ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ബാർജ്ജുകൾ ഉൾപ്പെടെ പതിനൊന്ന് കപ്പലുകൾ ചേർന്ന ആ കോൺവോയ് രാത്രി പത്ത് മണി കഴിഞ്ഞ ഉടൻ തന്നെ പുറപ്പെട്ടു. S92 ന്റെ നേതൃത്വത്തിൽ ഹാർബറിൽ നിന്നും പുറത്തു കടന്ന ആ സംഘം ഇടത്തോട്ട് തിരിഞ്ഞ് പുറം കടലിലേക്ക് നീങ്ങി. പൊഴിയുന്ന ചാറ്റൽ മഴയിൽ കപ്പലിന്റെ ബ്രിഡ്ജിൽ നിന്നു കൊണ്ട് സെയ്സ് നൈറ്റ് ഗ്ലാസ്സിലൂടെ ഡൈട്രിച്ച് ചുറ്റിനും നിരീക്ഷിച്ചു. മാർട്ടിനോ അയാളുടെ തൊട്ടരികിൽത്തന്നെ ഉണ്ടായിരുന്നു. അവർക്ക് തൊട്ടു താഴെ വീൽ ഹൗസിൽ പ്രധാന നാവികനും എഞ്ചിൻ റൂമിൽ ടെലിഗ്രാഫിസ്റ്റും തൊട്ടരികിലുള്ള മേശയ്ക്ക് പിന്നിൽ നാവിഗേറ്ററും തങ്ങളുടെ ജോലികളിൽ മുഴുകിയിരിക്കുന്നു. ഇടനാഴിയിലൂടെ താഴേക്കിറങ്ങിയാൽ വയർലെസ് റൂമാണ്.
"ഈ ഇനം കപ്പലുകളിൽ സ്ഥലം തീരെ കുറവാണല്ലോ..." മാർട്ടിനോ അഭിപ്രായപ്പെട്ടു.
"നിറയെ എഞ്ചിനുകളാണെന്ന് പറയാം..." ഡൈട്രിച്ച് പറഞ്ഞു.
"പടക്കോപ്പുകൾ എന്തൊക്കെയാണുള്ളത്...?"
"ടോർപ്പിഡോകൾ... പിന്നെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ബോഫോഴ്സ് ഗൺ... ഡെക്കിൽ മുൻഭാഗത്ത് ഒരു 20mm പീരങ്കി... എട്ട് മെഷീൻ ഗണ്ണുകൾ... ഇത്രയും കൊണ്ട് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു പോകുന്നു..."
"ഒപ്പം റഡാറും, അല്ലേ...?"
"അതെ... പക്ഷേ ഈ പ്രദേശത്ത് അത് ഉപയോഗിക്കുക അത്ര എളുപ്പമല്ല... പാറക്കെട്ടുകളും ചെറുദ്വീപുകളും ഒക്കെ ധാരാളമുണ്ട്... അവയെല്ലാം റഡാർ സ്ക്രീനിൽ കൂടുതൽ കൺഫ്യൂഷൻ ഉണ്ടാക്കുകയേ ഉള്ളൂ... ഞാൻ ഷെർബർഗ്ഗിൽ നിന്നും ഓപ്പറേറ്റ് ചെയ്യാറുള്ളപ്പോൾ ബ്രിട്ടീഷ് കോൺവോയികളെ ആക്രമിച്ച് തകർക്കുന്ന അതേ രീതി തന്നെയാണ് അവർ ഇവിടെ നമ്മുടെ നേർക്കും പ്രയോഗിക്കുന്നത്..."
"എന്താണത്...?"
"നമ്മുടെ റഡാർ സിസ്റ്റം ഓഫ് ചെയ്യുക... അങ്ങനെയാകുമ്പോൾ അവരുടെ ലൊക്കേഷൻ എക്വിപ്മെന്റിൽ നമ്മുടെ സാന്നിദ്ധ്യം അറിയാൻ സാധിക്കില്ല... ഒപ്പം റേഡിയോ പ്രവർത്തിപ്പിക്കാതിരിക്കുകയും ചെയ്യുക..."
തല കുലുക്കിയിട്ട് മാർട്ടിനോ പിറകോട്ട് തിരിഞ്ഞ് ഇരുട്ടിൽ തങ്ങളെ അനുഗമിച്ചു കൊണ്ടിരിക്കുന്ന കപ്പൽ വ്യൂഹത്തെ വീക്ഷിച്ചു. "കോൺവോയിയുടെ ശരാശരി വേഗത എത്രയാണ്...?"
"ആറ് നോട്ട്സ്..."
"പന്തയക്കുതിരയെക്കൊണ്ട് വണ്ടി വലിപ്പിക്കുന്നത് പോലെ തോന്നുന്നുണ്ടാകുമല്ലേ നിങ്ങൾക്ക്...?"
ഡൈട്രിച്ച് പൊട്ടിച്ചിരിച്ചു. "അതെ... പക്ഷേ, എന്റെ കീഴിൽ ഇത്തരത്തിലുള്ള രണ്ടായിരം കുതിരകളുണ്ട്..." അയാൾ റെയിലിൽ ചെറുതായി ഒന്ന് അടിച്ചു. "ആവശ്യനേരത്ത് എത്ര പെട്ടെന്നാണ് അവ ഓടിയെത്തുന്നത് എന്നത് തീർച്ചയായും സന്തോഷം പകരുന്ന കാര്യം തന്നെയാണ്..."
***
അതേ സമയം വിക്ടർ യൂഗോയുടെ ബ്രിഡ്ജിൽ വളരെ ലാഘവത്തോടെയാണ് കാര്യങ്ങൾ നീങ്ങിയത്. സുരക്ഷിതത്വം തോന്നുന്ന അന്തരീക്ഷം. ക്യാബിന്റെ ചില്ലുകളിൽ വന്ന് പതിക്കുന്ന ചാറ്റൽ മഴ. വീൽ നിയന്ത്രിക്കുന്ന നാവികന്റെ തൊട്ടരികിൽത്തന്നെ സവരി നിൽക്കുന്നുണ്ട്. സാറയും ഗ്വിഡോ ഓർസിനിയും ചാർട്ട് ടേബിളിലെ ഭൂപടത്തിലേക്ക് നോക്കിക്കൊണ്ട് നിൽക്കുന്നു.
"വെഗ് ഐഡാ എന്ന് നേവിക്കാരുടെ ഇടയിൽ അറിയപ്പെടുന്ന ഗ്രാൻവിലായിൽ നിന്നുള്ള കോൺവോയ് റൂട്ട് ഇതാണ്... ഷൗസീ ദ്വീപിന് കിഴക്ക് ഭാഗത്ത് കൂടി..." ഓർസിനി പറഞ്ഞു.
ആദ്യ ദർശനത്തിൽ തന്നെ ഗ്വിഡോ ഓർസിനിയോട് വല്ലാത്തൊരു ഇഷ്ടം അവളുടെ മനസ്സിൽ രൂപം കൊണ്ടിരുന്നു എന്നതാണ് വാസ്തവം. ഹാർബ്ബറിലെ ആ കൂടാരത്തിനുള്ളിൽ വച്ച് തലയുയർത്തി അവളെ നോക്കിയ ആ നിമിഷം മുതൽ... തീർച്ചയായും അയാൾ ഒരു സുമുഖൻ തന്നെ... പോരാ, അതി സുന്ദരൻ എന്ന് തന്നെ വേണം പറയാൻ... മനം മയക്കുന്ന അയാളുടെ ആ ചിരി... അതിന്റെ ആകർഷകത്വം ഒന്ന് വേറെ തന്നെ...
അവളെ തൊട്ടുരുമ്മിയാണ് അയാൾ നിന്നിരുന്നത്. "വരൂ, നമുക്ക് സലൂണിലേക്ക് പോകാം... ഞാൻ ഒരു കോഫി എത്തിക്കാം... ഒന്ന് കിടക്കണമെന്നുണ്ടെങ്കിൽ എന്റെ ക്യാബിൻ ഉപയോഗിക്കുകയും ചെയ്യാം..."
അത് കേട്ട സവരി തിരിഞ്ഞു. "ഇപ്പോൾ പറ്റില്ല പ്രഭോ... എനിക്ക് എഞ്ചിൻ റൂം ഒന്ന് ചെക്ക് ചെയ്യാനുണ്ട്... തിരിച്ചെത്തുന്നത് വരെ താങ്കൾ ഇവിടെ ബ്രിഡ്ജിൽത്തന്നെ വേണം..." അയാൾ പുറത്തേക്ക് നടന്നു.
"പ്രഭു...?" സാറയുടെ മുഖം ആശ്ചര്യത്താൽ വികസിച്ചു.
"ഓ, ഇറ്റലിയിൽ ഞങ്ങൾ ധാരാളം പ്രഭുക്കന്മാരുണ്ട്... അതോർത്ത് തൽക്കാലം തല പുകയണ്ട..."
അയാൾ നീട്ടിയ സിഗരറ്റ് അവൾ സ്വീകരിച്ചു. പുറത്ത് ഇരുട്ടിലേക്ക് നോക്കി ഇരുവരും സിഗരറ്റ് പുകയ്ക്കവെ അവർക്കിടയിൽ മൗനം നിറഞ്ഞു. എഞ്ചിന്റെ പതിഞ്ഞ സ്വരം മാത്രം.
"ഇറ്റലി കഴിഞ്ഞ വർഷം തന്നെ സഖ്യകക്ഷികളുടെ മുന്നിൽ അടിയറവ് പറഞ്ഞുവെന്നാണല്ലോ ഞാൻ കേട്ടത്..." സാറ പറഞ്ഞു.
"ഓ, അതെയതെ... ആ ഫാസിസ്റ്റ് ഭ്രാന്തന്മാർ പക്ഷേ സമ്മതിക്കാൻ തയ്യാറല്ല... ജർമ്മൻകാരുടെ കീഴിൽ പോരാട്ടം തുടരാൻ തന്നെയാണ് അവരുടെ തീരുമാനം... പ്രത്യേകിച്ചും ആ ഓട്ടോ സ്കോർസെനി മലമുകളിലെ തടങ്കലിൽ നിന്നും മുസ്സോളിനിയെ മോചിപ്പിച്ച് വിമാനമാർഗ്ഗം ബെർലിനിൽ എത്തിച്ചതിന് ശേഷം വിശുദ്ധ പോരാട്ടം തുടരുകയാണത്രെ..." ഓർസിനി പറഞ്ഞു.
"അപ്പോൾ നിങ്ങൾ ഒരു ഫാസിസ്റ്റ് അല്ല...?"
യുവത്വം തുടിക്കുന്ന ആ മുഖത്തേക്ക് അയാൾ വീണ്ടും നോക്കി. തന്റെ ജീവിതത്തിൽ ഇതുവരെ മറ്റൊരു സ്ത്രീയിലും ദർശിക്കാത്ത ആർദ്രത... ഒരു പക്ഷേ, അതു തന്നെ ആയിരിക്കാം ഒട്ടും മറയില്ലാതെ അവളുമായി സംസാരിച്ചു കൊണ്ടിരിക്കുവാൻ അയാളെ പ്രേരിപ്പിക്കുന്നതും.
"സത്യം പറഞ്ഞാൽ ഞാൻ ഇതിലൊന്നിലും ഇല്ല... രാഷ്ട്രീയത്തോട് തീരെ താല്പര്യവുമില്ല... റോമിലെ ഒരു സെനറ്റർ പണ്ട് പറഞ്ഞ കാര്യമാണ് എനിക്കോർമ്മ വരുന്നത്... 'ദയവ് ചെയ്ത് ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണെന്ന് ആരും എന്റെ അമ്മയോട് പറയരുത്... വേശ്യാലയത്തിൽ പിയാനോ വായിക്കുന്ന തൊഴിലിന് തുല്യമാണ് അതെന്നാണ് അവരുടെ ധാരണ...'"
"അതെനിക്കിഷ്ടപ്പെട്ടു..." അവൾ പൊട്ടിച്ചിരിച്ചു.
"എന്റെ പഴയ കൂട്ടുകാരിൽ ഭൂരിഭാഗം പേരും ബ്രിട്ടന്റെയും അമേരിക്കയുടെയും നേവികളിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്... ഞാനാണെങ്കിൽ എതിർപക്ഷത്ത് ജർമ്മൻ നേവിയുടെ അഞ്ചാം ഷ്നെൽബൂട്ട് ഫ്ലോട്ടില്ലയിലും... ജർമ്മനിയുമായി ഇറ്റലി സമാധാനത്തിന്റെ പാതയിലൂടെ പോകാൻ തീരുമാനിച്ചപ്പോൾ എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗമില്ലായിരുന്നു... ജയിലിനുള്ളിൽ പോകാൻ എനിക്കൊട്ട് താല്പര്യവും ഉണ്ടായിരുന്നില്ല... അവർ എന്നെ അത്രയ്ക്കങ്ങ് വിശ്വാസത്തിൽ എടുത്തിട്ടില്ല എന്ന കാര്യം എനിക്കറിയാം... ഒരു E-ബോട്ട് കമാൻഡ് ചെയ്യാനുള്ള അനുമതിയൊന്നും ഈയിടെയായി ലഭിക്കാറില്ല... അതുമായി ഞാൻ ഇംഗ്ലണ്ടിലേക്ക് കടന്നു കളയുമെന്ന് ഒരു പക്ഷേ അവർ കരുതുന്നുണ്ടാവും..."
"അങ്ങനെ വല്ല പദ്ധതിയുമുണ്ടോ നിങ്ങൾക്ക്...?"
ആ നിമിഷമാണ് പുറത്ത് പോയിരുന്ന സവരി തിരിച്ചെത്തിയത്. "റൈറ്റ്, എന്നാലിനി നമുക്ക് താഴെ പോയി കോഫി കുടിക്കാം..." ഓർസിനി സാറയോട് പറഞ്ഞു.
അവൾ മുന്നിൽ നടന്നു. പടവുകൾ ഇറങ്ങി ഇടനാഴിയിലേക്ക് നീങ്ങുന്ന അവളെ വീക്ഷിക്കവെ അയാളുടെ ഉള്ളിൽ ആവേശം തിര തല്ലുകയായിരുന്നു. പല യുവതികളെയും താൻ പരിചയപ്പെട്ടിട്ടുണ്ട്... മുടിയിൽ ചായം തേച്ച് കോമാളിവേഷം കെട്ടിയ ഈ ആൻ മാരി ലത്വയെക്കാൾ പതിന്മടങ്ങ് സുന്ദരികളെ... ഇതിലും പരിഷ്കാരികളെ... പക്ഷേ, ഇവളുടെ കാര്യത്തിൽ എന്തെല്ലാമോ ചിലത് ഒട്ടും തന്നെ യോജിക്കുന്നില്ല... ബാഹ്യരൂപം ഒന്ന്... സ്വഭാവം മറ്റൊന്ന്... സംസാരിച്ചിടത്തോളം ആ രൂപവുമായി ഒരു ചേർച്ചയുമില്ല ഇവളുടെ സ്വഭാവത്തിന്...
"ഗ്വിഡോ, ദൈവത്തെയോർത്ത്, നിനക്കെന്താണ് സംഭവിക്കുന്നത്...?" ഇടനാഴിയിലൂടെ അവളെ അനുഗമിക്കവെ അയാൾ സ്വയം ചോദിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...