Saturday, August 7, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 33

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



അദ്ധ്യായം - ഏഴ്



ബെർക്‌ലി ഹാളിന്റെ ബേസ്മെന്റിലാണ് ഫയറിങ്ങ് റേഞ്ചിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിരുന്നത്. യുദ്ധകാലം ആയതുകൊണ്ട് മാത്രമാണ് വിരമിക്കേണ്ട പ്രായം അതിക്രമിച്ചിട്ടും കെല്ലി എന്ന ആ ഐറിഷുകാരൻ ആയുധപ്പുരയുടെ നോട്ടക്കാരനും പരിശീലകനുമായി അവിടെ ജോലി നോക്കിയിരുന്നത്. പ്രകാശപൂരിതമായ ആ ഹാളിന്റെ അറ്റത്ത് മണൽച്ചാക്കുകൾക്ക് മുന്നിലായി ജർമ്മൻ സൈനികരുടെ രൂപത്തിലുള്ള ടാർഗറ്റ് കട്ട് ഔട്ടുകൾ സ്ഥാപിച്ചിരിക്കുന്നു. സാറയ്ക്ക് അത്യാവശ്യ ആയുധ പരിശീലനം നൽകുക എന്ന ചുമതലയാണ്‌ കെല്ലിയിൽ നിക്ഷിപ്തമായിരിക്കുന്നത്. വിമൻസ് ഓക്സിലറി എയർഫോഴ്സിലെ പെൺകുട്ടികൾ ഉപയോഗിക്കുന്ന‌ യൂണിഫോം‌ അണിഞ്ഞ സാറ തലമുടി ഉയർത്തിക്കെട്ടി പീക്ക്ഡ് ക്യാപ്പിനുള്ളിൽ തിരുകി വച്ചിരിക്കുന്നു. എല്ലാം കൂടി അവളെ കണ്ടാൽ ആർക്ക് വേണമെങ്കിലും ആക്രമിച്ച് കീഴടക്കാവുന്ന ഒരു ദുർബ്ബലയെപ്പോലെ തോന്നിച്ചു.


മേശപ്പുറത്ത് പല തരത്തിലുള്ള തോക്കുകൾ നിരത്തി വച്ചിട്ടുണ്ട്. "മിസ്, നിങ്ങൾ എപ്പോഴെങ്കിലും ഒരു കൈത്തോക്ക് ഉപയോഗിച്ചിട്ടുണ്ടോ...?" കെല്ലി ആരാഞ്ഞു.


"യെസ്... മലയായിൽ വച്ച്..." അവൾ പറഞ്ഞു. "എന്റെ ഡാഡി ഒരു റബ്ബർ പ്ലാന്റർ ആയിരുന്നു... അധികസമയവും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമായിരുന്നു അദ്ദേഹത്തിന്... അതുകൊണ്ട് തന്നെ റിവോൾവർ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചിരുന്നു... പിന്നെ, ചിലപ്പോഴൊക്കെ ഷോട്ട് ഗണ്ണും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്..."


"ഈ കാണുന്ന ആയുധങ്ങളിൽ ഏതെങ്കിലും പരിചിതമായി തോന്നുന്നുണ്ടോ...?"


"ആ റിവോൾവർ..." അവൾ ചൂണ്ടിക്കാണിച്ചു. "ഡാഡിയുടെ കൈവശമുണ്ടായിരുന്ന സ്മിത്ത് & വെസൺ പോലെയുണ്ടത്..."


"അതെ മിസ്, സ്മിത്ത് & വെസ്സൺ തന്നെയാണത്..." കെല്ലി പറഞ്ഞു. "സാധാരണ നിലയിൽ പരിശീലനത്തിന്റെ ഭാഗമായി എല്ലാ‌ ആയുധങ്ങളും ഉപയോഗിക്കുവാൻ ഞങ്ങൾ പഠിപ്പിക്കാറുണ്ട്... പക്ഷേ, നിങ്ങളുടെ കാര്യത്തിൽ അതിനുള്ള സമയമില്ലല്ലോ... അതുകൊണ്ട് അത്യാവശ്യം ഉപയോഗിക്കേണ്ടി വരാൻ സാദ്ധ്യതയുള്ള ഏതാനും തോക്കുകൾ പരിചയപ്പെടുത്താം...  എന്നിട്ട് അവ കൊണ്ട് ഏതാനും റൗണ്ട് ഫയർ ചെയ്ത് നോക്കുകുകയുമാവാം..."


"തികച്ചും ന്യായം..." അവൾ സമ്മതിച്ചു.


"റൈഫിളുകൾ വളരെ സിമ്പിൾ ആണ്..." അയാൾ പറഞ്ഞു. "അതുകൊണ്ട് അതിന്മേൽ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്നതിൽ അർത്ഥമില്ല... ഈ കാണുന്നത് രണ്ട് തരം സബ്മെഷീൻ ഗണ്ണുകളാണ്... ഒന്ന് നമ്മുടെ സൈന്യം സാധാരണയായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് സ്റ്റെൻഗൺ... മാർക്ക് 11S മോഡലാണിത്... സൈലൻസർ ഘടിപ്പിച്ചിട്ടുള്ള ഇനം... ഫ്രഞ്ച് റെസിസ്റ്റൻസ് ഗ്രൂപ്പുകൾക്ക് വേണ്ടി രൂപകല്പന ചെയ്തത്... മുപ്പത്തിരണ്ട് റൗണ്ട് നിറയൊഴിക്കാനുള്ള തിരയുണ്ട് ഇതിന്റെ മഗസിനിൽ... ഓട്ടോമാറ്റിക്ക് മോഡിൽ ഇട്ടാൽ സൈലൻസറിന് അത്ര നല്ലതല്ല... അതുകൊണ്ട് സെമിഓട്ടോമാറ്റിക്ക് അല്ലെങ്കിൽ സിംഗിൾ ബേഴ്സ്റ്റ് മോഡിൽ ഉപയോഗിക്കുക... എന്താ, ഒരു കൈ നോക്കിയാലോ...?"


താൻ കരുതിയതിനേക്കാൾ വളരെ ഭാരം കുറവാണതിനെന്ന് തോക്കെടുത്ത് ഉയർത്തിയപ്പോഴാണ്‌ അവൾ തിരിച്ചറിഞ്ഞത്. തികച്ചും അനായാസമായിട്ടാണ്‌ അവൾ വെടിയുതിർത്തത്. ബോൾട്ട് മൂവ് ചെയ്യുന്ന ശബ്ദം മാത്രമേ പുറത്തേക്ക് കേൾക്കാനായുള്ളൂ. അവൾ ഉന്നം പിടിച്ച ടാർഗറ്റിന്‌ തൊട്ടടുത്തുള്ള മണൽച്ചാക്ക് വെടിയുണ്ടയേറ്റ് തകർന്നു.


"ഇതത്ര ശരിയാവുന്നില്ല..." അവൾ പറഞ്ഞു.


"ഈ ഇനം തോക്ക് അപൂർവ്വമായേ കാണാൻ പറ്റൂ... എതിരാളികൾ ഒന്നിലേറെയുണ്ടെങ്കിൽ ക്ലോസ് റേഞ്ചിൽ വച്ച് നേരിടാൻ ഏറ്റവും ഉത്തമം..." കെല്ലി പറഞ്ഞു. "പിന്നെയുള്ളത് ജർമ്മൻ നിർമ്മിതമാണ്... MP40... ഷ്മീസർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്... ഫ്രഞ്ച് റെസിസ്റ്റൻസ് ഗ്രൂപ്പുകൾ ധാരാളമായി ഉപയോഗിക്കുന്ന ഇനം..."


റിവോൾവറുകളും ഓട്ടോമാറ്റിക് ഇനങ്ങളും ഉൾപ്പെട്ട കൈത്തോക്കുകളുടെ ശേഖരത്തിനടുത്തേക്കാണ് അയാൾ അവളെ കൂട്ടിക്കൊണ്ടു പോയത്. സ്മിത്ത് & വെസൺ എടുത്ത് നീട്ടിപ്പിടിച്ച് ടാർഗറ്റിന് നേരെ അവൾ വെടി ഉതിർത്തു. ആറ് ഷോട്ടുകളിൽ ഒരെണ്ണം മാത്രമാണ്‌ ലക്ഷ്യം കണ്ടത്. അതും ടാർഗറ്റിന്റെ ചുമലിൽ മാത്രം.


"പ്രകടനം അത്ര പോരല്ലോ മിസ്..." അയാൾ പറഞ്ഞു.


അയാൾ തോക്കിൽ തിര നിറച്ചു കൊണ്ടിരിക്കവേ അവൾ ആരാഞ്ഞു. "കേണൽ മാർട്ടിനോ ഇക്കാര്യത്തിൽ എങ്ങനെയാണ്...? മിടുക്കനാണോ...?"


"തീർച്ചയായും മിസ്... കൈത്തോക്കുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ വെല്ലുന്ന ആരെയും ഞാൻ കണ്ടിട്ടില്ല... ഇനി ഈ പൊസിഷനിൽ ഒന്ന് ശ്രമിച്ചു നോക്കൂ..." കാലുകൾ അകത്തി അല്പം താഴ്ന്ന് തോക്ക് ഇരുകൈകളും കൊണ്ട് നീട്ടിപ്പിടിച്ച് അദ്ദേഹം കാണിച്ചു കൊടുത്തു. "മനസ്സിലായോ...?"


"പിടികിട്ടി..." അയാൾ കാണിച്ചു കൊടുത്ത പൊസിഷനിൽ നിന്ന് അവൾ ഇരുകൈകളും കൊണ്ട് തോക്ക് നീട്ടിപ്പിടിച്ചു.


"ഇനി കാഞ്ചി വലിക്കുക... ഓരോ ഷോട്ടിനും ഇടയിൽ പാതി ശ്വാസമെടുക്കുന്ന സമയം മാത്രമേ പാടുള്ളൂ..."


ഇത്തവണ അവളുടെ പ്രകടനം മെച്ചമായിരുന്നു. ഒരെണ്ണം ടാർഗെറ്റിന്റെ ചുമലിലും മറ്റൊന്ന് ഇടതു കൈയ്യിലും കൊണ്ടു.


"ഗംഭീരം..." അയാൾ അഭിനന്ദിച്ചു.


"സമ്മതിക്കാം... അവളുടെ ലക്ഷ്യം ആ ടാർഗറ്റിന്റെ  ഹൃദയമല്ലായിരുന്നെങ്കിൽ..." 


നിശ്ശബ്ദനായി മാർട്ടിനോ പിന്നിൽ വന്നു നിന്നത് അവർ അറിഞ്ഞിരുന്നില്ല. കടും നിറമുള്ള പോളോ നെക്ക് സ്വെറ്ററും കറുത്ത കോർഡുറോയ് പാന്റ്സും ധരിച്ച അദ്ദേഹം മേശക്കരികിൽ വന്ന് ആ തോക്കുകൾ പരിശോധിച്ചു. "ഈ കൈക്കുഞ്ഞിന്റെ സുരക്ഷിതത്വം എന്നിൽ നിക്ഷിപ്തമായതു കൊണ്ടും സമയ പരിമിതി ഉള്ളതിനാലും ഞാൻ ഒന്ന് ഇടപെടുന്നതിൽ വിരോധമുണ്ടോ...?"


"സന്തോഷമേയുള്ളൂ സർ..."


മാർട്ടിനോ മേശപ്പുറത്തു നിന്നും ഒരു പിസ്റ്റൾ എടുത്തു. "വാൾട്ടർ PPK... സെമി ഓട്ടോമാറ്റിക്... ഏഴ് റൗണ്ട് വെടിയുതിർക്കാൻ കപ്പാസിറ്റിയുള്ള മഗസിൻ... സ്ലൈഡർ പിറകോട്ട് വലിക്കുക എന്ന ജോലിയേ ഉള്ളൂ... അത്ര വലിപ്പമൊന്നും ഇല്ലാത്തതിനാൽ ഹാൻഡ്‌ബാഗിൽ കൊണ്ടു നടക്കാനാവും... പക്ഷേ, കാര്യം നടത്താൻ ഇത് ധാരാളം... വരൂ, നമുക്ക് നോക്കിയാലോ...?"


"ഓൾ റൈറ്റ്..."


ടാർഗറ്റിന് പത്തോ പന്ത്രണ്ടോ വാര അരികിലേക്ക് അവർ നീങ്ങി. "എതിരാളി റേഞ്ചിനുള്ളിൽ എത്തി എന്നുറപ്പായാൽ നിങ്ങൾക്ക് ട്രിഗർ വലിക്കാം... പക്ഷേ, ഇപ്പോൾ ഉള്ളതിൽ കൂടുതൽ ദൂരം ഉണ്ടാകാൻ പാടില്ല... വളരെ ലളിതം... തോക്കുയർത്തി എതിരാളിയുടെ നേരെയങ്ങ് പിടിക്കുക... രണ്ട് കണ്ണും തുറന്ന് പിടിച്ച് ഫയർ ചെയ്തു കൊണ്ടേയിരിക്കുക..." മാർട്ടിനോ പറഞ്ഞു.


ടാർഗറ്റിന്റെ നെഞ്ചിലും വയറിലും ഒക്കെയായി ആറ് തവണ അവൾ ലക്ഷ്യം ഭേദിച്ചു. "ഓ മൈ ഗോഡ്...!" അവൾ ആവേശം കൊണ്ടു. "എങ്ങനെയുണ്ടായിരുന്നു...? തരക്കേടില്ലല്ലോ...?"


തിരികെ ഫയറിങ്ങ് ലൈനിന്‌ സമീപത്തേക്ക് നടക്കവെ മാർട്ടിനോ പറഞ്ഞു. "യെസ്... പക്ഷേ, യഥാർത്ഥ ജീവിതത്തിൽ ശത്രുവിന് മുന്നിൽ ഇതുപോലുള്ള പ്രകടനം കാഴ്ച്ച വയ്ക്കാനാകുമോ നിനക്ക്...?"


"അത് അപ്പോൾ മാത്രമേ അറിയാൻ പറ്റൂ..." അവൾ പറഞ്ഞു. "അതവിടെ നിൽക്കട്ടെ, നിങ്ങളുടെ കാര്യം എങ്ങനെയാണ്...? ഏറെ കേട്ടിട്ടുണ്ടെന്നല്ലാതെ നിങ്ങളുടെ കഴിവുകളൊന്നും നേരിൽ കാണാൻ അവസരമുണ്ടായിട്ടില്ല..."


ബാരലിന്റെ അറ്റത്ത് പോളിഷ് ചെയ്ത കറുത്ത സ്റ്റീൽ സിലിണ്ടർ ഘടിപ്പിച്ച ഒരു വാൾട്ടർ ഗൺ മേശപ്പുറത്ത് കിടക്കുന്നുണ്ടായിരുന്നു. "കാർസ്‌വെൽ എന്നാണ് ഈ സൈലൻസറിന്റെ പേര്..." മാർട്ടിനോ അവളോട് പറഞ്ഞു. "SOE ഏജന്റുമാർക്ക് ഉപയോഗിക്കാനായി പ്രത്യേകം രൂപകല്പന ചെയ്തത്..."


അദ്ദേഹം അതെടുത്ത് ഉയർത്തി. പ്രത്യേകിച്ച് എങ്ങോട്ടും ഉന്നം പിടിക്കുന്നതായി അവൾക്ക് തോന്നിയില്ല. രണ്ടു വട്ടം ഫയർ ചെയ്തതും ടാർഗറ്റിന്റെ ഹൃദയഭാഗം ചിതറിത്തെറിച്ചു. തുപ്പുന്നത് പോലെ പതിഞ്ഞ ശബ്ദം മാത്രമേ പുറത്ത് വന്നുള്ളൂവെങ്കിലും അതിന്റെ ഫലം ഭീതിദായകമായിരുന്നു.


തോക്ക് മേശപ്പുറത്ത് വച്ചിട്ട് അദ്ദേഹം തിരിഞ്ഞു. നിർവ്വികാരമായിരുന്നു അദ്ദേഹത്തിന്റെ മുഖം. "എനിക്കല്പം തിരക്കുണ്ട്... അര മണിക്കൂർ കഴിഞ്ഞ് നമ്മെ കാണണമെന്ന് ഡോഗൽ പറഞ്ഞു... അവിടെ വച്ച് കാണാം..."


അദ്ദേഹം തിരിഞ്ഞു പുറത്തേക്ക് നടന്നു. വല്ലാത്തൊരു നിശ്ശബ്ദത അവിടെങ്ങും നിറഞ്ഞു. "അദ്ദേഹം ദ്വേഷ്യത്തിലാണെന്ന് തോന്നുന്നല്ലോ..." സാറ പറഞ്ഞു.


"കേണൽ പലപ്പോഴും ഇങ്ങനെ തന്നെയാണ് മിസ്... സ്വന്തം സ്വഭാവം പോലും ചിലപ്പോൾ അദ്ദേഹത്തിന് പിടിക്കുന്നില്ലെന്ന് തോന്നും... കഴിഞ്ഞ നവംബറിലാണ് ഗെസ്റ്റപ്പോയുടെ ലിയോൺസിലെ മേധാവിയെ അദ്ദേഹം കൊലപ്പെടുത്തിയത്... കോഫ്മാൻ എന്നായിരുന്നു അയാളുടെ പേര്... രക്തത്തിൽ കുളിച്ച നിലയിലാണ് ഒരു ലൈസാൻഡറിൽ അന്നദ്ദേഹത്തെ തിരികെയെത്തിച്ചത്... ഇടതുവശത്തെ ശ്വാസകോശത്തിൽ രണ്ട് വെടിയുണ്ടകളാണ് കയറിയത്... ആ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ മാറ്റം ഞങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്..."


"എന്ത് തരത്തിലുള്ള മാറ്റം...?"


"എനിക്കറിയില്ല മിസ്..." കെല്ലി പുരികം ചുളിച്ചു.  "നിങ്ങളെന്തിനാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ ഇത്രയും ചുഴിഞ്ഞ് ചിന്തിക്കുന്നത്...? നിങ്ങൾ ചെറുപ്പം പെൺകുട്ടികളുടെ മനസ്സ് നന്നായിട്ടറിയാം എനിക്ക്... നിങ്ങളുടെ പ്രായത്തിലുള്ള ഒരു മകൾ എനിക്കുമുണ്ട്... ലണ്ടനിൽ ആന്റി എയർക്രാഫ്റ്റ് ബാറ്ററിയിൽ വർക്ക് ചെയ്യുന്നു... നോക്കൂ മിസ്, നിങ്ങളെക്കാളും ഇരുപത്തിയഞ്ച് വയസ്സെങ്കിലും കൂടുതലുണ്ടാകും അദ്ദേഹത്തിന്..."


"എനിക്ക് ചേരില്ലെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്...?" അവൾ ചോദിച്ചു. "ഇതിപ്പോൾ കത്തോലിക്കനോ ജൂതനോ അമേരിക്കനോ ആയ ഒരാളെ സ്നേഹിക്കാൻ പാടില്ല എന്നു പറയുന്നത് പോലെയാണല്ലോ... എന്ത് വ്യത്യാസമാണുള്ളത്...?"


"ഇങ്ങനെയൊക്കെ ചോദിച്ചാൽ എനിക്കറിയില്ല..." കെല്ലി മേശവലിപ്പിൽ നിന്നും ഒരു തുണിക്കെട്ട് പുറത്തെടുത്ത് തുറന്നു. "എന്റെ വക ഒരു ചെറിയ സമ്മാനമാണ് മിസ്... കേണലിന്റെ അഭിപ്രായം വേറെയാണെങ്കിലും..." കൈയ്യിലൊതുങ്ങുന്ന, ഭാരം കുറഞ്ഞ, കറുത്ത, ഒരു ചെറിയ ഓട്ടോമാറ്റിക് പിസ്റ്റൾ ആയിരുന്നു അത്. "ബെൽജിയൻ നിർമ്മിതമാണ്... 0.25 സൈസ്... അത്യാവശ്യത്തിന് ധാരാളം... ഒളിപ്പിച്ച് വയ്ക്കാനും എളുപ്പം..." അല്പം ജാള്യതയോടെ അയാൾ തുടർന്നു. "ബഹുമാനക്കുറവ് തോന്നരുത് മിസ്, സാധാരണ സ്റ്റോക്കിങ്ങ്സിന്‌ മുകൾ ഭാഗത്താണ് സ്ത്രീകൾ ഇത് ഒളിപ്പിച്ചു വയ്ക്കുന്നതായി കണ്ടിട്ടുള്ളത്..."


അവൾ മുന്നോട്ട് വന്ന് അയാളുടെ കവിളിൽ മുത്തം നൽകി. "ഐ തിങ്ക് യൂ ആർ വണ്ടർഫുൾ..."


"ഇങ്ങനെയൊന്നും ചെയ്യാൻ ഒരു ഓഫീസർ എന്ന നിലയിൽ നിങ്ങൾക്ക് അനുവാദമില്ല മിസ്... ചട്ടവിരുദ്ധമാണിതെല്ലാം..."


"ഞാനതിന് ഓഫീസറൊന്നുമല്ലല്ലോ സെർജന്റ്..."


"ആണെന്ന് അധികം വൈകാതെ തന്നെ നിങ്ങൾ അറിയും... ഒരു പക്ഷേ അതു പറയാനായിരിക്കാം ബ്രിഗേഡിയർ നിങ്ങളെ കാണണമെന്ന് പറഞ്ഞത്... പെട്ടെന്ന് ലൈബ്രറിയിലേക്ക് ചെല്ലുവാൻ നോക്കൂ..."


"ഓൾ റൈറ്റ്... നന്ദി..."


അവൾ പുറത്തേക്ക് നടന്നു. കെല്ലി ഒരു ദീർഘശ്വാസമെടുത്ത ശേഷം മേശപ്പുറത്തെ തോക്കുകൾ എടുത്ത് അടുക്കി വയ്ക്കുവാൻ തുടങ്ങി.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


19 comments:

  1. ശ്ശേ... ഇത്ര സിംപിൾ ആണോ... രണ്ട് തോക്ക് വാങ്ങി പ്രാക്ടീസ് ചെയ്താലോ ?

    ReplyDelete
    Replies
    1. ഉം..ഉം.. കെല്ലി ആവണോ, അതോ മാർട്ടിനോ ആവണോ.. എന്നോട് പറ..

      Delete
    2. വേണ്ടാത്ത പണിക്കൊന്നും നിൽക്കണ്ട രണ്ടു പേരും... ങ്ഹാ...

      Delete
  2. കേണൽ മാർട്ടിനോയുടെ സ്വഭാവം ദുരൂഹമാണല്ലോ.... സാറയെ ഇഷ്ടമായി. "I think you are wonderful😍"

    ReplyDelete
    Replies
    1. കേണൽ മാർട്ടിനോ... എഴുത്തുകാരനാകാൻ കൊതിച്ച് വഴി മാറിപ്പോയവൻ...

      Delete
  3. കെല്ലിയ്ക്ക് കാര്യം പിടികിട്ടി.

    ReplyDelete
  4. നന്നായി ..ദങ്ങനെ വെടി വെക്കാൻ പഠിച്ചു.
    തോക്കൊരെണ്ണം വാങ്ങിച്ചാലോന്നാ..( ബീഹാറിലോട്ടു ആരും ചെല്ലണ്ടന്നു പറയാൻ പറഞ്ഞു )..
    ആക്ഷൻ തുടങ്ങും ല്ലേ .. ഉടനെ ...

    ReplyDelete
    Replies
    1. ദേ മനുഷ്യാ, പേടിപ്പിക്കല്ലേ...

      Delete
  5. ശെടാ.. നല്ല ഒരു പെങ്കൊച്ചു ഉമ്മ വെച്ചപ്പോ ചട്ട വിരുദ്ധം ആണുപോലും? ഇവൻ ഇനി ഇന്ത്യക്കാരൻ വല്ലോം ആണോ?

    ReplyDelete
    Replies
    1. സൈനികർക്ക് മൃദുലവികാരങ്ങൾ ഒന്നും പാടില്ലെന്നാണ്‌ പോലും‌.‌..

      Delete
  6. സാറയുടെ ഒരു ആകാംക്ഷ മാർട്ടിനോ യുടെ കാര്യങ്ങൾ അറിയാൻ. കെല്ലി ക്കു അത് പെട്ടെന്ന് പിടി കിട്ടി 😀

    ReplyDelete
    Replies
    1. അതെ... സാറ മാർട്ടിനോയുടെ വ്യക്തിത്വത്തിൽ മയങ്ങി വീണു കഴിഞ്ഞു...

      Delete
  7. ഈ പെങ്കൊച്ച് വെടിവച്ചു വെടിവച്ച് ആ മാർട്ടിനോ അപ്പാപ്പന്റെ ശ്വാസകോശം സ്പോഞ്ച് പോലെ ആക്കുമെന്നാ തോന്നുന്നത്..!!

    ReplyDelete
    Replies
    1. നാൽപ്പത്തിനാല് വയസ്സുള്ള യുവാവിനെ അപ്പാപ്പൻ എന്ന് വിളിക്കുന്നോ...?

      Delete
  8. അവൾ ആരാഞ്ഞു. "കേണൽ മാർട്ടിനോ ഇക്കാര്യത്തിൽ എങ്ങനെയാണ്...? മിടുക്കനാണോ...?"



    "തീർച്ചയായും മിസ്... കൈത്തോക്കുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ വെല്ലുന്ന ആരെയും ഞാൻ കണ്ടിട്ടില്ല.

    ഹൌ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു ...!

    ReplyDelete
    Replies
    1. മുരളിഭായ് തെറ്റിദ്ധരിക്കും എന്ന് എനിക്കറിയാമായിരുന്നു... 😛

      Delete
  9. സിറിഞ്ച് എടുക്കേണ്ട കൈകളിൽ തോക്കുകൾ....

    ReplyDelete