Friday, July 29, 2022

നൈറ്റ്‌ ഓഫ്‌ ദി ഫോക്സ്‌ - 73

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

എയർപോർട്ടിൽ നിന്നും സെന്റ് പീറ്റേഴ്സ് വഴി പുറപ്പെട്ട വാഹനവ്യൂഹത്തിന്റെ ഏറ്റവും പിന്നിലായി മാർട്ടിനോയുടെ ക്യൂബൽവാഗണും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ റോമൽ അദ്ദേഹത്തെ അതിശയിപ്പിക്കുക തന്നെയായിരുന്നു. ഈ യുദ്ധത്തിന്റെ സംഭാവനയായ വീരയോദ്ധാക്കളിൽ ഒരുവനും പടിഞ്ഞാറൻ യുദ്ധനിരയുടെ കമാൻഡറുമായ റോമലിനെ ഇത്രയും അടുത്ത് കാണുക, അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുക എന്നതൊക്കെ ഒരു അപൂർവ്വ ഭാഗ്യം തന്നെയാണ്. യൂറോപ്പ് അധിനിവേശത്തിനായി എത്താനിരിക്കുന്ന സഖ്യകക്ഷി സൈന്യത്തെ നിലം‌പരിശിക്കാൻ നിയോഗിക്കപ്പെട്ട വ്യക്തി.

 

അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയെക്കുറിച്ച് പറയാതിരിക്കാനാവില്ല. സെന്റ് ലോറൻസ് പാരീഷിൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ആർട്ടിലറി ഡിപ്പോയ്ക്ക് വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി മിലിട്ടറി എഞ്ചിനീയർമാരും അടിമത്തൊഴിലാളികളും കൂടി നിർമ്മിക്കുകയായിരുന്ന ടണലുകൾ ഇപ്പോൾ ഒരു മിലിട്ടറി ഹോസ്പിറ്റലായി രൂപാന്തരം ചെയ്യാനുള്ള ശ്രമത്തിലാണ്.

 

പിന്നീട് അവർ പോയത് നോർത്ത് ഡിഫൻസ് സെക്ടറിലേക്കും ഗ്രെവ് ഡു ലെക്ക്, പ്ലെമോണ്ട്, ലെ ലാന്റെസ് എന്നീ സൈനിക പോസ്റ്റുകളിലേക്കാണ്. കുറച്ചധികം സമയമെടുത്തു തന്നെയാണ് അവിടങ്ങളിലെ പരിശോധന അദ്ദേഹം പൂർത്തിയാക്കിയത്. ഒരു ഗൺപോസ്റ്റ് പോലും ഒഴിവാക്കാതെ സകല മുക്കും മൂലയും കാണണമെന്ന് നിർബ്ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.

 

സെന്റ് ബ്രെലേഡ് ദേവാലയത്തിലെ വാർ സെമിത്തേരി കാണുവാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. അതിന് ശേഷം ദേവാലയത്തിനകം സന്ദർശിക്കുവാനും ‌മറന്നില്ല അദ്ദേഹം. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹോട്ടലിന് സമീപമായിരുന്നു സോൾഡാറ്റൻഹൈം എന്ന സോൾജിയേഴ്സ് ‌ഹോം. അപ്രതീക്ഷിതമായി അവിടം സന്ദർശിക്കാനെത്തിയ ഫീൽഡ് മാർഷലിനെ കണ്ട് അതിന്റെ മേട്രൺ ഇൻ ‌ചാർജ്ജിനുണ്ടായ ആഹ്ലാദം ‌പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഒരു പ്രോക്സി വെഡ്ഡിങ്ങിന്റെ ചടങ്ങുകൾ നടക്കുന്ന സമയമായിരുന്നു അപ്പോൾ. യുദ്ധനിരയിൽ നിന്നും അവധിയെടുത്ത് സാധാരണ രീതിയിൽ വിവാഹിതരാവാൻ സാധിക്കാത്തവർക്കായി നാസി സൈന്യം ഏർപ്പാടാക്കിയ ഒരു സംവിധാനമായിരുന്നു പ്രോക്സി വെഡ്ഡിങ്ങ് അഥവാ നിഴൽ വിവാഹം. ഒരു ജർമ്മൻ സെർജന്റായിരുന്നു വരൻ. അവധി ലഭിക്കാൻ മാർഗ്ഗമില്ലാതെ ബെർലിനിൽ കഴിയുന്ന വധുവിന് വേണ്ടി അവിടെ സന്നിഹിതയായിരുന്നത് ഒരു റെഡ് ക്രോസ് നഴ്സായിരുന്നു.

 

മതപരമായ ചടങ്ങുകൾക്ക് പ്രാധാന്യമൊന്നുമില്ലാത്ത തികച്ചും നാസി രീതിയിലുള്ള വിവാഹമായിരുന്നു അത്. വരന്റെയും വധുവിന്റെയും സിരകളിൽ ഒരു തുള്ളി ജൂതരക്തം പോലും ഉണ്ടായിരിക്കരുത് എന്ന നിബന്ധന കേട്ട് ‌ഹെയ്നി ബാം ഉള്ളിൽ പുഞ്ചിരിച്ചു. എങ്കിലും ആ സെർജന്റിന്റെ ആയുരാരോഗ്യത്തിനായി ഷ്നാപ്സ് ഗ്ലാസ് ഉയർത്തി ആശംസകൾ നേർന്നിട്ട് അദ്ദേഹം അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി.

 

അവർ സെന്റ് ഓബിനിൽ എത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. സംഘത്തിലെ മിക്കവരും ക്ഷീണിതരായിരിക്കുന്നു. നെക്കർ നൽകിയ ഭൂപടം പരിശോധിക്കുകയായിരുന്നു ഹെയ്നി ബാം. മോണ്ട് ഡു ലാ റോക്കിലെ ആർട്ടിലറി പൊസിഷൻസ് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം അവിടം കാണണമെന്ന ആവശ്യം ഉന്നയിച്ചു.

 

ആ വാഹനവ്യൂഹത്തിന്റെ ഏറ്റവും പിന്നിൽ അതിന്റെ ഭാഗമായി മാർട്ടിനോയും യാത്ര തുടർന്നു. കുത്തനെയുള്ള കയറ്റം കയറി അവരെത്തിയത് ഇടുങ്ങിയ ഒരു വളവിലാണ്. പരന്ന മേൽക്കൂരയുള്ള ഏതാനും കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നയിടത്താണ് ആ പാത അവസാനിച്ചത്.

 

“ഇവിടെ ഇപ്പോൾ ഒരു ഗൺപ്ലാറ്റൂൺ മാത്രമേയുള്ളൂ ഫീൽഡ് മാർഷൽ” കാറിൽ നിന്നും പുറത്തിറങ്ങിയ നെക്കർ, ഹെയ്നി ബാമിനോട് പറഞ്ഞു.

 

ഏറ്റവും ഒടുവിലായി മതിൽക്കെട്ടിനുള്ളിൽ മുറ്റവുമൊക്കെയായി നിലകൊള്ളുന്ന ആ കെട്ടിടത്തിന്റെ പേര് സെപ്റ്റംബർടൈഡ് എന്നായിരുന്നു. അതിനടുത്തുള്ള കെട്ടിടത്തിന്റെ പേര് ഫ്രഞ്ചിലായിരുന്നു. ‘ഹിംഗിറ്റ്’. അതിന്റെ അങ്കണത്തിൽ നിന്നുമായിരുന്നു അണ്ടർഗ്രൗണ്ട് ബങ്കറുകളിലേക്കുള്ള കവാടം തുടങ്ങുന്നത്. ആ കെട്ടിടങ്ങളിലൊന്നിലും സിവിലിയന്മാർ താമസമുണ്ടായിരുന്നില്ല. സൈനികർ മാത്രം. സാക്ഷാൽ ‘ഡെസർട്ട് ഫോക്സിനെ’ നേരിൽക്കണ്ടതിന്റെ ആവേശത്തിലായിരുന്നു അവരെല്ലാം. കമാൻഡിങ്ങ് ഓഫീസർ ക്യാപ്റ്റൻ ഹെയ്ഡർ ആയിരുന്നു അവർ ഇതിന് മുമ്പ് കണ്ടിട്ടുള്ള ഏക ഉന്നതോദ്യോഗസ്ഥൻ.

 

ഇന്ന് രാത്രി എന്തുകൊണ്ട് സെപ്റ്റംബർ‌ടൈഡിൽ തങ്ങിക്കൂടാ എന്ന ചിന്തയുദിച്ചത് പെട്ടെന്നായിരുന്നു. ഫീൽഡ് മാർഷലിന്റെ ഇംഗിതം അറിഞ്ഞതും ക്യാപ്റ്റൻ ഹെയ്ഡർ അദ്ദേഹത്തെ അങ്ങോട്ട് നയിച്ചു. അവരെല്ലാവരും കൂടി ഗാർഡനിലേക്ക് നടന്നു. വലതുവശത്ത് സെന്റ് ഓബിനും ഇടതുവശത്ത് സെന്റ് ‌ഹെലിയറും ആയി നിലകൊള്ളുന്ന ഉൾക്കടലിന്റെ ദൃശ്യം നയനമനോഹരമായിരുന്നു. ഗാർഡന് അതിരിടുന്ന ചെറിയ കോൺക്രീറ്റ് മതിൽ. അതിന് താഴെയുള്ള ഭാഗം കുത്തനെ വെട്ടിയിറക്കിയതു പോലുള്ള പ്രദേശമാണ്. ചെറിയൊരു വനത്തിന്റെ പ്രതീതി നൽകുന്ന ആ പ്രദേശം അവസാനിക്കുന്നത് കുറച്ചകലെയുള്ള റോഡിന് സമീപമാണ്.

 

“ജെന്റിൽമെൻ, ഇവിടെ എത്തിപ്പെടണമെങ്കിൽ ആൽപൈൻ കോർപ്സ് തന്നെ വേണ്ടി വരുമല്ലോ” ആ കെട്ടിടത്തെ മൊത്തത്തിലൊന്ന് വീക്ഷിച്ചിട്ട് ബാം പറഞ്ഞു. സിറ്റിങ്ങ് റൂമിന്റെ മുൻഭാഗത്തായി വിശാലമായ ഒരു ടെറസ്സ്. ബെഡ്റൂമിന്റെ പാർശ്വത്തിലായി അത്രയും നീളത്തിൽ മറ്റൊരു ടെറസ്സും. “വളരെ നന്നായിരിക്കുന്നു” അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ന് രാത്രി തല ചായ്ക്കാൻ ഒരിടം അത് ഇവിടെത്തന്നെയാകാം

 

ഹെയ്ഡറിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. “എനിക്കിതൊരു ബഹുമതി തന്നെയാണ്, ഹെർ ഫീൽഡ് മാർഷൽ ഞാനും എന്റെ അസിസ്റ്റന്റും കൂടി ഇവിടെ നിന്നും ഹിംഗിറ്റിലേക്ക് മാറിക്കോളാം

 

“നിങ്ങളുടെ കൂട്ടത്തിൽ നല്ലൊരു പാചകക്കാരനെ കണ്ടെത്താൻ ബുദ്ധിമുട്ടാവില്ലല്ലോ?”

 

“ഒരു ബുദ്ധിമുട്ടുമില്ല ഫീൽഡ് മാർഷൽ

 

ബാം, നെക്കറുടെ നേർക്ക് തിരിഞ്ഞു. “കണ്ടില്ലേ മൈ ഡിയർ നെക്കർ എല്ലാ കാര്യങ്ങൾക്കും തീരുമാനമായി വളരെ സൗകര്യമായ ഇടം ഈ വശത്ത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന സുരക്ഷ. മുൻഭാഗത്ത് ക്യാപ്റ്റൻ ഹെയ്ഡറുടെയും സംഘത്തിന്റെയും സെക്യൂരിറ്റി ഇതിൽ കൂടുതൽ എന്താണ് എനിക്ക് ആവശ്യപ്പെടാനാവുക?”

 

“ഡിന്നറിന് ഓഫീസേഴ്സ് ക്ലബ്ബിൽ ഞങ്ങളോടൊപ്പം താങ്കളുണ്ടാവുമെന്നാണ് കരുതിയത്” അല്പം പരിഭവത്തോടെ നെക്കർ പറഞ്ഞു.

 

“പിന്നീടൊരിക്കലാവാം ഇന്ന് വിശ്രമമില്ലാത്ത ദിനമായിരുന്നുസത്യം പറഞ്ഞാൽ, അല്പം നേരത്തെ കിടന്നുറങ്ങണമെന്നുണ്ട് രാവിലെ വിളിക്കാൻ മറക്കണ്ട അത്ര നേരത്തെയൊന്നും വേണ്ട, ഒരു പത്തു മണിയോടെ എന്നിട്ട് വേണം ദ്വീപിന്റെ മറുഭാഗം സന്ദർശിക്കുവാൻ

 

“താങ്കളുടെ ഇഷ്ടം പോലെ, ഹെർ ഫീൽഡ് മാർഷൽ

 

അവരെല്ലാം കൂടി കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് നടന്നു. സൈനിക സംഘത്തെ പിരിച്ചുവിട്ടതിന് ശേഷം ക്യാപ്റ്റൻ ഹെയ്ഡർ ബാമിനെയും ഹോഫറിനെയും വീടിനുള്ളിലേക്ക് നയിച്ചു. സാമാന്യം വലിപ്പവും സൗകര്യവുമുള്ള ലിവിങ്ങ് റൂം.

 

“ഞങ്ങൾ എത്തുമ്പോൾ ഇങ്ങനെയായിരുന്നു ഇവിടെ” ഹെയ്ഡർ പറഞ്ഞു. “അഞ്ച് മിനിറ്റിനകം ഞാൻ എന്റെ സാധനങ്ങൾ ബെഡ്റൂമിൽ നിന്നും മാറ്റിത്തരാം, ഫീൽഡ് മാർഷൽ ഒപ്പം ഒരു കുക്കിനെയും ഏർപ്പാടാക്കാം

 

അയാൾ മുകളിലത്തെ നിലയിലേക്ക് പോയി. ഹെയ്നി ബാം, ഹോഫറിന് നേർക്ക് തിരിഞ്ഞു. “എന്റെ പ്രകടനം കൊള്ളാമായിരുന്നോ?”

 

“ഗംഭീരം” ഹോഫർ പറഞ്ഞു. “പിന്നെ, ഈ സ്ഥലമാണെങ്കിൽ തീർത്തും അനുയോജ്യവും ആവശ്യത്തിനുള്ള സ്വകാര്യതയുമുണ്ട് ബെർഗർ, നിങ്ങളൊരു ജീനിയസ് തന്നെ

 

(തുടരും)


അടുത്ത ലക്കത്തിന്  ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, July 22, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 72

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഉൾക്കടലിനപ്പുറം അനന്തതയിലേക്ക് കണ്ണും നട്ട്, ഡു വിലാ പ്ലേസിലെ ഗാർഡന്റെ അരമതിലിൽ ഇരിക്കുകയാണ് സാറ. ഒരു സിഗരറ്റ് പുകച്ചുകൊണ്ട് ഓർസിനി അവൾക്കരികിൽ മതിലിൽ ചാരി നിൽക്കുന്നുണ്ട്. “സാറാ… നിന്നെക്കുറിച്ച് ഇനിയും അറിയണമെന്നുണ്ട് എനിക്ക്…” ഇംഗ്ലീഷിലാണ് അയാൾ സംസാരിച്ചത്. “ഒരു ഫ്രഞ്ച് കോൾഗേൾ ആയി നിന്നെ വേഷം കെട്ടിച്ചത് ആരായാലും ശരി, ഏറ്റവും വലിയ മണ്ടത്തരമാണ് അവർ ചെയ്തത്… നിന്റെ കാര്യത്തിൽ എന്തോ ഒരു പൊരുത്തക്കേട് തുടക്കം മുതലേ എനിക്ക് തോന്നിയിരുന്നു…”


“അപ്പോൾ ഹാരിയുടെ കാര്യത്തിലോ…? അസ്വാഭാവികത ഒന്നും തന്നെ തോന്നിയില്ല…?”


“ഇല്ല… മറിച്ച് ഭയമായിരുന്നു… ഫോഗെലിന്റെ റോൾ അത്രയ്ക്കും ഗംഭീരമായിട്ടാണ് അദ്ദേഹം ചെയ്യുന്നത്…”


“സത്യം…” അവൾക്ക് വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി. “അദ്ദേഹം പോയിട്ട് കുറേ നേരമായല്ലോ… എന്തായോ എന്തോ…!”


“അദ്ദേഹത്തിന് ഒരു കുഴപ്പവും വരില്ല… അക്കാര്യത്തിൽ യാതൊരു ഉത്കണ്ഠയുമില്ല എനിക്ക്… നിനക്ക് അദ്ദേഹത്തെ ഇഷ്ടമാണല്ലേ…?”


“അതെ…” അവൾ പറഞ്ഞു. “വേണമെങ്കിൽ അങ്ങനെയും പറയാം…” കൂടുതൽ എന്തെങ്കിലും പറയാനാവുന്നതിന് മുമ്പ് ഹെലനും ഗാലഗറും കൂടി ആ പുൽത്തകിടി കടന്ന് അവർക്കരികിലേക്ക് വന്നു.


“എന്താണ് രണ്ടു പേരും കൂടി…?” ഹെലൻ ആരാഞ്ഞു.


“പ്രത്യേകിച്ചൊന്നുമില്ല…” സാറ പറഞ്ഞു. “ഹാരിയുടെ വിവരമൊന്നുമില്ലല്ലോ എന്ന് പറയുകയായിരുന്നു ഞങ്ങൾ…”


“ചെകുത്താനാണോ സ്വന്തം കാര്യം നോക്കാനറിയാത്തത്…” ഗാലഗർ പറഞ്ഞു. “അദ്ദേഹത്തിന്റെ കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമേയില്ല… ഇപ്പോൾ അതിനെക്കാൾ പ്രാധാന്യം കെൽസോയുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നതിനാണ്… അദ്ദേഹത്തെ തട്ടുംപുറത്ത് നിന്നും എന്റെ കോട്ടേജിലേക്ക് മാറ്റിയാലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്…”


ഗ്വിഡോ തല കുലുക്കി. “അത് ന്യായം… അവിടെ നിന്നാകുമ്പോൾ, സവരിയുമായി സംസാരിച്ച് കാര്യങ്ങൾക്കൊരു തീരുമാനമായാൽ പെട്ടെന്ന് അദ്ദേഹത്തെ ഹാർബറിലേക്ക് കൊണ്ടുപോകാൻ എളുപ്പമാകും…”


“ശരിയ്ക്കും ഇത് നടക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…?” സാറ ചോദിച്ചു.


“എന്താ നടക്കാതിരിക്കാൻ…? ഒരു ഫ്രഞ്ച് നാവികൻ എന്നതിന്റെ രേഖകൾ… അവ ശരിയാക്കാൻ എനിക്കും ജനറലിനും ഒരു ബുദ്ധിമുട്ടുമില്ല…” ഗ്വിഡോ ഉറപ്പു കൊടുത്തു.


“അദ്ദേഹത്തിന്റെ മുഖത്ത് നമ്മൾ ബാൻഡേജ് ഇടുന്നു… കോൺവോയിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് കടലിൽ കിടക്കുകയായിരുന്ന നാവികൻ…” ഗാലഗർ പറഞ്ഞു. “എന്തായാലും ഇന്ന് രാത്രി തന്നെ നാം അദ്ദേഹത്തെ ഇവിടെ നിന്നും മാറ്റുന്നു…” ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഗാലഗർ സാറയെ ചേർത്തു പിടിച്ചു. “ഇത് വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല… ബിലീവ് മീ…”


(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 


Friday, July 15, 2022

നൈറ്റ്‌ ഓഫ്‌ ദി ഫോക്സ്‌ - 71

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മുകളിലത്തെ നിലയിലെ ഓഫീസേഴ്സ് മെസ്സ് യുദ്ധാരംഭത്തിന് മുമ്പ് ഒരു റെസ്റ്ററന്റ് ആയിരുന്നു. സാലഡും ചിക്കൻ റോസ്റ്റും ടിൻഡ് മീറ്റും ഒക്കെയായിരുന്നു ബുഫേയിലെ വിഭവങ്ങൾ. വെള്ള കോട്ട് ധരിച്ച ചെറുപ്പക്കാരായ ലുഫ്ത്‌വാഫ് സേനാംഗങ്ങളായിരുന്നു വെയ്റ്റർമാരുടെ റോൾ ഏറ്റെടുത്തത്. ഫീൽഡ് മാർഷലിന്റെ ഓരോ വാക്കും ആകാംക്ഷയോടെ ശ്രവിച്ച് ബോധപൂർവ്വം അദ്ദേഹത്തിന്റെ പ്രീതിയ്ക്ക് പാത്രമാകാനുള്ള ശ്രമത്തിലാണ് ഓഫീസർമാർ. കൈയ്യിൽ ഒരു ഷാമ്പെയ്ൻ ഗ്ലാസുമായി തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം ആസ്വദിക്കുകയാണ് ഹെയ്നി ബാം. മറ്റെവിടെയോ ഇരുന്ന് നോക്കിക്കാണുന്നത് പോലെയുള്ള ഒരു വികാരമായിരുന്നു അയാൾക്ക്. പക്ഷേ, ഒരു കാര്യം തീർച്ച. അയാളുടെ പ്രകടനം ഗംഭീരമായിരുന്നു.

 

“പകൽ സമയത്ത് തന്നെ പറക്കാനുള്ള താങ്കളുടെ തീരുമാനം ഞങ്ങളെ അതിശയിപ്പിച്ചുകളഞ്ഞു, ഹെർ ഫീൽഡ് മാർഷൽ...” നെക്കർ പറഞ്ഞു.

 

“അതും ഫൈറ്റർ വിമാനങ്ങളുടെ അകമ്പടി പോലുമില്ലാതെ...” മുള്ളർ കൂട്ടിച്ചേർത്തു.

 

“അപ്രതീക്ഷിതമായ കാര്യങ്ങൾ ചെയ്യുക എന്നത് എന്റെയൊരു രീതിയാണ്...” ബാം പറഞ്ഞു. “ഒപ്പം ഒരു കാര്യം നിങ്ങൾ മറക്കരുത്... ഓബർലെഫ്റ്റനന്റ് സോർസ എന്ന മിടുക്കനായ നമ്മുടെ ഫിന്നിഷ് സഖാവായിരുന്നു പൈലറ്റ് എന്ന കാര്യം... JU88S നൈറ്റ് ഫൈറ്ററുകൾ പറപ്പിക്കുന്നവൻ... മുപ്പത്തിയെട്ട് ലങ്കാസ്റ്ററുകൾ വീഴ്ത്തി, നൈറ്റ്സ് ക്രോസ് ബഹുമതിയ്ക്ക് അർഹനായ മിടുക്കൻ...” തന്നെക്കുറിച്ച് പുകഴ്ത്തുന്നത് കേട്ടിട്ടും തികച്ചും വിനയാന്വിതനായി ഇരിക്കുന്ന സോർസയെന്ന ആ ഇരുപത്തിയഞ്ചുകാരനെ ഒന്ന് നോക്കിയിട്ട് ബാം തുടർന്നു. “ഒരു കാര്യം കൂടി പറയാതിരിക്കാനാവില്ല... സമുദ്ര നിരപ്പിനോട് തൊട്ടുചേർന്നായിരുന്നു ഞങ്ങൾ പറന്നത്... ഏതെങ്കിലും RAF ഫൈറ്ററുകളിൽ നിന്നും ഉണ്ടാകാനിടയുള്ള ആക്രമണത്തെക്കാൾ അത്യന്തം അപകടകരമായ അവസ്ഥയിൽ...”

 

ആ തമാശ കേട്ട് അവിടെ കൂട്ടച്ചിരി ഉയർന്നു. ഭക്ഷണം അവസാനിപ്പിച്ച് എഴുന്നേറ്റ ബാം വാഷ്റൂമിലേക്ക് നടന്നു. ഹോഫർ അയാളെ അനുഗമിച്ചു.

 

ഹാളിന്റെ ചുമരിൽ ചാരി നിന്നു കൊണ്ട് എല്ലാം വീക്ഷിക്കുകയായിരുന്നു മാർട്ടിനോ. കൈയ്യിൽ മദ്യചഷകം ഉണ്ടായിരുന്നെങ്കിലും കരുതലോടെയേ അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നുള്ളൂ. മുള്ളർ അദ്ദേഹത്തിനരികിലേക്ക് വന്നു. “അസാമാന്യ വ്യക്തിത്വം തന്നെ, അല്ലേ...?”

 

“തീർച്ചയായും...” മാർട്ടിനോ തല കുലുക്കി. “ഈ യുദ്ധത്തിലെ അപൂർവ്വം ഹീറോകളിൽ ഒരാൾ... അതിരിക്കട്ടെ, നിങ്ങളുടെ ഇൻസ്പെക്ടർ ക്ലൈസ്റ്റിന് ഇപ്പോൾ എങ്ങനെയുണ്ട്...?”

 

“ഒരു വിഡ്ഢി തന്നെ... താങ്കൾ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടതല്ലേ അത്...” മുള്ളർ പറഞ്ഞു. “അല്പം കൂടി ഷാമ്പെയ്ൻ ഒഴിക്കട്ടെ...?”

 

                                                           ***

 

വാഷ്റൂമിലെ കണ്ണാടിയിൽ തന്റെ രൂപം വിലയിരുത്തിയിട്ട് ഹെയ്നി ബാം ഹോഫറിന് നേർക്ക് തിരിഞ്ഞു. “എന്റെ പ്രകടനം എങ്ങനെയുണ്ട്...?”

 

“ഗംഭീരം...” ഹോഫർ ആവേശഭരിതനായി. “ചിലപ്പോഴെങ്കിലും ഞാൻ വിചാരിച്ചുപോയിട്ടുണ്ട് എന്റെ മുന്നിൽ നിന്ന് സംസാരിക്കുന്നത് ഫീൽഡ് മാർഷൽ തന്നെയാണെന്ന്...”

 

“ഗുഡ്...” മുടി ചീകിയതിന് ശേഷം അയാൾ തന്റെ ചീക്ക് പാഡുകൾ അഡ്ജസ്റ്റ് ചെയ്തു. “ആ SS കേണലിന്റെ കാര്യം എങ്ങനെയാണ്...? അങ്ങനെയൊരാളെ ഞാനിവിടെ പ്രതീക്ഷിച്ചതേയില്ല...”

 

“ഫോഗെലിന്റെ കാര്യമാണോ...?” ഒരു നിമിഷം ഹോഫർ ആലോചനാനിമഗ്നനായി. “അയാളെക്കുറിച്ച് നെക്കറിനോട് ഞാൻ സംസാരിച്ചിരുന്നു... ഇന്നലെയാണ് അയാളിവിടെ എത്തിയത്... ഹിംലറും ഫ്യൂററും സൈൻ ചെയ്ത പ്രത്യേക അധികാരപത്രവുമായിട്ടാണ് അയാളുടെ വരവ്... ഇതുവരെ തന്റെ ആഗമനോദ്ദേശ്യം അയാൾ വെളിപ്പെടുത്തിയിട്ടില്ലത്രെ...”

 

“എനിക്കറിയില്ല...” ബാം പറഞ്ഞു. “ആ ബാസ്റ്റർഡുകൾ എന്നും എന്നെ അസ്വസ്ഥനാക്കുന്നു... അയാളുടെ സാന്നിദ്ധ്യത്തിന് നമ്മുടെ സന്ദർശനവുമായി ബന്ധമൊന്നും ഇല്ലെന്ന് താങ്കൾക്കുറപ്പല്ലേ...?”

 

“എങ്ങനെ ബന്ധമുണ്ടാകാനാണ്...? നമ്മുടെ ജെഴ്സി യാത്രയെക്കുറിച്ചുള്ള വിവരം ഒരു മണിക്കൂർ മുമ്പ് മാത്രമാണ് ആർമി ഗ്രൂപ്പ് B ഹെഡ്ക്വാർട്ടേഴ്സ് പുറത്ത് വിട്ടത്... അതുകൊണ്ട് പരിഭ്രമിക്കാനൊന്നുമില്ല... ജോലി നടക്കട്ടെ...”

 

                                                           ***

 

“ഹെർ ഫീൽഡ് മാർഷൽ, വിരോധമില്ലെങ്കിൽ COയുടെ ഓഫീസിലേക്ക് ഒന്ന് വരാമോ...? ഗ്വെൺസിയിൽ നിന്നും ജനറൽ വോൺ ഷ്മെറ്റോ ലൈനിലുണ്ട്..." നെക്കർ പറഞ്ഞു.

 

ഡെസ്കിന്റെ അരികിൽ അലസമായി ഇരുന്നുകൊണ്ട് ഹെയ്നി ബാം തനിക്ക് നേരെ നീട്ടിയ റിസീവർ വാങ്ങി. "മൈ ഡിയർ വോൺ ഷ്മെറ്റോ, ഏറെ നാളായല്ലോ തമ്മിൽ സംസാരിച്ചിട്ട്..."

 

"എന്റെ മൊത്തം കമാൻഡിനും ഒരു അപ്രതീക്ഷിത ബഹുമതിയാണ് താങ്കളുടെ ഈ സന്ദർശനം... വിവരമറിഞ്ഞ് കേണൽ ഹെയ്ൻ ഷോക്കിലാണ്... മീറ്റിങ്ങ് മതിയാക്കി ഉടൻ തന്നെ അവിടെ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവത്രെ..."

 

“അതിനാണ് ഉദ്ദേശ്യമെങ്കിൽ ഫയറിങ്ങ് സ്ക്വാഡ് ആയിരിക്കും ഇവിടെ കാത്തു നിൽക്കുന്നതെന്ന് പറഞ്ഞേക്കൂ” നർമ്മരൂപേണ ബാം പറഞ്ഞു. “ഇവിടെ എല്ലായിടത്തും കൊണ്ടുനടന്ന് കാണിക്കുവാൻ നെക്കർ ഉണ്ടെന്ന് പറയൂ മിടുക്കനായ ഓഫീസറാണയാൾ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല

 

“ഗ്വെൺസി സന്ദർശിക്കുവാൻ താങ്കൾക്ക് പ്ലാനുണ്ടോ?”

 

“തൽക്കാലം ഇല്ല നാളെത്തന്നെ ഫ്രാൻസിലേക്ക് തിരിച്ചുപോകുകയാണ് ഞാൻ

 

“അധികം താമസിയാതെ ഒരു നാൾ താങ്കളെ ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ?” ടെലിഫോൺ ലൈനിൽ ചെറിയ തടസ്സം നേരിട്ടു തുടങ്ങിയിരുന്നു.

 

“തീർച്ചയായും അധികം താമസിയാതെ തന്നെ ഞാൻ വാക്കു തരുന്നു എന്റെ എല്ലാവിധ ആശംസകളും” റിസീവർ ക്രാഡിലിൽ വച്ചിട്ട് ബാം നെക്കറിന് നേർക്ക് തിരിഞ്ഞു. “ശരി, വീണ്ടും ജോലിയിലേക്ക് കോസ്റ്റൽ ഡിഫൻസ് എങ്ങനെയുണ്ടെന്ന് കാണണം എനിക്ക് വരൂ, നമുക്കിറങ്ങാം

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, July 9, 2022

നൈറ്റ്‌ ഓഫ്‌ ദി ഫോക്സ്‌ - 70

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ആ സിട്രോൺ കാർ, ഹാർബർ താണ്ടി എസ്പ്ലനേഡിലൂടെ നീങ്ങവെ ഗ്രൈസർ ചോദിച്ചു. "സ്റ്റ്യൂട്ഗാർട്ടിലുള്ള എന്റെ സഹോദരനെ വിളിക്കാൻ ഇന്നലെ രാത്രി കോൾ ബുക്ക് ചെയ്തിരുന്നതോർമ്മയില്ലേ...?”

 

“അതെ... എന്നിട്ടെന്തു പറഞ്ഞു അയാൾ...?” മുള്ളർ ചോദിച്ചു.

 

“അവനെ കിട്ടിയില്ല... ലീവിലായിരുന്നു... ഇന്ന് നൈറ്റ് ഷിഫ്റ്റിൽ ജോലിക്കെത്തും... അപ്പോൾ വീണ്ടും വിളിക്കണം...”

 

“ഓ, ഇനിയിപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...” മുള്ളർ പറഞ്ഞു. “നമ്മുടെ സുഹൃത്ത് ഫോഗെലിന്റെ കാര്യത്തിൽ ഇനി ദുരൂഹതയൊന്നുമില്ല... ഫീൽഡ് മാർഷൽ വരുന്നതിന് മുന്നോടിയായി അദ്ദേഹം ഇവിടെയെത്തി... അത്ര തന്നെ...”

 

“പക്ഷേ, ഈ റോമൽ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വരുന്നത്...?” ഗ്രൈസർ ചോദിച്ചു.

 

“തെക്ക് ഡൈപ്പ് മുതൽ ഫ്രഞ്ച് തീരം മൊത്തം നാം നിർമ്മിച്ചിരിക്കുന്ന മിലിട്ടറി പോസ്റ്റുകളും ബാരക്കുകളും എല്ലാം കണക്കിലെടുക്കുകയാണെങ്കിൽ അതിന്റെ പകുതിയും ഈ ദ്വീപിൽത്തന്നെയാണുള്ളത്...” മുള്ളർ പറഞ്ഞു. “ബ്രിട്ടീഷ് അധിനിവേശം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ അതെല്ലാം ഒന്ന് കണ്ടു വിലയിരുത്തണമെന്ന് അദ്ദേഹത്തിന് ഒരുപക്ഷേ തോന്നിക്കാണണം...” അദ്ദേഹം വാച്ചിലേക്ക് നോക്കി. “അതേക്കുറിച്ചോർത്ത് തൽക്കാലം തല പുകയ്ക്കണ്ട... നമ്മുടെ ജോലി ഭംഗിയായി ചെയ്യുക... പത്തു മിനിറ്റും കൂടിയേ ഉള്ളൂ വിമാനം എത്താൻ...”

 

                                                   ***

 

എയർപോർട്ടിൽ എത്തിയ മാർട്ടിനോ തന്റെ പാസ് ചെക്ക് ചെയ്യുവാനായി സെൻട്രിയുടെ കൈവശം കൊടുത്തു. അദ്ദേഹം യൂണിഫോമിൽ ആയിരുന്നതിനാൽ അത് വെറുമൊരു ചടങ്ങ് മാത്രമായിരുന്നു. പ്രധാന കവാടത്തിന് വെളിയിൽ ധാരാളം കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. അവയുടെയെല്ലാം ഡ്രൈവർമാരും അരികിൽത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. കറുത്ത വലിയ ഓസ്റ്റിൻ ലിമോസിന്റെ ബോണറ്റിൽ മിലിട്ടറി കമാൻഡറുടെ പതാക ഘടിപ്പിച്ചിരിക്കുന്നു.

 

മുള്ളറുടെ സിട്രോൺ കാറിന്റെ പിന്നിലായി മാർട്ടിനോ തന്റെ ക്യൂബൽവാഗൺ പാർക്ക് ചെയ്തു. അതിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഗ്രൈസർ ഇരിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിരുന്ന ഡ്രൈവർമാരുടെ കൂട്ടത്തിൽ സിവിലിയൻ ഡ്രെസ് ധരിച്ച ഏകവ്യക്തി. അയാളെ അവഗണിച്ച് മാർട്ടിനോ എയർപോർട്ട് ബിൽഡിങ്ങിനുള്ളിലേക്ക് നടന്നു. എവിടെ നോക്കിയാലും യൂണിഫോം ധാരികൾ. മുഖ്യമായും ലുഫ്ത്‌വാഫ് അംഗങ്ങൾ. അവർക്കിടയിൽ ഒറ്റപ്പെട്ടതു പോലെ തോന്നിയെങ്കിലും തരിമ്പും ഭയം കൂടാതെ അദ്ദേഹം മുന്നോട്ട് നടന്നു. വിധി തനിക്ക് നൽകിയ ചീട്ടുകൾ കൊണ്ട് കഴിവിന്റെ പരമാവധി ഭംഗിയായി കളിച്ചേ തീരൂ.

 

ഗാർഡ് ഓഫ് ഓണർ നൽകുവാനായി മുള്ളറും ഒരു സംഘം ഓഫീസർമാരുമായി നെക്കർ പുറത്ത് ഏപ്രണിൽ നിൽക്കുന്നുണ്ടായിരുന്നു. മാർട്ടിനോയെ കണ്ടതും നെക്കറും മുള്ളറും തെല്ല് പരിഭ്രമം കലർന്ന പുഞ്ചിരിയോടെ അടുത്തേക്ക് വന്നു. “ഏതാനും മിനിറ്റുകൾക്കകം അവർ എത്തിച്ചേരും” നെക്കർ ഒരു സിൽവർ കെയ്സ് തുറന്ന് ഒരു സിഗരറ്റ് നീട്ടി. “ഒരു മുന്നറിയിപ്പുമില്ലാതെ ഫീൽഡ് മാർഷൽ എത്തുന്നു എന്ന് കേട്ടപ്പോൾ ഞങ്ങൾക്കത് വല്ലാത്ത ഷോക്കായിപ്പോയി പക്ഷേ, താങ്കൾക്ക് അങ്ങനെയായിരിക്കില്ല എന്ന് എനിക്കറിയാം

 

അയാൾ എന്താണുദ്ദേശിച്ചതെന്ന് അപ്പോഴാണ് മാർട്ടിനോയ്ക്ക് പിടികിട്ടിയത്. തന്റെ ദുരൂഹമായ സാന്നിദ്ധ്യത്തിനും റോമലിന്റെ അപ്രതീക്ഷിതമായ സന്ദർശനത്തിനും തമ്മിൽ ബന്ധമുണ്ടെന്ന് അവർ ധരിച്ചു വച്ചിരിക്കുന്നു. അതേതായാലും നന്നായി. “മൈ ഡിയർ നെക്കർ, നിങ്ങൾ എന്താണുദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല

 

അസ്വസ്ഥതയോടെ നെക്കർ മുള്ളറുടെ നേരെ നോക്കി. താൻ പറഞ്ഞത് അവർ ഇരുവരും വിശ്വസിച്ചിട്ടില്ല എന്നത് വ്യക്തം. ഈ സാഹചര്യത്തിന് ഏറ്റവും അനുയോജ്യവും അതുതന്നെയാണ്. ഏതാനും വാര ദൂരേയ്ക്ക് മാറി കൈകൾ പിറകിൽ കെട്ടി നിന്ന് അദ്ദേഹം ആ എയർപോർട്ട് മൊത്തമായി ഒന്ന് വീക്ഷിച്ചു. ലുഫ്ത്‌വാഫ് നിർമ്മിച്ചതാണെന്ന് തോന്നുന്നു, ഏഴ് ബ്ലിസ്റ്റർ ഹാങ്കറുകളുണ്ട്. അവയിൽ ഒന്നിന്റെ തുറന്നു കിടക്കുന്ന വാതിലിലൂടെ ഒരു ജങ്കേഴ്സ്-52 വിമാനത്തിന്റെ പാർശ്വഭാഗം കാണാനുണ്ട്. ജർമ്മൻ ആർമിയുടെ ആവശ്യങ്ങൾക്കായി പൊതുവേ ഉപയോഗിക്കപ്പെടുന്നവയാണ് മൂന്ന് എഞ്ചിനോടു കൂടിയ JU52 വിമാനങ്ങൾ. വേറെ വിമാനങ്ങളൊന്നും അവിടെയുള്ളതായി കാണപ്പെട്ടില്ല.

 

“ഇപ്പോഴും ദുരൂഹത നിറഞ്ഞ മനുഷ്യനായി നടക്കാനാണ് അദ്ദേഹത്തിന് താല്പര്യം” നെക്കർ മുള്ളറോട് പതുക്കെ പറഞ്ഞു.

 

മാർട്ടിനോ അവരുടെയരികിലേക്ക് വീണ്ടുമെത്തി. “ലുഫ്ത്‌വാഫിന് ഇവിടെ കാര്യമായ റോളൊന്നും ഇല്ലെന്ന് തോന്നുന്നു?”

 

“നിർഭാഗ്യവശാൽ ഇല്ല ഈ ഭാഗത്തെ വ്യോമമേഖലയിൽ ശത്രുവിനാണ് പ്രാമുഖ്യം

 

ഹാങ്കറിന് നേർക്ക് ചൂണ്ടി മാർട്ടിനോ ചോദിച്ചു. “ആ കിടക്കുന്ന JU52 എന്താണ് ഇവിടെ ചെയ്യുന്നത്?”

 

“മെയിൽ സർവീസ് നടത്തുന്ന വിമാനമാണത് പൈലറ്റും ഒരു സഹായിയും കൂടി ആഴ്ച്ചയിൽ ഒരിക്കൽ ഓപ്പറേറ്റ് ചെയ്യുന്നു അതും ഇരുട്ടിന്റെ മറവിൽ മാത്രം ഇന്നലെ രാത്രി എത്തിയതേയുള്ളൂ

 

“എപ്പോഴാണ് മടക്കയാത്ര?”

 

“നാളെ രാത്രി

 

ദൂരെ നിന്നും ഒരു വിമാനത്തിന്റെ ഇരമ്പൽ ശബ്ദം കേൾക്കാറായി. അവർ തിരിഞ്ഞു നോക്കി. ഉൾക്കടലിന് മുകളിലൂടെ പറന്നെത്തിയ ഒരു സ്റ്റോർക്ക് വിമാനം അനായാസം റൺവേയിൽ ലാന്റ് ചെയ്തു. പൈലറ്റ് ഓബർലെഫ്റ്റനന്റ് സോർസ റൺവേയ്ക്ക് സമീപം കാത്തു നിൽക്കുന്ന ഓഫീസർമാരുടെ അടുത്തേക്ക് വിമാനം ടാക്സി ചെയ്യവേ കോൺറാഡ് ഹോഫർ ഒരു നിമിഷം ഹെയ്നി ബാമിന്റെ ചുമലിൽ കൈ വച്ച് ധൈര്യം പകർന്നു. അയാളെ നോക്കി തല കുലുക്കിയ ബാം തന്റെ ക്യാപ്പിന്റെ ചെരിവ് അഡ്ജസ്റ്റ് ചെയ്തിട്ട് ഗ്ലൗസ് ടൈറ്റ് ചെയ്തു. നിന്റെ സമയമായിരിക്കുന്നു ഹെയ്നി അയാൾ മനസ്സിൽ പറഞ്ഞു. നല്ല പ്രകടനമായിരിക്കണം കാഴ്ച്ച വയ്ക്കുന്നത്

 

സോർസ വിമാനത്തിന്റെ വാതിൽ തുറന്നു. പുറത്തിറങ്ങിയ ഹോഫർ, ബാമിനെ സഹായിക്കാനായി കൈ നീട്ടി. തന്റെ ലെതർകോട്ടിന്റെ ബട്ടൻസ് തുറന്ന് കഴുത്തിലെ ബ്ലൂ മാക്സ്, നൈറ്റ്സ് ക്രോസ് എന്നീ മെഡലുകൾ കാണത്തക്ക വിധം ഹെയ്നി ബാം പുറത്തിറങ്ങി. മുന്നോട്ട് നീങ്ങിയ ഫെലിക്സ് നെക്കർ അയാളുടെ മുന്നിലെത്തി ആചാരപൂർവ്വം മിലിട്ടറി സല്യൂട്ട് നൽകി. “താങ്കളെ കാണാനായത് ഒരു ബഹുമതിയായി കരുതുന്നു, ഫീൽഡ് മാർഷൽ

 

തന്റെ കൈയ്യിലെ ബാറ്റൺ കൊണ്ട് ക്യാപ്പിന്റെ തുമ്പിൽ അശ്രദ്ധമായി ഒന്ന് തട്ടിയിട്ട് ഹെയ്നി ബാം ചോദിച്ചു. “നിങ്ങൾ?”

 

“ഫെലിക്സ് നെക്കർ, സർ ഇവിടുത്തെ താൽക്കാലിക ചുമതല എനിക്കാണ് കേണൽ ഹെയ്ൻ ഗ്വെൺസിയിലേക്ക് പോയിരിക്കുകയാണ് ജനറൽ വോൺ ഷ്മെറ്റോ വിളിച്ചു ചേർത്ത വാരാന്ത്യ മീറ്റിങ്ങിനായി

 

“യെസ്, എനിക്കറിയാം അതേക്കുറിച്ച്

 

“താങ്കൾ വരുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ…….” നെക്കർ പറഞ്ഞു തുടങ്ങി.

 

“വെൽ, ആരെയും അറിയിച്ചിരുന്നില്ല ഇത് കോൺറാഡ് ഹോഫർ എന്റെ അസിസ്റ്റന്റ്ഇനി ആരൊക്കെയാണ് ഇവരെന്ന് പരിചയപ്പെടുത്തൂ

 

നെക്കർ അവിടെയുള്ള ഓഫീസർമാരെ പരിചയപ്പെടുത്തുവാൻ തുടങ്ങി. “ഇത്  സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ ഇദ്ദേഹത്തെ താങ്കൾക്ക് അറിയാമെന്ന് കരുതുന്നു

 

“ഇല്ല” മാർട്ടിനോ പറഞ്ഞു. “ഫീൽഡ് മാർഷലിനെ ഇതിനു മുമ്പ് സന്ധിക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല

 

റോമലിന്റെ അതൃപ്തി പ്രകടമായിരുന്നു. മുള്ളറെയും മറ്റ് ഓഫീസർമാരെയും പരിചയപ്പെട്ടതിന് ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു കൊണ്ട് അദ്ദേഹം മുന്നോട്ട് നീങ്ങി. അതിന് ശേഷം അടുത്തു കണ്ട ആയുധപ്പുരയുടെ നേർക്ക് നടന്നു. ഓഫീസർമാർ എല്ലാവരും അദ്ദേഹത്തെ അനുഗമിച്ചു. ഗൺ ക്രൂവിനോട് രണ്ടു വാക്ക് സംസാരിച്ചതിന് ശേഷം ഹാങ്കറിനരികിൽ നിലയുറപ്പിച്ചിരുന്ന ലുഫ്ത്‌വാഫ് ഗ്രൗണ്ട് ക്രൂവിനരികിലേക്ക് നീങ്ങി.

 

പരിശോധനയെല്ലാം കഴിഞ്ഞ് അദ്ദേഹം തിരികെ എയർപോർട്ട് ബിൽഡിങ്ങിന് നേർക്ക് നടന്നു. “വളരെ നല്ല കാലാവസ്ഥ ഇതുപോലെ തന്നെയായിരിക്കുമോ ഇന്ന് മുഴുവനും?” ആകാശത്തേക്ക് കണ്ണോടിച്ചിട്ട് അദ്ദേഹം ചോദിച്ചു.

 

“ഇന്നത്തെ ഫൊർകാസ്റ്റ് ശുഭസൂചകമാണ്, ഹെർ ഫീൽഡ് മാർഷൽ” നെക്കർ പറഞ്ഞു.

 

“എക്സലന്റ് എനിക്ക് എല്ലായിടവും ഒന്ന് പരിശോധിക്കണം മനസ്സിലായോ? നാളെയാണ് ഞാൻ മടങ്ങുക ഒരു പക്ഷേ, വൈകുന്നേരം അതുകൊണ്ട് ഇന്ന് രാത്രിയിലേക്കുള്ള താമസസൗകര്യം ഏർപ്പാടാക്കണം ഉടനെ വേണമെന്നില്ല, അല്പം കഴിഞ്ഞിട്ടായാലും മതി

 

“ലുഫ്ത്‌വാഫ് ഓഫീസർമാരുടെ മെസ്സിൽ ചെറിയ തോതിൽ ലഞ്ച് തയ്യാറാക്കിയിട്ടുണ്ട്, ഹെർ ഫീൽഡ് മാർഷൽ അവരോടൊപ്പം ഭക്ഷണം കഴിക്കാനും രണ്ട് വാക്ക് സംസാരിക്കാനും താങ്കൾക്ക് വിരോധമില്ലെങ്കിൽ വളരെ സന്തോഷമായിരിക്കും അവർക്ക്

 

“തീർച്ചയായും, മേജർ പക്ഷേ, ജോലി തീർത്തതിന് ശേഷം പലയിടത്തും സന്ദർശിക്കുവാനുണ്ട് അപ്പോൾ എങ്ങോട്ടാണ് നാം ആദ്യം പോകുന്നത്?”

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Monday, July 4, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 69

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



കമാൻഡ്‌ ഹെഡ്ക്വാർട്ടേഴ്സിലെ തന്റെ ഓഫീസ് ഫോൺ റിങ്ങ്‌ ചെയ്ത നേരത്ത്‌ സെന്റ്‌ ഓബിൻ ബീച്ചിലേക്ക്‌ ചെറിയൊരു സവാരിയ്ക്ക്‌ ഇറങ്ങാനൊരുങ്ങുകയായിരുന്നു ഫെലിക്സ്‌ നെക്കർ. റിസീവർ എടുത്ത്‌ മറുവശത്തെ സംഭാഷണം ശ്രവിച്ച അദ്ദേഹത്തിന്റെ മുഖം ഭീതിയാൽ വലിഞ്ഞു മുറുകി. “മൈ ഗോഡ്...! എപ്പോഴാണ്‌ അദ്ദേഹം ഇവിടെ ലാൻഡ് ചെയ്യുക...? ഓൾറൈറ്റ്... ഒരു ഗാർഡ് ഓഫ് ഓണർ ഏർപ്പാടാക്കണം... കഴിയുന്നതും വേഗം ഞാനവിടെ എത്തുന്നതായിരിക്കും...” 


റിസീവർ താഴെ വച്ചിട്ട് അതേക്കുറിച്ചോർത്ത് ഒരു നിമിഷം അദ്ദേഹം അവിടെത്തന്നെ ഇരുന്നു. പിന്നെ വീണ്ടും റിസീവറെടുത്ത് സിൽവർടൈഡ് ഹോട്ടലിലെ GFP ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഡയൽ ചെയ്തു. 


“ഹെർ മേജർ...” മുള്ളറുടെ സ്വരം റിസീവറിലൂടെയെത്തി. “എന്ത് സഹായമാണ്‌ ചെയ്യേണ്ടത്...?” 


“നാല്പത്തിയഞ്ച് മിനിറ്റിനുള്ളിൽ റോമൽ എയർപോർട്ടിൽ എത്തുന്നുവെന്ന്...” 


“ആരെത്തുന്നുവെന്ന്...?” 


“എടോ മണ്ടാ, ഫീൽഡ് മാർഷൽ ഇർവിൻ റോമൽ... നോർമൻഡിയിൽ നിന്നും അദ്ദേഹത്തിന്റെ സഹായി മേജർ ഹോഫറിനൊപ്പം ഒരു ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിൽ എത്തുന്നുവെന്ന്...” 


“പക്ഷേ, എന്തിന്‌...? എനിക്ക് മനസ്സിലാവുന്നില്ല...” മുള്ളർ അത്ഭുതപ്പെട്ടു. 


“വെൽ, എനിക്ക് മനസ്സിലാവുന്നുണ്ട്...” നെക്കർ പറഞ്ഞു. “ഇപ്പോഴാണ്‌ എല്ലാം വ്യക്തമാവുന്നത്... ആദ്യം തന്നെ കേണൽ ഹെയ്നിനോടും സംഘത്തിനോടും വാരാന്ത്യത്തിൽ ഗ്വെൺസിയിൽ ചെന്ന് ജനറൽ വോൺ ഷ്മെറ്റോയെ കാണുവാൻ അദ്ദേഹം ഉത്തരവിടുന്നു. സൗകര്യപൂർവ്വം അവരെ ഇവിടെനിന്നും മാറ്റിയിട്ട് ഒരു മിന്നൽ സന്ദർശനത്തിനായി അദ്ദേഹം പൊടുന്നനെ ഇവിടെയെത്തുന്നു... റോമലിന്റെ പ്രവർത്തന രീതി എനിയ്ക്ക് നന്നായിട്ടറിയാം... എല്ലായിടത്തും അദ്ദേഹം എത്തും... ഒന്നൊഴിയാതെ ഓരോ മെഷീൻ ഗൺപോസ്റ്റും അദ്ദേഹം പരിശോധിച്ചിരിക്കും...” 


“എന്തായാലും ഒരു ദുരൂഹതയുടെ ചുരുളഴിഞ്ഞിരിക്കുന്നു...” മുള്ളർ പറഞ്ഞു. 


“എന്താണത്...?” 


“ഫോഗെലിന്റെ വരവിന്റെ ഉദ്ദേശ്യം... എല്ലാത്തിനും ഒരു പരസ്പര ബന്ധം ആയിരിക്കുന്നു...” 


“യെസ്... നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു...” നെക്കർ പറഞ്ഞു. “എന്തായാലും അതേക്കുറിച്ചോർത്ത് ഇനി കൂടുതൽ തലപുകയണ്ട... നമുക്ക് എയർപോർട്ടിൽ വച്ച് കാണാം...” 


അദ്ദേഹം റിസീവർ താഴെ വച്ചു. പിന്നെ ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് വീണ്ടും ഫോൺ എടുത്ത് ഓപ്പറേറ്ററെ വിളിച്ച് ഡു വിലാ പ്ലേസിലേക്ക് കണക്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടു. മാർട്ടിനോയും ഓർസിനിയും തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ അപ്പോൾ. കിച്ചണിലായിരുന്ന ഹെലനാണ്‌ ഫോൺ അറ്റൻഡ് ചെയ്തത്. 


“താങ്കൾക്കുള്ള കോളാണ്‌...” അവർ മാർട്ടിനോയോട് പറഞ്ഞു. “മേജർ നെക്കറുടെ...” 


“ഫോഗെൽ ഹിയർ...” അവരുടെ കൈയ്യിൽ നിന്നും റിസീവർ വാങ്ങി മാർട്ടിനോ പറഞ്ഞു. 


“ഗുഡ് മോണിങ്ങ്...” നെക്കർ പറഞ്ഞു. “അര മണിക്കൂറിനുള്ളിൽ ഫീൽഡ് മാർഷൽ റോമൽ എയർപോർട്ടിൽ എത്തുന്നു എന്നറിഞ്ഞാൽ വലിയ ആശ്ചര്യമൊന്നും താങ്കൾക്കുണ്ടാകില്ല എന്നെനിക്കുറപ്പുണ്ട്...” 


“ഐ സീ...” അമ്പരപ്പ് ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മാർട്ടിനോ പറഞ്ഞു. 


“സ്വാഭാവികമായും അദ്ദേഹത്തെ വരവേൽക്കാനും സംസാരിക്കാനും താങ്കളുമുണ്ടാവുമല്ലോ... അപ്പോൾ എയർപോർട്ടിൽ വച്ച് കാണാം...” 


സാവധാനം മാർട്ടിനോ ഫോൺ താഴെ വച്ചു. അപ്പോഴാണ്‌ സാറയും ഗാലഗറും ഗാർഡനിൽ നിന്നും അങ്ങോട്ടെത്തിയത്. “വാട്ട്സ് ഇറ്റ് ഹാരീ...?” സാറ ആരാഞ്ഞു. “യൂ ലുക്ക് ഓവ്ഫുൾ...” 


“അല്ലെങ്കിലേ അത്ഭുതമുള്ളൂ...” അദ്ദേഹം പറഞ്ഞു. “ഐ തിങ്ക് ദി റൂഫ് ജസ്റ്റ് ഫെൽ ഇൻ ഓൺ മീ...” 


                                                         *** 


സിൽവർടൈഡ് ഹോട്ടലിൽ തന്റെ ഓഫീസിനോട് ചേർന്നുള്ള ബാത്ത്റൂമിൽ യൂണിഫോം ധരിച്ചുകൊണ്ടിരിക്കുകയാണ്‌ മുള്ളർ. പുറത്തെ വാതിൽ തുറന്ന് ക്ലൈസ്റ്റ് വിളിച്ചു ചോദിച്ചു. “ഹെർ ക്യാപ്റ്റൻ, താങ്കളവിടെയുണ്ടോ...? ഞങ്ങളോട് വരാൻ പറഞ്ഞിരുന്നല്ലോ...” 


“അതെ, അകത്തേക്ക് വരൂ...” മുള്ളർ പറഞ്ഞു. 


ഷർട്ടിന്റെ കഴുത്തിലെ ബട്ടൺ ഇട്ടുകൊണ്ട് ബാത്ത്റൂമിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം മോസർ ഘടിപ്പിച്ചിരിക്കുന്ന ബെൽറ്റ് എടുത്ത് ധൃതിയിൽ അരയിൽ കെട്ടി. 


“പെട്ടെന്ന് എന്തെങ്കിലും സംഭവവികാസങ്ങൾ...?” ക്ലൈസ്റ്റ് ചോദിച്ചു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു അയാളുടെ മുഖം. കണ്ണുകൾക്ക് ചുറ്റുമുള്ള പരിക്കുകൾ കരുവാളിച്ച് വീങ്ങിയിരിക്കുന്നു. മൂക്കിനു മുകളിലൂടെ ഒട്ടിച്ചിരിക്കുന്ന പ്ലാസ്റ്റർ കൊണ്ട് കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല. 


“എന്നു പറയാം... ഒരു മിന്നൽ പരിശോധനക്കായി അല്പസമയത്തിനകം റോമൽ എത്തുന്നുവെന്ന വിവരം ലഭിച്ചിരിക്കുന്നു... എനിക്ക് ഇപ്പോൾത്തന്നെ എയർപോർട്ടിലേക്ക് തിരിച്ചേ പറ്റൂ... ഏണസ്റ്റ്, പെട്ടെന്ന് തന്നെ വാഹനം എടുത്തു കൊണ്ടുവരൂ...” അദ്ദേഹം ഗ്രൈസറോട് പറഞ്ഞു. 


“അപ്പോൾ എന്റെ കാര്യമോ...?” ക്ലൈസ്റ്റ് ആരാഞ്ഞു. 


“ഈ മുഖവും വച്ചുകൊണ്ടോ...?” റോമലിന്റെ ഒരു മൈൽ പരിസരത്ത് പോലും കണ്ടുപോകരുത് നിങ്ങളെ... കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തോളൂ വില്ലീ... അദ്ദേഹത്തിന്റെ മുന്നിൽ പെടാതിരിക്കുന്നതാണ്‌ നല്ലത്...“ അദ്ദേഹം ഗ്രൈസറുടെ നേർക്ക് തിരിഞ്ഞു. ”വരൂ, നമുക്ക് പുറപ്പെടാം...“ 


അവർ പോയതും ക്ലൈസ്റ്റ് കബോർഡിനരികിലേക്ക് ചെന്നു. ക്യാപ്റ്റൻ വച്ചിരുന്ന കോന്യാക്ക് ബോട്ട്ൽ പുറത്തെടുത്ത് ഗ്ലാസിലേക്ക് ഒരു ലാർജ്ജ് പകർന്നു. ശേഷം, ഒറ്റയിറക്കിന്‌ അത് അകത്താക്കിയിട്ട് ബാത്ത്റൂമിൽ ചെന്ന് അയാൾ കണ്ണാടിയിൽ മുഖം പരിശോധിച്ചു. ഭീതിജനകമായിരുന്നു അയാളുടെ മുഖം. വല്ലാത്ത വേദനയും. ആ നശിച്ച ഐറിഷുകാരനാണ്‌ എല്ലാത്തിനും കാരണം... 


മറ്റൊരു ലാർജ്ജ് കൂടി പകർന്നിട്ട് അയാൾ മുറുമുറുത്തു. ”എന്റെ സമയവും വരും പന്നീ... അപ്പോൾ ഞാൻ കാണിച്ചു തരാം...“ കണ്ണാടിയിലേക്ക് നോക്കി ചിയേഴ്സ് പറഞ്ഞിട്ട് അയാൾ ഗ്ലാസ് വായിലേക്ക് കമഴ്ത്തി. 



(തുടരും) 


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...