഹം ഇപ്പോൾ കപ്പലിലുണ്ടോ...?" മാർട്ടിനോ ചോദിച്ചു.


"ഇല്ല..."


"എവിടെയാണദ്ദേഹം...?"


"പോർട്ട് ഓഫീസറുടെ കൂടാരത്തിൽ... ആ കാണുന്ന പച്ച നിറമുള്ള ടെന്റ്, സ്റ്റാൻഡർടൻഫ്യൂറർ..."


"ഗുഡ്... അദ്ദേഹത്തോട് ഒന്ന് സംസാരിക്കാനുണ്ട്..." താഴെ വച്ചിരിക്കുന്ന രണ്ട് സ്യൂട്ട്കെയ്സുകളുടെ നേരെ നോക്കിയിട്ട് മാർട്ടിനോ തുടർന്നു. "ഇവ കപ്പലിൽ എടുത്തു വയ്ക്കാൻ ഏർപ്പാടാക്കൂ... നിങ്ങളോടൊപ്പം ഞങ്ങളും ജെഴ്സിയിലേക്ക് യാത്ര ചെയ്യുന്നു..."


ഇടിത്തീ പോലെ അപ്രതീക്ഷിതമായിരുന്നു റിക്ടറിന് ആ വാക്കുകൾ. നടന്നകലുന്ന മാർട്ടിനോയെയും സാറയെയും നോക്കി അയാൾ അമ്പരപ്പോടെ നിന്നു. പിന്നെ, അവർ തമ്മിലുള്ള സംഭാഷണം ആകാംക്ഷയോടെ ശ്രദ്ധിക്കുകയായിരുന്ന ചെറുപ്പക്കാരനായ നാവികന് നേർക്ക് തിരിഞ്ഞു. "അദ്ദേഹം പറഞ്ഞത് കേട്ടല്ലോ... ആ സ്യൂട്ട്കെയ്സുകൾ കപ്പലിലേക്ക് എടുത്ത് വയ്ക്കൂ..."


"അദ്ദേഹം SD യിൽ നിന്നുമാണ്... താങ്കൾ ശ്രദ്ധിച്ചിരുന്നോ...?" ആ നാവികൻ ചോദിച്ചു.


"അതെ... ഞാൻ ശ്രദ്ധിച്ചിരുന്നു..." റിക്ടർ പറഞ്ഞു. ‌"എന്തായാലും ആ സ്യൂട്ട്കെയ്സുകൾ എടുത്തു വയ്ക്കൂ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Saturday, October 30, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 44

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



സിറ്റിങ്ങ് റൂമിലെ മേശയ്ക്കരികിൽ തന്റെ വീൽ ചെയറിൽ ഇരിക്കുന്ന ജെറാർഡ് ക്രെസ്സൺ ഗ്ലാസ്സുകളിൽ വീണ്ടും റെഡ് വൈൻ നിറച്ചു. "നിങ്ങളുടെ മിഥ്യാധാരണകളെ തിരുത്താനൊന്നും എനിക്ക് താല്പര്യമില്ല..." അയാൾ സാറയോട് പറഞ്ഞു. "ഫ്രാൻസിലെയും യൂറോപ്പിലെ മറ്റ് ഏത് അധിനിവേശ രാഷ്ട്രങ്ങളിലെയും എന്ന പോലെ ജെഴ്സിയിലും യഥാർത്ഥ ശത്രുക്കൾ ഇൻഫോർമർമാരാണ്... അവർ ഇല്ലാതെ ഗെസ്റ്റപ്പോയ്ക്ക് എവിടെയും പ്രവർത്തിക്കുക അസാദ്ധ്യം..."


"പക്ഷേ, ഞാൻ കേട്ടത് ജെഴ്സിയിൽ ഗെസ്റ്റപ്പോയുടെ സാന്നിദ്ധ്യം ഇല്ലെന്നാണല്ലോ..." സാറ പറഞ്ഞു.


"ഗെഹൈമെ ഫെൽഡ്പൊലീസൈ എന്നൊരു സംവിധാനമാണ്‌ ഔദ്യോഗികമായി അവിടെ പ്രവർത്തിക്കുന്നത്... എന്ന് വച്ചാൽ സീക്രട്ട് ഫീൽഡ് പോലീസ്... ജർമ്മൻ മിലിട്ടറി ഇന്റലിജൻസ് ആയ അബ്ഫെറിന്റെ നിയന്ത്രണത്തിലാണെന്നാണ് വയ്പ്പ്... എല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രം... പിന്നെ, ഒരു ബ്രിട്ടീഷുകാരി എന്ന നിലയിൽ നിങ്ങളെ അവർ ബുദ്ധിമുട്ടിക്കുമെന്ന് കരുതുന്നുമില്ല..." അയാൾ ചിരിച്ചു.


"മണ്ടത്തരം..." കിച്ചണിൽ നിന്ന് കോഫിയുമായി എത്തിയ സോഫി പറഞ്ഞു. "ജെഴ്സിയിൽ സീക്രട്ട് ഫീൽഡ് പോലീസിൽ ജോലി ചെയ്യുന്നവരിൽ അധികവും ഗെസ്റ്റപ്പോയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്..."


"അവർ എവിടെയാണ് തങ്ങിയിരിക്കുന്നത് എന്നറിയുമോ...?" സാറ ആരാഞ്ഞു.


"ഹാവിയർ ഡി പാസിലുള്ള സിൽവർടൈഡ് ഹോട്ടലിൽ... ആ സ്ഥലം പരിചയമുണ്ടോ...?"


"ഓ യെസ്..." അവൾ തല കുലുക്കി. "കൊച്ചു കുട്ടി ആയിരിക്കുമ്പോൾ ഞാൻ ഹാവിയർ ഡി പാസിൽ നീന്താൻ പോകുമായിരുന്നു..."


"ഗെസ്റ്റപ്പോ, സീക്രട്ട് ഫീൽഡ് പോലീസ്, SD, അബ്ഫെർ... എവിടെ ആയിരുന്നാലും ശരി, അപ്രതീക്ഷിതമായി വാതിൽക്കൽ മുട്ട് കേൾക്കുകയാണെങ്കിൽ, ഒരുവൻ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ, ആ പാവത്താനെ സംബന്ധിച്ചിടത്തോളം അത് ഗെസ്റ്റപ്പോ തന്നെയാണ്..." മാർട്ടിനോ പറഞ്ഞു.


"അതെ... അതു തന്നെയാണ് ജെഴ്സിയിലെയും അവസ്ഥ..." ജെറാർഡ്‌ പറഞ്ഞു. "പ്രദേശവാസികളുടെ കണ്ണിൽ അവർ ഗെസ്റ്റപ്പോകളാണ്... ലിയോൺസിലും പാരീസിലും ഒക്കെ നടക്കുന്നതുമായി താരതമ്യം ചെയ്താൽ ഇതൊരു മിക്കി-മൗസ് കളി മാത്രമാണ്... പക്ഷേ, ഒരു ക്യാപ്റ്റൻ മുള്ളർ ഉണ്ട്... താൽക്കാലിക കമാൻഡ് ഇൻ ചാർജ്...  അയാളെ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും... ഒപ്പം അയാളുടെ മുഖ്യ സഹായി ആയ ഇൻസ്പെക്ടർ ക്ലൈസ്റ്റിനെയും..."


"SS സേനാംഗങ്ങളാണോ അവർ...?"


"അതെനിക്കറിയില്ല... ഒരു പക്ഷേ അല്ലായിരിക്കാം... അവരെ ഒരിക്കലും യൂണിഫോമിൽ കാണാറില്ല... ഏതെങ്കിലും വൻനഗരത്തിലെ പോലീസ് ടീമിന്റെ സഹായികളാകാം... മൊത്തം ഇത്തരം ആൾക്കാരാണ്... തങ്ങളുടെ കഴിവ് തെളിയിച്ച് സ്ഥാനലബ്ധിയ്ക്കായി ഇറങ്ങിയിരിക്കുന്നവർ..." അയാൾ ചുമൽ വെട്ടിച്ചു. "ഗെസ്റ്റപ്പോയിൽ പ്രവർത്തിക്കാൻ നിങ്ങൾ ഒരു SS ഭടൻ ആകണമെന്നില്ല... എന്തിന്, ഒരു നാസി പാർട്ടി പ്രവർത്തകൻ പോലും ആകണമെന്നില്ല..."


"സത്യം..." മാർട്ടിനോ പറഞ്ഞു. "അതെന്തിങ്കിലുമാകട്ടെ, ജെഴ്സിയിൽ നിന്നും കെൽസോയെ പുറത്തെത്തിക്കുവാനുള്ള ഞങ്ങളുടെ ശ്രമത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു...?"


"തീർച്ചയായും എളുപ്പമല്ല തന്നെ... പൊതുജനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണമാണ് അവർ ഏർപ്പെടുത്തിയിരിക്കുന്നത്... ഒരു ചെറു ബോട്ടിൽ പുറത്തു കടക്കുക എന്നത് ഈ അവസരത്തിൽ തീർത്തും അസാദ്ധ്യമായിരിക്കും..."


"പ്രത്യേകിച്ചും, നടക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്‌ അദ്ദേഹമെങ്കിൽ......" സോഫി ചുമൽ വെട്ടിച്ചു.


"ഏതു നിമിഷവും നിങ്ങളുടെ ഫോൺ കോളിനായി SOE യിൽ ഈ വാരാന്ത്യത്തിൽ അവർ കാത്തു നിൽക്കുന്നുണ്ടാകും..." മാർട്ടിനോ പറഞ്ഞു. "പിക്ക് ചെയ്യാനായി ഞായറാഴ്ച്ച രാത്രിയിൽ ലൈസാൻഡർ അയക്കാനാണ്‌ പ്ലാൻ..."


പെട്ടെന്ന് ജെറാർഡ് പൊട്ടിച്ചിരിച്ചു. "എന്റെ മനസ്സിൽ ഒരു ഐഡിയ... നിങ്ങൾ ഒരു SS ഉദ്യോഗസ്ഥൻ ആണെന്നാണല്ലോ വയ്പ്പ്... എപ്പോൾ വേണമെങ്കിലും കെൽസോയെ അറസ്റ്റ് ചെയ്യാം നിങ്ങൾക്ക്... അങ്ങനെയാകുമ്പോൾ അദ്ദേഹത്തെ കണ്ടു പിടിക്കുക, അറസ്റ്റ് ചെയ്യുക... ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ...? എന്നിട്ട് അദ്ദേഹത്തെ ഔദ്യോഗികമായിത്തന്നെ ഇവിടെയെത്തിക്കുക... പിന്നെ എളുപ്പമല്ലേ...?"


"വളരെ നല്ല ആശയം..." സാറ പറഞ്ഞു. "പക്ഷേ, ഹെലൻ ആന്റിയെയും ജനറലിനെയും എന്തു ചെയ്യും...? അവരെയും അറസ്റ്റ് ചെയ്യേണ്ടി വരില്ലേ...?"


മാർട്ടിനോ തല കുലുക്കി. "ആശയം നല്ലത് തന്നെ... സാരമില്ല, വേറെന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് അവിടെയെത്തിയിട്ട്  ഞങ്ങൾ നോക്കട്ടെ..."


"അല്ലെങ്കിൽ പിന്നെ ഒരു വെടിയുണ്ട കൊണ്ട് കാര്യം അവസാനിപ്പിക്കുക..." ജെറാർഡ് പറഞ്ഞു. "അവർ പറയുന്നത് പോലെ അത്രയ്ക്കും ഗൗരവതരമാണ്‌ കാര്യങ്ങളെങ്കിൽ എന്നാണ് ഞാൻ ഉദ്ദേശിച്ചത്..."


"രക്ഷപെടാനുള്ള ഒരു അവസരത്തിന് അർഹനാണ് അദ്ദേഹവും..." മാർട്ടിനോ പറഞ്ഞു. "എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ അദ്ദേഹത്തെ ഞാൻ പുറത്തെത്തിച്ചിരിക്കും... അതല്ലെങ്കിൽ പിന്നെ........" മാർട്ടിനോ ചുമൽ വെട്ടിച്ചു. "ഇന്ന് രാത്രി തന്നെ ജെഴ്സിയിലേക്ക് പുറപ്പെടണം... സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്...?"


"മൂവിങ്ങ് ഓഫീസറുടെ ഓഫീസ് ഹാർബറിൽത്തന്നെയാണ്... അയാളാണ്‌ പാസ്സ് ഇഷ്യൂ ചെയ്യുന്നത്... നിങ്ങളുടെ കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല..."


"ഗുഡ്..." മാർട്ടിനോ പറഞ്ഞു. "അപ്പോൾ അതിന്റെ കാര്യത്തിലും തീരുമാനമായി..."


സോഫി നാലു ഗ്ലാസ്സുകളിൽ റെഡ് വൈൻ നിറച്ചു. "ഞാൻ നിങ്ങൾക്ക് ആശംസകളൊന്നും നേരാൻ പോകുന്നില്ല... ഒരു കാര്യം മാത്രം പറയാം..."


"എന്താണത്...?" മാർട്ടിനോ ചോദിച്ചു.


അവൾ സാറയുടെ ചുമലിൽ കൈയ്യിട്ട് തന്നോട് ചേർത്തു നിർത്തി. "ഈ കുട്ടിയെ എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി... അവിടെ എന്തു തന്നെ സംഭവിച്ചാലും ഇവളെ ജീവനോടെ തിരിച്ചെത്തിക്കണം... ഇവളെക്കൂടാതെയെങ്ങാനും നിങ്ങൾ ഇവിടെ തിരിച്ചെത്തിയാൽ, ഞാനായിരിക്കും നിങ്ങളുടെ തലയ്ക്കകത്തു കൂടി വെടിയുണ്ട പായിക്കുന്നത്... പറഞ്ഞില്ലെന്ന് വേണ്ട..."


പുഞ്ചിരിച്ചു കൊണ്ട് ഗ്ലാസ് ഉയർത്തി അവൾ അദ്ദേഹത്തിന് ചിയേഴ്സ് പറഞ്ഞു.


(തുടരും)


അടുത്ത ലക്കത്തിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, October 23, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 43

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ഗാവ്റേയിലുള്ള നാല്പത്തിയൊന്നാം പൻസർ ഗ്രനേഡിയേഴ്സ് ക്യാമ്പ് മെസ്സിലെ മേശയ്ക്ക് മുന്നിൽ ഇരിക്കുകയാണ് ഹെയ്നി ബാം. ഓഫീസർമാരുടെ ചിയേഴ്സ് വിളികളും ഹർഷാരവങ്ങളും എല്ലാം പുഞ്ചിരിയോടെ ഏറ്റുവാങ്ങിയ അയാൾ ശബ്ദഘോഷങ്ങൾ ഒടുങ്ങിയപ്പോൾ തല കുലുക്കിക്കൊണ്ട് നന്ദി പ്രകടിപ്പിച്ചു.


വിവിധ മെഡലുകളാൽ അലംകൃതമായ കറുത്ത പൻസർ യൂണിഫോം അണിഞ്ഞ റഷ്യൻ യുദ്ധനിരയിലെ വീരയോദ്ധാവും ആ റെജിമെന്റിലെ കേണലുമായ ചെറുപ്പക്കാരൻ എഴുന്നേറ്റു. "ഹെർ ഫീൽഡ് മാർഷൽ, താങ്കൾക്ക് വിരോധമില്ലെങ്കിൽ രണ്ട് വാക്ക് സംസാരിക്കാമോ...? എന്റെ ഓഫീസർമാരെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമായിരിക്കും അത്..."


ഹെയ്നി ബാം, വശത്തേക്ക് ഒന്ന് പാളി നോക്കി. ഹോഫറിന്റെ മുഖത്ത് തെല്ല് ആശങ്ക നിറഞ്ഞിരുന്നു. എന്നാൽ അത് അവഗണിച്ചു കൊണ്ട് എഴുന്നേറ്റ ഹെയ്നി തന്റെ യൂണിഫോമിന്റെ ട്യൂണിക്ക് നേരെയാക്കി. "ജെന്റിൽമെൻ... ഫ്യൂറർ നമ്മെ ഏൽപ്പിച്ചിരിക്കുന്ന ജോലി വളരെ ലളിതമാണ്... ശത്രുവിനെ നമ്മുടെ ബീച്ചുകളിൽ നിന്നും അകറ്റി നിർത്തുക... അതെ, ഞാൻ പറയുന്നു, നമ്മുടെ ബീച്ചുകളിൽ നിന്നും... അവിഭക്തമായ യൂറോപ്പാണ് നമ്മുടെ ലക്ഷ്യം... ആ ബീച്ചുകളിലാണ് നാം യുദ്ധം ജയിക്കാൻ പോകുന്നത്... തോൽവിയ്ക്കുള്ള യാതൊരു സാദ്ധ്യതയുമില്ല... ഫ്യൂററുടെ നിയോഗം ദൈവ നിശ്ചയമാണ്... അല്പമെങ്കിലും വകതിരിവുള്ളവർക്ക് അക്കാര്യത്തിൽ സംശയമൊന്നും ഉണ്ടാകില്ല..." ഓരോ വാക്കും അത്ഭുതത്തോടെ ആവേശഭരിതരായി ശ്രവിച്ചുകൊണ്ടിരിക്കുന്ന സൈനികർക്ക് അതിലെ യുക്തിയും യുക്തിരാഹിത്യവും ഒന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. അയാൾ തന്റെ നിറചഷകം ഉയർത്തി. "അതുകൊണ്ട്, ജെന്റിൽമെൻ, ജോയിൻ മീ... നമ്മുടെ ഫ്യൂറർ അഡോൾഫ് ഹിറ്റ്‌ലറിന് വേണ്ടി..."


"അഡോൾഫ് ഹിറ്റ്‌ലർ...!" അവർ ആർത്തുവിളിച്ചു.


ഹെയ്നി ബാം തന്റെ ഗ്ലാസ്സിലെ മദ്യം നെരിപ്പോടിലെ തീക്കനലുകൾക്ക് മുകളിലേക്ക് ഒഴിച്ചു. അത്ഭുതകരമെന്ന് പറയട്ടെ, അതിന്റെ ആവേശത്തിൽ ആ സൈനികർ എല്ലാവരും തങ്ങളുടെ ഗ്ലാസ്സുകൾ നെരിപ്പോടിനുള്ളിലേക്ക് കമഴ്ത്തി. ശേഷം, പുറത്തേക്കിറങ്ങിയ ഹെയ്നിയെയും ഹോഫറിനെയും കരഘോഷങ്ങളോടെ രണ്ടു വരികളിലായി അവർ അനുഗമിച്ചു. 


"നിങ്ങൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഞാൻ ഓർക്കേണ്ടതായിരുന്നു..." ക്രെസ്സിയിലേക്ക് കാറിൽ യാത്ര തിരിക്കവേ ഹോഫർ പറഞ്ഞു. അവിടെയുള്ള പഴയ ഒരു കൊട്ടാരത്തിലായിരുന്നു റോമലിന്റെ താൽക്കാലിക ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിച്ചിരുന്നത്.


"എന്താ, എന്റെ പ്രകടനം അത്ര മോശമായിരുന്നോ...?" ഹെയ്നി ബാം ചോദിച്ചു.


"എന്നല്ല ഞാൻ പറഞ്ഞത്... വാസ്തവത്തിൽ നിങ്ങളുടെ പ്രസംഗം ഗംഭീരമായിരുന്നു..."


"പറയുന്നത് അവിവേകമാണെങ്കിൽ പൊറുക്കണം ഹെർ മേജർ... നാടകീയമായ വാഗ്ദ്ധോരണികൾ പ്രയോഗിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ..." ഹെയ്നി പറഞ്ഞു.


"എനിക്ക് മനസ്സിലാവുന്നു..." ഹോഫർ പറഞ്ഞു. "സത്യം പറഞ്ഞാൽ, എന്ത് കേൾക്കാൻ അവർ ആഗ്രഹിച്ചുവോ അതു തന്നെയാണ് നിങ്ങളിൽ നിന്നും അവർ കേട്ടത്..."


'ഭ്രാന്ത്...' ഹെയ്നി മനസ്സിലോർത്തു. 'സമനില തെറ്റാത്തതായി ഞാൻ മാത്രമേയുള്ളോ ഇവിടെ...?' അപ്പോഴേക്കും അവരുടെ കാർ ആ കൊട്ടാരത്തിന്റെ അങ്കണത്തിൽ എത്തിയിരുന്നു. പാറാവുകാരുടെ സല്യൂട്ടുകൾ സ്വീകരിച്ചു കൊണ്ട് അയാൾ മുകളിലേക്കുള്ള പടവുകൾ ഓടിക്കയറി. തൊട്ടു പിന്നിൽത്തന്നെ ഹോഫറും ഉണ്ടായിരുന്നു. രണ്ടാം നിലയിലെ സ്വീറ്റിന് മുന്നിലാണ് അവർ ചെന്ന് നിന്നത്.


സ്റ്റഡീ റൂമിൽ അടച്ച് പൂട്ടി ഇരിക്കുകയായിരുന്ന ഫീൽഡ് മാർഷൽ ഇർവിൻ റോമൽ വാതിലിൽ മുട്ടിയത് ഹോഫർ ആണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം കതക് തുറന്നു. "എങ്ങനെയുണ്ടായിരുന്നു...?" അദ്ദേഹം ചോദിച്ചു.


"ഗംഭീരം..." ഹോഫർ പറഞ്ഞു. "ഉയർന്ന മാർക്കോടെയുള്ള വിജയം... താങ്കളുടെ ആ പ്രസംഗം താങ്കൾ ഒന്ന് കേൾക്കേണ്ടത് തന്നെ ആയിരുന്നു..."


"എക്സലന്റ്..." റോമൽ തല കുലുക്കി. "ചാനൽ ഐലന്റ്സിലെ കാര്യങ്ങളൊക്കെ ഭംഗിയായി മുന്നേറുന്നുണ്ടല്ലോ അല്ലേ...? ഗ്വെൺസിയിലെ വോൺ ഷ്മെറ്റോയുമായി സംസാരിച്ചുവോ...?"


"നേരിട്ട് സംസാരിച്ചിരുന്നു ഹെർ ഫീൽഡ് മാർഷൽ... അദ്ദേഹത്തിനുള്ള നിർദ്ദേശങ്ങൾ രേഖാമൂലം ലഭിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്... ഷെർബർഗ്ഗിലെ നേവൽ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും അറിയിച്ചത് പോലെ ഈയിടെയായി ദ്വീപുകൾക്കിടയിലുള്ള യാത്രകൾ മുഴുവനും രാത്രികാലങ്ങളിലാണ് നടത്തുന്നത്... വ്യോമമേഖലയിലെ ശത്രുവിമാനങ്ങളുടെ ആധിപത്യം തന്നെ കാരണം... അതിനാൽ കോൺഫറൻസിൽ പങ്കെടുക്കുവാനായി ജെഴ്സിയിൽ നിന്നും വ്യാഴാഴ്ച്ച രാത്രിയിലാണ് അവർ ഗ്വെൺസിയിലേക്ക് പുറപ്പെടുക... മടക്കയാത്ര ഞായറാഴ്ച്ച രാത്രിയിലും..."


"ഗുഡ്..." റോമൽ പറഞ്ഞു. "നേരം വെളുക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്കും ബെർഗറിനും ഒരു ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിൽ തിരിച്ചെത്താമെന്ന് സാരം... നിങ്ങൾ പറഞ്ഞത് പോലെ RAF ആധിപത്യം പുലർത്തുന്ന വ്യോമമേഖലയിലൂടെ..." അദ്ദേഹം ഹെയ്നിയുടെ നേർക്ക് തിരിഞ്ഞു. "എന്തു പറയുന്നു ബെർഗർ...?"


"എനിക്ക് തോന്നുന്നത്, ഒരു അഗ്നിഗോളമായി മേജറും ഞാനും കൂടി കടലിൽ പതിക്കുന്നതായിരിക്കും നല്ലതെന്നാണ്... ദി ഡെസർട്ട് ഫോക്സ് ഈസ് ഡെഡ്..." അയാൾ ചുമൽ വെട്ടിച്ചു. "ആ വാർത്തയുടെ ഭാവി സാദ്ധ്യതകൾ അനന്തമായിരിക്കുമെന്ന് താങ്കൾക്ക് സമ്മതിക്കാതിരിക്കാനാവില്ല ഹെർ ഫീൽഡ് മാർഷൽ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, October 15, 2021

നൈറ്റ് ഓഫ് ദി ഫോക്സ് – 42

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ഗ്രാൻവിലായിൽ നിന്നും വടക്ക് പടിഞ്ഞാറ് ഏഴ് മൈൽ അകലെയുള്ള എയർസ്ട്രിപ്പിനരികിലെ മരക്കൂട്ടങ്ങൾക്കിടയിൽ കാത്തു നിൽക്കുകയാണ് സോഫിയാ ക്രെസ്സൺ. ആരെയും ഒപ്പം കൂട്ടാതെ തനിയേ എത്തിയ അവൾ തന്റെ പഴയ റെനോ വാനിൽ ചാരി നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. വാനിന്റെ ഡോർ തുറന്നിട്ടിരിക്കുന്നതിന്റെ ഉദ്ദേശ്യം പാസഞ്ചർ സീറ്റിൽ വച്ചിട്ടുള്ള സ്റ്റെൻഗൺ ആവശ്യം വന്നാൽ ഞൊടിയിടയിൽ എടുക്കുക എന്നതായിരുന്നു. ബാറ്ററിയിൽ ഓപ്പറേറ്റ് ചെയ്യുന്ന ഒരു റേഡിയോ ബീക്കണും വണ്ടിക്കുള്ളിൽ ഉണ്ട്. മാർട്ടിനോയും സാറയും ഹോൺലി ഫീൽഡിൽ നിന്നും ടേക്ക് ഓഫ് ചെയ്തു എന്ന സന്ദേശം ജെറാർഡിന് എത്തുന്നത് വരെ അവൾ ബാറിൽത്തന്നെ ഇരിക്കുകയായിരുന്നു. ഈ കാര്യത്തിൽ സമയക്ലിപ്തത അത്രയ്ക്കും പ്രാധാന്യമുള്ളതാണല്ലോ.


തണുപ്പിൽ നിന്നും രക്ഷയ്ക്കായി ചെവികൾ മൂടുന്ന ഒരു കമ്പിളിത്തൊപ്പിയും ഷർട്ടിന് മുകളിൽ ജെറാർഡിന്റെ ഒരു പഴയ ഹണ്ടിങ്ങ് കോട്ടും ആണ് അവൾ ധരിച്ചിരുന്നത്. വഴി മദ്ധ്യേ കണ്ടുമുട്ടാനിടയുള്ള സെക്യൂരിറ്റി പട്രോൾ സംഘത്തെക്കുറിച്ചൊന്നും അവൾക്ക് വേവലാതി ഉണ്ടായിരുന്നില്ല. ഗ്രാൻവിലാ പ്രദേശത്തുള്ള സൈനികരെയെല്ലാം അവൾക്ക് പരിചയമുണ്ടായിരുന്നു. അതുപോലെ തന്നെ അവർക്ക് അവളെയും. പോലീസുകാരാണെങ്കിൽ സൈനികർ പറയുന്നതിനപ്പുറം ഒരു പ്രവൃത്തിയ്ക്കും പോകാറുമില്ല. ചുരുക്കത്തിൽ അവളുടെ അറിവിൽപ്പെടാത്തതായി ഒന്നും തന്നെ ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല എന്ന് പറയാം. വാനിന്റെ പിൻഭാഗത്ത് ഏതാനും ചത്ത കോഴികളെയും പ്രാവുകളെയും കൂട്ടിയിട്ടിട്ടുണ്ട്. അഥവാ എന്തെങ്കിലും ചെക്കിങ്ങ് ഉണ്ടാവുകയാണെങ്കിൽ കരിഞ്ചന്തയിലേക്ക് കൊണ്ടുപോകുന്ന ഇറച്ചിക്കോഴികൾ ആണെന്ന് കരുതിക്കൊള്ളും.


വാച്ചിൽ നോക്കിയിട്ട് അവൾ റേഡിയോ ബീക്കൺ സ്വിച്ച് ഓൺ ചെയ്തു. പിന്നെ വാനിൽ നിന്നും മൂന്ന് ടോർച്ചുകൾ എടുത്ത് എയർസ്ട്രിപ്പിലേക്ക് ഓടിച്ചെന്ന് ‘L’ തല തിരിച്ചു വച്ച ആകൃതിയിൽ മുകളിലേക്ക് കുത്തി നിർത്തി തെളിയിച്ചു വച്ചു. ശേഷം തിരികെ വാനിന് അടുത്തു വന്ന് വിമാനത്തിൽ നിന്നുള്ള സിഗ്നലിനായി കാത്തു നിന്നു.


                                                      ***


അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഇല്ലാത്തൊരു വ്യോമയാത്രയായിരുന്നു അവരുടേത്. ഇതുപോലുള്ള നാല്പതിലധികം ദൗത്യങ്ങൾ നിർവ്വഹിച്ചിട്ടുള്ള ലെഫ്റ്റനന്റ് പീറ്റർ ഗ്രീനിന് മറ്റൊരു യാത്ര കൂടി. ഫ്രഞ്ച് തീരത്തോടടുക്കുമ്പോൾ റഡാർ കവറേജിന് താഴെക്കൂടി പറക്കുന്നതാണ് ഉത്തമം എന്ന വിദഗ്ദ്ധാഭിപ്രായങ്ങളിലൊന്നും അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. ഒരു തവണ ആ വിദ്യ പരീക്ഷിച്ച അവസരത്തിൽ റോയൽ നേവിയുടെ കപ്പലിൽ നിന്നുള്ള പീരങ്കിയാക്രമണമാണ് നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ 8000 അടി ഉയരത്തിൽ ഷെർബർഗ് ഉപഭൂഖണ്ഡത്തിന് മുകളിലെത്തിയ അദ്ദേഹം ആ ലൈസാൻഡറിനെ അല്പം തെക്ക് ദിശയിലേക്ക് തിരിച്ചു.

 

“ഇനി പതിനഞ്ച് മിനിറ്റ് മാത്രം റെഡിയായിരുന്നോളൂഇന്റർകോമിലൂടെ അദ്ദേഹം മുന്നറിയിപ്പ് കൊടുത്തു.

 

ഏതെങ്കിലും നൈറ്റ് ഫൈറ്ററുകൾ വഴി മുടക്കാൻ സാദ്ധ്യതയുണ്ടോ?” മാർട്ടിനോ ചോദിച്ചു.

 

സാദ്ധ്യത കുറവാണ് ജർമ്മനിയിലെ വിവിധ പട്ടണങ്ങളിൽ ആക്രമണം നടത്തുന്ന നമ്മുടെ യുദ്ധവിമാനങ്ങളെ നേരിടാനായി ഫ്രാൻസിലുള്ള നൈറ്റ് ഫൈറ്ററുകളെയെല്ലാം അവർ നിയോഗിച്ചിട്ടുണ്ടാവും

 

നോക്കൂസാറ ഇടയിൽ കയറി പറഞ്ഞു. “താഴെ ലൈറ്റുകൾ കാണാനുണ്ട്

 

പെട്ടെന്ന് ആൾട്ടിറ്റ്യൂഡ് കുറച്ച അവർക്ക് ആ ‘L’ അടയാളം വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. “ദാറ്റ്സ് ഇറ്റ്ഗ്രീൻ പറഞ്ഞു. “മുമ്പ് രണ്ട് തവണ ഞാനിവിടെ ലാൻഡ് ചെയ്തിട്ടുണ്ട് അതുകൊണ്ട് യാതൊരു ചിന്താക്കുഴപ്പവുമില്ല ഇൻ ആന്റ് ഔട്ട് വെരി ഫാസ്റ്റ് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമല്ലോ കേണൽ?”

 

മരക്കൂട്ടങ്ങൾക്ക് മുകളിലൂടെ പറന്നെത്തി ആ പുൽമൈതാനത്തിൽ നിലം തൊട്ട വിമാനം ലൈറ്റിന് സമാന്തരമായി ഓടി നിശ്ചലമായി. ഒരു കൈയ്യിൽ സ്റ്റെൻഗണ്ണുമായി മറുകൈ വീശിക്കൊണ്ട് സോഫി ക്രെസ്സൺ വിമാനത്തിനരികിലേക്ക് ഓടിയെത്തി. ഡോർ തുറന്ന് സ്യൂട്ട്കെയ്സുകൾ താഴേക്കെറിഞ്ഞിട്ട് മാർട്ടിനോ പുറത്തിറങ്ങി. ശേഷം സാറയെ ഇറങ്ങുവാൻ സഹായിച്ചു. അവൾ ഇറങ്ങിയതും പീറ്റർ ഗ്രീൻ ഡോർ വലിച്ചടച്ച് ലോക്ക് ചെയ്തു. ഫുൾ ത്രോട്ട്‌ൽ ലഭിച്ചതോടെ കർണ്ണകഠോരമായ ശബ്ദത്തോടെ മുന്നോട്ട് കുതിച്ച ലൈസാൻഡർ മൈതാനത്തിന്റെ അറ്റത്ത് ചെന്ന് പറന്നുയർന്നു.

 

വരൂ, നമുക്കിവിടെ നിന്ന് പുറത്ത് കടക്കാം നിങ്ങളുടെ സ്യൂട്ട്കെയ്സുകൾ വണ്ടിയിൽ എടുത്തു വച്ചോളൂ അപ്പോഴേക്കും ഞാൻ ആ ടോർച്ചുകൾ എടുത്തുകൊണ്ടു വരട്ടെവാനിന്റെ പിൻവാതിൽ തുറന്ന് കൊടുത്തു കൊണ്ട് സോഫി പറഞ്ഞു. “ഈ ബാരലുകളുടെ പിന്നിൽ ഒളിച്ചിരിക്കാൻ ധാരാളം സ്ഥലമുണ്ട് പേടിക്കേണ്ട കാര്യമൊന്നുമില്ല ഈ പ്രദേശം കാണാപാഠമാണെനിക്ക് അഥവാ അവരെങ്ങാനും തടഞ്ഞാൽത്തന്നെ ഒന്നോ രണ്ടോ കോഴിയെയും എടുത്ത് സ്ഥലം വിടുകയേയുള്ളൂ

 

എല്ലായിടത്തും ഇങ്ങനെയൊക്കെത്തന്നെയാണല്ലേ…?സാറ ചോദിച്ചു.

 

ങ്ഹെ ബ്രെറ്റൻ പെൺകൊടിയോ!” സാറയുടെ മുഖത്തേക്ക് ടോർച്ച് അടിച്ച് നോക്കിയിട്ട് സോഫി അത്ഭുതം കൂറി. “മൈ ഗോഡ്, വന്ന് വന്ന് കൊച്ചു പെൺകുട്ടികളെയും അയച്ചു തുടങ്ങിയോ അവർ?” അവൾ ചുമൽ വെട്ടിച്ചു. “എന്തായാലും ശരി, പെട്ടെന്ന് വണ്ടിയിൽ കയറൂ നമുക്ക് പോകാം

 

സോഫി വാൻ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കവെ ബാരലുകൾക്ക് പിന്നിൽ നിലത്ത് ഇരിക്കുന്ന സാറയുടെ കാൽമുട്ട് മാർട്ടിനോയുടെ ദേഹത്ത് സ്പർശിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒടുവിൽ അത് യാഥാർത്ഥ്യമായിരിക്കുന്നു ഇനി കളിയില്ല കാര്യം മാത്രം അവൾ മനസ്സിലോർത്തു. ഹാൻഡ്ബാഗ് തുറന്ന് ആ വാൾട്ടർ PPK തോക്ക് കെയ്സിനുള്ളിൽത്തന്നെയുണ്ടെന്ന് അവൾ ഉറപ്പ് വരുത്തി. കെല്ലി അവൾക്ക് സമ്മാനിച്ച ആ ചെറിയ ബെൽജിയൻ ഓട്ടോമാറ്റിക്ക് ഗൺ അവശ്യഘട്ടത്തിൽ അവൾക്ക് അത് ഉപയോഗിക്കാനാവുമോ? അവസരം വരുമ്പോൾ മാത്രമേ പറയാൻ കഴിയൂ മാർട്ടിനോ ഒരു സിഗരറ്റിന് തീ കൊളുത്തി അവൾക്ക് നൽകി. ശ്വാസകോശങ്ങൾക്കുള്ളിൽ പുക എത്തിയപ്പോൾ അവൾക്ക് അനുഭവപ്പെട്ട ആശ്വാസം ചെറുതായിരുന്നില്ല. വാനിന്റെ ഒരു വശത്തേക്ക് ചാരിയിരുന്ന് വീണ്ടും പുകയെടുക്കവെ അവൾക്കുള്ളിൽ ആവേശം നുരയുകയായിരുന്നു.

 

                                                         ***

 

ഉറക്കമുണർന്ന സാറ കോട്ടുവായിട്ട് കൈകൾ നീട്ടി മൂരി നിവർത്തി. സമയം മദ്ധ്യാഹ്നമായിരിക്കുന്നു. മേൽക്കൂരയോട് തൊട്ട് ചേർന്നുള്ള ആ ബെഡ്റൂമിൽ കാര്യമായി ഫർണീച്ചറുകൾ ഒന്നും ഇല്ലെങ്കിലും ആവശ്യത്തിനും മാത്രം സൗകര്യങ്ങൾ ഉണ്ടായിരുന്നു. പുതയ്ക്കാൻ ഉപയോഗിച്ചിരുന്ന ഷീറ്റ് ഒരു വശത്തേക്ക് മാറ്റി വച്ചിട്ട് എഴുന്നേറ്റ് അവൾ ജാലകത്തിനരികിലേക്ക് ചെന്നു. മതിലിനപ്പുറം ഹാർബറിന്റെ ദൃശ്യം തികച്ചും മനോഹരമായിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു. ഒരു ട്രേയിൽ കോഫിയുമായി എത്തിയ സോഫി ആയിരുന്നു അത്.

 

“ആഹാ, എഴുന്നേറ്റോ?” സോഫി ചോദിച്ചു.

 

“ഇപ്പോൾ അല്പം ഉന്മേഷം തോന്നുന്നു” ട്രേയിൽ നിന്നും കോഫി ഗ്ലാസ് എടുത്ത് സാറ ജാലകത്തിനരികിലെ കസേരയിൽ ഇരുന്നു.

 

സോഫി ഒരു സിഗരറ്റിന് തീ കൊളുത്തി. “നിങ്ങൾ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ?”

 

“പല തവണ എന്റെ അമ്മ ഡു വിലാ കുടുംബത്തിലെ അംഗമാണ് പാതി ജെഴ്സി, പാതി ബ്രെറ്റൻ എന്നു പറയാം എന്റെ മുത്തശ്ശി ജനിച്ചത് പൈംപോളിലാണ് ചെറിയ കുട്ടിയായിരിക്കുമ്പോൾ ദ്വീപിൽ നിന്നും ഇടയ്ക്കിടെ ഗ്രാൻവിലായിൽ വരാറുണ്ടായിരുന്നു ആ ഹാർബറിന് മുന്നിൽ ഒരു ഫിഷർമെൻസ് കഫേ ഉണ്ടായിരുന്നല്ലോ രുചികരമായ കോഫിയും ലോകത്തിലെ ഏറ്റവും സ്വാദിഷ്ടമായ സാൻഡ്‌വിച്ചും അവിടെ ലഭിക്കുമായിരുന്നു

 

“അതൊന്നും ഇപ്പോഴില്ല” സോഫി പറഞ്ഞു. “യുദ്ധം എല്ലാം മാറ്റി മറിച്ചിരിക്കുന്നു അതാ, അങ്ങോട്ട് നോക്കൂ

 

ജലയാനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു ആ ഹാർബർ. റൈൻ ബാർജുകൾ, മൂന്ന് കോസ്റ്ററുകൾ, പിന്നെ ജർമ്മൻ നേവിയുടെ കുറേ നൗകകൾ വാർഫിൽ വരിയായി നിർത്തിയിട്ടിരിക്കുന്ന ട്രക്കുകളിൽ നിന്നും സാധനങ്ങൾ ഇറക്കി ബാർജുകളിലേക്ക് കയറ്റുകയാണ് തുറമുഖത്തൊഴിലാളികൾ.

 

“ആ ബാർജുകളെല്ലാം ഇന്ന് രാത്രി ദ്വീപുകളിലേക്ക് പുറപ്പെടാനുള്ളതായിരിക്കും അല്ലേ?” സാറ ചോദിച്ചു.

 

“അതെ കുറെയെണ്ണം ജെഴ്സിയിലേക്ക് ബാക്കി ഗ്വെൺസിയിലേക്കും

 

“ഇവരെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?”

 

“ജർമ്മൻ സൈനികരോ?” സോഫി ചുമൽ വെട്ടിച്ചു. “നോക്കൂ, ഞാനൊരു പ്രായോഗികമതിയാണ് എനിക്കാരോടും വെറുപ്പില്ല ഫ്രാൻസിൽ നിന്നും ഇവരെ പുറത്താക്കണമെന്നേ എനിക്കുള്ളൂ

 

“ഇവരുടെ ക്രൂരതകളെക്കുറിച്ച് വളരെയേറെ കേട്ടിട്ടുണ്ട് ഇംഗ്ലണ്ടിൽ എവിടെയും അതാണ് സംസാര വിഷയം

 

“ശരിയാണ്” സോഫി പറഞ്ഞു. “SS ഉം ഗെസ്റ്റപ്പോയും ശരിക്കും പിശാചുക്കൾ തന്നെ സാധാരണ ജനങ്ങൾക്കെന്ന പോലെ ജർമ്മൻ സൈനികർക്കും അവരെ ഭയമാണ് ഒന്നോർത്താൽ ഗെസ്റ്റപ്പോ ഭടന്മാരെപ്പോലെ തന്നെ ദുഷ്ടന്മാർ നമ്മുടെ ആൾക്കാരുടെ ഇടയിലും ഉണ്ടെന്നതാണ് വാസ്തവം ഡർനാൻ മിലിഷ്യയിലെ അംഗങ്ങൾ നാസികളോടൊപ്പം ചേർന്ന് ഫ്രഞ്ച് പ്രതിരോധ പ്രവർത്തകരെ ഒറ്റിക്കൊടുക്കുന്ന ഫ്രഞ്ചുകാർ...

 

“വല്ലാത്ത കഷ്ടം തന്നെ” സാറ പറഞ്ഞു.

 

“ഇതാണ് ജീവിതം കുട്ടീ ആരെയും നമുക്ക് വിശ്വസിക്കാൻ കഴിയില്ലെന്ന് സാരം അത് പോട്ടെ, ഡ്രെസ് ചെയ്ത് താഴേക്ക് വരൂ നമുക്ക് ഭക്ഷണം കഴിക്കാം

 

(തുടരും)

 

 അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...