Saturday, September 4, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 37

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


"ഇത് കുറച്ച് കൂടിപ്പോയി..." മാർട്ടിനോ ആ സൈനികനോട് പറഞ്ഞു.


"അത് പറയാൻ നിങ്ങളാരാണ്...? ഇവളുടെ തന്തയോ...?" അവൻ ചോദിച്ചു.


മാർട്ടിനോ അവന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ച് ഒരു പ്രത്യേക മർമ്മസ്ഥാനത്ത് അമർത്തി. സ്കോട്ട്‌ലണ്ടിലെ അരിസെയ്ഗിൽ വച്ച് ട്രെയിനിങ്ങ് കാലത്ത് ഇൻസ്ട്രക്ടർ പഠിപ്പിച്ചു കൊടുത്ത 'സൈലന്റ് കില്ലിങ്ങ്' എന്ന വിദ്യ. ആ യുവാവ് വേദന കൊണ്ട് പുളഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന സെർജന്റ് പറഞ്ഞു. "അവനെ വിട്ടേക്കൂ... ഒരു തമാശ എന്നതിനപ്പുറം ദുരുദ്ദേശ്യം ഒന്നുമുണ്ടായിരുന്നില്ല അവന്..."


"ഉം, അതെനിക്ക് മനസ്സിലായി..." 


സാറയെയും കൂട്ടി ടേബിളിനരികിലേക്ക് നടക്കവെ അവൾ പറഞ്ഞു. "പെട്ടെന്നായിരുന്നല്ലോ നിങ്ങളുടെ ഇടപെടൽ..."


"ഇടപെടണമെന്ന് തോന്നിയാൽ ഞാൻ ഇടപെട്ടിരിക്കും... അയാം എ വെരി എക്സിസ്റ്റൻഷ്യലിസ്റ്റ് പേഴ്സൺ..."


"എക്സിസ്റ്റൻഷ്യലിസ്റ്റ്...?" അവൾ പുരികം ചുളിച്ചു. "മനസ്സിലായില്ല എനിക്ക്..."


"ഓ, അതോ... പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് എന്റെയൊരു സുഹൃത്തിന്റെ പുതിയൊരു കാഴ്ച്ചപ്പാട്... ജോൺ പോൾ സാർത്ര് എന്നാണ് ആ ഫ്രഞ്ച് എഴുത്തുകാരന്റെ പേര്... മൂന്ന് വർഷം മുമ്പ് പാരീസിൽ ഒളിവിൽ കഴിയവെ ഏതാനും ആഴ്ച്ചകൾ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിലായിരുന്നു ഞാൻ താമസിച്ചത്... പ്രതിരോധ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം..."


"പക്ഷേ എന്താണതിന്റെ അർത്ഥം...?"


"അസ്തിത്വവാദം എന്ന് പറയും... വളരെ വിശാലമാണത്... എനിക്കതിൽ ഇഷ്ടപ്പെട്ടത് എന്താണെന്ന് വച്ചാൽ, പ്രവൃത്തിയിലൂടെ നിങ്ങൾക്ക് വേണ്ടുന്ന മൂല്യങ്ങൾ സ്വയം സൃഷ്ടിച്ചെടുത്ത് ജീവിതത്തിലെ ഓരോ നിമിഷവും പരമാവധി ആസ്വദിച്ച് ജീവിക്കുക..."


"ആ രീതിയിലായിരുന്നോ കഴിഞ്ഞ നാല് വർഷമായി നിങ്ങളുടെ ജീവിതം...?"


"എന്ന് പറയാം... എനിക്ക് വേണ്ടി സാർത്ര് അത്  വരികളിലാക്കി എന്ന് പറയാം..." ഓവർകോട്ട് ധരിക്കാൻ അവളെ സഹായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. "വരൂ, നമുക്ക് ഇറങ്ങാം..."


പുറത്ത് ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. ബ്ലാക്കൗട്ട് റെഗുലേഷൻ ഉള്ളതുകൊണ്ട് സ്റ്റാളുകളിൽ പലതും അടച്ചു തുടങ്ങിയിരിക്കുന്നു. എങ്കിലും സംഗീതത്തിന്റെയും ആഹ്ലാദാരവങ്ങളുടെയും അലകൾ അങ്ങിങ്ങായി ഉയരുന്നുണ്ടായിരുന്നു. വിജനമായ പാർക്കിങ്ങ് ഏരിയയിലൂടെ കാറിനടുത്തേക്ക് നടക്കവെ ആരോ ഓടി വരുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ മാർട്ടിനോ കണ്ടത് അവർക്ക് നേരെ ഓടിയടുക്കുന്ന ആ രണ്ട് യുവ സൈനികരെയാണ്. പബ്ബിന്റെ പിൻവാതിലിലൂടെ പുറത്ത് വന്ന സെർജന്റ് അവരെ നിരീക്ഷിച്ചു കൊണ്ട് പോർച്ചിൽ നിലയുറപ്പിച്ചു. 


"അങ്ങനെയങ്ങ് പോകാൻ വരട്ടെ..." ബാറിൽ വച്ച് പ്രശ്നമുണ്ടാക്കിയ ആ സൈനികൻ പറഞ്ഞു. "നമ്മൾ തമ്മിലുള്ള കണക്ക് തീർത്തിട്ടില്ലല്ലോ... നിങ്ങൾ ഒരു പാഠം പഠിക്കാനുണ്ട്..."


"ഓഹോ, അങ്ങനെയാണോ...?" മാർട്ടിനോ ആരാഞ്ഞു.


മുഖത്തിടിക്കാനായി കുതിച്ചെത്തിയ അവന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ച മാർട്ടിനോ അതൊന്ന് തിരിച്ച് മുകളിലേക്കാക്കി ഷോൾഡർ ലോക്ക് ചെയ്തു. പേശികൾ പൊട്ടുന്ന അസഹനീയമായ വേദനയാൽ അവൻ നിലവിളിച്ചു. അതു കണ്ട് പരിഭ്രാന്തനായ രണ്ടാമത്തെ സൈനികൻ നിലവിളിയോടെ പിറകോട്ട്  മാറി. മാർട്ടിനോ അവന്റെ സുഹൃത്തിനെ നിലത്തേക്ക് ഇടവെ പോർച്ചിൽ നിന്നിരുന്ന സെർജന്റ് കോപാകുലനായി അദ്ദേഹത്തിന് നേരെ പാഞ്ഞടുത്തു.


"യൂ ബാസ്റ്റഡ്...!" അയാൾ അലറി.


"ഞാനല്ല, ഇത് ഇത്രത്തോളം എത്തിച്ച നിങ്ങളാണ് ബാസ്റ്റഡ്..." മാർട്ടിനോ തന്റെ ഐഡന്റിറ്റി കാർഡ് പുറത്തെടുത്തു. "ഇതാ, ഇതൊന്ന് കണ്ടോളൂ..."


സെർജന്റിന്റെ മുഖം വിളറി. "കേണൽ...! സർ..." കാലുകൾ അമർത്തി ചവിട്ടി അയാൾ അറ്റൻഷനായി നിന്നു.


"ദാറ്റ്സ് ബെറ്റർ... പിന്നെ, ഇവന് ഒരു  ഡോക്ടറുടെ ആവശ്യം വേണ്ടി വരും... ആരോഗ്യനില മെച്ചപ്പെടുമ്പോൾ ഇവനോട് ചോദിക്കണം, സ്വയം ചില പാഠങ്ങളൊക്കെ പഠിച്ചിട്ടുണ്ടാവുമല്ലോ അല്ലേ എന്ന്... അടുത്ത തവണ മരണമായിരിക്കും അവനെ കാത്തിരിക്കുന്നതെന്നും പറഞ്ഞേക്കൂ..."


കാറെടുത്ത് മുന്നോട്ട് നീങ്ങവെ അവൾ ചോദിച്ചു. "രണ്ടാമതൊരു വട്ടം ചിന്തിക്കുക പോലുമില്ല അല്ലേ നിങ്ങൾ...?"


"എന്ത് കാര്യത്തിൽ...?"


"എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട് ജാക്ക് കാർട്ടർ എന്താണ് ഉദ്ദേശിച്ചതെന്ന്... കൊല്ലുക എന്നത് നിങ്ങളുടെ ഒരു ജന്മവാസന തന്നെ ആണെന്ന് എനിക്ക് തോന്നുന്നു..."


"വാക്കുകൾ..." അദ്ദേഹം പറഞ്ഞു. "തലയ്ക്കുള്ളിലാണ്‌ തന്ത്രങ്ങൾ അത്രയും... വർഷങ്ങളായി എന്റെ പക്കൽ ഉള്ളത് അത് മാത്രമാണ്... വാക്കുകളും ആശയങ്ങളും മാത്രം... അതവിടെ നിൽക്കട്ടെ, നമുക്ക് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരാം... കറുത്ത സാറ്റിൻ വേഷവും നിറം മാറ്റിയ മുടിയും വച്ചുള്ള ഈ കളികളൊക്കെ അവസാനിപ്പിക്കാം... പിടിയിലകപ്പെടുന്ന വനിതകളായ ഏജന്റുമാരെ ഗെസ്റ്റപ്പോയുടെ ഭടന്മാർ ആദ്യമായി എന്താണ് ചെയ്യുക എന്ന് നിനക്കറിയാമോ...?"


 "നിങ്ങളത് പറയാൻ പോകുകയാണല്ലോ എന്നോട്..."


"നിരവധി തവണ ബലാത്സംഗം ചെയ്യുക... അതുകൊണ്ടും ഫലമില്ലെങ്കിൽ പിന്നെ അടുത്തത് ഇലക്ട്രിക്ക് ഷോക്ക് നൽകുക എന്നതാണ്... ബെർലിനിൽ എനിക്കൊരു ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു... ജൂതവംശജയായിരുന്നു അവൾ..."


"എനിക്കറിയാം... അവരെക്കുറിച്ചും കാർട്ടർ പറഞ്ഞിരുന്നു..."


"പ്രിൻസ് ആൽബ്രസ്ട്രാസയിലെ ഗെസ്റ്റപ്പോ സെല്ലുകളിൽ വച്ച് അവളെ എങ്ങനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നതോ...?" അദ്ദേഹം തലയാട്ടി. "അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയില്ല... കഴിഞ്ഞ നവംബറിൽ ഞാൻ കൊലപ്പെടുത്തിയ ലിയോൺസിലെ ഗെസ്റ്റപ്പോ തലവൻ കോഫ്‌മാൻ ആയിരുന്നു 1938 ൽ റോസയുടെ മരണത്തിന്‌ ഉത്തരവാദി എന്ന് കാർട്ടറിന് അറിയില്ല..."


"എനിക്കിപ്പോൾ മനസ്സിലാവുന്നു..." മൃദുസ്വരത്തിൽ അവൾ പറഞ്ഞു. "തീർത്തും വ്യത്യസ്തനാണ് നിങ്ങൾ എന്ന് സെർജന്റ് കെല്ലി പറഞ്ഞത് ശരിയായിരുന്നു... കോഫ്‌മാനോടുള്ള പക വർഷങ്ങളോളം നിങ്ങൾ ഉള്ളിൽ കൊണ്ടു നടന്നു... ഒടുവിൽ പ്രതികാരം ചെയ്തു കഴിഞ്ഞപ്പോൾ നിങ്ങൾ തിരിച്ചറിഞ്ഞു, അതുകൊണ്ട് യാതൊന്നും നിങ്ങൾ നേടിയില്ല എന്ന്..."


"അതിബുദ്ധിമാന്മാരാണ് നമ്മളെന്നാണ് വിചാരം..." നിർവ്വികാരനായി അദ്ദേഹം ചിരിച്ചു. "അവിടെ ചെന്ന് ഗെസ്റ്റപ്പോകളുമായി ഏറ്റുമുട്ടി വിജയിക്കുക എന്നത് എൽസ്ട്രീ സ്റ്റുഡിയോയിൽ നമ്മൾ നിർമ്മിക്കുന്ന ചലച്ചിത്രങ്ങളിലേത് പോലെ എളുപ്പമുള്ള കാര്യമൊന്നുമല്ല... അമ്പത് മില്യൺ ജനങ്ങളുണ്ട് ഫ്രാൻസിൽ... അതിൽ പ്രതിരോധ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്നവർ എത്ര പേരുണ്ടാകുമെന്ന് നിനക്കറിയുമോ...?"


"ഇല്ല..."


"രണ്ടായിരം, സാറാ... വെറും രണ്ടായിരം മാത്രം..." തീർത്തും നിരാശനായിരുന്നു അദ്ദേഹം. "എനിക്കറിയില്ല, ഇവർ ഇത്ര വേവലാതിപ്പെടുന്നത് എന്തിനാണെന്ന്..."


"അപ്പോൾ നിങ്ങൾ വേവലാതിപ്പെടുന്നതോ...? റോസയ്ക്ക് വേണ്ടിയോ നിങ്ങളുടെ മുത്തശ്ശന് വേണ്ടിയോ മാത്രം അല്ലെന്നത് തീർച്ച..." അദ്ദേഹം പെട്ടെന്ന് തിരിഞ്ഞത് ശ്രദ്ധിച്ച അവൾ തുടർന്നു. "ഓ, യെസ്, അതേക്കുറിച്ചും ഞാനറിഞ്ഞു..."


നീണ്ട നിശ്ശബ്ദത. പിന്നെ സിഗരറ്റ് പാക്കറ്റ് തുറന്നിട്ട് അദ്ദേഹം ചോദിച്ചു. "ഒരെണ്ണം രുചിച്ചു നോക്കുന്നോ...? ദുശ്ശീലമൊക്കെത്തന്നെ... എങ്കിലും ഇതുപോലുള്ള പ്രശ്നങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ചെറിയൊരു ആശ്വാസമാണ്..."


"ഓൾറൈറ്റ്..." അവൾ ഒരു സിഗരറ്റ് വലിച്ചെടുത്തു.


മാർട്ടിനോ അതിന്റെ തുമ്പിൽ തീ കൊളുത്തി കൊടുത്തു. "ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല... 1917 ൽ ഹാർവാർഡിലേക്ക് പോകേണ്ടതായിരുന്നു ഞാൻ... അപ്പോഴാണ് അമേരിക്ക യുദ്ധത്തിൽ പങ്കു ചേർന്നത്... എനിക്കന്ന് പതിനേഴ് വയസ്സ്... ഔദ്യോഗികമായി പ്രായപൂർത്തിയാകാത്തവൻ... എങ്കിലും ഒരു ആവേശത്തിന് സൈന്യത്തിൽ ചേർന്നു... ചെന്നു പെട്ടതോ, ഫ്ലാൻഡേഴ്സിലെ ട്രെഞ്ചുകളിൽ..." അദ്ദേഹം തലയാട്ടി. "ഈ ഭൂമിയിൽ നരകം എന്ന് എന്തിനെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ അതായിരുന്നു ഫ്ലാൻഡേഴ്സിലെ ട്രെഞ്ചുകൾ... എത്ര പേർ കൊല്ലപ്പെട്ടു എന്നതിന് കണക്ക് പോലുമില്ല..."


"വല്ലാത്തൊരു അവസ്ഥ തന്നെയായിരുന്നിരിക്കണം..." അവൾ ദുഃഖം പ്രകടിപ്പിച്ചു.


"എന്നാൽ, ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു ഞാനവിടെ... മനസ്സിലാവുന്നുണ്ടോ നിനക്ക്...? ഒരു വർഷത്തെ സാധാരണ ജീവിതവുമായി തട്ടിച്ചു നോക്കിയാൽ ഓരോ ദിവസവും പൂർണ്ണമായും ജീവിക്കുകയായിരുന്നു... അനുഭവിക്കുകയായിരുന്നു... പച്ചയായ ജീവിതം... ത്രസിപ്പിക്കുന്ന ജീവിതം... രക്തരൂഷിതമായ ജീവിതം... സത്യം പറഞ്ഞാൽ എനിക്ക് മതിയായില്ലായിരുന്നു..."


"മയക്കുമരുന്ന് എന്ന പോലെ...?"


"എക്സാക്റ്റ്‌ലി... ചില കവിതകളിലെ നായകന്മാരെ പോലെയായിരുന്നു ഞാൻ... യുദ്ധഭൂമിയിൽ എന്നും മരണം തേടി നടന്നവൻ... അവിടെ നിന്നുമാണ് ക്ലാസ് റൂമുകളും പുസ്തകങ്ങളും നിറഞ്ഞ ഹാർവാർഡിന്റെയും ഓക്സ്ഫഡിന്റെയും ക്യാമ്പസ്സുകളിലെ സുരക്ഷിതത്വത്തിലേക്ക് എനിക്ക് തിരിച്ചു പോകേണ്ടി വന്നത്..."


"അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ വീണ്ടും യുദ്ധം വന്നു..."


"അതെ... ഒരു നാൾ ഡോഗൽ മൺറോ വന്ന് എന്നെ വീണ്ടും യഥാർത്ഥ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി... പിന്നെയുള്ള ചരിത്രമെല്ലാം നീ കേട്ടത് പോലെ തന്നെ..."


                                 ***


ജാലകച്ചില്ലിൽ താളം പിടിക്കുന്ന മഴത്തുള്ളികളുടെ ഈണം കേട്ട് ഒരു സിഗരറ്റും ആസ്വദിച്ച് കട്ടിലിൽ കിടക്കവെ ആരോ വാതിൽ തുറക്കുന്ന ശബ്ദം അദ്ദേഹം കേട്ടു. 


"പരിഭ്രമിക്കണ്ട, ഞാനാണ്..." സാറ പറഞ്ഞു.


"റിയലി...?" മാർട്ടിനോ ചോദിച്ചു.


ഓവർകോട്ട് ഊരി മാറ്റി അവൾ അദ്ദേഹത്തിനരികിലേക്ക് കയറി കിടന്നു. ഒരു കോട്ടൺ നൈറ്റ് ഡ്രെസ്സ് ആയിരുന്നു അവൾ ധരിച്ചിരുന്നത്. അദ്ദേഹം അവളെ തന്നോട് ചേർത്ത് പിടിച്ചു.


"ഹാരീ..." അവൾ മന്ത്രിച്ചു. "ഞാൻ ഒരു കുറ്റസമ്മതം നടത്തിക്കോട്ടെ...?"


"അതാണ് നിന്റെ ആഗ്രഹമെങ്കിൽ..."


"മറ്റെല്ലാവരെയും പോലെ നിങ്ങളും വിചാരിക്കുന്നുണ്ടാകും, ഒരു മദ്ധ്യവർഗ്ഗ കുടുംബത്തിൽ നിന്നുമുള്ള പനിനീർ പുഷ്പം പോലത്തെ കന്യകയാണ്‌ ഞാനെന്ന്... പക്ഷേ, അങ്ങനെയല്ല..."


"ശരിക്കും...?"


"അതെ... കഴിഞ്ഞ വർഷം ഹോസ്പിറ്റലിൽ വച്ച് ഞാനൊരു സ്പിറ്റ്ഫയർ പൈലറ്റിനെ പരിചയപ്പെടാനിടയായി... കണങ്കാലിൽ ഏറ്റ ഒരു പരുക്കിന്റെ ചികിത്സയുമായി ബന്ധപെട്ടായിരുന്നു അവൻ വന്നത്..."


"അങ്ങനെ ഒരു യഥാർത്ഥ പ്രണയം മൊട്ടിട്ടു...?"


"എന്ന് പറയാൻ പറ്റില്ല... അന്യോന്യമുള്ള ലൈംഗികാകർഷണം ആയിരുന്നുവെന്ന് വേണമെങ്കിൽ പറയാം... പക്ഷേ, നല്ലൊരു പയ്യനായിരുന്നു... അതുകൊണ്ട് തന്നെ ആ ബന്ധത്തിൽ ഞാൻ പശ്ചാത്തപിക്കുന്നുമില്ല... മൂന്ന് മാസം മുമ്പ് ഇംഗ്ലീഷ് ചാനലിന്‌ മുകളിൽ വച്ച് അവന്റെ വിമാനം ശത്രുക്കൾ വെടിവെച്ചിട്ടു..."


അവൾ വിതുമ്പുവാൻ തുടങ്ങി, നഷ്ടമായതൊന്നും തിരികെ വരില്ല എന്നറിയാമെങ്കിലും... വാക്കുകൾ നഷ്ടമായ മാർട്ടിനോ ആ ഇരുട്ടിൽ അവളെ തന്നോട് ചേർത്തു പിടിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


16 comments:

  1. മാർട്ടീനോ ഒരു സാഹസികൻ തന്നെ. ചടുലമായ നീക്കങ്ങൾ നടത്തുന്ന എക്സിസ്റ്റൻഷ്യലിസ്റ്റ്. റിയൽ ഹീറോയിസം

    ReplyDelete
    Replies
    1. അതെ... എന്തും വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടിൽ നെഞ്ചും വിരിച്ച് നടക്കുന്നവൻ...

      Delete
  2. സത്യം. നഷ്ടമായത് ഒന്നും തിരികെ വരില്ല.

    ReplyDelete
  3. അതെ നഷ്ടപ്പെടാതെ നോക്കണം ..എന്തും..

    ReplyDelete
    Replies
    1. അതെ ഉണ്ടാപ്രീ... കണ്ണുള്ളപ്പോൾ അതിന്റെ വിലയറിയില്ല...

      Delete
  4. ഇന്നത്തെ തലവാചകം.
    "നഷ്ടമായതൊന്നും തിരികെ വരില്ലന്ന് അറിയണം''

    ReplyDelete
    Replies
    1. കരയിപ്പിക്കല്ലേ അശോകേട്ടാ...

      Delete
  5. നഷ്ടമായതൊന്നും തിരികെ വരില്ലെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടാൽ പിന്നെയുണ്ടാവുന്ന നഷ്ടങ്ങളൊന്നും നഷ്ടങ്ങളാവില്ല..!!

    ReplyDelete
  6. മാർട്ടിനോയുടെയും സാറയുടെയും പാസ്റ് ദുഃഖം നിറക്കുന്നു. നഷ്ടങ്ങൾ..... 😪😪

    ReplyDelete
  7. അസ്തിത്വവാദം എന്നതിന്റെ അർത്ഥം പൊളിച്ചു ...
    ''പ്രവൃത്തിയിലൂടെ നിങ്ങൾക്ക് വേണ്ടുന്ന മൂല്യങ്ങൾ സ്വയം സൃഷ്ടിച്ചെടുത്ത് ജീവിതത്തിലെ ഓരോ നിമിഷവും പരമാവധി ആസ്വദിച്ച് ജീവിക്കുക..."

    ReplyDelete
  8. എന്തെങ്കിലുമാകട്ടെ

    ReplyDelete