Saturday, August 28, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 36

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


യുദ്ധകാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ധനസമാഹരണത്തിനായി ആ ഗ്രാമത്തിൽ ചെറിയ തോതിൽ ചില ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റൗണ്ട് എബൗട്ടുകളിലും മൈതാനങ്ങളിലുമൊക്കെയായി ഏതാനും സ്റ്റാളുകളും സൈഡ് ഷോകളും ഏർപ്പാടാക്കിയിട്ടുണ്ട്. ഇറുകിപ്പിടിച്ച തന്റെ പുതുവസ്ത്രത്തിന് മുകളിൽ ഒരു കോട്ട് അണിഞ്ഞ സാറ, മാർട്ടിനോയുടെ കൈയ്യിൽ തൂങ്ങി ശബ്ദായമാനമായ ആ അന്തരീക്ഷം ആസ്വദിച്ചുകൊണ്ട് ആ തിരക്കിനിടയിലൂടെ നടന്നു. 


ഒരു കൂടാരത്തിന് മുന്നിൽ 'Fortunes - Gypsy Sara' എന്ന ബോർഡ് കണ്ട മാർട്ടിനോ പൊടുന്നനെ നിന്നു. "H ഇല്ലാത്ത സാറയാണല്ലോ... ഒരു കൈ നോക്കിയാലോ...?" അദ്ദേഹം ചോദിച്ചു.


"പിന്നെന്താ, ആവാമല്ലോ..." അദ്ദേഹത്തിന്റെ നർമ്മം ആസ്വദിച്ചുകൊണ്ട് സാറ സമ്മതിച്ചു.


സ്കാർഫും ഇയർ റിങ്ങ്സും ഒക്കെയായി  തികച്ചും ജിപ്സി വംശജരുടെ വേഷഭൂഷാദികൾ അണിഞ്ഞ ഒരു വനിതയാണ് ആ കൂടാരത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഏതാണ്ട് നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന അവരുടെ മുഖം വിളറി മഞ്ഞ നിറം കലർന്നിരുന്നു. വൃത്തിയുള്ള കറുത്ത മുടി. ആപാദചൂഡം എത്തുന്ന ഒരു അയഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. 


"നിങ്ങളുടെ മാത്രം നോക്കിയാൽ മതിയോ അതോ നിങ്ങളുടെ പുരുഷന്റെയും നോക്കണോ...?" സാറയുടെ കൈയ്യിൽ കയറിപ്പിടിച്ചു കൊണ്ട് അവർ ചോദിച്ചു.


"അതിന് ഇദ്ദേഹം എന്റെ പുരുഷനല്ലല്ലോ..." സാറ നീരസം പ്രകടിപ്പിച്ചു.


"ഇദ്ദേഹം വേറെ ആർക്കും സ്വന്തമാകാൻ പോകുന്നില്ല... വേറൊരു സ്ത്രീയെ ഇനിയൊട്ട് അറിയാനും പോകുന്നില്ല..." തന്റെ മനസ്സിന് ഒരു വ്യക്തത വരുത്തുന്നത് പോലെ അവർ ഒരു ദീർഘശ്വാസമെടുത്തു. 


"ശരി, നല്ല വാർത്തകൾ എന്തൊക്കെയാണെന്ന് പറയൂ..." മാർട്ടിനോ അവരോട് പറഞ്ഞു.


ഒരു പാക്കറ്റ് ടററ്റ് കാർഡുകൾ എടുത്ത് അവർ സാറയുടെ കൈയ്യിൽ കൊടുത്തു. എന്നിട്ട് അവളുടെ കൈകൾക്ക് മുകളിൽ സ്വന്തം കൈ വച്ച് പലവട്ടം ആ ചീട്ടുകൾ കശക്കി അവയിൽ നിന്നും മൂന്നെണ്ണം വലിച്ചെടുത്തു.


ടററ്റ് കാർഡുകളുടെ ഭാഷയിൽ 'ഫോർട്ടിറ്റ്യൂഡ്' എന്ന് വിളിക്കുന്ന, സിംഹത്തിന്റെ വായ് വലിച്ചു തുറക്കുന്ന ഒരു ചെറുപ്പക്കാരിയുടെ ചിത്രമായിരുന്നു ആദ്യത്തെ ചീട്ടിൽ.  "റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ സുപ്രധാനമായ ഒരു പദ്ധതി നടപ്പിലാക്കാനുള്ള അവസരം കാണുന്നുണ്ട്..." ആ ജിപ്സി വനിത പറഞ്ഞു.


പിന്നീട് എടുത്ത ചീട്ട് 'സ്റ്റാർ' ആയിരുന്നു. ജലാശയത്തിനഅരികിൽ മുട്ടുകുത്തി നിൽക്കുന്ന പൂർണ്ണനഗ്നയായ ഒരു പെൺകുട്ടിയുടെ ചിത്രം. അവളുടെ തലയ്ക്ക് മുകളിലായി ഒരു നക്ഷത്രം. "അഗ്നിയും ജലവും ഒരേ സമയം കൂടിക്കലർന്നിരിക്കുന്നതായിട്ടാണ് ഞാൻ കാണുന്നത്... പരസ്പര വിരുദ്ധമാണെങ്കിലും സുരക്ഷിതമായിത്തന്നെ നിങ്ങൾ ഇവയിലൂടെ കടന്നു പോയിരിക്കും..."


സാറ, മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "കഴിഞ്ഞ മാസം ക്രോംവെൽ ഹോസ്പിറ്റലിൽ വച്ച് എനിക്ക് അനുഭവമുള്ളതാണ്... നേഴ്സസ് ക്വാർട്ടേഴ്സിന് മേൽ പതിച്ച ബോംബുകളും പിന്നെ തീപിടുത്തവും ഫയർ ഹോസിൽ നിന്നും എമ്പാടും ചീറ്റിയ വെള്ളവും എല്ലാം..."


മൂന്നാമത്തെ ചീട്ട് 'ഹാങ്ങ്ഡ് മാൻ' ആയിരുന്നു. "എത്ര കാലം ആ മരത്തിൽ തൂങ്ങിക്കിടന്നാലും  അവന് മാറാനാവില്ല..." അവർ പറഞ്ഞു. "തന്റെ പ്രതിബിംബത്തെ മാറ്റുവാനാവില്ല അവന്... എത്ര തന്നെ അവൻ അതിനെ ഭയപ്പെട്ടാലും... തനിയേ ഉള്ള പ്രയാണം... അതാണ് നിങ്ങളുടെ വിധി... ദൗർഭാഗ്യവും കഷ്ടകാലവുമാണ് എന്നും‌ നിങ്ങളുടെ കരുത്ത്... അന്വേഷിച്ച് പോകാതിരുന്നാൽ സ്നേഹം നിങ്ങളെ തേടിയെത്തുന്നത് കാണാം... അതാണ്‌ നിങ്ങൾ പഠിച്ചിരിക്കേണ്ട പാഠം..."


"ഇനി നിങ്ങളുടെ ഭാവി..." മാർട്ടിനോയെ നോക്കി സാറ പറഞ്ഞു. 


"ഇദ്ദേഹത്തോട് പറയാനായി ഇദ്ദേഹത്തിന് അറിയാത്തതായി ഒന്നും തന്നെയില്ല എന്റെ പക്കൽ..." ചീട്ടുകളെല്ലാം അടുക്കി വച്ചുകൊണ്ട് ആ ജിപ്സി വനിത പറഞ്ഞു.


"സത്യം..." ഒരു പൗണ്ടിന്റെ നോട്ട് മേശപ്പുറത്ത് വച്ചിട്ട് മാർട്ടിനോ എഴുന്നേറ്റു. "വാ, പോകാം നമുക്ക്..."


"നിങ്ങൾ ദ്വേഷ്യത്തിലാണോ...?" ആ തിരക്കിനിടയിലൂടെ പബ്ബ് ലക്ഷ്യമാക്കി നടക്കവെ അവൾ ചോദിച്ചു.


"ഞാനെന്തിന് ദ്വേഷ്യപ്പെടണം...?"


"അതെല്ലാം ഒരു തമാശയായി കണ്ടാൽ മതി... ഒന്നും കാര്യമാക്കണ്ടെന്നേ..."


"അല്ലെങ്കിൽ ഞാനെല്ലാം കാര്യമായിട്ടാണല്ലോ എടുക്കുന്നത്..." 


ബാറിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും നെരിപ്പോടിനരികിലായി ഏതാനും സീറ്റുകൾ അവർ തരപ്പെടുത്തി. അവൾക്ക് ഒരു ബിയറും തനിക്ക് ഒരു സ്കോച്ചും ഓർഡർ ചെയ്തിട്ട് അദ്ദേഹം ചോദിച്ചു. "വെൽ, കേട്ടിടത്തോളം ഈ ദൗത്യത്തെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം...?"


"ക്രോംവെൽ ഹോസ്പിറ്റലിലെ വാർഡുകളിൽ ജോലിയെടുക്കുന്നതിനേക്കാൾ രസകരമായിരിക്കുമെന്ന് തോന്നുന്നു..."


"സാഹചര്യം ഇതല്ലായിരുന്നുവെങ്കിൽ നിന്നെ ആറാഴ്ച്ചത്തെ ട്രെയിനിങ്ങിന് അയക്കുമായിരുന്നു...." മാർട്ടിനോ പറഞ്ഞു. "സ്കോട്ടിഷ് മലനിരകളിലെ കഠിന പരിശീലനം... പിന്നെ ആയുധങ്ങൾ ഏതുമില്ലാതെയുള്ള പോരാട്ടങ്ങൾ... വെറും കൈ കൊണ്ട് ശത്രുവിനെ കൊല്ലുവാൻ പന്ത്രണ്ട് തരത്തിലുള്ള വിദ്യകൾ..."


"അത് ഭീകരമായിരിക്കുമല്ലോ..."


"പക്ഷേ, നൂറ് ശതമാനവും ഫലപ്രാപ്തിയുള്ളത്... ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഏജന്റിനെ ഓർമ്മ വരുന്നു... ഒരു ജേർണലിസ്റ്റായ അയാൾ ദൗത്യങ്ങൾ ഇല്ലാത്ത നാളുകളിൽ പബ്ബിൽ പോലും പോകില്ലായിരുന്നു... ആരെങ്കിലുമായി വല്ല തർക്കമോ മറ്റോ ഉണ്ടായാൽ കൈപ്പിഴ എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന ഭയമായിരുന്നു അയാൾക്ക്..."


"നിങ്ങൾക്കും അതൊക്കെ അറിയാമോ...?" അവൾ ചോദിച്ചു.


"ആർക്ക് വേണമെങ്കിലും പഠിച്ചെടുക്കാവുന്നതേയുള്ളൂ... നമ്മുടെ തലച്ചോറ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം..."


കാക്കി യൂണിഫോമണിഞ്ഞ മൂന്ന് സൈനികർ ബാറിൽ ഇരിക്കുന്നുണ്ടായിരുന്നു. മദ്ധ്യവയസ്കനായ ഒരു സെർജന്റും ചെറുപ്പക്കാരായ രണ്ട് പ്രൈവറ്റുകളും. അവർ ഇരുവരും മാർട്ടിനോയെ നോക്കി പരസ്പരം എന്തൊക്കെയോ പറഞ്ഞ് തലതല്ലി ചിരിക്കുന്നുണ്ടായിരുന്നു. ഗ്ലാസ് വീണ്ടും നിറച്ച് കൗണ്ടറിൽ നിന്നും തിരിഞ്ഞ മാർട്ടിനോയുടെ കൈയ്യിൽ അവരിലൊരുവൻ കരുതിക്കൂട്ടി യാദൃച്ഛികമെന്നോണം തട്ടി. അദ്ദേഹത്തിന്റെ ഗ്ലാസ്സിൽ നിന്നും അല്പം സ്കോച്ച് പുറത്തേക്ക് തുളുമ്പി.


"കുറച്ചു കൂടി ശ്രദ്ധ വേണം സുഹൃത്തേ..." പരിഹാസ സ്വരത്തിൽ അയാൾ മാർട്ടിനോയോട് പറഞ്ഞു.


"അങ്ങനെ തോന്നിയെങ്കിൽ ഞാനെന്ത് പറയാൻ..." മാർട്ടിനോ ചിരിച്ചു. അതു കണ്ട സെർജന്റ് ആ ചെറുപ്പക്കാരന്റെ കൈയ്യിൽ തോണ്ടി എന്തോ മന്ത്രിച്ചു.


തിരികെ വന്ന് ഇരുന്നതും സാറ ചോദിച്ചു. "നിങ്ങൾക്ക് സിഗ്‌മണ്ട് ഫ്രോയ്ഡിനെ പരിചയമുണ്ടെന്ന് ജാക്ക് കാർട്ടർ പറഞ്ഞല്ലോ..."


1939ൽ മരണമടയുന്നതിന് മുമ്പ് ലണ്ടനിൽ വച്ചാണ് അദ്ദേഹത്തെ അവസാനമായി ഞാൻ സന്ധിച്ചത്..."


"അദ്ദേഹത്തിന്റെ സൈക്കോ അനാലിസിസ് തിയറിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ...?"


"എല്ലാം ലൈംഗികതയിലേക്കാണ് എത്തിച്ചേരുന്നത് എന്ന നിഗമനമാണോ.. .? ദൈവത്തിനറിയാം... സ്വന്തം കാര്യത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് ഈ കാഴ്ച്ചപ്പാടുമായി അദ്ദേഹത്തിന് നേരിടേണ്ടി വന്നത്... കാൾ യുങ്ങിനോടൊപ്പം അമേരിക്കയിൽ ഒരു ലെക്ച്ചർ പ്രോഗ്രാമിന് പോയപ്പോൾ ഒരു ദിവസം അദ്ദേഹം യുങ്ങിനോട് പറയുകയുണ്ടായി, തന്റെ സ്വപ്നങ്ങളിൽ സ്ഥിരമായി വേശ്യകൾ എത്തുന്നു എന്ന്... അത് കേട്ട യുങ്ങ് ചോദിച്ചത്, എങ്കിൽ പിന്നെ ഒരു ദിവസം അവരുടെ അടുത്ത് പൊയ്ക്കൂടേ എന്നാണ്... ഫ്രോയ്ഡ് ഞെട്ടിപ്പോയി... 'പക്ഷേ, ഞാൻ ഒരു വിവാഹിതൻ അല്ലേ' എന്നാണ്‌ അദ്ദേഹം ചോദിച്ചത്..."


"അത് കലക്കി..." അവൾ പൊട്ടിച്ചിരിച്ചു.


"പ്രശസ്ത ചിന്തകരെക്കുറിച്ച് പറയുകയാണെങ്കിൽ, ബെർട്രന്റ് റസ്സലുമായി അടുത്ത പരിചയമുണ്ടായിരുന്നു എനിക്ക്... സ്ത്രീകളോട് അദമ്യമായ താല്പര്യമായിരുന്നു അദ്ദേഹത്തിന്... കിടക്ക പങ്കിടുന്നത് വരെ ഒരു സ്ത്രീയെയും ഒരിക്കലും ശരിയായി മനസ്സിലാക്കാനാവില്ല എന്ന സ്വന്തം തിയറി വച്ചാണ്‌ അദ്ദേഹം അതിനെ ന്യായീകരിച്ചിരുന്നത്..."


"അത് അത്ര ഫിലോസഫിക്കൽ ആയി എനിക്ക് തോന്നുന്നില്ല..." അവൾ പറഞ്ഞു. "മറിച്ച് നേർ വിപരീതമാണ് സത്യാവസ്ഥ..."


അവൾ എഴുന്നേറ്റു. "ഒരു മിനിറ്റ്... ഞാൻ ഇപ്പോൾ വരാം..."


അവൾ ക്ലോക്ക്റൂമിന് നേർക്ക് നടന്നു. അത് ശ്രദ്ധിച്ച ആ മൂന്ന് സൈനികരും മാർട്ടിനോയെ ഒന്ന് നോക്കിയിട്ട് എന്തോ പറഞ്ഞ് ഉറക്കെ ചിരിച്ചു. അവൾ തിരിച്ചു വരവെ, നേരത്തെ മാർട്ടിനോയുടെ കൈയ്യിൽ തട്ടിയ ആ സൈനികൻ അവളുടെ കൈയ്യിൽ കയറിപ്പിടിച്ചു. അവൾ കുതറി മാറാൻ ശ്രമിക്കവെ മാർട്ടിനോ ചാടിയെഴുന്നേറ്റ് ആ ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ട് കുതിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, August 20, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 35

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗാലഗറിന്റെ കോട്ടേജിലെ ഫോൺ റിങ്ങ് ചെയ്യുമ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. കിച്ചണിലെ ടേബിളിനരികിൽ ഫാമിലെ കണക്കുകൾ പരിശോധിച്ചു കൊണ്ടിരുന്ന അദ്ദേഹം പെട്ടെന്ന് തന്നെ റിസീവർ എടുത്തു.


"സവരി ഹിയർ, ജനറൽ... എന്നെ ഏൽപ്പിച്ച വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ്..."


"പറയൂ..." ഗാലഗർ പറഞ്ഞു.


"ഗ്രാൻവിലായിലുള്ള എന്റെ പരിചയക്കാരൻ അവരുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടിരുന്നു... വേണ്ട നിർദ്ദേശങ്ങളുമായി ആരെങ്കിലും ഒരാൾ വ്യാഴാഴ്ച്ചയ്ക്കകം താങ്കളുടെ അടുത്ത് എത്തിച്ചേരുമെന്നാണ് അയാൾ പറയുന്നത്..."


"ഉറപ്പാണോ നിങ്ങൾക്ക്...?"


"നൂറ് ശതമാനം..."


ഫോൺ നിശ്ചലമായി. സവരി പറഞ്ഞ കാര്യത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ട് അല്പനേരം അദ്ദേഹം ഇരുന്നു. പിന്നെ എഴുന്നേറ്റ് തന്റെ പഴയ കോർഡുറോയ് ജാക്കറ്റ് എടുത്തണിഞ്ഞ് ഡു വിലാ പ്ലേസിന് നേർക്ക് നടന്നു. ഹെലൻ കിച്ചണിൽത്തന്നെ ഉണ്ടായിരുന്നു. മിസ്സിസ് വൈബർട്ടിന്റെ സഹായത്തോടെ രാത്രി ഭക്ഷണം തയ്യാറാക്കുകയിരുന്നു അവർ. ആ തെരുവിന്റെ അപ്പുറം മറ്റൊരു ഫാം കോട്ടേജിൽ അനന്തരവളോടും അവളുടെ മകളോടുമൊപ്പമാണ്‌ മിസ്സിസ് വൈബർട്ട് താമസിച്ചിരുന്നത്. അറുപത്തിയഞ്ച് വയസ്സ് പ്രായമുള്ള, നല്ലൊരു മനസ്സിനുടമയായ അവർ തന്റെ ജീവിതം ഹെലന് വേണ്ടി ഉഴിഞ്ഞു വച്ചിരിക്കുകയാണെന്ന് തോന്നും.


കൈകൾ തുടച്ചിട്ട് അവർ കതകിന് പിന്നിൽ കൊളുത്തിയിട്ടിരുന്ന കോട്ട് എടുത്തു. "ഇത്രയുമേ ഉള്ളുവെങ്കിൽ ഞാൻ ഇറങ്ങട്ടെ മിസ്സിസ് ഡു വിലാ...?"


"ശരി, നാളെ കാണാം നമുക്ക്..." ഹെലൻ പറഞ്ഞു.


"അവർക്ക് സംശയമൊന്നും ഇല്ലല്ലോ അല്ലേ...?" വാതിൽ അടഞ്ഞതും ഗാലഗർ ചോദിച്ചു.


"ഏയ്, ഇല്ല... അങ്ങനെ തന്നെയിരിക്കട്ടെ... അവരുടെ സുരക്ഷിതത്വത്തിന് ഒന്നും അറിയാതിരിക്കുന്നത് തന്നെയാണ് നല്ലതും..."


"സവരി ഇപ്പോൾ വിളിച്ചിരുന്നു... ആ ഫ്രഞ്ച് പ്രതിരോധ പ്രവർത്തകർ ലണ്ടനുമായി ബന്ധപ്പെട്ടുവത്രെ... വ്യാഴാഴ്ച്ചയോടെ ആരെങ്കിലും നമ്മുടെയടുത്ത് എത്തുമെന്ന്..."


അവൾ പെട്ടെന്ന് തിരിഞ്ഞു. "ഉറപ്പാണോ...?"


"കേട്ടിടത്തോളം ഉറപ്പിക്കാമെന്ന് തോന്നുന്നു... ആട്ടെ, കേണലിന് എങ്ങനെയുണ്ടിപ്പോൾ...?"


"ചെറിയ പനിയുണ്ട്... ഇന്നുച്ചയ്ക്ക് ജോർജ്ജ് വന്ന് കണ്ടിരുന്നു... അദ്ദേഹം തൃപ്തനാണ്... ആ പെനിസിലിൻ എന്ന മരുന്ന് കൊടുത്ത് നിരീക്ഷണത്തിലാണ്..."


"സവരി നേരത്തെ തന്നെ തിരിച്ചെത്തിയതാണ്‌ അത്ഭുതം... ഇന്ന് വൈകിട്ടേ അവിടെ നിന്ന് പുറപ്പെടൂ എന്നാണ് ഞാൻ കരുതിയിരുന്നത്..."


"മൂടൽമഞ്ഞ് ഒരു മറയായി അവർ പ്രയോജനപ്പെടുത്തിക്കാണും... ജർമ്മൻ ഓഫീസർമാരിലധികവും കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് തിരിച്ചെത്തിയിട്ടുണ്ട്..."


"അധികം പേരുമോ...?" ഗാലഗർ ചോദിച്ചു.


"രണ്ടു പേർ കൊല്ലപ്പെട്ടു... ബോഹ്‌ലെനും വെൻഡലും... രണ്ടു കപ്പലുകൾക്ക് നേരെ ഹരിക്കെയ്ന്റെ ആക്രമണം ഉണ്ടായത്രെ..."


ആ നിമിഷമാണ് ഡൈനിങ്ങ് റൂമിലേക്കുള്ള വാതിൽ തുറന്ന് ഗ്വിഡോ ഓർസിനി അങ്ങോട്ട് പ്രവേശിച്ചത്. കുളി കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ എന്നത് മുടിയിലെ നനവിൽ നിന്നും മനസ്സിലാക്കാം. ഭംഗിയുള്ള യൂണിഫോമിൽ തികച്ചും ആകർഷകത്വം തോന്നുന്ന രൂപം. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന മിലിട്ടറി വാലർ എന്ന ഇറ്റാലിയൻ സ്വർണ്ണമെഡൽ യൂണിഫോമിൽ അണിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് വിക്ടോറിയ ക്രോസ് മെഡലിന് സമാനമാണത്. നെഞ്ചിന്റെ ഇടതു ഭാഗത്ത് അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് മെഡലും അണിഞ്ഞിരിക്കുന്നു.


"ജീവനോടെയുണ്ടല്ലേ...? കപ്പലിന് നേരെ ആക്രമണമുണ്ടായെന്ന് കേട്ടു...?" ഗാലഗർ ചോദിച്ചു.


"രക്ഷപെട്ടത് ഭാഗ്യം..." ഗ്വിഡോ പറഞ്ഞു. "ഏതാനും നാവികരെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് എല്ലാവരും..." അയാൾ കൊണ്ടുവന്ന ബാഗ് മേശപ്പുറത്ത് വച്ചു. "ഗ്രാൻവിലായിൽ നിന്നും ഒരു ഡസൻ ബോട്ട്‌ൽ സാൻസിയർ കിട്ടി..."


"യൂ ആർ എ ഗുഡ് ബോയ്..." ഹെലൻ പറഞ്ഞു.


"എന്ന് തന്നെയാണ് എന്റെയും വിശ്വാസം... കണ്ടിട്ട് എങ്ങനെയുണ്ട്...? ഈ രാത്രിയിൽ ഞാനും ഒരു സുന്ദരനാണെന്ന് തോന്നുന്നില്ലേ...?"


"തീർച്ചയായും..." അവൾ പറഞ്ഞു. അവൻ തന്നെ കളിയാക്കുകയാണെന്ന് അവൾക്കറിയാമായിരുന്നു. "അല്പം വഴി തരൂ, എല്ലാവർക്കും ഉള്ള ഭക്ഷണം എടുത്തു വയ്ക്കാൻ നോക്കട്ടെ..."


ഗ്വിഡോ ഡൈനിങ്ങ് റൂമിന് നേർക്ക് നീങ്ങിയിട്ട് ഗാലഗറിനോട് പറഞ്ഞു. "ഷോൺ, ഇങ്ങ് വരൂ, ഒരു കാര്യം കാണിച്ചു തരാം..."


ഓക്ക് പലക കൊണ്ട് പാനലിങ്ങ് ചെയ്ത് മനോഹരമാക്കിയിരിക്കുന്ന ആ ഡൈനിങ്ങ് ഹാളിന് നടുവിലായി ഇട്ടിരിക്കുന്ന ടേബിളിൽ ചുരുങ്ങിയത് ഇരുപത്തിയഞ്ച് പേർക്കെങ്കിലും ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ വെറും എട്ട് നേവൽ ഓഫീസർമാർ മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. പലരും ഇടവിട്ടുള്ള കസേരകളിലാണ്‌ ഇരിക്കുന്നത്. ആളില്ലാത്ത കസേരകളുടെ മുന്നിൽ മേശപ്പുറത്ത് പ്ലേറ്റുകളിൽ മെഴുകുതിരികൾ കത്തിച്ചു വച്ചിരിക്കുന്നു. അത്തരത്തിൽ ആറ് മെഴുകുതിരികൾ ഉണ്ടായിരുന്നു അവിടെ. അന്ന് നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നാവികരെ പ്രതിനിധീകരിച്ചായിരുന്നു അവ. ആ മെസ്സിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ എത്തിയിരുന്നവർ. മൊത്തത്തിൽ ഒരു ശവസംസ്കാര ചടങ്ങിന്റെ പ്രതീതി.


"എല്ലാം കൂടി ഒരു ഷേക്സ്പീരിയൻ ട്രാജഡി ആക്കിത്തീർക്കാനാണ് ഇവരുടെ ഭാവമെന്ന് തോന്നുന്നു..." ഗ്വിഡോ ഓർസിനി പറഞ്ഞു. "സത്യം പറയാമല്ലോ, എനിക്ക് ബോറടിക്കുന്നു... ഹെലന്റെ പാചകം അല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ വരികയേ ഇല്ലായിരുന്നു... കഴിഞ്ഞ ദിവസം രാത്രിയിൽ സെന്റ് ഓബിൻസ് ബേയിൽ‌ നല്ലൊരു ബ്ലാക്ക് മാർക്കറ്റ് റെസ്റ്ററന്റ് ഞാൻ കണ്ടു പിടിച്ചു. കൂപ്പൺ ഒന്നും ഇല്ലാതെ തന്നെ ഗംഭീര ഭക്ഷണം..."


"അത് കൊള്ളാമല്ലോ... അതിന്റെ വിശദവിവരങ്ങൾ പറയൂ..." ഗാലഗർ പറഞ്ഞു. 



                    ‌‌           ***


തന്റെ രണ്ട് സഹായികൾക്കൊപ്പം സാറയെ ഒരുക്കിക്കൊണ്ടിരിക്കവെ ഇടതടവില്ലാതെ സംസാരിക്കുകയായിരുന്നു മിസ്സിസ് മൂൺ. "ഞാൻ ജോലി ചെയ്യാത്ത സ്ഥലമില്ല... ഡെൻഹാം, എൽസ്ട്രീ, പൈൻവുഡ്... മിസ് മാർഗരറ്റ് ലോക്‌വുഡിന്റെയും മിസ്റ്റർ ജയിംസ് മേസന്റെയും മെയ്ക്കപ്പ് ഞാനാണ്‌ ചെയ്ത്‌ കൊടുത്തിരുന്നത്... ഓ, അത് മാത്രമല്ല, മിസ്റ്റർ കോവാർഡിന്റെയും... തികച്ചും മാന്യനായൊരു മനുഷ്യൻ..."


ഡ്രയറിന് കീഴിൽ നിന്ന് മുടിയുണക്കി പുറത്തു വന്ന സാറയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കറുത്ത് ഇരുണ്ടിരുന്ന തന്റെ മുടി ഗോൾഡൻ ബ്ലോണ്ട് നിറത്തിൽ ആയിരിക്കുന്നു. ഹീറ്റർ ഉപയോഗിച്ച് രൂപമാറ്റം‌ നടത്തുക കൂടി ചെയ്തിട്ടുണ്ട്. ഇപ്പോൾ അവൾക്ക് മെയ്ക്കപ്പ് ഇട്ടു കൊണ്ടിരിക്കുകയാണ് മിസ്സിസ് മൂൺ. രോമങ്ങൾ പിഴുതെടുത്ത് പുരികത്തിന്റെ വീതി കുറയ്ക്കവെ അവൾക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. 


"കവിളിൽ ധാരാളം റോസ് പൗഡർ വേണം മൈ ഡിയർ... ആവശ്യത്തിലും അല്പം അധികം... ഞാൻ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലാവുന്നുണ്ടോ...? അതുപോലെ തന്നെ ലിപ്സ്റ്റിക്കിന്റെ കാര്യവും... എല്ലാം അല്പം അധികം... അതാണ് നമുക്ക് വേണ്ടത്... ഇപ്പോൾ എങ്ങനെയുണ്ടെന്ന് നോക്കൂ..."


സാറ മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി. തികച്ചും അപരിചിതമായ രൂപം. ആരാണ് ഞാൻ...? അവൾ ചിന്തിച്ചു. സാറാ ഡ്രെയ്ട്ടൻ ഈ ഭൂമിയിൽ എന്നെങ്കിലും ജീവിച്ചിരുന്നോ...? 


ഇനി നമ്മൾ പരീക്ഷിക്കാൻ പോകുന്നത് പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളാണ്... അങ്ങോട്ട് പോകുന്ന സമയത്ത് ധരിക്കേണ്ട അടിവസ്ത്രങ്ങളടക്കം എല്ലാം ഫ്രഞ്ച് നിർമ്മിതമായിരിക്കണം... പക്ഷേ, തൽക്കാലം പുറമേ കാണുന്ന വസ്ത്രങ്ങൾ മാത്രമേ മാറ്റുന്നുള്ളൂ... എങ്ങനെയിരിക്കും എന്നറിയാൻ വേണ്ടി മാത്രം..."


ഇറക്കം കുറഞ്ഞ, ഇറുകിപ്പിടിച്ച കറുത്ത സാറ്റിൻ തുണിയിലുള്ള വസ്ത്രമായിരുന്നു അത്. അത് ധരിക്കുവാൻ മിസ്സിസ് മൂൺ അവളെ സഹായിച്ചു. പിന്നിലുള്ള സിബ്ബ് മുകളിലേക്ക് വലിച്ചിട്ടിട്ട് അവർ പറഞ്ഞു. "ഈ വേഷത്തിൽ നിങ്ങളുടെ മാറിടം നന്നായി എടുത്തു കാണിക്കുന്നുണ്ട് ഡിയർ... അതിമനോഹരമായിരിക്കുന്നു..."


"അതൊന്നും എനിക്കറിയില്ല... ശ്വാസം മുട്ടുന്നു എനിക്ക്..." ഒരു ജോഡി ഹൈഹീൽഡ് ഷൂസിനുള്ളിലേക്ക് കയറിയിട്ട് അവൾ കണ്ണാടിയിൽ നോക്കി. അമർത്തി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. "ഇപ്പോൾ എന്നെ കണ്ടാൽ ലക്ഷണമൊത്ത ഒരു വേശ്യയെപ്പോലുണ്ട്..."


"വെൽ, അത് തന്നെയാണ്‌ ഈ വേഷത്തി‌ന്റെ ഉദ്ദേശ്യവും... ഇനി ചെല്ലൂ, ബ്രിഗേഡിയർ എന്ത് പറയുന്നു എന്ന് നോക്കാം..."


നെരിപ്പോടിനരികിൽ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു മൺറോയും കാർട്ടറും. "എന്റെ പേരെന്താണെന്ന് ആരും പറഞ്ഞു തന്നില്ല..." സാറ പറഞ്ഞു.


"ആൻ മാരി ലത്വാ..." അത് പറഞ്ഞു‌ കഴിഞ്ഞിട്ടാണ് കാർട്ടർ മുഖമുയർത്തിയത്. "ഗുഡ് ഗോഡ്...!" അദ്ദേഹം അമ്പരന്നു പോയി.


എന്നാൽ മൺറോ നല്ല രീതിയിലാണ്‌ ആ വേഷത്തെ വിലയിരുത്തിയത്. "ഐ ലൈക്ക് ഇറ്റ്... ലൈക്ക് ഇറ്റ് വെരി മച്ച് ഇൻഡീഡ്..." അത് കേട്ട സാറ ഒരു നർത്തകിയെപ്പോലെ ഒറ്റക്കാലിൽ ഒന്ന് വട്ടം തിരിഞ്ഞു. "സെന്റ് ഹെലിയറിലെ ജർമ്മൻ ഓഫീസേഴ്സ് ക്ലബ്ബിൽ നിനക്ക് വേണ്ടി ആരാധകർ തമ്മിലടിക്കും..." മൺറോ പറഞ്ഞു.


"ലണ്ടനിലെ ആർമി & നേവി ക്ലബ്ബിൽ എന്താ മോശമായിരിക്കുമോ...?" കാർട്ടറും വിട്ടു കൊടുത്തില്ല.


വാതിൽ തുറന്ന് മാർട്ടിനോ പ്രവേശിച്ചു. കൈകൾ രണ്ടും ഇടുപ്പിൽ കുത്തി അദ്ദേഹത്തെ ഒന്ന് പ്രകോപിപ്പിക്കാനെന്ന വണ്ണം അവൾ തിരിഞ്ഞു. "എങ്ങനെയുണ്ട്...?"


"എന്ത് എങ്ങനെയുണ്ടെന്ന്...?"


"ഓ, ഡാംൻ യൂ..." അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ കുറുമ്പോടെ തറയിൽ അമർത്തി ചവിട്ടി. "നിങ്ങളെപ്പോലെ ദ്വേഷ്യം പിടിപ്പിക്കുന്ന ഒരു മനുഷ്യനെ ആദ്യമായിട്ടാണ്‌ ഞാൻ കാണുന്നത്... ഇവിടെ അടുത്ത് എവിടെയെങ്കിലും‌ പബ്ബ് ഉണ്ടോ...?"


"ഉണ്ട്..."


"എന്നെ കൂട്ടിക്കൊണ്ടു പോകാമോ, ഒരു ഡ്രിങ്കിനായി...?"


"അതുവരെ എത്തിയോ കാര്യങ്ങൾ...?"


"എന്താ, എന്നെ കണ്ടാൽ അതിന് തോന്നില്ലെന്നുണ്ടോ...?"


"സത്യം പറഞ്ഞാൽ മിസ്സിസ് മൂണിന്റെ പരിശ്രമങ്ങൾക്കും മേലെയാണ് നിന്റെ രൂപം... വേണമെന്ന് വിചാരിച്ചാൽ പോലും ഒരു കോൾഗേൾ ആകാൻ നിനക്ക് കഴിയില്ല കുട്ടീ... ശരി, ഒരു പതിനഞ്ച് മിനിറ്റ്... ഞാൻ ഹാളിലുണ്ടാവും..." അദ്ദേഹം തിരിഞ്ഞ് പുറത്തേക്ക് നടന്നു.



(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, August 14, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 34

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


സാറ ലൈബ്രറിയിൽ എത്തുമ്പോൾ മൺറോയും‌ കാർട്ടറും മാർട്ടിനോയും ചായ രുചിച്ചു കൊണ്ട് നെരിപ്പോടിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു. "ആഹാ, എത്തിയല്ലോ..." മൺറോ പറഞ്ഞു. "വരൂ, കൂടിക്കോളൂ... ഈ ബ്രെഡ് നല്ല ടേസ്റ്റുണ്ട്..."


കാർട്ടർ അവളുടെ കപ്പിലേക്ക് ചായ പകർന്നു കൊടുത്തു. 


"ഞാൻ എന്തോ ഓഫീസർ ആണെന്നോ ആകുമെന്നോ ഒക്കെ സെർജന്റ് കെല്ലി പറയുന്നത് കേട്ടല്ലോ... എന്താണ് സംഭവം...?" അവൾ ആരാഞ്ഞു.


"ശരിയാണ്... ദൗത്യസംഘത്തിന്റെ ഭാഗമായ വനിതകൾ ഏതെങ്കിലും തരത്തിലുള്ള ഒരു കമ്മീഷൻഡ് റാങ്ക് അലങ്കരിക്കുന്നതിനോടാണ് ഞങ്ങൾക്ക് താല്പര്യം... ശത്രുക്കളുടെ പിടിയിൽ എങ്ങാനും അകപ്പെടുകയാണെങ്കിൽ അത് ഗുണം ചെയ്യുമെന്നാണ്‌ തത്വം..." മൺറോ പറഞ്ഞു.


"പക്ഷേ, സത്യം പറയാമല്ലോ... അത് ഒരു ഗുണവും ചെയ്യാൻ പോകുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം..." മാർട്ടിനോ പറഞ്ഞു.


"ഗുണമുണ്ടായാലും ഇല്ലെങ്കിലും WAAF ലെ ഒരു ഫ്ലൈറ്റ് ഓഫീസറാണ്‌ നിങ്ങളിപ്പോൾ..." മൺറോ അവളോട് പറഞ്ഞു. "തൽക്കാലത്തേക്ക് മറ്റൊന്നും ആലോചിക്കേണ്ട... നൗ, ലെറ്റ്സ് ലുക്ക് അറ്റ് ദ് മാപ്പ്..."


അവർ എഴുന്നേറ്റ് മാപ്പ് ടേബിളിനരികിലേക്ക് നീങ്ങി. സൗത്ത് ഇംഗ്ലണ്ടിന്റെയും ചാനലിന്റെയും കൂടാതെ ചാനൽ ഐലന്റ്സിന്റെയും നോർമൻഡിയുടെയും ബ്രിറ്റനിയുടെയും ലാർജ് സ്കെയിൽ മാപ്പുകൾ ആ മേശപ്പുറത്ത് നിവർത്തിയിട്ടുണ്ടായിരുന്നു.


"നമ്മുടെ വീരശൂര പരാക്രമികളായ സീക്രട്ട് ഏജന്റുമാർ നായകന്മാരായി കുറേ ഫിലിംസ്  ഇറങ്ങിയിട്ടുണ്ടല്ലോ... അതിലെല്ലാം അവരെ പാരച്യൂട്ടിലാണ്‌ ഫ്രാൻസിൽ ഡ്രോപ്പ് ചെയ്യുന്നത്... എന്നാൽ ഞങ്ങളാകട്ടെ, കഴിയുന്നതും വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനാണ് താല്പര്യപ്പെടുന്നത്..."


"ഐ സീ..." അവൾ പറഞ്ഞു.


"ലൈസാൻഡർ ആണ് അതിനായി ഞങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്നത്... ഈയിടെയായി പൈലറ്റുമാരെ അവരുടെ ഇഷ്ടത്തിന് വിടുകയാണ് ഞങ്ങൾ... അങ്ങനെയാകുമ്പോൾ മൂന്ന് പാസഞ്ചേഴ്സിനെ വരെ കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്... ഹോൺലി ഫീൽഡിലുള്ള സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രൺ ആണ്‌ അത് ഓപ്പറേറ്റ് ചെയ്യുന്നത്... ഇവിടെ അടുത്താണ്..."


"എത്ര സമയമാണ് ഫ്രാൻസിലേക്കുള്ള ഫ്ലൈറ്റ് യാത്ര...?"


"ഏറിയാൽ ഒന്നര മണിക്കൂർ... കാലാവസ്ഥ അനുകൂലമാണെങ്കിൽ അത്രയും വേണ്ടി വരികയുമില്ല... ഗ്രാൻവിലായിൽ നിന്ന് അത്ര ദൂരെയൊന്നുമായിരിക്കില്ല നിങ്ങൾ ലാന്റ് ചെയ്യുന്നത്... ഇറങ്ങിയതിന് ശേഷം നിങ്ങളുടെ കാര്യങ്ങൾ നോക്കാനായി ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ ആൾക്കാർ ഉണ്ടാകും... പുലർച്ചെയുള്ള യാത്ര ആയിരിക്കും ഉത്തമം... നാല് അല്ലെങ്കിൽ അഞ്ചു മണിയോടെ..."


"പിന്നെയുള്ള കാര്യങ്ങൾ എങ്ങനെയാണ്...?"


"അന്ന് വൈകിട്ട് തന്നെ നിങ്ങൾ ഗ്രാൻവിലായിൽ നിന്നും ജെഴ്സിയിലേക്കുള്ള കപ്പൽ പിടിക്കുന്നു... ഈയിടെയായി കോൺവോയ്കൾ അധികവും രാത്രി കാലങ്ങളിലാണ്‌ പോകുന്നത്..." അദ്ദേഹം മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "സ്വാഭാവികമായും ഈ കടൽയാത്ര സ്റ്റാൻഡർടെൻ ഫ്യൂറർ മാക്സ് ഫോഗലിന്‌ ഒരു കടമ്പ തന്നെയായിരിക്കും... എങ്കിലും നിങ്ങളുടെ സൈനിക റാങ്കും രേഖകളും അധികാര പത്രവും എല്ലാം കാണുന്നതോടെ ആരും എതിർപ്പ് പ്രകടിപ്പിക്കില്ല എന്ന് തന്നെ കരുതാം..."


മാർട്ടിനോ തല കുലുക്കി. "അഥവാ ആരെങ്കിലും പ്രശ്നമുണ്ടാക്കുകയാണെങ്കിൽ വീ വിൽ ബീ ഇൻ ട്രബിൾ..."


"പിന്നെയുള്ളത് മിസ്സിസ് ഹെലൻ ഡു വിലായും ജനറൽ ഗാലഗറുമായും ബന്ധം സ്ഥാപിക്കുക എന്നതാണ്... അതിനാണ് സാറ നിങ്ങളോടൊപ്പമുള്ളത്..."


"കെൽസോയുടെ കാര്യത്തിൽ എങ്ങനെയാണ്...?"


"അത് പൂർണ്ണമായും നിങ്ങളുടെ കൈകളിലാണ്, മൈ ഡിയർ ബോയ്... നിങ്ങളാണ് ഫീൽഡ് ഓഫീസർ... നിങ്ങൾ എടുക്കുന്ന എന്ത് തീരുമാനത്തിനും എന്റെ പിന്തുണയുണ്ടാവും... യൂ നോ ഹൗ ക്രിറ്റിക്കൽ ദി സിറ്റുവേഷൻ ഈസ്..."


"അതു മതി... ധാരാളം..."


മൺറോ ഫോൺ റിസീവർ എടുത്തു. "മിസ്സിസ് മൂണിനെ ഇങ്ങോട്ട് അയയ്ക്കൂ..." ഫോൺ താഴെ വച്ചിട്ട് അദ്ദേഹം സാറയുടെ നേർക്ക് തിരിഞ്ഞു. "മിസ്സിസ് മൂണിനെ നമുക്ക് ലഭിച്ചത് ഭാഗ്യമെന്ന് വേണം പറയാൻ... അലക്സാണ്ടർ കോർഡയുടെ സ്വാധീനം കൊണ്ട് മാത്രമാണ് ഡെൻഹാം സ്റ്റുഡിയോയിൽ നിന്നും കുറച്ചു നേരത്തേങ്കിലും അവരെ വിട്ടു കിട്ടിയത്... മെയ്ക്കപ്പ്, വസ്ത്രാലങ്കാരം തുടങ്ങിയ വിഷയങ്ങളിൽ അവർക്ക് അറിയാത്തതായി ഒന്നും തന്നെയില്ല..."


കോക്ക്നീ ആക്സന്റിൽ സംസാരിക്കുന്ന തടിച്ച ഒരു വനിതയായിരുന്നു മിസ്സിസ് ഹിൽഡാ മൂൺ. തലമുടി ചുവന്ന ഡൈ കൊണ്ട് നിറം പിടിപ്പിച്ചിരിക്കുന്നു. ആവശ്യത്തിലധികം ലിപ്സ്റ്റിക്ക് തേച്ചിട്ടുണ്ട് ചുണ്ടുകളിൽ. ചുണ്ടിന്റെ കോണിൽ എരിയുന്ന സിഗരറ്റിന്റെ ചാരം അവരുടെ സമൃദ്ധമായ മാറിലേക്ക് കൊഴിഞ്ഞു വീഴുന്നുണ്ട്.


"യെസ്..." സാറയെ ഒന്ന് വലം വച്ച് വിലയിരുത്തിയിട്ട് അവർ പറഞ്ഞു. "വെരി നൈസ്... ആദ്യമായി ഇവരുടെ മുടിയിലാണ് പണി തുടങ്ങേണ്ടത്..."


"മുടിയിലോ...!" അല്പം അങ്കലാപ്പോടെ അവൾ ചോദിച്ചു.


"ഈ ദൗത്യത്തിലെ നിങ്ങളുടെ കഥാപാത്രം അത്തരമൊരു പെൺകുട്ടിയുടേതാണല്ലോ... അവരൊക്കെ മുടി മുകളിലേക്ക് ഉയർത്തിക്കെട്ടി വച്ച് നടക്കുകയാണ്‌ പതിവ്... പുരുഷന്മാരെ ആകർഷിക്കാൻ വേണ്ടി സ്വയം എങ്ങനെയെല്ലാം ആകർഷകമാക്കാൻ പറ്റുമോ അതെല്ലാം അവർ ചെയ്തിരിക്കും... എന്നെ വിശ്വസിക്കൂ, അക്കാര്യത്തിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രൂപം എന്താണെന്ന് എനിക്കറിയാം..."


സാറയുടെ കൈ പിടിച്ച് അവർ അവളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി. വാതിൽ അടഞ്ഞതും മാർട്ടിനോ പറഞ്ഞു. "ഇനി അവളെ കാണുമ്പോൾ ഒരു പക്ഷേ നമുക്ക് പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വരും..."


"ശരിയാണ്..." മൺറോ പറഞ്ഞു. "അല്ല, അതു തന്നെയാണല്ലോ നമ്മുടെ ആശയവും..."



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Saturday, August 7, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 33

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



അദ്ധ്യായം - ഏഴ്



ബെർക്‌ലി ഹാളിന്റെ ബേസ്മെന്റിലാണ് ഫയറിങ്ങ് റേഞ്ചിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിരുന്നത്. യുദ്ധകാലം ആയതുകൊണ്ട് മാത്രമാണ് വിരമിക്കേണ്ട പ്രായം അതിക്രമിച്ചിട്ടും കെല്ലി എന്ന ആ ഐറിഷുകാരൻ ആയുധപ്പുരയുടെ നോട്ടക്കാരനും പരിശീലകനുമായി അവിടെ ജോലി നോക്കിയിരുന്നത്. പ്രകാശപൂരിതമായ ആ ഹാളിന്റെ അറ്റത്ത് മണൽച്ചാക്കുകൾക്ക് മുന്നിലായി ജർമ്മൻ സൈനികരുടെ രൂപത്തിലുള്ള ടാർഗറ്റ് കട്ട് ഔട്ടുകൾ സ്ഥാപിച്ചിരിക്കുന്നു. സാറയ്ക്ക് അത്യാവശ്യ ആയുധ പരിശീലനം നൽകുക എന്ന ചുമതലയാണ്‌ കെല്ലിയിൽ നിക്ഷിപ്തമായിരിക്കുന്നത്. വിമൻസ് ഓക്സിലറി എയർഫോഴ്സിലെ പെൺകുട്ടികൾ ഉപയോഗിക്കുന്ന‌ യൂണിഫോം‌ അണിഞ്ഞ സാറ തലമുടി ഉയർത്തിക്കെട്ടി പീക്ക്ഡ് ക്യാപ്പിനുള്ളിൽ തിരുകി വച്ചിരിക്കുന്നു. എല്ലാം കൂടി അവളെ കണ്ടാൽ ആർക്ക് വേണമെങ്കിലും ആക്രമിച്ച് കീഴടക്കാവുന്ന ഒരു ദുർബ്ബലയെപ്പോലെ തോന്നിച്ചു.


മേശപ്പുറത്ത് പല തരത്തിലുള്ള തോക്കുകൾ നിരത്തി വച്ചിട്ടുണ്ട്. "മിസ്, നിങ്ങൾ എപ്പോഴെങ്കിലും ഒരു കൈത്തോക്ക് ഉപയോഗിച്ചിട്ടുണ്ടോ...?" കെല്ലി ആരാഞ്ഞു.


"യെസ്... മലയായിൽ വച്ച്..." അവൾ പറഞ്ഞു. "എന്റെ ഡാഡി ഒരു റബ്ബർ പ്ലാന്റർ ആയിരുന്നു... അധികസമയവും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമായിരുന്നു അദ്ദേഹത്തിന്... അതുകൊണ്ട് തന്നെ റിവോൾവർ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചിരുന്നു... പിന്നെ, ചിലപ്പോഴൊക്കെ ഷോട്ട് ഗണ്ണും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്..."


"ഈ കാണുന്ന ആയുധങ്ങളിൽ ഏതെങ്കിലും പരിചിതമായി തോന്നുന്നുണ്ടോ...?"


"ആ റിവോൾവർ..." അവൾ ചൂണ്ടിക്കാണിച്ചു. "ഡാഡിയുടെ കൈവശമുണ്ടായിരുന്ന സ്മിത്ത് & വെസൺ പോലെയുണ്ടത്..."


"അതെ മിസ്, സ്മിത്ത് & വെസ്സൺ തന്നെയാണത്..." കെല്ലി പറഞ്ഞു. "സാധാരണ നിലയിൽ പരിശീലനത്തിന്റെ ഭാഗമായി എല്ലാ‌ ആയുധങ്ങളും ഉപയോഗിക്കുവാൻ ഞങ്ങൾ പഠിപ്പിക്കാറുണ്ട്... പക്ഷേ, നിങ്ങളുടെ കാര്യത്തിൽ അതിനുള്ള സമയമില്ലല്ലോ... അതുകൊണ്ട് അത്യാവശ്യം ഉപയോഗിക്കേണ്ടി വരാൻ സാദ്ധ്യതയുള്ള ഏതാനും തോക്കുകൾ പരിചയപ്പെടുത്താം...  എന്നിട്ട് അവ കൊണ്ട് ഏതാനും റൗണ്ട് ഫയർ ചെയ്ത് നോക്കുകുകയുമാവാം..."


"തികച്ചും ന്യായം..." അവൾ സമ്മതിച്ചു.


"റൈഫിളുകൾ വളരെ സിമ്പിൾ ആണ്..." അയാൾ പറഞ്ഞു. "അതുകൊണ്ട് അതിന്മേൽ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്നതിൽ അർത്ഥമില്ല... ഈ കാണുന്നത് രണ്ട് തരം സബ്മെഷീൻ ഗണ്ണുകളാണ്... ഒന്ന് നമ്മുടെ സൈന്യം സാധാരണയായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് സ്റ്റെൻഗൺ... മാർക്ക് 11S മോഡലാണിത്... സൈലൻസർ ഘടിപ്പിച്ചിട്ടുള്ള ഇനം... ഫ്രഞ്ച് റെസിസ്റ്റൻസ് ഗ്രൂപ്പുകൾക്ക് വേണ്ടി രൂപകല്പന ചെയ്തത്... മുപ്പത്തിരണ്ട് റൗണ്ട് നിറയൊഴിക്കാനുള്ള തിരയുണ്ട് ഇതിന്റെ മഗസിനിൽ... ഓട്ടോമാറ്റിക്ക് മോഡിൽ ഇട്ടാൽ സൈലൻസറിന് അത്ര നല്ലതല്ല... അതുകൊണ്ട് സെമിഓട്ടോമാറ്റിക്ക് അല്ലെങ്കിൽ സിംഗിൾ ബേഴ്സ്റ്റ് മോഡിൽ ഉപയോഗിക്കുക... എന്താ, ഒരു കൈ നോക്കിയാലോ...?"


താൻ കരുതിയതിനേക്കാൾ വളരെ ഭാരം കുറവാണതിനെന്ന് തോക്കെടുത്ത് ഉയർത്തിയപ്പോഴാണ്‌ അവൾ തിരിച്ചറിഞ്ഞത്. തികച്ചും അനായാസമായിട്ടാണ്‌ അവൾ വെടിയുതിർത്തത്. ബോൾട്ട് മൂവ് ചെയ്യുന്ന ശബ്ദം മാത്രമേ പുറത്തേക്ക് കേൾക്കാനായുള്ളൂ. അവൾ ഉന്നം പിടിച്ച ടാർഗറ്റിന്‌ തൊട്ടടുത്തുള്ള മണൽച്ചാക്ക് വെടിയുണ്ടയേറ്റ് തകർന്നു.


"ഇതത്ര ശരിയാവുന്നില്ല..." അവൾ പറഞ്ഞു.


"ഈ ഇനം തോക്ക് അപൂർവ്വമായേ കാണാൻ പറ്റൂ... എതിരാളികൾ ഒന്നിലേറെയുണ്ടെങ്കിൽ ക്ലോസ് റേഞ്ചിൽ വച്ച് നേരിടാൻ ഏറ്റവും ഉത്തമം..." കെല്ലി പറഞ്ഞു. "പിന്നെയുള്ളത് ജർമ്മൻ നിർമ്മിതമാണ്... MP40... ഷ്മീസർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്... ഫ്രഞ്ച് റെസിസ്റ്റൻസ് ഗ്രൂപ്പുകൾ ധാരാളമായി ഉപയോഗിക്കുന്ന ഇനം..."


റിവോൾവറുകളും ഓട്ടോമാറ്റിക് ഇനങ്ങളും ഉൾപ്പെട്ട കൈത്തോക്കുകളുടെ ശേഖരത്തിനടുത്തേക്കാണ് അയാൾ അവളെ കൂട്ടിക്കൊണ്ടു പോയത്. സ്മിത്ത് & വെസൺ എടുത്ത് നീട്ടിപ്പിടിച്ച് ടാർഗറ്റിന് നേരെ അവൾ വെടി ഉതിർത്തു. ആറ് ഷോട്ടുകളിൽ ഒരെണ്ണം മാത്രമാണ്‌ ലക്ഷ്യം കണ്ടത്. അതും ടാർഗറ്റിന്റെ ചുമലിൽ മാത്രം.


"പ്രകടനം അത്ര പോരല്ലോ മിസ്..." അയാൾ പറഞ്ഞു.


അയാൾ തോക്കിൽ തിര നിറച്ചു കൊണ്ടിരിക്കവേ അവൾ ആരാഞ്ഞു. "കേണൽ മാർട്ടിനോ ഇക്കാര്യത്തിൽ എങ്ങനെയാണ്...? മിടുക്കനാണോ...?"


"തീർച്ചയായും മിസ്... കൈത്തോക്കുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ വെല്ലുന്ന ആരെയും ഞാൻ കണ്ടിട്ടില്ല... ഇനി ഈ പൊസിഷനിൽ ഒന്ന് ശ്രമിച്ചു നോക്കൂ..." കാലുകൾ അകത്തി അല്പം താഴ്ന്ന് തോക്ക് ഇരുകൈകളും കൊണ്ട് നീട്ടിപ്പിടിച്ച് അദ്ദേഹം കാണിച്ചു കൊടുത്തു. "മനസ്സിലായോ...?"


"പിടികിട്ടി..." അയാൾ കാണിച്ചു കൊടുത്ത പൊസിഷനിൽ നിന്ന് അവൾ ഇരുകൈകളും കൊണ്ട് തോക്ക് നീട്ടിപ്പിടിച്ചു.


"ഇനി കാഞ്ചി വലിക്കുക... ഓരോ ഷോട്ടിനും ഇടയിൽ പാതി ശ്വാസമെടുക്കുന്ന സമയം മാത്രമേ പാടുള്ളൂ..."


ഇത്തവണ അവളുടെ പ്രകടനം മെച്ചമായിരുന്നു. ഒരെണ്ണം ടാർഗെറ്റിന്റെ ചുമലിലും മറ്റൊന്ന് ഇടതു കൈയ്യിലും കൊണ്ടു.


"ഗംഭീരം..." അയാൾ അഭിനന്ദിച്ചു.


"സമ്മതിക്കാം... അവളുടെ ലക്ഷ്യം ആ ടാർഗറ്റിന്റെ  ഹൃദയമല്ലായിരുന്നെങ്കിൽ..." 


നിശ്ശബ്ദനായി മാർട്ടിനോ പിന്നിൽ വന്നു നിന്നത് അവർ അറിഞ്ഞിരുന്നില്ല. കടും നിറമുള്ള പോളോ നെക്ക് സ്വെറ്ററും കറുത്ത കോർഡുറോയ് പാന്റ്സും ധരിച്ച അദ്ദേഹം മേശക്കരികിൽ വന്ന് ആ തോക്കുകൾ പരിശോധിച്ചു. "ഈ കൈക്കുഞ്ഞിന്റെ സുരക്ഷിതത്വം എന്നിൽ നിക്ഷിപ്തമായതു കൊണ്ടും സമയ പരിമിതി ഉള്ളതിനാലും ഞാൻ ഒന്ന് ഇടപെടുന്നതിൽ വിരോധമുണ്ടോ...?"


"സന്തോഷമേയുള്ളൂ സർ..."


മാർട്ടിനോ മേശപ്പുറത്തു നിന്നും ഒരു പിസ്റ്റൾ എടുത്തു. "വാൾട്ടർ PPK... സെമി ഓട്ടോമാറ്റിക്... ഏഴ് റൗണ്ട് വെടിയുതിർക്കാൻ കപ്പാസിറ്റിയുള്ള മഗസിൻ... സ്ലൈഡർ പിറകോട്ട് വലിക്കുക എന്ന ജോലിയേ ഉള്ളൂ... അത്ര വലിപ്പമൊന്നും ഇല്ലാത്തതിനാൽ ഹാൻഡ്‌ബാഗിൽ കൊണ്ടു നടക്കാനാവും... പക്ഷേ, കാര്യം നടത്താൻ ഇത് ധാരാളം... വരൂ, നമുക്ക് നോക്കിയാലോ...?"


"ഓൾ റൈറ്റ്..."


ടാർഗറ്റിന് പത്തോ പന്ത്രണ്ടോ വാര അരികിലേക്ക് അവർ നീങ്ങി. "എതിരാളി റേഞ്ചിനുള്ളിൽ എത്തി എന്നുറപ്പായാൽ നിങ്ങൾക്ക് ട്രിഗർ വലിക്കാം... പക്ഷേ, ഇപ്പോൾ ഉള്ളതിൽ കൂടുതൽ ദൂരം ഉണ്ടാകാൻ പാടില്ല... വളരെ ലളിതം... തോക്കുയർത്തി എതിരാളിയുടെ നേരെയങ്ങ് പിടിക്കുക... രണ്ട് കണ്ണും തുറന്ന് പിടിച്ച് ഫയർ ചെയ്തു കൊണ്ടേയിരിക്കുക..." മാർട്ടിനോ പറഞ്ഞു.


ടാർഗറ്റിന്റെ നെഞ്ചിലും വയറിലും ഒക്കെയായി ആറ് തവണ അവൾ ലക്ഷ്യം ഭേദിച്ചു. "ഓ മൈ ഗോഡ്...!" അവൾ ആവേശം കൊണ്ടു. "എങ്ങനെയുണ്ടായിരുന്നു...? തരക്കേടില്ലല്ലോ...?"


തിരികെ ഫയറിങ്ങ് ലൈനിന്‌ സമീപത്തേക്ക് നടക്കവെ മാർട്ടിനോ പറഞ്ഞു. "യെസ്... പക്ഷേ, യഥാർത്ഥ ജീവിതത്തിൽ ശത്രുവിന് മുന്നിൽ ഇതുപോലുള്ള പ്രകടനം കാഴ്ച്ച വയ്ക്കാനാകുമോ നിനക്ക്...?"


"അത് അപ്പോൾ മാത്രമേ അറിയാൻ പറ്റൂ..." അവൾ പറഞ്ഞു. "അതവിടെ നിൽക്കട്ടെ, നിങ്ങളുടെ കാര്യം എങ്ങനെയാണ്...? ഏറെ കേട്ടിട്ടുണ്ടെന്നല്ലാതെ നിങ്ങളുടെ കഴിവുകളൊന്നും നേരിൽ കാണാൻ അവസരമുണ്ടായിട്ടില്ല..."


ബാരലിന്റെ അറ്റത്ത് പോളിഷ് ചെയ്ത കറുത്ത സ്റ്റീൽ സിലിണ്ടർ ഘടിപ്പിച്ച ഒരു വാൾട്ടർ ഗൺ മേശപ്പുറത്ത് കിടക്കുന്നുണ്ടായിരുന്നു. "കാർസ്‌വെൽ എന്നാണ് ഈ സൈലൻസറിന്റെ പേര്..." മാർട്ടിനോ അവളോട് പറഞ്ഞു. "SOE ഏജന്റുമാർക്ക് ഉപയോഗിക്കാനായി പ്രത്യേകം രൂപകല്പന ചെയ്തത്..."


അദ്ദേഹം അതെടുത്ത് ഉയർത്തി. പ്രത്യേകിച്ച് എങ്ങോട്ടും ഉന്നം പിടിക്കുന്നതായി അവൾക്ക് തോന്നിയില്ല. രണ്ടു വട്ടം ഫയർ ചെയ്തതും ടാർഗറ്റിന്റെ ഹൃദയഭാഗം ചിതറിത്തെറിച്ചു. തുപ്പുന്നത് പോലെ പതിഞ്ഞ ശബ്ദം മാത്രമേ പുറത്ത് വന്നുള്ളൂവെങ്കിലും അതിന്റെ ഫലം ഭീതിദായകമായിരുന്നു.


തോക്ക് മേശപ്പുറത്ത് വച്ചിട്ട് അദ്ദേഹം തിരിഞ്ഞു. നിർവ്വികാരമായിരുന്നു അദ്ദേഹത്തിന്റെ മുഖം. "എനിക്കല്പം തിരക്കുണ്ട്... അര മണിക്കൂർ കഴിഞ്ഞ് നമ്മെ കാണണമെന്ന് ഡോഗൽ പറഞ്ഞു... അവിടെ വച്ച് കാണാം..."


അദ്ദേഹം തിരിഞ്ഞു പുറത്തേക്ക് നടന്നു. വല്ലാത്തൊരു നിശ്ശബ്ദത അവിടെങ്ങും നിറഞ്ഞു. "അദ്ദേഹം ദ്വേഷ്യത്തിലാണെന്ന് തോന്നുന്നല്ലോ..." സാറ പറഞ്ഞു.


"കേണൽ പലപ്പോഴും ഇങ്ങനെ തന്നെയാണ് മിസ്... സ്വന്തം സ്വഭാവം പോലും ചിലപ്പോൾ അദ്ദേഹത്തിന് പിടിക്കുന്നില്ലെന്ന് തോന്നും... കഴിഞ്ഞ നവംബറിലാണ് ഗെസ്റ്റപ്പോയുടെ ലിയോൺസിലെ മേധാവിയെ അദ്ദേഹം കൊലപ്പെടുത്തിയത്... കോഫ്മാൻ എന്നായിരുന്നു അയാളുടെ പേര്... രക്തത്തിൽ കുളിച്ച നിലയിലാണ് ഒരു ലൈസാൻഡറിൽ അന്നദ്ദേഹത്തെ തിരികെയെത്തിച്ചത്... ഇടതുവശത്തെ ശ്വാസകോശത്തിൽ രണ്ട് വെടിയുണ്ടകളാണ് കയറിയത്... ആ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ മാറ്റം ഞങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്..."


"എന്ത് തരത്തിലുള്ള മാറ്റം...?"


"എനിക്കറിയില്ല മിസ്..." കെല്ലി പുരികം ചുളിച്ചു.  "നിങ്ങളെന്തിനാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ ഇത്രയും ചുഴിഞ്ഞ് ചിന്തിക്കുന്നത്...? നിങ്ങൾ ചെറുപ്പം പെൺകുട്ടികളുടെ മനസ്സ് നന്നായിട്ടറിയാം എനിക്ക്... നിങ്ങളുടെ പ്രായത്തിലുള്ള ഒരു മകൾ എനിക്കുമുണ്ട്... ലണ്ടനിൽ ആന്റി എയർക്രാഫ്റ്റ് ബാറ്ററിയിൽ വർക്ക് ചെയ്യുന്നു... നോക്കൂ മിസ്, നിങ്ങളെക്കാളും ഇരുപത്തിയഞ്ച് വയസ്സെങ്കിലും കൂടുതലുണ്ടാകും അദ്ദേഹത്തിന്..."


"എനിക്ക് ചേരില്ലെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്...?" അവൾ ചോദിച്ചു. "ഇതിപ്പോൾ കത്തോലിക്കനോ ജൂതനോ അമേരിക്കനോ ആയ ഒരാളെ സ്നേഹിക്കാൻ പാടില്ല എന്നു പറയുന്നത് പോലെയാണല്ലോ... എന്ത് വ്യത്യാസമാണുള്ളത്...?"


"ഇങ്ങനെയൊക്കെ ചോദിച്ചാൽ എനിക്കറിയില്ല..." കെല്ലി മേശവലിപ്പിൽ നിന്നും ഒരു തുണിക്കെട്ട് പുറത്തെടുത്ത് തുറന്നു. "എന്റെ വക ഒരു ചെറിയ സമ്മാനമാണ് മിസ്... കേണലിന്റെ അഭിപ്രായം വേറെയാണെങ്കിലും..." കൈയ്യിലൊതുങ്ങുന്ന, ഭാരം കുറഞ്ഞ, കറുത്ത, ഒരു ചെറിയ ഓട്ടോമാറ്റിക് പിസ്റ്റൾ ആയിരുന്നു അത്. "ബെൽജിയൻ നിർമ്മിതമാണ്... 0.25 സൈസ്... അത്യാവശ്യത്തിന് ധാരാളം... ഒളിപ്പിച്ച് വയ്ക്കാനും എളുപ്പം..." അല്പം ജാള്യതയോടെ അയാൾ തുടർന്നു. "ബഹുമാനക്കുറവ് തോന്നരുത് മിസ്, സാധാരണ സ്റ്റോക്കിങ്ങ്സിന്‌ മുകൾ ഭാഗത്താണ് സ്ത്രീകൾ ഇത് ഒളിപ്പിച്ചു വയ്ക്കുന്നതായി കണ്ടിട്ടുള്ളത്..."


അവൾ മുന്നോട്ട് വന്ന് അയാളുടെ കവിളിൽ മുത്തം നൽകി. "ഐ തിങ്ക് യൂ ആർ വണ്ടർഫുൾ..."


"ഇങ്ങനെയൊന്നും ചെയ്യാൻ ഒരു ഓഫീസർ എന്ന നിലയിൽ നിങ്ങൾക്ക് അനുവാദമില്ല മിസ്... ചട്ടവിരുദ്ധമാണിതെല്ലാം..."


"ഞാനതിന് ഓഫീസറൊന്നുമല്ലല്ലോ സെർജന്റ്..."


"ആണെന്ന് അധികം വൈകാതെ തന്നെ നിങ്ങൾ അറിയും... ഒരു പക്ഷേ അതു പറയാനായിരിക്കാം ബ്രിഗേഡിയർ നിങ്ങളെ കാണണമെന്ന് പറഞ്ഞത്... പെട്ടെന്ന് ലൈബ്രറിയിലേക്ക് ചെല്ലുവാൻ നോക്കൂ..."


"ഓൾ റൈറ്റ്... നന്ദി..."


അവൾ പുറത്തേക്ക് നടന്നു. കെല്ലി ഒരു ദീർഘശ്വാസമെടുത്ത ശേഷം മേശപ്പുറത്തെ തോക്കുകൾ എടുത്ത് അടുക്കി വയ്ക്കുവാൻ തുടങ്ങി.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...