Friday, November 5, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 45

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം - ഒമ്പത്


സ്ലാപ്റ്റൺ തീരത്തെ ആക്രമണത്തിന് ശേഷം ഷെർബർഗ്ഗിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ഷ്നെൽബൂട്ട് ഫ്ലോട്ടില്ലയിലെ മൂന്ന് E-ബോട്ടുകളോട് താൽക്കാലികമായി ഗ്വെൺസിയിലേക്ക് തിരിക്കാനാണ്‌ ജർമ്മൻ നേവി ആവശ്യപ്പെട്ടത്. ചാനൽ ഐലന്റ്സിന് സമീപം സർവ്വീസ് നടത്തുന്ന കോൺവോയ്കൾക്ക് അകമ്പടി നൽകുവാനായിരുന്നു അത്. അതിലൊരു കപ്പലായ S92 ഇപ്പോൾ ഗ്രാൻവിലാ ഹാർബറിലാണ്‌ നങ്കൂരമിട്ടിരിക്കുന്നത്.


ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. കോൺവോയ് പുറപ്പെടാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട തിരക്കും ബഹളവുമാണ്‌ ഹാർബറിൽ എമ്പാടും. ഡെക്കിന് പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ബോഫോഴ്സ് 40mm പീരങ്കി പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ചീഫ് പെറ്റി ഓഫീസർ ഹാൻസ് റിക്ടർ. തൊട്ടരികിലായി നങ്കൂരമിട്ടിരിക്കുന്ന വിക്ടർ യൂഗോ എന്ന ചരക്കു കപ്പലിന്റെ ഡെക്കിലേക്ക് അയാൾ കണ്ണോടിച്ചു. വാർഫിൽ നിന്നും ചരക്കുകൾ കപ്പലിൽ എത്തിക്കുന്ന തിരക്കിലാണ്‌ തുറമുഖ തൊഴിലാളികൾ. കപ്പലിന്റെ ഉൾഭാഗം നിറഞ്ഞു കഴിഞ്ഞതിനാൽ കൽക്കരിച്ചാക്കുകളും വൈക്കോൽക്കെട്ടുകളും  എല്ലാം ഡെക്കിൽ അടുക്കി വച്ചുകൊണ്ടിരിക്കുകയാണവർ. ചുരുക്കത്തിൽ കാൽ കുത്താൻ ഇടമില്ലാത്ത വിധമായിരിക്കുന്നു ആ കപ്പലിന്റെ ഡെക്ക്.


വ്യോമാക്രമണ പ്രതിരോധത്തിനായി ഏതാനും 7.92mm മെഷീൻ ഗണ്ണുകളും ഒരു ബോഫോഴ്സ് ഗണ്ണും മാത്രമേ വിക്ടർ യൂഗോയുടെ ഡെക്കിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ശക്തിയേറിയ സെർച്ച് ലൈറ്റുകളും തെളിയിച്ചു കൊണ്ട് ഇരുട്ടിന്റെ മറവിൽ നി‌ന്നും പൊടുന്നനെ ഇരച്ചെത്തുന്ന ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ബ്രിസ്റ്റൾ ബ്യൂഫൈറ്ററുകളെ നേരിടാൻ ആ സംവിധാനം ഒട്ടും പര്യാപ്തമായിരുന്നില്ല എന്ന് വേണം പറയാൻ. ഇക്കാര്യത്തിൽ ലുഫ്ത്‌വാഫിന്റെ യുദ്ധവിമാനങ്ങൾക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. വിക്ടർ യൂഗോയുടെ മാസ്റ്റർ സവരിയും ഗൺ ക്രൂവിന്റെ കമാൻഡിങ്ങ് ഓഫീസറായ ഇറ്റാലിയൻ സ്വദേശി ലെഫ്റ്റനന്റ് ഗ്വിഡോ ഓർസിനിയും കപ്പലിന്റെ ബ്രിഡ്ജിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് റിക്ടർ കണ്ടു. പതിവ് പോലെ വെള്ള ക്യാപ്പും കഴുത്തിൽ സ്കാർഫും ഒക്കെയായി ആകർഷകമായ വേഷത്തിലാണ് ഓർസിനി. ടറാന്റോ തീരത്തിനടുത്ത് വച്ച് ഒരു ബ്രിട്ടീഷ് യുദ്ധക്കപ്പലിനെ മുക്കിയ ചരിത്രമൊക്കെയുള്ള ആളാണെന്നാണ് പറയപ്പെടുന്നത്. അതിന് ശേഷമാണ് ഒരു E-ബോട്ട് കമാൻഡറായി അഞ്ചാം ഷ്നെൽബൂട്ട് ഫ്ലോട്ടില്ലയിലേക്ക് മാറ്റം ലഭിക്കുന്നത്. എങ്കിലും ഈയിടെയായി അപ്രധാനമായ ഡ്യൂട്ടികൾക്ക് മാത്രമാണ്‌ ജർമ്മൻകാർ അയാളെ നിയോഗിക്കുന്നത്. ഇറ്റാലിയൻസിനെ അവർ അത്ര വിശ്വാസത്തിലെടുക്കുന്നില്ല എന്നത് തന്നെ ആയിരുന്നു കാരണം. മാത്രവുമല്ല, ഇറ്റാലിയൻ നാവികരിൽ ഭൂരിഭാഗവും സഖ്യകക്ഷികൾക്ക് വേണ്ടിയാണ്‌ ഇപ്പോൾ പ്രവർത്തിച്ചു പോരുന്നതും.


റിക്ടർ നോക്കിക്കൊണ്ടിരിക്കവെ ഗ്വിഡോ ഓർസിനി ലാഡർ വഴി ഗാങ്ങ്‌വേയിലേക്കിറങ്ങി വാർഫിലെ പോർട്ട് ഓഫീസറുടെ കൂടാരത്തിലേക്ക് നടന്നു. റിക്ടർ തിരിഞ്ഞ് തന്റെ ജോലിയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുമ്പോഴാണ് താഴെ നിന്നും ഒരാളുടെ സ്വരം കേട്ടത്. "പെറ്റി ഓഫീസർ...!"


റിക്ടർ റെയിലിന് മുകളിലൂടെ വാർഫിലേക്ക് നോക്കി. കപ്പലിന് സമീപം ഏതാനും അടി ദൂരത്തിൽ ഒരു SS ഓഫീസർ...! യൂണിഫോമിന് മുകളിൽ ഒരു കറുത്ത ലെതർ ട്രെഞ്ച് കോട്ട് ധരിച്ചിരിക്കുന്ന അയാളുടെ ക്യാപ്പിലെ സിൽവർ ഡെത്ത് ഹെഡ്  ബാഡ്ജ് പോക്കുവെയിലിൽ തിളങ്ങുന്നുണ്ടായിരുന്നു. ഒരു ഫുൾ കേണൽ എന്ന് സൂചിപ്പിക്കുന്ന കോളർ പാച്ചിലെ ഓക്ക് ലീവ്സ് ദൃഷ്ടിയിൽ പെട്ടതോടെ റിക്ടറുടെ ഉള്ളം കിടുങ്ങി. 


റിക്ടർ പൊടുന്നനെ കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നിട്ട് ചോദിച്ചു. "സ്റ്റാൻഡർടൻഫ്യൂറർ... എന്ത് സഹായമാണ് ഞാൻ അങ്ങേയ്ക്ക് ചെയ്യേണ്ടത്...?"


ആ കേണലിനെ തൊട്ടുരുമ്മി നിൽക്കുന്ന അത്യന്തം സുന്ദരിയായ യുവതിയെ നോക്കാതിരിക്കാൻ അയാൾക്കായില്ല. കറുത്ത ഹാറ്റ്, ബെൽറ്റുള്ള റെയിൻകോട്ട്, ഹാംബർഗ്ഗിൽ വീട്ടിലുള്ള തന്റെ മകളുടേത് പോലെ വെള്ളി നിറമുള്ള മുടി... ഇയാളെപ്പോലൊരു SS ബാസ്റ്റർഡിന് ഒട്ടും ചേരാത്ത അത്രയും ചെറുപ്പമാണല്ലോ ഇവൾ എന്ന് റിക്ടർ മനസ്സിലോർത്തു.


"നിങ്ങളുടെ കമാൻഡിങ്ങ് ഓഫീസർ കപ്പിത്താൻ ലെഫ്റ്റെനന്റ് ഡൈട്രിച്ച് തന്നെയാണ് കോൺവോയ് നയിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കു‌ന്നു... അദ്ദേഹം ഇപ്പോൾ കപ്പലിലുണ്ടോ...?" മാർട്ടിനോ ചോദിച്ചു.


"ഇല്ല..."


"എവിടെയാണദ്ദേഹം...?"


"പോർട്ട് ഓഫീസറുടെ കൂടാരത്തിൽ... ആ കാണുന്ന പച്ച നിറമുള്ള ടെന്റ്, സ്റ്റാൻഡർടൻഫ്യൂറർ..."


"ഗുഡ്... അദ്ദേഹത്തോട് ഒന്ന് സംസാരിക്കാനുണ്ട്..." താഴെ വച്ചിരിക്കുന്ന രണ്ട് സ്യൂട്ട്കെയ്സുകളുടെ നേരെ നോക്കിയിട്ട് മാർട്ടിനോ തുടർന്നു. "ഇവ കപ്പലിൽ എടുത്തു വയ്ക്കാൻ ഏർപ്പാടാക്കൂ... നിങ്ങളോടൊപ്പം ഞങ്ങളും ജെഴ്സിയിലേക്ക് യാത്ര ചെയ്യുന്നു..."


ഇടിത്തീ പോലെ അപ്രതീക്ഷിതമായിരുന്നു റിക്ടറിന് ആ വാക്കുകൾ. നടന്നകലുന്ന മാർട്ടിനോയെയും സാറയെയും നോക്കി അയാൾ അമ്പരപ്പോടെ നിന്നു. പിന്നെ, അവർ തമ്മിലുള്ള സംഭാഷണം ആകാംക്ഷയോടെ ശ്രദ്ധിക്കുകയായിരുന്ന ചെറുപ്പക്കാരനായ നാവികന് നേർക്ക് തിരിഞ്ഞു. "അദ്ദേഹം പറഞ്ഞത് കേട്ടല്ലോ... ആ സ്യൂട്ട്കെയ്സുകൾ കപ്പലിലേക്ക് എടുത്ത് വയ്ക്കൂ..."


"അദ്ദേഹം SD യിൽ നിന്നുമാണ്... താങ്കൾ ശ്രദ്ധിച്ചിരുന്നോ...?" ആ നാവികൻ ചോദിച്ചു.


"അതെ... ഞാൻ ശ്രദ്ധിച്ചിരുന്നു..." റിക്ടർ പറഞ്ഞു. ‌"എന്തായാലും ആ സ്യൂട്ട്കെയ്സുകൾ എടുത്തു വയ്ക്കൂ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

14 comments:

  1. ങ്ങനെ അവർ യാത്ര തുടങ്ങാൻ പോകുന്നു.☺️

    ReplyDelete
  2. യാത്ര തുടങ്ങി അല്ലേ..പോയി തകർത്തിട്ട് വാ മക്കളെ

    ReplyDelete
    Replies
    1. മാക്സ് ഫോഗെലും ആൻ മാരി ലത്വായും ആയി വേഷപ്രച്ഛന്നരായി...

      Delete
  3. എന്നാൽ വാ... സമയം കളയാതെ യാത്ര തുടരാം

    ReplyDelete
    Replies
    1. ഇനി യാത്രാമദ്ധ്യേ എന്തൊക്കെ കാണാനിരിക്കുന്നു...!

      Delete
  4. ബോഫോഴ്സ് എന്ന പേര് ഇന്ത്യക്കാർ പെട്ടെന്നൊന്നും മറക്കുമെന്ന് തോന്നുന്നില്ല.

    നിർണായകമായ യാത്രയുടെ ആരംഭം!

    ReplyDelete
    Replies
    1. അതെ...ആ ബോഫോഴ്സ് തന്നെ ഈ ബോഫോഴ്സ്...

      Delete
  5. ബോഫോഴ്സ് അന്നേ ഉണ്ടല്ലേ. യാത്രയുടെ കാര്യങ്ങൾ എന്താവുമോ എന്തോ

    ReplyDelete
    Replies
    1. ഉണ്ടോന്നോ... ആളെ ശരിക്കങ്ങട് മനസ്സിലായില്യാന്ന് തോന്ന്‌ണൂ...😛

      യാത്ര സംഭവ ബഹുലമായിരിക്കും സുകന്യാജീ...

      Delete
  6. തോക്കുകളുടെ കാരണവർ ബോഫേഴ്സ് അണ്ണനും കഥാപാത്രമായി ഉണ്ടല്ലൊ

    ReplyDelete