ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അദ്ധ്യായം പന്ത്രണ്ട്
അടുത്ത പ്രഭാതം. സിവിൽ അഡ്മിനിസ്ട്രേഷൻ കമാൻഡർ കേണൽ ഹെയ്നും സംഘവും ഡൈട്രിച്ചിന്റെ E-ബോട്ടിൽ ഗ്വെൺസിയിലേക്ക് പുറപ്പെടുന്നതും വീക്ഷിച്ചുകൊണ്ട് ആൽബർട്ട്പിയറിന്റെ മുകൾത്തട്ടിൽ നിൽക്കുകയാണ് മാർട്ടിനോ. ഹാർബറിൽ നിന്നും കപ്പൽ നീങ്ങിയതും അദ്ദേഹം കടൽഭിത്തിയിൽ ചാരി ഓർസിനിയെയും കാത്തു നിന്നു. പോമെ ദിയോർ ഹോട്ടലിലെ ക്രീഗ്സ്മറീൻ ഹെഡ്ക്വാർട്ടേഴ്സിലേക്ക് പോയിരിക്കുകയാണ് ഓർസിനി.
കഴിഞ്ഞ രാത്രിയിൽ ഫ്രഞ്ച് ജാലകത്തിന്റെ കർട്ടൻ വകഞ്ഞുമാറ്റിയുള്ള ആ ഇറ്റാലിയന്റെ ആഗമനം തികച്ചും നാടകീയവും അപ്രതീക്ഷിതവുമായിരുന്നു. എങ്കിലും അയാളുടെ സഹായ വാഗ്ദാനം വിശ്വസനീയമായിട്ടാണ് തോന്നിയത്. അഥവാ ഇനി ഒരു കടുത്ത ഫാസിസ്റ്റാണ് അയാൾ എന്നിരുന്നാൽത്തന്നെയും അയാളുടെ ഇപ്പോഴത്തെ നിലപാടിനെ സംശയിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. യുദ്ധത്തിൽ അന്തിമവിജയം സഖ്യകക്ഷികൾക്കാണെന്ന് ഉറപ്പായ നിലയ്ക്ക് ഇറ്റലിയിൽ മുസ്സോളിനിയുടെ കടുത്ത അനുയായികൾ പോലും മറുപക്ഷത്തേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണ്. എന്തൊക്കെയായാലും അത്തരക്കാരനല്ല ഓർസിനി. ഹെലനും ഗാലഗറും അക്കാര്യത്തിൽ ഉറപ്പ് നൽകുന്നുമുണ്ട്. അതിനേക്കാളുപരി സാറയുടെ ഉറപ്പിന്മേലാണ് ഓർസിനിയെ വിശ്വസിക്കാം എന്ന തീരുമാനത്തിൽ മാർട്ടിനോ എത്തിച്ചേർന്നത്.
അവിടെ നിന്നിരുന്ന ക്രീഗ്സ്മറീനിലെ നാവികരെ സല്യൂട്ട് ചെയ്തുകൊണ്ട് പടവുകൾ കയറി വന്ന ഓർസിനി മാർട്ടിനോയുടെ അരികിലെത്തി. "വരൂ, നമുക്ക് ഈ കടൽപ്പാലത്തിന്റെ അറ്റത്തേക്ക് നടക്കാം..." അയാൾ പറഞ്ഞു.
"പുതിയതായി എന്തെങ്കിലും...?" മുന്നോട്ട് നീങ്ങവെ മാർട്ടിനോ ആരാഞ്ഞു.
"ഒരു സാദ്ധ്യത തെളിയുന്നുണ്ട്... ഞായറാഴ്ച്ച പുലർച്ചെ ഗ്വെൺസിയിൽ നിന്നും ഒരു കോൺവോയ് ഇവിടെ എത്തുന്നുണ്ട്... ആ സംഘത്തിലെ ജൻ ക്രൂഗർ എന്ന ഒരു ഡച്ച് കപ്പലിന്റെ ക്യാപ്റ്റൻ രോഗബാധയെത്തുടർന്ന് അവശനിലയിലായിരിക്കുകയാണത്രെ... സഹനാവികരാണ് ഇപ്പോൾ കപ്പലിനെ ജെഴ്സിയിലേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുന്നത്..."
"അതിന് ശേഷം...?"
"നമ്മുടെ ആ സുഹൃത്ത് റോബർട്ട് സവരി ആയിരിക്കും ഇവിടെ നിന്നും ഗ്രാൻവിലായിലേക്ക് കപ്പൽ കൊണ്ടുപോകുന്നത്..."
"ദാറ്റ് സെർട്ടെൻലി ഈസ് ഇന്ററസ്റ്റിങ്ങ്..." മാർട്ടിനോ പറഞ്ഞു. "എപ്പോഴാണ് നിങ്ങൾക്ക് അയാളെ ബന്ധപ്പെടാനാവുക...?"
"ചെറിയൊരു താമസമുണ്ട് അക്കാര്യത്തിൽ... വിക്ടർ യൂഗോ മുങ്ങിയ സമയത്ത് സെന്റ് മാലോയിൽ നിന്നുള്ള ഒരു റെസ്ക്യൂ ബോട്ടാണ് അദ്ദേഹത്തെ രക്ഷപെടുത്തിയത്... ഗ്രാൻവിലായിൽ നിന്നുള്ള ഒരു ഡെസ്പാച്ച് ബോട്ടിൽ നാളെ വൈകിട്ടേ അദ്ദേഹം ഇവിടെയെത്തൂ..."
"കെൽസോയെ ഇവിടെ നിന്നും ഒളിച്ചു കടത്തുവാൻ അയാൾ സന്നദ്ധനാകും എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ...?"
ഓർസിനി ചുമൽ വെട്ടിച്ചു. "ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് താങ്കൾ പറഞ്ഞത് വച്ച് നോക്കിയാൽ അല്പം സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ അദ്ദേഹത്തെക്കാൾ അനുയോജ്യനായി ആരും തന്നെ ഉണ്ടാകില്ല... ഇതുവരെ അദ്ദേഹം ചെയ്തിട്ടുള്ളതൊക്കെ പരിഗണിച്ചാൽ, പറ്റില്ല എന്ന് പറയാൻ അദ്ദേഹത്തിനാവില്ല എന്നാണ് എന്റെ കണക്കുകൂട്ടൽ..."
"അത് ശരിയാണ്..." മാർട്ടിനോ പറഞ്ഞു. "തെറ്റായ ചെറിയൊരു നീക്കത്തിന് പോലും ക്രെസ്സണും സുഹൃത്തുക്കളും ചേർന്ന് തന്റെ ശവസംസ്കാരച്ചടങ്ങുകൾക്ക് സൗജന്യ പുരോഹിതനെയടക്കം ഏർപ്പാടാക്കുമെന്ന് സവരിയ്ക്ക് നന്നായിട്ടറിയാം..." അദ്ദേഹം പുഞ്ചിരിച്ചു. "അറിയുമോ മിസ്റ്റർ ഓർസിനി, ഞങ്ങളുടെ പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ് നിങ്ങൾ..."
"ഫൈൻ..." ഗ്വിഡോ പറഞ്ഞു. "ഓൺലി ലെറ്റ് അസ് അണ്ടർസ്റ്റാൻഡ് ഈച്ച് അദർ..."
"പറയൂ..."
"ആവശ്യത്തിലധികം മരണങ്ങളും നാശനഷ്ടങ്ങളും കണ്ടവനാണ് ഞാൻ... ഈ വൃത്തികെട്ട രാഷ്ട്രീയവും കൊലപാതകങ്ങളും മടുത്തു എനിയ്ക്ക്... സഖ്യകക്ഷികളാണ് യുദ്ധം ജയിക്കാൻ പോകുന്നതെന്നത് തർക്കമില്ലാത്ത കാര്യമാണ്... അപ്പോൾ പിന്നെ യുദ്ധത്തിന്റെ അവസാന മാസങ്ങളിൽ സമാധാനമായി ചെലവഴിക്കാൻ ബുദ്ധിയുള്ളവർക്ക് പറ്റിയ സ്ഥലം ഈ ജെഴ്സി തന്നെയാണ്... ഇവിടെ സംഭവിക്കുന്നത് എന്തുതന്നെയായാലും ശരി, ഒരു തരത്തിലും അത് യുദ്ധത്തെ ബാധിക്കാൻ പോകുന്നില്ല... അഥവാ ഇനി കെൽസോ ജർമ്മൻകാരുടെ കൈയ്യിൽ അകപ്പെട്ടു എന്ന് തന്നെയിരിക്കട്ടെ... ഏറിവന്നാൽ എന്ത് സംഭവിക്കും...? ഐസൻഹോവറുടെ അധിനിവേശ പദ്ധതി ഒരുപക്ഷേ തകിടം മറിഞ്ഞേക്കാം... എങ്കിൽ പോലും അന്തിമ വിജയം അദ്ദേഹത്തിന് തന്നെയായിരിക്കും... രസകരമായ ഒരു ഗെയിമിലാണ് നാം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്... അതൊരു അപകടകരമായ ഗെയിമാണെന്നത് വാസ്തവം തന്നെ... ബട്ട്, സ്റ്റിൽ ഓൺലി എ ഗെയിം..."
"പിന്നെന്തിനാണ് നിങ്ങൾ ഈ കളിയിലേക്ക് ഇറങ്ങി റിസ്ക് എടുക്കാൻ പോകുന്നത്...?" മാർട്ടിനോ ചോദിച്ചു.
"ഐ തിങ്ക് യൂ നോ വൈ..." പടവുകളിറങ്ങി കാറിനരികിലേക്ക് നടക്കവെ ഗ്വിഡോ പറഞ്ഞു. "സിമ്പിൾ... ഒരു താന്തോന്നിയെ സംബന്ധിച്ചിടത്തോളം നല്ലൊരു പെൺകുട്ടിയുമായി പൊടുന്നനെ പ്രണയത്തിലാവുന്നതിനേക്കാൾ അപകടകരമായി മറ്റൊന്നും തന്നെയില്ല സുഹൃത്തേ..."
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...