ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അദ്ധ്യായം – പതിനാല്
പിറ്റേന്ന് രാവിലെ ഒമ്പതു മണിക്ക് രണ്ടു ചാക്ക് ഉരുളക്കിഴങ്ങുമായി ഗാലഗർ തന്റെ വാനിൽ സെയ്ന്റ് ഹെലിയറിലേക്ക് പുറപ്പെട്ടു. സെൻട്രൽ മാർക്കറ്റിലേക്ക് തിരിയാതെ അദ്ദേഹം നേരെ പോയത് വെസ്ലി സ്ട്രീറ്റിലുള്ള മിലിട്ടറി സപ്ലൈ ഡിപ്പോയിലേക്കാണ്. ദ്വീപിലെ വിവിധ യൂണിറ്റുകളിലേക്കുള്ള മിലിട്ടറി സപ്ലൈയുമായി ആദ്യത്തെ ട്രക്ക് പുറത്തു പോകുന്നത് രാവിലെ എട്ടര മണിക്കാണ്. അതറിയാവുന്നതു കൊണ്ടാണ് അദ്ദേഹം ഒമ്പതു മണി എന്ന സമയം തന്നെ തിരഞ്ഞെടുത്തത്. ഫീൽഡ്‌വെബൽ ക്ലിംഗർ പ്രാതൽ കഴിച്ചു കൊണ്ട് ചില്ലു ചുവരുകളുള്ള ഓഫീസിൽ ഇരിക്കുന്നുണ്ടായിരുന്നു. സോസേജ്, കോഴിമുട്ട, പോർക്കിറച്ചി എന്നിങ്ങനെ എല്ലാം ഇംഗ്ലീഷ് വിഭവങ്ങൾ. നാസരന്ധ്രങ്ങളിലേക്കെത്തിയ ഒറിജിനൽ കോഫിയുടെ സുഗന്ധവും ആസ്വദിച്ചുകൊണ്ട് അദ്ദേഹം കോണിപ്പടികൾ കയറി.
“ഗുഡ് മോണിങ്ങ്, ഹെർ ജനറൽ… ഇന്നത്തേക്ക് എന്താണ് കൊണ്ടുവന്നിട്ടുള്ളത്…?” അയാൾ ചോദിച്ചു.
“ഏതാനും ചാക്ക് ഉരുളക്കിഴങ്ങുണ്ട്… പകരമായി ക്യാൻഡ് ഫുഡ് എന്തെങ്കിലുമുണ്ടെങ്കിൽ തന്നാൽ മതി… പിന്നെ കോഫി പൗഡറും…” ക്ലിംഗറുടെ പ്ലേറ്റിൽ നിന്ന് ഒരു ഇറച്ചിക്കഷണം എടുത്ത് വായിലിട്ട് കൊണ്ട് ഗാലഗർ പറഞ്ഞു. “ഞാൻ കാണുമ്പോഴൊക്കെ നിങ്ങൾ ഭക്ഷണത്തിന് മുന്നിലാണല്ലോ…”
“ഓ, അതിനെന്താ…? വിരസമായ ഈ ജീവിതത്തിൽ വേറെന്താണുള്ളത് സന്തോഷം പകരാൻ…? ഇതാ, അല്പം കോഫി രുചിച്ചു നോക്കൂ…” ക്ലിംഗർ ഒരു കപ്പിലേക്ക് കോഫി പകർന്ന് അദ്ദേഹത്തിന് നീട്ടി. “മനുഷ്യർ എന്തുകൊണ്ടാണ് ഇത്രയും വിഡ്ഢികളാവുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല… യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഹാംബർഗിൽ നല്ലൊരു റെസ്റ്റോറന്റുണ്ടായിരുന്നു എനിക്ക്… ധാരാാളം കസ്റ്റമേഴ്സും… എന്റെ ഭാര്യ നല്ലൊരു പാചകക്കാരിയുമാണ്… പക്ഷേ, കഴിഞ്ഞയാഴ്ച്ചത്തെ ബോംബിങ്ങിൽ എല്ലാം തകർന്നു… യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചുമില്ല…”
“ഇനിയങ്ങോട്ട് ഇതിലും മോശമായിരിക്കും സ്ഥിതി, ഹാൻസ്…” ഗാലഗർ പറഞ്ഞു. “അധിനിവേശത്തിനായി ബ്രിട്ടീഷുകാരും അമേരിക്കക്കാരും അധികം വൈകാതെ തന്നെ യൂറോപ്യൻ തീരങ്ങളിലെത്തും… മറുഭാഗത്തു നിന്നും റഷ്യക്കാരും… ജീവനോടെയിരിക്കുക എന്നത് തന്നെ വലിയ ഭാഗ്യമാണെന്ന് കണക്കാക്കിക്കോളൂ… നിങ്ങളുടെയൊക്കെ കൈവശമുള്ള റൈമാർക്കിന് അത് പ്രിന്റ് ചെയ്തിരിക്കുന്ന കടലാസിന്റെ വില പോലുമുണ്ടാവില്ല പിന്നെ…”
ക്ലിംഗർ ഒരു കൈ കൊണ്ട് തന്റെ മുഖം തുടച്ചു. “രാവിലെ തന്നെ ഇത്തരം വർത്തമാനം പറയല്ലേ… കഴിച്ച ഭക്ഷണം പോലും ദഹിക്കില്ല…”
“പക്ഷേ, ഇതുപോലുള്ള പണമാണെങ്കിൽ ഒരിക്കലും അതിന്റെ മൂല്യം നഷ്ടപ്പെടില്ല…” പോക്കറ്റിൽ നിന്നും ഒരു നാണയമെടുത്ത് മുകളിലേക്ക് ടോസ് ചെയ്ത് കൈപ്പിടിയിലാക്കി മേശപ്പുറത്ത് വച്ചുകൊണ്ട് ഗാലഗർ പറഞ്ഞു.
അതെടുത്ത് നോക്കിയ ക്ലിംഗറിന്റെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. “ഇത് ഇംഗ്ലീഷ് സോവറിൻ അല്ലേ…?”
“അതെ…” ഗാലഗർ പറഞ്ഞു. “സ്വർണ്ണനാണയം…”
ക്ലിംഗർ അതെടുത്ത് ചെറുതായി ഒന്ന് കടിച്ചുനോക്കി. “ഇത് ഒറിജിനൽ തന്നെയാണല്ലോ…”
“പിന്നെ, നിങ്ങൾക്ക് ഞാൻ കള്ളനാണയം തരുമെന്ന് കരുതിയോ…?” പോക്കറ്റിൽ നിന്നും ഒരു ചെറിയ ലിനൻ സഞ്ചി എടുത്ത് അയാളെ കൊതിപ്പിക്കുന്നതു പോലെ ഉയർത്തിക്കാട്ടി ഗാലഗർ പറഞ്ഞു. “ഒരു നാല്പത്തിയൊമ്പതെണ്ണം കൂടിയുണ്ട് ഇതിനകത്ത്…”
ഗാലഗർ അവിടെ വച്ച സഞ്ചിയിൽ നിന്നും നാണയങ്ങൾ മേശപ്പുറത്ത് കുടഞ്ഞിട്ട് ക്ലിംഗർ പരിശോധിച്ചു. “ഓൾറൈറ്റ്… പകരമായി എന്താണ് താങ്കൾക്ക് വേണ്ടത്…?”
“ഒരു ക്രീഗ്സ്മറീൻ നാവികന്റെ യൂണിഫോം...” ഗാലഗർ പറഞ്ഞു. “അതിപ്പോൾ വലിയ കാര്യമൊന്നുമല്ലല്ലോ… നിങ്ങളുടെ സ്റ്റോറിൽ ഇഷ്ടം പോലെയുണ്ടാകുമല്ലോ…”
“അസാദ്ധ്യം…” ക്ലിംഗർ പറഞ്ഞു. “തീർത്തും അസാദ്ധ്യം…”
“മാത്രമല്ല, ബൂട്ട്സും റീഫർകോട്ടും ക്യാപ്പും കൂടി വേണം… സെയ്ന്റ് ബ്രെലേഡ് പാരിഷ് ഹാളിൽ ഞങ്ങൾ ഒരു നാടകം അവതരിപ്പിക്കുന്നുണ്ട്… അതിൽ ഒരു ജർമ്മൻ നാവിക കഥാപാത്രമുണ്ട്… നല്ലൊരു റോളാണ്… ഒരു ജെഴ്സി പെൺകൊടിയുമായി പ്രണയത്തിലാവുകയും, പക്ഷേ, അവളുടെ മാതാപിതാക്കൾ…………….”
“നിർത്തൂ ഈ അസംബന്ധം…” ക്ലിംഗർ പറഞ്ഞു. “നാടകമോ…? എന്ത് നാടകം…?”
“ഓൾറൈറ്റ്…” ഗാലഗർ ചുമൽ വെട്ടിച്ചു. “നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽപ്പിന്നെ…”
മേശപ്പുറത്ത് നിന്നും നാണയങ്ങൾ വാരി സഞ്ചിയിലാക്കാൻ തുടങ്ങിയ അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ ക്ലിംഗർ കയറിപ്പിടിച്ചു. “ഹെർ ജനറൽ, അതുകൊണ്ടല്ല… ക്രീഗ്സ്മറീൻ യൂണിഫോം കൊണ്ട് എന്താണ് ആവശ്യം എന്ന് സിൽവർടൈഡ് ഹോട്ടലിലെ GFP മേധാവികൾ ആരായും…”
“അതെ… തീർച്ചയായും അവർ ചോദിക്കും… ഇക്കാര്യം അവരെ അറിയിച്ചാൽ മാത്രം… പക്ഷേ, നമ്മൾ അതു ചെയ്യുന്നില്ലല്ലോ… അതല്ല, ഇനി അറിയിക്കണമെന്ന് നിർബന്ധമാണോ ഹാൻസ്…? അന്വേഷണത്തിനായി അവരിവിടെ എത്തുന്നത് ഒന്ന് ആലോചിച്ചു നോക്കൂ… കാലങ്ങളായി എനിക്ക് തന്നുകൊണ്ടിരുന്ന മദ്യം, സിഗരറ്റ്, ക്യാൻഡ് ഫുഡ്… അതു മാത്രമോ, കോഫി പൗഡർ, ഷാമ്പെയ്ൻ ഇവയ്ക്കെല്ലാം നിങ്ങൾ കണക്ക് കാണിക്കേണ്ടി വരും…”
“ഒന്ന് നിർത്തുന്നുണ്ടോ…!”
“ഇത് വസന്തകാലമാണെന്നതൊക്കെ ശരി തന്നെ…” അയാളുടെ പ്രതികരണങ്ങളെ അവഗണിച്ചുകൊണ്ട് ഗാലഗർ തുടർന്നു. “എങ്കിലും റഷ്യൻ നിരയിലെ പെനൽ ബെറ്റാലിയനിലേക്ക് നിങ്ങൾക്ക് ഒരു സ്ഥലം മാറ്റം ലഭിച്ചാൽ എങ്ങനെയുണ്ടാവും…? അത്ര സുഖകരമൊന്നും ആയിരിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്…”
ഗാലഗറിന്റെ സ്വരത്തിലെ ഭീഷണി വളരെ വ്യക്തമായിരുന്നു. അയാൾക്ക് അതേക്കുറിച്ച് ആലോചിക്കാൻ പോലും ആവുമായിരുന്നില്ല… ശരിക്കും ഒരു കെണിയിലാണ് ക്ലിംഗർ അകപ്പെട്ടിരിക്കുന്നത്. ഈ ഐറിഷുകാരനുമായി ഇടപാടുകൾ തുടങ്ങാൻ തോന്നിയ ആ അഭിശപ്ത നിമിഷത്തെയോർത്ത് അയാൾ സ്വയം ശപിച്ചു. ഇയാൾക്ക് ആവശ്യമുള്ളത് കൊടുത്തിട്ട് നല്ലതിനായി പ്രാർത്ഥിക്കുക എന്നത് മാത്രമാണ് ഇപ്പോൾ കരണീയം…
“ഓൾറൈറ്റ്… താങ്കളുടെ ആവശ്യം പോലെ…” ആ സ്വർണ്ണനാണയങ്ങൾ വാരിക്കൂട്ടി തന്റെ യൂണിഫോമിന്റെ പോക്കറ്റിൽ നിക്ഷേപിച്ചുകൊണ്ട് ക്ലിംഗർ പറഞ്ഞു. “നാടകവേദികളെ എന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നു… ഈ വിഷയത്തിൽ എന്നെക്കൊണ്ടാവുന്ന സഹായം ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ…”
“എനിക്കറിയാമായിരുന്നു, നിങ്ങൾ നിരാശപ്പെടുത്തില്ല എന്ന്… ഇതാ, ഇതാണ് യൂണിഫോമിന്റെ അളവുകൾ…” അയാൾക്ക് മുന്നിലേക്ക് ഒരു തുണ്ട് കടലാസ് നീക്കിവച്ചു കൊടുത്തിട്ട് ഗാലഗർ പറഞ്ഞു.
***
കൃത്യം പത്തു മണിക്ക് തന്നെ ആ വാഹനവ്യൂഹം സെപ്റ്റംബർടൈഡിൽ നിന്നും പുറപ്പെട്ടു. ബ്യുമോണ്ട്, ബെൽ റോയൽ എന്നിവ താണ്ടി അവർ വിക്ടോറിയാ അവന്യൂവിലൂടെ സെയ്ന്റ് ഹെലിയറിലേക്ക് നീങ്ങി. എലിസബത്ത് കൊട്ടാരമായിരുന്നു അവരുടെ ലക്ഷ്യം. വേലിയിറക്കത്തിന്റെ സമയമായിരുന്നു അപ്പോൾ. ഗ്രാന്റ് ഹോട്ടലിന് എതിർവശം കാറുകളെല്ലാം പാർക്ക് ചെയ്തിട്ട് ഒരു സൈനിക ട്രക്കിനുള്ളിൽ അവരെല്ലാം കയറി. കോസ്‌വേയിലെ മണലിലൂടെ ആ വാഹനം മുന്നോട്ട് നീങ്ങി.
“വേലിയേറ്റം തുടങ്ങിയാൽ പിന്നെ ഈ കോസ്‌വേ വെള്ളത്തിനടിയിലാകും, ഹെർ ഫീൽഡ് മാർഷൽ…” നെക്കർ പറഞ്ഞു.
കഴിഞ്ഞ രാത്രിയിലെ സംഭവവികാസങ്ങളെ തുടർന്ന് ഹെയ്നി ബാം അങ്ങേയറ്റം ആവേശത്തിലായിരുന്നു. ട്രക്കിന്റെ മറുഭാഗത്തെ സീറ്റിൽ മുള്ളറോടും ഏതാനും യുവസൈനികരോടും സംസാരിച്ചുകൊണ്ട് ഇരിക്കുന്ന മാർട്ടിനോയെ അദ്ദേഹത്തിന് കാണാമായിരുന്നു. തലേന്ന് രാത്രിയിലെ സംഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലും ഇപ്പോൾ മിന്നി മറയുന്നുണ്ടാവുമോ…? ഒരു നിമിഷം അദ്ദേഹം ചിന്തിച്ചു. എന്തായാലും ഒരു കറതീർന്ന നാസിയുടെ റോളിൽ അദ്ദേഹം തകർക്കുന്നുണ്ട്. മറുവശത്ത് ഫീൽഡ് മാർഷലിന്റെ റോളിൽ താനും ഒട്ടും മോശമല്ലാത്ത പ്രകടനമാണല്ലോ കാഴ്ച്ച വയ്ക്കുന്നതും…
കോസ്‌വേ കടന്ന് ആ പഴയ കൊട്ടാരത്തിന് മുന്നിൽ ആ ട്രക്ക് നിന്നു. എല്ലാവരും പുറത്തിറങ്ങി. “നെപ്പോളിയന്റെ കാലത്ത് ഫ്രഞ്ചുകാരെ അകറ്റി നിർത്താൻ വേണ്ടി ഇംഗ്ലീഷുകാരാണ് ഈ കൊട്ടാരത്തിനു ചുറ്റും ആയുധ സന്നാഹങ്ങൾ ഒരുക്കിയത്…” നെക്കർ പറഞ്ഞു.
“ഇപ്പോൾ ഇംഗ്ലീഷുകാരെ അകറ്റി നിർത്താനായി കൂടുതൽ ആയുധ സന്നാഹമൊരുക്കുന്നത് നമ്മളും… എന്തൊരു വിരോധാഭാസം…” ബാം പറഞ്ഞു.
കിടങ്ങിനു മുകളിലെ പാലത്തിലൂടെ അയാൾ ഹെയ്നി ബാമിനെ കൊട്ടാരമതിൽക്കെട്ടിനുള്ളിലേക്ക് നയിച്ചു. അരികിലെത്തിയ മാർട്ടിനോ ബാമിനോട് പറഞ്ഞു. “ഹെർ ഫീൽഡ് മാർഷൽ, ഒരു വസ്തുത അറിയുമോ…? എലിസബത്ത് ട്യൂഡർ രാജ്ഞിയുടെ കാലത്ത് സർ വാൾട്ടർ റാലി ആയിരുന്നു ഇവിടുത്തെ ഗവർണ്ണർ…”
“അതെയോ…?” ബാം ചോദിച്ചു. “ഒരു അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം… സൈനികൻ, നാവികൻ, സംഗീതജ്ഞൻ, കവി, ചരിത്രകാരൻ…”
“പാശ്ചാത്യലോകത്തിന് പുകയില പരിചയപ്പെടുത്താനും അദ്ദേഹം സമയം കണ്ടെത്തി…” മാർട്ടിനോ ഓർമ്മിപ്പിച്ചു.
“ആ ഒരു കാര്യം കൊണ്ട് മാത്രം എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കേണ്ടതായിരുന്നു…” ബാം പറഞ്ഞു. “തൊള്ളായിരത്തി പതിനേഴിലെ ഇറ്റാലിയൻ പോരാട്ടം ഞാൻ ഓർമ്മിക്കുന്നു… ഭീകരമായിരുന്നു അന്നത്തെ അവസ്ഥ… സിഗരറ്റ് എന്ന വസ്തു ഉള്ളതുകൊണ്ടു മാത്രമാണ് ഞങ്ങളന്ന് ട്രെഞ്ചുകളിൽ പിടിച്ചു നിന്നത്…”
മാർട്ടിനോയുമായി തികഞ്ഞ സൗഹൃദഭാവത്തിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ട് നടന്നു. അവരുടെ അടുപ്പം കണ്ട് ആകാംക്ഷയോടെ ഹോഫറുമുണ്ടായിരുന്നു നെക്കറിനോടൊപ്പം തൊട്ടു പിന്നിൽത്തന്നെ.
ഒരു മണിക്കൂർ കൊണ്ട് അവിടെയുള്ള സകല സായുധ സന്നാഹങ്ങളും പരിശോധിച്ച് തൃപ്തിയടഞ്ഞ ബാം ആ സൈനിക ട്രക്കിനരികിൽ മടങ്ങിയെത്തി. ആ സംഘത്തെയും വഹിച്ചുകൊണ്ട് ആ വാഹനം കോസ്‌വേ കടന്ന് ബീച്ചിലൂടെ അവരുടെ കാറുകൾക്ക് സമീപത്തേക്ക് നീങ്ങി.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഇനിയെന്ത് ഏടാകൂടം ആണോ ആവോ കാത്തിരിയ്ക്കുന്നത്
ReplyDeleteനമുക്ക് കാത്തിരിക്കാം...
Deleteപരസ്പരം അകറ്റി നിർത്താൻ ആയുധ സന്നാഹം..
ReplyDeleteക്ലിംഗർ എന്ന ഭക്ഷണ പ്രിയൻ😀
ക്ലിംഗർ പെട്ടു...
Deleteഇത് വരെ വളരെ വളരെ ശെരിയാണ് ...
ReplyDeleteഎന്നാലും എന്തോ ഒരു കുഴപ്പം ഉണ്ടാവും എന്ന് മനസ്സ് പറയുന്നു..
ഉണ്ടാപ്രിയുടെ മനസ്സ് പറയുന്നത് മിക്കവാറും ശരിയാവാറുണ്ട്...
Deleteഎങ്ങനെയായാലും ഒരു നാൾ കള്ളി വെളിവാകും. അതുവരെ അങ്ങ് പോകട്ടെ.
ReplyDeleteഎല്ലാത്തവണയും ഉരുളക്കിഴങ്ങ് കൊണ്ടുക്കൊടുക്കാതെ ഇനി പോകുമ്പോൾ ഒരു ചാക്ക് കൂർക്ക കൂടി എടുത്തോളാൻ പറ 😜
കൂർക്കയാവുമ്പം പോർക്കിറച്ചിയുടെ കൂടെ ബെസ്റ്റാ...
Delete😂😂😂😂😂വിനുവേട്ടൻ 😜
Deleteശരിയല്ലേ...?
Deleteആകെ മൊത്തം നാടകീയതയാണല്ലോ.. ഈ നാടകം എവിടെച്ചെന്ന് അവസാനിക്കുമോ എന്തോ..
ReplyDeleteകർട്ടൻ എപ്പോഴെങ്കിലും വീഴുമല്ലോ...
Delete