ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
"വല്ലാത്തൊരു മനുഷ്യൻ തന്നെ ഈ ഹാരി മാർട്ടിനോ..." മൺറോ പറഞ്ഞു. "അയാളെപ്പോലൊരാളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്..."
"പറയുന്നത് കേട്ടിട്ട് അത്തരമൊരാളെ ഞാനും ആദ്യമായിട്ടായിരിക്കും കാണാൻ പോകുന്നത് എന്ന് തോന്നുന്നു..." സാറ പറഞ്ഞു.
ഡ്രൈവർക്കും യാത്രക്കാർക്കും ഇടയിൽ ഗ്ലാസ് പാർട്ടീഷനുള്ള വലിയൊരു ഓസ്റ്റിൻ കാറിലാണ് അവർ ലുൽവർത്ത് കോവിലേക്ക് യാത്ര തിരിച്ചത്. മൺറോയും ജാക്ക് കാർട്ടറും പിൻസീറ്റിലും അവർക്ക് അഭിമുഖമായി സാറാ ഡ്രെയ്ട്ടൻ എതിരെയുള്ള ജമ്പ് സീറ്റിലും ഇരുന്നു. കട്ടിയുള്ള കമ്പിളി സ്യൂട്ടും ചുരുക്കുകളുള്ള സ്കെർട്ടും തവിട്ടു നിറത്തിലുള്ള സ്റ്റോക്കിങ്ങ്സുമാണ് അവൾ ധരിച്ചിരുന്നത്. ക്രീം നിറത്തിലുള്ള സാറ്റിൻ ബ്ലൗസിന്റെ കറുത്ത ചരടുകൾ കഴുത്തിലേക്ക് കെട്ടിയിരിക്കുന്നു. കനമുള്ള ഹാഫ് ഹീൽ ഷൂ. ചുവന്ന് തുടുത്ത കവിളും ചടുലതയോടെ നാനാഭാഗത്തേക്കും നോട്ടമെറിയുന്ന മിഴിയിണകളും അവളുടെ ആകർഷകത്വം വർദ്ധിപ്പിച്ചു. ഒട്ടും പ്രായം തോന്നാത്ത ബാഹ്യരൂപം.
"കഴിഞ്ഞതിന്റെ മുമ്പത്തെ ആഴ്ച്ച അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു..." കാർട്ടർ അവളോട് പറഞ്ഞു.
ആകാംക്ഷയോടെ അവളുടെ കണ്ണുകൾ വികസിച്ചു. "എത്രാമത്തെ...?"
"നാൽപ്പത്തിനാല്..."
"ഈ നൂറ്റാണ്ടിന്റെ പുത്രനെന്ന് വേണമെങ്കിൽ വിളിക്കാം മൈ ഡിയർ..." മൺറോ പറഞ്ഞു. ആയിരത്തിത്തൊള്ളായിരാമാണ്ട് ഏപ്രിൽ മാസം ഏഴാം തീയ്യതി ഭൂജാതനായി... നിന്നെ സംബന്ധിടത്തോളം ഒരു വയസ്സൻ ആയി തോന്നിയേക്കാം..."
"ഏരീസ് ആണല്ലോ രാശി..." അവൾ പറഞ്ഞു.
മൺറോ പുഞ്ചിരിച്ചു. "ദാറ്റ്സ് റൈറ്റ്... ഈ ആധുനിക ശാസ്ത്രത്തിന്റെയൊക്കെ വരവിന് മുമ്പ് ജ്യോതിഷവും ഒരു ശാസ്ത്രമായിരുന്നു... അറിയുമോ നിങ്ങൾക്ക്...?"
"അതറിയില്ലായിരുന്നു..."
"ഉദാഹരണത്തിന് പുരാതന കാലത്ത് ഈജിപ്ഷ്യൻസ് ലിയോ രാശിയിലുള്ളവരെ മാത്രമേ സൈന്യത്തിൽ ജനറൽമാരായി നിയമിക്കുമായിരുന്നുള്ളൂ..."
"ഞാനും ലിയോ ആണല്ലോ... ജൂലൈ ഇരുപത്തിയേഴ്..." അവൾ പറഞ്ഞു.
"എങ്കിൽ സങ്കീർണ്ണമായ ഒരു ജീവിതമായിരിക്കും നിങ്ങളുടേത് എന്ന് ഉറപ്പിച്ചോളൂ... എന്റെ ഒരു ഹോബിയാണ് ഇതേക്കുറിച്ചുള്ള പഠനം... ഉദാഹരണത്തിന് ഹാരിയെത്തന്നെ എടുക്കാം... വിശകലനം ചെയ്യുവാനുള്ള കഴിവും ബുദ്ധിശക്തിയും കൊണ്ട് അനുഗൃഹീതൻ... ലോകത്തെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു 1938 ൽ അദ്ദേഹം... എന്നിട്ട് ഇപ്പോൾ ജീവിതത്തിന്റെ പാതി വഴിയിൽ അദ്ദേഹം എന്തായിത്തീർന്നു എന്ന് നോക്കൂ..."
"ഒന്ന് വിശദീകരിക്കാമോ...?" അവൾ ചോദിച്ചു.
"ഏരീസ് എന്ന് പറയുന്നത് പടയാളികളുടെ പ്രതീകമാണ്... ഹാരിയ്ക്കും ഏതാണ്ട് അതേ നാളുകളിൽ ജനിച്ച മറ്റുള്ളവർക്കും പൊതുവായ ഒരു സ്വഭാവ വിശേഷമുണ്ട്... പുറമേ കാണുന്നത് പോലെയാവില്ല അവരുടെ യഥാർത്ഥ സ്വഭാവം... ചൊവ്വാ ഗ്രഹത്തിന് ജെമിനിയിൽ ഉള്ള പ്രഭാവമാണ് അതിന് കാരണം... ഈ ജെമിനി എന്ന് പറയുന്നത് തന്നെ ഇരട്ട എന്നതിന്റെ പ്രതീകമാണല്ലോ..."
"അതുകൊണ്ട്...?"
"അങ്ങനെയുള്ളവർ സ്കിസോഫ്രേനിക്ക് ആവാനുള്ള സാദ്ധ്യത വളരെയേറെയാണ്... ഒരു വശത്ത് ഹാരി മാർട്ടിനോ എന്ന വ്യക്തി ഒരു വിദ്യാഭ്യാസ വിചക്ഷണൻ, ചിന്തകൻ, കവി, എല്ലാവരെയും മയക്കുന്നവൻ ഒക്കെയാണ്... മറുവശത്ത്..." അദ്ദേഹം ചുമൽ വെട്ടിച്ചു. "ദാക്ഷിണ്യം ലവലേശമില്ലാത്ത ഒരു കൊലയാളി... അതെ... ദയ, സഹാനുഭൂതി തുടങ്ങിയ വികാരങ്ങൾ പലപ്പോഴും അന്യമാണദ്ദേഹത്തിന്... ശരിയല്ലേ ജാക്ക്...? തീർച്ചയായും ഒരു കാര്യം സമ്മതിച്ചേ പറ്റൂ... ഈ സ്വഭാവ വൈചിത്ര്യം കഴിഞ്ഞ നാലു വർഷമായി താൻ ചെയ്യുന്ന ജോലിയിൽ അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട് എന്ന കാര്യം... തന്റെ സഹപ്രവർത്തകർ മിക്കവരും കൊല്ലപ്പെട്ടപ്പോഴും ഈ രംഗത്ത് ജീവനോടെ പിടിച്ചു നിൽക്കാനായത് ഈ സ്വഭാവ വിശേഷം കൊണ്ടു മാത്രമാണ്..."
"ഇതൊക്കെ കേട്ട് ഹാരി മാർട്ടിനോയെക്കുറിച്ച് മോശം അഭിപ്രായമാണ് രൂപപ്പെട്ടതെങ്കിൽ, രണ്ടു കാര്യങ്ങൾ സാറാ..." ജാക്ക് കാർട്ടർ പറഞ്ഞു. "അദ്ദേഹത്തിന്റെ മാതാവ് ജനിച്ചത് അമേരിക്കയിലാണെങ്കിലും അവരുടെ മാതാപിതാക്കൾ ജർമ്മൻകാരായിരുന്നു... തന്റെ കുട്ടിക്കാലത്ത് ഡ്രെസ്ഡനിലും ഹൈഡൽബെർഗിലും കുറേക്കാലം ഹാരി ചെലവഴിച്ചിട്ടുണ്ട്... പേര് കേട്ട ഒരു സർജ്ജറി പ്രൊഫസർ ആയിരുന്ന മുത്തശ്ശൻ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. തന്റെ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്ന് വീണിട്ടാണ് അദ്ദേഹം മരിക്കുന്നത്... ദൗർഭാഗ്യകരമായ ഒരു അപകടം..."
"രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ അദ്ദേഹത്തിന്റെ കൈകാലുകളിൽ പിടിച്ച് പൊക്കിയെടുത്ത് താഴോട്ടുള്ള പതനം അനായാസമാക്കി..." മൺറോ പൂരിപ്പിച്ചു.
"അതിന് ശേഷമാണ് റോസാ ബെൻസ്റ്റൈൻ എന്ന ജൂതപ്പെൺകൊടി ഹാരിയുടെ ജീവിതത്തിലേക്ക് എത്തുന്നത്..."
"ഞാനത് ചോദിക്കാൻ വരികയായിരുന്നു... സ്ത്രീകൾക്കൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ലേ എന്ന്... വിവാഹത്തെക്കുറിച്ച് ഒരു സൂചനയുമില്ല..."
"1932 ൽ സെന്റ് ഹ്യൂസിലുള്ള ഒരു ഓക്സ്ഫഡ് കോളേജിലെ പഠന സമയത്താണ് റോസാ ബെൻസ്റ്റൈൻ മാർട്ടിനോയെ കണ്ടുമുട്ടുന്നത്... പക്ഷേ, പ്രധാനമായും യൂറോപ്പിലായിരുന്നു അന്നദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്... മാതാപിതാക്കളുടെ മരണത്തെ തുടർന്ന് മോശമല്ലാത്ത കുടുംബ സ്വത്തിനാണ് അദ്ദേഹം അവകാശിയായിത്തീർന്നത്... ഏകപുത്രൻ ആയതും അടുത്ത ബന്ധുക്കൾ ഇല്ലാത്തതും കാര്യങ്ങൾ എളുപ്പമാക്കി..."
"പക്ഷേ, അദ്ദേഹവും റോസയും ഒരിക്കലും വിവാഹിതരായില്ലേ...?"
"ഇല്ല..." മൺറോ പറഞ്ഞു. "മുൻവിധി എന്ന് പറയുന്നത് ഇരുഭാഗത്തും പതിവാണല്ലോ മൈ ഡിയർ... റോസയുടെ മാതാപിതാക്കൾ ഓർത്തഡോക്സ് ജൂതരായിരുന്നു... തങ്ങളുടെ മകൾ ഒരു ഇതര വംശജനെ വിവാഹം കഴിക്കുന്നത് ആലോചിക്കാൻ പോലും അവർക്കാവുമായിരുന്നില്ല... വേർപിരിയാനാവാത്ത വിധം ഊഷ്മളമായ ബന്ധമായിരുന്നു വർഷങ്ങളോളം റോസയും ഹാരിയും തമ്മിൽ... അവർ ഇരുവരെയും നന്നായിട്ടറിയാമായിരുന്നു എനിക്ക്... ആ കാലഘട്ടത്തിൽ ഞാനും ഓക്സ്ഫഡിലുണ്ടായിരുന്നു..."
"പിന്നെന്ത് സംഭവിച്ചു...?"
കാർട്ടറാണ് അതിന് ഉത്തരം നൽകിയത്. "സോഷ്യലിസ്റ്റ് അണ്ടർഗ്രൗണ്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു റോസ. ജർമ്മനിയിലേക്കും തിരികെ ഇംഗ്ലണ്ടിലേക്കും സന്ദേശവാഹകയായി പല തവണ അവൾ സഞ്ചരിച്ചു... 1938 മെയ് മാസത്തിൽ അവൾ പിടിക്കപ്പെട്ടു... ബെർലിനിൽ പ്രിൻസ് ആൽബ്രസ്ട്രാസ്സയിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലേക്ക് അവർ അവളെ കൊണ്ടുപോയി... പീഡനമുറകൾക്ക് പേരു കേട്ട ഇടം... അതിക്രൂരമായി അവൾ അവിടെ ചോദ്യം ചെയ്യപ്പെട്ടു... ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച് ഒടുവിൽ അവർ അവളെ തൂക്കിലേറ്റുകയാണുണ്ടായത്..."
ഒരു നീണ്ട നിശ്ശബ്ദത അവിടെങ്ങും നിറഞ്ഞു. സാറ, വിൻഡോ ഗ്ലാസിലൂടെ ദൂരേയ്ക്ക് കണ്ണും നട്ട് ചിന്താമഗ്നയായി ഇരുന്നു.
"എന്താണ്, ഞെട്ടലൊന്നും തോന്നാത്തത്...?" മൺറോ ചോദിച്ചു. "ഇതൊക്കെ കേട്ടിട്ടും നിങ്ങളേപ്പോലൊരു ചെറുപ്പം പെൺകുട്ടി ഇങ്ങനെ നിർവ്വികാരതയോടെ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു..."
അവൾ തലയാട്ടി. "രണ്ട് വർഷമായി ഞാൻ നേഴ്സിങ്ങ് തൊഴിലിൽ എത്തിയിട്ട്... മരണം കാണാത്ത ഒരു ദിനം പോലും എന്റെ നേഴ്സിങ്ങ് ജീവിതത്തിൽ ഉണ്ടായിട്ടില്ല... അപ്പോൾ, താങ്കൾ പറഞ്ഞു വരുന്നത് ഹാരി മാർട്ടിനോയ്ക്ക് ജർമ്മൻകാരോട് യാതൊരു വിധ പ്രതിപത്തിയും ഇല്ല എന്നാണല്ലേ...?"
"അങ്ങനെയല്ല..." കാർട്ടർ പറഞ്ഞു. "അദ്ദേഹത്തിന് നാസികളെയാണ് ഇഷ്ടമല്ലാത്തത്... ദേർ ഈസ് എ ഡിഫറൻസ്..."
"യെസ്, മനസ്സിലാവുന്നു..."
ചാഞ്ചാടുന്ന മനസ്സോടെ അവൾ വീണ്ടും പുറത്തേക്ക് കണ്ണും നട്ടിരുന്നു. ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത മാർട്ടിനോയോടൊപ്പം എങ്ങനെ ആയിരിക്കും പ്രവർത്തിക്കേണ്ടി വരിക എന്ന ചിന്തയിലായിരുന്നു അവൾ. എത്രയൊക്കെ ആലോചിച്ചിട്ടും ഒരു രൂപം കിട്ടുന്നില്ല.
കാർട്ടർ തുടർന്നു. "ഒരു കാര്യം ഞങ്ങൾ ചോദിച്ചില്ല... പേഴ്സണൽ കാര്യമാണ്... വിരോധമില്ല എന്ന് കരുതട്ടെ...? നിങ്ങളുടെ ജീവിതത്തിൽ ആരെങ്കിലുമുണ്ടോ ഇപ്പോൾ...? ഇവിടെ നിന്ന് മാറി നിൽക്കുമ്പോൾ മിസ് ചെയ്യുന്നത് പോലെ തോന്നുവാൻ...?"
"ഒരു പുരുഷൻ...?" അവൾ പൊട്ടിച്ചിരിച്ചു. "ഗുഡ് ഹെവൻസ്, നോ...! പന്ത്രണ്ട് മണിക്കൂറിൽ കുറഞ്ഞ ഒരു ഷിഫ്റ്റ് പോലും ക്രോംവെൽ ഹോസ്പിറ്റലിൽ എനിക്കുണ്ടായിട്ടില്ല... ഉറങ്ങാൻ പോകുന്നതിന് മുമ്പ് കുളിക്കാനും ഭക്ഷണം കഴിക്കാനും മാത്രമുള്ള സമയമേ എനിക്ക് ലഭിക്കാറുള്ളൂ..." നിഷേധ രൂപേണ അവൾ തലയാട്ടി. "നോ ടൈം ഫോർ മെൻ... എന്റെ പിതാവ് ഒരു ജാപ്പനീസ് പ്രിസൺ ക്യാമ്പിലാണ്... പിന്നെ വയസ്സായ ഒരു ആന്റിയാണുള്ളത്... പിതാവിന്റെ മൂത്ത സഹോദരി... അവരാകട്ടെ സസക്സിലാണ് താനും... അതുകൊണ്ട് എനിക്ക് മിസ് ചെയ്യാനായി ആരും തന്നെയില്ല... അയാം ഓൾ യുവേഴ്സ്, ജെന്റിൽമെൻ..."
അത്രയും ചെറുപ്പക്കാരിയായ ഒരു യുവതിയിൽ നിന്നും അവർ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു പക്വതയും ലോകപരിജ്ഞാനവും ശാന്തതയും ഒക്കെ നിറഞ്ഞ ആ വാക്കുകൾ.
പതിവിന് വിപരീതമായി മൺറോയ്ക്ക് മനസ്സിന് എന്തോ അസ്വസ്ഥത പോലെ തോന്നി. "ഇത് വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണ്... ബിലീവ് മീ..." അദ്ദേഹം മുന്നോട്ടാഞ്ഞ് അവളുടെ കൈത്തണ്ടയിൽ കൈ വച്ചു. "അല്ലായിരുന്നുവെങ്കിൽ നിങ്ങളെ ഞങ്ങൾ ബുദ്ധിമുട്ടിക്കില്ലായിരുന്നു..."
അവൾ തല കുലുക്കി. "എനിക്കറിയാം ബ്രിഗേഡിയർ... എനിക്കറിയാം..." അവൾ വീണ്ടും പുറത്തേക്ക് നോക്കി. പിറകോട്ടകന്നു പോകുന്ന ദൃശ്യങ്ങൾ വീക്ഷിക്കവെ മാർട്ടിനോയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു അവൾ.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
മാർട്ടിനോ.. സാറാ..
ReplyDeleteഇനി ഉണ്ടാപ്രിയുടെ പായും തലയിണയും ഇവിടെത്തന്നെയായിരിക്കും... എന്തായാലും സന്തോഷമായി... :)
Deleteഹഹഹ 🤣🤣
Delete😂😂😂😂
Deleteആ കാലത്തും ജ്യോതിഷമൊക്കെ ഇത്ര പ്രധാന്യമുള്ള വിഷയമായിരുന്നു എന്നത് അതിശയിപ്പിക്കുന്നു..!
ReplyDeleteഅതേന്ന്... പക്ഷേ അവരൊക്കെ അതെടുത്ത് കാട്ടിൽ കളഞ്ഞിട്ട് ഒരു നൂറ്റാണ്ടാവുന്നു... നമ്മൾക്കിപ്പോഴും നേരം വെളുത്തിട്ടില്ല...
Deleteപന്ത്രണ്ട് മണിക്കൂറിൽ കുറഞ്ഞ ഒരു ഷിഫ്റ്റ് പോലും ക്രോംവെൽ ഹോസ്പിറ്റലിൽ എനിക്കുണ്ടായിട്ടില്ല... ഉറങ്ങാൻ പോകുന്നതിന് മുമ്പ് കുളിക്കാനും ഭക്ഷണം കഴിക്കാനും മാത്രമുള്ള സമയമേ എനിക്ക് ലഭിക്കാറുള്ളൂ..."
ReplyDeleteഇപ്പഴത്തെ കോർപ്പറേറ്റ് കമ്പനികളും മോശമല്ല
സത്യമാണ് ശ്രീ... സൗദി അറേബ്യയിലെ എന്റെ ഇരുപത്തിയെട്ട് വർഷങ്ങൾ ഇങ്ങനെയായിരുന്നു... ചിലപ്പോൾ പതിനാലും പതിനഞ്ചും മണിക്കൂർ വരെ...
Deleteസൈന്യത്തിൽ ചേർക്കാനും രാശിയോ..
ReplyDeleteസാറ പക്വമതിയായ സ്ത്രീ.
ഈജിപ്തിലെ കാര്യമാണ് സുകന്യാജീ... അന്ധവിശ്വാസങ്ങൾ എല്ലായിടത്തും ഉണ്ടായിരുന്നു...
Deleteസാറയോട് ബഹുമാനം തോന്നുന്നു
ReplyDeleteപക്വമതിയായ പെൺകുട്ടി...
Deleteരണ്ടുമാസത്തോളമായി ലോക്ക് ഡൗൺ കഴിഞ്ഞ് പഴയത് പലതും തിരിച്ചുപിടിക്കുന്ന തിരക്കിലായിരുന്നു ,പിന്നെ ബ്ലോഗ് വായനയുടെ സമയം ക്ലബ് ഹൌസ് അപഹരിക്കുകയും ചെയ്‌തു ...!
ReplyDeleteമുരളിഭായ് വീണ്ടും എത്തി... ല്ലേ...
Deleteആ പാവം കൊച്ചിനെ കൊണ്ടു ചാടിച്ചു. ഗർ ർർ ർ....
ReplyDeleteമിണ്ടരുത്... എങ്ങനെയെങ്കിലും ഒന്ന് ശരിയാക്കിക്കൊണ്ടു വരുമ്പോൾ തടയിടുന്നോ...?
Delete