Wednesday, September 7, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 79

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തറയിൽ ഇരുന്ന കെൽസോ സാവധാനം പിറകോട്ട് ചാ‌ഞ്ഞ് മലർന്ന് കിടന്നു. ഹെലനും സാറയും ആ മൂന്ന് പുരുഷന്മാരും കൈകൾ മുകളിലേക്കുയർത്തി ചുമരിൽ ചാരി നിന്നു. മാർട്ടിനോയുടെ പോക്കറ്റിലുണ്ടായിരുന്ന PPK വാൾട്ടർ തോക്ക് തപ്പിയെടുത്ത് ക്ലൈസ്റ്റ് സ്വന്തം പോക്കറ്റിനുള്ളിൽ തിരുകി. “എനിക്കറിയില്ല, ഈയിടെയായി എവിടെ നിന്നൊക്കെയാണ് ഈ SS ആൾക്കാരെ റിക്രൂട്ട് ചെയ്യുന്നതെന്ന്…” പുച്ഛത്തോടെ അയാൾ പറഞ്ഞു.


മാർട്ടിനോ ഒന്നും ഉരിയാടിയില്ല. പറ്റിയ അവസരം നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം. ക്ലൈസ്റ്റ് ഓർസിനിയുടെ അടുത്തേക്ക് നീങ്ങി അയാളുടെ ദേഹപരിശോധന തുടങ്ങി. “എടാ സുന്ദരക്കുട്ടാ, നിന്നെ എനിക്ക് പണ്ടേ കണ്ടുകൂടായിരുന്നു…” വെറുപ്പോടെ അയാൾ പറഞ്ഞു. “നിങ്ങൾ ഇറ്റാലിയൻസ് ഞങ്ങൾക്ക് പ്രശ്നങ്ങൾ മാത്രമേ തന്നിട്ടുള്ളൂ… ഫ്യൂറർ പണ്ടേ തീർക്കേണ്ടതായിരുന്നു നിങ്ങളെയൊക്കെ…”


“അത്ഭുതം…” ഗ്വിഡോ തല തിരിച്ച് ഗാലഗറിനെ നോക്കി ചിരിച്ചു. “ഇതിന് സംസാരിക്കാനും കഴിയും…” 


ദ്വേഷ്യത്തോടെ ഓർസിനിയുടെ കാലിൽ ഒരു ചവിട്ട് കൊടുത്തിട്ട് ക്ലൈസ്റ്റ് ഗാലഗറിന് നേർക്ക് തിരിഞ്ഞു. തോക്കിനായി ദേഹപരിശോധന നടത്തിയെങ്കിലും അദ്ദേഹത്തിന്റെ പക്കൽ നിന്നും ഒന്നും തന്നെ കണ്ടെടുക്കാനായില്ല. “ബാസ്റ്റർഡ്, ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ…” 


മുഷ്ടി ചുരുട്ടി അയാൾ ഗാലഗറിന്റെ പിൻഭാഗത്ത് നട്ടെല്ലിന് താഴെയായി ആഞ്ഞൊരിടി കൊടുത്തു. വേദനകൊണ്ട് അലറി അദ്ദേഹം മുന്നോട്ട് കുനിഞ്ഞ് വീണു. അദ്ദേഹത്തിന്റെ വാരിയെല്ല് നോക്കി ഒരു ചവിട്ടും കൂടി കൊടുത്തു ക്ലൈസ്റ്റ്. 


“നിർത്തൂ…!” ഹെലൻ അലറി.


ക്ലൈസ്റ്റ് അവരെ നോക്കി പുഞ്ചിരിച്ചു. “ഞാനതിന് തുടങ്ങിയിട്ടു പോലുമില്ലല്ലോ…” അയാൾ ബൂട്ടു കൊണ്ട് അദ്ദേഹത്തെ ഒന്നുകൂടി ചവിട്ടി. “എഴുന്നേറ്റ് കൈ തലയ്ക്ക് മുകളിൽ വച്ച് നിൽക്ക് മനുഷ്യാ…” മുട്ടുകുത്തി എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഗാലഗറിന് ഒരു ചവിട്ടും കൂടി കൊടുത്തു ക്ലൈസ്റ്റ്. “എഴുന്നേൽക്കാനല്ലേ പറഞ്ഞത് നിങ്ങളോട്…? വൃത്തികെട്ട ഐറിഷ് തടിയൻ…”


ഗാലഗർ എഴുന്നേറ്റ് ഒരു ചെറുപുഞ്ചിരിയോടെ കൈകൾ തൂക്കിയിട്ട് നിന്നു. “പാതി ഐറിഷ്…” അദ്ദേഹം പറഞ്ഞു. “പാതി ജെഴ്സിയും… നിങ്ങളോട് ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതാണ്, അതൊരു വല്ലാത്ത ചേരുവയാണെന്ന്…”


ക്ലൈസ്റ്റ് കൈ മടക്കി അദ്ദേഹത്തിന്റെ മുഖത്ത് ഒരു പ്രഹരമേല്പിച്ചു. “നിങ്ങളോട് ഞാൻ പറഞ്ഞിരുന്നു, കൈ തലയ്ക്ക് മുകളിൽ വച്ച് നിൽക്കാൻ…”


“എങ്കിൽ ശരി, പറഞ്ഞത് പോലെ…”


കുറച്ചു നേരമായി ആ കത്തി തന്റെ ഇടതു കൈപ്പത്തിയ്ക്കുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു ഗാലഗർ. കൈ വീശുന്നതിനൊപ്പം അതിന്റെ ബട്ടണിൽ അദ്ദേഹം അമർത്തിയതും അതിന്റെ കൂർത്ത മുന വിളക്കിന്റെ വെട്ടത്തിൽ തിളങ്ങി. അടുത്ത മാത്രയിൽ അത് ക്ലൈസ്റ്റിന്റെ താടിയെല്ലിന് താഴെ മാംസളമായ ഭാഗത്ത് തുളഞ്ഞു കയറി. ക്ലൈസ്റ്റിന്റെ കൈയ്യിലെ മോസർ അലക്ഷ്യമായി ചുവരിലേക്ക് നിറയൊഴിഞ്ഞു. പിന്നെ അത് കൈയ്യിൽ നിന്നും താഴെ വീണു. പിറകിലെ മേശയിലേക്ക് മലർന്നു വീണ അയാൾ തന്റെ കഴുത്തിൽ തറഞ്ഞു കയറിയ കത്തിയുടെ പിടിയിൽ നിന്നും ഗാലഗറിന്റെ കൈ വിടുവിക്കാൻ നോക്കി. ഒരു കൈ കത്തിയിൽ പിടിച്ച്, മറുകൈ കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ പരാജയപ്പെട്ടു. നിലത്തേക്ക് മറിഞ്ഞു വീണ് കാലുകളിട്ടടിച്ച് ആ ശരീരം നിശ്ചലമായി.


“ഓ, മൈ ഗോഡ്…!” അതു കണ്ട് ഭയന്ന ഹെലൻ തിരിഞ്ഞ് കിച്ചണിലേക്കോടി. ഓക്കാനം വന്ന് ഛർദ്ദിക്കുവാനുള്ള അവസ്ഥയിലായിരുന്നു അവർ.


“പോയി അവരെ സഹായിക്കൂ…” മാർട്ടിനോ സാറയോട് പറഞ്ഞു.


അവൾ പോയതും മാർട്ടിനോ ക്ലൈസ്റ്റിന്റെ മൃതദേഹത്തിനരികിൽ കുനിഞ്ഞിരുന്ന് അതിന്റെ പോക്കറ്റിൽ നിന്നും തന്റെ വാൾട്ടർ ഗൺ കൈവശമാക്കി. പിന്നെ ഗാലഗറിനെ നോക്കി. “SOE യുടെ സൈലന്റ് കില്ലിങ്ങ് കോഴ്സിൽ ഈ വിദ്യ പഠിപ്പിക്കാറുണ്ടവർ… താങ്കളിതെവിടെ നിന്നാണ് പഠിച്ചത്…?”


“എന്റെ മുത്തശ്ശന്റെ അടുത്തു നിന്നും…” ഗാലഗർ പറഞ്ഞു.


“അദ്ദേഹം ഒരു സംഭവം തന്നെ ആയിരുന്നിരിക്കണമല്ലോ…”


മാർട്ടിനോയും ഗ്വിഡോയും ചേർന്ന് കെൽസോയെ പിടിച്ചെഴുന്നേൽപ്പിച്ച് സോഫയിലിരുത്തി. ഗാലഗറാകട്ടെ, ക്ലൈസ്റ്റിന്റെ കഴുത്തിൽ തറഞ്ഞിരുന്ന തന്റെ കത്തി വലിച്ചൂരിയെടുത്തു. സാമാന്യം നല്ല ശക്തി തന്നെ വേണ്ടി വന്നും അത് ഊരിയെടുക്കാൻ. ആ മൃതദേഹത്തിന്റെ കോട്ടിൽ കത്തിയിലെ രക്തം തുടച്ചു കളഞ്ഞിട്ട് അദ്ദേഹം മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. “ഇത് ഇയാളുടെ ഒരു ഔദ്യോഗിക സന്ദർശനമായിരുന്നുവെന്ന് താങ്കൾ കരുതുന്നുണ്ടോ…?”


“എന്ന് എനിക്ക് തോന്നുന്നില്ല…” താഴെ കിടന്നിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പി മാർട്ടിനോ എടുത്തു കാണിച്ചു. “ഇന്ന് മുഴുവനും ഇയാൾ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു… പകയായിരുന്നു ഇയാളുടെ കണ്ണുകളിൽ… താങ്കളോടുള്ള പക… അത് വീട്ടുവാൻ വേണ്ടി വന്നതായിരുന്നു ഇവിടെ… താങ്കളെ കാണാഞ്ഞപ്പോൾ വരുന്നത് വരെ ഇവിടെ കാത്തിരുന്നു…” അദ്ദേഹം തലയാട്ടി. “പാവം… അല്പനേരത്തേക്ക് ഭാഗ്യം തെളിഞ്ഞതായിരുന്നു… ഇയാളുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയാകുമായിരുന്നു ഇത്…”


“ഇനിയിപ്പോൾ എന്താണ് സംഭവിക്കുക…?” കെൽസോ ആരാഞ്ഞു. “നമ്മുടെ പദ്ധതി ആകെപ്പാടെ താളം തെറ്റാൻ ഇതുതന്നെ ധാരാളം… അതായത്, ഒരു ഗെസ്റ്റപ്പോ ഭടൻ ഡ്യൂട്ടിയ്ക്ക് എത്താതിരിക്കുമ്പോൾ അവർ അന്വേഷിച്ചു തുടങ്ങില്ലേ…?”


“പരിഭ്രമിക്കാനൊന്നുമില്ല…” മാർട്ടിനോ അവിടെക്കണ്ട ഒരു ഷീറ്റ് എടുത്ത് ആ മൃതശരീരം മൂടിയിട്ടു. “എല്ലാത്തിനും ഒരു വഴിയുണ്ടാവും… ആദ്യം നമുക്ക് ഇയാളുടെ കാർ കണ്ടെത്തണം… ഈ പരിസരത്തെവിടെയെങ്കിലും പാർക്ക് ചെയ്തിട്ടുണ്ടാവണം…” ഗ്വിഡോയോടും ഗാലഗറിനോടും തന്റെയൊപ്പം വരുവാൻ ആംഗ്യം കാണിച്ചിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു.


                                                       ***


പത്തു മിനിറ്റേ വേണ്ടി വന്നുള്ളൂ, ഗ്വിഡോയാണ് ക്ലൈസ്റ്റിന്റെ റെനോ കാർ കണ്ടെത്തിയത്. നീട്ടി ചൂളം മുഴക്കി അയാൾ മാർട്ടിയുടെയും ഗാലഗറിന്റെയും ശ്രദ്ധ ക്ഷണിച്ചു. അവർ അരികിലെത്തിയതും അയാൾ ചോദിച്ചു. “ഇനിയെന്ത്…?”


“കെൽസോ പറഞ്ഞതിൽ കാര്യമുണ്ട്… ക്ലൈസ്റ്റിനെ രാവിലെ ഡ്യൂട്ടിയ്ക്ക് കാണാതിരുന്നാൽ മുള്ളർ ഈ ദ്വീപ് തല തിരിച്ചു വയ്ക്കും…” ഗാലഗർ പറഞ്ഞു. “എന്തു ചെയ്യും നാം ഇനി…?”


“അയാളെ അവർക്ക് തന്നെ വിട്ടുകൊടുക്കുക…” നിർവ്വികാരതയോടെ മാർട്ടിനോ പറഞ്ഞു. “അമിതമായി മദ്യപിച്ചിരുന്നു അയൾ… നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നി മറിഞ്ഞു… ഇറ്റ്സ് ആസ് സിമ്പിൾ ആസ് ദാറ്റ്…”


“അതൊരു കുന്നിൻമുകളിൽ നിന്നും താഴേയ്ക്കായാൽ അത്രയും നന്ന്…” ഗ്വിഡോ കൂട്ടിച്ചേർത്തു.


“എക്സാക്റ്റ്ലി…” മാർട്ടിനോ ഗാലഗറിന് നേർക്ക് തിരിഞ്ഞു. “അതിന് പറ്റിയ സ്ഥലം ഇവിടെ എവിടെയെങ്കിലും ഉള്ളതായി അറിയുമോ…? അധികം ദൂരെയല്ലാതെ… എന്നാൽ ഇവിടവുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നും തോന്നാത്ത തരത്തിലുള്ള ഒരിടം…?”


“യെസ്…” ഗാലഗർ പറഞ്ഞു. “അതിന് പറ്റിയ ഒരു സ്ഥലമുണ്ട്…”


“ഗുഡ്… താങ്കൾ ഈ റെനോയിൽ മുന്നിൽ പൊയ്ക്കോളൂ… ഞാൻ ക്യൂബൽവാഗണിൽ പിന്നാലെ വരാം…”


“ഞാൻ വരണോ…?” ഗ്വിഡോ ചോദിച്ചു.


“വേണ്ട…” മാർട്ടിനോ പറഞ്ഞു. “ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ നിങ്ങൾ വേണം… ഞാൻ ഡു വിലാ പ്ലേസിൽ ചെന്ന് ക്യൂബൽവാഗണും എടുത്തുകൊണ്ട് വരാം… നിങ്ങൾ ഇരുവരും ഈ റെനോയുമെടുത്ത് കോട്ടേജിൽ ചെന്ന് ക്ലൈസ്റ്റിന്റെ മൃതശരീരം ഡിക്കിയിൽ എടുത്തു വയ്ക്കുക…” 


അദ്ദേഹം തിരിഞ്ഞ് ആ മരക്കൂട്ടങ്ങൾക്കിടയിലൂടെ ഡു വിലാ പ്ലേസ് ലക്ഷ്യമാക്കി ആഞ്ഞുനടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

8 comments:

  1. ക്ലൈസ്റ്റിനു കിട്ടേണ്ടത് കിട്ടി.. എന്തൊക്കെയായിരുന്നു.. പവനായി ശവമായി 🙅🏻‍♂️

    ReplyDelete
  2. കൊലപാതകം.. തെളിവ് നശിപ്പിക്കൽ വിജയമാകുമോ

    ReplyDelete
  3. ഇത്തിരി ആവേശം കൂടിപ്പോയി...പാവം

    ReplyDelete
  4. Replies
    1. ഇത്തിരി അഹങ്കാരം കൂടുതലായിരുന്നു...

      Delete