Friday, August 20, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 35

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗാലഗറിന്റെ കോട്ടേജിലെ ഫോൺ റിങ്ങ് ചെയ്യുമ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. കിച്ചണിലെ ടേബിളിനരികിൽ ഫാമിലെ കണക്കുകൾ പരിശോധിച്ചു കൊണ്ടിരുന്ന അദ്ദേഹം പെട്ടെന്ന് തന്നെ റിസീവർ എടുത്തു.


"സവരി ഹിയർ, ജനറൽ... എന്നെ ഏൽപ്പിച്ച വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ്..."


"പറയൂ..." ഗാലഗർ പറഞ്ഞു.


"ഗ്രാൻവിലായിലുള്ള എന്റെ പരിചയക്കാരൻ അവരുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടിരുന്നു... വേണ്ട നിർദ്ദേശങ്ങളുമായി ആരെങ്കിലും ഒരാൾ വ്യാഴാഴ്ച്ചയ്ക്കകം താങ്കളുടെ അടുത്ത് എത്തിച്ചേരുമെന്നാണ് അയാൾ പറയുന്നത്..."


"ഉറപ്പാണോ നിങ്ങൾക്ക്...?"


"നൂറ് ശതമാനം..."


ഫോൺ നിശ്ചലമായി. സവരി പറഞ്ഞ കാര്യത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ട് അല്പനേരം അദ്ദേഹം ഇരുന്നു. പിന്നെ എഴുന്നേറ്റ് തന്റെ പഴയ കോർഡുറോയ് ജാക്കറ്റ് എടുത്തണിഞ്ഞ് ഡു വിലാ പ്ലേസിന് നേർക്ക് നടന്നു. ഹെലൻ കിച്ചണിൽത്തന്നെ ഉണ്ടായിരുന്നു. മിസ്സിസ് വൈബർട്ടിന്റെ സഹായത്തോടെ രാത്രി ഭക്ഷണം തയ്യാറാക്കുകയിരുന്നു അവർ. ആ തെരുവിന്റെ അപ്പുറം മറ്റൊരു ഫാം കോട്ടേജിൽ അനന്തരവളോടും അവളുടെ മകളോടുമൊപ്പമാണ്‌ മിസ്സിസ് വൈബർട്ട് താമസിച്ചിരുന്നത്. അറുപത്തിയഞ്ച് വയസ്സ് പ്രായമുള്ള, നല്ലൊരു മനസ്സിനുടമയായ അവർ തന്റെ ജീവിതം ഹെലന് വേണ്ടി ഉഴിഞ്ഞു വച്ചിരിക്കുകയാണെന്ന് തോന്നും.


കൈകൾ തുടച്ചിട്ട് അവർ കതകിന് പിന്നിൽ കൊളുത്തിയിട്ടിരുന്ന കോട്ട് എടുത്തു. "ഇത്രയുമേ ഉള്ളുവെങ്കിൽ ഞാൻ ഇറങ്ങട്ടെ മിസ്സിസ് ഡു വിലാ...?"


"ശരി, നാളെ കാണാം നമുക്ക്..." ഹെലൻ പറഞ്ഞു.


"അവർക്ക് സംശയമൊന്നും ഇല്ലല്ലോ അല്ലേ...?" വാതിൽ അടഞ്ഞതും ഗാലഗർ ചോദിച്ചു.


"ഏയ്, ഇല്ല... അങ്ങനെ തന്നെയിരിക്കട്ടെ... അവരുടെ സുരക്ഷിതത്വത്തിന് ഒന്നും അറിയാതിരിക്കുന്നത് തന്നെയാണ് നല്ലതും..."


"സവരി ഇപ്പോൾ വിളിച്ചിരുന്നു... ആ ഫ്രഞ്ച് പ്രതിരോധ പ്രവർത്തകർ ലണ്ടനുമായി ബന്ധപ്പെട്ടുവത്രെ... വ്യാഴാഴ്ച്ചയോടെ ആരെങ്കിലും നമ്മുടെയടുത്ത് എത്തുമെന്ന്..."


അവൾ പെട്ടെന്ന് തിരിഞ്ഞു. "ഉറപ്പാണോ...?"


"കേട്ടിടത്തോളം ഉറപ്പിക്കാമെന്ന് തോന്നുന്നു... ആട്ടെ, കേണലിന് എങ്ങനെയുണ്ടിപ്പോൾ...?"


"ചെറിയ പനിയുണ്ട്... ഇന്നുച്ചയ്ക്ക് ജോർജ്ജ് വന്ന് കണ്ടിരുന്നു... അദ്ദേഹം തൃപ്തനാണ്... ആ പെനിസിലിൻ എന്ന മരുന്ന് കൊടുത്ത് നിരീക്ഷണത്തിലാണ്..."


"സവരി നേരത്തെ തന്നെ തിരിച്ചെത്തിയതാണ്‌ അത്ഭുതം... ഇന്ന് വൈകിട്ടേ അവിടെ നിന്ന് പുറപ്പെടൂ എന്നാണ് ഞാൻ കരുതിയിരുന്നത്..."


"മൂടൽമഞ്ഞ് ഒരു മറയായി അവർ പ്രയോജനപ്പെടുത്തിക്കാണും... ജർമ്മൻ ഓഫീസർമാരിലധികവും കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് തിരിച്ചെത്തിയിട്ടുണ്ട്..."


"അധികം പേരുമോ...?" ഗാലഗർ ചോദിച്ചു.


"രണ്ടു പേർ കൊല്ലപ്പെട്ടു... ബോഹ്‌ലെനും വെൻഡലും... രണ്ടു കപ്പലുകൾക്ക് നേരെ ഹരിക്കെയ്ന്റെ ആക്രമണം ഉണ്ടായത്രെ..."


ആ നിമിഷമാണ് ഡൈനിങ്ങ് റൂമിലേക്കുള്ള വാതിൽ തുറന്ന് ഗ്വിഡോ ഓർസിനി അങ്ങോട്ട് പ്രവേശിച്ചത്. കുളി കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ എന്നത് മുടിയിലെ നനവിൽ നിന്നും മനസ്സിലാക്കാം. ഭംഗിയുള്ള യൂണിഫോമിൽ തികച്ചും ആകർഷകത്വം തോന്നുന്ന രൂപം. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന മിലിട്ടറി വാലർ എന്ന ഇറ്റാലിയൻ സ്വർണ്ണമെഡൽ യൂണിഫോമിൽ അണിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് വിക്ടോറിയ ക്രോസ് മെഡലിന് സമാനമാണത്. നെഞ്ചിന്റെ ഇടതു ഭാഗത്ത് അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് മെഡലും അണിഞ്ഞിരിക്കുന്നു.


"ജീവനോടെയുണ്ടല്ലേ...? കപ്പലിന് നേരെ ആക്രമണമുണ്ടായെന്ന് കേട്ടു...?" ഗാലഗർ ചോദിച്ചു.


"രക്ഷപെട്ടത് ഭാഗ്യം..." ഗ്വിഡോ പറഞ്ഞു. "ഏതാനും നാവികരെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് എല്ലാവരും..." അയാൾ കൊണ്ടുവന്ന ബാഗ് മേശപ്പുറത്ത് വച്ചു. "ഗ്രാൻവിലായിൽ നിന്നും ഒരു ഡസൻ ബോട്ട്‌ൽ സാൻസിയർ കിട്ടി..."


"യൂ ആർ എ ഗുഡ് ബോയ്..." ഹെലൻ പറഞ്ഞു.


"എന്ന് തന്നെയാണ് എന്റെയും വിശ്വാസം... കണ്ടിട്ട് എങ്ങനെയുണ്ട്...? ഈ രാത്രിയിൽ ഞാനും ഒരു സുന്ദരനാണെന്ന് തോന്നുന്നില്ലേ...?"


"തീർച്ചയായും..." അവൾ പറഞ്ഞു. അവൻ തന്നെ കളിയാക്കുകയാണെന്ന് അവൾക്കറിയാമായിരുന്നു. "അല്പം വഴി തരൂ, എല്ലാവർക്കും ഉള്ള ഭക്ഷണം എടുത്തു വയ്ക്കാൻ നോക്കട്ടെ..."


ഗ്വിഡോ ഡൈനിങ്ങ് റൂമിന് നേർക്ക് നീങ്ങിയിട്ട് ഗാലഗറിനോട് പറഞ്ഞു. "ഷോൺ, ഇങ്ങ് വരൂ, ഒരു കാര്യം കാണിച്ചു തരാം..."


ഓക്ക് പലക കൊണ്ട് പാനലിങ്ങ് ചെയ്ത് മനോഹരമാക്കിയിരിക്കുന്ന ആ ഡൈനിങ്ങ് ഹാളിന് നടുവിലായി ഇട്ടിരിക്കുന്ന ടേബിളിൽ ചുരുങ്ങിയത് ഇരുപത്തിയഞ്ച് പേർക്കെങ്കിലും ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ വെറും എട്ട് നേവൽ ഓഫീസർമാർ മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. പലരും ഇടവിട്ടുള്ള കസേരകളിലാണ്‌ ഇരിക്കുന്നത്. ആളില്ലാത്ത കസേരകളുടെ മുന്നിൽ മേശപ്പുറത്ത് പ്ലേറ്റുകളിൽ മെഴുകുതിരികൾ കത്തിച്ചു വച്ചിരിക്കുന്നു. അത്തരത്തിൽ ആറ് മെഴുകുതിരികൾ ഉണ്ടായിരുന്നു അവിടെ. അന്ന് നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നാവികരെ പ്രതിനിധീകരിച്ചായിരുന്നു അവ. ആ മെസ്സിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ എത്തിയിരുന്നവർ. മൊത്തത്തിൽ ഒരു ശവസംസ്കാര ചടങ്ങിന്റെ പ്രതീതി.


"എല്ലാം കൂടി ഒരു ഷേക്സ്പീരിയൻ ട്രാജഡി ആക്കിത്തീർക്കാനാണ് ഇവരുടെ ഭാവമെന്ന് തോന്നുന്നു..." ഗ്വിഡോ ഓർസിനി പറഞ്ഞു. "സത്യം പറയാമല്ലോ, എനിക്ക് ബോറടിക്കുന്നു... ഹെലന്റെ പാചകം അല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ വരികയേ ഇല്ലായിരുന്നു... കഴിഞ്ഞ ദിവസം രാത്രിയിൽ സെന്റ് ഓബിൻസ് ബേയിൽ‌ നല്ലൊരു ബ്ലാക്ക് മാർക്കറ്റ് റെസ്റ്ററന്റ് ഞാൻ കണ്ടു പിടിച്ചു. കൂപ്പൺ ഒന്നും ഇല്ലാതെ തന്നെ ഗംഭീര ഭക്ഷണം..."


"അത് കൊള്ളാമല്ലോ... അതിന്റെ വിശദവിവരങ്ങൾ പറയൂ..." ഗാലഗർ പറഞ്ഞു. 



                    ‌‌           ***


തന്റെ രണ്ട് സഹായികൾക്കൊപ്പം സാറയെ ഒരുക്കിക്കൊണ്ടിരിക്കവെ ഇടതടവില്ലാതെ സംസാരിക്കുകയായിരുന്നു മിസ്സിസ് മൂൺ. "ഞാൻ ജോലി ചെയ്യാത്ത സ്ഥലമില്ല... ഡെൻഹാം, എൽസ്ട്രീ, പൈൻവുഡ്... മിസ് മാർഗരറ്റ് ലോക്‌വുഡിന്റെയും മിസ്റ്റർ ജയിംസ് മേസന്റെയും മെയ്ക്കപ്പ് ഞാനാണ്‌ ചെയ്ത്‌ കൊടുത്തിരുന്നത്... ഓ, അത് മാത്രമല്ല, മിസ്റ്റർ കോവാർഡിന്റെയും... തികച്ചും മാന്യനായൊരു മനുഷ്യൻ..."


ഡ്രയറിന് കീഴിൽ നിന്ന് മുടിയുണക്കി പുറത്തു വന്ന സാറയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കറുത്ത് ഇരുണ്ടിരുന്ന തന്റെ മുടി ഗോൾഡൻ ബ്ലോണ്ട് നിറത്തിൽ ആയിരിക്കുന്നു. ഹീറ്റർ ഉപയോഗിച്ച് രൂപമാറ്റം‌ നടത്തുക കൂടി ചെയ്തിട്ടുണ്ട്. ഇപ്പോൾ അവൾക്ക് മെയ്ക്കപ്പ് ഇട്ടു കൊണ്ടിരിക്കുകയാണ് മിസ്സിസ് മൂൺ. രോമങ്ങൾ പിഴുതെടുത്ത് പുരികത്തിന്റെ വീതി കുറയ്ക്കവെ അവൾക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. 


"കവിളിൽ ധാരാളം റോസ് പൗഡർ വേണം മൈ ഡിയർ... ആവശ്യത്തിലും അല്പം അധികം... ഞാൻ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലാവുന്നുണ്ടോ...? അതുപോലെ തന്നെ ലിപ്സ്റ്റിക്കിന്റെ കാര്യവും... എല്ലാം അല്പം അധികം... അതാണ് നമുക്ക് വേണ്ടത്... ഇപ്പോൾ എങ്ങനെയുണ്ടെന്ന് നോക്കൂ..."


സാറ മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി. തികച്ചും അപരിചിതമായ രൂപം. ആരാണ് ഞാൻ...? അവൾ ചിന്തിച്ചു. സാറാ ഡ്രെയ്ട്ടൻ ഈ ഭൂമിയിൽ എന്നെങ്കിലും ജീവിച്ചിരുന്നോ...? 


ഇനി നമ്മൾ പരീക്ഷിക്കാൻ പോകുന്നത് പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളാണ്... അങ്ങോട്ട് പോകുന്ന സമയത്ത് ധരിക്കേണ്ട അടിവസ്ത്രങ്ങളടക്കം എല്ലാം ഫ്രഞ്ച് നിർമ്മിതമായിരിക്കണം... പക്ഷേ, തൽക്കാലം പുറമേ കാണുന്ന വസ്ത്രങ്ങൾ മാത്രമേ മാറ്റുന്നുള്ളൂ... എങ്ങനെയിരിക്കും എന്നറിയാൻ വേണ്ടി മാത്രം..."


ഇറക്കം കുറഞ്ഞ, ഇറുകിപ്പിടിച്ച കറുത്ത സാറ്റിൻ തുണിയിലുള്ള വസ്ത്രമായിരുന്നു അത്. അത് ധരിക്കുവാൻ മിസ്സിസ് മൂൺ അവളെ സഹായിച്ചു. പിന്നിലുള്ള സിബ്ബ് മുകളിലേക്ക് വലിച്ചിട്ടിട്ട് അവർ പറഞ്ഞു. "ഈ വേഷത്തിൽ നിങ്ങളുടെ മാറിടം നന്നായി എടുത്തു കാണിക്കുന്നുണ്ട് ഡിയർ... അതിമനോഹരമായിരിക്കുന്നു..."


"അതൊന്നും എനിക്കറിയില്ല... ശ്വാസം മുട്ടുന്നു എനിക്ക്..." ഒരു ജോഡി ഹൈഹീൽഡ് ഷൂസിനുള്ളിലേക്ക് കയറിയിട്ട് അവൾ കണ്ണാടിയിൽ നോക്കി. അമർത്തി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. "ഇപ്പോൾ എന്നെ കണ്ടാൽ ലക്ഷണമൊത്ത ഒരു വേശ്യയെപ്പോലുണ്ട്..."


"വെൽ, അത് തന്നെയാണ്‌ ഈ വേഷത്തി‌ന്റെ ഉദ്ദേശ്യവും... ഇനി ചെല്ലൂ, ബ്രിഗേഡിയർ എന്ത് പറയുന്നു എന്ന് നോക്കാം..."


നെരിപ്പോടിനരികിൽ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു മൺറോയും കാർട്ടറും. "എന്റെ പേരെന്താണെന്ന് ആരും പറഞ്ഞു തന്നില്ല..." സാറ പറഞ്ഞു.


"ആൻ മാരി ലത്വാ..." അത് പറഞ്ഞു‌ കഴിഞ്ഞിട്ടാണ് കാർട്ടർ മുഖമുയർത്തിയത്. "ഗുഡ് ഗോഡ്...!" അദ്ദേഹം അമ്പരന്നു പോയി.


എന്നാൽ മൺറോ നല്ല രീതിയിലാണ്‌ ആ വേഷത്തെ വിലയിരുത്തിയത്. "ഐ ലൈക്ക് ഇറ്റ്... ലൈക്ക് ഇറ്റ് വെരി മച്ച് ഇൻഡീഡ്..." അത് കേട്ട സാറ ഒരു നർത്തകിയെപ്പോലെ ഒറ്റക്കാലിൽ ഒന്ന് വട്ടം തിരിഞ്ഞു. "സെന്റ് ഹെലിയറിലെ ജർമ്മൻ ഓഫീസേഴ്സ് ക്ലബ്ബിൽ നിനക്ക് വേണ്ടി ആരാധകർ തമ്മിലടിക്കും..." മൺറോ പറഞ്ഞു.


"ലണ്ടനിലെ ആർമി & നേവി ക്ലബ്ബിൽ എന്താ മോശമായിരിക്കുമോ...?" കാർട്ടറും വിട്ടു കൊടുത്തില്ല.


വാതിൽ തുറന്ന് മാർട്ടിനോ പ്രവേശിച്ചു. കൈകൾ രണ്ടും ഇടുപ്പിൽ കുത്തി അദ്ദേഹത്തെ ഒന്ന് പ്രകോപിപ്പിക്കാനെന്ന വണ്ണം അവൾ തിരിഞ്ഞു. "എങ്ങനെയുണ്ട്...?"


"എന്ത് എങ്ങനെയുണ്ടെന്ന്...?"


"ഓ, ഡാംൻ യൂ..." അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ കുറുമ്പോടെ തറയിൽ അമർത്തി ചവിട്ടി. "നിങ്ങളെപ്പോലെ ദ്വേഷ്യം പിടിപ്പിക്കുന്ന ഒരു മനുഷ്യനെ ആദ്യമായിട്ടാണ്‌ ഞാൻ കാണുന്നത്... ഇവിടെ അടുത്ത് എവിടെയെങ്കിലും‌ പബ്ബ് ഉണ്ടോ...?"


"ഉണ്ട്..."


"എന്നെ കൂട്ടിക്കൊണ്ടു പോകാമോ, ഒരു ഡ്രിങ്കിനായി...?"


"അതുവരെ എത്തിയോ കാര്യങ്ങൾ...?"


"എന്താ, എന്നെ കണ്ടാൽ അതിന് തോന്നില്ലെന്നുണ്ടോ...?"


"സത്യം പറഞ്ഞാൽ മിസ്സിസ് മൂണിന്റെ പരിശ്രമങ്ങൾക്കും മേലെയാണ് നിന്റെ രൂപം... വേണമെന്ന് വിചാരിച്ചാൽ പോലും ഒരു കോൾഗേൾ ആകാൻ നിനക്ക് കഴിയില്ല കുട്ടീ... ശരി, ഒരു പതിനഞ്ച് മിനിറ്റ്... ഞാൻ ഹാളിലുണ്ടാവും..." അദ്ദേഹം തിരിഞ്ഞ് പുറത്തേക്ക് നടന്നു.



(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


10 comments:

  1. മാർട്ടിനോയുടെ പരിഗണനയ്ക്കായ്‌ കൊതിച്ച്‌ സാറ

    ReplyDelete
    Replies
    1. അതെ സുകന്യാജീ... അവൾ പ്രണയപരവശയായിക്കഴിഞ്ഞിരിക്കുന്നു...

      Delete
  2. "വേണമെന്ന് വിചാരിച്ചാൽ പോലും ഒരു കോൾഗേൾ ആകാൻ നിനക്ക് കഴിയില്ല കുട്ടീ…"

    മാർട്ടിനോയും പരവശനായിത്തുടങ്ങി..

    ReplyDelete
  3. സാറയുടെ രൂപമാറ്റം അപാരം തന്നെ. പക്ഷേ മാർട്ടിനോക്ക് ഒരു കുലുക്കവുമില്ല 😃

    ReplyDelete
    Replies
    1. മാർട്ടിനോ ഒരു സ്കൂൾകുട്ടി ആയിട്ടാണ് ഇപ്പോഴും കാണുന്നത്... :)

      Delete
  4. എന്തടവൻ എടുപ്പാണ് സാറക്ക് അല്ല ആൻ മാരി ലത്വാക്ക് കൈവന്നത് ...!

    ReplyDelete
    Replies
    1. ആഹാ, മുരളിഭായ് വന്നല്ലോ...

      Delete
  5. മേക്കപ്പ്അപ്പ് കാർ സ്ഥിരമായി കൂടെ കാണണമല്ലോ....

    ReplyDelete
    Replies
    1. ഒരാഴ്ച്ചയൊക്കെ നിന്നോളും മെയ്ക്കപ്പ്...

      Delete