Saturday, April 30, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 61

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


റോഡ് മുറിച്ചു കടന്ന് മാർട്ടിനോ ടൗൺ ഹാളിന് നേർക്ക് നടന്നു. ഹാളിലേക്കുള്ള പടവുകളിൽ പാറാവുകാരനുമായി സംസാരിച്ചുകൊ‌ണ്ട് പരമ്പരാഗത ബ്രിട്ടീഷ് ബോബി യൂണിഫോം അണിഞ്ഞ ഒരു പോലീസുകാരൻ നിൽക്കുന്നുണ്ടായിരുന്നു. മാർട്ടിനോ അങ്ങോട്ട് നടന്നടുക്കുന്നത് കണ്ട് സംസാരം നിർത്തിയ അവർ തെല്ലു കരുതലോടെ അദ്ദേഹത്തെ വീക്ഷിച്ചു.


"ഞാൻ സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ... കമാൻഡറെ കാണാൻ വന്നതാണ്..." മാർട്ടിനോ പറഞ്ഞു.


പാറാവുകാരൻ ഞൊടിയിടയിൽ കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിന്നു. പോലീസ് കോൺസ്റ്റബിൾ പതുക്കെ സ്ഥലം കാലിയാക്കി. "കമാൻഡർ പത്തു മിനിറ്റ് മുമ്പ് എത്തിയിട്ടുണ്ട്, സ്റ്റാൻഡർടൻഫ്യൂറർ..."


മാർട്ടിനോ ഹാളിനുള്ളിലേക്ക് കടന്നു. കവാടത്തിനരികിലെ മേശയ്ക്കരികിൽ ഇരിക്കുന്ന ആർമി സെർജന്റ് തലയുയർത്തി നോക്കി. "എന്റെ പേര് ഫോഗെൽ... കേണൽ ഹെയ്നുമായി ഒരു മീറ്റിങ്ങ് ഉണ്ട്..."


ചാടിയെഴുന്നേറ്റ സെർജന്റ് ഫോൺ റിസീവർ എടുത്തു. "സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ എത്തിയിരിക്കുന്നു, ഹെർ മേജർ..." അയാൾ റിസീവർ താഴെ വച്ചു. "താങ്കളെ കൂട്ടിക്കൊണ്ടു പോകാൻ മേജർ നെക്കർ ഉടൻ താഴെയെത്തും സർ..."


"നന്ദി..." തിരിഞ്ഞ് അല്പം മാറി നിന്ന്, തുറന്നു കിടന്ന വാതിലിലൂടെ മാർട്ടിനോ പുറത്തേക്ക് നോക്കി. നിമിഷങ്ങൾക്കകം ആരോ സ്റ്റെയർകെയ്സിന്റെ പടികളിറങ്ങി താഴേക്ക് വരുന്ന ശബ്ദം കേൾക്കാറായി. തിരിഞ്ഞു നോക്കിയ അദ്ദേഹം കണ്ടത് തിടുക്കത്തിൽ താഴേക്ക് വരുന്ന ചെറുപ്പക്കാരനായ ഒരു ഇൻഫന്ററി മേജറെയാണ്. ഏറിയാൽ മുപ്പത് വയസ്സ് തോന്നിക്കും.


അങ്ങേയറ്റം ബഹുമാനത്തോടെ ഒരു നിമിഷം കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിന്ന് അയാൾ ഹസ്തദാനം നൽകി. "ഫെലിക്സ് നെക്കർ, സ്റ്റാൻഡർടൻഫ്യൂറർ..."


വലതു കണ്ണിനോട് ചേർന്നുള്ള മുറിപ്പാടിൽ നിന്നും അയാൾ യുദ്ധനിരയിൽ പൊരുതിയിട്ടുള്ളവനാണെന്ന് വ്യക്തം. അയാളുടെ യൂണിഫോമിലെ അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് ബാഡ്ജും സിൽവർ വൂണ്ടഡ് ബാഡ്ജും സൂചിപ്പിക്കുന്നത് ചുരുങ്ങിയത് മൂന്നു തവണയെങ്കിലും യുദ്ധനിരയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ്. കൂടാതെ, നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഭാഗഭാക്കായതിന്റെ ബഹുമതിയായി അസോൾട്ട് ബാഡ്ജും. ശത്രുരാജ്യത്തിന്റെ ഇത്തരം ബാഡ്ജുകളെക്കുറിച്ചുള്ള അറിവുകളൊക്കെയാണ് മാർട്ടിനോയെ ഈ രംഗത്ത് സജീവമായി നില നിർത്തുന്നത്. ഒരറിവും അദ്ദേഹം പാഴാക്കിയില്ല. അതു വച്ചു നോക്കിയാൽ ഒരു വാർ ഹീറോയാണ് തന്റെ മുന്നിൽ നിൽക്കുന്നത്.


"നിങ്ങളെ പരിചയപ്പെടാനായതിൽ വളരെ സന്തോഷം, ഹെർ മേജർ..." അദ്ദേഹം പറഞ്ഞു. "ജെഴ്സിയിൽ എത്തിയിട്ട് കുറേ നാളായോ നിങ്ങൾ...?"


"ഏതാനും മാസങ്ങൾ മാത്രം..." നെക്കർ പറഞ്ഞു. "വാസ്തവത്തിൽ മുന്നുറ്റിപ്പത്തൊമ്പതാം ഡിവിഷനിൽപ്പെട്ടയാളല്ല ഞാൻ... ഇതൊരു താൽക്കാലിക നിയമനമാണ്..."


സ്റ്റെയർകെയ്സ് കയറി അവർ മുകളിലെത്തി. വാതിലിൽ മുട്ടിയ ശേഷം കതക് തുറന്ന് അയാൾ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു. മാർട്ടിനോ ആദ്യം ഉള്ളിലേക്ക് പ്രവേശിച്ചു. ആവശ്യത്തിനുള്ള സൗകര്യങ്ങളോടു കൂടിയ പ്രസന്നമായ ഒരു ഓഫീസ്. ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മേശയെ ചുറ്റി തന്നെ സ്വീകരിക്കാനെത്തിയ ആ ഓഫീസർ ഏതു ടൈപ്പ് ആണെന്ന് പെട്ടെന്ന് തന്നെ മാർട്ടിനോയ്ക്ക് മനസ്സിലായി. അല്പം കടുംപിടുത്തക്കാരനായ പഴയ തലമുറയിൽപ്പെട്ട ഒരു സാധാരണ ആർമി ഓഫീസർ... തീർച്ചയായും ഒരു നാസിയല്ല എന്ന് വ്യക്തം... ഓഫീസർ എന്നതിലുപരി തികച്ചും ഒരു മാന്യനും...


"താങ്കളെ കണ്ടുമുട്ടാനായതിൽ സന്തോഷം, സ്റ്റാൻഡർടൻഫ്യൂറർ..." ഉറച്ച ഹസ്തദാനമായിരുന്നെങ്കിലും സൗഹൃദഭാവത്തിന് കുറവില്ല. പക്ഷേ, അയാളുടെ കണ്ണുകൾ പറയുന്നത് മറ്റൊന്നായിരുന്നു. ഇതെല്ലാം പുറമെയുള്ള ഒരു ആചാര മര്യാദ മാത്രം...


"കേണൽ ഹെയ്ൻ..." കോട്ടിന്റെ പോക്കറ്റിൽ നിന്നും മാർട്ടിനോ തന്റെ SD കാർഡ് എടുത്ത് അദ്ദേഹത്തിന് നീട്ടി. 


അത് പരിശോധിച്ച ശേഷം അയാൾ തിരികെ നൽകി. "ഇരുന്നാലും... എന്ത് സഹായമാണ് താങ്കൾക്ക് ഞങ്ങൾ ചെയ്യേണ്ടത്...? ഫെലിക്സ് നെക്കറെ താങ്കൾ പരിചയപ്പെട്ടുവല്ലോ... പാരീസിൽ നിന്നുമുള്ള ഒരു താൽക്കാലിക നിയമനമാണ്... എന്റെ സെക്കൻഡ് ഇൻ കമാൻഡ് ആയിട്ട്... അയാളുടെ അവധിക്കാലമെന്ന് വേണമെങ്കിൽ പറയാം... ഹോസ്പിറ്റലിൽ  നിന്ന് അടുത്തയിടെ ഡിസ്ചാർജ് ആയതേയുള്ളൂ... റഷ്യൻ യുദ്ധനിരയിലായിരുന്നു..."


"അതെയോ...?" മാർട്ടിനോ ചോദിച്ചു. ശേഷം ഹിംലറുടെ അധികാര പത്രം പുറത്തെടുത്ത് അയാൾക്ക് നേരെ നീട്ടി.


സാവധാനം അത് വായിക്കവെ കേണൽ ഹെയ്നിന്റെ മുഖം വലിഞ്ഞു മുറുകി. അയാൾ ആ ലെറ്റർ നെക്കറിന് കൈമാറി. "താങ്കളുടെ ആഗമനോദ്ദേശ്യം എന്താണെന്ന് അറിയുന്നതിൽ വിരോധമുണ്ടോ...?"


"ഈ അവസരത്തിൽ അത് വെളിപ്പെടുത്താനാവില്ല..." നെക്കർ തിരികെയേൽപ്പിച്ച ലെറ്റർ വാങ്ങിക്കൊണ്ട് മാർട്ടിനോ പറഞ്ഞു. "എനിക്ക് വേണ്ടത് ഇത്ര മാത്രം... വേണ്ട സമയത്ത് നിങ്ങളുടെ സമ്പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന ഉറപ്പ്..."


"അത് പിന്നെ പറയേണ്ട ആവശ്യമുണ്ടോ..." ഹെയ്ൻ ഒന്ന് സംശയിച്ചു. "പിന്നെ, താങ്കളുടെ താമസ സൗകര്യം... ഞാൻ കേട്ടത് ഡു വിലാ പ്ലേസിലാണ് താങ്കൾ തങ്ങുന്നതെന്നാണ്..."


"അതെ... വന്നയുടൻ തന്നെ പോർട്ടിൽ വച്ച് ക്യാപ്റ്റൻ മുള്ളറുമായി ഞാൻ സംസാരിച്ചിരുന്നു... നല്ല സഹകരണമാണ് അയാളിൽ നിന്ന് എനിക്ക് ലഭിച്ചത്... എന്റെ ആവശ്യത്തിന് ഒരു വാഹനവും അയാൾ ഏർപ്പാടാക്കിത്തന്നു... തൽക്കാലം വേറൊന്നും എനിക്കാവശ്യമില്ല... എന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഇവിടെയുള്ള എല്ലാ യൂണിറ്റ് കമാൻഡർമാരെയും ഒന്നറിയിച്ചാൽ നന്നായിരുന്നു..."


"തീർച്ചയായും... പിന്നെ, ഒരു കാര്യമുണ്ട്..." ഹെയ്ൻ തുടർന്നു. "എനിക്കും സിവിൽ അഫയേഴ്സ് കമാൻഡർക്കും ഗ്വെൺസിയിലേക്ക് പോകേണ്ട ആവശ്യമുണ്ട്... ജനറൽ വോൺ ഷ്മെറ്റോയുമായുള്ള ഒരു വാരാന്ത്യ കോൺഫറൻസിന്..."


മാർട്ടിനോ നെക്കറുടെ നേർക്ക് തിരിഞ്ഞു. "എന്റെ ഊഹം ശരിയാണെങ്കിൽ നിങ്ങൾക്കായിരിക്കും ആ സമയത്ത് കമാൻഡറുടെ ചാർജ്ജ്...?"


"ശരിയാണ്..."


"എങ്കിൽ പിന്നെ പ്രശ്നമില്ല..." മാർട്ടിനോ എഴുന്നേറ്റ് തന്റെ ഹാറ്റ് കൈയ്യിലെടുത്തു.


"കോൺഫറൻസ് കഴിഞ്ഞ് തിരിച്ചു വന്നിട്ട് താങ്കളെ കാണാൻ സാധിക്കുമോ...?" ഹെയ്ൻ ആരാഞ്ഞു.


"മിക്കവാറും..." മാർട്ടിനോ അയാൾക്ക് ഹസ്തദാനം നൽകി. "നിങ്ങളെ പരിചയപ്പെടാനായതിൽ സന്തോഷം ഹെർ കേണൽ... നിങ്ങളുടെ ജോലികൾ നടക്കട്ടെ... എന്നെ യാത്രയാക്കാനൊന്നും ബുദ്ധിമുട്ടണമെന്നില്ല മേജർ..."


അദ്ദേഹം പുറത്ത് കടന്നതും വാതിൽ അടഞ്ഞു. ഹെയ്നിന്റെ അതുവരെയുണ്ടായിരുന്ന ഭാവം മാറിയത് പൊടുന്നനെയായിരുന്നു. "ഈ SS സേനാംഗങ്ങളെ കാണുമ്പോഴൊക്കെ എന്റെ ദേഹം വലിഞ്ഞു മുറുകുന്നു... എന്ത് നാശത്തിനാണ് അദ്ദേഹമിപ്പോൾ ഇങ്ങോട്ട് വന്നിരിക്കുന്നത് ഫെലിക്സ്...?"


"ദൈവത്തിന് മാത്രമേ അറിയൂ, ഹെർ കേണൽ... പക്ഷേ, അദ്ദേഹത്തിന്റെ രേഖകളൊക്കെ........." നെക്കർ ചുമൽ വെട്ടിച്ചു. "ഹിംലർ മാത്രമല്ല അതിൽ ഒപ്പിട്ടിരിക്കുന്നത്... സാക്ഷാൽ ഫ്യൂറർ തന്നെയാണ് കൗണ്ടർ സൈൻ ചെയ്തിരിക്കുന്നത്..."


"ഞാൻ ശ്രദ്ധിച്ചിരുന്നു..." ഹെയ്ൻ ഇരുകൈകളും ഉയർത്തി. "എന്തായാലും അദ്ദേഹത്തെ ഒന്ന് നിരീക്ഷിച്ചോളൂ... ഗ്വെൺസിയിൽ ചെന്നിട്ട് വോൺ ഷ്മെറ്റോയോടും ഇതേക്കുറിച്ച് അഭിപ്രായം ചോദിക്കുന്നുണ്ട്... തൽക്കാലം അദ്ദേഹത്തോട് നന്നായിത്തന്നെ പെരുമാറാൻ ശ്രദ്ധിക്കുക... ഹിംലറുമായി യാതൊരു പ്രശ്നവും നമുക്ക് വേണ്ട..."


"തീർച്ചയായും, ഹെർ കേണൽ..."


"ഗുഡ്... എന്നാൽ ഇനി ആ ഫുഡ് കൺട്രോൾ കമ്മിറ്റിയിലെ അംഗങ്ങളെ വിളിക്കൂ... അവരുമായിട്ടുള്ള മീറ്റിങ്ങ് ആരംഭിക്കാം..."



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, April 21, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 60

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഏത് സാഹചര്യവും വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടാതെ ആത്മനിയന്ത്രണത്തോടെ കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവിൽ‌ അഭിമാനം കൊണ്ടിരുന്നു കാൾ മുള്ളർ. സിൽവർ ടൈഡ് ഹോട്ടലിൽ തന്റെ ഓഫീസിലെ ജാലകത്തിനരികിൽ നിൽക്കവെ ജീവിതത്തിൽ ഇതാദ്യമായി ആ നിയന്ത്രണം കൈവിട്ടു പോകുന്നത് അദ്ദേഹം അറിഞ്ഞു.


"എ‌ന്താണ് ഇക്കാര്യത്തിൽ നിങ്ങൾക്ക് പറയാനുള്ളത്...?" അദ്ദേഹം ആരാഞ്ഞു.


ഭയാനകമായ അവസ്ഥയിലായിരുന്നു ക്ലൈസ്റ്റിന്റെ മുഖം. കണ്ണുകൾക്ക് ചുറ്റും ചതഞ്ഞ് ഇരുണ്ട നിറമായിരിക്കുന്നു. ഇടികൊണ്ട് തകർന്ന മൂക്ക് നീര് വച്ച് വീങ്ങിയിട്ടുണ്ട്. "ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ്, ഹെർ ക്യാപ്റ്റൻ..."


മുള്ളർ, ഗ്രൈസറുടെ നേർക്ക് തിരിഞ്ഞു. "അതു തന്നെയാണോ നിങ്ങൾക്കും പറയാനുള്ളത്...? തെറ്റിദ്ധാരണ...?"


"ഞങ്ങൾ ആ പെൺകുട്ടിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്, ഹെർ ക്യാപ്റ്റൻ... അവളാകട്ടെ ആകെപ്പാടെ പേടിച്ചരണ്ടു പോയി... അപ്പോഴാണ് ഗാലഗർ അവിടെയെത്തിയത്... അദ്ദേഹം ഞങ്ങളെ തെറ്റിദ്ധരിക്കുകയാണുണ്ടായത്..."


"നിങ്ങളുടെ മുഖം അത് തെളിയിക്കുന്നുമുണ്ട്, വില്ലീ..." മുള്ളർ പറഞ്ഞു.  "മാത്രമല്ല, ആ ഫോഗെൽ ഇതിൽ ഇടപെടുകയും ചെയ്തു...!"


"നിർഭാഗ്യവശാൽ അദ്ദേഹവും ആ സമയത്ത് അവിടെയെത്തി..." ഗ്രൈസർ പറഞ്ഞു.


"എന്നിട്ട്, അദ്ദേഹവും തെറ്റിദ്ധരിക്കപ്പെട്ടു..." മുള്ളർ ദ്വേഷ്യം കൊണ്ട് വിറച്ചു. "ഉച്ച കഴിഞ്ഞ് അദ്ദേഹം ഇവിടെ വരുമ്പോൾ, ഈ കുരുക്കിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ ഞാനാണ് ഇനി പാടുപെടേണ്ടത്... കടന്നു പൊയ്ക്കോണം രണ്ടും എന്റെ മുന്നിൽ നിന്ന്...!"


അദ്ദേഹം ജാലകത്തിന് നേരെ തിരിഞ്ഞ് കൈപ്പത്തി കൊണ്ട് ചുമരിൽ ആഞ്ഞിടിച്ചു.


                                ***


സാറ പറഞ്ഞു കൊടുത്ത വഴികളിലൂടെ മാർട്ടിനോ ഡ്രൈവ് ചെയ്തു. ഗ്ലൂസ്റ്റർ തെരുവിലെ ജയിൽ കവാടത്തിന് മുന്നിലൂടെ കടന്നു പോകവെ അദ്ദേഹം ഓർമ്മിപ്പിച്ചു. "ഒരു കാര്യം... ടൗണിൽ വച്ച് നാം ഇരുവരും സംസാരിക്കുന്നത് ഫ്രഞ്ചിൽ മാത്രമായിരിക്കണം... ആരൊക്കെയാണ് നമ്മെ ശ്രദ്ധിക്കുന്നതെന്ന് അറിയില്ലല്ലോ... മനസ്സിലാകുന്നുണ്ടോ...?"


"തീർച്ചയായും..."


അടുത്തെവിടെ നിന്നോ ഒഴുകിയെത്തുന്ന വാദ്യസംഗീതത്തിന്റെ അലകൾ. അവർ പരേഡ് ഗ്രൗണ്ടിനരികിലെത്തി. ഒരു കൂട്ടം ജർമ്മൻ സൈനികർ ആ പുൽമൈതാനത്ത് ബാൻഡ് വായിക്കുന്നതായിരുന്നു അത്. കുറേ സിവിലിയൻസും ഏതാനും പട്ടാളക്കാരും അതാസ്വദിച്ചുകൊണ്ട് അടുത്തു തന്നെ നിൽക്കുന്നുണ്ട്. 


"BBC യിലെ 'വർക്കേഴ്സ് പ്ലേ ടൈം' പരിപാടി പോലെ..." മാർട്ടിനോ പറഞ്ഞു. "അധിനിവേശത്തിന്‌ കീഴിലാണെങ്കിലും ജനങ്ങൾക്ക് ഒരു എന്റർടെയിൻമെന്റ് ആയിക്കോട്ടെ എന്ന് കരുതിക്കാണും..."


"ഇവിടെ നിർത്തിക്കോളൂ..." അവൾ പറഞ്ഞു. "ഈ തെരുവിന്റെ അറ്റത്താണ്‌ ടൗൺ ഹാൾ..."


ഫുട്ട്പാത്തിനരികിൽ പാർക്ക് ചെയ്തിട്ട് അവർ പുറത്തിറങ്ങി. മിലിട്ടറി വാഹനം വന്ന് നിൽക്കുന്നതു കണ്ട് അവിടെ ഉണ്ടായിരുന്നവരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ഭൂരിഭാഗം പേരും നിർവ്വികാരർ ആയിരുന്നുവെങ്കിലും ചുരുക്കം ചിലർക്കെങ്കിലും‌ തങ്ങളുടെ രോഷം മറച്ചു വയ്ക്കാനായില്ല. പ്രത്യേകിച്ചും പ്രായം ചെന്ന സ്ത്രീകൾക്ക്. 


"ജെറിബാഗ്...!" അവർ കടന്നുപോകവെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവജ്ഞയോടെ ആരോ പിറുപിറുക്കുന്ന സ്വരം‌ കേട്ടു. ശത്രുവുമായി ചങ്ങാത്തം കൂടുന്ന പെൺകുട്ടിയെ തങ്ങളുടെ നീരസം പ്രകടിപ്പിക്കാനായി  ഭൂരിഭാഗം പേരും വെറുപ്പോടെ വിളിക്കുന്ന ഒരു അസഭ്യവാക്കായിരുന്നു അത്. മാർട്ടിനോ വെട്ടിത്തിരിഞ്ഞു. അദ്ദേഹം വീണ്ടും ഫോഗെൽ ആയി രൂപാന്തരം പ്രാപിച്ചു. ആ വാക്ക് ഉച്ചരിച്ച നരച്ച മുടിയുള്ള സ്ത്രീയോട് അദ്ദേഹം ഇംഗ്ലീഷിൽ ചോദിച്ചു. 


"യൂ സെഡ് സംതിങ്ങ്, മാഡം...?"


അവർ ഭയം കൊണ്ട് വിറച്ചു പോയി. "നോ... നോട്ട് മീ... താങ്കൾക്ക് ആള് മാറിയതാണ്..." അവർ തിരിഞ്ഞ് പരിഭ്രാന്തിയോടെ നടന്നകന്നു.


അദ്ദേഹത്തിന്റെ കരം കവർന്ന് പതിഞ്ഞ സ്വരത്തിൽ സാറ പറഞ്ഞു.‌ "ചിലപ്പോഴെങ്കിലും നിങ്ങളെ ഞാൻ വെറുത്തു പോകുന്നു, ഹാരി മാർട്ടിനോ..."


മുകളിൽ നാസി പതാക പാറിക്കളിക്കുന്ന ടൗൺ ഹാളിന്റെ കവാടം കടന്ന് അവർ മുന്നോട്ട് നീങ്ങി. കൈയ്യിൽ റൈഫിളുമായി ഒരു ലുഫ്ത്‌വാഫ് സെൻട്രി പടവുകളിൽ കാവൽ നിൽക്കുന്നുണ്ടായിരുന്നു. യോർക്ക് സ്ട്രീറ്റിന്റെ മറുഭാഗത്തുള്ള ഷാരിങ്ങ് ക്രോസ്സിലേക്ക് അവർ നടന്നെത്തി. ഏതാനും ഷോപ്പുകളുടെയെല്ലാം ജാലകങ്ങളിൽ ടേപ്പ് ഒട്ടിച്ചിരിക്കുന്നത് കാണാനുണ്ട്. ഒരു പക്ഷേ, ചില്ലു കഷണങ്ങളിൽ നിന്ന് രക്ഷ നേടാൻ യുദ്ധത്തിന്റെ ആദ്യനാളുകളിൽ ചെയ്തതായിരിക്കണം. ലുഫ്ത്‌വാഫ് 1940 ൽ ഒരു തവണ സെന്റ് ഹെലിയറിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഒരു ആക്രമണം നടത്തി ജെഴ്സി തിരിച്ചു പിടിക്കാൻ RAF ന് പദ്ധതിയൊന്നും ഇല്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാവണം, ഭൂരിഭാഗം കടയുടമകളും‌ ടേപ്പ് ഇളക്കിമാറ്റിക്കളഞ്ഞത്.


രണ്ട് ഷോപ്പുകളുടെ ഇടയിലുള്ള സ്റ്റെയർകെയ്സിന് മുന്നിൽ അവർ ഒരു നിമിഷം നിന്നു. ഹെയർ ഡ്രെസ്സിങ്ങ് സലൂൺ മുകളിലത്തെ നിലയിലാണെന്ന് സൂചിപ്പിക്കുന്ന ദിശാസൂചിക അവിടെയുണ്ടായിരുന്നു. "ഈ സ്ഥലം എനിക്ക് ഓർമ്മയുണ്ട്..." സാറ പറഞ്ഞു.


"നി‌ന്നെ അവർ തിരിച്ചറിയുമോ...?"


"സാദ്ധ്യതയില്ല... ഏറ്റവുമൊടുവിൽ മുടി ഡ്രെസ്സ്  ചെയ്യുവാനായി ഞാനിവിടെ എത്തിയത് പത്ത് വയസ്സുള്ളപ്പോഴായിരുന്നു..."


കോണിപ്പടികൾ കയറി മുകളിലെത്തിയ സാറ ഫ്രോസ്റ്റഡ് ഗ്ലാസിന്റെ ഹാഫ് ഡോർ തള്ളിത്തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. അവൾക്ക് പിന്നാലെ മാർട്ടിനോയും. രണ്ടു വാഷ്ബേസിനുകളും ഏതാനും ഹെയർ ഡ്രൈയറുകളും മാത്രമുള്ള ഒരു കൊച്ചു സലൂൺ ആയിരുന്നുവത്. ഏതാണ്ട് നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന വട്ടമുഖമുള്ള പ്രസന്നവതിയായ ഒരു വനിത മുറിയുടെ മൂലയിൽ ഒരു മാസിക വായിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്. മന്ദഹാസത്തോടെ തലയുയർത്തിയ അവരുടെ മുഖത്തെ പുഞ്ചിരി അവരെ കണ്ടതും പൊടുന്നനെ മാഞ്ഞു.


"എന്തു വേണം...?" ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ അവർ ആരാഞ്ഞു.


"അത്യാവശ്യമായി എന്റെ മുടി ഒന്ന് ശരിയാക്കണം..." സാറ ഫ്രഞ്ച് ഭാഷയിൽ പറഞ്ഞു.


"എനിക്ക് ഫ്രഞ്ച് അറിയില്ല..." അവർ പറഞ്ഞു.


"ഗ്രാൻവിലായിൽ നിന്നും ഇന്നലെ രാത്രി  പുറപ്പെട്ട വിക്ടർ യൂഗോയിലെ യാത്രക്കാരിയായിരുന്നു ഈ യുവതി..." മാർട്ടിനോ ഇംഗ്ലീഷിൽ പറഞ്ഞു. "കപ്പലിന് നേരിട്ട ദുരന്തം ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണുമെന്ന് എനിക്കുറപ്പുണ്ട്... കുറേ സമയം വെള്ളത്തിൽ കഴിയേണ്ടി വന്നു ഇവൾക്ക്... ഇംഗ്ലീഷ് വശമില്ലാത്തതു കൊണ്ടാണ് ഇവൾക്ക് വേണ്ടി ഞാൻ സംസാരിക്കുന്നത്... നിങ്ങൾ കണ്ടില്ലേ, ഇവളുടെ മുടി ആകെപ്പാടെ അലങ്കോലമായിട്ടാണിരിക്കുന്നത്... അതൊന്ന് ശരിയാക്കണം..."


"നടക്കില്ല... ഇന്ന് ഫുള്ളി ബുക്ക്ഡ് ആണ്..."


വിജനമായ ആ സലൂൺ മൊത്തമായി ഒന്ന് വീക്ഷിച്ചതിന് ശേഷം മാർട്ടിനോ പറഞ്ഞു. "ഐ സീ... വിരോധമില്ലെങ്കിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ഒന്ന് കാണിക്കാമോ...?"


"എന്തിന് കാണിക്കണം...? ഞാനൊരു തെറ്റും ചെയ്തില്ലല്ലോ..."


"ഈ സംഭാഷണത്തിന്റെ ബാക്കി ഭാഗം നമുക്ക് സിൽവർടൈഡ് ഹോട്ടലിൽ തുടർന്നാലോ...?"


ആ വനിതയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു. അവരുടെ ദുരവസ്ഥയോർത്ത് സാറയുടെ മനസ്സ് വിങ്ങുകയായിരുന്നു. ആ പാവം സ്ത്രീ തന്റെ ഹാൻഡ്ബാഗ് തേടിപ്പിടിച്ച് ഐഡന്റിറ്റി കാർഡ് എടുത്ത് അദ്ദേഹത്തിന് നേർക്ക് നീട്ടി. മിസ്സിസ് എമിലി ജോൺസൻ എന്ന പേരിലായിരുന്നു അത്. മാർട്ടിനോ അത് വാങ്ങി പരിശോധിച്ചതിന് ശേഷം അവർക്ക് തിരികെക്കൊടുത്തു.


"എന്റെ പേര് ഫോഗെൽ... സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ... സൈന്യത്തിന്റെ കമാൻഡർ കേണൽ ഹെയ്നുമായി ടൗൺ ഹാളിൽ ഒരു അപ്പോയ്ൻമെന്റ് ഉണ്ടെനിക്ക്... ഞാൻ ഇപ്പോൾ അങ്ങോട്ട് പോകുകയാണ്... ഒരു മണിക്കൂറോ അല്പം അധികമോ എടുത്തേക്കാം... ആ സമയം കൊണ്ട് നിങ്ങൾ ഈ ചെറുപ്പക്കാരിയുടെ മുടിയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നു... ഞാൻ തിരിച്ചെത്തുമ്പോൾ ഇവളുടെ മുടി കാണാൻ മനോഹരമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്..." അദ്ദേഹം വാതിൽ തുറന്നു. "ഇനി അഥവാ മനോഹരമല്ലെങ്കിൽ, നിങ്ങളുടെ ഈ സ്ഥാപനം ഞാൻ പൂട്ടിച്ചിരിക്കും... ഒരു നിമിഷം പോലും വൈകാതെ..."


അദ്ദേഹം പടികളിറങ്ങി താഴോട്ട് പോകുന്ന ശബ്ദം കേൾക്കാറായി. മുഖത്ത് പുഞ്ചിരി വരുത്തി ആ വനിത വാതിലിന് പിന്നിൽ നിന്നും ഒരു മേലങ്കി എടുത്തു. "ഓൾറൈറ്റ്, യൂ ഡേർട്ടി ലിറ്റ്‌ൽ ഫ്രഞ്ച് ടാർട്ട്... ആ കശാപ്പുകാരന് വേണ്ടി നിന്നെ അണിയിച്ചൊരുക്കാൻ പറ്റുമോയെന്ന് നോക്കട്ടെ ഞാൻ..." അവർ ഇംഗ്ലീഷിൽ പറഞ്ഞു. അവരുടെ പുഞ്ചിരി ഒന്നു കൂടി ആകർഷകമായി. "നീ അർഹിക്കുന്നത് തന്നെ നിനക്ക് ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്..." 


വാസ്തവത്തിൽ സന്തോഷം കൊണ്ട് ആർപ്പ് വിളിക്കാനാണ്  സാറയ്ക്ക് തോന്നിയത്. പകരം, സ്വയം നിയന്ത്രിച്ച് ഫ്രഞ്ച് ഭാഷയിൽ അവൾ പറഞ്ഞു. "ആഹ്, എന്റെ കോട്ട്..."


തന്റെ കോട്ട് അഴിച്ച് ആ വനിതയ്ക്ക് നൽകിയ ശേഷം അവൾ മേലങ്കിയെടുത്തണിഞ്ഞ് അടുത്തുള്ള കസേരയിൽ ചെന്ന് ഇരുന്നു.



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, April 12, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 59

ഈ നോവൽ തുടക്കം‌ മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം - പതിനൊന്ന്


സെന്റ് ഓബിൻ ടൗണിലൂടെ ബെൽ റോയൽ ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യവേ മാർട്ടിനോയും സാറയും ഇരുവശവും വീക്ഷിക്കുകയായിരുന്നു. പലയിടങ്ങളിലും മിലിട്ടറി ഗൺ പോയിന്റുകൾ സ്ഥാപിച്ചിരിക്കുന്നു. തെളിഞ്ഞ നീലാകാശം. ജ്വലിച്ച് നിൽക്കുന്ന സൂര്യൻ. എന്നിരുന്നാലും ഫോർട്ട് എലിസബത്തിനപ്പുറം ചക്രവാളത്തിൽ ഇരുളിന്റെ തിരശ്ശീല വലിച്ചു കെട്ടിയത് പോലെ കാർമുകിൽക്കൂട്ടം.


"മഴ…" അവൾ പറഞ്ഞു. "ഇതാണ് ജെഴ്സിയിലെ വസന്തകാലത്തിന്റെ നേർചിത്രം… മനം മയക്കുന്ന തെളിഞ്ഞ കാലാവസ്ഥയിൽ പൊടുന്നനെ കടലിൽ നിന്നും ഇരമ്പിയെത്തുന്ന മഴ… ചിലപ്പോഴത് ഏതാനും മിനിറ്റുകൾ നേരത്തേക്ക് മാത്രമായിരിക്കും…"


"ഞാൻ പ്രതീക്ഷിച്ചതിലും ചൂടാണല്ലോ ഇവിടെ..." അദ്ദേഹം പറഞ്ഞു. "മെഡിറ്ററേനിയൻ കാലാവസ്ഥ പോലെ..." പാതയോരത്തെ പച്ചപ്പിലേക്ക് അദ്ദേഹം കണ്ണോടിച്ചു. "പ്രത്യേകിച്ചും ആ പനകൾ... ഈ നാട്ടിൽ ഞാനത് പ്രതീക്ഷിച്ചില്ല..."


അവൾ പിറകോട്ട് ചാരി കണ്ണടച്ച് ഇരുന്നു. "വസന്തകാലത്ത് ഈ ദ്വീപിന് ഒരു പ്രത്യേക ഗന്ധമുണ്ട്... ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ഒന്ന്..." കണ്ണ് തുറന്ന് അവൾ പുഞ്ചിരിച്ചു. "എന്നിലെ ഡു വിലാ രക്തമാണ് ഇപ്പോൾ സംസാരിക്കുന്നത്... ഈ ദ്വീപിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്ന് കരുതിക്കോളൂ... അതു പോട്ടെ, റ്റെൽ മീ സംതിങ്ങ്... നിങ്ങൾ എന്തുകൊണ്ടാണ് യൂണിഫോം വേണ്ട എന്ന് വച്ചത്...?"


ഒരു ലെതർ ട്രെഞ്ച് കോട്ടാണ് അദ്ദേഹം ധരിച്ചിരുന്നതെങ്കിലും അതിനടിയിൽ ചാരനിറമുള്ള സ്യൂട്ടും വെള്ള ഷർട്ടും കറുത്ത ടൈയുമാണ് അണിഞ്ഞിരുന്നത്. മുൻഭാഗവും പിൻഭാഗവും ഇറങ്ങി നിൽക്കുന്ന ഹാറ്റിന്റെ നിറവും കറുപ്പായിരുന്നു.


"അതൊരു തന്ത്രം..." അദ്ദേഹം പറഞ്ഞു. "ഞാൻ ഇവിടെ എത്തിയ കാര്യം ഒട്ടുമിക്ക ഒഫിഷ്യലുകൾക്കും ഇപ്പോൾ അറിയാം... ഞാൻ ആരാണെന്നും... അതിന് നന്ദി പറയേണ്ടത് മുള്ളറോടാണ്... എനിക്ക് വേണ്ടെന്ന് തോന്നിയാൽ യൂണിഫോം അണിയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്...  SD ഓഫീസർമാർ പൊതുവേ സിവിലിയൻ ഡ്രെസ്സാണ് ധരിക്കാറുള്ളത്... ഞങ്ങളുടെ അധികാരത്തിന് അടിവരയിടുന്നു അത്... ജനങ്ങളിൽ കുറേക്കൂടി ഭീതി പരത്താൻ ഉപകരിക്കും..."


"ഞങ്ങളുടെ അധികാരം എന്നാണ് നിങ്ങൾ പ്രയോഗിച്ചത്..."


"ശരിക്കും...?"


"അതെ... ചിലപ്പോഴെങ്കിലും നിങ്ങൾ എന്നെയും ഭയപ്പെടുത്തുന്നു ഹാരീ..."


ക്യൂബൽവാഗൺ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി അദ്ദേഹം എഞ്ചിൻ ഓഫ് ചെയ്തു. "ഇനി നമുക്ക് അല്പം നടക്കാം..."


വാഹനത്തിൽ നിന്ന് ഇറങ്ങുവാൻ അദ്ദേഹം അവളെ സഹായിച്ചു. ദൂരെ നിന്ന് എത്തിയ മിലിട്ടറി ട്രെയിൻ കടന്നു പോകുന്നതിനായി ഏതാനും നിമിഷങ്ങൾ അവർ കാത്തു നിന്നു. ട്രെയിൻ വേഗതയോടെ പാഞ്ഞു പോയതും ട്രാക്ക് ക്രോസ് ചെയ്ത് അവർ കടൽഭിത്തിയുടെ നേർക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന കഫേ അടഞ്ഞു കിടക്കുകയാണ്. ഒരു പക്ഷേ, യുദ്ധത്തിന് മുമ്പേ തന്നെ പ്രവർത്തനം അവസാനിപ്പിച്ചതായിരിക്കാം. അധികം  അകലെയല്ലാതെ വലിയൊരു ബങ്കർ കാണാനുണ്ടായിരുന്നു.


കടൽഭിത്തിയ്ക്ക് സമീപം ചെറുപ്പക്കാരായ രണ്ട് സൈനികർ അവർക്കിടയിൽ വച്ചിരിക്കുന്ന റേഡിയോയിലൂടെ വരുന്ന സംഗീതം ശ്രവിച്ചുകൊണ്ടിരിക്കുന്നു. താഴെ മണൽപ്പരപ്പിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ വീക്ഷിച്ചു കൊണ്ട് അവരുടെ അമ്മമാർ മതിലിൽ ചാരി സൂര്യന് അഭിമുഖമായി ഇരിക്കുന്നുണ്ട്. ഏതാനും ജർമ്മൻ സൈനികർ കടലിൽ നീന്തിക്കൊണ്ടിരിക്കുന്നു. അവരുടെയിടയിൽ രണ്ടോ മൂന്നോ യുവതികളും ഉല്ലസിക്കുന്നുണ്ട്.


മാർട്ടിനോയും സാറയും ചുമരിൽ ചാരി നിന്നു. "എന്തേ, ഗൃഹാതുരത്വം തോന്നുന്നുവോ...?" ഒരു സിഗരറ്റ് നീട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു.


ഗൂഢമായ ആനന്ദത്തോടെ സാറയുടെ നേരെ നോക്കിയ ആ യുവസൈനികർ മാർട്ടിനോയുടെ രൂക്ഷമായ നോട്ടം കണ്ട് തല തിരിച്ചു. "അതെ..." അവൾ പറഞ്ഞു. "പക്ഷേ, ഞാൻ വിചാരിച്ചത് പോലെയല്ല..."


"ശ്രദ്ധിച്ച് നോക്കിയാൽ നിനക്ക് മനസ്സിലാവും, ബീച്ചിലുള്ള സൈനികരിൽ അധികവും പയ്യന്മാരാണ്... ഏറിയാൽ ഇരുപത് വയസ്സ്... വെറുപ്പ് എന്താണെന്ന് അറിയില്ല അവർക്ക്... നാസികളുടെ കാര്യത്തിൽ ഇത് ബാധകമല്ല കേട്ടോ... അവർ എന്താണെന്ന് നമുക്കറിയാം... പക്ഷേ, ജർമ്മൻ യൂണിഫോമിലുള്ള ഒരു ശരാശരി ഇരുപതുകാരൻ..." അദ്ദേഹം ചുമൽ വെട്ടിച്ചു. "അവൻ വെറുമൊരു ഇരുപതുകാരൻ മാത്രമാണ്... യൂണിഫോമിലാണെങ്കിൽപ്പോലും..."


"നിങ്ങളുടെ ചിന്താഗതി ശരിക്കും എന്താണ് ഹാരീ...? എങ്ങോട്ടാണ് നിങ്ങളുടെ യാത്ര...?" തന്റെ മനസ്സിലെ ചിന്താക്കുഴപ്പം അടക്കി വയ്ക്കാനായില്ല അവൾക്ക്.


"മുമ്പ് നിന്നോട് പറഞ്ഞിരുന്നത് പോലെ, ഞാനൊരു അസ്തിത്വവാദിയാണ്... ആക്ഷൻ ദിസ് ഡേ... അങ്ങനെയല്ലേ ചർച്ചിൽ പറയാറുള്ളത്...? നാസികളെ തോല്പിക്കുക എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്... കാരണം ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ് അവർ എന്നത് തന്നെ... മാനവികതയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഹിറ്റ്‌ലറുടെ തത്വശാസ്ത്രം..."


"എന്നിട്ട്, എല്ലാം അവസാനിച്ചു കഴിഞ്ഞതിന് ശേഷം...? എന്തു ചെയ്യും നിങ്ങൾ...?"


മതിൽ ചാരി കടലിന്റെ അനന്തതയിലേക്ക് കണ്ണും നട്ട് അദ്ദേഹം നിന്നു. "കുട്ടിക്കാലത്ത് റെയിൽവേ സ്റ്റേഷനുകളെ വലിയ ഇഷ്ടമായിരുന്നു എനിക്ക്... പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ... നീരാവിയുടെ ഗന്ധം... അകലെ അകന്ന് അലിഞ്ഞു പോകുന്ന ചൂളം വിളിയുടെ ശബ്ദം... രാത്രി യാമങ്ങളിൽ, മഹത്തായ വിക്ടോറിയൻ ശൈലിയിലുള്ള സ്റ്റേഷനുകളിലെ വിജനമായ പ്ലാറ്റ്ഫോമുകൾ... എങ്ങോട്ടെങ്കിലും പോകാനായിട്ടുള്ള കാത്തിരിപ്പ്... ഞാനത് അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതോടൊപ്പം വല്ലാത്തൊരു ഉദ്വേഗവും ഉളവാക്കിയിരുന്നുവത്... അബദ്ധത്തിൽ വേറെ വല്ല ട്രെയിനിലും കയറിപ്പോയാലോ എന്ന ഭയം..." അദ്ദേഹം അവളുടെ നേർക്ക് തിരിഞ്ഞു. "ട്രെയിൻ ഓടിത്തുടങ്ങിയാൽ പിന്നെ തിരിച്ചിറങ്ങുക അസാദ്ധ്യം..."


"പാതിരാത്രിയിലെ സ്റ്റേഷൻ ഒരു ദുഃശകുനമാണ്..." അവൾ പറഞ്ഞു. "ഹോപ്പ് ഈസ് എ ഡെഡ് ലെറ്റർ..."


അദ്ദേഹം അവളെ തുറിച്ചു നോക്കി. "നീ ഇപ്പോൾ പറഞ്ഞ ആ വാക്യം... എവിടെയാണ് നീയത് കേട്ടത്...?"


"നിലവാരമില്ലെന്ന് സ്വയം കരുതിയ നിങ്ങളുടെ കവിതകളിൽ ഒന്ന്..." അവൾ പറഞ്ഞു. "കോട്ടേജിൽ വച്ച് നിങ്ങളെ ആദ്യമായി ഞാൻ കണ്ടുമുട്ടിയ ആ ദിനം... ബ്രിഗേഡിയർ മൺറോ അത് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു... അദ്ദേഹത്തിൽ നിന്നും പിടിച്ചു വാങ്ങി ചുരുട്ടിക്കൂട്ടി നിങ്ങളത് നെരിപ്പോടിനുള്ളിലേക്കെറിഞ്ഞു..."


"എന്നിട്ട് നീയത് തിരിച്ചെടുത്തുവോ...?"


"അതെ..."


അദ്ദേഹം ദ്വേഷ്യപ്പെടുമെന്ന് ഒരു നിമിഷം അവൾ ശങ്കിച്ചു. പക്ഷേ, മാർട്ടിനോ മന്ദഹസിക്കുകയാണുണ്ടായത്. "ഒരു മിനിറ്റ് ഇവിടെ നിൽക്കൂ..." അദ്ദേഹം റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് ക്യൂബൽവാഗണ് അരികിലെത്തി ഡോർ തുറന്നു. ഒരു ചെറിയ കൊഡാക്ക് ക്യാമറയുമായിട്ടാണ് അദ്ദേഹം തിരിച്ചെത്തിയത്. "ഹെലൻ തന്നതാണിത്... ഇതിനുള്ളിലെ ഫിലിമിന് നാലു വർഷത്തെ പഴക്കമുണ്ട്, എടുക്കുന്ന ഫോട്ടോകൾക്ക് ഗ്യാരണ്ടിയൊന്നും ഉണ്ടാവില്ലെന്ന് അവർ പറഞ്ഞിരുന്നു..."


അദ്ദേഹം ആ സൈനികരുടെ അടുത്തേക്ക് ചെന്നു. അവരോട് എന്തോ സംസാരിക്കുന്നതും തൊട്ടു പിന്നാലെ അവർ അറ്റൻഷനായി ഭവ്യതയോടെ നിൽക്കുന്നതും അവൾ കണ്ടു. ക്യാമറ അവരിലൊരാളെ ഏൽപ്പിച്ചിട്ട് അദ്ദേഹം തിരികെയെത്തി.


"പുഞ്ചിരിക്കാൻ മറക്കണ്ട..." ഒരു സിഗരറ്റിന് തീ കൊളുത്തി ചുണ്ടിൽ വച്ചിട്ട് അദ്ദേഹം ഇരുകൈകളും ട്രെഞ്ച്കോട്ടിന്റെ പോക്കറ്റുകൾക്കുള്ളിൽ തിരുകി. 

  

"എന്തിനാണിത്...?" അദ്ദേഹത്തിന്റെ കൈമുട്ടിന്റെ മുകൾഭാഗത്ത് പിടിച്ചു നിന്നുകൊണ്ട് അവൾ ചോദിച്ചു. 


"വല്ലപ്പോഴും എന്നെക്കുറിച്ച് ഓർമ്മിക്കാൻ..."


അതു കേട്ടതും എന്തോ ഒരു വല്ലായ്മ തോന്നി അവൾക്ക്. അദ്ദേഹത്തിന്റെ കൈകളിൽ അവൾ ഒന്നു കൂടി മുറുകെ പിടിച്ചു. ആ യുവസൈനികൻ ക്യാമറ ക്ലിക്ക് ചെയ്തു. "ഒരെണ്ണം കൂടി..." ജർമ്മൻ ഭാഷയിൽ മാർട്ടിനോ അവനോട് പറഞ്ഞു. "ഒരു ഉറപ്പിനു വേണ്ടി..."


നാണം കലർന്ന പുഞ്ചിരിയോടെ ആ പയ്യൻ ക്യാമറ തിരിച്ചേൽപ്പിച്ചു. പിന്നെ സല്യൂട്ട് ചെയ്തിട്ട് നടന്നകന്നു. "നിങ്ങൾ ആരാണെന്ന് അവനോട് പറഞ്ഞുവോ...?" അവൾ ചോദിച്ചു.


"തീർച്ചയായും..." അദ്ദേഹം അവളുടെ കരം കവർന്നു. "വരൂ, നമുക്ക് പോകാൻ നോക്കാം... കുറേയേറെ കാര്യങ്ങളുണ്ട് ചെയ്തു തീർക്കാൻ..." റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് അവർ ക്യൂബൽവാഗണ് നേരെ നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...