Wednesday, August 31, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 78

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

 

ഷോൺ ഗാലഗറും ഗ്വിഡോ ഓർസിനിയും കൂടി ഹ്യൂ കെൽസോയെ ആ ഇടുങ്ങിയ ഗോവണി വഴി ഹെലന്റെ ബെഡ്റൂമിലേക്ക് ഇറക്കിക്കൊണ്ടു വന്നപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. പുറത്ത് ഇടനാഴിയുടെ അറ്റത്ത് നിലകൊണ്ട ഹെലന്റെ സിഗ്നൽ പ്രതീക്ഷിച്ചു കൊണ്ട് പാതി തുറന്ന വാതിൽക്കൽ സാറ നിൽക്കുന്നുണ്ടായിരുന്നു. അടയാളം ലഭിച്ചതും പൊടുന്നനെ അവൾ വാതിൽ മുഴുവനായി തുറന്നു.

 

“പെട്ടെന്ന്…” സാറ പറഞ്ഞു.

 

ഗാലഗറും ഗ്വിഡോയും തങ്ങളുടെ കോർത്തു പിടിച്ച കൈകളിൽ ഹ്യൂ കെൽസോയെ താങ്ങിയെടുത്ത് റൂമിന് പുറത്തേക്കിറങ്ങി. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള സ്റ്റെയർകെയ്സ് വീതിയുള്ളതായതു കൊണ്ട് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. നിമിഷങ്ങൾക്കകം അവർ കിച്ചണിൽ എത്തിച്ചേർന്നു. കെൽസോയെ അവർ താഴെയിരുത്തിയതും ഹെലൻ സ്റ്റെയർകെയ്സിലേക്കുള്ള വാതിൽ അടച്ച് ലോക്ക് ചെയ്തു.

 

“സോ ഫാർ സോ ഗുഡ്…” ഗാലഗർ പറഞ്ഞു. “ആർ യൂ ഓൾറൈറ്റ് കേണൽ…?”

 

മാനസിക സമ്മർദ്ദം പ്രകടമായിരുന്നുവെങ്കിലും ഹ്യൂ കെൽസോ തല കുലുക്കി. “അയാം ഫീലിങ്ങ് ഗ്രേറ്റ്… കാരണം, അവിടെ നിന്നും മാറുവാൻ സാധിച്ചല്ലോ…”

 

“ഫൈൻ… ആ മരക്കൂട്ടങ്ങൾക്കിടയിലെ വഴിയിലൂടെയാണ് നിങ്ങളെ എന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നത്… ഏറിയാൽ പത്ത് മിനിറ്റ് മാത്രം…” ഗാലഗർ പറഞ്ഞു.

 

പെട്ടെന്നാണ് നിശ്ശബ്ദനായിരിക്കാൻ ഹെലൻ ആംഗ്യം കാണിച്ചത്. “ഒരു കാർ വരുന്ന ശബ്ദം കേൾക്കുന്നുണ്ട്…”

 

ആ വാഹനത്തിനായി അവർ കാത്തിരുന്നു. വിളക്കിന്റെ തിരി താഴ്ത്തിയിട്ട് ജാലകത്തിനരികിൽ ചെന്ന് സാറ കർട്ടൻ ഇരുവശത്തേക്കും വകഞ്ഞു മാറ്റി. മുറ്റത്തേക്ക് പ്രവേശിക്കുന്ന ക്യൂബൽവാഗൺ കണ്ടതും അവൾ തിരിഞ്ഞു. “ഹാരിയാണത്…”

 

ഹെലൻ വിളക്കിന്റെ തിരി വീണ്ടും ഉയർത്തി വച്ചു. സാറ ചെന്ന് കിച്ചന്റെ പിൻഭാഗത്തെ വാതിൽ തുറന്നു കൊടുത്തു. ശബ്ദമുണ്ടാക്കാതെ ഉള്ളിലേക്ക് പ്രവേശിച്ചിട്ട് അദ്ദേഹം വാതിൽ ചേർത്തടച്ചു. മോണ്ട് ഡു ലാ റോക്കിൽ നടന്ന സംഭവങ്ങൾക്ക് ശേഷം അത്യന്തം ആവേശത്തിലായിരുന്നു മാർട്ടിനോ. SS ക്യാപ്പിന്റെ നിഴലടിക്കുന്ന അദ്ദേഹത്തിന്റെ വിളറിയ മുഖത്ത് അതിന്റെ ഊർജ്ജം തെളിഞ്ഞു കാണാമായിരുന്നു.

 

“എന്തു പറ്റി ഹാരീ…?” സാറ ചോദിച്ചു. “പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടായോ…?”

 

“എന്നു തന്നെ പറയാം… അതേക്കുറിച്ച് പിന്നെ പറയാം ഞാൻ… പോകാൻ റെഡിയല്ലേ നമ്മൾ…?”

 

“എപ്പോഴേ റെഡി…” കെൽസോ പറഞ്ഞു.

 

“എന്നാൽ പിന്നെ ഇറങ്ങാം നമുക്ക്…”

 

“സാറയും ഞാനും മുന്നിൽ പോകാം… അവിടെ ചെന്ന് കാര്യങ്ങളെല്ലാം നേരെയാണെന്ന് ഉറപ്പു വരുത്താമല്ലോ…” ഹെലൻ പറഞ്ഞു.

 

വിളക്കിന്റെ തിരി വീണ്ടും താഴ്ത്തി വച്ചിട്ട് വാതിൽ തുറന്ന് അവർ സാറയെയും കൂട്ടി മുറ്റത്തേക്കിറങ്ങി. ഗാലഗറും ഗ്വിഡോയും കൈകൾ കോർത്ത് കെൽസോയെ താങ്ങിയെടുത്തു. അദ്ദേഹം അവരുടെ കഴുത്തുകൾക്ക് ചുറ്റും കൈകൾ കോർത്തു.

 

“റൈറ്റ്…” മാർട്ടിനോ പറഞ്ഞു. “എന്നാൽ നമുക്ക് നീങ്ങാം… ഞാൻ മുന്നിൽ നടക്കാം… ആർക്കെങ്കിലും ക്ഷീണം തോന്നുന്നുവെങ്കിൽ പറയണം…”

 

അവർ പുറത്തു കടക്കാനായി അദ്ദേഹം ഒരു വശത്തേക്ക് ഒതുങ്ങിക്കൊടുത്തു. പിന്നെ വാതിൽ അടച്ചിട്ട് അവർക്ക് മുന്നിലായി നടന്നു.

 

                                             ***

 

മരത്തലപ്പുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ അരണ്ട വെട്ടത്തിൽ ആ കാട്ടുപാത വളരെ വ്യക്തമായിരുന്നു. പൂക്കളുടെ പരിമളത്തിൽ കുളിച്ചു നിൽക്കുന്ന രാത്രി. സാറ ഹെലന്റെ കരം കവർന്നു. അമ്മായിയും അനന്തരവളും തമ്മിലുള്ള രക്തബന്ധത്തിന്റെ ഊഷ്മളത അറിയാനാവുന്നുണ്ടായിരുന്നു അവൾക്കപ്പോൾ. മാതാവിന്റെ മരണശേഷം അനാഥയായ തന്റെ വലംകൈ മാത്രമായിരുന്നില്ല, ജീവിതത്തിലേക്ക് വീണ്ടും തന്നെ കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്ന വ്യക്തി കൂടിയായിരുന്നു ഹെലൻ ആന്റി. അന്നത്തെ അതേ സുരക്ഷിതത്വമാണ് ആ കരസ്പർശത്തിലൂടെ ഇപ്പോൾ അവൾക്ക് അനുഭവവേദ്യമായത്.

 

“തിരികെ ഇംഗ്ലണ്ടിൽ ചെന്നിട്ട് എന്താണ് നിന്റെ പ്ലാൻ…?” ഹെലൻ ചോദിച്ചു.

 

“തിരികെ അവിടെ എത്തിയാലല്ലേ…?”

 

“വിഡ്ഢിത്തം പറയാതിരിക്കൂ… ഈ ദൗത്യം വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല… താൻ ചെയ്യുന്നതെന്താണെന്നതിനെക്കുറിച്ച് ഇത്രയും വ്യക്തമായ ധാരണയുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് ഹാരി മാർട്ടിനോയെയാണ്… അതുകൊണ്ട്, പറയൂ, തിരികെ ചെന്നിട്ട് എന്താണ് ചെയ്യാൻ പോകുന്നത്…? നേഴ്സിങ്ങ് ഫീൽഡിലേക്ക് തന്നെയാണോ…?”

 

“ആർക്കറിയാം…” സാറ പറഞ്ഞു. “നേഴ്സിങ്ങ് എന്നും എന്റെ ഒരു ഇടത്താവളം മാത്രമായിരുന്നു… മെഡിസിനിലായിരുന്നു എനിക്ക് താല്പര്യം …”

 

“അതെ, ഞാനോർക്കുന്നു…”

 

“എന്നാലിപ്പോൾ, എനിക്കറിയില്ല എന്തു സംഭവിക്കുമെന്ന്…” സാറ പറഞ്ഞു. “എല്ലാം ഒരു വിചിത്ര സ്വപ്നം പോലെ തോന്നുന്നു… ഹാരിയെപ്പോലൊരു പുരുഷനെ ഞാൻ അറിഞ്ഞിട്ടേയില്ല ഇതിനു മുമ്പ്… ഇതുപോലൊരു ആവേശം ഞാനനുഭവിച്ചിട്ടേയില്ല ഇതുവരെ…”

 

“ഇതൊരു താൽക്കാലിക ഭ്രമം മാത്രമാണ് കുട്ടീ… ഈ യുദ്ധം പോലെ തന്നെ… ഇതല്ല യഥാർത്ഥ ജീവിതം… അതുപോലെ തന്നെ ഹാരി മാർട്ടിനോയും… നിനക്ക് പറഞ്ഞിട്ടുള്ള പുരുഷനല്ല അദ്ദേഹം… ഗോഡ് ഹെൽപ് ഹിം… ഹീ ഈസ് നോട്ട് ഈവൺ ഫോർ ഹിംസെൽഫ്…”

 

ഗാലഗറിന്റെ കോട്ടേജിന് ഏതാനും വാര അകലെ തെളിഞ്ഞ നിലാവെട്ടത്തിൽ അവർ ഒരു നിമിഷം നിന്നു. “അതൊന്നും എനിക്കറിയില്ല…” സാറ പറഞ്ഞു. “അറിയേണ്ട കാര്യവുമില്ല… എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ എന്റെ നിയന്ത്രണത്തിലായിരുന്നില്ല… എല്ലാം യുക്തിയ്ക്ക് അതീതമായിരുന്നു…”

 

മരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പുറത്തു വന്ന സാറയെയും ഹെലനെയും ആ നിമിഷം തന്നെ കോട്ടേജിന്റെ ജാലകത്തിനരികിൽ ഇരിക്കുകയായിരുന്ന വില്ലി ക്ലൈസ്റ്റ് കണ്ടിരുന്നു. അവർ തമ്മിലുള്ള ആ പ്രത്യേക അടുപ്പം പെട്ടെന്ന് തന്നെ അയാളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതിൽ എന്തോ കുഴപ്പമുണ്ടെന്നത് തീർച്ച… അയാൾ എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് കതക് അല്പം തുറന്നു വച്ചു. അവർ കുറേക്കൂടി അടുത്തു വന്നപ്പോഴാണ് അവർ തമ്മിൽ സംസാരിക്കുന്നത് ഇംഗ്ലീഷിലാണെന്ന കാര്യം അയാൾ മനസ്സിലാക്കിയത്.

 

“ഒരാളെ ഇഷ്ടപ്പെടുക എന്നതും പ്രണയത്തിൽ അകപ്പെടുക എന്നതും തമ്മിൽ വ്യത്യാസമുണ്ട് ഡാർലിങ്ങ്…” ഹെലൻ പറഞ്ഞു. “പ്രണയത്തിൽ അകപ്പെട്ടിരിക്കുക എന്നത് ചൂട് അനുഭവിക്കുന്നതു പോലെയാണ്… അത് സ്ഥായിയായ ഒന്നല്ല, ആ അവസ്ഥയും കടന്നു പോകും… ബിലീവ് മീ… ആഹ്, എത്തിയല്ലോ… വരൂ, നമുക്ക് ഉള്ളിൽ കയറിയിരിക്കാം… അവരും ഇപ്പോൾ എത്തും…” അവർ വാതിലിന്റെ പിടിയിൽ കൈ വച്ചതും കതക് ഉള്ളിലേക്ക് അല്പം തുറന്നു. “ഓ, ഇത് തുറന്നു കിടക്കുകയായിരുന്നോ…!”

 

പെട്ടെന്നാണത് സംഭവിച്ചത്. മലർക്കെ തുറന്ന വാതിലിനപ്പുറത്ത് നിന്നും നീണ്ട ഒരു കൈ അവരുടെ കോട്ടിന്റെ മുൻഭാഗത്ത് പിടുത്തമിട്ടു. മോസറിന്റെ ബാരൽ അവരുടെ കവിളിൽ മുട്ടിച്ചു പിടിച്ചിട്ട് ക്ലൈസ്റ്റ് പറഞ്ഞു. “ഉള്ളിലേക്ക് വരൂ, മിസ്സ് ഡു വിലാ… എന്നിട്ട് ഈ കൊച്ചു ഫ്രഞ്ച് കോൾഗേളിനെക്കുറിച്ച് അല്പം സംസാരിക്കാം… അവൾക്ക് ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന് മാത്രമല്ല, നിങ്ങളുടെ ഒരു ഉറ്റ സുഹൃത്തു കൂടിയാണെന്നുള്ള കാര്യം എനിക്കങ്ങോട്ട് ദഹിക്കുന്നില്ല…”

 

ഒരു നിമിഷം മരവിച്ചു നിന്നു പോയി ഹെലൻ. മോസറിന്റെ കുഴൽ മുഖത്ത് ചേർത്തു പിടിച്ചിരിക്കുന്നത് അവരുടെയുള്ളിൽ നിറച്ച ഭീതി കുറച്ചൊന്നുമായിരുന്നില്ല. ക്ലൈസ്റ്റ് മറുകൈ കൊണ്ട് സാറയുടെ മുടിയിൽ കുത്തിപ്പിടിച്ചു.

 

“മറ്റാരൊക്കെയോ കൂടി ഇപ്പോൾ ഇവിടെയെത്തുമെന്നാണ് നിങ്ങളുടെ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത്… ആരാണവർ…?”

 

ഒരു കൈ സാറയുടെ മുടിക്കെട്ടിലും മറുകൈയ്യിലെ പിസ്റ്റൾ ഹെലന്റെ മുഖത്തും മുട്ടിച്ചു പിടിച്ചു കൊണ്ട് അയാൾ പിന്നിലേക്ക് നടന്നു. “മണ്ടത്തരമൊന്നും കാണിക്കണ്ട, ഞാൻ കാഞ്ചി വലിച്ചിരിക്കും…” പൂർണ്ണമായും മുറിയ്ക്കുള്ളിൽ ആയതും അയാൾ സാറയുടെ മേലുള്ള പിടി വിട്ടു. “പോയി ആ കർട്ടൻ വലിച്ചിടൂ…” അയാൾ ആജ്ഞാപിച്ചതു പോലെ അവൾ ചെയ്തു. “ഗുഡ്… ഇനി ആ വിളക്കിന്റെ തിരി ഉയർത്തി വയ്ക്കൂ… എല്ലാം നമുക്ക് വേണ്ട രീതിയിൽത്തന്നെ കൈകാര്യം ചെയ്യാം…” വിളക്കിന്റെ വെട്ടത്തിൽ അയാളുടെ മുഖത്തെ വിയർപ്പും ഹെലന്റെ മുഖത്തെ ഭീതിയും വേദനയും വ്യക്തമായി കാണാനായി അവൾക്ക്. “ഇനി ഇങ്ങോട്ട് വരൂ…” അയാൾ ആജ്ഞാപിച്ചു.

 

അയാൾ അവളുടെ മുടിക്കെട്ടിൽ വീണ്ടും പിടി മുറുക്കി. അതിന്റെ വേദന അസഹ്യമായിരുന്നു. മാർട്ടിനോയ്ക്കും സംഘത്തിനും ഒരു മുന്നറിയിപ്പെന്നോണം അലറി വിളിക്കണമെന്ന് തോന്നിയെങ്കിലും ഹെലന്റെ കീഴ്ത്താടിയിൽ അമർത്തിപ്പിടിച്ചിരിക്കുന്ന മോസർ കണ്ടതും ആ ചിന്ത ഉപേക്ഷിച്ചു. വേച്ചു വേച്ച് നിൽക്കുന്ന ക്ലൈസ്റ്റിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം ഉയരുന്നുണ്ടായിരുന്നു. അപ്പോഴാണ് മുറ്റത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ആ നാൽവർ സംഘത്തിന്റെ സംസാരം കേൾക്കാനായത്. ഗാലഗറും ഗ്വിഡോയും തങ്ങൾക്ക് ഇടയിലായി കെൽസോയെ താങ്ങിയെടുത്ത് സാവധാനം പിറകോട്ട് നടന്ന് മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. അവസാന നിമിഷത്തിലാണ് ക്ലൈസ്റ്റ് സ്ത്രീകളെ രണ്ടുപേരെയും ദൂരേയ്ക്ക് തള്ളി മാറ്റിയത്.

 

“ഹാരീ, ലുക്ക് ഔട്ട്…!” സാറ അലറി വിളിച്ച അതേ നിമിഷമാണ് മാർട്ടിനോ ഉള്ളിലേക്ക് കാലെടുത്തു വച്ചത്. വൈകിപ്പോയിരുന്നു അവൾ. അപ്പോഴേക്കും ആരെയും സഹായിക്കാനാവാത്ത വിധം വിഫലമായിപ്പോയിരുന്നു അവളുടെ നിലവിളി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Wednesday, August 24, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 77

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹെയ്നി ബാം തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന Blue Max, Knight’s Cross with Oak Leaves, Swords, Diamonds എന്നീ ബാഡ്ജുകൾ അഴിച്ച് ഡ്രെസ്സിങ്ങ് ടേബിളിന് മുകളിൽ വച്ചു. പിന്നെ ചീക്ക് പാഡ്സ് എടുത്തു മാറ്റി, മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി തന്റെ മുഖം ഒന്ന് വിലയിരുത്തി.

 

“മോശമില്ല ഹെയ്നി, ഒട്ടും മോശമില്ല… തന്റെ അപരനായി ഒരു ജൂതനാണ് വേഷം കെട്ടിയിരിക്കുന്നതെന്ന് റോമൽ എങ്ങാനും അറിയാനിടയായാൽ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം…?” അയാൾ സ്വയം ചോദിച്ചു.

 

അയാൾ തന്റെ ട്യൂണിക്കിന്റെ ബട്ടൻ അഴിക്കുവാൻ തുടങ്ങി. കർട്ടന്റെ അപ്പുറം തന്റെ വാൾട്ടർ ഗണ്ണിന്റെ ബാരലിൽ കാർസ്‌വെൽ സൈലൻസർ ഘടിപ്പിച്ചുകൊണ്ട് നിൽക്കുകയായിരുന്ന മാർട്ടിനോ മുറിയിലേക്ക് കാലെടുത്തു വച്ചു. ബാം ആകട്ടെ, തന്റെ മുന്നിലെ കണ്ണാടിയിലൂടെ ആ നിമിഷം തന്നെ അത് കാണുകയും ചെയ്തു. ഒരു സൈനികനായിരുന്ന അയാളുടെ കൈകൾ ഉടൻ തന്നെ ഡ്രെസ്സിങ്ങ് ടേബിളിന് മുകളിൽ വച്ചിരുന്ന മോസറിന് നേർക്ക് നീണ്ടു.

 

“ഞാനാണെങ്കിൽ അതിന് തുനിയില്ലായിരുന്നു…” മാർട്ടിനോ അയാളോട് പറഞ്ഞു. “ഞാനിപ്പോൾ നിറയൊഴിച്ചാൽ എന്താണ് സംഭവിച്ചതെന്ന് പോലും നിങ്ങൾ അറിയുകയില്ല… കൈകൾ രണ്ടും തലയ്ക്ക് മുകളിൽ വച്ച് ആ സ്റ്റൂളിൽ ഇരിക്കൂ…”

 

“എന്നെ വകവരുത്തുവാനുള്ള SS ന്റെ പ്ലോട്ട് വല്ലതുമാണോ ഇത്…?” ബാം വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. “റൈഫ്യൂറർ ഹിംലർ ഒരിക്കലും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന കാര്യം എനിക്കറിയാം… പക്ഷേ, എത്രത്തോളം എന്നതിൽ മാത്രമേ എനിക്ക് സംശയമുണ്ടായിരുന്നുള്ളൂ…”

 

മാർട്ടിനോ ബെഡ്ഡിന്റെ അറ്റത്ത് ഇരുന്നിട്ട് ഇടതുകൈ കൊണ്ട് സിഗരറ്റ് പാക്കറ്റ് എടുത്ത് തുറന്ന് ഒരെണ്ണം ചുണ്ടിൽ തിരുകി. അതിന് തീ കൊളുത്തവെ അദ്ദേഹം ചോദിച്ചു. “നിങ്ങളുടെയും ഹോഫറിന്റെയും ടെറസ്സിൽ വച്ചുള്ള സംഭാഷണം ഞാൻ കേട്ടിരുന്നു… അയാൾ നിങ്ങളെ ബെർഗർ എന്നാണ് വിളിച്ചത്…”

 

“നിങ്ങൾക്ക് തോന്നിയതായിരിക്കും…”

 

“അല്പനേരം മുമ്പ് നിങ്ങൾ നിങ്ങളോട് തന്നെ സംസാരിച്ച സമയത്ത് ഞാൻ ഇവിടെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു… അതുകൊണ്ട്, നമുക്ക് യാഥാർത്ഥ്യത്തിലേക്ക് വരാം… നമ്പർ വൺ, നിങ്ങൾ റോമൽ അല്ല…”

 

“എന്ന് നിങ്ങൾ പറഞ്ഞതുകൊണ്ടായില്ലല്ലോ…”

 

“ഓൾറൈറ്റ്…” മാർട്ടിനോ പറഞ്ഞു. “എന്നാൽ വേറൊരു തരത്തിൽ ചോദിക്കാം ഞാൻ… ഹിംലറുടെ നിർദ്ദേശപ്രകാരം നിങ്ങളെ വധിക്കാനുള്ള SS പ്ലോട്ടിന്റെ ഭാഗം തന്നെയാണ് ഞാനെന്ന് വയ്ക്കുക… യഥാർത്ഥ റോമൽ അല്ല നിങ്ങളെങ്കിൽ പിന്നെ എന്റെ ദൗത്യം കൊണ്ട് എന്ത് ഫലം…? മറിച്ച് നിങ്ങളാണ് റോമൽ എങ്കിൽ പിന്നെ………….”

 

മാർട്ടിനോ തന്റെ PPK വാൾട്ടർ അയാളുടെ നെറ്റിത്തടത്തിലേക്ക് ചൂണ്ടി. ഹെയ്നി ബാം ഒരു ദീർഘശ്വാസമെടുത്തു. “ബുദ്ധിമാൻ തന്നെ നിങ്ങൾ….”

 

“അപ്പോൾ നിങ്ങൾ റോമൽ അല്ല…?”

 

“ഇതിനോടകം നിങ്ങൾക്കത് വ്യക്തമായിക്കാണുമല്ലോ…”

 

“പിന്നെ ആരാണ് നിങ്ങൾ… ഒരു അഭിനേതാവ്…?”

 

“അഭിനേതാവിൽ നിന്നും സൈനികനായി, വീണ്ടും ഒരു അഭിനേതാവായി മാറിയവൻ…”

 

“ഗംഭീരം…” മാർട്ടിനോ പറഞ്ഞു. “കഴിഞ്ഞ വർഷമാണ് പാരീസിൽ വച്ച് അദ്ദേഹത്തെ ഞാൻ കണ്ടത്… ഇന്ന് നിങ്ങളെന്നെ ശരിയ്ക്കും കബളിപ്പിച്ചുകളഞ്ഞു… ആട്ടെ, അദ്ദേഹത്തിനറിയുമോ നിങ്ങളൊരു ജൂതനാണെന്ന കാര്യം…?”

 

“ഇല്ല…” ബാം നെറ്റി ചുളിച്ചു. “അതിരിക്കട്ടെ, SSന്റെ ഏതു സെക്ഷനിൽ നിന്നാണ് നിങ്ങൾ…?”

 

“SS അല്ല ഞാൻ …” മാർട്ടിനോ തന്റെ തോക്ക് ബാമിന് അരികിൽ ബെഡ്ഡിൽ വച്ചു. “ബ്രിട്ടീഷ് ആർമിയിലെ ഒരു കേണലാണ് ഞാൻ…”

 

“ഇല്ല, ഞാനിത് വിശ്വസിക്കില്ല…” അമ്പരപ്പോടെ ബാം പറഞ്ഞു.

 

“നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാനത് തെളിയിച്ചു തന്നേനെ…” മാർട്ടിനോ പറഞ്ഞു.

 

“എനിക്ക് ഇംഗ്ലീഷ് സംസാരിക്കാനാവും…” ബാമിന്റെ ഇംഗ്ലീഷ് മികച്ചതായിരുന്നു. “മോസ്സ് എമ്പയർ തീയേറ്റർ ശൃംഖലയ്ക്ക് വേണ്ടി ലണ്ടനിലും ലീഡ്സിലും മാഞ്ചെസ്റ്ററിലും ഒക്കെ നാടകങ്ങളിൽ വേഷമിട്ടിട്ടുള്ളവനാണ് ഞാൻ… 1935-36 കാലഘട്ടത്തിൽ…”

 

“എന്നിട്ടാണോ നിങ്ങൾ ജർമ്മനിയിലേക്ക് മടങ്ങിപ്പോയത്…? നിങ്ങൾക്കെന്താ ഭ്രാന്തായിരുന്നോ…?"

 

“എന്റെ മാതാപിതാക്കൾ…” ബാം ചുമൽ വെട്ടിച്ചു. “ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മുതിർന്ന തലമുറയിലെ എല്ലാവരെയും പോലെ അവരും കരുതിയില്ല… കീലിലെ എയർ റെയ്ഡിൽ കൊല്ലപ്പെട്ട ഒരു സൈനികന്റെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഞാൻ സൈന്യത്തിൽ ജോലിക്ക് കയറി സുരക്ഷിതനായി… എന്റെ യഥാർത്ഥ നാമം ഹെയ്നി ബാം എന്നാണ്… പക്ഷേ, ഔദ്യോഗികമായി ഞാൻ കോർപ്പറൽ എറിക്ക് ബെർഗർ, 21st പാരച്യൂട്ട് റെജിമെന്റ്…”

 

“ഞാൻ ഹാരി മാർട്ടിനോ…”

 

ഒന്ന് സംശയിച്ചിട്ട് ബാം അദ്ദേഹത്തിന് ഹസ്തദാനം നൽകി. “നിങ്ങളുടെ ജർമ്മൻ ഭാഷ ഗംഭീരം തന്നെ…”

 

“എന്റെ മാതാവ് ജർമ്മൻകാരിയായിരുന്നു…” മാർട്ടിനോ പറഞ്ഞു. “പറയൂ, റോമൽ ഇപ്പോൾ എവിടെയാണ്…?”

 

“നോർമൻഡിയിൽ…”

 

“അപ്പോൾ ഈ പ്രച്ഛന്നവേഷത്തിന്റെ ഉദ്ദേശ്യം…? അതോ ഇനി അതറിയില്ലെന്നുണ്ടോ…?”

 

“ഞാനത് അറിയാൻ പാടില്ലെന്നാണ് വയ്പ്പ്… എങ്കിലും എല്ലാവരെയും പോലെ അവിടുന്നും ഇവിടുന്നും ആയി ചില വിവരങ്ങളൊക്കെ ലഭിക്കാറുണ്ട്…” ഫീൽഡ് മാർഷലിന്റെ സിൽവർ കെയ്സ് തുറന്ന് അയാൾ ഒരു സിഗരറ്റ് പുറത്തെടുത്തു. ശേഷം, റോമൽ നൽകിയിരുന്ന ഐവറി ഹോൾഡറിൽ തിരുകി വച്ചിട്ട് തീ കൊളുത്തി. “ജനറൽമാരായ വോൺ സ്റ്റൂപ്‌നാഗെലും ഫാൾക്കൻഹ്യൂസനും ആയി ഒരു രഹസ്യ കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരിക്കുകയാണദ്ദേഹം… ഞാനറിഞ്ഞിടത്തോളം തികച്ചും നിയമവിരുദ്ധമായ ഒരു മീറ്റിങ്ങ്… യുദ്ധത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ അവരും മറ്റു ചില ജനറൽമാരും ചേർന്ന് ഹിറ്റ്‌ലറെ ഒഴിവാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്… ജർമ്മനിയെ രക്ഷിക്കാനുള്ള ഒരു അവസാന പരീക്ഷണമെന്ന നിലയിൽ…”

 

“ശരിയായിരിക്കും…” മാർട്ടിനോ പറഞ്ഞു. “ഹിറ്റ്‌ലറുടെ നേർക്ക് മുമ്പും വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്…”

 

“പക്ഷേ, വിഡ്ഢികളാണ് അവരെല്ലാം…” ബാം പറഞ്ഞു.

 

“അതെന്താ അങ്ങനെ പറഞ്ഞത്…? അതെന്നെ അത്ഭുതപ്പെടുത്തുന്നു…”

 

“എന്തൊക്കെയായാലും യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്... എപ്പോൾ അത് പൂർണ്ണമാകും എന്ന് മാത്രമേ ഇനി അറിയാനുള്ളൂ... അതുകൊണ്ട് അവർ എന്തു തന്നെ പ്ലാൻ ചെയ്താലും അതെല്ലാം വെറുതെയായിരിക്കും… ആ ഭ്രാന്തൻ ഹിംലർ അവരെയെല്ലാം പിടികൂടി തൂക്കിക്കൊല്ലുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല… എനിക്കതിൽ വിഷമമൊന്നുമില്ല എന്നത് വേറെ കാര്യം… കാരണം, ഹിറ്റ്‌ലർ അധികാരത്തിൽ വരുവാൻ ഇവരെല്ലാം തന്നെ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ കാരണക്കാരായിരുന്നു…”

 

“അത് ശരിയാണ്…”

 

“പിന്നെ, മറ്റൊന്നുള്ളത്, ജർമ്മൻകാരനാണെങ്കിലും ഒരു ജൂതൻ കൂടിയാണ് ഞാൻ… കഴിഞ്ഞ കുറേ ദിവസങ്ങളായി റോമലുമായി അടുത്തിടപഴകാൻ എനിക്ക് സാധിച്ചു… വളരെ നല്ലൊരു മനുഷ്യനാണദ്ദേഹം… ഹീ ഈസ് ഓൺ ദി റോങ്ങ് സൈഡ്, ദാറ്റ്സ് ഓൾ… അപ്പോൾ ശരി, എന്നെക്കുറിച്ചുള്ള സകല കാര്യങ്ങളും ഞാൻ പറഞ്ഞു കഴിഞ്ഞു… വാട്ട് എബൗട്ട് യൂ…? നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം…?”

 

ഹ്യൂ കെൽസോയെക്കുറിച്ചുള്ള ചെറിയ ഒരു വിവരണം മാർട്ടിനോ അയാൾക്ക് നൽകി. എങ്കിലും യൂറോപ്പ് അധിനിവേശത്തിൽ കെൽസോയ്ക്കുള്ള പങ്ക് വെളിപ്പെടുത്താതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും ബാം പറഞ്ഞു. “ഐ വിഷ് യൂ ലക്ക്… കേട്ടിടത്തോളം വച്ചു നോക്കുമ്പോൾ കടൽമാർഗ്ഗം അദ്ദേഹത്തെ പുറത്തെത്തിക്കുക എന്നത് അല്പം റിസ്കാണ്… നാളെ രാത്രിയാണ് എന്റെ റിട്ടേൺ ഫ്ലൈറ്റ്… എ നൈസ് ഫാസ്റ്റ് എക്സിറ്റ്…”

 

അത്രയും മതിയായിരുന്നു മാർട്ടിനോയ്ക്ക്. പെർഫക്റ്റ് സൊല്യൂഷൻ… ഗംഭീരം… “പറയൂ, തിരിച്ചവിടെ എത്തിയിട്ട് നിങ്ങളെ വീണ്ടും പാര്യച്യൂട്ട് റെജിമെന്റിലേക്കായിരിക്കുമോ അവർ അയയ്ക്കുക…?”

 

“ആയിരിക്കുമല്ലോ…”

 

“എന്നു വച്ചാൽ, നിങ്ങളുടെ മരണം ആസന്നമായിരിക്കുന്നുവെന്ന്… ഏതാനും മാസങ്ങൾക്കകം സഖ്യകക്ഷി അധിനിവേശം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്… ആ സമയത്ത് നിങ്ങളുടെ പാരച്യൂട്ട് റെജിമെന്റ് ആയിരിക്കും യുദ്ധത്തിന്റെ മുൻനിരയിൽ ലാന്റ് ചെയ്യുക…”

 

“അതെ…”

 

“അതിന് പകരം ഇംഗ്ലണ്ടിലേക്ക് വരുന്നതിനെക്കുറിച്ച് എന്തു പറയുന്നു…?”

 

“നിങ്ങളെന്താ, തമാശ പറയുകയാണോ…?” അമ്പരപ്പോടെ ബാം ചോദിച്ചു. “അതെങ്ങനെ സാദ്ധ്യമാകും…?”

 

“ചിന്തിച്ചു നോക്കൂ…” മാർട്ടിനോ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. “ഫീൽഡ് മാർഷൽ ഇർവിൻ റോമൽ ആയിരിക്കുന്നതു കൊണ്ടുള്ള ഏറ്റവും വലിയ ഗുണമെന്താണെന്നറിയുമോ…?”

 

“നിങ്ങൾ തന്നെ പറയൂ…”

 

“നിങ്ങൾ ആജ്ഞാപിക്കുന്നതെന്തും അവർ അനുസരിക്കുന്നു… ഉദാഹരണത്തിന്, നാളെ വൈകിട്ടാണല്ലോ നിങ്ങൾ എയർപോർട്ടിലേക്ക് പോകുന്നത്… ആ ചെറിയ സ്റ്റോർക്ക് വിമാനത്തിൽ ഫ്രാൻസിലേക്ക് തിരികെ പോകാൻ…?”


“അതെ…  അതുകൊണ്ട്…?”

 

“ഏതാണ്ട് അതേ സമയത്തുതന്നെ ഫ്രാൻസിലേക്ക് പോകുവാനായി മെയിൽ സർവീസിന് ഉപയോഗിക്കുന്ന ഒരു JU88 വിമാനം അവിടെ കിടപ്പുണ്ട്… മുറിവേറ്റ് സ്ട്രെച്ചറിലുള്ള ഒരാളുമായി ഒരു SS സ്റ്റാൻഡർടൻഫ്യൂററോടും ഫ്രഞ്ച് യുവതിയോടുമൊപ്പം ഫീൽഡ് മാർഷൽ ആ വിമാനത്തിന്റെ ടേക്ക് ഓഫിന്റെ തൊട്ടു മുമ്പ് അവിടെയെത്തി അതിൽ പോകണമെന്ന് ആവശ്യപ്പെടുന്നു… അവരുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്…?”

 

ബാം പുഞ്ചിരിച്ചു. “എതിർത്തൊന്നും പറയുമെന്ന് തോന്നുന്നില്ല…”

 

“ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞാൽ…” മാർട്ടിനോ തുടർന്നു. ഇംഗ്ലീഷ് തീരത്തുള്ള ഏറ്റവും അടുത്ത പോയിന്റിലേക്ക് എത്താൻ ഏറിയാൽ അര മണിക്കൂർ ഫ്ലൈയിങ്ങ് ടൈം മതിയാവും ആ വിമാനത്തിന്…”

 

“മൈ ഗോഡ്…!” ബാം അന്തംവിട്ടു. “യൂ റിയലി മീൻ ഇറ്റ്…”

 

“നിങ്ങൾക്ക് ഇംഗ്ലണ്ടിലേക്ക് പോകണമോ വേണ്ടയോ…?” മാർട്ടിനോ ചോദിച്ചു. “ആലോചിച്ച് ഒരു തീരുമാനമെടുക്കുക… എന്നെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ എന്തായിരുന്നു സംഭവിക്കുക…? നിങ്ങൾ തിരികെ ഫ്രാൻസിൽ ഫീൽഡ് മാർഷലിനരികിലെത്തുന്നു… പിന്നെന്ത് സംഭവിക്കുമെന്ന് ആർക്കറിയാം… ഫ്യൂററെ വധിക്കുവാനുള്ള ഒരു പ്ലോട്ട് കൂടി പരാജയപ്പെടുന്നു… എന്നു വച്ചാൽ ഇർവിൻ റോമലിന്റെ ദാരുണാന്ത്യമായിരിക്കും നടക്കാൻ പോകുന്നത്… അദ്ദേഹവുമായി ബന്ധമുള്ളവർക്കും അതേ ഗതി തന്നെയായിരിക്കും… ഗെസ്റ്റപ്പോയും ഹിംലറും നിങ്ങളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ…?”

 

“വാക്കുകൾ കൊണ്ട് മനുഷ്യരെ മയക്കാൻ മിടുക്കനാണ് നിങ്ങൾ…” ബാം പറഞ്ഞു.

 

മാർട്ടിനോ ഒരു സിഗരറ്റിന് തീ കൊളുത്തി. “അഥവാ അവർ നിങ്ങളെ വെറുതെ വിട്ടുവെന്ന് തന്നെയിരിക്കട്ടെ… ബെർലിൻ വെറും ഇഷ്ടികക്കൂമ്പാരമാകാൻ അധികനാളുകളൊന്നും വേണ്ട സുഹൃത്തേ… റഷ്യക്കാർക്ക് വേണ്ടത് ചോരയാണ്… സഖ്യകക്ഷികൾ അവരോടൊപ്പമേ നിൽക്കൂ…” കർട്ടന്റെ വിടവിലൂടെ അദ്ദേഹം പുറത്തേക്ക് എത്തനോക്കി. “ബുദ്ധിമാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഞാൻ മുന്നോട്ടു വച്ച നിർദ്ദേശമായിരിക്കും ഏക പോംവഴിയെന്ന് തോന്നുന്നു…”

 

“ഇൻഷുറൻസ് സെയിൽസിലായിരുന്നു ജോലിയെങ്കിൽ നല്ലൊരു ഭാവിയുണ്ടായേനെ നിങ്ങൾക്ക്…” ബാം പറഞ്ഞു. “ഇംഗ്ലണ്ടിന്റെ വടക്ക് ലീഡ്സിൽ എന്റെ ഒരു കസിൻ ഉണ്ടായിരുന്നു… കൃത്യമായി പറഞ്ഞാൽ യോർക്‌ഷയറിൽ… എന്റെ ഒരേയൊരു ബന്ധു, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ… എനിക്ക് വേണ്ടി ‘കദ്ദിഷ്’ ചൊല്ലുവാൻ ഒരാൾ വേണം… കദ്ദിഷ് എന്നു വച്ചാൽ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന…”

 

“കദ്ദിഷ് എന്താണെന്നെനിക്കറിയാം… സഹതാപത്തോടെ മാർട്ടിനോ പറഞ്ഞു. “ഞാൻ പറഞ്ഞതിനെക്കുറിച്ച് എന്തു പറയുന്നു…?”

 

“ബെർലിൻ വെറും ഇഷ്ടികക്കൂമ്പാരം…” തല കുലുക്കിയിട്ട് ബാം ചിരിച്ചു. “ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു…”

 

“അപ്പോൾ എല്ലാം പറഞ്ഞതു പോലെ…” മാർട്ടിനോ സൈലൻസർ അഴിച്ചിട്ട് PPK തോക്ക് അതിന്റെ ഉറയിൽ തിരികെ വച്ചു.

 

“ഹോഫറിനെ എന്തു ചെയ്യും…?” ബാം ചോദിച്ചു.

 

“അതെ, എന്തു ചെയ്യും അയാളെ…?”

 

“അത്ര കുഴപ്പക്കാരനൊന്നുമല്ല അദ്ദേഹം… ഞങ്ങളുടെയൊക്കെ അതേ അവസ്ഥയിലുള്ള ഒരാൾ… അദ്ദേഹത്തിന് അപകടം സംഭവിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല…” ബാം പറഞ്ഞു.

 

“ഞാനൊന്ന് ആലോചിക്കട്ടെ... എന്‍റെ സുഹൃത്തുക്കളുമായി ഒന്ന് സംസാരിക്കണം... ദ്വീപിന്‍റെ കിഴക്കൻ പ്രദേശങ്ങളിലല്ലേ നാളെ നിങ്ങളുടെ ടൂർ...? നിങ്ങളുടെ വാഹനവ്യൂഹത്തിനൊപ്പം ഞാനുമുണ്ടാകും രാവിലെ മുതൽ... എന്നോട് കൂടുതൽ അടുപ്പം പ്രകടിപ്പിക്കുവാൻ ശ്രദ്ധിക്കുക... സൗകര്യം പോലെ, നെക്കർ അരികിലുള്ള സമയത്ത് എന്നോട് എവിടെയാണ് താമസം എന്ന് ചോദിക്കണം... ഡു വിലാ പ്ലേസ് എന്ന് ഞാൻ പറയും... ആ പ്രദേശത്തിന്‍റെ ഭൂപ്രകൃതിയും മനോഹാരിതയും എല്ലാമെല്ലാം... അവിടം ഒന്ന് കാണണമെന്നും ഉച്ചഭക്ഷണം അവിടെ നിന്ന് കഴിക്കണമെന്നും നെക്കറുടെയടുത്ത് നിർബ്ബന്ധം പിടിക്കണം... അവിടെ വച്ച് നമുക്ക് ബാക്കി കാര്യങ്ങൾ തീർപ്പാക്കാം...”

 

“അവസാന നിമിഷം മാറ്റിയെഴുതപ്പെടുന്ന സ്ക്രിപ്റ്റിന് റിഹേഴ്സൽ നടത്താൻ അവസരം ലഭിക്കുകയില്ല എന്നതാണ് വാസ്തവം...” നെറ്റി ചുളിച്ചുകൊണ്ട് ബാം പറഞ്ഞു.

 

“അതിനാണ് അവർ പറയുന്നത്, ദാറ്റ്സ് ഷോ ബിസിനസ് എന്ന്...” കർട്ടൻ വകഞ്ഞു മാറ്റി മാർട്ടിനോ ടെറസ്സിലേക്കിറങ്ങി.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...