Saturday, March 27, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 15

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മദ്ധ്യാഹ്നത്തിന് മുമ്പായി സ്ലാപ്ടൺ ബീച്ചിൽ  ഏതാനും മൃതദേഹങ്ങൾ കൂടി കരയ്ക്കടിഞ്ഞു. ഒരു മണൽക്കൂനയുടെ മറവിൽ ഡോഗൽ മൺറോയും ജാക്ക് കാർട്ടറും ഉച്ചഭക്ഷണം കഴിക്കുവാൻ ഇരുന്നു. സാൻഡ്‌വിച്ച് കഴിച്ചതിനു ശേഷം ഒരു ബോട്ട്‌ൽ ബിയർ ഇരുവരും കൂടി ഷെയർ ചെയ്തു. തീരത്തു കൂടി റോന്തു ചുറ്റുന്ന സൈനികരിൽ ചിലർ മേലധികാരികളുടെ നിർദ്ദേശ പ്രകാരം കടലിൽ ഇറങ്ങി, ഒഴുകിയെത്തിയ മറ്റൊരു മൃതദേഹം കൂടി കരയിലേക്ക് വലിച്ചു കയറ്റി. ഏകദേശം മുപ്പതോളം മൃതശരീരങ്ങൾ ഇപ്പോൾ കടൽത്തീരത്ത് നിരത്തി കിടത്തിയിട്ടുണ്ട്.


"ആരോ പറഞ്ഞിട്ടുണ്ട്... യുദ്ധത്തിൽ ആദ്യം സംഭവിക്കുന്ന മരണത്തിന് മാത്രമേ കണക്കുള്ളൂ എന്ന്..." മൺറോ പറഞ്ഞു.


"താങ്കളുടെ മാനസികാവസ്ഥ മനസ്സിലാവുന്നു സർ..." ജാക്ക് കാർട്ടർ പ്രതിവചിച്ചു.


ചെറുപ്പക്കാരനായ ഒരു അമേരിക്കൻ ഓഫീസർ അവർക്ക് മുന്നിൽ വന്ന് സല്യൂട്ട് ചെയ്തു. "ബീച്ച് ക്ലിയർ ആയിട്ടുണ്ട് സർ... തൽക്കാലം കൂടുതൽ മൃതദേഹങ്ങൾ വരാൻ സാദ്ധ്യത കാണുന്നില്ല...  ഇതുവരെ മുപ്പത്തിമൂന്നെണ്ണമായി. കേണൽ കെൽസോയുടെ ഒരടയാളവുമില്ല..." അയാൾ ഒന്ന് സംശയിച്ചു. "ശവസംസ്കാര ചടങ്ങുകൾ വീക്ഷിക്കണമെന്ന് ബ്രിഗേഡിയർക്ക് ആഗ്രഹമുണ്ടോ...? ഇവിടെ നിന്നും അധികം ദൂരമില്ല..."


"നോ... താങ്ക് യൂ..." മൺറോ പറഞ്ഞു. "അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..."


ഒരിക്കൽക്കൂടി സല്യൂട്ട് ചെയ്തിട്ട് ആ ഓഫീസർ തിരിഞ്ഞു നടന്നു. മൺറോ നിലത്ത് നിന്ന്  എഴുന്നേറ്റിട്ട് കാർട്ടറെ എഴുന്നേൽക്കാൻ സഹായിച്ചു. "വരൂ ജാക്ക്... നമുക്കിനി ഇവിടെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല..."


"ഓൾറൈറ്റ് സർ..."


ജാക്ക് കാർട്ടർ തന്റെ വാക്കിങ്ങ് സ്റ്റിക്കിൽ ഊന്നി നിന്നു. ഇരുകൈകളും പോക്കറ്റിൽ തിരുകി മൺറോ ദൂരെ കടലിലേക്ക് വീക്ഷിച്ചു. പെട്ടെന്ന് ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെടുന്നതു പോലെ അദ്ദേഹത്തിന് തോന്നി.


"എനിതിങ്ങ് റോങ്ങ് സർ...?" കാർട്ടർ ആരാഞ്ഞു.


"എന്തോ, പെട്ടെന്ന് ഒരു വല്ലായ്മ പോലെ ജാക്ക്... സത്യം പറയാമല്ലോ, ഇന്ന് രാവിലെ മുതൽ അത്ര സുഖമില്ലായിരുന്നു... വല്ലാത്തൊരു അസ്വസ്ഥത... കമോൺ, ലെറ്റ്സ് ഗെറ്റ് ബാക്ക് റ്റു ലണ്ടൻ..." അദ്ദേഹം തിരിഞ്ഞ് നടന്നു.


                                   ***


"അപ്പോൾ, ബെർഗർ... ഞാൻ പറയുന്നതെന്താണെന്ന് മനസ്സിലാവുന്നുണ്ടോ നിങ്ങൾക്ക്...?" കോൺറാഡ് ഹോഫർ ചോദിച്ചു.


ഫീൽഡ് മാർഷലിന് ഉപയോഗിക്കാൻ വേണ്ടി ചീഫ് ഓഫീസർ വിട്ടു നൽകിയ ഓഫീസിലെ മേശയ്ക്ക് മുന്നിൽ അറ്റൻഷനായി നിവർന്ന് നിൽക്കുകയാണ് ഹെയ്നി ബാം. പുറത്തെ ഗാർഡനിലേക്ക് കണ്ണും നട്ട് ജാലകത്തിനരികിൽ നിൽക്കുന്ന റോമലിന്റെ നേർക്ക് നോക്കാതിരിക്കാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു. 


"എനിക്ക് തീർച്ചയില്ല ഹെർ മേജർ..."


റോമൽ വെട്ടിത്തിരിഞ്ഞു. "മണ്ടത്തരം പറയരുത് ബെർഗർ... നിങ്ങളൊരു ബുദ്ധിമാനും ധൈര്യശാലിയും ആണെന്ന കാര്യം എനിക്കറിയാം..." അയാളുടെ അയേൺ ഫസ്റ്റ് ക്ലാസ് ബാഡ്ജിലും ഇടതു കൈയ്യിലെ കഫ് ടൈറ്റിലിലും തന്റെ ബാറ്റൺ കൊണ്ട് തട്ടിയിട്ട് റോമൽ പറഞ്ഞു. "ആഫ്രിക്ക കോർപ്സ് കഫ് ടൈറ്റ്‌ൽ... അതുശരി... അപ്പോൾ നാം പഴയ സഹപ്രവർത്തകരാണ്... അലമൈനിൽ ഉണ്ടായിരുന്നോ നിങ്ങൾ...?"


"ഇല്ല ഫീൽഡ് മാർഷൽ... തോബ്രുക്കിൽ വച്ചാണ് എനിക്ക് പരുക്ക് പറ്റിയത്..."


"ഗുഡ്... നോക്കൂ, വെട്ടിത്തുറന്ന് കാര്യം പറയുന്ന സ്വഭാവമാണ് എന്റേത്... ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം... ഇന്നലെ രാത്രിയിൽ വളരെ നന്നായിട്ടാണ് നിങ്ങളെന്നെ അനുകരിച്ചത്... രൂപത്തിലും‌ ശബ്ദത്തിലും‌ തികഞ്ഞ പ്രൊഫഷണലിസം ഉണ്ടായിരുന്നു..."


"വളരെ നന്ദി ഹെർ ഫീൽഡ് മാർഷൽ..."


"അതു പോലത്തെ ഒരു പ്രകടനം കൂടിയാണ്‌ നിങ്ങളിൽ നിന്നും എനിക്ക് ഇപ്പോൾ ആവശ്യം... ഈ വെള്ളിയാഴ്ച മേജർ ഹോഫറോടൊപ്പം‌ നിങ്ങൾ ജെഴ്സിയിലേക്ക് പറക്കുന്നു... ഈ വാരാന്ത്യത്തിൽ അവരെയെല്ലാം ഒന്ന് കബളിപ്പിക്കാൻ ആവില്ലേ നിങ്ങൾക്ക്...? ഒറ്റ ദിവസത്തെ രാജാവ്... എന്തു പറയുന്നു...?"


ഹെയ്നി ബാം പുഞ്ചിരിച്ചു. "സത്യം പറയുകയാണെങ്കിൽ, എന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നു സർ..."


റോമൽ ഹോഫറിന് നേർക്ക് തിരിഞ്ഞു. "ഞാൻ   പറഞ്ഞില്ലേ... എല്ലാം ശരിയാവുമെന്ന്...? അപ്പോൾ യാത്രക്കുള്ള ഏർപ്പാടുകൾ  നടക്കട്ടെ... തൽക്കാലം ഇവിടെ നിന്നും പുറത്തു കടക്കാം നമുക്ക്..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, March 19, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 14

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



അത്രയൊന്നും നല്ല അവസ്ഥയിലായിരുന്നില്ല ആ പഴയ വണ്ടി. മെലിഞ്ഞ് ശോഷിച്ച കുതിരയെ കെട്ടിയ ആ വണ്ടിയുമായി ഹെലനോടൊപ്പം ഷോൺ ഗാലഗർ ബീച്ചിലേക്ക് നീങ്ങി.


"ഇതിൽ എവിടെയെങ്കിലും ഒരു പിഴവ് സംഭവിച്ചാൽ..." ഷോൺ പറഞ്ഞു. "അതായത് ഈ പറഞ്ഞ മനുഷ്യനെ നീ സഹായിക്കുകയായിരുന്നു എന്ന് അവരെങ്ങാനും അറിയാനിടയായാൽ വെറുമൊരു ജയിൽ വാസമൊന്നും ആയിരിക്കില്ല നിന്നെ കാത്തിരിക്കുന്നത്... ഒന്നുകിൽ ഫയറിങ്ങ് സ്ക്വാഡ്... അല്ലെങ്കിൽ കുപ്രസിദ്ധമായ ആ കോൺസൻട്രേഷൻ ക്യാമ്പുകളിൽ ഒന്ന്..."


"അപ്പോൾ നിങ്ങളുടെ കാര്യമോ...?"


"ഞാനൊരു നിഷ്പക്ഷനാണെന്ന് എത്രവട്ടം പറഞ്ഞിരിക്കുന്നു നിന്നോട്...?" കുസൃതി നിറഞ്ഞ കണ്ണുകളോടെ ഷോൺ അവളെ നോക്കി പുഞ്ചിരിച്ചു. "പിന്നെ തങ്ങളുടെ കളിപ്പാവയായ ആ തെമ്മാടി ഡി വലേറോയെ ഡബ്ലിനിൽ നിലനിർത്തണമെന്നാണ് അവരുടെ ആഗ്രഹമെങ്കിൽ എന്റെ കാര്യത്തിലും ഒരു തീരുമാനമാകും... ഐറിഷ് ആഭ്യന്തര യുദ്ധകാലത്ത് അയാളെ ആക്രമിച്ച് തുരത്തുകയായിരുന്നു ഞാൻ... ജർമ്മൻ ഫയറിങ്ങ് സ്ക്വാഡ് എന്നെ കൊല്ലുവാനൊരുങ്ങുന്നു എന്ന വാർത്ത കേട്ട് ആഹ്ലാദ നൃത്തമാടും അയാൾ..."


ഹെലൻ പൊട്ടിച്ചിരിച്ചു. "ഐ ലവ് യൂ ഷോൺ ഗാലഗർ... ഞാൻ പ്രശ്നത്തിൽ പെടുമ്പോൾ എല്ലാം ഏതെങ്കിലും ഒരു തരത്തിൽ സാന്ത്വനവുമായി നിങ്ങളുണ്ടാകും..." ചുമലിലൂടെ കൈയിട്ട് അവൾ അദ്ദേഹത്തിന്റെ കവിളിൽ ഒരു മുത്തം നൽകി.


"ഒരു സഹോദരനെ പോലെ..." അദ്ദേഹം പറഞ്ഞു. "യൂ ലവ് മീ ആസ് എ ബ്രദർ എന്നാണല്ലോ എപ്പോഴും എന്നെ ഓർമ്മിപ്പിക്കാറുള്ളത്... ആയിക്കോട്ടെ... നിന്റെ വികാരങ്ങളെ അത്രയും പൂട്ടിക്കെട്ടി നിന്റെ പോക്കറ്റിൽത്തന്നെ സൂക്ഷിച്ചോളൂ... അതു പോട്ടെ, ഈ പറഞ്ഞ കേണൽ ഹ്യൂ കെൽസോ, ഡെവണിൽ വച്ചുണ്ടായ ടോർപിഡോ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് വന്ന ഒരു അമേരിക്കൻ ആർമി ഓഫീസർ ആണെന്നാണോ പറഞ്ഞത്...?"


"അതെ..."


"താൻ ജർമ്മൻകാരുടെ കൈകളിൽ അകപ്പെടാൻ പാടില്ല എന്ന് അയാൾ നിർബന്ധം പിടിക്കാൻ കാരണം എന്താണാവോ...?"


"അതെനിക്കറിയില്ല... ഞാൻ കാണുമ്പോൾ അദ്ദേഹം അർദ്ധപ്രജ്ഞനായിരുന്നു... മാത്രവുമല്ല കാലിലെ പരുക്കാണെങ്കിൽ വളരെ മോശമായ അവസ്ഥയിലും... ഹോസ്പിറ്റലിൽ പോകുന്ന കാര്യം ഞാൻ സൂചിപ്പിച്ചതും അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടു... അതിലും ഭേദം തന്നെ കൊല്ലുന്നതായിരിക്കും എന്ന് പറഞ്ഞു..."


"എന്ന് വച്ചാൽ എന്തൊക്കെയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നു എന്ന് സാരം..." കുതിരയെ മഞ്ഞു മൂടിയ ബീച്ചിലേക്ക് തെളിക്കവെ ഷോൺ പറഞ്ഞു.


വളരെ ശാന്തമായിരുന്നു അന്തരീക്ഷം. അങ്ങകലെയുള്ള റെയിൽപ്പാതയിലൂടെ പോകുന്ന ജർമ്മൻ മിലിട്ടറി ട്രെയിനിന്റെ ചൂളം വിളി വ്യക്തമായി കേൾക്കാനാവുന്നുണ്ട്. സെന്റ് ഹെലിയറിൽ മിൽബ്രൂക്കിലേക്ക്‌ പോകുന്ന തീവണ്ടി.


അബോധാവസ്ഥയിൽ മണൽപ്പരപ്പിൽ കമഴ്ന്ന് കിടക്കുകയായിരുന്നു ഹ്യൂ കെൽസോ. ഷോൺ ഗാലഗർ അദ്ദേഹത്തെ പതുക്കെ മലർത്തി കിടത്തിയിട്ട്  കാലിലെ പരുക്ക് പരിശോധിച്ചു. "ഇത് നിസ്സാരമല്ല... തീർച്ചയായും ഒരു സർജന്റെ  ആവശ്യമുണ്ട്... ഒരു കാര്യം ചെയ്യാം... ബോധം തെളിയുന്നതിന് മുമ്പ് ഇദ്ദേഹത്തെ ഞാൻ വണ്ടിയിലേക്ക് എടുത്ത് കയറ്റാം... നീ പെട്ടെന്ന് ചെന്ന് കഴിയുന്നത്ര വിറക് കഷണങ്ങൾ കൊണ്ടു വരൂ..."


ഹെലൻ കാട്ടിലേക്ക് തിരിഞ്ഞോടവെ ഷോൺ പതുക്കെ കെൽസോയെ എടുത്തുയർത്തി. അബോധാവസ്ഥയിൽ ആയിരുന്നിട്ടും അദ്ദേഹം ഒന്ന് ഞരങ്ങി. അത് കാര്യമാക്കാതെ വണ്ടിയിൽ വിരിച്ചിരുന്ന കാലിച്ചാക്കുകൾക്ക് മുകളിൽ സാവധാനം കിടത്തിയിട്ട് ഏതാനും ചാക്കുകൾ കൊണ്ട് ഷോൺ അദ്ദേഹത്തെ മൂടി. അപ്പോഴേക്കും കൈ നിറയെ വിറകുമായി ഹെലൻ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. 


"ഈ വിറകുകൾ കൊണ്ട് ആരും കാണാത്ത വിധം അദ്ദേഹത്തെ മൂടുക... അപ്പോഴേക്കും ഞാൻ ആ ലൈഫ് റാഫ്റ്റ് എന്തു ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ..." ഷോൺ പറഞ്ഞു.


തീരത്ത് വന്നടിക്കുന്ന ഓളങ്ങളിൽ ചാഞ്ചാടിക്കൊണ്ടിരിക്കുകയായിരുന്നു ആ ലൈഫ് റാഫ്റ്റ്. വെള്ളത്തിലിറങ്ങി അദ്ദേഹം അതിനെ കരയിലേക്ക് വലിച്ചു കയറ്റി. അതിനുള്ളിൽ തിരഞ്ഞ് അദ്ദേഹം എമർജൻസി കിറ്റ് കണ്ടെടുത്തു. അതിനുള്ളിൽ ഉണ്ടായിരുന്ന സ്പ്രിങ്ങ് നൈഫ് എടുത്ത് ആ റാഫ്റ്റിന്റെ റബ്ബർ ബോഡിയിൽ കുത്തി ആഞ്ഞ് വരഞ്ഞു. കാറ്റ് പുറത്ത് പോയി ചുരുങ്ങിയ ആ റാഫ്റ്റിനെ ചുരുട്ടിയെടുത്ത് അദ്ദേഹം വണ്ടിയിലെ റായ്ക്കിന്റെ അടിഭാഗത്ത് ഒളിപ്പിച്ചു വച്ചു.


ഒരു പിടി വിറകുമായി വീണ്ടും തിരിച്ചെത്തിയ ഹെലൻ അത് വണ്ടിയുടെ പിൻഭാഗത്ത് വച്ചു. "ഇങ്ങനെ മതിയോ...?"


"ധാരാളം... ആ മൈതാനത്തിനടുത്ത് എത്തുമ്പോൾ ഞാൻ വണ്ടി നിർത്തും... ഈ ലൈഫ് റാഫ്റ്റ് അവിടെയുള്ള പഴയ കിണറ്റിൽ താഴ്ത്തണം... ശരി പുറപ്പെടാം നമുക്ക്..."


ഷോൺ കുതിരയെ തെളിച്ചു. ഹെലൻ വണ്ടിയുടെ മുൻഭാഗത്ത് ഇരുന്നു. അൽപ്പദൂരം ചെന്നപ്പോഴാണ് ആരോ ചിരിക്കുന്നതും ഒരു നായ കുരയ്ക്കുന്ന ശബ്ദവും കേട്ടത്. കുതിരയെ നിർത്തിയിട്ട് ഒട്ടും തിരക്ക് കൂട്ടാതെ ഷോൺ തന്റെ ഫ്രഞ്ച് സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് തീ കൊളുത്തി. "പരിഭ്രമിക്കാനൊന്നുമില്ല... ഞാൻ കൈകാര്യം ചെയ്തോളാം..." അദ്ദേഹം അവളോട് പറഞ്ഞു.


കുരച്ചു കൊണ്ടെത്തിയ സാമാന്യത്തിലധികം വലിപ്പമുള്ള ആ അൽസേഷൻ നായ അരികിലെത്തിയപ്പോഴാണ് ഷോണിനെ തിരിച്ചറിഞ്ഞത്.  കുര നിർത്തി അദ്ദേഹത്തിന്റെ കൈയ്യിൽ നക്കിക്കൊണ്ട് അവൻ പരിചയം പുതുക്കി. ഗ്രേ ഹെൽമറ്റും ചുമലിൽ റൈഫിളും ധരിച്ച രണ്ട് ജർമ്മൻ സൈനികർ പിന്നീടാണ് എത്തിയത്. "ഗുട്ടെൻ മോർഗൻ, ഹെർ ജനറൽ..."  അവർ അഭിവാദ്യം നൽകി.


"ആന്റ് ഗുഡ് മോണിങ്ങ് റ്റു യൂ ഡാഫ്റ്റ് ബഗ്ഗേഴ്സ്..." അങ്ങേയറ്റം സൗഹൃദ ഭാവത്തിൽ പുഞ്ചിരിച്ചു കൊണ്ട് ഷോൺ പറഞ്ഞു.


"ഷോൺ... നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ...?" ഹെലന് ചിരിയടക്കാനായില്ല.


"ഒരിക്കലുമില്ല... ആ പോയ രണ്ടെണ്ണത്തിനും ഇംഗ്ലീഷ് ഒരു വാക്ക് പോലും അറിയില്ല...  പക്ഷേ, ഈ വണ്ടിയുടെ ഉള്ളിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞിരുന്നെങ്കിൽ കാണാമായിരുന്നു..."


"നമ്മൾ എങ്ങോട്ടാണ് ഇപ്പോൾ പോകുന്നത്...?" അവൾ ചോദിച്ചു. "എന്റെ ബംഗ്ലാവിൽ ഇപ്പോൾ ആരും ഉണ്ടാവില്ല..."


"മിസ്സിസ് വൈബർട്ട് ഇല്ലേ അവിടെ...?"


"അവർക്ക് ഇന്ന് അവധി കൊടുത്തിരിക്കുകയാണ് ഞാൻ... ഓർമ്മയില്ലേ കഴിഞ്ഞയാഴ്ച്ച അവരുടെ അനന്തിരവൾക്ക് ഒരു കുഞ്ഞ് ജനിച്ചത്...?"


"ഓ, അവളൊരു മിടുക്കി തന്നെ..." ഗാലഗർ പറഞ്ഞു. "ഒരു വർഷത്തിലേറെയായി അവളുടെ ഭർത്താവ് അങ്ങ് ദൂരെ ബ്രിട്ടീഷ് ആർമിയിൽ... തിരിച്ചെത്തുമ്പോൾ നീലക്കണ്ണുകളും ചെമ്പൻ മുടിയുമുള്ള ഒരു മിടുക്കൻ കുഞ്ഞിനെ കണ്ട് എന്ത് വിചാരിക്കുമോ ആവോ അയാൾ..."



"ഇത്രയും ക്രൂരനാവരുത് ഷോൺ... അവൾ അങ്ങനെ ചീത്ത പെണ്ണൊന്നുമല്ല... ഒരു പാവമാണ്... ഒറ്റയ്ക്കല്ലേ, ഒരു ദുർബ്ബല നിമിഷത്തിൽ ചിലപ്പോൾ സംഭവിച്ചു പോയതായിരിക്കാം..."


"എന്നോടാണോ നീ ഇത് പറയുന്നത്...?" ഷോൺ പൊട്ടിച്ചിരിച്ചു. "എന്നിട്ട് ഇതുവരെ ഒരിക്കൽ പോലും നീ എന്നെ ഓടിച്ചിട്ട് പിടിക്കുന്നത് കണ്ടിട്ടില്ലല്ലോ..."


"തമാശ കളയൂ ഷോൺ..." അവൾ പറഞ്ഞു. "ഇദ്ദേഹത്തെ എങ്ങോട്ടാണ് ഇപ്പോൾ നാം കൊണ്ടുപോകേണ്ടത്...? എന്റെ ബംഗ്ലാവിൽ ഒരു ചേംബർ ഉള്ള കാര്യം മറക്കണ്ട..."


ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തോടായിരുന്നു ആ ബംഗ്ലാവിന്റെ ഉടമസ്ഥനായിരുന്ന ചാൾസ് ഡു വിലാ വിധേയത്വം പുലർത്തിയത്. തന്റെ ബെഡ്റൂമിൽ നിന്നും ഒരു രഹസ്യഗോവണിയിലൂടെ കയറിച്ചെല്ലും വിധം മേൽക്കൂരയുടെ അടിയിൽ ഒരു പ്രത്യേക മുറി  അദ്ദേഹം നിർമ്മിച്ചിട്ടുണ്ടായിരുന്നു. കുടുംബാംഗങ്ങൾക്ക് മാത്രം അറിയാവുന്ന ആ മുറിയെ ചേംബർ എന്നാണ് വിളിച്ചിരുന്നത്. ക്രോംവെലിന്റെ ഭരണകാലത്ത് രാജ്യദ്രോഹി എന്ന് മുദ്ര ചാർത്തപ്പെട്ട ചാൾസ് ഒളിവിൽ കഴിഞ്ഞത് ആ ചേംബറിനുള്ളിൽ ആയിരുന്നു. 


"ഇല്ല... അത് ബുദ്ധിമുട്ടായിരിക്കും... എത്രയും പെട്ടെന്നുള്ള സഹായമാണ് ഇദ്ദേഹത്തിനിപ്പോൾ ആവശ്യം... തൽക്കാലം എന്റെ കോട്ടേജിലേക്ക് കൊണ്ടു പോകാം..."


"ശരി... അപ്പോൾ ഡോക്ടറുടെ കാര്യമോ...?"


"ജോർജ്ജ് ഹാമിൽട്ടൺ... വേറെയാരെയാണ് നമുക്ക് വിശ്വസിക്കാനാവുക...? നീ ഇവിടെ നിൽക്ക്... ഞാൻ ഈ ലൈഫ് റാഫ്റ്റ് കിണറ്റിൽ എറിഞ്ഞിട്ട് വരാം..."


വണ്ടിയിൽ നിന്നും ആ ലൈഫ് റാഫ്റ്റ് എടുത്ത് അദ്ദേഹം മരക്കൂട്ടങ്ങൾക്കിടയിലേക്ക് നടന്നു. അവിടെങ്ങും തളം കെട്ടി നിൽക്കുന്ന നിശ്ശബ്ദതയിൽ തന്റെ ക്രമരഹിതമായ ശ്വാസമിടിപ്പുകൾ അവൾക്ക് കേൾക്കാനാവുന്നുണ്ടായിരുന്നു. അപ്പോഴാണ്‌‌ വണ്ടിയിലെ വിറക് കൊള്ളികൾക്ക് അടിയിൽ കിടക്കുന്ന ഹ്യൂ കെൽസോ ഒന്ന് ഇളകിയതും വേദന കൊണ്ട് ഞരങ്ങിയതും.



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Friday, March 12, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 13

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ബീച്ചിൽ നിന്നുമുള്ള കാർട്ട് ട്രാക്ക് ഒഴിവാക്കി ഹെലൻ ഡു വിലാ എളുപ്പവഴി തെരഞ്ഞെടുത്തു. പൈൻ മരക്കൂട്ടങ്ങൾക്കിടയിലൂടെ തിടുക്കത്തിൽ നടന്ന അവൾ കുത്തനെയുള്ള കയറ്റം കയറി കുന്നിൻമുകളിലേക്ക് നീങ്ങി. നാല്‌ വർഷത്തെ ജർമ്മൻ അധിനിവേശം അവളുടെ ആരോഗ്യത്തെ ക്രമപ്പെടുത്തുകയാണ് ചെയ്തതെന്ന് പറയാം. ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം മൂലം അവളുടെ ഭാരം പതിനഞ്ച് കിലോയാണ്‌ കുറഞ്ഞത്. നാല്പത്തിരണ്ടുകാരിയായ തനിക്ക് ഇപ്പോൾ ആ പഴയ പതിനെട്ടുകാരിയുടെ ശരീരവും ചുറുചുറുക്കും തിരികെ കിട്ടിയിരിക്കുന്നു എന്ന് പലരോടും അവൾ തമാശയായി പറയുമായിരുന്നു. സ്വന്തമായി ഒരു കാർ ഇല്ലാത്തതിനാലും പൊതു ഗതാഗത സംവിധാനത്തിന്റെ അഭാവം മൂലവും മറ്റു പലരെയും എന്ന പോലെ അവൾക്കും ആഴ്ച തോറും മൈലുകളോളം നടക്കേണ്ടി വന്നിരുന്നു.


മരക്കൂട്ടങ്ങൾക്ക് അപ്പുറം ചെന്ന് നിന്ന് അവൾ ആ വീടിനെ ഒന്ന് വീക്ഷിച്ചു. ആ ദ്വീപിലെ വലിയ ബംഗ്ലാവുകളിൽ ഒരെണ്ണമൊന്നും ആയിരുന്നില്ല ഡു വിലാ പ്ലേസ്. എങ്കിലും സാമാന്യം തരക്കേടില്ലാത്തതും പ്രൗഢ ഗംഭീരവും ആയൊരു പൂർവ്വകാലം ഉണ്ടായിരുന്നു അതിന്. പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഒരു നാൾ ഉണ്ടായ അഗ്നിബാധയിൽ ആ കൊട്ടാരത്തിന്റെ ഒരു ഭാഗം മുഴുവനും നാമാവശേഷമായി. തദ്ദേശീയമായ ഗ്രാനൈറ്റ് കല്ലുകൾ കൊണ്ട് പടുത്തുയർത്തിയിട്ടുള്ളതാണ്‌ ആ ബംഗ്ലാവ്. മുൻവാതിലിന്റെ ഇരുവശങ്ങളിലും നിരയായി നിലകൊള്ളുന്ന ഫ്രഞ്ച് ജാലകങ്ങൾ. ഒരു വശത്തെ കോർട്ട്‌യാർഡിൽ നിന്നും കെട്ടിടത്തെ വേർതിരിക്കുന്ന ഗ്രാനൈറ്റ് മതിൽ.


കോർട്ട്‌യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന പഴയ മോറിസ് കാർ കണ്ട് അവൾ ഒന്നു നിന്നു. ശത്രുസൈന്യം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാറാണത്. കഴിഞ്ഞ രണ്ട്‌ വർഷമായി ജർമ്മൻ സൈന്യം ഹെലന്റെ ബംഗ്ലാവ് ഒരു താൽക്കാലിക വസതി എന്ന നിലയിൽ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. വരികയും പോകുകയും ചെയ്യുന്നു എന്നല്ലാതെ ഗ്വെൺസിയിൽ നിന്നും അഞ്ചാം ഷ്നെൽബൂട്ട് ഫ്ലോട്ടില്ലയിൽ പെട്ട E - ബോട്ടുകൾ എത്തുന്ന സമയത്ത് ഏറിയാൽ ഒന്നോ രണ്ടോ രാത്രികൾ മാത്രമാണ് അവരവിടെ തങ്ങുന്നത്.


ജെഴ്സി നേവൽ ബേസിൽ ഉള്ള നാവികരിൽ ഭൂരിഭാഗവും ചെറുപ്പക്കാരായ ഓഫീസർമാരായിരുന്നു. യുദ്ധം അതിന്റേതായ നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ചാനൽ ഐലന്റ്സിന്റെ പരിസരങ്ങളിലായി പലപ്പോഴും ബ്രിട്ടീഷ് ടോർപ്പിഡോ ബോട്ടുകളുമായി അവർ ഏറ്റുമുട്ടാറുണ്ടായിരുന്നു. അതിനുള്ള മറുപടിയായി ഗ്രാൻവിലായിലേക്കും സെന്റ് മാലോയിലേക്കും ഷെർബർഗ്ഗിലേക്കും പോകുന്ന രാത്രികാല കോൺവോയികളെ RAF ഫൈറ്ററുകൾ ആക്രമിക്കുന്നത് ഒരു പതിവായി. മനുഷ്യർ കൊല്ലപ്പെടുകയും രക്ഷപെടുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. അവൾ മുറ്റത്തേക്ക് പ്രവേശിക്കവെ ബംഗ്ലാവിനുള്ളിൽ നിന്നും ഒരാൾ പുറത്തേക്ക് വന്നു.


വെള്ള സ്വെറ്ററും റീഫർ കോട്ടും സീ ബൂട്ടും അണിഞ്ഞ അയാളുടെ കൈയ്യിൽ ഒരു‌ ലഗേജ് ബാഗുണ്ടായിരുന്നു. കടൽക്കാറ്റേറ്റ് കറപുരണ്ട നേവൽ ക്യാപ്പിന് താഴെയുള്ള മുഖം പക്ഷേ ആകർഷകമായിരുന്നു. ജർമ്മൻ U ബോട്ട് കമാൻഡർമാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്തരം വെള്ള യൂണിഫോമും ക്യാപ്പും. എന്നാൽ ലെഫ്റ്റ്നന്റ് ഗ്വിഡോ ഓർസിനി ഒരിക്കലും‌ ഒരു ജർമ്മൻകാരൻ ആയിരുന്നില്ല. ജർമ്മനിയുടെ ഇറ്റാലിയൻ അധിനിവേശത്തെ തുടർന്നുണ്ടായ ഉടമ്പടി പ്രകാരം ജർമ്മൻ നേവിയിൽ സേവനം അനുഷ്ഠിക്കേണ്ടി വന്ന ഹതഭാഗ്യനായ ഇറ്റാലിയൻ നാവികനായിരുന്നു അയാൾ. ഇടയ്ക്കിടെ അവിടെ വന്നു പോകുന്ന ഗ്വിഡോ ഓർസിനിയോട് അനുരാഗം തോന്നാൻ ഹെലന് അധിക കാലമൊന്നും വേണ്ടി വന്നില്ല.


"മോണിങ്ങ് ഗ്വിഡോ..." അവൾ അഭിവാദ്യം ചെയ്തു.


"ഹെലൻ, മൈ ലവ്..." ഒരു ഫ്ലൈയിംഗ് കിസ്സ് നൽകിയിട്ട് അയാൾ തുടർന്നു. "പതിവ് പോലെ ഞാൻ തന്നെ ഏറ്റവും അവസാനം..."


"ഇന്ന് എങ്ങോട്ടാണ്...?"


"ഗ്രാൻവിലാ... മൂടൽ മഞ്ഞുള്ളതുകൊണ്ട് നല്ല രസമായിരിക്കും... ബ്രിട്ടീഷുകാർ ഒന്നും പുറത്തിറങ്ങാൻ സാദ്ധ്യതയില്ല... നാളെ തിരിച്ചെത്തും... നിങ്ങൾക്ക് സെന്റ് ഹെലിയറിൽ പോകേണ്ട ആവശ്യം വല്ലതുമുണ്ടെങ്കിൽ ഞാൻ ലിഫ്റ്റ് തരാം..."


"നോ, താങ്ക്സ്... ആട്ടെ, ഷോണിനെ എവിടെയെങ്കിലും കണ്ടിരുന്നോ...?"


"ജനറലിനെ ഒരു പത്തു മിനിട്ട് മുമ്പ് കണ്ടിരുന്നു... ഒരു മഴുവുമായി ധാന്യപ്പുരയിൽ നിന്നും തന്റെ കോട്ടേജിന് നേർക്ക് പോകുന്നത് കണ്ടു... ശരി, അപ്പോൾ നാളെ കാണാം മൈ ഡിയർ... വിമാനത്തിന് സമയമായി..."


ചെറിയ ഗേറ്റിലൂടെ അയാൾ കോർട്ട്‌യാർഡിലേക്ക് കടന്നു. അടുത്ത നിമിഷം ആ മോറിസ് കാർ സ്റ്റാർട്ട് ചെയ്ത് പുറത്ത് പോകുന്നതിന്റെ ശബ്ദം അവൾക്ക് കേൾക്കാറായി. കോർട്ട്‌യാർഡ് താണ്ടി പുറത്തേക്കുള്ള ഗേറ്റ് കടന്ന് അവൾ മരക്കൂട്ടങ്ങൾക്കിടയിലെ കാർട്ട് ട്രാക്കിലൂടെ അതിവേഗം ഓടി. ആ വനത്തിലൂടെ ഒഴുകുന്ന കുഞ്ഞരുവിയുടെ തീരത്തായിരുന്നു ഷോൺ ഗാലഗറുടെ കോട്ടേജ്. ഒരു പഴയ കോർഡുറോയ് പാന്റ്സും റൈഡിങ്ങ് ബൂട്ട്സും ധരിച്ച് ചെക്ക് ഷർട്ടിന്റെ കൈകൾ മുകളിലേക്ക്  തെറുത്ത് വച്ച് ബലിഷ്ടമായ മസിലുകൾ കാണിച്ചു കൊണ്ട് വിറക് കീറിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ ഒറ്റ നോട്ടത്തിൽ തന്നെ അവൾ കണ്ടു.


"ഷോൺ...!" ഉറക്കെ വിളിച്ചുകൊണ്ട് ഓടിയെത്തിയ അവൾ കാൽ തട്ടി മുന്നോട്ട് വീഴുവാനാഞ്ഞു.


ഉയർത്തിയ മഴു താഴ്ത്തി കണ്ണിന് മുന്നിലേക്ക് വീണ ചെമ്പൻ മുടി വകഞ്ഞു മാറ്റി അദ്ദേഹം തിരിഞ്ഞു നോക്കി. ഓടിക്കിതച്ചെത്തി വീഴുവാൻ തുടങ്ങുന്ന ഹെലനെ കണ്ടതും മഴു താഴെയിട്ട് മുന്നോട്ട് കുതിച്ച അദ്ദേഹം അവളെ വീഴാതെ താങ്ങി നിർത്തി.


                                *** 


നാൽപ്പത്തിരണ്ടുകാരനായ ഷോൺ ഗാലഗർ ഒരു ഐറിഷ് പൗരൻ ആയതുകൊണ്ട് ഔദ്യോഗികമായി ഈ യുദ്ധത്തിൽ നിഷ്പക്ഷനാണ്. 1892 ൽ ഡബ്ലിനിൽ ജനനം. ട്രിനിറ്റി കോളേജിൽ ഒരു സർജറി പ്രൊഫസർ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് അമ്പതാം വയസ്സ് വരെ അവിവാഹിതനായിരുന്നു. ജോലി സംബന്ധമായി ജെഴ്സിയിൽ എത്തിയ അദ്ദേഹം അവിടെ വച്ച് കണ്ട റൂത്ത് ലെ ബ്രോക്ക് എന്ന നേഴ്സിൽ അനുരക്തനാവുകയും ഒരു മാസത്തിനകം തന്നെ അവളെ വിവാഹം കഴിച്ച് ഡബ്ലിനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.


തൊട്ടടുത്ത വർഷം പ്രസവത്തോട് അനുബന്ധിച്ചുണ്ടായ അസുഖം മൂലം അവൾ മരണമടഞ്ഞു. വർഷം തോറും ജെഴ്സിയിൽ എത്തുന്ന ഷോൺ തന്റെ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം നീണ്ട അവധിക്കാലം ചെലവഴിച്ചു. ശേഷിക്കുന്ന നാളുകൾ ഡബ്ലിനിൽ തന്റെ പിതാവിനൊപ്പവും. ഒരു എഴുത്തുകാരനാവുക എന്ന ജീവിതാഭിലാഷവുമായി പിതാവ് ജോലി ചെയ്യുന്ന ട്രിനിറ്റി കോളേജിൽ ചേർന്ന ഷോൺ സാഹിത്യത്തിൽ ബിരുദമെടുത്തു. ആ സമയത്താണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും ജീവിത പ്രാരാബ്ധങ്ങൾ മൂലം സൈന്യത്തിൽ ചേരുന്നതും.


ഐറിഷ് ഫ്യൂസിലേഴ്സ് റെജിമെന്റിലാണ് ഷോണിന് നിയമനം ലഭിച്ചത്. ധാരാളം ജെഴ്സി സ്വദേശികൾ ആ സെക്ഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. 1918 ൽ തന്റെ ഇരുപത്തിയാറാം വയസ്സിൽ മേജർ പദവിയിലേക്കുയർന്ന അദ്ദേഹത്തിന് രണ്ട് തവണ യുദ്ധത്തിൽ പരുക്കേറ്റു. എന്നാൽ അദ്ദേഹം പറയാറുള്ളത് പോലെ ശരിക്കുള്ള യുദ്ധം പിന്നീടായിരുന്നു. കമാൻഡർ മൈക്കൽ കോളിൻസിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ മെയോ പ്രവിശ്യയിൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുമായുള്ള പോരാട്ടം.


1922 ൽ ബ്രിട്ടീഷ് ഗവണ്മന്റുമായി ഒപ്പു വച്ച ഉടമ്പടിയെത്തുടർന്ന് ഏറ്റുമുട്ടലിന് ഒരു താൽക്കാലിക ശമനം വന്നുവെങ്കിലും പുതിയൊരു പോരാട്ടത്തിന്റെ നാന്ദി കുറിക്കലായിരുന്നു അതെന്ന് വേണം പറയാൻ. ആ ഉടമ്പടി അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന IRA യിലെ ഒരു വിഭാഗം പോരാളികളും സ്വതന്ത്ര ഐറിഷ് സർക്കാരിനു വേണ്ടി വാദിച്ചു കൊണ്ട് മൈക്കൽ കോളിൻസിന് പിന്നിൽ അണി നിരന്നവരും തമ്മിൽ രക്തരൂഷിതമായ ഒരു ആഭ്യന്തരയുദ്ധം തന്നെ പൊട്ടിപ്പുറപ്പെടുകയാണ് പിന്നീടുണ്ടായത്. സ്വതന്ത്ര അയർലണ്ട് എന്ന സങ്കൽപ്പത്തിനൊപ്പം നിന്ന് മുപ്പതാം വയസ്സിൽ ജനറൽ പദവിയിലേക്കുയർന്ന ഷോൺ ഗാലഗർ അയർലണ്ടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആക്രമണം നടത്തി തന്റെ പഴയ സഹപ്രവർത്തകരെ വേട്ടയാടിക്കൊണ്ടിരുന്നു.


ക്രമേണ, എണ്ണമറ്റ കൊലപാതകങ്ങളിൽ മനസ്സ് മടുത്ത അദ്ദേഹം ഒടുവിൽ സൈന്യത്തോട് വിട പറഞ്ഞ് ലോകം ചുറ്റുവാനിറങ്ങി. പിതാവിന്റെ സമ്പാദ്യവുമായി പുതിയൊരു ജീവിതത്തിലേക്ക് കടന്ന ഷോൺ തന്റെ എക്കാലത്തെയും സ്വപ്നമായ നോവലെഴുത്ത് മനസ്സിൽ കണ്ടുകൊണ്ട് 1930 ൽ ജെഴ്സിയിൽ എത്തി. അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായിരുന്നു റാൾഫ് ഡു വിലാ.  അയാളുടെ ഭാര്യയായ ഹെലനോട് പ്രഥമ ദർശനത്തിൽത്തന്നെ വല്ലാത്തൊരു ആകർഷണമാണ് ഷോണിനുണ്ടായത്. ജെഴ്സിയുടെ ഉൾപ്രദേശമായ സെന്റ് ലോറൻസിൽ സ്ഥിതി ചെയ്യുന്ന അവരുടെ ബംഗ്ലാവ് 1940 ൽ അധിനിവേശത്തിനെത്തിയ ജർമ്മൻകാർ ഏറ്റെടുത്തു. ബ്രിട്ടീഷ് ആർമിയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ കരുത്തുറ്റ ഒരു വലംകൈ ആവശ്യമായിരുന്നു ആ ഘട്ടത്തിൽ‌ അവൾക്ക്. അങ്ങനെ അവൾക്ക് പാരമ്പര്യമായി ലഭിച്ച എസ്റ്റേറ്റിലെ കോട്ടേജിൽ അദ്ദേഹം സ്ഥിരതാമസമാക്കി. അതോടൊപ്പം ഒരിക്കലും സഫലമാകില്ല എന്നറിഞ്ഞിട്ടും അവളോടുള്ള അഗാധമായ പ്രണയം തുടരുകയും ചെയ്തു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...