Wednesday, August 31, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 78

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

 

ഷോൺ ഗാലഗറും ഗ്വിഡോ ഓർസിനിയും കൂടി ഹ്യൂ കെൽസോയെ ആ ഇടുങ്ങിയ ഗോവണി വഴി ഹെലന്റെ ബെഡ്റൂമിലേക്ക് ഇറക്കിക്കൊണ്ടു വന്നപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. പുറത്ത് ഇടനാഴിയുടെ അറ്റത്ത് നിലകൊണ്ട ഹെലന്റെ സിഗ്നൽ പ്രതീക്ഷിച്ചു കൊണ്ട് പാതി തുറന്ന വാതിൽക്കൽ സാറ നിൽക്കുന്നുണ്ടായിരുന്നു. അടയാളം ലഭിച്ചതും പൊടുന്നനെ അവൾ വാതിൽ മുഴുവനായി തുറന്നു.

 

“പെട്ടെന്ന്” സാറ പറഞ്ഞു.

 

ഗാലഗറും ഗ്വിഡോയും തങ്ങളുടെ കോർത്തു പിടിച്ച കൈകളിൽ ഹ്യൂ കെൽസോയെ താങ്ങിയെടുത്ത് റൂമിന് പുറത്തേക്കിറങ്ങി. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള സ്റ്റെയർകെയ്സ് വീതിയുള്ളതായതു കൊണ്ട് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. നിമിഷങ്ങൾക്കകം അവർ കിച്ചണിൽ എത്തിച്ചേർന്നു. കെൽസോയെ അവർ താഴെയിരുത്തിയതും ഹെലൻ സ്റ്റെയർകെയ്സിലേക്കുള്ള വാതിൽ അടച്ച് ലോക്ക് ചെയ്തു.

 

“സോ ഫാർ സോ ഗുഡ്” ഗാലഗർ പറഞ്ഞു. “ആർ യൂ ഓൾറൈറ്റ് കേണൽ?”

 

മാനസിക സമ്മർദ്ദം പ്രകടമായിരുന്നുവെങ്കിലും ഹ്യൂ കെൽസോ തല കുലുക്കി. “അയാം ഫീലിങ്ങ് ഗ്രേറ്റ് കാരണം, അവിടെ നിന്നും മാറുവാൻ സാധിച്ചല്ലോ

 

“ഫൈൻ ആ മരക്കൂട്ടങ്ങൾക്കിടയിലെ വഴിയിലൂടെയാണ് നിങ്ങളെ എന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നത് ഏറിയാൽ പത്ത് മിനിറ്റ് മാത്രം” ഗാലഗർ പറഞ്ഞു.

 

പെട്ടെന്നാണ് നിശ്ശബ്ദനായിരിക്കാൻ ഹെലൻ ആംഗ്യം കാണിച്ചത്. “ഒരു കാർ വരുന്ന ശബ്ദം കേൾക്കുന്നുണ്ട്

 

ആ വാഹനത്തിനായി അവർ കാത്തിരുന്നു. വിളക്കിന്റെ തിരി താഴ്ത്തിയിട്ട് ജാലകത്തിനരികിൽ ചെന്ന് സാറ കർട്ടൻ ഇരുവശത്തേക്കും വകഞ്ഞു മാറ്റി. മുറ്റത്തേക്ക് പ്രവേശിക്കുന്ന ക്യൂബൽവാഗൺ കണ്ടതും അവൾ തിരിഞ്ഞു. “ഹാരിയാണത്

 

ഹെലൻ വിളക്കിന്റെ തിരി വീണ്ടും ഉയർത്തി വച്ചു. സാറ ചെന്ന് കിച്ചന്റെ പിൻഭാഗത്തെ വാതിൽ തുറന്നു കൊടുത്തു. ശബ്ദമുണ്ടാക്കാതെ ഉള്ളിലേക്ക് പ്രവേശിച്ചിട്ട് അദ്ദേഹം വാതിൽ ചേർത്തടച്ചു. മോണ്ട് ഡു ലാ റോക്കിൽ നടന്ന സംഭവങ്ങൾക്ക് ശേഷം അത്യന്തം ആവേശത്തിലായിരുന്നു മാർട്ടിനോ. SS ക്യാപ്പിന്റെ നിഴലടിക്കുന്ന അദ്ദേഹത്തിന്റെ വിളറിയ മുഖത്ത് അതിന്റെ ഊർജ്ജം തെളിഞ്ഞു കാണാമായിരുന്നു.

 

“എന്തു പറ്റി ഹാരീ?” സാറ ചോദിച്ചു. “പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടായോ?”

 

“എന്നു തന്നെ പറയാം അതേക്കുറിച്ച് പിന്നെ പറയാം ഞാൻ പോകാൻ റെഡിയല്ലേ നമ്മൾ?”

 

“എപ്പോഴേ റെഡി” കെൽസോ പറഞ്ഞു.

 

“എന്നാൽ പിന്നെ ഇറങ്ങാം നമുക്ക്

 

“സാറയും ഞാനും മുന്നിൽ പോകാം അവിടെ ചെന്ന് കാര്യങ്ങളെല്ലാം നേരെയാണെന്ന് ഉറപ്പു വരുത്താമല്ലോ” ഹെലൻ പറഞ്ഞു.

 

വിളക്കിന്റെ തിരി വീണ്ടും താഴ്ത്തി വച്ചിട്ട് വാതിൽ തുറന്ന് അവർ സാറയെയും കൂട്ടി മുറ്റത്തേക്കിറങ്ങി. ഗാലഗറും ഗ്വിഡോയും കൈകൾ കോർത്ത് കെൽസോയെ താങ്ങിയെടുത്തു. അദ്ദേഹം അവരുടെ കഴുത്തുകൾക്ക് ചുറ്റും കൈകൾ കോർത്തു.

 

“റൈറ്റ്” മാർട്ടിനോ പറഞ്ഞു. “എന്നാൽ നമുക്ക് നീങ്ങാം ഞാൻ മുന്നിൽ നടക്കാം ആർക്കെങ്കിലും ക്ഷീണം തോന്നുന്നുവെങ്കിൽ പറയണം

 

അവർ പുറത്തു കടക്കാനായി അദ്ദേഹം ഒരു വശത്തേക്ക് ഒതുങ്ങിക്കൊടുത്തു. പിന്നെ വാതിൽ അടച്ചിട്ട് അവർക്ക് മുന്നിലായി നടന്നു.

 

                                             ***

 

മരത്തലപ്പുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ അരണ്ട വെട്ടത്തിൽ ആ കാട്ടുപാത വളരെ വ്യക്തമായിരുന്നു. പൂക്കളുടെ പരിമളത്തിൽ കുളിച്ചു നിൽക്കുന്ന രാത്രി. സാറ ഹെലന്റെ കരം കവർന്നു. അമ്മായിയും അനന്തരവളും തമ്മിലുള്ള രക്തബന്ധത്തിന്റെ ഊഷ്മളത അറിയാനാവുന്നുണ്ടായിരുന്നു അവൾക്കപ്പോൾ. മാതാവിന്റെ മരണശേഷം അനാഥയായ തന്റെ വലംകൈ മാത്രമായിരുന്നില്ല, ജീവിതത്തിലേക്ക് വീണ്ടും തന്നെ കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്ന വ്യക്തി കൂടിയായിരുന്നു ഹെലൻ ആന്റി. അന്നത്തെ അതേ സുരക്ഷിതത്വമാണ് ആ കരസ്പർശത്തിലൂടെ ഇപ്പോൾ അവൾക്ക് അനുഭവവേദ്യമായത്.

 

“തിരികെ ഇംഗ്ലണ്ടിൽ ചെന്നിട്ട് എന്താണ് നിന്റെ പ്ലാൻ?” ഹെലൻ ചോദിച്ചു.

 

“തിരികെ അവിടെ എത്തിയാലല്ലേ?”

 

“വിഡ്ഢിത്തം പറയാതിരിക്കൂ ഈ ദൗത്യം വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല താൻ ചെയ്യുന്നതെന്താണെന്നതിനെക്കുറിച്ച് ഇത്രയും വ്യക്തമായ ധാരണയുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് ഹാരി മാർട്ടിനോയെയാണ് അതുകൊണ്ട്, പറയൂ, തിരികെ ചെന്നിട്ട് എന്താണ് ചെയ്യാൻ പോകുന്നത്? നേഴ്സിങ്ങ് ഫീൽഡിലേക്ക് തന്നെയാണോ?”

 

“ആർക്കറിയാം” സാറ പറഞ്ഞു. “നേഴ്സിങ്ങ് എന്നും എന്റെ ഒരു ഇടത്താവളം മാത്രമായിരുന്നു മെഡിസിനിലായിരുന്നു എനിക്ക് താല്പര്യം

 

“അതെ, ഞാനോർക്കുന്നു

 

“എന്നാലിപ്പോൾ, എനിക്കറിയില്ല എന്തു സംഭവിക്കുമെന്ന്” സാറ പറഞ്ഞു. “എല്ലാം ഒരു വിചിത്ര സ്വപ്നം പോലെ തോന്നുന്നു ഹാരിയെപ്പോലൊരു പുരുഷനെ ഞാൻ അറിഞ്ഞിട്ടേയില്ല ഇതിനു മുമ്പ് ഇതുപോലൊരു ആവേശം ഞാനനുഭവിച്ചിട്ടേയില്ല ഇതുവരെ

 

“ഇതൊരു താൽക്കാലിക ഭ്രമം മാത്രമാണ് കുട്ടീ ഈ യുദ്ധം പോലെ തന്നെ ഇതല്ല യഥാർത്ഥ ജീവിതംഅതുപോലെ തന്നെ ഹാരി മാർട്ടിനോയും നിനക്ക് പറഞ്ഞിട്ടുള്ള പുരുഷനല്ല അദ്ദേഹം ഗോഡ് ഹെൽപ് ഹിം ഹീ ഈസ് നോട്ട് ഈവൺ ഫോർ ഹിംസെൽഫ്

 

ഗാലഗറിന്റെ കോട്ടേജിന് ഏതാനും വാര അകലെ തെളിഞ്ഞ നിലാവെട്ടത്തിൽ അവർ ഒരു നിമിഷം നിന്നു. “അതൊന്നും എനിക്കറിയില്ല” സാറ പറഞ്ഞു. “അറിയേണ്ട കാര്യവുമില്ല എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ എന്റെ നിയന്ത്രണത്തിലായിരുന്നില്ല എല്ലാം യുക്തിയ്ക്ക് അതീതമായിരുന്നു

 

മരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പുറത്തു വന്ന സാറയെയും ഹെലനെയും ആ നിമിഷം തന്നെ കോട്ടേജിന്റെ ജാലകത്തിനരികിൽ ഇരിക്കുകയായിരുന്ന വില്ലി ക്ലൈസ്റ്റ് കണ്ടിരുന്നു. അവർ തമ്മിലുള്ള ആ പ്രത്യേക അടുപ്പം പെട്ടെന്ന് തന്നെ അയാളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതിൽ എന്തോ കുഴപ്പമുണ്ടെന്നത് തീർച്ച അയാൾ എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് കതക് അല്പം തുറന്നു വച്ചു. അവർ കുറേക്കൂടി അടുത്തു വന്നപ്പോഴാണ് അവർ തമ്മിൽ സംസാരിക്കുന്നത് ഇംഗ്ലീഷിലാണെന്ന കാര്യം അയാൾ മനസ്സിലാക്കിയത്.

 

“ഒരാളെ ഇഷ്ടപ്പെടുക എന്നതും പ്രണയത്തിൽ അകപ്പെടുക എന്നതും തമ്മിൽ വ്യത്യാസമുണ്ട് ഡാർലിങ്ങ്” ഹെലൻ പറഞ്ഞു. “പ്രണയത്തിൽ അകപ്പെട്ടിരിക്കുക എന്നത് ചൂട് അനുഭവിക്കുന്നതു പോലെയാണ് അത് സ്ഥായിയായ ഒന്നല്ല, ആ അവസ്ഥയും കടന്നു പോകും ബിലീവ് മീ ആഹ്, എത്തിയല്ലോ വരൂ, നമുക്ക് ഉള്ളിൽ കയറിയിരിക്കാം അവരും ഇപ്പോൾ എത്തും” അവർ വാതിലിന്റെ പിടിയിൽ കൈ വച്ചതും കതക് ഉള്ളിലേക്ക് അല്പം തുറന്നു. “ഓ, ഇത് തുറന്നു കിടക്കുകയായിരുന്നോ…!

 

പെട്ടെന്നാണത് സംഭവിച്ചത്. മലർക്കെ തുറന്ന വാതിലിനപ്പുറത്ത് നിന്നും നീണ്ട ഒരു കൈ അവരുടെ കോട്ടിന്റെ മുൻഭാഗത്ത് പിടുത്തമിട്ടു. മോസറിന്റെ ബാരൽ അവരുടെ കവിളിൽ മുട്ടിച്ചു പിടിച്ചിട്ട് ക്ലൈസ്റ്റ് പറഞ്ഞു. “ഉള്ളിലേക്ക് വരൂ, മിസ്സ് ഡു വിലാ എന്നിട്ട് ഈ കൊച്ചു ഫ്രഞ്ച് കോൾഗേളിനെക്കുറിച്ച് അല്പം സംസാരിക്കാം അവൾക്ക് ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന് മാത്രമല്ല, നിങ്ങളുടെ ഒരു ഉറ്റ സുഹൃത്തു കൂടിയാണെന്നുള്ള കാര്യം എനിക്കങ്ങോട്ട് ദഹിക്കുന്നില്ല

 

ഒരു നിമിഷം മരവിച്ചു നിന്നു പോയി ഹെലൻ. മോസറിന്റെ കുഴൽ മുഖത്ത് ചേർത്തു പിടിച്ചിരിക്കുന്നത് അവരുടെയുള്ളിൽ നിറച്ച ഭീതി കുറച്ചൊന്നുമായിരുന്നില്ല. ക്ലൈസ്റ്റ് മറുകൈ കൊണ്ട് സാറയുടെ മുടിയിൽ കുത്തിപ്പിടിച്ചു.

 

“മറ്റാരൊക്കെയോ കൂടി ഇപ്പോൾ ഇവിടെയെത്തുമെന്നാണ് നിങ്ങളുടെ സംസാരത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത് ആരാണവർ?”

 

ഒരു കൈ സാറയുടെ മുടിക്കെട്ടിലും മറുകൈയ്യിലെ പിസ്റ്റൾ ഹെലന്റെ മുഖത്തും മുട്ടിച്ചു പിടിച്ചു കൊണ്ട് അയാൾ പിന്നിലേക്ക് നടന്നു. “മണ്ടത്തരമൊന്നും കാണിക്കണ്ട, ഞാൻ കാഞ്ചി വലിച്ചിരിക്കും” പൂർണ്ണമായും മുറിയ്ക്കുള്ളിൽ ആയതും അയാൾ സാറയുടെ മേലുള്ള പിടി വിട്ടു. “പോയി ആ കർട്ടൻ വലിച്ചിടൂ” അയാൾ ആജ്ഞാപിച്ചതു പോലെ അവൾ ചെയ്തു. “ഗുഡ് ഇനി ആ വിളക്കിന്റെ തിരി ഉയർത്തി വയ്ക്കൂ എല്ലാം നമുക്ക് വേണ്ട രീതിയിൽത്തന്നെ കൈകാര്യം ചെയ്യാം” വിളക്കിന്റെ വെട്ടത്തിൽ അയാളുടെ മുഖത്തെ വിയർപ്പും ഹെലന്റെ മുഖത്തെ ഭീതിയും വേദനയും വ്യക്തമായി കാണാനായി അവൾക്ക്. “ഇനി ഇങ്ങോട്ട് വരൂ” അയാൾ ആജ്ഞാപിച്ചു.

 

അയാൾ അവളുടെ മുടിക്കെട്ടിൽ വീണ്ടും പിടി മുറുക്കി. അതിന്റെ വേദന അസഹ്യമായിരുന്നു. മാർട്ടിനോയ്ക്കും സംഘത്തിനും ഒരു മുന്നറിയിപ്പെന്നോണം അലറി വിളിക്കണമെന്ന് തോന്നിയെങ്കിലും ഹെലന്റെ കീഴ്ത്താടിയിൽ അമർത്തിപ്പിടിച്ചിരിക്കുന്ന മോസർ കണ്ടതും ആ ചിന്ത ഉപേക്ഷിച്ചു. വേച്ചു വേച്ച് നിൽക്കുന്ന ക്ലൈസ്റ്റിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം ഉയരുന്നുണ്ടായിരുന്നു. അപ്പോഴാണ് മുറ്റത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ആ നാൽവർ സംഘത്തിന്റെ സംസാരം കേൾക്കാനായത്. ഗാലഗറും ഗ്വിഡോയും തങ്ങൾക്ക് ഇടയിലായി കെൽസോയെ താങ്ങിയെടുത്ത് സാവധാനം പിറകോട്ട് നടന്ന് മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. അവസാന നിമിഷത്തിലാണ് ക്ലൈസ്റ്റ് സ്ത്രീകളെ രണ്ടുപേരെയും ദൂരേയ്ക്ക് തള്ളി മാറ്റിയത്.

 

“ഹാരീ, ലുക്ക് ഔട്ട്!” സാറ അലറി വിളിച്ച അതേ നിമിഷമാണ് മാർട്ടിനോ ഉള്ളിലേക്ക് കാലെടുത്തു വച്ചത്. വൈകിപ്പോയിരുന്നു അവൾ. അപ്പോഴേക്കും ആരെയും സഹായിക്കാനാവാത്ത വിധം വിഫലമായിപ്പോയിരുന്നു അവളുടെ നിലവിളി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


10 comments:

  1. ഹോ, വല്ലാത്ത അവസ്ഥയിലാണല്ലോ ചെന്നുപെട്ടിരിക്കുന്നത്!!

    ReplyDelete
    Replies
    1. ഇത്തിരി പ്രശ്നത്തിലാണ്...

      Delete
  2. Replies
    1. പറഞ്ഞിട്ട് കാര്യമില്ല, പെട്ടുപോയി...

      Delete
  3. ആകെ കുഴപ്പത്തിലായല്ലോ..

    ReplyDelete
  4. അയ്യോ.. ഇനിയെന്ത് ചെയ്യും

    ReplyDelete
    Replies
    1. മാർട്ടിനോ എന്തെങ്കിലും വഴി കാണാതിരിക്കുമോ...?

      Delete
  5. പോലീസുകാരന്റെ കാര്യത്തിന് തീരുമാനമായി

    ReplyDelete