Friday, September 17, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 38

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തൊട്ടടുത്ത ദിവസം മദ്ധ്യാഹ്നം. ഫ്രാൻസിലെ ഫെർമൻവിലായിൽ തമ്പടിച്ചിരിക്കുകയാണ്‌ ജർമ്മൻ സൈന്യത്തിന്റെ പതിനഞ്ചാം കോസ്റ്റൽ ആർട്ടിലറി ബാറ്ററി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ കോൺക്രീറ്റ് പാരപ്പെറ്റിൽ ചാരിക്കിടന്ന് ഒരു സിഗരറ്റ് ആസ്വദിച്ചു കൊണ്ടിരിക്കവെയാണ് നരച്ച വെയിലിൽ റോഡിലൂടെ അങ്ങോട്ട് വന്നു കൊണ്ടിരിക്കുന്ന‌ ഒരു കറുത്ത മെഴ്സെഡിസ് കാർ, സെർജന്റ് കാൾ ഹേഗന്റെ ശ്രദ്ധയിൽപ്പെട്ടത്. അകമ്പടി വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പ്രമുഖ വ്യക്തികളൊന്നും ആവാൻ സാദ്ധ്യതയില്ല‌. എന്നാൽ അടുത്ത നിമിഷമാണ്‌ ആ കാറിന്റെ ബോണറ്റിൽ പാറിക്കളിക്കുന്ന ചെറിയ പതാക അയാൾ ശ്രദ്ധിച്ചത്. തിരിച്ചറിയാനും മാത്രം അടുത്തല്ലായിരുന്നു എങ്കിലും ഒരു മുതിർന്ന സൈനികൻ എന്ന നിലയിൽ ആ ദൂരം ധാരാളമായിരുന്നു. നിമിഷനേരത്തിനുള്ളിൽ അയാൾ ഓപ്പറേഷൻസ് റൂമിൽ പാഞ്ഞെത്തി. യൂണിഫോമിന്റെ മുകൾഭാഗത്തെ ബട്ടൻസ് എല്ലാം തുറന്നിട്ട് ഒരു പുസ്തകവും വായിച്ചു കൊണ്ട് ചാരിക്കിടക്കുകയായിരുന്നു ബാറ്ററി കമാൻഡർ ക്യാപ്റ്റൻ റെയ്മാൻ.


"ആരോ വരുന്നുണ്ട് സർ... കണ്ടിട്ട് ഏതോ ഉന്നതനാണെന്ന് തോന്നുന്നു... മിന്നൽ പരിശോധനക്കായിരിക്കും..."


"ശരി, അലാറം മുഴക്കൂ... എല്ലാവരോടും പെട്ടെന്ന് റെഡിയാവാൻ പറയൂ..."


റെയ്മാൻ, ഷർട്ടിന്റെ ബട്ടൻസും ബെൽറ്റിന്റെ ബക്ക്‌ളും എല്ലാം ഇട്ടതിന്‌ ശേഷം തലയിലെ ക്യാപ്പ് ശരിയായ രീതിയിൽ ചരിച്ചു വച്ചു. ബാരക്കിന്റെ കവാടത്തിന് പുറത്ത് എത്തിയപ്പോഴേക്കും ആ മെഴ്സെഡിസ് കാർ അയാളുടെ സമീപം വന്നു നിന്നു. ഡ്രൈവറിന് പിന്നാലെ, പാന്റ്സിൽ സ്റ്റാഫ് സ്ട്രൈപ്സ് ഉള്ള ഒരു ആർമി മേജർ പുറത്തിറങ്ങി. ശേഷം ഇറങ്ങിയത് ലെതർ ട്രെഞ്ച് കോട്ട് ധരിച്ച് കഴുത്തിൽ വെള്ള സ്കാർഫ് അലസമായി കെട്ടി, പീക്ക് ക്യാപ്പിന് മുകളിലേക്ക് ഡെസർട്ട് ഗോഗ്‌ൾസ് ഉയർത്തി വച്ച, സാക്ഷാൽ ഫീൽഡ് മാർഷൽ ഇർവിൻ റോമൽ ആയിരുന്നു.


ഇതുപോലെ ഞെട്ടിത്തരിച്ചു പോയ ഒരവസരം റെയ്മാന്റെ ജീവിതത്തിൽ ഇതിന്‌ മുമ്പ് ഉണ്ടായിട്ടുണ്ടാവില്ല. അയാൾ പാരപെറ്റിൽ മുറുകെ പിടിച്ചു. അതേ സമയം തന്നെ സെർജന്റ് ഹേഗന്റെ ആജ്ഞകളും ക്യാമ്പിലെ സൈനികർ മാർച്ച് ചെയ്ത് മുറ്റത്തേക്ക് വരുന്ന ശബ്ദവും കേൾക്കാറായി. റെയ്മാൻ തിടുക്കത്തിൽ താഴേക്കുള്ള പടവുകൾ ഇറങ്ങി. ബാറ്ററി ലെഫ്റ്റ്നന്റുമാരായ സ്കീൽ, പ്ലാങ്ക് എന്നിവർ അപ്പോഴേക്കും തങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരുന്നു. 


നാസി സല്യൂട്ടിനെക്കാൾ റോമലിന് താല്പര്യം മിലിട്ടറി സല്യൂട്ടിനോടാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുള്ള കാര്യം മുന്നോട്ട് നീങ്ങവെ റെയ്മാന് 

ഓർമ്മ വന്നു.


"ഹെർ ഫീൽഡ് മാർഷൽ, താങ്കളുടെ സന്ദർശനം ഞങ്ങൾക്ക് ഒരു ബഹുമതി തന്നെയാണ്..." റെയ്മാൻ വിനയപൂർവ്വം പറഞ്ഞു.


"നിങ്ങളുടെ പേര്...?" കൈയ്യിലെ ബാറ്റൺന്റെ തുമ്പ് കൊണ്ട് തന്റെ ക്യാപ്പിന്റെ പീക്കിൽ പതുക്കെ തട്ടിക്കൊണ്ട് റോമൽ ചോദിച്ചു.


"റെയ്മാൻ, ഹെർ ഫീൽഡ് മാർഷൽ..."


"ഇത് മേജർ ഹോഫർ... എന്റെ അസിസ്റ്റന്റ് ആണ്..." തന്റെയൊപ്പമുള്ളയാളെ റോമൽ പരിചയപ്പെടുത്തി.


"ഫീൽഡ് മാർഷൽ എല്ലായിടവും ഒന്ന് പരിശോധിക്കുവാൻ പോകുകയാണ്... അനുബന്ധമായിട്ടുള്ള പ്രതിരോധ കേന്ദ്രങ്ങളടക്കം... ഓരോന്നായി കാണിച്ചു തരൂ..." ഹോഫർ പറഞ്ഞു.


"മേജർ, ആദ്യമായി ഈ ട്രൂപ്പിനെയാണ് ഞാൻ പരിശോധിക്കാൻ പോകുന്നത്..." റോമൽ ഹോഫറിനോട് പറഞ്ഞു. "ദുർബലനായ ഒരാൾ പോലും ഉണ്ടാകാൻ പാടില്ല... അതാണ് ഒരു ആർമിയുടെ ശക്തി... അതെപ്പോഴും ഓർമ്മ വേണം..."


"തീർച്ചയായും, ഹെർ ഫീൽഡ് മാർഷൽ..." ഹോഫർ പറഞ്ഞു.


വരിയായി നിൽക്കുന്ന സൈനികരെ ഓരോരുത്തരെയും ചെക്ക് ചെയ്തു കൊണ്ട് റോമൽ മുന്നോട്ട് നീങ്ങി. ഇടയ്ക്ക് അവിടെയും ഇവിടെയും ഒക്കെ ഒരു നിമിഷം നിന്ന് അത്യന്തം മതിപ്പ് തോന്നിയ ചിലരോടെല്ലാം ഏതാനും വാക്കുകൾ ഉരിയാടിയ ശേഷം അദ്ദേഹം തിരിഞ്ഞു. "കൊള്ളാം... അങ്ങേയറ്റം തൃപ്തികരം... വരൂ, ഇനി ബാക്കി സ്ഥലങ്ങൾ കൂടി..."


അടുത്ത ഒരു മണിക്കൂർ വിശദമായ പരിശോധനയുടേതായിരുന്നു. റെയ്മാന്റെ പിന്നാലെ കാൽനടയായി റോമലും ഹോഫറും വിവിധയിടങ്ങളിലെ പ്രതിരോധ കേന്ദ്രങ്ങൾ പരിശോധിച്ചു. റേഡിയോ റൂമുകൾ, പുരുഷന്മാരുടെ ക്വാർട്ടേഴ്സ്, ആയുധ ശാലകൾ, എന്തിനധികം, മൂത്രപ്പുരകൾ വരെ. അദ്ദേഹത്തിന്റെ നോട്ടം ചെല്ലാത്ത ഒരിടം പോലും അവശേഷിച്ചില്ല എന്ന് പറയുന്നതായിരിക്കു ശരി.


"എക്സലന്റ്, റെയ്മാൻ..." അദ്ദേഹം പറഞ്ഞു. "ഫസ്റ്റ് റേറ്റ് പെർഫോമൻസ്... നിങ്ങളുടെ ഫീൽഡ് യൂണിറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇക്കാര്യം ഞാൻ പ്രത്യേകം പരാമർശിക്കുന്നതായിരിക്കും..."


സന്തോഷം കൊണ്ട് തലചുറ്റി വീഴുമോ എന്ന അവസ്ഥയിലായിരുന്നു റെയ്മാൻ. "ഹെർ ഫീൽഡ് മാർഷൽ.... എങ്ങനെ നന്ദി പറയണമെന്നറിയില്ല എനിക്ക്..."


ട്രൂപ്പിനെ അറ്റൻഷനാക്കി നിർത്തിയിട്ട്  അദ്ദേഹം ബാറ്റൺ കൊണ്ട് തന്റെ ക്യാപ്പിൽ പതുക്കെ തട്ടി. ശേഷം കാറിനുള്ളിലേക്ക് കയറി. മറുഭാഗത്തെ ഡോറിലൂടെ ഹോഫറും. ഡ്രൈവർ കാർ മുന്നോട്ടെടുക്കവെ ഡ്രൈവർക്കും അവർക്കും ഇടയിലെ ഗ്ലാസ് പാർട്ടീഷൻ ചേർത്തടച്ചിട്ടുണ്ടെന്ന് ഹോഫർ ഉറപ്പു വരുത്തി.


"എക്സലന്റ്..." ഹോഫർ പറഞ്ഞു. "ഇനിയൊരു സിഗരറ്റ് രുചിച്ചോളൂ... നിങ്ങളെ ഏൽപ്പിച്ച കാര്യം വളരെ ഭംഗിയായിത്തന്നെ നിർവ്വഹിച്ചു എന്നാണെന്റെ വിശ്വാസം, ബെർഗർ..."


"ശരിക്കും, ഹെർ മേജർ...?" ഹെയ്നി ബാം ചോദിച്ചു. "അപ്പോൾ ഈ റോളിലേക്ക് എന്നെ ഉറപ്പിച്ചോ...?"


"ഒരു പരീക്ഷ കൂടി വേണ്ടി വരുമെന്ന് തോന്നുന്നു... അല്പം കൂടി കടുത്തത്... ഒരു പക്ഷേ, ഏതെങ്കിലും ഒരു ഓഫീസേഴ്സ് മെസ്സിൽ ഡിന്നർ... അതെ, അത് നന്നായിരിക്കും... അതോടെ ജെഴ്സിയിലേക്ക് പോകാൻ നിങ്ങൾ റെഡിയായിക്കഴിഞ്ഞിരിക്കും..."


"താങ്കൾ പറയുന്നത് പോലെ..." പിറകോട്ട് ചാഞ്ഞിരുന്ന് ബാം സിഗരറ്റ് ആഞ്ഞു വലിച്ചു.


"എങ്കിൽ ശരി, വീണ്ടും ഫീൽഡ് മാർഷലിന്റെ റോളിലേക്ക്..." കോൺറാഡ് ഹോഫർ പറഞ്ഞു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


12 comments:

  1. ആർമിയുടെ ശക്തി കൂട്ടിയിട്ടും ഷാർപ് ആക്കീട്ടും എന്തിനാ... യുദ്ധം ചെയ്തു ചാവാൻ അല്ലേ 😇

    ReplyDelete
  2. ഇനി ചെറിയ കളികളില്ല, വലിയ കളികൾ മാത്രം!

    ReplyDelete
    Replies
    1. അതെ... പഴശ്ശിയുടെ കളി കാണാനിരിക്കുന്നതേയുള്ളൂ...

      Delete
  3. കടുത്ത പരിശോധന, കുറ്റമറ്റ പരിശോധന

    ReplyDelete
    Replies
    1. അതെ... പക്ഷേ ഇത് റോമലിന്റെ അപരനാണെന്ന് മാത്രം...

      Delete
  4. ഹയ്നി ബാം പൊളിച്ചല്ലോ

    ReplyDelete
  5. എത്രയെത്ര പരിശോധന കടമ്പകൾ ചാടികടന്നിട്ടും അവസാനം രാജ്യത്തിന് വേണ്ടി വീരചരമം വിധിക്കപ്പെട്ടവരാണ് ഓരൊ പോർമുഖത്തെയും പടയാളികൾ ...

    ReplyDelete
  6. അടിപൊളി. ആൾമാറാട്ടം അടിപൊളിയായി

    ReplyDelete
    Replies
    1. ഞാൻ പറഞ്ഞില്ലേ അവർ വീണ്ടും വരുമെന്ന്... സമാധാനമായല്ലോ...

      Delete