Friday, July 30, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 32

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ഹ്യൂ കെൽസോയുടെ സാഹസിക കൃത്യങ്ങൾ വിവരിച്ച് തീർക്കുവാൻ ഏറെ നേരമൊന്നും വേണ്ടി വന്നില്ല മൺറോയ്ക്ക്. അദ്ദേഹം തുടർന്നു.


"കഴിഞ്ഞ മാസമാണ് പാരീസിൽ വച്ച് ബ്രൗൺ എന്ന് പേരുള്ള ഒരു ജർമ്മൻ ഏജന്റിനെ പിടികൂടി അയാളുടെ ചാരപ്രവർത്തനം ഞങ്ങൾ അവസാനിപ്പിച്ചത്... വിശദ വിവരങ്ങൾ ജാക്കിന്റെയടുത്തുണ്ട്... ഐ തിങ്ക് യൂ വിൽ ഫൈൻഡ് ഇറ്റ് ഇന്ററസ്റ്റിങ്ങ്..."


"എ‌ന്തായിരുന്നു അയാൾ...? ഗെസ്റ്റപ്പോ...?" മാർട്ടിനോ ആരാഞ്ഞു.


"അല്ല.‌..‌ SD..." നെരിപ്പോടിനപ്പുറം ഇരിക്കുന്ന സാറാ ഡ്രെയ്ട്ടന് നേർക്ക് കാർട്ടർ തിരിഞ്ഞു. "SS ന്റെ സീക്രട്ട് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റാണത്... ഹിംലറോട് മാത്രമേ അവർക്ക് ഉത്തരവാദിത്വമുള്ളൂ... ജർമ്മനിയിലെ മറ്റേത് സംഘടനകളേക്കാളും അധികാരമാണ് ഇന്നവർക്കുള്ളത്..."


"എങ്കിൽ പറയൂ ബ്രൗണിനെക്കുറിച്ച്..." മാർട്ടിനോ പറഞ്ഞു.


"വെൽ, കൈവശമുണ്ടായിരുന്ന രേഖകൾ പ്രകാരം RFSS ലെ അംഗമായിരുന്നു അയാൾ..." കാർട്ടർ വീണ്ടും സാറയുടെ നേർക്ക് തിരിഞ്ഞു. "എന്ന് വച്ചാൽ റൈഫ്യൂറർ SS... ഹിംലറുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ യൂണിഫോമിന്റെ കഫ് ടൈറ്റിലിൽ കാണുന്ന എംബ്ലമാണത്..." തന്റെ ഫയലിൽ നിന്നും ഒരു പേപ്പർ എടുത്ത് അദ്ദേഹം മാർട്ടിനോയ്ക്ക് നൽകി. "ഇതിൽ നിന്നും മനസ്സിലായത്, എവിടെ വേണമെങ്കിലും സഞ്ചരിക്കാനും തനിക്ക് തോന്നുന്നിടത്ത് സ്വന്തം ഇഷ്ടപ്രകാരം എന്ത് അന്വേഷണം നടത്താനും അധികാരമുള്ള ഒരു റോവിങ്ങ് അംബാസഡർ ആയിരുന്നു അയാളെന്നാണ്..."


"താൻ സന്ധിക്കുന്ന ഏതൊരാളുടെ മേലും സമ്പൂർണ്ണ അധികാരമുള്ള വ്യക്തി..." മൺറോ പറഞ്ഞു. "ആ കത്ത് ഒന്ന് വായിച്ചു നോക്കൂ..."


മാർട്ടിനോ എൻവലപ്പിൽ നിന്നും ആ കടലാസ് പുറത്തെടുത്ത് നിവർത്തി.


മേൽത്തരം കടലാസിൽ എംബോസ് ചെയ്ത ഹെഡ്ഡിങ്ങോടു കൂടി കറുത്ത ലിപികളിൽ പ്രിന്റ് ആകാംകരുന്നു ആ കത്ത്.



              DER REICHSFUHRER - SS

                                          Berlin, 9 November 1943

SS - STURMBANNFUHRER
BRAUN ERWIN, SS-NR 107863

This officer acts under my personal orders on business of the utmost importance to the Reich. All personnel, military and civil, without distinction of rank, must assist him in any way he sees fit.

                                                           
                                                               H. HIMMLER



വളരെ ശക്തമായ ഒരു അധികാരപത്രം തന്നെ.  അതിലേറെ ആശ്ചര്യപ്പെടുത്തിയത് അതിന് താഴെയുള്ള 'Adolf Hitler, Fuhrer und Reichskanzler' എന്ന ലിഖിതവും സാക്ഷാൽ ഹിറ്റ്‌ലറുടെ കൈയ്യൊപ്പും ആയിരുന്നു.


"അതിരുകളില്ലാത്ത അധികാരമായിരുന്നല്ലോ അയാൾക്കുണ്ടായിരുന്നത്..." ആ ലെറ്റർ കാർട്ടർക്ക് തിരികെ കൊടുത്തു കൊണ്ട് മാർട്ടിനോ അഭിപ്രായപ്പെട്ടു.


"വെൽ... അയാളിപ്പോൾ ജീവനോടെയില്ല... പക്ഷേ, മരണത്തിന് മുമ്പ് അയാളിൽ നിന്നും വിലപ്പെട്ട ചില വിവരങ്ങൾ പാരീസിലെ നമ്മുടെ സുഹൃത്തുക്കൾ ചോർത്തിയെടുത്തു..." മൺറോ പറഞ്ഞു.


"അതിലെനിക്ക് ഒരു സംശയവുമില്ല..." മാർട്ടിനോ സിഗരറ്റിന് തീ കൊളുത്തി.


അയാളുടെ കീഴിലുള്ള ഏതാണ്ട് ഒരു ഡസനോ അതിലധികമോ പ്രത്യേക പ്രതിനിധികൾ യൂറോപ്പിൽ എമ്പാടും പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്... വളരെ രഹസ്യമായിട്ടാണ് ഇവരുടെ നീക്കങ്ങൾ... തങ്ങളുമായി സന്ധിക്കുന്നവരെയെല്ലാം ഭയത്തിന്റെ മുൾമുനയിൽ നിർത്തുക എന്നതാണ് ഇവരുടെ ശൈലി... യഥാർത്ഥത്തിൽ ആരാണിവർ എന്ന് സ്വന്തം സൈനികർക്ക് പോലും അറിയില്ല... എന്തായാലും നിങ്ങൾക്ക് വേണ്ടി ഒരു സമ്പൂർണ്ണ സെറ്റ് രേഖകൾ നമ്മുടെ ഫോർജറി ഡിപ്പാർട്ട്മെന്റ് തയ്യാറാക്കുന്നുണ്ട്... SD ഐഡന്റി കാർഡും ഇപ്പോൾ കണ്ടതു പോലുള്ള ഒരു അധികാര പത്രവും പിന്നെന്തൊക്കെയാണോ വേണ്ടത് അവയൊക്കെയും... മാക്സ് ഫോഗെൽ എന്നായിരിക്കും നിങ്ങളുടെ പേര്... കാര്യങ്ങളുടെ സുഗമമായ നീക്കത്തിന് വേണ്ടി ചെറിയൊരു റാങ്കും കൂടി നിങ്ങൾക്ക് നൽകാനാണ്‌ ഞങ്ങളുടെ ഉദ്ദേശ്യം... സ്റ്റാൻഡർട്ടൻഫ്യൂറർ എന്ന പദവി..." അദ്ദേഹം സാറയുടെ നേർക്ക് തിരിഞ്ഞു. "എന്ന് വച്ചാൽ നമ്മുടെ കേണൽ പദവിയ്ക്ക് തുല്യം..."


"ചിത്രം വ്യക്തമാവുന്നു..." മാർട്ടിനോ പറഞ്ഞു. "ജെഴ്സിയിൽ ഞാൻ കാൽ കുത്തുന്നു... കണ്ടുമുട്ടുന്നവരെയെല്ലാം ഭയപ്പെടുത്തി വിറപ്പിച്ച് നിർത്തുന്നു..."


"ഒരു കാര്യം എന്തായാലും വ്യക്തമാണ് മകനേ..." മൺറോ പറഞ്ഞു. "ലെതർ ഓവർകോട്ട് ധരിച്ച് നടന്ന സ്കൂൾ അദ്ധ്യാപകൻ ഒരു വിപ്ലവകാരിയായി പരിണമിക്കുന്നതിനേക്കാൾ ഭയപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല... ലെനിൻ തന്നെ ഉദാഹരണം. എന്തായാലും നിങ്ങളെ സമ്മതിച്ചേ തീരൂ ഹാരീ... ഒരു നാസി ആയി മാറുവാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെയാണ്‌..."


"അപ്പോൾ ഈ കുട്ടി...?" മാർട്ടിനോ ആരാഞ്ഞു. "ഈ ദൗത്യത്തിൽ ഇവളുടെ റോൾ എന്താണ്...?"


"മിസ്സിസ് ഹെലൻ ഡു വിലായുടെയും ജനറൽ ഗാലഗറിന്റെയും അടുത്ത് വിശ്വാസ്യത സ്ഥാപിച്ചെടുക്കുവാൻ നിങ്ങളോടൊപ്പം ആരെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്... ഹെലന്റെ ബന്ധുവാണ്‌ നമ്മുടെ സാറാ... പിന്നൊരു കാര്യമുള്ളത്, ആറ് വർഷം മുമ്പ് പതിമൂന്നാമത്തെ വയസ്സിലാണ് അവസാനമായി ഇവൾ അവിടെയുണ്ടായിരുന്നത്... എന്നിരുന്നാലും ഹെലനും ഗാലഗറും ഇവളെ തിരിച്ചറിയും എന്നതിൽ സംശയമില്ല... ഒപ്പം മറ്റുള്ളവർക്കിടയിൽ ഒരു അപരിചിതയായി നടക്കുവാനും കഴിയും... പ്രത്യേകിച്ചും ഇവളെക്കൊണ്ടുള്ള നമ്മുടെ ആവശ്യം കഴിയുമ്പോൾ..."


"എന്ന് വച്ചാൽ...? എനിക്ക് മനസ്സിലായില്ല..."


"വെൽ, ഫ്രാൻസിനും ജെഴ്സിക്കും ഇടയിൽ രാത്രിപുഷ്പങ്ങളുടെ തരക്കേടില്ലാത്ത ബിസിനസ് നടക്കുന്ന കാര്യം രഹസ്യമൊന്നുമല്ല..."


"ലൈംഗികത്തൊഴിലാളികളെയാണോ ഉദ്ദേശിച്ചത്...? അത്തരം ഒരു റോൾ ഇവൾ അഭിനയിക്കണമെന്നാണോ നിങ്ങൾ പറയുന്നത്...?"


"ഫ്രാൻസിലുള്ള ഒട്ടുമിക്ക സീനിയർ ജർമ്മൻ ഓഫീസർമാർക്കും ഫ്രഞ്ച് ഗേൾഫ്രണ്ട്സ് ഉണ്ട്...നമ്മുടെ സാറയാണെങ്കിൽ വളരെ നന്നായി ഫ്രഞ്ച് സംസാരിക്കും... അതും ബ്രെറ്റൻ ആക്സന്റിൽ... കാരണം ഇവളുടെ മുത്തശ്ശി ഒരു ബ്രിറ്റനി സ്വദേശി ആയിരുന്നു... ബെർക്‌ലി ഹാളിലുള്ള നമ്മുടെ മെയ്ക്കപ്പ് വിദഗ്ദ്ധർ അവരുടെ കഴിവ് തെളിയിച്ച് കഴിയുന്നതോടെ ഇവളുടെ രൂപം അപ്പാടെ മാറിയിരിക്കും... മുടിയുടെ നിറമൊക്കെ മാറ്റി ആകർഷകമായ വസ്ത്രങ്ങളും അണിഞ്ഞ്......"


"യൂ മീൻ, അവളെ ഒരു ഫ്രഞ്ച് കോൾ ഗേളിന്റെ രൂപത്തിലാക്കി മാറ്റുമെന്നോ...?" മാർട്ടിനോ ഇടയിൽ കയറി ചോദിച്ചു.


"സംതിങ്ങ് ലൈക്ക് ദാറ്റ്... അവളുടെ സുരക്ഷിതത്വത്തിനും അതായിരിക്കും നല്ലത്..."


"ശരി, എപ്പോഴായിരിക്കും ഞങ്ങളുടെ യാത്ര...?"


"മറ്റന്നാൾ... ഒരു ലൈസാൻഡർ വിമാനത്തിൽ നിങ്ങളെ ഗ്രാൻവിലായിൽ ഡ്രോപ്പ് ചെയ്യും... രണ്ടര മണിക്കൂർ നേരത്തെ യാത്രയേയുള്ളൂ ഹാരീ... പീസ് ഓഫ് കേക്ക്... സോഫി ക്രെസൻ അവിടെ നിങ്ങളെ കാണാനെത്തും... പിന്നെ സൗകര്യം പോലെ നിങ്ങളുടെ അധികാര പത്രം ഉപയോഗിച്ച് ഗ്രാൻവിലായിൽ നിന്നും നൈറ്റ് സർവ്വീസ് നടത്തുന്ന ഏതെങ്കിലും ബോട്ടിൽ ജെഴ്സിയിലേക്ക്... അവിടെയെത്തിയിട്ട് നിങ്ങളുടെ സൗകര്യം പോലെ അടുത്ത നീക്കം... ഞായറാഴ്ച്ച വരെ സമയമുണ്ടാകും നിങ്ങൾക്ക്..."


"ഓകെ... അഥവാ ഇനി അദ്ദേഹത്തെ അവിടെ നിന്നും പുറത്ത് എത്തിക്കാൻ ആവുന്നില്ല എന്ന് കരുതുക... എന്ത് ചെയ്യണം ഞാൻ...?"


"അത് നിങ്ങളുടെ തീരുമാനത്തിന്‌ വിടുന്നു..."


"അത് ശരി... നിങ്ങൾക്ക് വേണ്ടി വീണ്ടും ഞാനൊരു കൊലയാളിയുടെ വേഷം കെട്ടണമെന്ന്...?" അദ്ദേഹം സാറയുടെ നേർക്ക്  തിരിഞ്ഞു. "ഇതെല്ലാം കേട്ടിട്ട് നിനക്കെന്ത് തോന്നുന്നു സാറാ...?" മാർട്ടിനോയുടെ മുഖം ദ്വേഷ്യം കൊണ്ട് ചുവന്നിരുന്നു.


"ഓ, എനിക്കറിയില്ല... പക്ഷേ, കേട്ടിടത്തോളം‌ എല്ലാം കൊണ്ടും രസകരമായിരിക്കുമെന്ന് തോന്നുന്നു..."


സത്യത്തിൽ തന്റെ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കാനുള്ള ഒരു അടവായിരുന്നു അവളുടെ ആ വായാടിത്തം. കപ്പിൽ വീണ്ടും ചായ നിറയ്ക്കാനായി മേശയ്ക്കരികിലേക്ക് തിരിഞ്ഞപ്പോൾ അവളുടെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അമ്മയുടെ മരണ ശേഷം തനിച്ചായ അവൾ മലയായിലെ വനാന്തരങ്ങളിൽ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്കാണ് പോയത്. ഒരു പതിമൂന്ന് വയസ്സുകാരിയെ സംബന്ധിച്ചിടത്തോളം അസൗകര്യങ്ങൾക്ക് നടുവിലെ അപകടകരമായ ആ ജീവിതം തികച്ചും അപരിചിതമായിരുന്നു. എങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും അവൾ ആസ്വദിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം പൊരുതി തോല്പിക്കുകയായിരുന്നു അവൾ. ആശുപത്രിയിലെ നൈറ്റ് ഷിഫ്റ്റുകൾ, ബോംബിങ്ങ്, പരുക്കേറ്റെത്തുന്ന അസംഖ്യം ആൾക്കാർ... ഇവയുടെയെല്ലാം ഇടയിലും ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു.


ഇപ്പോൾ ഇതും. മാർട്ടിനോയെ തനിക്ക് വേണമെന്നൊരു ആഗ്രഹം ഉള്ളിൽ രൂപം കൊള്ളുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. വെറുമൊരു ലൈംഗികാഭിനിവേശം എന്ന് പറയാനാവില്ല. അതിന്റെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ അത്. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച ഈ മനുഷ്യന്റെ വ്യക്തിത്വമാണ്‌ അവളെ ആകർഷിച്ചത്. ഇരുവരും ചേർന്ന് അഭിമുഖീകരിക്കാൻ പോകുന്ന അത്യന്തം അപകടകരവും ഉദ്വേഗഭരിതവുമായ രംഗങ്ങളെക്കുറിച്ചോർത്തുള്ള ആകാംക്ഷ. അതിന്റെ ആവേശത്തിലായിരുന്നു അവൾ.


"രസകരമായിരിക്കുമെന്നോ...? ഡിയർ ഗോഡ്...!" മാർട്ടിനോ ഗ്ലാസിലേക്ക് വിസ്കി പകർന്നു. "നിങ്ങൾ ഹൈഡെഗ്ഗറിന്റെ ഏതെങ്കിലും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ ജാക്ക്...?"


"ധാരാളം..."


"ഒരു വിചിത്ര മനുഷ്യൻ... മരണവുമായി മല്ലിട്ടുകൊണ്ട് മാത്രമേ അകൃത്രിമമായ ഒരു ജീവിതം സാദ്ധ്യമാകൂ എന്നാണ്  അദ്ദേഹം വിശ്വസിച്ചിരുന്നത്..."


"ആ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..." മൺറോ പറഞ്ഞു.


"റിയലി...?" മാർട്ടിനോ പൊട്ടിച്ചിരിച്ചു. "ഇതുപോലുള്ള വിഡ്ഢികളാണ് ഫിലോസഫി ഉപേക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്..." ഗ്ലാസ്സുയർത്തി  എല്ലാവരോടുമായി അദ്ദേഹം ചിയേഴ്സ് പറഞ്ഞു‌. "എങ്കിൽ ഇതാ നാം പുറപ്പെടുകയായി... അടുത്ത സ്റ്റോപ്പ് ബെർക്‌ലി ഹാൾ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Thursday, July 22, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 31

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വലതു കണ്ണിന് തൊട്ടു പിന്നിൽ തലയ്ക്കുള്ളിൽ കുത്തുന്ന വേദനയുമായാണ് ഹാരി മാർട്ടിനോ ഉറക്കമുണർന്നത്.  ഒപ്പം വായ്ക്കുള്ളിൽ അരുചിയും. ഒരേയൊരു ഉത്തരമേയുള്ളൂ അതിന്. പഴയൊരു ട്രാക്ക് സ്യൂട്ട് എടുത്തണിഞ്ഞ് ഒരു ടവ്വലുമായി വാതിൽ തുറന്ന് കടൽത്തീരത്തേക്ക് കുതിച്ചു.


വസ്ത്രങ്ങളെല്ലാം ഉരിഞ്ഞു കളഞ്ഞ് വെള്ളത്തിലേക്കിറങ്ങിയ അദ്ദേഹം തിരമാലകളെ ഭേദിച്ചു കൊണ്ട് മുന്നോട്ട് നടന്നു. അത്ര പ്രസന്നമായ ഒരു പ്രഭാതമായിരുന്നില്ല അത്. ഇരുണ്ട മാനം. മുഖത്തേക്ക് വീശുന്ന കാറ്റിനൊപ്പം ചാറ്റൽ മഴയുമുണ്ട്. പെട്ടെന്നാണ് കടലും‌ ആകാശവും ഒന്നായത് പോലെയൊരു തോന്നൽ അദ്ദേഹത്തിനുണ്ടായത്. ചുറ്റുമുള്ള ശബ്ദകോലാഹലങ്ങളെല്ലാം കുറേ നേരത്തേക്ക് മങ്ങി കെട്ടടങ്ങിയത് പോലെ... തിരമാലകൾക്കെതിരെ പൊരുതിക്കൊണ്ട് അദ്ദേഹം മുന്നോട്ട് നീങ്ങി. ഭൂതമോ ഭാവിയോ ഒന്നും തന്നെ അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നില്ല അപ്പോൾ. ഇപ്പോഴത്തെ ഈ നിമിഷങ്ങളെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. ഒരു തിര വന്ന് തലയ്ക്ക് മുകളിലൂടെ കടന്നു പോയതും മഴ ശക്തിയാർജ്ജിച്ചു.


"ഹാരീ, കടലിൽ തിമിർക്കുകയാണെന്ന് തോന്നുന്നല്ലോ..." ദൂരെ നിന്നും ആരോ വിളിക്കുന്ന സ്വരം കേൾക്കാറായി.


മാർട്ടിനോ തിരിഞ്ഞ് തീരത്തേക്ക് നോക്കി. ഒരു കമ്പിളി കോട്ടും പിഞ്ഞിയ ഹാറ്റും ധരിച്ച് കുടയും ചൂടി ബ്രിഗേഡിയർ ഡോഗൽ മൺറോ അവിടെ നിൽക്കുന്നുണ്ടായിരുന്നു. 


"മൈ ഗോഡ്...!" അദ്ദേഹം അത്ഭുതം കൂറി. "ഡോഗൽ, നിങ്ങളോ...?"


"അതെ... ഞാൻ തന്നെ ഹാരീ... കോട്ടേജിലേക്ക് വരൂ... ഒരാളെ പരിചയപ്പെടുത്താനുണ്ട്..."


മറ്റൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം തിരിഞ്ഞു നടന്നു. ആരായിരിക്കും അത് എന്ന് ചിന്തിച്ചു കൊണ്ട് മാർട്ടിനോ കുറച്ചു നേരം കൂടി വെള്ളത്തിൽ നീന്തിത്തുടിച്ചു കൊണ്ട് കിടന്നു. എന്തായാലും വെറുമൊരു സ്നേഹാന്വേഷണത്തിന് വേണ്ടിയായിരിക്കില്ല ലണ്ടനിൽ നിന്നും ഇത്രയും ദൂരം താണ്ടി മൺറോ ഇവിടെ എത്തിയിരിക്കുന്നത് എന്ന കാര്യം ഉറപ്പാണ്. ദേഹമാസകലം ഒരു ആവേശം നുരഞ്ഞു കയറുന്നു. വെള്ളം വകഞ്ഞു മാറ്റി കരയിലേക്ക് കയറി പെട്ടെന്ന് ദേഹം തുടച്ച് ട്രാക്ക് സ്യൂട്ട് എടുത്തണിഞ്ഞ് അദ്ദേഹം കോട്ടേജിലേക്കുള്ള പാത ഓടിക്കയറി. ഒരു ഇടമുറിയാതെ പെയ്യുന്ന മഴയെയും നോക്കി സിഗരറ്റും വലിച്ചുകൊണ്ട് ജാക്ക് കാർട്ടർ പോർച്ചിൽ നിൽക്കുന്നുണ്ടായിരുന്നു. 


"എന്ത്, നിങ്ങളുമോ ജാക്ക്...?" പുഞ്ചിരിച്ചു കൊണ്ട് മാർട്ടിനോ അയാളുടെ കരം കവർന്നു. "എനിക്ക് എന്തെങ്കിലും പണി തരാനായിരിക്കും ആ കിഴവൻ വന്നിരിക്കുന്നതല്ലേ...?"


"എന്ന് പറയാം..." കാർട്ടർ ഒന്ന് സംശയിച്ചു. "ഹാരീ, ഈ ജോലി നിങ്ങൾക്ക് മടുത്തു കാണുമെന്നാണെനിക്ക് തോന്നുന്നത്..."


"മടുത്തു എന്നൊരു വാക്ക് എന്റെ ഡിക്ഷ്ണറിയിൽ ഇല്ല ജാക്ക്... എന്നെ പെട്ടിയിലാക്കി ആറടി മണ്ണിൽ ഇറക്കി വയ്ക്കുന്നത് വരേയ്ക്കും..." ജാക്കിനരികിലൂടെ അദ്ദേഹം തിടുക്കത്തിൽ അകത്തേക്ക് നടന്നു.


മേശപ്പുറത്ത് കണ്ട നോട്ട് പാഡും വായിച്ചു കൊണ്ട് നെരിപ്പോടിനരികിൽ മൺറോ ഇരിക്കുന്നുണ്ടായിരുന്നു. "ഇപ്പോഴും നിങ്ങൾ പൊട്ടക്കവിതകൾ എഴുതുന്നുണ്ടല്ലേ...?"


"അതിന് ഞാൻ ഒരിക്കലും അത് നിർത്തിയിട്ടില്ലല്ലോ..." മൺറോയുടെ കൈയ്യിൽ നിന്നും ആ നോട്ട് പാഡ് വാങ്ങി മുകളിലത്തെ കടലാസ് ചീന്തി ചുരുട്ടിക്കൂട്ടി അദ്ദേഹം നെരിപ്പോടിനുള്ളിലേക്കെറിഞ്ഞു. അപ്പോഴാണ്  അടുക്കളയുടെ വാതിൽക്കൽ നിൽക്കുന്ന സാറാ ഡ്രെയ്ട്ടനെ അദ്ദേഹം കണ്ടത്.


"എല്ലാവർക്കുമായി ചായ ഉണ്ടാക്കുകയായിരുന്നു ഞാൻ... വിരോധമില്ലല്ലോ കേണൽ മാർട്ടിനോ...? ഞാൻ സാറാ ഡ്രെയ്ട്ടൻ..."


മാർട്ടിനോയെ കണ്ടതിന്റെ പരിഭ്രമം കൊണ്ട് കൈകൾ വിറയ്ക്കുന്നതിനാൽ ഹസ്തദാനത്തിനായി അവൾ തുനിഞ്ഞില്ല. വയറിനുള്ളിൽ നിന്നും ഒരു ആളൽ പോലെ. തൊണ്ട വരളുന്നു. ആവേശം കൊണ്ട് അവളുടെ കണ്ണുകൾ സജലങ്ങളായി. Coup de foudre എന്ന് ഫ്രഞ്ചിൽ പറയുന്നത് ഇതിനാണ്. അതായത് പ്രഥമ ദർശനത്തിൽ തോന്നുന്ന അനുരാഗം... പ്രണയങ്ങളിൽ ഏറ്റവും ഔന്നത്യമാർന്നത്... പൊടുന്നനെ പൊട്ടിമുളച്ച, ഒരിക്കലും പിൻവലിയാനാവാത്ത പ്രണയം...


അവളുടെ അവസ്ഥ കണ്ട മാർട്ടിനോ തന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന കറുത്ത മുടിയിഴകൾ വകഞ്ഞു മാറ്റി. തികച്ചും സ്വാഭാവികവും ആകർഷകവുമായ മന്ദഹാസത്താൽ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചു. പിന്നെ അല്പം ഈർഷ്യയോടെ മൺറോയെ നോക്കി ചോദിച്ചു. 


"മൈ ഗോഡ്, വാട്ട് എ ബാസ്റ്റർഡ് യൂ ആർ, ഡോഗൽ... നമ്മുടെ ദൗത്യത്തിൽ സ്കൂൾ കുട്ടികളെയും ഉപയോഗിക്കുവാൻ തുടങ്ങിയോ...?"



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, July 16, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 30

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



"വല്ലാത്തൊരു മനുഷ്യൻ തന്നെ ഈ ഹാരി മാർട്ടിനോ..." മൺറോ പറഞ്ഞു. "അയാളെപ്പോലൊരാളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്..."


"പറയുന്നത് കേട്ടിട്ട് അത്തരമൊരാളെ ഞാനും ആദ്യമായിട്ടായിരിക്കും കാണാൻ പോകുന്നത് എന്ന് തോന്നുന്നു..." സാറ പറഞ്ഞു.


ഡ്രൈവർക്കും യാത്രക്കാർക്കും ഇടയിൽ ഗ്ലാസ് പാർട്ടീഷനുള്ള വലിയൊരു ഓസ്റ്റിൻ കാറിലാണ് അവർ ലുൽവർത്ത് കോവിലേക്ക് യാത്ര തിരിച്ചത്. മൺറോയും ജാക്ക് കാർട്ടറും പിൻസീറ്റിലും‌ അവർക്ക് അഭിമുഖമായി സാറാ ഡ്രെയ്ട്ടൻ എതിരെയുള്ള ജമ്പ് സീറ്റിലും ഇരുന്നു. കട്ടിയുള്ള കമ്പിളി സ്യൂട്ടും ചുരുക്കുകളുള്ള സ്കെർട്ടും തവിട്ടു നിറത്തിലുള്ള സ്റ്റോക്കിങ്ങ്സുമാണ് അവൾ ധരിച്ചിരുന്നത്. ക്രീം നിറത്തിലുള്ള സാറ്റിൻ ബ്ലൗസിന്റെ കറുത്ത ചരടുകൾ കഴുത്തിലേക്ക് കെട്ടിയിരിക്കുന്നു. കനമുള്ള ഹാഫ് ഹീൽ ഷൂ. ചുവന്ന് തുടുത്ത കവിളും ചടുലതയോടെ നാനാഭാഗത്തേക്കും നോട്ടമെറിയുന്ന മിഴിയിണകളും അവളുടെ ആകർഷകത്വം വർദ്ധിപ്പിച്ചു. ഒട്ടും പ്രായം തോന്നാത്ത ബാഹ്യരൂപം.


"കഴിഞ്ഞതിന്റെ മുമ്പത്തെ ആഴ്ച്ച അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു..." കാർട്ടർ അവളോട് പറഞ്ഞു.


ആകാംക്ഷയോടെ അവളുടെ കണ്ണുകൾ വികസിച്ചു. "എത്രാമത്തെ...?"


"നാൽപ്പത്തിനാല്..."


"ഈ നൂറ്റാണ്ടിന്റെ പുത്രനെന്ന് വേണമെങ്കിൽ വിളിക്കാം മൈ ഡിയർ..." മൺറോ പറഞ്ഞു. ആയിരത്തിത്തൊള്ളായിരാമാണ്ട് ഏപ്രിൽ മാസം ഏഴാം തീയ്യതി ഭൂജാതനായി... നിന്നെ സംബന്ധിടത്തോളം ഒരു വയസ്സൻ ആയി തോന്നിയേക്കാം..."


"ഏരീസ് ആണല്ലോ രാശി..." അവൾ പറഞ്ഞു.


മൺറോ പുഞ്ചിരിച്ചു. "ദാറ്റ്സ് റൈറ്റ്... ഈ ആധുനിക ശാസ്ത്രത്തിന്റെയൊക്കെ വരവിന് മുമ്പ് ജ്യോതിഷവും ഒരു ശാസ്ത്രമായിരുന്നു... അറിയുമോ നിങ്ങൾക്ക്...?"


"അതറിയില്ലായിരുന്നു..."


"ഉദാഹരണത്തിന് പുരാതന കാലത്ത് ഈജിപ്ഷ്യൻസ് ലിയോ രാശിയിലുള്ളവരെ മാത്രമേ സൈന്യത്തിൽ ജനറൽമാരായി നിയമിക്കുമായിരുന്നുള്ളൂ..."


"ഞാനും ലിയോ ആണല്ലോ... ജൂലൈ ഇരുപത്തിയേഴ്..." അവൾ പറഞ്ഞു.


"എങ്കിൽ സങ്കീർണ്ണമായ ഒരു ജീവിതമായിരിക്കും നിങ്ങളുടേത് എന്ന് ഉറപ്പിച്ചോളൂ... എന്റെ ഒരു ഹോബിയാണ് ഇതേക്കുറിച്ചുള്ള പഠനം... ഉദാഹരണത്തിന് ഹാരിയെത്തന്നെ എടുക്കാം... വിശകലനം ചെയ്യുവാനുള്ള കഴിവും  ബുദ്ധിശക്തിയും കൊണ്ട് അനുഗൃഹീതൻ... ലോകത്തെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു 1938 ൽ അദ്ദേഹം... എന്നിട്ട് ഇപ്പോൾ ജീവിതത്തിന്റെ പാതി വഴിയിൽ അദ്ദേഹം എന്തായിത്തീർന്നു എന്ന് നോക്കൂ..."


"ഒന്ന് വിശദീകരിക്കാമോ...?" അവൾ ചോദിച്ചു.


"ഏരീസ് എന്ന് പറയുന്നത് പടയാളികളുടെ പ്രതീകമാണ്... ഹാരിയ്ക്കും ഏതാണ്ട്‌ അതേ നാളുകളിൽ ജനിച്ച മറ്റുള്ളവർക്കും പൊതുവായ ഒരു സ്വഭാവ വിശേഷമുണ്ട്... പുറമേ കാണുന്നത് പോലെയാവില്ല അവരുടെ യഥാർത്ഥ സ്വഭാവം... ചൊവ്വാ ഗ്രഹത്തിന് ജെമിനിയിൽ ഉള്ള പ്രഭാവമാണ് അതിന് കാരണം...‌ ഈ ജെമിനി എന്ന് പറയുന്നത് തന്നെ ഇരട്ട എന്നതിന്റെ പ്രതീകമാണല്ലോ..."


"അതുകൊണ്ട്...?"


"അങ്ങനെയുള്ളവർ സ്കിസോഫ്രേനിക്ക് ആവാനുള്ള സാദ്ധ്യത വളരെയേറെയാണ്... ഒരു വശത്ത് ഹാരി മാർട്ടിനോ എന്ന വ്യക്തി ഒരു വിദ്യാഭ്യാസ വിചക്ഷണൻ, ചിന്തകൻ, കവി,  എല്ലാവരെയും മയക്കുന്നവൻ ഒക്കെയാണ്... മറുവശത്ത്..." അദ്ദേഹം ചുമൽ വെട്ടിച്ചു. "ദാക്ഷിണ്യം ലവലേശമില്ലാത്ത ഒരു കൊലയാളി... അതെ... ദയ, സഹാനുഭൂതി തുടങ്ങിയ വികാരങ്ങൾ പലപ്പോഴും അന്യമാണദ്ദേഹത്തിന്... ശരിയല്ലേ ജാക്ക്...? തീർച്ചയായും ഒരു കാര്യം സമ്മതിച്ചേ പറ്റൂ... ഈ സ്വഭാവ വൈചിത്ര്യം കഴിഞ്ഞ നാലു വർഷമായി താൻ ചെയ്യുന്ന ജോലിയിൽ അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട് എന്ന കാര്യം... തന്റെ സഹപ്രവർത്തകർ മിക്കവരും കൊല്ലപ്പെട്ടപ്പോഴും ഈ രംഗത്ത് ജീവനോടെ പിടിച്ചു നിൽക്കാനായത് ഈ സ്വഭാവ വിശേഷം കൊണ്ടു മാത്രമാണ്..."


"ഇതൊക്കെ കേട്ട് ഹാരി മാർട്ടിനോയെക്കുറിച്ച് മോശം അഭിപ്രായമാണ്‌ രൂപപ്പെട്ടതെങ്കിൽ, രണ്ടു കാര്യങ്ങൾ സാറാ..." ജാക്ക് കാർട്ടർ പറഞ്ഞു. "അദ്ദേഹത്തിന്റെ മാതാവ് ജനിച്ചത് അമേരിക്കയിലാണെങ്കിലും അവരുടെ മാതാപിതാക്കൾ ജർമ്മൻകാരായിരുന്നു... തന്റെ കുട്ടിക്കാലത്ത് ഡ്രെസ്ഡനിലും ഹൈഡൽബെർഗിലും കുറേക്കാലം ഹാരി ചെലവഴിച്ചിട്ടുണ്ട്... പേര് കേട്ട ഒരു സർജ്ജറി പ്രൊഫസർ ആയിരുന്ന മുത്തശ്ശൻ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. തന്റെ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്ന് വീണിട്ടാണ് അദ്ദേഹം മരിക്കുന്നത്..‌. ദൗർഭാഗ്യകരമായ ഒരു അപകടം..."


"രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ അദ്ദേഹത്തിന്റെ കൈകാലുകളിൽ പിടിച്ച് പൊക്കിയെടുത്ത് താഴോട്ടുള്ള പതനം അനായാസമാക്കി..." മൺറോ പൂരിപ്പിച്ചു.


"അതിന് ശേഷമാണ് റോസാ ബെൻസ്റ്റൈൻ എന്ന ജൂതപ്പെൺകൊടി ഹാരിയുടെ ജീവിതത്തിലേക്ക് എത്തുന്നത്..."


"ഞാനത് ചോദിക്കാൻ വരികയായിരുന്നു... സ്ത്രീകൾക്കൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ലേ എന്ന്... വിവാഹത്തെക്കുറിച്ച് ഒരു സൂചനയുമില്ല..."


"1932 ൽ സെന്റ് ഹ്യൂസിലുള്ള ഒരു ഓക്സ്ഫഡ് കോളേജിലെ പഠന സമയത്താണ്‌ റോസാ ബെൻസ്റ്റൈൻ മാർട്ടിനോയെ കണ്ടുമുട്ടുന്നത്...   പക്ഷേ, പ്രധാനമായും യൂറോപ്പിലായിരുന്നു അന്നദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്... മാതാപിതാക്കളുടെ മരണത്തെ തുടർന്ന് മോശമല്ലാത്ത കുടുംബ സ്വത്തിനാണ്‌ അദ്ദേഹം അവകാശിയായിത്തീർന്നത്... ഏകപുത്രൻ ആയതും അടുത്ത ബന്ധുക്കൾ ഇല്ലാത്തതും കാര്യങ്ങൾ എളുപ്പമാക്കി..."


"പക്ഷേ, അദ്ദേഹവും റോസയും ഒരിക്കലും വിവാഹിതരായില്ലേ...?"


"ഇല്ല..." മൺറോ പറഞ്ഞു. "മുൻവിധി എന്ന് പറയുന്നത് ഇരുഭാഗത്തും പതിവാണല്ലോ മൈ ഡിയർ... റോസയുടെ മാതാപിതാക്കൾ ഓർത്തഡോക്സ് ജൂതരായിരുന്നു... തങ്ങളുടെ മകൾ ഒരു ഇതര വംശജനെ വിവാഹം കഴിക്കുന്നത് ആലോചിക്കാൻ പോലും അവർക്കാവുമായിരുന്നില്ല... വേർപിരിയാനാവാത്ത വിധം ഊഷ്മളമായ ബന്ധമായിരുന്നു വർഷങ്ങളോളം റോസയും ഹാരിയും തമ്മിൽ... അവർ ഇരുവരെയും നന്നായിട്ടറിയാമായിരുന്നു എനിക്ക്... ആ കാലഘട്ടത്തിൽ ഞാനും ഓക്സ്ഫഡിലുണ്ടായിരുന്നു..."


"പിന്നെന്ത് സംഭവിച്ചു...?"


കാർട്ടറാണ് അതിന് ഉത്തരം നൽകിയത്. "സോഷ്യലിസ്റ്റ് അണ്ടർഗ്രൗണ്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു റോസ. ജർമ്മനിയിലേക്കും തിരികെ ഇംഗ്ലണ്ടിലേക്കും സന്ദേശവാഹകയായി പല തവണ അവൾ സഞ്ചരിച്ചു... 1938 മെയ് മാസത്തിൽ അവൾ പിടിക്കപ്പെട്ടു... ബെർലിനിൽ പ്രിൻസ് ആൽബ്രസ്ട്രാസ്സയിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലേക്ക് അവർ അവളെ കൊണ്ടുപോയി... പീഡനമുറകൾക്ക് പേരു കേട്ട ഇടം... അതിക്രൂരമായി അവൾ അവിടെ ചോദ്യം ചെയ്യപ്പെട്ടു... ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച് ഒടുവിൽ അവർ അവളെ തൂക്കിലേറ്റുകയാണുണ്ടായത്..."


ഒരു നീണ്ട നിശ്ശബ്ദത അവിടെങ്ങും നിറഞ്ഞു. സാറ, വിൻഡോ ഗ്ലാസിലൂടെ ദൂരേയ്ക്ക് കണ്ണും നട്ട് ചിന്താമഗ്നയായി ഇരുന്നു. 


"എന്താണ്, ഞെട്ടലൊന്നും തോന്നാത്തത്...?" മൺറോ ചോദിച്ചു. "ഇതൊക്കെ കേട്ടിട്ടും നിങ്ങളേപ്പോലൊരു ചെറുപ്പം പെൺകുട്ടി ഇങ്ങനെ നിർവ്വികാരതയോടെ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു..."


അവൾ തലയാട്ടി. "രണ്ട് വർഷമായി ഞാൻ നേഴ്സിങ്ങ് തൊഴിലിൽ എത്തിയിട്ട്... മരണം കാണാത്ത ഒരു ദിനം പോലും എന്റെ നേഴ്സിങ്ങ് ജീവിതത്തിൽ ഉണ്ടായിട്ടില്ല... അപ്പോൾ, താങ്കൾ പറഞ്ഞു വരുന്നത് ഹാരി മാർട്ടിനോയ്ക്ക് ജർമ്മൻകാരോട്  യാതൊരു വിധ പ്രതിപത്തിയും ഇല്ല എന്നാണല്ലേ...?"


"അങ്ങനെയല്ല..." കാർട്ടർ പറഞ്ഞു. "അദ്ദേഹത്തിന് നാസികളെയാണ്‌ ഇഷ്ടമല്ലാത്തത്... ദേർ ഈസ് എ ഡിഫറൻസ്..."


"യെസ്, മനസ്സിലാവുന്നു..."


ചാഞ്ചാടുന്ന മനസ്സോടെ അവൾ വീണ്ടും പുറത്തേക്ക് കണ്ണും നട്ടിരുന്നു. ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത മാർട്ടിനോയോടൊപ്പം എങ്ങനെ ആയിരിക്കും പ്രവർത്തിക്കേണ്ടി വരിക എന്ന ചിന്തയിലായിരുന്നു അവൾ. എത്രയൊക്കെ ആലോചിച്ചിട്ടും ഒരു രൂപം കിട്ടുന്നില്ല.


കാർട്ടർ തുടർന്നു. "ഒരു കാര്യം ഞങ്ങൾ ചോദിച്ചില്ല... പേഴ്സണൽ കാര്യമാണ്... വിരോധമില്ല എന്ന് കരുതട്ടെ...? നിങ്ങളുടെ ജീവിതത്തിൽ ആരെങ്കിലുമുണ്ടോ ഇപ്പോൾ...? ഇവിടെ നിന്ന് മാറി നിൽക്കുമ്പോൾ മിസ് ചെയ്യുന്നത് പോലെ തോന്നുവാൻ...?"


"ഒരു പുരുഷൻ...?" അവൾ പൊട്ടിച്ചിരിച്ചു. "ഗുഡ് ഹെവൻസ്, നോ...! പന്ത്രണ്ട് മണിക്കൂറിൽ കുറഞ്ഞ ഒരു ഷിഫ്റ്റ് പോലും ക്രോംവെൽ ഹോസ്പിറ്റലിൽ എനിക്കുണ്ടായിട്ടില്ല... ഉറങ്ങാൻ പോകുന്നതിന് മുമ്പ് കുളിക്കാനും ഭക്ഷണം കഴിക്കാനും മാത്രമുള്ള സമയമേ എനിക്ക് ലഭിക്കാറുള്ളൂ..." നിഷേധ രൂപേണ അവൾ തലയാട്ടി. "നോ ടൈം ഫോർ മെൻ... എന്റെ പിതാവ് ഒരു ജാപ്പനീസ് പ്രിസൺ ക്യാമ്പിലാണ്... പിന്നെ വയസ്സായ ഒരു ആന്റിയാണുള്ളത്... പിതാവിന്റെ മൂത്ത സഹോദരി... അവരാകട്ടെ സസക്സിലാണ് താനും... അതുകൊണ്ട് എനിക്ക് മിസ് ചെയ്യാനായി ആരും തന്നെയില്ല... അയാം ഓൾ യുവേഴ്സ്, ജെന്റിൽമെൻ.‌‌.."


അത്രയും ചെറുപ്പക്കാരിയായ ഒരു യുവതിയിൽ നിന്നും അവർ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു പക്വതയും ലോകപരിജ്ഞാനവും ശാന്തതയും ഒക്കെ നിറഞ്ഞ ആ വാക്കുകൾ.


പതിവിന് വിപരീതമായി മൺറോയ്ക്ക് മനസ്സിന്‌ എന്തോ അസ്വസ്ഥത പോലെ തോന്നി. "ഇത് വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണ്... ബിലീവ് മീ..." അദ്ദേഹം മുന്നോട്ടാഞ്ഞ് അവളുടെ കൈത്തണ്ടയിൽ കൈ വച്ചു. "അല്ലായിരുന്നുവെങ്കിൽ നിങ്ങളെ ഞങ്ങൾ ബുദ്ധിമുട്ടിക്കില്ലായിരുന്നു..."


അവൾ തല കുലുക്കി. "എനിക്കറിയാം ബ്രിഗേഡിയർ... എനിക്കറിയാം..." അവൾ വീണ്ടും പുറത്തേക്ക് നോക്കി. പിറകോട്ടകന്നു പോകുന്ന ദൃശ്യങ്ങൾ വീക്ഷിക്കവെ മാർട്ടിനോയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു അവൾ.


(തുടരും) 


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, July 9, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 29

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ബ്രിട്ടന്റെ വ്യോമ മേഖലയിൽ നിന്നും ലുഫ്ത്‌വാഫ് ഫൈറ്ററുകളെ തുരത്തിയോടിച്ചുവെന്നും ബ്ലിറ്റ്സ് എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മൻ വ്യോമാക്രമണമെല്ലാം വെറും പഴങ്കഥയാണെന്നുമുള്ള വാർത്തകൾ ദിനപത്രങ്ങളുടെ മുൻപേജിൽ കാണാറുള്ള അവകാശ വാദങ്ങൾ മാത്രമായിരുന്നു. 1944 ലെ വസന്തത്തിൽ ജർമ്മനിയുടെ JU88S ബോംബറുകൾ പുനരാരംഭിച്ച രാത്രികാല ആക്രമണങ്ങൾ ലണ്ടൻ നഗരത്തിൽ കനത്ത നാശനഷ്ടങ്ങളാണ്‌ വിതച്ചു കൊണ്ടിരുന്നത്. ആ ഞായറാഴ്ച്ചയും അതിൽ നിന്ന് വ്യത്യസ്ഥമായിരുന്നില്ല. രാവിലെ എട്ടു മണി ആയപ്പോഴേക്കും ക്രോംവെൽ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വിഭാഗത്തിലെ ജീവനക്കാർ ഒരു നിമിഷം പോലും ഒഴിവില്ലാത്ത വിധം തിരക്കിലായിരുന്നു.


സാറാ ഡ്രെയ്ട്ടന്റെ ഡ്യൂട്ടി ആറു മണിക്ക് തീരേണ്ടതാണ്. എന്നാൽ കഴിഞ്ഞ പതിനാല് മണിക്കൂറായി വിശ്രമമില്ലാത്ത ജോലിയിലാണവൾ. ആവശ്യത്തിനുള്ള നേഴ്സുമാരോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ല എന്നത് തന്നെ കാരണം. അധികം അകലെയല്ലാതെ പതിക്കുന്ന ബോംബുകളുടെ സ്ഫോടനവും ഫയർ എൻജിനുകളുടെ ശബ്ദവും എല്ലാം അവഗണിച്ചു കൊണ്ട് അവൾ ഇടനാഴിയിലും മറ്റുമായി കിടത്തിയിരിക്കുന്ന പരുക്കേറ്റവരെ പരിചരിച്ചു കൊണ്ട് ഓടി നടന്നു.


ശരാശരി ഉയരം മാത്രമുള്ള അവൾ തന്റെ കറുത്ത തലമുടി കെട്ടി ക്യാപ്പിനുള്ളിൽ ഒതുക്കി വച്ചിരിക്കുന്നു. ദൃഢചിത്തത സ്ഫുരിക്കുന്ന മുഖവും ബ്രൗൺ നിറമുള്ള കണ്ണുകളും. രക്തം പുരണ്ട് അഴുക്കായ ഗൗണും കീറിയ സ്റ്റോക്കിങ്ങ്സും. ബോംബ് ഷെല്ലുകളേറ്റ് രക്തം വാർന്നൊലിച്ച് അലമുറയിടുന്ന ഒരു പെൺകുട്ടിയ്ക്ക് സെഡേഷൻ കൊടുക്കുവാൻ മേട്രണെ സഹായിക്കുകയാണവൾ. ആ പെൺകുട്ടിയെ സ്ട്രെച്ചറിൽ എടുത്തു കൊണ്ടു പോകാനായി അറ്റൻഡർമാർ വന്നപ്പോൾ അവൾ എഴുന്നേറ്റു.


"രാത്രികാല റെയ്ഡുകളൊക്കെ പോയകാല കഥയാണെന്നാണ് ഞാൻ കരുതിയിരുന്നത്..." സാറ പറഞ്ഞു.


"ആ പരുക്കേറ്റ് കിടക്കുന്നവരോട് പറഞ്ഞാൽ മതി..." മേട്രൺ പറഞ്ഞു. "മാർച്ചിൽ മാത്രം ആയിരത്തിനോടടുത്ത്... അത് പോട്ടെ, പോകാൻ നോക്കൂ ഡ്രെയ്ട്ടൻ... അല്ലെങ്കിൽ അധികം താമസിയാതെ തന്നെ ക്ഷീണിച്ച് തളർന്ന് വീഴും... തർക്കിക്കാൻ നിൽക്കണ്ട..."


പരിക്ഷീണയായ അവൾ ഇടനാഴിയിലൂടെ പുറത്തെ ഹാളിലേക്ക് നടന്നു. ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടിട്ട് നദിയുടെ തെക്ക് ഭാഗത്തെവിടെയോ ആണെന്ന് തോന്നുന്നു. ചിതറിക്കിടക്കുന്ന ചില്ലുകഷണങ്ങൾ അടിച്ചു വാരി വൃത്തിയാക്കുന്നവർക്കരികിലൂടെ അവൾ റിസപ്ഷൻ ഡെസ്കിനരികിലേക്ക് നീങ്ങി.


മുൻപരിചയമില്ലാത്ത ഏതോ രണ്ടു പേരോട് സംസാരിച്ചു കൊണ്ടിരുന്ന റിസപ്ഷനിസ്റ്റ് അവളെ കണ്ടതും അവരോട് പറഞ്ഞു. "ഇതാണ് നിങ്ങൾ അന്വേഷിക്കുന്ന നേഴ്സ് ഡ്രെയ്ട്ടൻ..."


"മിസ്സ് ഡ്രെയ്ട്ടൻ, ദിസ് ഈസ് ബ്രിഗേഡിയർ മൺറോ ആന്റ് അയാം ക്യാപ്റ്റൻ കാർട്ടർ..." ജാക്ക് സ്വയം പരിചയപ്പെടുത്തി.


"വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ...?" അവളുടെ സ്വരം പതിഞ്ഞതും വളരെ ഹൃദ്യവും ആയിരുന്നു.


ആ സ്വരമാധുര്യത്തിൽത്തന്നെ മൺറോയ്ക്ക് അവളോട് അങ്ങേയറ്റം മതിപ്പ് തോന്നി. 


"രണ്ട് വർഷം മുമ്പ് നടന്ന ഒരു ഇന്റർവ്യൂവിനെ കുറിച്ച് നിങ്ങൾ ഓർക്കുന്നുണ്ടോ...?" കാർട്ടർ അവളോട് ചോദിച്ചു. "ഇന്റലിജൻസ് വിഷയവുമായി ബന്ധപ്പെട്ട്...?"


"SOE യുമായി ബന്ധപ്പെട്ടതല്ലേ...? അന്നെനിക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്തു..."


"യെസ്... വെൽ, ഏതാനും നിമിഷങ്ങൾ ഞങ്ങളോടൊപ്പം ചെലവഴിക്കാമെങ്കിൽ ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു..." കാർട്ടർ അവളെയും കൂട്ടി ചുമരിനരികിൽ ഇട്ടിരിക്കുന്ന ബെഞ്ചിന് നേർക്ക് നടന്നു. ശേഷം അവൾക്ക് ഇരുവശത്തുമായി ആ ബെഞ്ചിൽ അവർ ഇരുന്നു.


"നിങ്ങൾ ജനിച്ചത് ജെഴ്സിയിൽ അല്ലേ മിസ്സ് ഡ്രെയ്ട്ടൻ...?" മൺറോ ചോദിച്ചു.


"അതെ..."


അദ്ദേഹം തന്റെ നോട്ട് ബുക്ക് പുറത്തെടുത്ത് തുറന്നു. "നിങ്ങളുടെ മാതാവിന്റെ പേര് മാർഗരറ്റ് ഡു വിലാ... അതിലാണ് ഞങ്ങൾക്ക് ഒരു പ്രത്യേക താല്പര്യം ഉദിച്ചത്... ഒരു ഹെലൻ ഡു വിലായെ ഏതെങ്കിലും തരത്തിൽ പരിചയമുണ്ടോ നിങ്ങൾക്ക്...?


"തീർച്ചയായും... എന്റെ അമ്മയുടെ കസിൻ ആണ്... ഹെലൻ ആന്റി എന്നാണ് ഞാൻ വിളിക്കുന്നത്... എന്നേക്കാളും ഏറെ പ്രായമുണ്ടവർക്ക്..."


"ഷോൺ ഗാലഗർ എന്ന ആളെയോ...?"


"ജനറൽ അല്ലേ...? എന്റെ ചെറുപ്പം തൊട്ടേ അദ്ദേഹത്തെ അറിയാമെനിക്ക്..." അവൾ ആകെപ്പാടെ അമ്പരന്നത് പോലെ തോന്നി. "വാട്ട്സ് ഗോയിങ്ങ് ഓൺ ഹിയർ...?"


"തിടുക്കം കൂട്ടാതിരിക്കൂ മിസ്സ് ഡ്രെയ്ട്ടൻ..." മൺറോ പറഞ്ഞു. "നിങ്ങളുടെ ആന്റിയെയോ അല്ലെങ്കിൽ ജനറൽ ഗാലഗറിനെയോ അവസാനമായി  നിങ്ങൾ കണ്ടതെന്നാണ്...?"


"ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയെട്ടിൽ... ആ വർഷമാണ്‌ എന്റെ അമ്മ മരിക്കുന്നത്... അതിന് ശേഷം എന്റെ പിതാവ് മലയായിൽ ജോലിക്ക് പോയി... ഏതാനും മാസങ്ങൾക്ക് ശേഷം ഞാനും അദ്ദേഹത്തിനടുത്തേക്ക് പോയി..."


"യെസ്, ഞങ്ങൾക്കറിയാം അക്കാര്യം..." കാർട്ടർ പറഞ്ഞു.


ഒരു നിമിഷം അവൾ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി‌. പിന്നെ മൺറോയുടെ നേർക്ക് തിരിഞ്ഞു. "ഓൾറൈറ്റ്... സംഭവം എന്താണെന്ന് പറയൂ..."


"വാസ്തവത്തിൽ വളരെ ലളിതം..." ഡോഗൽ മൺറോ പറഞ്ഞു. "SOE യിൽ നിങ്ങൾക്ക് ഒരു ജോലി വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു... എനിക്ക് വേണ്ടി നിങ്ങൾ ജെഴ്സിയിൽ പോകേണ്ടി വരും..."


ഒരു നിമിഷം അവൾ ആശ്ചര്യത്തോടെ അദ്ദേഹത്തെ തുറിച്ചു നോക്കി. പിന്നെ നിയന്ത്രണം വിട്ട് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. ഹിസ്റ്റീരിയ ബാധിച്ചവളെപ്പോലെ... ചിരിയുടെ അലകൾക്കൊടുവിൽ അവൾ പറഞ്ഞു. "എനിക്ക് താങ്കളെ മനസ്സിലാക്കാനാവുന്നില്ലല്ലോ ബ്രിഗേഡിയർ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...




Friday, July 2, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 28

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



"അദ്ദേഹം അപ്പോൾ ഡോർസെറ്റിൽ ഉണ്ടല്ലേ...?  എന്തു ചെയ്യുകയാണ് അവിടെ...?" ബ്രിഗേഡിയർ മൺറോ ആരാഞ്ഞു.


"ഞാൻ മനസ്സിലാക്കിയിടത്തോളം‌ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല..." കാർട്ടർ ഒന്ന് സംശയിച്ച് നിന്നു. "ശ്വാസകോശത്തിൽ രണ്ടു വെടിയുണ്ടകളാണ്‌ ഏറ്റത്... അത് മാത്രവുമല്ല സർ........."


"കദനകഥയൊന്നും വേണ്ട ജാക്ക്... വേറെ നൂറു കൂട്ടം കാര്യങ്ങളുണ്ടെനിക്ക്... അദ്ദേഹത്തെ ജെഴ്സിയിലേക്ക് അയയ്ക്കാനുള്ള എന്റെ ആശയത്തെക്കുറിച്ച് നിങ്ങൾ ആലോചിച്ചു കാണുമല്ലോ... എന്താണാഭിപ്രായം...?"


"എക്സലന്റ് സർ... യാതൊരു പാളിച്ചയും കൂടാതെ അതെങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചായിരിക്കും ഇനി ഏതാനും ദിവസത്തേക്ക് എന്റെ ചിന്ത..."


"അതെ, അതാണ് നമുക്കാവശ്യം... പറയൂ, വേറെ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നിങ്ങൾ നടത്തിയിരിക്കുന്നത്...?"


"താങ്കളുടെ പ്രിലിമിനറി പ്ലാനിൽ നിന്നും ഞാൻ മനസ്സിലാക്കിയത് അവിടെ അദ്ദേഹത്തിന്റെ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി കൂടെ പോകാൻ ഒരാൾ വേണമെന്നതാണ്... ഉദാഹരണത്തിന് ആ ദ്വീപിനെയും അവിടുത്തെ ആൾക്കാരെയും അടുത്തറിയുന്ന ഒരാൾ..."


"ദാറ്റ്സ് റൈറ്റ്..."


"പക്ഷേ ഒരു പ്രശ്നമുണ്ട്... പുതുതായി രണ്ടു പേരുടെ സാന്നിദ്ധ്യം എങ്ങനെയാണ്‌ അവിടെയുള്ളവരെ ബോദ്ധ്യപ്പെടുത്തുക...? ജെഴ്സിയിൽ ജർമ്മൻ അധിനിവേശം നടന്നിട്ട് നാല് വർഷമായിരിക്കുന്നു... ഈ അവസ്ഥയിൽ വിശ്വസനീയമായ ഒരു വിശദീകരണം ഇല്ലാതെ എങ്ങനെയാണ് രണ്ടു പുതുമുഖങ്ങളെ ഒരു സുപ്രഭാതത്തിൽ അവിടെ അവതരിപ്പിക്കുക...?"


"ശരിയാണ്..." മൺറോ തല കുലുക്കി. "എന്നിരുന്നാലും നിങ്ങളുടെ ആവേശം കാണുമ്പോൾ എനിക്കറിയാം അതിനുള്ള മാർഗ്ഗവും നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന്... സോ, ലെറ്റ്സ് ഗെറ്റ് ഓൺ വിത്ത് ഇറ്റ് ജാക്ക്... ആരെയാണ് നിങ്ങൾ ഇതിനായി കണ്ടു വച്ചിരിക്കുന്നത്...?"


"സാറാ ആൻ ഡ്രെയ്ട്ടൺ, സർ... വയസ്സ് പത്തൊമ്പത്... ജെഴ്സിയിൽ ജനനം... യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, മലയായിലെ ഒരു റബ്ബർ പ്ലാന്റർ ആയ പിതാവിനെ സന്ധിക്കാനായി ദ്വീപിൽ നിന്നും യാത്ര തിരിച്ചു... ഭാര്യയുടെ മരണത്തെത്തുടർന്ന് ഒറ്റയ്ക്കായിരുന്നു അയാൾ... സിംഗപ്പൂരിന്റെ പതനത്തിന് ഒരു മാസം മുമ്പ് അയാൾ അവളെ ഇംഗ്ലണ്ടിലേക്ക് കയറ്റി വിട്ടു..."


"എന്ന് വച്ചാൽ അവസാനമായി അവൾ ജെഴ്സിയിൽ ഉണ്ടായിരുന്നത് എന്നാണെന്നാണ്...?" മൺറോ ഫയലിൽ നോക്കി. "ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയെട്ട്... ആറ് വർഷം മുമ്പ്... അവളുടെ പ്രായം വച്ചു നോക്കിയാൽ അതൊരു നീണ്ട കാലയളവാണ് ജാക്ക്... അന്നവളൊരു കൊച്ചു കുട്ടിയായിരുന്നു..."


"അതെ സർ..."


"ഇപ്പോഴായാലും വളരെ ചെറുപ്പമാണ് ഇത്തരം കാര്യങ്ങൾക്ക്..."


"ഈ പ്രായത്തിലുള്ളവരെ ഇതിനു മുമ്പും നാം ഉപയോഗപ്പെടുത്തിയിട്ടുണ്ട് സർ..."


"യെസ്... അത്യപൂർവ്വം... അതും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ മാത്രം... എങ്ങനെയാണ് ഇവളെ നിങ്ങൾ കണ്ടെത്തിയത്...?"


"രണ്ട് വർഷം മുമ്പ് തന്നെ SOE യുടെ പരിഗണനാ ലിസ്റ്റിൽ ഇവൾ ഇടം നേടിയിരുന്നു... അമ്മയുടെ അമ്മ ബ്രിറ്റനി സ്വദേശിയായതുകൊണ്ട് ബ്രെറ്റൻ ആക്സന്റിൽ അനായാസം ഫ്രഞ്ച് സംസാരിക്കാനുള്ള അവളുടെ കഴിവ് തന്നെയായിരുന്നു മുഖ്യ കാരണം. പക്ഷേ, പ്രായപൂർത്തി ആവാത്തതിനാൽ സ്വാഭാവികമായും അന്ന് തഴയപ്പെടുകയാണുണ്ടായത്..."


"വേർ ഈസ് ഷീ നൗ...?"


"ഇവിടെ ലണ്ടനിൽത്തന്നെ... ക്രോംവെൽ ഹോസ്പിറ്റലിൽ പ്രൊബേഷണർ നേഴ്സ് ആയി ജോലി ചെയ്യുന്നു..."


"എക്സലന്റ് ജാക്ക്..." മൺറോ എഴുന്നേറ്റ് തന്റെ ഓവർകോട്ട് എടുത്തു. "അവളെ കാണാൻ ഇപ്പോൾത്തന്നെ നാം പോകുന്നു... ഉൽക്കടമായ രാജ്യസ്നേഹം തെളിയിക്കാനുള്ള തന്റെ അവസരം അവൾ പാഴാക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...