Saturday, June 25, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 68

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം പന്ത്രണ്ട്


അടുത്ത പ്രഭാതം. സിവിൽ അഡ്മിനിസ്ട്രേഷൻ കമാൻഡർ കേണൽ ഹെയ്നും സംഘവും ഡൈട്രിച്ചിന്റെ E-ബോട്ടിൽ ഗ്വെൺസിയിലേക്ക് പുറപ്പെടുന്നതും വീക്ഷിച്ചുകൊണ്ട് ആൽബർട്ട്പിയറിന്റെ മുകൾത്തട്ടിൽ നിൽക്കുകയാണ് മാർട്ടിനോ. ഹാർബറിൽ നിന്നും കപ്പൽ നീങ്ങിയതും അദ്ദേഹം കടൽഭിത്തിയിൽ ചാരി ഓർസിനിയെയും കാത്തു നിന്നു. പോമെ ദിയോർ ഹോട്ടലിലെ ക്രീഗ്സ്മറീൻ ഹെഡ്ക്വാർട്ടേഴ്സിലേക്ക് പോയിരിക്കുകയാണ് ഓർസിനി.


കഴിഞ്ഞ രാത്രിയിൽ ഫ്രഞ്ച് ജാലകത്തിന്റെ കർട്ടൻ വകഞ്ഞുമാറ്റിയുള്ള ആ ഇറ്റാലിയന്റെ ആഗമനം തികച്ചും നാടകീയവും അപ്രതീക്ഷിതവുമായിരുന്നു. എങ്കിലും അയാളുടെ സഹായ വാഗ്ദാനം വിശ്വസനീയമായിട്ടാണ് തോന്നിയത്. അഥവാ ഇനി ഒരു കടുത്ത ഫാസിസ്റ്റാണ്‌ അയാൾ എന്നിരുന്നാൽത്തന്നെയും അയാളുടെ ഇപ്പോഴത്തെ നിലപാടിനെ സംശയിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. യുദ്ധത്തിൽ അന്തിമവിജയം സഖ്യകക്ഷികൾക്കാണെന്ന് ഉറപ്പായ നിലയ്ക്ക് ഇറ്റലിയിൽ മുസ്സോളിനിയുടെ കടുത്ത അനുയായികൾ പോലും മറുപക്ഷത്തേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണ്. എന്തൊക്കെയായാലും അത്തരക്കാരനല്ല ഓർസിനി. ഹെലനും ഗാലഗറും അക്കാര്യത്തിൽ ഉറപ്പ് നൽകുന്നുമുണ്ട്. അതിനേക്കാളുപരി സാറയുടെ ഉറപ്പിന്മേലാണ്‌ ഓർസിനിയെ വിശ്വസിക്കാം എന്ന തീരുമാനത്തിൽ മാർട്ടിനോ എത്തിച്ചേർന്നത്.


അവിടെ നിന്നിരുന്ന ക്രീഗ്സ്മറീനിലെ നാവികരെ സല്യൂട്ട് ചെയ്തുകൊണ്ട് പടവുകൾ കയറി വന്ന ഓർസിനി മാർട്ടിനോയുടെ അരികിലെത്തി. "വരൂ, നമുക്ക് ഈ കടൽപ്പാലത്തിന്റെ അറ്റത്തേക്ക് നടക്കാം..." അയാൾ പറഞ്ഞു.


"പുതിയതായി എന്തെങ്കിലും...?" മുന്നോട്ട് നീങ്ങവെ മാർട്ടിനോ ആരാഞ്ഞു.


"ഒരു സാദ്ധ്യത തെളിയുന്നുണ്ട്... ഞായറാഴ്ച്ച പുലർച്ചെ ഗ്വെൺസിയിൽ നിന്നും ഒരു കോൺവോയ് ഇവിടെ എത്തുന്നുണ്ട്... ആ സംഘത്തിലെ ജൻ ക്രൂഗർ എന്ന ഒരു ഡച്ച് കപ്പലിന്റെ ക്യാപ്റ്റൻ രോഗബാധയെത്തുടർന്ന് അവശനിലയിലായിരിക്കുകയാണത്രെ... സഹനാവികരാണ്‌ ഇപ്പോൾ കപ്പലിനെ ജെഴ്സിയിലേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുന്നത്..."


"അതിന് ശേഷം...?"


"നമ്മുടെ ആ സുഹൃത്ത് റോബർട്ട് സവരി ആയിരിക്കും ഇവിടെ നിന്നും ഗ്രാൻവിലായിലേക്ക് കപ്പൽ കൊണ്ടുപോകുന്നത്..."


"ദാറ്റ് സെർട്ടെൻലി ഈസ് ഇന്ററസ്റ്റിങ്ങ്..." മാർട്ടിനോ പറഞ്ഞു. "എപ്പോഴാണ് നിങ്ങൾക്ക് അയാളെ ബന്ധപ്പെടാനാവുക...?"


"ചെറിയൊരു താമസമുണ്ട് അക്കാര്യത്തിൽ... വിക്ടർ യൂഗോ മുങ്ങിയ സമയത്ത് സെന്റ് മാലോയിൽ നിന്നുള്ള ഒരു റെസ്ക്യൂ ബോട്ടാണ്‌ അദ്ദേഹത്തെ രക്ഷപെടുത്തിയത്... ഗ്രാൻവിലായിൽ നിന്നുള്ള ഒരു ഡെസ്പാച്ച് ബോട്ടിൽ നാളെ വൈകിട്ടേ അദ്ദേഹം ഇവിടെയെത്തൂ..."


"കെൽസോയെ ഇവിടെ നിന്നും ഒളിച്ചു കടത്തുവാൻ അയാൾ സന്നദ്ധനാകും എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ...?"


ഓർസിനി ചുമൽ വെട്ടിച്ചു. "ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് താങ്കൾ പറഞ്ഞത് വച്ച് നോക്കിയാൽ അല്പം സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ അദ്ദേഹത്തെക്കാൾ അനുയോജ്യനായി ആരും തന്നെ ഉണ്ടാകില്ല... ഇതുവരെ അദ്ദേഹം ചെയ്തിട്ടുള്ളതൊക്കെ പരിഗണിച്ചാൽ, പറ്റില്ല എന്ന് പറയാൻ അദ്ദേഹത്തിനാവില്ല എന്നാണ്‌ എന്റെ കണക്കുകൂട്ടൽ..."


"അത് ശരിയാണ്..." മാർട്ടിനോ പറഞ്ഞു. "തെറ്റായ ചെറിയൊരു നീക്കത്തിന് പോലും ക്രെസ്സണും സുഹൃത്തുക്കളും ചേർന്ന് തന്റെ ശവസംസ്കാരച്ചടങ്ങുകൾക്ക് സൗജന്യ പുരോഹിതനെയടക്കം ഏർപ്പാടാക്കുമെന്ന് സവരിയ്ക്ക് നന്നായിട്ടറിയാം..." അദ്ദേഹം പുഞ്ചിരിച്ചു. "അറിയുമോ മിസ്റ്റർ ഓർസിനി, ഞ‌ങ്ങളുടെ പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ്‌ നിങ്ങൾ..."


"ഫൈൻ..." ഗ്വിഡോ പറഞ്ഞു. "ഓൺലി ലെറ്റ് അസ് അണ്ടർസ്റ്റാൻഡ് ഈച്ച് അദർ..."


"പറയൂ..."


"ആവശ്യത്തിലധികം മരണങ്ങളും നാശനഷ്ടങ്ങളും കണ്ടവനാണ് ഞാൻ... ഈ വൃത്തികെട്ട രാഷ്ട്രീയവും കൊലപാതകങ്ങളും മടുത്തു എനിയ്ക്ക്... സഖ്യകക്ഷികളാണ്‌ യുദ്ധം ജയിക്കാൻ പോകുന്നതെന്നത് തർക്കമില്ലാത്ത കാര്യമാണ്... അപ്പോൾ പിന്നെ യുദ്ധത്തിന്റെ അവസാന മാസങ്ങളിൽ സമാധാനമായി ചെലവഴിക്കാൻ ബുദ്ധിയുള്ളവർക്ക് പറ്റിയ സ്ഥലം ഈ ജെഴ്സി തന്നെയാണ്... ഇവിടെ സംഭവിക്കുന്നത് എന്തുതന്നെയായാലും ശരി, ഒരു തരത്തിലും അത് യുദ്ധത്തെ ബാധിക്കാൻ പോകുന്നില്ല... അഥവാ ഇനി കെൽസോ ജർമ്മൻകാരുടെ കൈയ്യിൽ അകപ്പെട്ടു എന്ന് തന്നെയിരിക്കട്ടെ... ഏറിവന്നാൽ എന്ത് സംഭവിക്കും...? ഐസൻഹോവറുടെ അധിനിവേശ പദ്ധതി ഒരുപക്ഷേ തകിടം മറിഞ്ഞേക്കാം... എങ്കിൽ പോലും അന്തിമ വിജയം അദ്ദേഹത്തിന് തന്നെയായിരിക്കും... രസകരമായ ഒരു ഗെയിമിലാണ് നാം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്... അതൊരു അപകടകരമായ ഗെയിമാണെന്നത് വാസ്തവം തന്നെ... ബട്ട്, സ്റ്റിൽ ഓൺലി എ ഗെയിം..."


"പിന്നെന്തിനാണ് നിങ്ങൾ ഈ കളിയിലേക്ക് ഇറങ്ങി റിസ്ക് എടുക്കാൻ പോകുന്നത്...?" മാർട്ടിനോ ചോദിച്ചു.


"ഐ തിങ്ക് യൂ നോ വൈ..." പടവുകളിറ‌ങ്ങി കാറിനരികിലേക്ക് നടക്കവെ ഗ്വിഡോ പറഞ്ഞു. "സിമ്പിൾ... ഒരു താന്തോന്നിയെ സംബന്ധിച്ചിടത്തോളം നല്ലൊരു പെൺകുട്ടിയുമായി പൊടുന്നനെ പ്രണയത്തിലാവുന്നതിനേക്കാൾ അപകടകരമായി മറ്റൊന്നും തന്നെയില്ല സുഹൃത്തേ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Friday, June 17, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 67

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കെട്ടിടത്തിന്റെ പിൻഭാഗത്ത് ടെറസിലേക്ക് ദർശനമുള്ള പ്രൈവറ്റ് സിറ്റിങ്ങ് റൂമിൽ ഒന്നിച്ചു കൂടിയിരിക്കുകയാണ് ഗാലഗറും മാർട്ടിനോയും ഹെലനും സാറയും. മേശമേൽ വച്ചിരിക്കുന്ന നാല് ഗ്ലാസുകളിലേക്ക് ഗാലഗർ വൈൻ പകരവെ ഹെലൻ എഴുന്നേറ്റ് ഫ്രഞ്ച് ജാലകം അല്പം തുറന്നു വച്ചു. പുറത്തു നിന്നും ഒഴുകിയെത്തിയ പൂക്കളുടെ സുഗന്ധം ആവോളം ആസ്വദിച്ചിട്ട് അവർ കർട്ടൻ വലിച്ചിട്ടു.


"അപ്പോൾ, എന്താണിനി അടുത്ത നീക്കം...?" ഷോൺ ഗാലഗർ ആരാഞ്ഞു.


"നടക്കാൻ പറ്റുന്ന അവസ്ഥയിലല്ല അദ്ദേഹം എന്നത് സംശയമില്ലാത്ത കാര്യമാണ്..." ഹെലൻ ഡു വിലാ പറഞ്ഞു. "ഉച്ചയ്ക്ക് ജോർജ്ജ് ഹാമിൽട്ടൺ വന്ന് അദ്ദേഹത്തെ പരിശോധിച്ചിരുന്നു... ഇളക്കം തട്ടുന്നത് കാൽ നഷ്ടമാവുന്ന അവസ്ഥയിലേക്ക് പോലും എത്തിയേക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം..."


"ഇപ്പോഴത്തെ അവസ്ഥയിൽ തട്ടിൻപുറത്ത് അദ്ദേഹം സുരക്ഷിതനാണെന്നെങ്കിലും പറയാം..." സാറ പറഞ്ഞു.


"യുദ്ധം കഴിയുന്നത് വരെ അദ്ദേഹത്തിന് അവിടെ ഇരിക്കാനാവില്ലല്ലോ..." മാർട്ടിനോ പറഞ്ഞു. "എങ്ങനെയും അദ്ദേഹത്തെ നമുക്ക് ഗ്രാൻവിലായിൽ എത്തിക്കണം... അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ ക്രെസ്സണ് റേഡിയോ മാർഗ്ഗം ലണ്ടനിലേക്ക് വിവരം അറിയിക്കാം... നമുക്ക് അനുയോജ്യമായ രാത്രിയിൽ ഒരു ലൈസാൻഡർ വരുത്താനും ബുദ്ധിമുട്ടുണ്ടാവില്ല..."


"പക്ഷേ, അദ്ദേഹത്തെ എങ്ങനെ നാം അവിടെ എത്തിക്കും...? അതാണല്ലോ നമ്മുടെ പ്രശ്നം..." ഗാലഗർ പറഞ്ഞു. "ചെറിയ ബോട്ടുകളുടെ സഞ്ചാരം പോലും അവരുടെ കർശന നിയന്ത്രണത്തിലാണ്... തീരദേശമെമ്പാടും നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത് താങ്കൾ തന്നെ ഇന്ന് കണ്ടതാണല്ലോ... അവരുടെ കണ്ണു വെട്ടിച്ച് അധികദൂരം നമുക്ക് പോകാൻ കഴിയില്ല... ഹാർബറിൽ നിന്ന് പുറത്തു പോകുന്ന ഫിഷിങ്ങ് ബോട്ടുകൾ, എ‌ന്തിന്, ലൈഫ്ബോട്ടുകളിൽ പോലും ജർമ്മൻ ഗാർഡുകൾ ഉണ്ടായിരിക്കണമെന്നാണ്‌ ചട്ടം..."


"സോ, വാട്ട് ഈസ് ദ് സൊലൂഷൻ...?" സാറ ചോദിച്ചു. "എന്തെങ്കിലും ചെയ്തേ പറ്റൂ നമുക്ക്..."


ആ നിമിഷമാണ് ഫ്രഞ്ച് ജാലകത്തിനരികിൽ ഒരനക്കം കേട്ടത്. പോക്കറ്റിൽ നിന്നും വാൾട്ടർ ഗൺ പുറത്തെടുത്ത് മാർട്ടിനോ അങ്ങോട്ട് തിരിഞ്ഞു. ജാലകത്തിന്റെ കർട്ടൻ വകഞ്ഞു മാറ്റി ഗ്വിഡോ ഓർസിനി മുറിയ്ക്കുള്ളിലേക്ക് കാലെടുത്തു വച്ചു. "ഒരു പക്ഷേ, എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിച്ചേക്കും..." അയാൾ ഇംഗ്ലീഷിൽ പറഞ്ഞു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, June 10, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 66

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഡിന്നറിനായി മാർട്ടിനോയും സാറയും മെയിൻ ഡൈനിങ്ങ് റൂമിൽ ഓഫീസർമാർക്കൊപ്പം ചേർന്നു. ഗ്വിഡോ ഓർസിനി, ബ്രൂണോ ഫെൽറ്റ്, കപ്പിത്താൻലെഫ്റ്റനന്റ് എറിക് ഡൈട്രിച്ച് തുടങ്ങി നിരവധി പേരുണ്ടായിരുന്നു അവിടെ. ആളില്ലാ കസേരകളുടെ മുന്നിൽ മേശപ്പുറത്ത് മുനിഞ്ഞു കത്തിക്കൊണ്ടിരുന്ന മെഴുകുതിരികളുടെ ദൃശ്യം സാറയെ തെല്ല് ഭീതിപ്പെടുത്തി. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ഇരിപ്പിടങ്ങളായിരുന്നു അത്. തികഞ്ഞ സംയമനത്തോടെ മര്യാദക്കാരായി അവിടെ ഇരിക്കുന്ന ചെറുപ്പക്കാരായ ആ ഓഫീസർമാർ മാർട്ടിനോയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ അവരുടെ തനിനിറം കാണിക്കുമായിരുന്നു എന്ന് അവൾക്ക് തോന്നി. ആചാരമര്യാദകൾക്ക് വിരുദ്ധമായി ഭക്ഷണത്തിന് ഫുൾ യൂണിഫോമിൽ എത്തിയ മാർട്ടിനോ അവരിൽ നിരാശയും ഭയവും ജനിപ്പിച്ചു എന്നതായിരുന്നു വസ്തുത.


ഭക്ഷണപാത്രങ്ങളുമായി ഹെലൻ ഡു വിലാ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങൾ കേട്ട് മടുത്ത സാറ ഒഴിഞ്ഞ പാത്രങ്ങൾ എടുത്തു വയ്ക്കാനും മറ്റുമായി ഹെലനോടൊപ്പം കൂടി. ശേഷം അവരോടൊപ്പം കിച്ചണിലേക്ക് നടന്നു. അവിടെ ഒരു ചെറിയ ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ട് ഷോൺ ഗാലഗർ ഇരിക്കുന്നുണ്ടായിരുന്നു.


"ഭീകരം... ഒരു ചെകുത്താന്റെ മട്ടിലാണ് അവിടെ ഹാരിയുടെ പെരുമാറ്റം..." സാറ പറഞ്ഞു.


കെൽസോയ്ക്കുള്ള ഭക്ഷണം ഹെലൻ ഒരു ട്രേയിൽ എടുത്തു വച്ചിട്ടുണ്ടായിരുന്നു. "അവരൊന്നും കഴിച്ചു കഴിഞ്ഞിട്ടില്ലല്ലോ... അപ്പോഴേക്കും ഞാൻ ഇത് മുകളിൽ കൊണ്ടുപോയി കൊടുത്തിട്ട് വരാം..." ഹെലൻ പറഞ്ഞു.


പിൻഭാഗത്തെ സ്റ്റെയർകെയ്സ് വഴി മുകളിലെത്തിയ ഹെലൻ തന്റെ മാസ്റ്റർ ബെഡ്റൂമിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറി. ആ നിമിഷം തന്നെയാണ്‌ ഇടനാഴിയുടെ അറ്റത്തായി ഗ്വിഡോ ഓർസിനി കടന്നു പോയതും. ട്രേയിൽ ഭക്ഷണവുമായി സ്വന്തം റൂമിലേക്ക് പോകുന്ന ഹെലനെ കണ്ട് ആശ്ചര്യപ്പെട്ട അയാൾ കരുതലോടെ അങ്ങോട്ട് നീങ്ങി. ഒ‌ന്ന് സംശയിച്ചു നിന്നിട്ട് അയാൾ ആ വാതിലിന്റെ ഹാൻഡിലിൽ കൈ വച്ചു. ഹെലനാകട്ടെ, നിർഭാഗ്യവശാൽ ഡോർ ലോക്ക് ചെയ്യാൻ മറന്നും പോയിരുന്നു. ഉള്ളിലേക്ക് എത്തി നോക്കിയ അയാൾ കണ്ടത് തുറന്ന് കിടക്കുന്ന ആ രഹസ്യവാതിൽ ആണ്. ശബ്ദമുണ്ടാക്കാതെ പതുങ്ങി ആ വാതിലിനരികിലെത്തി അയാൾ ചെവിയോർത്തു. മുകളിൽ നിന്നും പതിഞ്ഞ സ്വരത്തിലുള്ള സംസാരം കേൾക്കാമായിരുന്നു. ഏതാനും മാത്ര അത് ശ്രദ്ധിച്ചതിന്‌ ശേഷം തിരിഞ്ഞ് പുറത്തു കടന്ന് അയാൾ വാതിൽ ചാരി. 


                                  ***


പതിഞ്ഞ സ്വരത്തിൽ‌ എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്ന ഗാലഗറിനെയും സാറയെയുമാണ് കിച്ചണിൽ എത്തിയ ഗ്വിഡോ കണ്ടത്. "ആഹ്, നീ ഇവിടെ ആയിരുന്നോ...?" ഓർസിനി പുഞ്ചിരിച്ചു. "അവരവിടെ രാഷ്ട്രീയ ചർച്ചയിലാണ്... വിരോധമില്ലെങ്കിൽ നമുക്ക് ടെറസ്സിലേക്ക് പോയാലോ...? ഗാർഡനിൽ അല്പനേരം നടക്കാം..."


"ഇയാളെ വിശ്വസിക്കാമോ...?" പതിഞ്ഞ സ്വരത്തിൽ അവൾ ഗാലഗറിനോട് ആരാഞ്ഞു.


"അങ്ങനെ കണ്ണടച്ച് വിശ്വസിക്കുകയൊന്നും‌ വേണ്ട... പ്രത്യേകിച്ചും നിന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരി..."


"എങ്കിൽ അല്പം കരുതൽ വേണമല്ലോ..." അവൾ മന്ത്രിച്ചു. "കേണൽ ഫോഗെൽ എന്നെ അന്വേഷിക്കുകയാണെങ്കിൽ മുകളിൽ പോയിരിക്കുകയാണ്, പെട്ടെന്ന് തന്നെ തിരിച്ചെത്തും എന്ന് പറഞ്ഞേക്കൂ..." ഔപചാരികതയോടെ അവൾ കൂട്ടിച്ചേർത്തു.


തെളിഞ്ഞ ആകാശത്തിൽ തിളങ്ങുന്ന അർദ്ധചന്ദ്രൻ. മാനമെങ്ങും വാരിവിതറിയത് പോലെ അസംഖ്യം താരകങ്ങൾ. ആകാശം മുട്ടുമെന്ന മട്ടിൽ നിൽക്കുന്ന പനയുടെ ചില്ലകൾ. എല്ലാത്തിനുമുണ്ട് മനം മയക്കുന്ന ശോഭ. മുമ്പ് പെയ്ത മഴയിൽ എങ്ങും വ്യാപിച്ചിരിക്കുന്ന പൂക്കളുടെ ഗന്ധം.


"അസേലിയാ പുഷ്പങ്ങൾ..." അവൾ ഗാഢമായി ശ്വാസം ഉള്ളിലേക്കെടുത്തു. "എനിക്ക് ഏറെ ഇഷ്ടപ്പെട്ട പൂക്കളാണിവ..." 


"യൂ ആർ എ റിമാർക്കെബ്‌ൾ ഗേൾ..." ഗ്വിഡോ പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു. "ഇംഗ്ലീഷിൽ സംസാരിക്കുന്നത് കൊണ്ട് നിനക്ക് വിരോധമൊന്നും ഇല്ലല്ലോ അല്ലേ...? ഇവിടെയിപ്പോൾ ആരും ഇല്ല... എനിക്ക് ഫ്രഞ്ചിനെക്കാളും സൗകര്യം അതാണ് താനും..."


"ഓൾറൈറ്റ്... ബട്ട് നോട്ട് ഫോർ ലോങ്ങ്..." അവൾ പറഞ്ഞു.


"ഇതിന് മുമ്പൊരിക്കലും നീ ജെഴ്സിയിൽ വന്നിട്ടില്ല...?"


"ഇല്ല... എന്റെ അമ്മയുടെ മരണശേഷം മുത്തശ്ശിയോടൊപ്പം പൈമ്പലിൽ ആയിരുന്നു ഞാൻ വളർന്നത്..."


"ഐ സീ... അപ്പോൾ നിന്റെ അമ്മയായിരുന്നു ഇംഗ്ലീഷുകാരി..."


"ദാറ്റ്സ് റൈറ്റ്..."


അയാളുടെ ചോദ്യം ചെയ്യലിൽ തെല്ല് നീരസം തോന്നാതിരുന്നില്ല അവൾക്ക്. അതിനാൽത്തന്നെ അല്പം കരുതലോടെ അവൾ ഗാർഡനിലെ ഗ്രാനൈറ്റ് പടിയിൽ ഇരുന്നു. അവൾക്ക് പിന്നിൽ ആകാശത്തിൽ ചന്ദ്രൻ തിളങ്ങുന്നുണ്ടായിരുന്നു. "നീ ജിറ്റാൻസ് വലിക്കുമല്ലോ അല്ലേ...?" ഒരു സിഗരറ്റ് നീട്ടിക്കൊണ്ട് ഓർസിനി ചോദിച്ചു.


ഇതിനോടകം സിഗരറ്റ് വലിച്ച് ശീലമായിത്തുടങ്ങിയിരുന്ന അവൾ തല കുലുക്കി. "ഇന്നത്തെ അവസ്ഥയിൽ കിട്ടുന്നത് വലിക്കുകയല്ലേ മാർഗ്ഗമുള്ളൂ...?"


അയാൾ അവളുടെ സിഗരറ്റിന്‌ തീ കൊളുത്തിക്കൊടുത്തു. "അതെ... ശരിയാണ്...  പിന്നെ, നീ ഫ്രഞ്ച് സംസാരിക്കുന്നത് ബ്രെറ്റൻ ചുവയോടെയാണല്ലോ..."


"അതിലിപ്പോൾ എന്താണിത്ര അസ്വാഭാവികത...? എന്റെ മുത്തശ്ശി ബ്രെറ്റൻ ആയിരുന്നു..."


"അതെനിക്കറിയാം... നിന്റെ ഇംഗ്ലീഷാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്... വെരി അപ്പർ ക്ലാസ്... ഞാൻ വിഞ്ചസ്റ്ററിൽ പഠിച്ചിട്ടുണ്ട്... അതുകൊണ്ട് എനിക്ക് മനസ്സിലാവുമത്..."


"റിയലി...? അയാം എ ലക്കി ഗേൾ ദെൻ..." അവൾ എഴുന്നേറ്റു. "ഞാൻ താഴേക്ക് ചെല്ലട്ടെ, ഗ്വിഡോ... അധികനേരം എന്നെ കാണാതിരുന്നാൽ മാക്സ് അസ്വസ്ഥനാകും... പ്രത്യേകിച്ചും ഒരു അന്യപുരുഷന്റെ കൂടെയായിരുന്നു ഞാനെന്നറിഞ്ഞാൽ..."


"തീർച്ചയായും..." 


അയാളുടെ കൈ പിടിച്ച് ആ ഗാർഡനിലൂടെ അവൾ തിരിച്ചു നടന്നു. ഇളംകാറ്റിൽ അസേലിയാ പുഷ്പങ്ങളുടെ ഗന്ധം വീണ്ടും പരന്നു. "ഐ ലൈക്ക് യൂ ആൻ മാരി ലത്വാ... ഐ ലൈക്ക് യൂ എ ലോട്ട്... നിനക്കത് ഓർമ്മയുണ്ടായിരിക്കണം..."


"ഓൺലി ലൈക്ക്...?" അവൾ ചോദിച്ചു. "പ്രേമമാണെന്ന് പറയുമെന്നാണ് ഞാൻ കരുതിയത്..." 


വളരെ അപകടകരമായ ഒരു ഗെയിമാണ്‌ അവളിപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് അവൾ പൂർണ്ണ ബോധവതി ആയിരുന്നു താനും. എ‌ങ്കിലും വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാത്തതിനാൽ പോകുന്നിടം വരെ പോകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു അവൾ.


"ഓൾ റൈറ്റ്... ഐ ലവ് യൂ..." അയാൾ അവളെ വലിച്ച് തന്നിലേക്കടുപ്പിച്ച് കരവലയത്തിലൊതുക്കി  വികാര പാരവശ്യത്തോടെ ആ അധരങ്ങളിൽ ചുംബിച്ചു. "ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ...?"


"യെസ് ഗ്വിഡോ... എനിക്ക് മനസ്സിലാവുന്നു..." അവൾ മന്ത്രിച്ചു.


ടെറസ്സിലെത്തിയ മാർട്ടിനോ നിലാവെട്ടത്തിൽ ചുറ്റിനും പരതിക്കൊണ്ട് ഫ്രഞ്ചിൽ വിളിച്ചു. "ആൻ മാരി, നീ എവിടെയാണ്...?"


"വരുന്നൂ..." ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് അവൾ ഓർസിനിയുടെ കവിളിൽ പതുക്കെ തട്ടി. "നമുക്ക് നാളെ കാണാം, ഗ്വിഡോ..." അവൾ ടെറസ്സിലേക്കുള്ള പടവുകൾ ഓടിക്കയറി.



(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, June 3, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 65

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മദ്ധ്യാഹ്നത്തിന് ശേഷം സാറയും മാർട്ടിനോയും ഗോറിയിലേക്ക് യാത്ര തിരിച്ചു. യൂറോപ്പിലെ തന്നെ ഒരു പ്രൗഢഗംഭീര നിർമ്മിതിയായ മോണ്ട് ഓർഗൈൽ കൊട്ടാരം കാണിച്ചു കൊടുക്കുക എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം. പക്ഷേ, അവിടെ ചെന്നപ്പോഴാണ് അവർക്ക് മനസ്സിലായത് അതൊരു സൈനിക താവളമായി മാറിയിരിക്കുന്നു എന്നത്.


ഫ്ലിക്കറ്റിലെ ഉൾക്കടലിനരികിലൂടെ ഡ്രൈവ് ചെയ്യവേ കോസ്റ്റൽ ആർട്ടിലറി ബാറ്ററി ക്യാമ്പിലേക്ക് പുതിയതായി റോഡ് നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘം അടിമത്തൊഴിലാളികളെ കാണാനിടയായി. ചെളി പുരണ്ട് കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച അവർ പോഷകാഹാരക്കുറവിനാൽ മെലിഞ്ഞ് ശുഷ്കിച്ചിരുന്നു. അവരുടെ മേൽനോട്ടം വഹിക്കുന്ന സെർജന്റിനടുത്ത് ചെന്ന് മാർട്ടിനോ സ്വയം പരിചയപ്പെടുത്തി. ആ തൊഴിലാളികളെല്ലാം റഷ്യക്കാരാണെന്ന് അയാളാണ് പറഞ്ഞത്. എന്തിനധികം, നോർത്ത് കോസ്റ്റിലെ ബോൺ ന്യൂട്ട് ബേയുടെ സംരക്ഷണ ചുമതല ഏല്പിച്ചിരിക്കുന്നത് പോലും ഉക്രേനിയൻ വംശജരുടെ റഷ്യൻ ലിബറേഷൻ ആർമിയുടെ ഒരു ബറ്റാലിയനെ ആണത്രെ.


അവർ യാത്ര തുടർന്നു. മദ്ധ്യ കാലഘട്ടത്തിലെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമേ ഗ്രോസ്നെസിൽ അവർക്ക് കാണാനായുള്ളൂ. പിന്നെ സാർക്ക്, ഹേം, ജെറ്റൂ എന്നീ പ്രദേശങ്ങളിൽ നിന്നും കടലിലേക്കുള്ള മനോഹര ദൃശ്യങ്ങൾ... അതിനപ്പുറം അങ്ങകലെ ഗ്വെൺസീ ദ്വീപാണ്. കനത്ത സുരക്ഷാമേഖലയായിട്ടും സെന്റ് ഓബിൻസ് ബേയുടെ തീരത്തു കൂടിയുള്ള ആ അഞ്ച് മൈൽ യാത്രയിൽ ഒരിക്കൽ പോലും ആരും അവരെ തടയുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല എന്നതിലാണ് മാർട്ടിനോയ്ക്ക് അത്ഭുതം തോന്നിയത്.


സെ‌ന്റ് ബ്രെലേഡ് ഉൾക്കടലിന് മുന്നിലെ ദേവാലയത്തിനരികിൽ എത്തുമ്പോൾ വൈകുന്നേരമായിരുന്നു. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ സാറയെ അദ്ദേഹം അനുഗമിച്ചു. കോമ്പൗണ്ട് വാളിന്റെ കമാനാകൃതിയിലുള്ള കവാടത്തിൽ നിന്ന് അവർ ഉള്ളിലേക്ക് എത്തി നോക്കി. സെമിത്തേരിയുടെ ഒരു ഭാഗം മുഴുവൻ മിലിട്ടറിയ്ക്കായി നീക്കി വച്ചിരിക്കുകയാണ്. ചിട്ടയോടെ പരിപാലിച്ചിരിക്കുന്ന കുഴിമാടങ്ങളുടെ തലയ്ക്കൽ നിരനിരയായി ഉയർന്ന് നിൽക്കുന്ന കുരിശുകൾ.


"ഈ കുരിശുകളെല്ലാം കൊണ്ട് യേശു എന്തു ചെയ്യുമെന്നാണെനിക്കറിയാത്തത്..." മാർട്ടിനോ പറഞ്ഞു.  "എല്ലാത്തിന്റെയും മുകളിൽ സ്വസ്തിക അടയാളമുണ്ട്..."


"പണ്ട് ഈ ദേവാലയത്തിലെ സ്ഥിരം സന്ദർശകയായിരുന്നു ഞാൻ..." അവൾ പറഞ്ഞു. "ഇവിടെ വച്ചായിരുന്നു എന്റെ ആദ്യ കുർബാന..."


ആ ജർമ്മൻ കുരിശുകൾക്കിടയിലൂടെ മാർട്ടിനോ അലക്ഷ്യമായി നടന്നു. "ഏതാനും ഇറ്റാലിയൻസും ഒരു റഷ്യക്കാരനും ഇവിടെയുണ്ടല്ലോ..." നടന്ന് നടന്ന് അദ്ദേഹം പഴക്കമുള്ള കുഴിമാടങ്ങൾക്കിടയിലെത്തി. സ്മാരകശിലകളിൽ അധികവും ഗ്രാനൈറ്റ് കല്ലുകളിൽ തീർത്തവയായിരുന്നു. "വിചിത്രം... നാട്ടിലെത്തിയത് പോലൊരു തോന്നൽ..." അദ്ദേഹം പറഞ്ഞു.


"അതത്ര നല്ല തോന്നലല്ലല്ലോ..." സാറ പറഞ്ഞു.


"അങ്ങനെയല്ല... ഇവിടുത്തെ ഈ ശാന്തത... ഇവിടെ നിന്നുള്ള ഈ ഉൾക്കടലിന്റെ ദൃശ്യം... എല്ലാം കൂടി വല്ലാത്തൊരു അനുഭൂതി... പറയാതിരിക്കാനാവില്ല അത്... എന്നാലിനി തിരിച്ചു പോയാലോ നമുക്ക്...?"


ഇരുവരും ക്യൂബൽ‌വാഗണിൽ കയറി. മോണ്ട് സൊഹിയറിന്‌ സമീപത്തു കൂടി നീങ്ങവെ അവൾ പറഞ്ഞു. "അങ്ങനെ ഏതാണ്ട് ഈ ദ്വീപ് മുഴുവനും നിങ്ങൾ കണ്ടു കഴിഞ്ഞുവെന്ന് പറയാം... എന്തു തോന്നുന്നു...?"


"ചെറിയൊരു ദ്വീപ്... കനത്ത സെക്യൂരിറ്റിയും..."


"ആ നിലയ്ക്ക് എങ്ങനെയാണ്‌ നാം ഹ്യൂ കെൽസോയെ പുറത്തെത്തിക്കാൻ നോക്കുന്നത്...?"


"സത്യം പറയാമല്ലോ... എനിക്ക് ഒരു പിടിയുമില്ല..." മാർട്ടിനോ പറഞ്ഞു. "നിന്റെ തലയിൽ എന്തെങ്കിലും ആശയം ഉദിക്കുന്നുവെങ്കിൽ എന്നോട് പറയാൻ മടിക്കരുത്..."


പ്രത്യേകിച്ചൊരു ഈണവുമില്ലാതെ ചൂളം കുത്തിക്കൊണ്ട് അദ്ദേഹം ഡ്രൈവിങ്ങ് തുടർന്നു.


(തുടരും)


സെന്റ് ബ്രെലേഡ് ദേവാലയത്തിലെ സെമിത്തേരി


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...