Saturday, August 28, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 36

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


യുദ്ധകാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ധനസമാഹരണത്തിനായി ആ ഗ്രാമത്തിൽ ചെറിയ തോതിൽ ചില ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റൗണ്ട് എബൗട്ടുകളിലും മൈതാനങ്ങളിലുമൊക്കെയായി ഏതാനും സ്റ്റാളുകളും സൈഡ് ഷോകളും ഏർപ്പാടാക്കിയിട്ടുണ്ട്. ഇറുകിപ്പിടിച്ച തന്റെ പുതുവസ്ത്രത്തിന് മുകളിൽ ഒരു കോട്ട് അണിഞ്ഞ സാറ, മാർട്ടിനോയുടെ കൈയ്യിൽ തൂങ്ങി ശബ്ദായമാനമായ ആ അന്തരീക്ഷം ആസ്വദിച്ചുകൊണ്ട് ആ തിരക്കിനിടയിലൂടെ നടന്നു. 


ഒരു കൂടാരത്തിന് മുന്നിൽ 'Fortunes - Gypsy Sara' എന്ന ബോർഡ് കണ്ട മാർട്ടിനോ പൊടുന്നനെ നിന്നു. "H ഇല്ലാത്ത സാറയാണല്ലോ... ഒരു കൈ നോക്കിയാലോ...?" അദ്ദേഹം ചോദിച്ചു.


"പിന്നെന്താ, ആവാമല്ലോ..." അദ്ദേഹത്തിന്റെ നർമ്മം ആസ്വദിച്ചുകൊണ്ട് സാറ സമ്മതിച്ചു.


സ്കാർഫും ഇയർ റിങ്ങ്സും ഒക്കെയായി  തികച്ചും ജിപ്സി വംശജരുടെ വേഷഭൂഷാദികൾ അണിഞ്ഞ ഒരു വനിതയാണ് ആ കൂടാരത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഏതാണ്ട് നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന അവരുടെ മുഖം വിളറി മഞ്ഞ നിറം കലർന്നിരുന്നു. വൃത്തിയുള്ള കറുത്ത മുടി. ആപാദചൂഡം എത്തുന്ന ഒരു അയഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. 


"നിങ്ങളുടെ മാത്രം നോക്കിയാൽ മതിയോ അതോ നിങ്ങളുടെ പുരുഷന്റെയും നോക്കണോ...?" സാറയുടെ കൈയ്യിൽ കയറിപ്പിടിച്ചു കൊണ്ട് അവർ ചോദിച്ചു.


"അതിന് ഇദ്ദേഹം എന്റെ പുരുഷനല്ലല്ലോ..." സാറ നീരസം പ്രകടിപ്പിച്ചു.


"ഇദ്ദേഹം വേറെ ആർക്കും സ്വന്തമാകാൻ പോകുന്നില്ല... വേറൊരു സ്ത്രീയെ ഇനിയൊട്ട് അറിയാനും പോകുന്നില്ല..." തന്റെ മനസ്സിന് ഒരു വ്യക്തത വരുത്തുന്നത് പോലെ അവർ ഒരു ദീർഘശ്വാസമെടുത്തു. 


"ശരി, നല്ല വാർത്തകൾ എന്തൊക്കെയാണെന്ന് പറയൂ..." മാർട്ടിനോ അവരോട് പറഞ്ഞു.


ഒരു പാക്കറ്റ് ടററ്റ് കാർഡുകൾ എടുത്ത് അവർ സാറയുടെ കൈയ്യിൽ കൊടുത്തു. എന്നിട്ട് അവളുടെ കൈകൾക്ക് മുകളിൽ സ്വന്തം കൈ വച്ച് പലവട്ടം ആ ചീട്ടുകൾ കശക്കി അവയിൽ നിന്നും മൂന്നെണ്ണം വലിച്ചെടുത്തു.


ടററ്റ് കാർഡുകളുടെ ഭാഷയിൽ 'ഫോർട്ടിറ്റ്യൂഡ്' എന്ന് വിളിക്കുന്ന, സിംഹത്തിന്റെ വായ് വലിച്ചു തുറക്കുന്ന ഒരു ചെറുപ്പക്കാരിയുടെ ചിത്രമായിരുന്നു ആദ്യത്തെ ചീട്ടിൽ.  "റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ സുപ്രധാനമായ ഒരു പദ്ധതി നടപ്പിലാക്കാനുള്ള അവസരം കാണുന്നുണ്ട്..." ആ ജിപ്സി വനിത പറഞ്ഞു.


പിന്നീട് എടുത്ത ചീട്ട് 'സ്റ്റാർ' ആയിരുന്നു. ജലാശയത്തിനഅരികിൽ മുട്ടുകുത്തി നിൽക്കുന്ന പൂർണ്ണനഗ്നയായ ഒരു പെൺകുട്ടിയുടെ ചിത്രം. അവളുടെ തലയ്ക്ക് മുകളിലായി ഒരു നക്ഷത്രം. "അഗ്നിയും ജലവും ഒരേ സമയം കൂടിക്കലർന്നിരിക്കുന്നതായിട്ടാണ് ഞാൻ കാണുന്നത്... പരസ്പര വിരുദ്ധമാണെങ്കിലും സുരക്ഷിതമായിത്തന്നെ നിങ്ങൾ ഇവയിലൂടെ കടന്നു പോയിരിക്കും..."


സാറ, മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "കഴിഞ്ഞ മാസം ക്രോംവെൽ ഹോസ്പിറ്റലിൽ വച്ച് എനിക്ക് അനുഭവമുള്ളതാണ്... നേഴ്സസ് ക്വാർട്ടേഴ്സിന് മേൽ പതിച്ച ബോംബുകളും പിന്നെ തീപിടുത്തവും ഫയർ ഹോസിൽ നിന്നും എമ്പാടും ചീറ്റിയ വെള്ളവും എല്ലാം..."


മൂന്നാമത്തെ ചീട്ട് 'ഹാങ്ങ്ഡ് മാൻ' ആയിരുന്നു. "എത്ര കാലം ആ മരത്തിൽ തൂങ്ങിക്കിടന്നാലും  അവന് മാറാനാവില്ല..." അവർ പറഞ്ഞു. "തന്റെ പ്രതിബിംബത്തെ മാറ്റുവാനാവില്ല അവന്... എത്ര തന്നെ അവൻ അതിനെ ഭയപ്പെട്ടാലും... തനിയേ ഉള്ള പ്രയാണം... അതാണ് നിങ്ങളുടെ വിധി... ദൗർഭാഗ്യവും കഷ്ടകാലവുമാണ് എന്നും‌ നിങ്ങളുടെ കരുത്ത്... അന്വേഷിച്ച് പോകാതിരുന്നാൽ സ്നേഹം നിങ്ങളെ തേടിയെത്തുന്നത് കാണാം... അതാണ്‌ നിങ്ങൾ പഠിച്ചിരിക്കേണ്ട പാഠം..."


"ഇനി നിങ്ങളുടെ ഭാവി..." മാർട്ടിനോയെ നോക്കി സാറ പറഞ്ഞു. 


"ഇദ്ദേഹത്തോട് പറയാനായി ഇദ്ദേഹത്തിന് അറിയാത്തതായി ഒന്നും തന്നെയില്ല എന്റെ പക്കൽ..." ചീട്ടുകളെല്ലാം അടുക്കി വച്ചുകൊണ്ട് ആ ജിപ്സി വനിത പറഞ്ഞു.


"സത്യം..." ഒരു പൗണ്ടിന്റെ നോട്ട് മേശപ്പുറത്ത് വച്ചിട്ട് മാർട്ടിനോ എഴുന്നേറ്റു. "വാ, പോകാം നമുക്ക്..."


"നിങ്ങൾ ദ്വേഷ്യത്തിലാണോ...?" ആ തിരക്കിനിടയിലൂടെ പബ്ബ് ലക്ഷ്യമാക്കി നടക്കവെ അവൾ ചോദിച്ചു.


"ഞാനെന്തിന് ദ്വേഷ്യപ്പെടണം...?"


"അതെല്ലാം ഒരു തമാശയായി കണ്ടാൽ മതി... ഒന്നും കാര്യമാക്കണ്ടെന്നേ..."


"അല്ലെങ്കിൽ ഞാനെല്ലാം കാര്യമായിട്ടാണല്ലോ എടുക്കുന്നത്..." 


ബാറിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും നെരിപ്പോടിനരികിലായി ഏതാനും സീറ്റുകൾ അവർ തരപ്പെടുത്തി. അവൾക്ക് ഒരു ബിയറും തനിക്ക് ഒരു സ്കോച്ചും ഓർഡർ ചെയ്തിട്ട് അദ്ദേഹം ചോദിച്ചു. "വെൽ, കേട്ടിടത്തോളം ഈ ദൗത്യത്തെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം...?"


"ക്രോംവെൽ ഹോസ്പിറ്റലിലെ വാർഡുകളിൽ ജോലിയെടുക്കുന്നതിനേക്കാൾ രസകരമായിരിക്കുമെന്ന് തോന്നുന്നു..."


"സാഹചര്യം ഇതല്ലായിരുന്നുവെങ്കിൽ നിന്നെ ആറാഴ്ച്ചത്തെ ട്രെയിനിങ്ങിന് അയക്കുമായിരുന്നു...." മാർട്ടിനോ പറഞ്ഞു. "സ്കോട്ടിഷ് മലനിരകളിലെ കഠിന പരിശീലനം... പിന്നെ ആയുധങ്ങൾ ഏതുമില്ലാതെയുള്ള പോരാട്ടങ്ങൾ... വെറും കൈ കൊണ്ട് ശത്രുവിനെ കൊല്ലുവാൻ പന്ത്രണ്ട് തരത്തിലുള്ള വിദ്യകൾ..."


"അത് ഭീകരമായിരിക്കുമല്ലോ..."


"പക്ഷേ, നൂറ് ശതമാനവും ഫലപ്രാപ്തിയുള്ളത്... ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഏജന്റിനെ ഓർമ്മ വരുന്നു... ഒരു ജേർണലിസ്റ്റായ അയാൾ ദൗത്യങ്ങൾ ഇല്ലാത്ത നാളുകളിൽ പബ്ബിൽ പോലും പോകില്ലായിരുന്നു... ആരെങ്കിലുമായി വല്ല തർക്കമോ മറ്റോ ഉണ്ടായാൽ കൈപ്പിഴ എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന ഭയമായിരുന്നു അയാൾക്ക്..."


"നിങ്ങൾക്കും അതൊക്കെ അറിയാമോ...?" അവൾ ചോദിച്ചു.


"ആർക്ക് വേണമെങ്കിലും പഠിച്ചെടുക്കാവുന്നതേയുള്ളൂ... നമ്മുടെ തലച്ചോറ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം..."


കാക്കി യൂണിഫോമണിഞ്ഞ മൂന്ന് സൈനികർ ബാറിൽ ഇരിക്കുന്നുണ്ടായിരുന്നു. മദ്ധ്യവയസ്കനായ ഒരു സെർജന്റും ചെറുപ്പക്കാരായ രണ്ട് പ്രൈവറ്റുകളും. അവർ ഇരുവരും മാർട്ടിനോയെ നോക്കി പരസ്പരം എന്തൊക്കെയോ പറഞ്ഞ് തലതല്ലി ചിരിക്കുന്നുണ്ടായിരുന്നു. ഗ്ലാസ് വീണ്ടും നിറച്ച് കൗണ്ടറിൽ നിന്നും തിരിഞ്ഞ മാർട്ടിനോയുടെ കൈയ്യിൽ അവരിലൊരുവൻ കരുതിക്കൂട്ടി യാദൃച്ഛികമെന്നോണം തട്ടി. അദ്ദേഹത്തിന്റെ ഗ്ലാസ്സിൽ നിന്നും അല്പം സ്കോച്ച് പുറത്തേക്ക് തുളുമ്പി.


"കുറച്ചു കൂടി ശ്രദ്ധ വേണം സുഹൃത്തേ..." പരിഹാസ സ്വരത്തിൽ അയാൾ മാർട്ടിനോയോട് പറഞ്ഞു.


"അങ്ങനെ തോന്നിയെങ്കിൽ ഞാനെന്ത് പറയാൻ..." മാർട്ടിനോ ചിരിച്ചു. അതു കണ്ട സെർജന്റ് ആ ചെറുപ്പക്കാരന്റെ കൈയ്യിൽ തോണ്ടി എന്തോ മന്ത്രിച്ചു.


തിരികെ വന്ന് ഇരുന്നതും സാറ ചോദിച്ചു. "നിങ്ങൾക്ക് സിഗ്‌മണ്ട് ഫ്രോയ്ഡിനെ പരിചയമുണ്ടെന്ന് ജാക്ക് കാർട്ടർ പറഞ്ഞല്ലോ..."


1939ൽ മരണമടയുന്നതിന് മുമ്പ് ലണ്ടനിൽ വച്ചാണ് അദ്ദേഹത്തെ അവസാനമായി ഞാൻ സന്ധിച്ചത്..."


"അദ്ദേഹത്തിന്റെ സൈക്കോ അനാലിസിസ് തിയറിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ...?"


"എല്ലാം ലൈംഗികതയിലേക്കാണ് എത്തിച്ചേരുന്നത് എന്ന നിഗമനമാണോ.. .? ദൈവത്തിനറിയാം... സ്വന്തം കാര്യത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് ഈ കാഴ്ച്ചപ്പാടുമായി അദ്ദേഹത്തിന് നേരിടേണ്ടി വന്നത്... കാൾ യുങ്ങിനോടൊപ്പം അമേരിക്കയിൽ ഒരു ലെക്ച്ചർ പ്രോഗ്രാമിന് പോയപ്പോൾ ഒരു ദിവസം അദ്ദേഹം യുങ്ങിനോട് പറയുകയുണ്ടായി, തന്റെ സ്വപ്നങ്ങളിൽ സ്ഥിരമായി വേശ്യകൾ എത്തുന്നു എന്ന്... അത് കേട്ട യുങ്ങ് ചോദിച്ചത്, എങ്കിൽ പിന്നെ ഒരു ദിവസം അവരുടെ അടുത്ത് പൊയ്ക്കൂടേ എന്നാണ്... ഫ്രോയ്ഡ് ഞെട്ടിപ്പോയി... 'പക്ഷേ, ഞാൻ ഒരു വിവാഹിതൻ അല്ലേ' എന്നാണ്‌ അദ്ദേഹം ചോദിച്ചത്..."


"അത് കലക്കി..." അവൾ പൊട്ടിച്ചിരിച്ചു.


"പ്രശസ്ത ചിന്തകരെക്കുറിച്ച് പറയുകയാണെങ്കിൽ, ബെർട്രന്റ് റസ്സലുമായി അടുത്ത പരിചയമുണ്ടായിരുന്നു എനിക്ക്... സ്ത്രീകളോട് അദമ്യമായ താല്പര്യമായിരുന്നു അദ്ദേഹത്തിന്... കിടക്ക പങ്കിടുന്നത് വരെ ഒരു സ്ത്രീയെയും ഒരിക്കലും ശരിയായി മനസ്സിലാക്കാനാവില്ല എന്ന സ്വന്തം തിയറി വച്ചാണ്‌ അദ്ദേഹം അതിനെ ന്യായീകരിച്ചിരുന്നത്..."


"അത് അത്ര ഫിലോസഫിക്കൽ ആയി എനിക്ക് തോന്നുന്നില്ല..." അവൾ പറഞ്ഞു. "മറിച്ച് നേർ വിപരീതമാണ് സത്യാവസ്ഥ..."


അവൾ എഴുന്നേറ്റു. "ഒരു മിനിറ്റ്... ഞാൻ ഇപ്പോൾ വരാം..."


അവൾ ക്ലോക്ക്റൂമിന് നേർക്ക് നടന്നു. അത് ശ്രദ്ധിച്ച ആ മൂന്ന് സൈനികരും മാർട്ടിനോയെ ഒന്ന് നോക്കിയിട്ട് എന്തോ പറഞ്ഞ് ഉറക്കെ ചിരിച്ചു. അവൾ തിരിച്ചു വരവെ, നേരത്തെ മാർട്ടിനോയുടെ കൈയ്യിൽ തട്ടിയ ആ സൈനികൻ അവളുടെ കൈയ്യിൽ കയറിപ്പിടിച്ചു. അവൾ കുതറി മാറാൻ ശ്രമിക്കവെ മാർട്ടിനോ ചാടിയെഴുന്നേറ്റ് ആ ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ട് കുതിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


20 comments:

  1. ആദ്യം എത്തിയത് ഞാൻ ആണോ...

    ReplyDelete
  2. (രണ്ടാമത് എത്തിയത് ഞാൻ ആണോ..)

    അടി ചോദിച്ച് മേടിക്കാനും വേണം മിടുക്ക് !!

    ReplyDelete
    Replies
    1. അതെ... അടുത്ത ലക്കത്തിൽ കാണാം അവൻ ഏത് ഷെയ്പ്പിൽ ആയിരിക്കുമെന്ന്...

      Delete
  3. ചീട്ട് നോക്കി ഭാവി പറയുന്നത് രസകരം ആയിട്ടുണ്ട്.

    ReplyDelete
    Replies
    1. നമ്മുടെ തത്തമ്മ ജ്യോതിഷം പോലെ...

      Delete
  4. ചീട്ടു നോക്കി പറഞ്ഞതൊക്കെ ശരിയാണെന്ന് തോന്നുന്നല്ലോ.മാർട്ടിനോയുടെ കൈയിൽ നിന്നു മേടിച്ചെടുത്തേ ആ വിഢി അടങ്ങു

    ReplyDelete
    Replies
    1. മാർട്ടിനോ ആരാണെന്ന് അവർക്കറിയില്ലല്ലോ...

      Delete
  5. അടിപൊളി.. അടി തുടങ്ങട്ടെ..

    ReplyDelete
    Replies
    1. അടി തുടങ്ങാൻ നേരം ഓടിയെത്തിയല്ലോ ലംബൻ... :)

      Delete
  6. എല്ലാരും നേരത്തെ എത്തിയ സ്ഥിതിക്ക്‌ ഒന്നുറപ്പായി..തല്ക്കാലം ഞാനാണ് അവസാനം എത്തിയത്..
    തല്ലു തുടങ്ങട്ടെ ... സാറ കൊച്ചു ഹാപ്പി ആയി ഇരിക്കുന്നത് കണ്ടാൽ മതി ..

    എന്നാലും..കാര്യങ്ങൾ ഒക്കെ കേട്ടിട്ട് എനിക്ക് ഇത്തിരി ഫിലോസഫി പടിച്ചാലൊന്നാ ..

    ReplyDelete
    Replies
    1. ബെർട്രന്റ് റസ്സലിന്റെ ശിഷ്യത്വം സ്വീകരിക്കാനായിരിക്കും...? :)

      Delete
  7. എന്നുച്ചാല് സൈക്കോളജി

    ReplyDelete
    Replies
    1. മനസ്സിലായി മനസ്സിലായി... :)

      Delete
  8. കൊർച്ച് ദെവ്സായി ഒരു ഒച്ചയും ബഹ്ളവും ഇല്ലാണ്ടിരിക്കാർന്നു.. അപ്പോ നി തൊടങ്ങാ..ല്ലേ...?

    ReplyDelete
    Replies
    1. ആഹാ, അശോകേട്ടനും എത്തിയോ അടി കാണാൻ...?

      Delete
  9. എന്തായാലും ലാസ്റ്റവസാനം ഞാനാണ് എത്തിയെതെന്ന് ഉറപ്പായി ...

    ReplyDelete
  10. ഒരടിക്കുള്ള കോളൊത്തിട്ടുണ്ടെന്നാണല്ലോ കേളപ്പെട്ടാ കേട്ടത്..... 😜

    ReplyDelete