Friday, January 29, 2021

നൈറ്റ് ഓഫ് ദി ഫോക്സ് – 08

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

അദ്ധ്യായം  - മൂന്ന്

 

ജർമ്മനിയുടെ ആർമി ഗ്രൂപ്പ്-B യുടെ കമാൻഡർ എന്ന നിലയിൽ അറ്റ്‌ലാന്റിക്ക് പ്രതിരോധത്തിന്റെ ചുമതല ഫീൽഡ് മാർഷൽ എർവിൻ റോമലിന് ആയിരുന്നു. വടക്കൻ ഫ്രാൻസ് തീരം വഴി യൂറോപ്യൻ ഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കാനുള്ള സഖ്യകക്ഷികളുടെ ശ്രമത്തെ പൊരുതി തോൽപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൽ നിക്ഷിപ്തമായ ചുമതല. 1944 ജനുവരിയിൽ കമാൻഡ് ഏറ്റെടുത്തതിന് ശേഷം തീരദേശ സുരക്ഷയുടെ കാര്യത്തിൽ അവിശ്വസനീയമായ മുന്നേറ്റമാണ് അദ്ദേഹം കാഴ്ച്ച വച്ചത്. ബീച്ചുകളും തന്ത്ര പ്രധാനമായ മേഖലകളും ഒന്നു പോലും ഒഴിവാക്കാതെ സന്ദർശിച്ച് തന്റെ ഊർജ്ജസ്വലമായ സാന്നിദ്ധ്യം കൊണ്ട് ഡിവിഷണൽ കമാൻഡർമാർ മുതൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള പ്രൈവറ്റുകൾക്കിടയിൽ വരെ ആത്മവിശ്വാസം പകരുവാൻ അദ്ദേഹത്തിന് സാധിച്ചു.

 

തന്റെ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിരമായി മാറ്റിക്കൊണ്ടിരുന്നതിനാൽ ഇന്ന് ഒരിടത്താണെങ്കിൽ അടുത്ത ദിവസം എവിടെയായിരിക്കും അദ്ദേഹം എന്ന് ആർക്കും തന്നെ കൃത്യമായി അറിവുണ്ടായിരുന്നില്ല. ആഫ്രിക്കൻ കോർപ്സ് ദിനങ്ങൾ മുതൽ തന്റെ സന്തത സഹചാരിയും വിശ്വസ്തനുമായ ഡ്രൈവർ മേജർ കോൺറാഡ് ഹോഫറിനൊപ്പം എല്ലാവർക്കും പരിചിതമായ ആ കറുത്ത മെഴ്സെഡിസ് കാറിൽ തികച്ചും അപ്രതീക്ഷിതമായി ആർമി കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു.

 

അന്നേ ദിവസം ആ സമയത്ത്, അതായത് ഹ്യൂ കെൽസോ ഇംഗ്ലീഷ് ചാനലിൽ ആൽഡർണീ ദ്വീപിന് പടിഞ്ഞാറ് അലക്ഷ്യമായി ഒഴുകി നടക്കുന്ന സമയത്ത് ഫീൽഡ് മാർഷൽ എർവിൻ റോമൽ ഇരുപത്തിയൊന്നാം പാരച്യൂട്ട് റെജിമെന്റിലെ ഓഫീസർമാരോടൊപ്പം ഡിന്നർ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. നോർമൻഡിയിലെ സെന്റ് ലോയിൽ നിന്നും ഏതാണ്ട് പത്ത് മൈൽ അകലെ കാംപോക്സിലുള്ള ഒരു കൊട്ടാരത്തിൽ.

 

അന്ന് അദ്ദേഹം അവിടെ എത്തിയതിന് ഒരു പ്രത്യേക കാരണം കൂടി ഉണ്ടായിരുന്നു. ഹൈക്കമാൻഡ്, എന്തിന്, ഫ്യൂറർ പോലും വിശ്വസിച്ചിരുന്നത് അധിനിവേശത്തിനായി സഖ്യകക്ഷികൾ എത്തുകയാണെങ്കിൽ അത് പാസ് ഡി കലൈസ് പ്രദേശത്തു കൂടി ആയിരിക്കും എന്നാണ്. എന്നാൽ റോമൽ അതിനോട് യോജിച്ചില്ല. ഐസൻഹോവറിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ നോർമൻഡിയിലായിരിക്കും ആക്രമണം അഴിച്ചു വിടുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇതൊന്നും പൊതുജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനസമ്മതിയ്ക്ക് ഒരു കോട്ടവും വരുത്തിയില്ല. ബെർലിനിലെ ആംഡ് ഫോഴ്സിന്റെ ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾക്ക് റോമൽ ഒട്ടും വില കല്പിക്കാൻ നിന്നില്ല. യുദ്ധത്തിൽ ജർമ്മനി പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നതിൽ അദ്ദേഹത്തിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. എത്ര നാൾ കൂടി യുദ്ധം നീണ്ടു പോകും എന്നതിൽ മാത്രമേ അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നുള്ളൂ.

 

അതുകൊണ്ടു തന്നെയാണ് അദ്ദേഹം നോർമൻഡിയിലേക്ക് വന്നതും. ഫ്യൂററെ വധിക്കുക എന്ന അത്യന്തം അപകടകരമായ ഗൂഢാലോചനയിൽ അദ്ദേഹവും ഭാഗഭാക്കായിരുന്നു. ആർമി ഗ്രൂപ്പ്-B യുടെ കമാൻഡർ ആയി ചാർജ്ജ് എടുത്തതിന് ശേഷം അദ്ദേഹം തന്റെ പഴയ സൗഹൃദങ്ങളിൽ ചിലതെല്ലാം പുതുക്കി. ഫ്രാൻസിലെ മിലിട്ടറി ഗവർണർ ജനറൽ വോൺ സ്റ്റൂപ്‌നാഗെൽ,  ജനറൽ അലക്സാണ്ടർ വോൺ ഫാൾക്കൻഹ്യൂസൻ എന്നിവർ വോൺ സ്റ്റൗഫൻബെർഗിനോടൊപ്പം ഹിറ്റ്‌ലറെ വധിക്കുവാനുള്ള ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു. റോമലിനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുവാൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല.

 

അന്ന് രാവിലെ റാസ്റ്റൻബർഗ്ഗിൽ വച്ച് നടക്കാൻ പോകുന്ന വധശ്രമത്തെക്കുറിച്ച് അവരെല്ലാവരും തന്നെ ബോധവാന്മാരായിരുന്നു. തന്റെ വിശ്വസ്ഥനായ മേജർ കോൺറാഡ് ഹോഫറിനെ തലേദിവസം തന്നെ റോമൽ വിമാനമാർഗ്ഗം ബെർലിനിലെ ജനറൽ ഓൾബ്രിഷ്ടിന്റെ ഓഫീസിലേക്ക് അയച്ചിരുന്നു. എന്നാൽ ഇതുവരെയും അവിടെ നിന്നുള്ള യാതൊരു വിവരവും എത്തിയിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നതിനെക്കുറിച്ച് യാതൊരു സൂചനയും റേഡിയോ വാർത്തകളിൽ പോലുമില്ല.

 

ആർമി മെസ്സിൽ തന്റെ റെജിമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് കേണൽ ഹാൾഡർ എഴുന്നേറ്റു. “ജെന്റിൽമെൻ... നമ്മുടെ ഫ്യൂറർക്കും സാമ്രാജ്യത്തിന്റെ സമ്പൂർണ്ണ വിജയത്തിനും വേണ്ടി ആശംസിച്ചു കൊണ്ട് നമുക്ക് ആരംഭിക്കാം...”

 

ഇത്രയേറെ യുവാക്കൾ...!”  റോമൽ മനസ്സിലോർത്തു. “എന്തിനു വേണ്ടി...?” തന്റെ മനോവ്യാപാരം പുറത്തു കാണിക്കാതെ ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറഞ്ഞിട്ട് അദ്ദേഹം അവരോടൊപ്പം ചേർന്നു.

 

അങ്ങനെ ഫീൽഡ് മാർഷൽ എർവിൻ റോമൽ... നമ്മുടെ ഡെസർട്ട് ഫോക്സ്... ഇന്ന് നമ്മോടൊപ്പം അത്താഴത്തിന് ഇവിടെ എത്തിയിരിക്കുന്നത് നമുക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്...” അയാൾ പറഞ്ഞു.

 

ആവേശത്തോടെ കൈയ്യടിച്ചു കൊണ്ട് ഉത്സാഹഭരിതമായ ആർപ്പുവിളികളോടെ അവർ തങ്ങളുടെ ഗ്ലാസുകൾ കാലിയാക്കി. അവർക്ക് തന്നോടുള്ള സ്നേഹവും ബഹുമാനവും എല്ലാം കണ്ട് റോമൽ വികാരഭരിതനായിപ്പോയി എന്നു പറയാം. കേണൽ ഹാൾഡർ അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. “ഫീൽഡ് മാർഷൽ, താങ്കൾക്ക് വേണ്ടി ഒരു ചെറിയ എന്റർടെയ്ൻമെന്റ് പ്രോഗ്രാം ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്... കാണുവാൻ സമ്മതമായിരിക്കും എന്ന് കരുതുന്നു...”

 

തീർച്ചയായും...” ഒഴിഞ്ഞ ഷാംപെയ്ൻ ഗ്ലാസ് നിറയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് റോമൽ പറഞ്ഞു. “സന്തോഷമേയുള്ളൂ...”

 

ആ നിമിഷമാണ് പിൻഭാഗത്തെ വാതിൽ തുറന്ന് കോൺറാഡ് ഹോഫർ മെസ്സിലേക്ക് പ്രവേശിച്ചത്. വളരെ ക്ഷീണിതനായിരുന്നു അയാൾ. ക്ഷൗരം ചെയ്യാത്ത മുഖം. ചാര നിറമുള്ള ഫീൽഡ് കോട്ടിന്റെ കഴുത്തറ്റം വരെ ബട്ടൺ ഇട്ടിട്ടുണ്ട്.  

 

ആഹ്, കോൺറാഡ്, നിങ്ങൾ എത്തിയല്ലോ...” റോമൽ കൈ ഉയർത്തി വിളിച്ചു. “വരൂ, ഒരു ഗ്ലാസ് ഷാംപെയ്ൻ ആയിക്കോട്ടെ... അതിന്റെ കുറവ് നിങ്ങളുടെ മുഖത്ത് കാണാനുണ്ട്...”

 

ബെർലിനിൽ നിന്നും വരുന്ന വഴിയാണ്, ഫീൽഡ് മാർഷൽ... സെന്റ് ലോയിൽ ലാന്റ് ചെയ്തതേയുള്ളൂ...”

 

യാത്ര എങ്ങനെയുണ്ടായിരുന്നു...?”

 

വളരെ മോശം...” ഷാംപെയ്ൻ ഇറക്കിക്കൊണ്ട് ഹോഫർ പറഞ്ഞു.

 

മൈ ഡിയർ ബോയ്... ചെന്ന് കുളി കഴിഞ്ഞിട്ട് പെട്ടെന്ന് വരൂ... അപ്പോഴേക്കും ഇവർ കഴിക്കാൻ എന്തെങ്കിലും അറേഞ്ച് ചെയ്യും...” റോമൽ കേണൽ ഹാൾഡറിന് നേർക്ക് തിരിഞ്ഞു. “നേരത്തെ പറഞ്ഞ ആ പ്രോഗ്രാം ഒരു അര മണിക്കൂർ നേരത്തേക്ക് വൈകിപ്പിക്കാൻ പറ്റുമോ എന്ന് നോക്കൂ...”

 

നോ പ്രോബ്ലം, ഫീൽഡ് മാർഷൽ...”

 

ഗുഡ്... എങ്കിൽ കുറച്ചു കഴിഞ്ഞ് കാണാം...” ഒരു ബോട്ട്‌ൽ ഷാംപെയ്നും രണ്ടും ഗ്ലാസുകളും എടുത്ത് റോമൽ പുറത്തേക്ക് നടന്നു. ഹോഫർ അദ്ദേഹത്തെ അനുഗമിച്ചു.

 

ബെഡ്റൂമിന്റെ വാതിൽ അടഞ്ഞതും ഹോഫർ അസ്വസ്ഥതയോടെയും അതിലേറെ രോഷത്തോടെയും തിരിഞ്ഞു. “എല്ലാം നശിപ്പിച്ചു അവർ... മെയിൻ ഗേറ്റിന് പുറത്തു വച്ച് സ്വയം പൊട്ടിത്തെറിക്കാനേ ആ മണ്ടൻ കീനിഗ്ഗിന് സാധിച്ചുള്ളൂ...”

 

“എന്നു വച്ചാൽ അയാളുടെ ശ്രദ്ധക്കുറവ്...” നിരാശയോടെ റോമൽ പറഞ്ഞു. “എന്തായാലും ശാന്തനാകൂ കോൺറാഡ്... ഒരു ഷാംപെയ്ൻ കൂടി അകത്താക്കിയിട്ട് കുറച്ചു നേരം ഷവറിന്റെ അടിയിൽ പോയി നിൽക്കൂ... തല ഒന്ന് തണുക്കട്ടെ...”

 

ഹോഫർ ബാത്ത്റൂമിലേക്ക് നടന്നു. യൂണിഫോം നേരെ പിടിച്ചിട്ടിട്ട് റോമൽ കണ്ണാടിയുടെ മുന്നിൽ ചെന്ന് തന്റെ രൂപം ഒന്ന് വിലയിരുത്തി. വയസ്സ് അമ്പത്തിമൂന്ന് ആയെങ്കിലും കരുത്തുറ്റ ശരീരത്തിനുടമ... ശരാശരി ഉയരം... ആജ്ഞാശക്തി സ്ഫുരിക്കുന്ന മുഖഭാവം... ലളിതമായിരുന്നു അദ്ദേഹത്തിന്റെ യൂണിഫോം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇൻഫന്ററി ഓഫീസർ ആയി സേവനമനുഷ്ഠിച്ചപ്പോൾ ലഭിച്ച Blue Max, Pour le Merite എന്നീ മെഡലുകളാൽ അലംകൃതമായ യൂണിഫോം... Knight’s Cross with Oak Leaves, Swords and Diamonds എന്നിവ കണ്ഠത്തിൽ അണിഞ്ഞിരിക്കുന്നു. ചുരുക്കത്തിൽ ഇത്രയും ഉണ്ടെങ്കിൽ ഒരാൾക്ക് വേറൊരു മെഡലിന്റെയും ആവശ്യം തന്നെ ഇല്ലെന്നതാണ് വാസ്തവം.

 

 

ഒരു ബാത്ത് ടവൽ ധരിച്ച് തല തുവർത്തിക്കൊണ്ട് ഹോഫർ പുറത്ത് വന്നു. “ഓൾബ്രിഷ്ടും സഹപ്രവർത്തകരും പരിഭ്രാന്തിയിലാണവിടെ... അവരെ കുറ്റം പറയാനൊക്കില്ല... ഗെസ്റ്റപ്പോയോ SD യോ ഏതു നിമിഷവും അവരുടെ അടുത്ത് എത്താൻ സാദ്ധ്യതയുണ്ട്...”

 

“അതെ...” റോമൽ പറഞ്ഞു. “ഒരു കോഴിക്കർഷകൻ ആയിട്ടാണ് ഹിംലർ തന്റെ ജീവിതം ആരംഭിച്ചത്... പക്ഷേ, ആര് എന്തൊക്കെ പറഞ്ഞാലും അത്ര വിഡ്ഢിയൊന്നുമല്ല അയാൾ... ആട്ടെ, സ്റ്റൗഫൻബെർഗ് എന്തു പറയുന്നു...?”

 

“തന്റെ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു അദ്ദേഹം... വരും ദിനങ്ങളിൽ സമയം പോലെ എപ്പോഴെങ്കിലും ജനറൽമാരായ വോൺ സ്റ്റൂപ്‌നാഗെലിനെയും ഫാൾക്കൻഹ്യൂസനെയും താങ്കൾ നേരിൽ കണ്ട് ചർച്ച നടത്തുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു...”

 

“എന്തു ചെയ്യാൻ പറ്റുമെന്ന് ഞാൻ നോക്കട്ടെ...”

 

ബാത്ത്റൂമിൽ ചെന്ന് യൂണിഫോം അണിഞ്ഞിട്ട് ഹോഫർ തിരിച്ചെത്തി. “പക്ഷേ, അതൊരു നല്ല ആശയമാണെന്ന് എനിക്ക് തോന്നുന്നില്ല... ഹിംലർക്ക് താങ്കളെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ താങ്കൾ അദ്ദേഹത്തിന്റെ നിരീക്ഷണത്തിന് കീഴിലായിരിക്കും...”

 

“ഓ, അതെന്തെങ്കിലുമാവട്ടെ...” റോമൽ പറഞ്ഞു. “പെട്ടെന്ന് റെഡിയാകൂ... എനിക്ക് വേണ്ടി അവർ എന്തോ ചെറിയ ഒരു ഷോ പ്ലാൻ ചെയ്തിട്ടുണ്ട്... അവരെ നിരാശപ്പെടുത്താൻ എനിക്കാഗ്രഹമില്ല...”

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Saturday, January 23, 2021

നൈറ്റ് ഓഫ് ദി ഫോക്സ് – 07

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

1943 ഡിസംബർ 26. മിടുക്കനായ ജർമ്മൻ ഓഫീസർ കേണൽ ക്ലൗസ് വോൺ സ്റ്റൗഫൻബെർഗ് ഒരു പ്രത്യേകതയുമായാണ് റാസ്റ്റൻബർഗിലെ മീറ്റിങ്ങിന് എത്തിയത്. അയാളുടെ ബ്രീഫ്കെയ്സിൽ  ഒരു ടൈം ബോംബ് ഉണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഫ്യൂറർ ക്രിസ്മസ് അവധിക്കായി ബവേറിയയിലേക്ക് യാത്ര തിരിച്ചിരുന്നതിനാൽ അന്ന് ആ മീറ്റിങ്ങ് നടക്കുകയുണ്ടായില്ല. യുദ്ധമുന്നണിയിൽ ഇടതു കണ്ണും വലതുകൈയും നഷ്ടപ്പെട്ടിരുന്ന വോൺ സ്റ്റൗഫൻബെർഗ്, ജനറൽ ആർമി ഓഫീസിലെ ജനറൽ ഓൾബ്രിഷ്ടിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവർത്തിച്ചു വരികയാണ്. ഫ്യൂററെ വധിച്ച് ജർമ്മനിയെ ദുരന്തത്തിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആർമി ജനറൽമാരുടെ ഗൂഢ സംഘത്തിന്റെ സിരാകേന്ദ്രമായിരുന്നു അയാൾ.

 

1943 ലെ ക്രിസ്മസിന്റെ പിറ്റേന്ന് നടക്കാതെ പോയ ആ വധശ്രമം അതുവരെ നടന്ന വധശ്രമങ്ങളിൽ ഒന്നു മാത്രമായിരുന്നു. എന്നിട്ടും അത്തരം ശ്രമങ്ങൾ അവസാനിപ്പിക്കുവാൻ അവർ തയ്യാറായിരുന്നില്ല. ലക്ഷ്യം നിറവേറ്റുവാൻ ധാരാളം യുവാക്കൾ എപ്പോഴും സന്നദ്ധരായി നിൽപ്പുണ്ടായിരുന്നു. ഏപ്രിലിലെ ആ നരച്ച പ്രഭാതത്തിൽ ഹിറ്റ്‌ലർ ആവശ്യപ്പെട്ട ആ റിപ്പോർട്ടുമായി ബെർലിനിൽ നിന്നും വിമാനത്തിലെത്തി റാസ്റ്റൻബർഗ്ഗിലെ രഹസ്യകേന്ദ്രത്തിലേക്ക് മിലിട്ടറി കാറിൽ പുറപ്പെട്ട ക്യാപ്റ്റൻ കാൾ കീനിഗ്ഗ് ആ സംഘത്തിൽ പെട്ട ഒരുവനായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന അയാൾ സ്വാഭാവികമായും അസ്വസ്ഥനായിരുന്നു. കാരണം അയാളുടെ ബ്രീഫ്കെയ്സിന്റെ അടിഭാഗത്തെ രഹസ്യ അറയിൽ ഒരു ടൈം ബോംബാണ് ഉണ്ടായിരുന്നത്. ഏതു നിമിഷവും തിരികെ പറക്കാൻ റെഡി ആയിരിക്കണം എന്ന് റാസ്റ്റൻബർഗ്ഗ് എയർഫീൽഡിൽ വച്ച് പൈലറ്റിനോട് പറഞ്ഞിട്ട് വന്നിരിക്കുന്ന അയാളുടെ വിരലുകൾ സിഗരറ്റിന് തീ കൊളുത്തവെ വിറയ്ക്കുന്നുണ്ടായിരുന്നു.

 

SS ഡ്രൈവറും അയാളുടെ സമീപം ഇരിക്കുന്ന ഗാർഡും റാസ്റ്റൻബർഗ്ഗ് വനത്തിനു നടുവിലൂടെ കടന്നു പോകുന്ന റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കവെ കീനിഗ്ഗിന്റെ പരിഭ്രാന്തി ഏറുകയായിരുന്നു. പാതയ്ക്ക് ഇരുവശവും ഉള്ള ഇലക്ട്രിക്ക് വേലിയ്ക്ക് അപ്പുറം വനത്തിൽ മൈനുകൾ വിന്യസിച്ചിട്ടുണ്ട്. പാതയിൽ  എമ്പാടും വേട്ടനായ്ക്കളെയും കൊണ്ട് ഗാർഡുകളുടെ പട്രോളിങ്ങ് കാണാം. മൂന്ന് കവാടങ്ങൾ കടന്നിട്ടാണ് അവർ കോമ്പൗണ്ടിന് ഉള്ളിലേക്കെത്തിയത്. ടൈം ബോംബിന്റെ സ്വിച്ച് ഓൺ ചെയ്യാൻ സമയമായിരിക്കുന്നു. ഓൺ ചെയ്ത് കൃത്യം മുപ്പത് മിനിറ്റ് കഴിയുമ്പോഴാണ് സ്ഫോടനം ഉണ്ടാവുക എന്നാണവർ പറഞ്ഞത്.

 

ബ്രീഫ്കെയ്സിന്റെ ഇടതുവശത്തെ സ്ട്രാപ്പിന്റെ ലോക്കിൽ അയാൾ വിരലമർത്തി. തൊട്ടടുത്ത നിമിഷം ഉണ്ടായ അതിശക്തമായ സ്ഫോടനത്തിൽ കീനിഗ്ഗും ആ രണ്ട് ഭടന്മാരും കൊല്ലപ്പെട്ടു. അവരുടെ കാർ ഉയർന്ന് ചിതറിത്തെറിച്ചു.

 

                                                              ***

 

അടക്കാനാവാത്ത രോഷത്താൽ ഹിറ്റ്‌ലർ മാപ്പ് റൂമിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. “പിന്നെയും അവർ ശ്രമിച്ചിരിക്കുന്നു...!” അദ്ദേഹം റാറ്റൻഹ്യൂബറിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ എന്താണിവിടെ ചെയ്യുന്നത് ഓബർഫ്യൂറർ...? എന്റെ സുരക്ഷയ്ക്കായിട്ടല്ലേ നിങ്ങളെ നിയമിച്ചിരിക്കുന്നത്...? എന്നിട്ട് എന്താണിതെല്ലാം...?”

 

ഫ്യൂറർ... അത്......” റാറ്റൻഹ്യൂബർ വാക്കുകൾക്കായി പരതി. “ഞാനിപ്പോൾ എന്താണ് പറയുക...”

 

ഒന്നും പറയണ്ട...!” അലറിക്കൊണ്ട് ഹിറ്റ്‌ലർ മറ്റുള്ളവർക്ക് നേരെ തിരിഞ്ഞു. “പ്രയോജനമുള്ള ഒരു വാക്കു പോലും പറയാൻ നിങ്ങൾക്കാർക്കും കഴിയില്ല...  ഒരുത്തനെക്കൊണ്ടും ഗുണമില്ല...”

 

അമ്പരപ്പിനിടയിൽ അവിടെങ്ങും നിറഞ്ഞ മൗനത്തെ ഭഞ്ജിച്ചത് ഹിംലർ ആണ്. അദ്ദേഹത്തിന്റെ സ്വരം പരിമിതവും കാര്യമാത്ര പ്രസക്തവും ആയിരുന്നു. “ഇവിടെ അപകടകരമായ അശ്രദ്ധ ഉണ്ടായിരിക്കുന്നു എന്നത് ഒരു വാസ്തവമാണ് ഫ്യൂറർ... എങ്കിലും ഭീരുത്വം നിറഞ്ഞ, വിഫലമായ വധശ്രമത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്... താങ്കളുടെ നിയോഗം... താങ്കളുടെ മഹത്തായ നേതൃത്വത്തിന് കീഴിൽ ജർമ്മനിയുടെ വിജയം സുനിശ്ചിതമാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു...”

 

ഹിറ്റ്‌ലറുടെ കണ്ണുകൾ തിളങ്ങി. അദ്ദേഹത്തിന്റെ രോഷം ഒന്നടങ്ങിയതു പോലെ തോന്നി. “തീർച്ചയായും, റൈഫ്യൂറർ... അതെ... എനിക്കല്ലാതെ മറ്റാർക്കും അതിന് കഴിയുകയില്ല...” അദ്ദേഹം മറ്റുള്ളവരുടെ നേർക്ക് തിരിഞ്ഞു. “ഗെറ്റൗട്ട് ഓൾ ഓഫ് യൂ... എനിക്ക് റൈഫ്യൂററുമായി തനിച്ച് അല്പം സംസാരിക്കാനുണ്ട്...”

 

ഒന്നും ഉരിയാടാതെ അവർ പുറത്തേക്ക് നടന്നു. ഗീബൽസ് ആയിരുന്നു ഏറ്റവുമൊടുവിൽ മുറിയിൽ നിന്നും ഇറങ്ങിയത്. കൈകൾ പിന്നിൽ കെട്ടി മാപ്പ് ടേബിളിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് ഹിറ്റ്‌ലർ നിന്നു.

 

എന്ത് സേവനമാണ് ഞാൻ ചെയ്യേണ്ടത് ഫ്യൂറർ...?” ഹിംലർ ആരാഞ്ഞു.

 

ഗൂഢാലോചന നടന്നിരിക്കുന്നു... ശരിയല്ലേ...?” ഹിറ്റ്‌ലർ ചോദിച്ചു. “എന്നെ ഇല്ലാതാക്കാൻ വേണ്ടി... ഇപ്പോൾ കൊല്ലപ്പെട്ട ഈ ക്യാപ്റ്റൻ കീനിഗ്ഗ് വെറുമൊരു ഏജന്റ് മാത്രമാണെന്ന് പറയാൻ കഴിയുമോ...?”

 

ഏതാനും ജനറൽമാരാണ് ഇതിന് പിന്നിൽ, ഫ്യൂറർ...”

 

ഹിറ്റ്‌ലർ വെട്ടിത്തിരിഞ്ഞു. “തീർച്ചയാണോ നിങ്ങൾക്ക്...?”

 

തീർച്ചയായും... പക്ഷേ തെളിവുകൾ എന്തെന്ന് ചോദിച്ചാൽ... ബുദ്ധിമുട്ടാണ്...”

 

ഹിറ്റ്‌ലർ തല കുലുക്കി. “ജനറൽ ഓൾബ്രിഷ്ടിന്റെ അസിസ്റ്റന്റ് ആയിരുന്നു ഈ കീനിഗ്ഗ്... ഇതിൽ പങ്കുണ്ടെന്ന് നിങ്ങൾ സംശയിക്കുന്നവരിൽ ഒരാളാണോ ഓൾബ്രിഷ്ട്...? ആരൊക്കെയാണ് മറ്റുള്ളവർ...?”

 

ജനറൽ സ്റ്റൈഫ്, വാഗ്‌നർ, വോൺ ഹെയ്സ്, ലിൻഡ്മാൻ... ഇനിയുമുണ്ട്... എല്ലാവരെയും ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്...”

 

ഹിറ്റ്‌ലർ അല്പം ശാന്തനായത് പോലെ തോന്നി. “രാജ്യദ്രോഹികൾ... സകലരും... ഫയറിങ്ങ് സ്ക്വാഡ് അല്ല... തൂക്കുകയർ ആണ് അവർക്ക് പറഞ്ഞിരിക്കുന്നത്... സമയമാകുമ്പോൾ ശിക്ഷ നടപ്പാക്കാൻ മറക്കണ്ട... ജനറൽ പദവിയ്ക്ക് മുകളിൽ ഉള്ളവർ ആരും ഇല്ലെന്ന് കരുതാം അല്ലേ...? ചുരുങ്ങിയത് ഫീൽഡ് മാർഷൽമാരെങ്കിലും നമ്മോടൊപ്പം ആണെന്ന് കരുതുന്നു...”

 

ഞാനും അങ്ങനെ കരുതുന്നു ഫ്യൂറർ... പക്ഷേ, സംശയത്തിന്റെ നിഴലിൽ ഒരാളുണ്ട്... താങ്കളോടത് പറയാതിരുന്നാൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും...”

 

ആരാണത്...? പറയൂ...”

 

റോമൽ...”

 

മുഖം ഒന്ന് വിളറിയെങ്കിലും അടുത്ത നിമിഷം അദ്ദേഹം പുഞ്ചിരിച്ചു. തന്റെ കണക്കുകൂട്ടലുകൾ ശരിയായിരുന്നു എന്ന മട്ടിലുള്ള പുഞ്ചിരി. മാപ്പ് ടേബിളിന് മുന്നിൽ നിന്നും ജാലകത്തിനരികിലേക്ക് നടന്നിട്ട് അദ്ദേഹം തിരിഞ്ഞു. അപ്പോഴും ആ മന്ദഹാസം മാഞ്ഞിരുന്നില്ല. “ഞാൻ പ്രതീക്ഷിച്ചിരുന്നു... എനിക്ക് തെറ്റിയില്ല... അപ്പോൾ അങ്ങനെയാണ്... ഡെസർട്ട് ഫോക്സ് എനിക്കെതിരെ കളിക്കാൻ തന്നെ ഇറങ്ങിയിരിക്കുകയാണ്...”

 

എന്ന് പറയാം, ഫ്യൂറർ...”

 

ജനങ്ങളുടെ ഹീറോ ആണയാൾ...” ഹിറ്റ്‌ലർ പറഞ്ഞു. “നമ്മൾ അയാളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചു വേണം... ശരിയല്ലേ...?”

 

കൗശലത്തോടെയായിരിക്കണം അയാളെ കുടുക്കേണ്ടത്, ഫ്യൂറർ...” ഹിംലർ പറഞ്ഞു.

 

കൗശലത്തോടെ... അതെ...  തീർച്ചയായും... മരുഭൂമിയിലെ കുറുക്കനെ കുടുക്കേണ്ടത് കൗശലത്തോടെ തന്നെയായിരിക്കണം...” ഹിറ്റ്‌ലറുടെ മുഖം പ്രസന്നമായി. “അതെനിക്ക് ഇഷ്ടപ്പെട്ടു റൈഫ്യൂറർ... ഔട്ട്ഫോക്സ് ദി ഡെസർട്ട് ഫോക്സ്...”

 

                                                            ***

 

മദ്ധ്യാഹ്നം വരെയും ഉറക്കത്തിലായിരുന്ന ഹ്യൂ കെൽസോ കടുത്ത വേദനയാൽ ഞെട്ടിയുണർന്നു. തിരമാലകളിൽ ആടിയുലയുന്ന റാഫ്റ്റിനുള്ളിൽ കിടന്നു കൊണ്ട് അതിന്റെ കവാടത്തിന്റെ സിപ്പർ വലിച്ചു തുറന്ന് പുറത്തേക്ക് നോക്കിയ അദ്ദേഹത്തിന്റെ മനസ്സ് തകർന്നു പോയി. അനന്തമായി പരന്നു കിടക്കുന്ന കടൽ അല്ലാതെ മറ്റൊന്നും തന്നെ കാണാനില്ല. ശക്തമായ തിരമാലകൾ ആ ചങ്ങാടത്തിനെ അമ്മാനമാടുകയാണ്. ഇരുണ്ട ആകാശവും കോരിച്ചൊരിയുന്ന മഴയും. 5 അല്ലെങ്കിൽ 6 എന്ന നിലയിൽ വീശുന്ന കാറ്റ്. കരയുടെ ലാഞ്ഛന പോലും എവിടെയും കാണാനില്ല എന്നതായിരുന്നു ഏറ്റവും ദുഃഖകരമായ വസ്തുത. ഒരു കാര്യം വ്യക്തം. താൻ കരയിൽ നിന്നും വളരെയകലെ ഇംഗ്ലീഷ് ചാനലിൽ എവിടെയോ ആണ്. നേരെ ഒഴുകുകയാണെങ്കിൽ, ആരും തന്നെ പിക്ക് ചെയ്യുന്നില്ലെങ്കിൽ ഫ്രാൻസിന്റെ തീരത്ത് മിക്കവാറും ഷെർബർഗ്ഗ് ഉപഭൂഖണ്ഡത്തിൽ എവിടെയെങ്കിലും എത്തിയേക്കാം. അതിനും താഴെയാണ് സെന്റ് മാലോ ഉൾക്കടലും ആൽഡർണി, ഗ്വെൺസി, ജെഴ്സി എന്നീ ചാനൽ ഐലൻഡുകളും ഉള്ളത്. ജർമ്മൻ അധീനതയിലുള്ള ബ്രിട്ടീഷ് ദ്വീപുകളാണ് അവ എന്നതിൽ കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. അത്രയും ദൂരെ തെക്കോട്ട് ഒഴുകി എത്തുവാനുള്ള സാദ്ധ്യത ഏതായാലും ഇല്ല എന്ന് അദ്ദേഹം ആശ്വസിച്ചു.

 

ഫ്ലെയർ ഗൺ എടുത്ത് അദ്ദേഹം ആകാശത്തേക്ക് ഷൂട്ട് ചെയ്തു. രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ക്ഷണിക്കുവാനുള്ള ഓറഞ്ച് നിറമുള്ള ജ്വാലകൾ ആകാശത്തേക്ക് ഉയർന്നു. പകൽ സമയത്ത് ഇംഗ്ലീഷ് ചാനലിൽ ജർമ്മൻകാരുടെ നാവിക സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത വിരളമാണ്. തങ്ങളുടെ മൈൻ ഫീൽഡുകൾക്ക് പിറകിൽ നിന്നു കൊണ്ടുള്ള നിരീക്ഷണത്തിനാണ് ഈ സമയത്ത് അവർക്ക് താല്പര്യം. അദ്ദേഹം ഒരു ഫ്ലെയർ കൂടി തൊടുത്തു വിട്ടു. തുറന്നു കിടക്കുന്ന ഫ്ലാപ്പിനുള്ളിലൂടെ വെള്ളം അകത്ത് കയറിയതും അതിന്റെ സിപ്പർ മുകളിലേക്ക് വലിച്ച് ആ കവാടം അദ്ദേഹം അടച്ചു. എമർജൻസി കിറ്റിനുള്ളിൽ ഏതാനും ഭക്ഷണ സാധനങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്നും അല്പം ഉണങ്ങിയ പഴങ്ങൾ എടുത്ത് അകത്താക്കി. കാലിലെ വേദന വീണ്ടും അസഹനീയമായിരിക്കുന്നു. മോർഫിന്റെ ഒരു ആംപ്യൂൾ കൂടി എടുത്ത് അദ്ദേഹം കുത്തി വച്ചു. കൈ തലയിണയാക്കി മലർന്നു കിടന്ന അദ്ദേഹം അല്പ സമയത്തിനകം വീണ്ടും നിദ്രയിലേക്കാണ്ടു.

 

പുറത്ത് കടൽ പ്രക്ഷുബ്ധമായിത്തന്നെ നിലകൊണ്ടു. വൈകിട്ട് അഞ്ചു മണി ആയതോടെ അന്തരീക്ഷം ഇരുളിന് വഴി മാറി. തെക്ക് പടിഞ്ഞാറേക്ക് ഗതി മാറി വീശിത്തുടങ്ങിയ കാറ്റ് അദ്ദേഹത്തെ ഷെർബർഗ്ഗ് ഉപഭൂഖണ്ഡത്തിലെ ഫ്രഞ്ച് തീരത്തു നിന്നും നിന്നും ദൂരേയ്ക്ക് ഒഴുക്കിക്കൊണ്ടു പോയി. ഏതാണ്ട് ആറു മണിയോടെ ആൽഡർണി ദ്വീപിന് പത്ത് മൈൽ പടിഞ്ഞാറ് എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം. എന്നാൽ പിന്നെയും ഗതിമാറി വീശിയ കാറ്റ് ആ ചങ്ങാടത്തെ സെന്റ് മാലോ ഉൾക്കടലിന്റെ പുറംഭാഗത്തു കൂടി ഗ്വെൺസിയുടെ നേർക്ക് കൊണ്ടു പോയി.

 

എന്നാൽ ഇതൊന്നും കെൽസോ അറിയുന്നുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഏതാണ്ട് ഏഴു മണിയോടെ ഉറക്കമുണർന്നപ്പോൾ നന്നായി പനിക്കുന്നുണ്ടായിരുന്നു. അല്പം വെള്ളമെടുത്ത് മുഖം കഴുകി ആശ്വാസം കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥിതി മോശമാകുകയാണുണ്ടായത്. നിമിഷങ്ങൾക്കകം അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണു.

 

                                                          ***

 

ലണ്ടനിൽ തന്റെ ഓഫീസിൽ ജോലിയിൽ മുഴുകി ഇരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺറോ. നിശ്ശബ്ദത തളം കെട്ടി നിൽക്കുന്ന ആ റൂമിൽ പേനയുടെ നിബ്ബ് കടലാസിൽ ഉരയുന്ന സ്വരം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ. ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് തലയുയർത്തിയ അദ്ദേഹം കണ്ടത് കൈയ്യിൽ ഒരു ഫോൾഡറുമായി മുറിയിലേക്ക് പ്രവേശിക്കുന്ന ജാക്ക് കാർട്ടറെയാണ്. അദ്ദേഹം ആ ഫയൽ മൺറോയുടെ മുന്നിൽ വച്ചു.

 

“സ്ലാപ്ടണിൽ നിന്നും ഏറ്റവും ഒടുവിൽ വന്ന ലിസ്റ്റാണ് സർ...”

 

“കെൽസോയുടെ എന്തെങ്കിലും വിവരം...?”

 

“ഇല്ല സർ... പക്ഷേ, ലഭ്യമായ സകല കപ്പലുകളും ആ ഭാഗത്ത് നമ്മൾ വിന്യസിച്ചിട്ടുണ്ട്... കാണാതായവരുടെ മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിനായി...”

 

ഡോഗൽ മൺറോ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം മഴത്തുള്ളികൾ ജാലകച്ചില്ലിൽ ചരൽ പോലെ വന്നു പതിച്ചു. അനുകമ്പയോടെ തലയാട്ടിക്കൊണ്ട് അദ്ദേഹം മന്ത്രിച്ചു. “ഗോഡ് ഹെൽപ്പ് സെയ്‌ലേഴ്സ് അറ്റ് സീ ഓൺ എ നൈറ്റ് ലൈക്ക് ദിസ്...”

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...