Friday, May 28, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 24

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


പ്രധാനമന്ത്രിയോടൊപ്പം ഡിന്നറിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ബ്രിഗേഡിയർ മൺറോയുടെ സന്ദേശം ജനറൽ ഐസൻഹോവറിന് ലഭിക്കുന്നത്. ഹെയ്സ് ലോഡ്ജിലെ ലൈബ്രറിയിൽ ഫുൾ യൂണിഫോമിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം അങ്ങേയറ്റം‌ അസ്വസ്ഥനായിരുന്നു. 


"ആരെയെങ്കിലും അങ്ങോട്ട് അയക്കാൻ ഒരു മാർഗ്ഗവുമില്ലെന്നാണോ നിങ്ങൾ പറയുന്നത്...?" ഐസൻഹോവർ ചോദിച്ചു.


"ഒരു കമാൻഡോ യൂണിറ്റാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ പറ്റുമെന്ന് തോന്നുന്നില്ല സർ... യൂറോപ്യൻ തീരത്തെ ഏറ്റവും ശക്തമായ പ്രതിരോധ നിരയാണ് അവിടെയുള്ളത്..."


ഐസൻഹോവർ തല കുലുക്കി. "എന്ന് വച്ചാൽ അദ്ദേഹത്തെ അവിടെ നിന്നും പുറത്തെത്തിക്കുക അസാദ്ധ്യമാണെന്ന്..."


"അങ്ങനെയല്ല സർ... പക്ഷേ, വളരെ ബുദ്ധിമുട്ടായിരിക്കും... അതൊരു ചെറിയ ദ്വീപാണ് ജനറൽ... ഒരു ട്രക്കിന്റെ പിന്നിൽ ഒളിപ്പിച്ച് പത്തു മുന്നൂറ് മൈൽ ഡ്രൈവ് ചെയ്ത് രായ്ക്ക്‌ രാമാനം പുറത്തെത്തിക്കുന്നത് പോലെയോ നമ്മുടെ ഒരു ലൈസാൻഡർ വിമാനം അയച്ച് പിക്ക് ചെയ്യുന്നത് പോലെയോ എളുപ്പമുള്ള കാര്യമല്ല ഇത്..."


"റൈറ്റ്... എങ്കിൽ പിന്നെ കടൽ മാർഗ്ഗം അദ്ദേഹത്തെ ഫ്രാൻസിലേക്ക് എത്തിക്കാൻ നോക്കൂ... പിന്നെ കാര്യങ്ങൾ എളുപ്പമാകുമല്ലോ..."


"ഞങ്ങൾക്ക് ലഭിച്ച ഇൻഫർമേഷൻ പ്രകാരം യാത്ര ചെയ്യാൻ പറ്റിയ അവസ്ഥയിൽ അല്ല അദ്ദേഹം ഇപ്പോഴുള്ളത്..."


"ഫോർ ഗോഡ്'സ് സെയ്ക്ക്, മൺറോ, നമ്മുടെ സകല രഹസ്യങ്ങളും അദ്ദേഹത്തിനറിയാം... യൂറോപ്യൻ അധിനിവേശം... മാസങ്ങളെടുത്ത് ഞങ്ങൾ തയ്യാറാക്കിയ പദ്ധതികൾ... എല്ലാം എല്ലാം..."


അല്പം പരിഭ്രാന്തിയോടെ മൺറോ ഒന്ന് മുരടനക്കി. "ജനറൽ, ഒരു മാർഗ്ഗവുമില്ലെങ്കിൽ... അതായത്, അറ്റ കൈ എന്ന നിലയിൽ കേണൽ കെൽസോയെ ഒഴിവാക്കുക എന്ന ആശയത്തോട് താങ്കൾ യോജിക്കുമോ...?"


അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്ന ഐസൻഹോവർ പൊടുന്നനെ നിന്നു. "യൂ മീൻ ഹാവ് ഹിം എക്സിക്യൂട്ടഡ്...?"


"സംതിങ്ങ് ലൈക്ക് ദാറ്റ്..."


"ഗോഡ് ഹെൽപ്പ് മീ... പക്ഷേ, മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ പിന്നെ എ‌ന്തു ചെയ്യാൻ..." ചുവരിൽ കൊളുത്തിയിട്ടിരിക്കുന്ന വെസ്റ്റേൺ യൂറോപ്പിന്റെ വലിയ ഭൂപടത്തിനരികിലേക്ക് ഐസൻഹോവർ നടന്നു. "ആറായിരം കപ്പലുകൾ, ആയിരക്കണക്കിന് യുദ്ധവിമാനങ്ങൾ, രണ്ട് മില്യനോളം സൈനികർ... ഇതൊക്കെയാണ് നമ്മുടെ യുദ്ധ സന്നാഹങ്ങൾ... എവിടെയൊക്കെയാണ് നമ്മുടെ ലാന്റിങ്ങ് പോയിന്റ്സ് എന്ന വിവരം അറിയാനിടയായാൽ സർവ്വശക്തിയും അവരവിടെ കേന്ദ്രീകരിക്കും..." അദ്ദേഹം തിരിഞ്ഞു. "ഏതാനും ആഴ്ച്ചകൾക്ക് മുമ്പ്, അവരുടെ ഒരു മീറ്റിങ്ങിൽ ഇതേക്കുറിച്ച് റോമൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്ന്  ഒരു ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്... അതായത് അവർ യുദ്ധം ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നത് ആ ബീച്ചുകളിൽ വച്ചായിരിക്കുമെന്ന്..."


"ഞാനും അറിഞ്ഞിരുന്നു, ജനറൽ..."


"എന്നിട്ടാണോ കെൽസോയെ ഒഴിവാക്കാനാവുമോ എന്ന് നി‌ങ്ങൾ ചോദിച്ചത്...?" ഐസൻഹോവർ ഒരു നെടുവീർപ്പിട്ടു. "അദ്ദേഹത്തെ രക്ഷിക്കാനാവുമെങ്കിൽ അതിനുള്ള ഏർപ്പാടുകൾ ചെയ്യൂ... അതിന്‌ സാധിക്കുന്നില്ലെങ്കിൽ പിന്നെ....." അദ്ദേഹം ചുമൽ വെട്ടിച്ചു. "ജെഴ്സിയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിശദീകരണം ഞാൻ അംഗീകരിക്കുന്നു... എന്നിരുന്നാലും ഒരു ഏജന്റിനെ അങ്ങോട്ട് അയക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു...? ആർക്കും പരിചിതമല്ലാത്ത ഒരു മുഖത്തെ...?"


"ശരിയാണ് ജനറൽ... അതേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു..."


അതുവരെ നിശ്ശബ്ദനായി നെരിപ്പോടിനരികിൽ നിന്നിരുന്ന ജാക്ക് കാർട്ടർ ഒന്ന് ചുമച്ചു. "ഒരു മാർഗ്ഗമുണ്ട് ജനറൽ..."


"എന്താണത് ക്യാപ്റ്റൻ...?" ഐസൻഹോവർ ആരാഞ്ഞു.


"ദ് ബെസ്റ്റ് പ്ലെയ്സ് റ്റു ഹൈഡ് എ ട്രീ ഈസ് ഇൻ എ വുഡ്... ഇന്നത്തെ അവസ്ഥയിൽ നിയന്ത്രണങ്ങളില്ലാതെ ജെഴ്സിയിൽ വന്നും പോയും ഇരിക്കുന്നത് ജർമ്മൻകാർ മാത്രമാണ്... എന്ന് വച്ചാൽ നിരന്തരം അവിടെ പുതിയ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു കൊണ്ടിരിക്കുന്നുവെന്ന്..."


ഐസൻഹോവർ മൺറോയെ ഒന്ന് നോക്കി. "ഇദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്... അത്തരം ഒരു ദൗത്യം ഏറ്റെടുക്കുവാൻ പ്രാപ്തിയുള്ള ആരെങ്കിലുമുണ്ടോ നി‌ങ്ങളുടെ പക്കൽ...?"


മൺറോ തലയാട്ടി. "കുറവാണ് സർ... ഇതിനൊക്കെ ഒരു പ്രത്യേക നൈപുണ്യം തന്നെ വേണം... അനായാസം ജർമ്മൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുണ്ടായാൽ മാത്രം പോരാ, ഒരു ജർമ്മൻകാരനെപ്പോലെ ചിന്തിക്കാനും കൂടി സാധിക്കണം... അതത്ര എളുപ്പമല്ല..."


"ഐ വിൽ ഗിവ് യൂ എ വീക്ക്, ബ്രിഗേഡിയർ..." ഐസൻഹോവർ പറഞ്ഞു. "ഒരാഴ്ച്ചത്തെ സമയം... അതിനുള്ളിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ നിങ്ങൾക്കാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..."


"ഞാൻ വാക്കു തരുന്നു സർ..."


തിടുക്കത്തിൽ പുറത്തേക്ക് നടന്ന മൺറോയെ ജാക്ക് കാർട്ടർ വാക്കിങ്ങ് സ്റ്റിക്കുമായി മുടന്തിക്കൊണ്ട് അനുഗമിച്ചു.


"ഗ്രാൻവിലായിലുള്ള ജെറാർഡ് ക്രെസ്സണ് ഉടൻ ഒരു റേഡിയോ സന്ദേശം അയക്കണം... ഈ സന്ദേശം ജെഴ്സിയിലുള്ള ഗാലഗറിന്‌ റിലേ ചെയ്യാൻ അയാളോട് പറയുക... വ്യാഴാഴ്ച്ചയോടെ ആരെങ്കിലും ഒരാൾ അവിടെ എത്തുന്നതായിരിക്കും എന്ന്..."


"ആർ യൂ ഷുവർ സർ...?"


"ഒഫ്കോഴ്സ് അയാം..." ആഹ്ലാദത്തോടെ മൺറോ പറഞ്ഞു. "നിങ്ങൾ അന്നേരം പറഞ്ഞ ആ കാര്യം... ബ്രില്യന്റ് ആയിരുന്നു ജാക്ക്...   ഒരു മരം ഒളിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം വനം തന്നെയാണെന്നത്... ഐ ലൈക്ക് ദാറ്റ്..."


"വളരെ നന്ദി സർ..."


"ഇടതടവില്ലാതെ ജർമ്മൻ ഉദ്യോഗസ്ഥർ അവിടെ വന്നും പോയും ഇരിക്കുന്നുണ്ട്... കൃത്യമായ രേഖകളുമായി അവർക്കിടയിലേക്ക് അത്തരത്തിൽ ഒരാളെ കടത്തി വിടുന്നതിനെക്കുറിച്ച് എന്തു പറയുന്നു...?"


"അത്രയ്ക്കും കഴിവുറ്റ, മിടുക്കനായ ഒരാൾ ആയിരിക്കണം അത്, സർ..."


"എന്നാൽ പിന്നെ ആ പേര് ഇങ്ങ് പോരട്ടെ, ജാക്ക്..." കാറിനരികിലേക്ക് എത്തവെ മൺറോ പറഞ്ഞു. "ഇതിന് പറ്റിയ ഒരാളേയുള്ളൂ... അത് നമുക്ക് രണ്ടു പേർക്കും അറിയാം... നൂറ് ശതമാനവും നാസി ആയി അവർക്കിടയിലേക്ക് ഇറങ്ങുവാൻ കഴിവുള്ളവൻ... അതോടൊപ്പം, വേണ്ടി വന്നാൽ കെൽസോയുടെ നെറ്റിയിലേക്ക് നിറയൊഴിക്കാൻ മടിയില്ലാത്തവനും... ഹാരി മാർട്ടിനോ..."


"പക്ഷേ, ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കട്ടെ സർ... കഴിഞ്ഞ തവണ ലിയോൺസിലെ ആ ദൗത്യത്തിന് ശേഷം അദ്ദേഹത്തിന്റെ സേവനം ഇനിയൊരിക്കലും ആവശ്യപ്പെടില്ലെന്ന് നാം വാക്ക് കൊടുത്തിരുന്നു... അദ്ദേഹത്തിന്റെ ആരോഗ്യനില അതിനനുവദിക്കുമോ എന്ന കാര്യം സംശയമാണ്‌ സർ..."


"നോൺസെൻസ് ജാക്ക്... ഇങ്ങനെയൊരു ചാലഞ്ചിനോട് നോ എന്ന് പറയാൻ ഹാരിയ്ക്ക് ഒരിക്കലും കഴിയില്ല... അദ്ദേഹം എവിടെയാണെന്ന് അന്വേഷിക്കൂ... ഒരു കാര്യം കൂടി ജാക്ക്... SOE ഫയലുകൾ ഒന്ന് ചെക്ക് ചെയ്യൂ... ജെഴ്സി പശ്ചാത്തലമുള്ള ആരെങ്കിലുമുണ്ടോ എന്ന് നോക്കൂ..."


"പുരുഷന്മാർ മാത്രമേ പാടുള്ളൂ എന്നുണ്ടോ സർ...?"


"ഗുഡ് ഗോഡ്, ജാക്ക്, ഒരിക്കലുമില്ല... എന്നു മുതലാണ് ഇത്തരം കാര്യങ്ങളിൽ പുരുഷന്മാർ മാത്രം മതി എന്ന് നാം തീരുമാനിച്ചത്...?"


അദ്ദേഹം കാറിനുള്ളിലെ പാർട്ടീഷൻ ഗ്ലാസിൽ തട്ടി. ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...




Friday, May 21, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 23

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തിരിച്ചെത്തുന്ന വാനിന്റെ ശബ്ദത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഹെലൻ ഡു വിലാ. മുറ്റത്ത് വന്ന് പാർക്ക് ചെയ്ത വാൻ കണ്ടതും അവൾ പുറത്തേക്കോടി. ഗാലഗറും ഹാമിൽട്ടണും വാനിൽ നിന്നും പുറത്തിറങ്ങിയതും അവൾ വിളിച്ചു ചോദിച്ചു. "അദ്ദേഹത്തിന്‌ എങ്ങനെ...? കുഴപ്പമൊന്നുമില്ലല്ലോ...?"


"സെഡേറ്റിവ്സ് കൊടുത്തിരിക്കുകയാണ്... കാലിന് കുഴപ്പമൊന്നുമില്ല..." ഗാലഗർ പറഞ്ഞു.


"ഇവിടെയിപ്പോൾ ആരുമില്ല... ഗ്രാൻവിലായിലോ ഓഫീസേഴ്സ് ക്ലബ്ബിലോ കടലിലോ മറ്റോ പോയിരിക്കുകയാണ് എല്ലാവരും... നമുക്കിദ്ദേഹത്തെ പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് കൊണ്ടു പോകാം..."


ഗാലഗറും ഹാമിൽട്ടണും കൂടി അദ്ദേഹത്തെ വാനിൽ നിന്നും പുറത്തിറക്കി പരസ്പരം കൈകൾ കോർത്ത് കോരിയെടുത്തു. മുൻവാതിലിലൂടെ അകത്തേക്ക് കയറിയ ഹെലനെ അനുഗമിച്ച അവർ പാനലിങ്ങ് ചെയ്ത ഹാളിലൂടെ സ്റ്റെയർകെയ്സിന് നേർക്ക് നീങ്ങി. മുകളിലെത്തിയ അവൾ മാസ്റ്റർ ബെഡ്റൂം തുറന്ന് അവരെ ഉള്ളിലേക്കാനയിച്ചു. അവിടെയുള്ള ഫർണീച്ചറും കട്ടിലും  പതിനേഴാം നൂറ്റാണ്ടിൽ പണിതിരിക്കുന്നതാണ്. കട്ടിലിന്റെ വലതു ഭാഗത്തായി അറ്റാച്ച്ഡ് ബാത്ത്റൂം‌. ഇടത് ഭാഗത്ത് സീലിങ്ങ് വരെ ഉയരത്തിൽ പണിതിരിക്കുന്ന ചുവരലമാരയിൽ നിറയെ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു. ആരുടെയും ശ്രദ്ധയിൽ പെടാത്തവണ്ണം മറഞ്ഞിരിക്കുന്ന ഒരു സ്പ്രിങ്ങ് ബട്ടണിൽ അവൾ ഞെക്കിയതും ആ ഷെൽഫ് രണ്ടായി ഉള്ളിലേക്ക് വകഞ്ഞു മാറി. മുകളിലേക്ക് കയറുവാനുള്ള ഒരു സ്റ്റെയർകെയ്സ് ആയിരുന്നു ആ ചുവരലമാരയ്ക്ക് പിന്നിൽ. ഹെലന് പിന്നാലെ അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും കെൽസോയെയും കൊണ്ട് അവർ ഇരുവരും മുകളിലെത്തി. മേൽക്കൂരയുടെ തൊട്ടു താഴെയുള്ള ആ മുറിയുടെ ചുവരുകൾ മുഴുവനായും ഓക്ക് പലകകൾ കൊണ്ട് പാനലിങ്ങ് ചെയ്തതായിരുന്നു. ത്രികോണാകൃതിയിൽ അവസാനിക്കുന്ന മുറിയുടെ മൂലയിലായി ഒരു ഒറ്റപ്പാളി ജാലകം. കാർപെറ്റ് വിരിച്ച തറയും ഒരു കട്ടിലും ഒക്കെയായി അത്യാവശ്യം സൗകര്യമുള്ള ഒരു മുറി.


അവർ കെൽസോയെ ആ ബെഡ്ഡിലേക്ക് കിടത്തി. "താങ്കൾക്ക് ആവശ്യമുള്ളതെല്ലാം ഇതിനകത്തുണ്ട്..." ഹെലൻ പറഞ്ഞു. "എന്റെ റൂമിൽ നിന്ന് മാത്രമേ ഇങ്ങോട്ട് പ്രവേശിക്കാനാവൂ... അതുകൊണ്ട് പരിപൂർണ്ണ സുരക്ഷിതനാണ്‌ താങ്കൾ... എന്റെ മുൻതലമുറയിൽപ്പെട്ട ഒരാൾ വർഷങ്ങളോളം ഇവിടെ ഒളിവിൽ കഴിഞ്ഞ ചരിത്രമുണ്ട്... അതിന് ശേഷം ആരും തന്നെ ഈ മുറി ഉപയോഗിച്ചിട്ടില്ല... അതുകൊണ്ട് തന്നെ അന്നത്തെ സൗകര്യങ്ങൾ മാത്രമേയുള്ളൂ എന്നൊരു പോരായ്മയുണ്ട്... പ്രാഥമിക കൃത്യങ്ങൾക്കായി അതാ ആ കാണുന്ന ഓക്ക് കമ്മോട് മാത്രമേയുള്ളൂ..."


"താങ്ക്സ്... എനിക്കിപ്പോൾ അത്യാവശ്യമായി വേണ്ടത് നല്ലൊരു ഉറക്കമാണ്..." അത്യന്തം ക്ഷീണിച്ചവശനായിരുന്നു കെൽസോ.


അവൾ ഗാലഗറിന് നേരെ നോക്കി പുരികം വെട്ടിച്ചു. അദ്ദേഹവും ഡോക്ടറും സ്റ്റെയർകെയ്സിന്റെ പടവുകളിറങ്ങി താഴെയെത്തി. "എന്നാൽ പിന്നെ ഞാനിറങ്ങട്ടെ... നാളെ എപ്പോഴെങ്കിലും വന്ന് നോക്കാമെന്ന് ഹെലനോട് പറഞ്ഞേക്കൂ..." ഹാമിൽട്ടൺ പറഞ്ഞു.


ഷോൺ ഗാലഗർ അദ്ദേഹത്തിന്റെ കരം കവർന്നു. "ജോർജ്ജ്, വലിയൊരു സഹായമാണ് താങ്കൾ ചെയ്തത്..." 


"അതൊക്കെ ഒരു ഡോക്ടറുടെ കടമ മാത്രം, ഷോൺ... ശരി, അപ്പോൾ നാളെ കാണാം..." അദ്ദേഹം പുറത്തേക്കിറങ്ങി.


ഗാലഗർ കിച്ചണിലേക്ക് നടന്നു. സ്റ്റവിൽ കെറ്റ്‌ൽ വച്ചിട്ട് അണയാൻ തുടങ്ങിയ കനലുകൾക്ക് മുകളിലേക്ക് ഏതാനും വിറക് കഷണങ്ങൾ തള്ളി വച്ചു കൊടുമ്പോഴേക്കും ഹെലൻ താഴെയെത്തി.


"അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ...?" ഗാലഗർ ചോദിച്ചു.


"നല്ല ഉറക്കത്തിലാണ്..." അവൾ മേശയുടെ അരികിൽ ഇരുന്നു. "നമ്മുടെ അടുത്ത നീക്കം എന്താണ്...?"


"എന്തെങ്കിലും തരത്തിലുള്ള സന്ദേശവുമായി ഗ്രാൻവിലായിൽ നിന്നും സവരി എത്തുന്നത് വരെ നമുക്ക് ഒന്നും തന്നെ ചെയ്യാനില്ല..."


"അഥവാ സന്ദേശങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ...?"


"ഓ, അതൊക്കെ അപ്പോൾ ആലോചിക്കാം... തൽക്കാലം ഇവിടെ സമാധാനമായിരുന്ന് നല്ലൊരു ചായ കുടിക്കാൻ നോക്കാം..."


നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. "ബ്രാംബ്‌ൾ റ്റീ അല്ലെങ്കിൽ ബീറ്റ്റൂട്ട് റ്റീ... ഇതിൽ ഏതെങ്കിലും ഒന്നു കൊണ്ട് തൃപ്തിപ്പെടേണ്ടി വരും... ഇതിൽ ഏതായാലും ശരി, ഈ രാത്രിയിൽ എന്നെക്കൊണ്ട് കുടിക്കാൻ വയ്യ..."


"അതിനല്ലേ ഞാനിവിടെയുള്ളത്..." അന്ന് രാവിലെ മാർക്കറ്റിൽ വച്ച് ഷെവലിയർ നൽകിയ ചൈനാ തേയിലയുടെ പാക്കറ്റ് ഗാലഗർ തന്റെ പോക്കറ്റിൽ നിന്നും എടുത്ത് അവൾക്ക് നീട്ടി.


പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ അദ്ദേഹത്തിന്റെ കഴുത്തിലൂടെ കൈ ചുറ്റി. "ഷോൺ ഗാലഗർ, നിങ്ങളില്ലായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു ഞാൻ...?"


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Friday, May 14, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 22

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



വാഷ് ബേസിനരികിൽ നിന്നും തിരിഞ്ഞ‌ മേജർ സ്പിയർ ടവൽ കൊണ്ട് കൈ തുടച്ചു. സിസ്റ്റർ ബെർണാഡെറ്റ് പ്ലാസ്റ്റർ ഓഫ് പാരീസ് മിക്സ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഓപ്പറേഷൻ ടേബിളിനരികിൽ വന്ന അയാൾ അപ്പോഴും അബോധാവസ്ഥയിൽ തുടരുന്ന കെൽസോയെ നിരീക്ഷിച്ചു. 


"ആൻ എക്സലന്റ് പീസ് ഓഫ് വർക്ക്..." ജോർജ്ജ് ഹാമിൽട്ടൺ പറഞ്ഞു.


"യെസ്... നന്നായി ചെയ്യാനായതിൽ എനിക്കും അതിയായ സന്തോഷം..." സ്പിയർ തന്റെ ഓവർകോട്ട് എടുത്തു. "ഇനിയുള്ള കാര്യങ്ങൾ താങ്കൾക്ക് കൈകാര്യം ചെയ്യുവാനാകുമെന്ന് എനിക്കുറപ്പുണ്ട്... ഓഫീസേഴ്സ് ക്ലബ്ബിലെ ഡിന്നറിന്‌ പോകാൻ ഇപ്പോൾത്തന്നെ വൈകി... ഇയാളുടെ ആരോഗ്യനിലയിലെ പുരോഗതി എന്നെ അറിയിക്കാൻ മറക്കരുത് ഹെർ പ്രൊഫസ്സർ..." ശേഷം, ഗാലഗറിനെ സല്യൂട്ട് ചെയ്തിട്ട് അയാൾ പുറത്തേക്ക് നടന്നു.


കെൽസോയെത്തന്നെ നോക്കിക്കൊണ്ടിരുന്ന ഹാമിൽട്ടണ്‌ പെട്ടെന്ന് വല്ലാത്ത ക്ഷീണം തോന്നി. അദ്ദേഹം തന്റെ ഗ്ലൗസും ഗൗണും ഊരി മാറ്റി. ബോധാവസ്ഥയിലേക്ക് പതുക്കെ തിരികെയെത്തിക്കൊണ്ടിരുന്ന കെൽസോ ചെറുതായൊന്ന് ഞരങ്ങിക്കൊണ്ട് മന്ത്രിച്ചു. "ജാനറ്റ്, ഐ ലവ് യൂ..."


ആ വാക്കുകളിലെ അമേരിക്കൻ ചുവ വളരെ വ്യക്തമായിരുന്നു. സിസ്റ്റർ ബെർണാഡെറ്റ് അത് ശ്രദ്ധിച്ചതായി തോന്നിയില്ല. പക്ഷേ, അത് ശ്രദ്ധിച്ച സിസ്റ്റർ മരിയാ തെരേസ ഹാമിൽട്ടണെയും പിന്നെ ഗാലഗറിനെയും രൂക്ഷമായി ഒന്ന് നോക്കി. 


"ഇയാൾക്ക് ബോധം വന്നു തുടങ്ങിയെന്ന് തോന്നുന്നു..." അല്പം ജാള്യതയോടെ ഹാമിൽട്ടൺ പറഞ്ഞു.


"എന്ന് എനിക്കും തോന്നുന്നു..." അവർ പറഞ്ഞു. "താങ്കളും ജനറൽ ഗാലഗറും എന്റെ ഓഫീസിൽ പോയി ഇരുന്നോളൂ... സിസ്റ്റർമാർ ആരെങ്കിലും കോഫി കൊണ്ടുവരും... അൽപ്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു... മേജർ സ്പിയറിന് നന്ദി... ബെർണാഡെറ്റും ഞാനും കൂടി ഇയാളുടെ കാലിലെ പ്ലാസ്റ്ററിങ്ങ് തീർക്കട്ടെ..."


"വളരെ നന്ദി, സിസ്റ്റർ..."


അവർ ഇരുവരും ഇടനാഴിയുടെ അറ്റത്തുള്ള ഓഫീസിലേക്ക് നടന്നു. ഇടയിലുള്ള കിച്ചണിൽ രണ്ടു കന്യാസ്ത്രീകൾ എന്തോ സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഹാമിൽട്ടൺ മേശയ്ക്ക് പിന്നിലെ കസേരയിൽ ഇരുന്നു. പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അദ്ദേഹത്തിന് നൽകിയിട്ട് ഗാലഗർ  ജാലകത്തിനരികിലെ കസേരയിൽ ഇരുന്നു.


"ആ വാതിൽ തുറന്ന് അയാൾ ഉള്ളിലേക്ക് കാലെടുത്തു വച്ച ആ നിമിഷമുണ്ടല്ലോ... എന്നും അതെന്നെ വേട്ടയാടിക്കൊണ്ടിരിക്കും..." ഗാലഗർ പറഞ്ഞു.


"ഞാൻ പറഞ്ഞല്ലോ... അയാൾ അത്ര പ്രശ്നക്കാരനൊന്നും അല്ല... പിന്നെ വളരെ നല്ലൊരു ഡോക്ടറുമാണയാൾ..." ഹാമിൽട്ടൺ അദ്ദേഹത്തെ സമാധാനിപ്പിച്ചു.


"കെൽസോയുടെ കാൽ ശരിയാവുമെന്ന് തോന്നുന്നുണ്ടോ താങ്കൾക്ക്...?"


"പിന്നെന്താ... ഒരു മണിക്കൂറിനകം നമുക്ക് അദ്ദേഹത്തെ തിരികെ കൊണ്ടു പോകാനാകും... എങ്കിലും അടുത്ത ഏതാനും ദിവസത്തേക്ക് സൂക്ഷ്മ നിരീക്ഷണം വേണ്ടി വരും... ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല... ഇപ്പോഴത്തെ ആ അത്ഭുത മരുന്നുണ്ടല്ലോ... പെനിസിലിൻ... അദ്ദേഹത്തിന്റെ ആ ലൈഫ് റാഫ്റ്റിൽ നിന്നും ലഭിച്ച എമർജൻസി കിറ്റിനുള്ളിൽ അതിന്റെ ഏതാനും ആമ്പ്യൂൾസ് ഉണ്ടായിരുന്നു... ഇൻഫെക്ഷന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആ മരുന്ന് ഞാൻ കൊടുത്തു തുടങ്ങും..." ഹാമിൽട്ടൺ പറഞ്ഞു.


"സിസ്റ്റർ മരിയാ തെരേസ - നമ്മൾ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ എന്ന് അവർക്ക് മനസ്സിലായി എന്ന് തോന്നുന്നു..."


"യെസ്...  എനിക്കും അതിൽ വിഷമമുണ്ട്..." ജോർജ്ജ് ഹാമിൽട്ടൺ പറഞ്ഞു. "ഞാൻ അവരെ ഉപയോഗിക്കുകയായിരുന്നു എന്ന് തോന്നിക്കാണണം..‌. എന്തായാലും അവർ ഇത് ആരോടും പറയാൻ പോകുന്നില്ല... അവരുടെ വിശ്വാസ പ്രമാണങ്ങൾക്ക് എതിരായിരിക്കും അത്..."


"കുട്ടിക്കാലത്ത് ഡബ്ലിനിൽ എനിക്കൊരു അമ്മായി ഉണ്ടായിരുന്നു... ഇവരെ കാണുമ്പോൾ ആ അമ്മായിയെയാണ് എനിക്ക് ഓർമ്മ വരുന്നത്..." ഗാലഗർ പറഞ്ഞു. "ലീഡ്സ് പാൽസ് എന്നറിയപ്പെട്ടിരുന്ന ഒരു യോർക്ക്ഷയർ റെജിമെന്റിലെ അംഗമായിരുന്നു ഞാൻ... ഒരിക്കൽ ഹെഡ്ക്വാർട്ടേഴ്സിലുള്ള വിഡ്ഢികൾ, കനത്ത മെഷീൻ ഗൺ ഫയറിങ്ങ് നടക്കുന്നയിടത്തേക്ക്   എല്ലാവരെയും ബാക്ക് പായ്ക്കുമായി പറഞ്ഞയച്ചു. എണ്ണൂറ് പേർ ഉണ്ടായിരുന്ന ആ സംഘത്തിൽ മദ്ധ്യാഹ്നമായപ്പോഴേക്കും ബാക്കിയായത് ഏതാണ്ട് നാല്പതോളം പേർ മാത്രം... അന്ന് ഞാൻ തീരുമാനിച്ചതാണ്, ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ അയാളെ ഞാൻ നിർത്തി പൊരിക്കുമെന്ന്..."


"എനിക്ക് മനസ്സിലാവുന്നു..." ഹാമിൽട്ടൺ പറഞ്ഞു.


ഗാലഗർ എഴുന്നേറ്റു. "അൽപ്പം ശുദ്ധവായു ശ്വസിക്കാൻ പറ്റുമോയെന്ന് നോക്കട്ടെ..." വാതിൽ തുറന്ന് അദ്ദേഹം പുറത്തിറങ്ങി.


കോട്ടുവായിട്ട ഹാമിൽട്ടൺ മുന്നോട്ടാഞ്ഞ് കൈകൾ മേശപ്പുറത്ത് മടക്കി അതിൽ തല ചായ്ച്ചു. വിശ്രമമില്ലാത്ത ഒരു ദിവസമായിരുന്നു അത്. കണ്ണുകളടച്ച അദ്ദേഹം നിമിഷങ്ങൾക്കകം ഗാഢനിദ്രയിലേക്ക് വഴുതി വീണു.


                                ***


രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു. ബേക്കർ സ്ട്രീറ്റിലെ തന്റെ ഓഫീസിൽ ഫയലുകളുമായി അപ്പോഴും മല്ലിട്ടുകൊണ്ടിരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺറോ. പെട്ടെന്നാണ് വാതിൽ തുറന്ന് മുടന്തിക്കൊണ്ട് ജാക്ക് കാർട്ടർ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. ഒരു സിഗ്നൽ ഫ്ലിംസി ബ്രിഗേഡിയറുടെ മേശപ്പുറത്ത് വച്ചിട്ട് അദ്ദേഹം പറഞ്ഞു. "ഞെട്ടാൻ തയ്യാറായി ഇരുന്നോളൂ സർ..."


"എന്താണിത്...?" മൺറോ ആരാഞ്ഞു.


"ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ ഗ്രാൻവിലായിലെ ഏജന്റിൽ നിന്നുമുള്ള സന്ദേശമാണ്... അതായത് നോർമൻഡിയിൽ നിന്ന്..."


"ഗ്രാൻവിലാ എവിടെയാണെന്ന് എനിക്കറിയാം ജാക്ക്..." അത് വായിച്ചു തുടങ്ങിയ മൺറോ പെട്ടെന്ന് നിവർന്നിരുന്നു. "എനിക്കിത് വിശ്വസിക്കാനാവുന്നില്ല..."


മൺറോ ഒരു വട്ടം കൂടി ആ സന്ദേശം വായിച്ചു. "ഇതിലും വലുത് ഇനി എന്ത് സംഭവിക്കാൻ... പ്രതിരോധ പ്രസ്ഥാനം എന്ന് പറയാൻ ഒന്നും തന്നെ ജെഴ്സിയിൽ ഇല്ല... അവിടെ ആരെ കോണ്ടാക്റ്റ് ചെയ്യാനാണ്...? വിലാ പ്ലേസിലെ ആ വനിതയ്ക്കും ഗാലഗർ എന്ന് പറയുന്ന ആ മനുഷ്യനും എത്ര നാൾ അദ്ദേഹത്തെ ഒളിപ്പിച്ചു വയ്ക്കാനാവും...? അതും കാൽ ഒടിഞ്ഞിരിക്കുന്ന അവസ്ഥയിൽ... അതു പോലുള്ള ഒരു ചെറു ദ്വീപിൽ എത്ര കാലം കഴിയും അദ്ദേഹം...? ആലോചിക്കാനേ ആവുന്നില്ല ജാക്ക്..."


ദീർഘകാലത്തെ പരിചയമാണ് കാർട്ടർക്ക് ബ്രിഗേഡിയറുമായുള്ളത്. ഏത് ദിശയിൽ നീങ്ങണമെന്നറിയാതെ ഉഴലുന്ന അദ്ദേഹത്തെ ഇത്രയും നിരാശനായി ഇതാദ്യമായിട്ടാണ് കാണുന്നത്. "നന്നായിട്ടൊന്ന് ആലോചിക്കൂ സർ... പതിവ് പോലെ എന്തെങ്കിലും മാർഗ്ഗം താങ്കൾ കണ്ടെത്താതിരിക്കില്ല..." സൗമ്യതയോടെ കാർട്ടർ പറഞ്ഞു.


"എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്‌ നന്ദി..." മൺറോ എഴുന്നേറ്റ് തന്റെ കോട്ട് എടുക്കുവാനായി നീങ്ങി. "ഒരു കാര്യം ചെയ്യൂ... ഹെയ്സ് ലോഡ്ജിലേക്ക് ഫോൺ ചെയ്ത് ജനറൽ ഐസൻഹോവറുമായി ഉടൻ ഒരു അപ്പോയ്ൻമെന്റ് ഏർപ്പാടാക്കൂ... ഞാൻ അങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞു എന്നും പറഞ്ഞേക്കുക..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Friday, May 7, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 21

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


"ഹലോ സിസ്റ്റർ... എന്തു പറയുന്നു...?" ഫ്രഞ്ച് ഭാഷയിൽ തുടങ്ങിയ അയാൾ ഹാമിൽട്ടണെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് ഇംഗ്ലീഷിലേക്ക് മാറി. "പ്രൊഫസർ ഹാമിൽട്ടൺ, യൂ ഹിയർ...?"


"ഹലോ മേജർ സ്പിയർ..." ഗ്ലൗസ് അണിഞ്ഞ കൈ ഉയർത്തി ഹാമിൽട്ടൺ അഭിവാദ്യം ചെയ്തു.


"എന്റെ പേഷ്യന്റ്സിനെ നോക്കാൻ വന്നതാണ് സിസ്റ്റർ... രണ്ടു പേരും സുഖമായിരിക്കുന്നു..." മേജർ സ്പിയർ മരിയയോട് പറഞ്ഞു.


സാമാന്യം ഉയരമുള്ള സുമുഖനും ഒപ്പം സരസനും ആയിരുന്നു മേജർ സ്പിയർ. മുൻഭാഗം തുറന്നു കിടക്കുന്ന കോട്ടിനുള്ളിലെ യൂണിഫോമിലേക്ക് ഗാലഗർ കണ്ണോടിച്ചു. നെഞ്ചിൽ ഇടതുവശത്ത് അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് ബാഡ്ജും റഷ്യൻ വിന്റർ വാർ റിബ്ബണും... യുദ്ധമുഖത്ത് വീറോടെ പൊരുതിയിട്ടുള്ളവനാണെന്നത് വ്യക്തം.


"എന്തെങ്കിലും കോമ്പ്ലിക്കേഷൻ, ഡോക്ടർ...?" മേജർ സ്പിയർ ആരാഞ്ഞു.


"മുട്ടിന് താഴെ ഫ്രാക്ച്ചറുണ്ട്... ജനറൽ ഗാലഗറിന്റെ ഒരു തൊഴിലാളിയാണ്... നിങ്ങൾ തമ്മിൽ മുമ്പ് പരിചയപ്പെട്ടിട്ടില്ലല്ലോ...?"


"ഇല്ല... പക്ഷേ, താങ്കളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ജനറൽ..." കാൽ അമർത്തി ചവിട്ടി മേജർ സ്പിയർ സല്യൂട്ട് ചെയ്തു. "നേരിൽ കാണാനായതിൽ സന്തോഷം..." എക്സ് റേ ഫിലിം എടുത്ത് പരിശോധിച്ചിട്ട് അയാൾ തുടർന്നു. "നോട്ട് ഗുഡ്... നോട്ട് ഗുഡ് അറ്റ് ഓൾ... മൂന്നിടത്താണ്‌ ഫ്രാക്ച്ചർ... അതും കമ്മ്യുണ്യൂട്ടഡ്..."


"ഹോസ്പിറ്റലൈസേഷനും ട്രാക്ഷനുമാണ്‌ ശരിക്കും വേണ്ടത്..." ഹാമിൽട്ടൺ പറഞ്ഞു. "പക്ഷേ, ബെഡ്ഡുകളൊന്നും ഒഴിവില്ല..."


"സാരമില്ല... പൊട്ടിയ എല്ല് നേരെ പിടിച്ചിട്ട് പ്ലാസ്റ്റർ ഇടാം നമുക്ക്..." പുഞ്ചിരിച്ചു കൊണ്ട് മേജർ സ്പിയർ തന്റെ ഓവർകോട്ട് ഊരി മാറ്റി. "പക്ഷേ, ഹെർ പ്രൊഫസർ, താങ്കളുടെ മേഖല അല്ലല്ലോ ഇത്... താങ്കൾക്ക് വേണ്ടി ഈ ചെറിയ സഹായം ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ എനിക്ക്..."


ചുമരിൽ കൊളുത്തിയിട്ടിരിക്കുന്ന ഗൗൺ എടുത്തണിഞ്ഞ് കൈ കഴുകുവാനായി വാഷ് ബേസിനരികിലെത്തിയ അദ്ദേഹം ഒന്ന് നിന്നു. "നിങ്ങൾ നിർബ്ബന്ധം പിടിക്കുകയാണെങ്കിൽ പിന്നെ അങ്ങനെയാവട്ടെ..." ഹാമിൽട്ടൺ പുഞ്ചിരിച്ചു. "ഈ വിഷയത്തിൽ ഞാനല്ല, നിങ്ങളാണ് വിദഗ്ദ്ധൻ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല എനിക്ക്..."


ഏതാനും മിനിറ്റുകൾക്കുള്ളിൽ ഓപ്പറേഷൻ ചെയ്യുവാൻ റെഡിയായി എത്തിയ മേജർ സ്പിയർ, ബെഡിൽ കിടത്തിയിരിക്കുന്ന കെൽസോയുടെ കാൽ പരിശോധിച്ചു. പിന്നെ സിസ്റ്റർ മരിയയെ നോക്കി. "റൈറ്റ്, സിസ്റ്റർ... ക്ലോറോഫോം കൊണ്ടു വരൂ... അധികമൊന്നും വേണ്ട... നമുക്ക് പെട്ടെന്ന് തന്നെ തീർക്കാം..."


അത്ഭുതത്തോടെ എല്ലാം വീക്ഷിച്ചു കൊണ്ട് ഗാലഗർ മുറിയുടെ മൂലയിൽ നിന്നു.


                                   ***


ഗ്രാൻവിലാ സിറ്റിയിലെ കല്ല് പാകിയ ഇടവഴിയിലൂടെ നടക്കുമ്പോൾ സവരി ഒട്ടും സന്തോഷവാനായിരുന്നില്ല. കനത്ത മൂടൽമഞ്ഞിന്റെ അകമ്പടിയോടെയായിരുന്നു ജെഴ്സിയിൽ നിന്നും യാത്ര തുടങ്ങിയത്. അത് മാത്രമല്ല, വല്ലാത്തൊരു പ്രതിസന്ധിയിലാണ്‌ ഗാലഗർ തന്നെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. വിജനമായ ആ ചത്വരത്തിന്റെ അങ്ങേയറ്റത്താണ് സോഫീസ് ബാർ നില കൊള്ളുന്നത്. ഷട്ടറുകളുടെ വിടവുകളിലൂടെ വെളിച്ചത്തിന്റെ ചെറുവീചികൾ പുറത്തേക്ക് ഒഴുകി വരുന്നുണ്ട്. സാവധാനം അങ്ങോട്ട് നടന്ന അയാൾ മനസ്സില്ലാ മനസ്സോടെ അകത്തേക്ക് കയറി.


ജെറാർഡ് ക്രെസ്സൺ ഒരു വീൽ ചെയറിൽ ഇരുന്ന് പിയാനോ വായിക്കുന്നുണ്ടായിരുന്നു. തോളറ്റം നീണ്ടു കിടക്കുന്ന കറുത്ത മുടിയുള്ള ഒരു ചെറിയ മനുഷ്യൻ. യുദ്ധാരംഭത്തിനു രണ്ട് വർഷം മുമ്പ് ഡോക്കിൽ വച്ചുണ്ടായ ഒരു അപകടത്തിൽ നട്ടെല്ല് തകർന്നതാണ്. ഇനിയൊരിക്കലും നടക്കാനാവില്ലെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. ക്രെച്ചസിന്റെ സഹായത്താൽ പോലും.


ഏതാണ്ട് ഒരു ഡസനോളം കസ്റ്റമേഴ്സ് ഉണ്ടായിരുന്നു ബാറിനുള്ളിൽ. പലരും തനിക്ക് പരിചയമുള്ള നാവികർ. മാർബിൾ കൗണ്ടറിന് പിറകിലെ ഉയരമുള്ള കസേരയിൽ ഏതോ ലോക്കൽ ന്യൂസ് പേപ്പർ വായിച്ചുകൊണ്ടിരിക്കുകയാണ് സോഫി. അവൾക്ക് പിന്നിലെ ഷെൽഫിൽ വിവിധയിനം മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നു. പ്രായം മുപ്പതുകളുടെ അവസാനത്തിൽ എത്തി നിൽക്കുന്ന അവൾ തന്റെ കറുത്ത മുടി ഉയർത്തി കെട്ടി വച്ചിരിക്കുന്നു. ജിപ്സികളുടെ മുഖഛായയും കറുത്ത കണ്ണുകളും ചുവന്ന ചായം തേച്ച ചുണ്ടുകളും. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സമൃദ്ധമായ മാറിടങ്ങൾ. പക്ഷേ, ദുരുദ്ദേശ്യവുമായി അവളെ സമീപിച്ചവരൊക്കെ കണക്കിന് വാങ്ങിയിട്ടുമുണ്ട്. അതിന്റെ തെളിവെന്നോണം കത്തിമുന അല്ലെങ്കിൽ ഉടഞ്ഞ കുപ്പി കൊണ്ട് ഉണ്ടായ മുറിപ്പാടുകളുള്ള ധാരാളം പുരുഷന്മാരെ ഗ്രാൻവിലായിൽ കാണാമായിരുന്നു.


"ഇതാര്, റോബർട്ടോ... കുറേ നാളായല്ലോ കണ്ടിട്ട്... എന്തൊക്കെയുണ്ട് വിശേഷങ്ങൾ...?" അവൾ ചോദിച്ചു.


"വിശേഷങ്ങൾ ചോദിക്കുകയാണെങ്കിൽ... ഒരു പക്ഷേ മോശമായിരിക്കാം... അതല്ല ഇനി നല്ലതായിരിക്കുമോ എന്നും അറിയില്ല..." 


അവൾ കുപ്പിയിൽ നിന്നും കോന്യാക്ക് ഗ്ലാസിലേക്ക് പകരവെ അയാൾ ആ ലെറ്റർ അവളുടെ മുന്നിലേക്ക് നീക്കി വച്ചു.


"എന്താണിത്...?" അവൾ ആരാഞ്ഞു.


"ജെഴ്സിയിലുള്ള നിങ്ങളുടെ ആ സുഹൃത്ത് ഗാലഗർ എന്നെ ഒരു പോസ്റ്റ്മാന്റെ ജോലി ഏൽപ്പിച്ചിരിക്കുകയാണ്... ഈ കത്തിൽ എന്താണെന്ന് എനിക്കറിയില്ല... എന്താണെന്ന് അറിയാൻ എനിക്കൊട്ട് ആഗ്രഹവുമില്ല... പക്ഷേ ഞാൻ തിരികെ ചെല്ലുമ്പോൾ ഒരു മറുപടി അദ്ദേഹം പ്രതീക്ഷിക്കുന്നു... നാളെ ഉച്ചയ്ക്കാണ്‌ ഞങ്ങൾ തിരിച്ച് പോകുന്നത്... അതിന് മുമ്പ് ഞാൻ വരും..." കോന്യാക്ക് ഗ്ലാസ് വായിലേക്ക് കമഴ്ത്തിയിട്ട് അയാൾ ഇറങ്ങി നടന്നു.


അവൾ എഴുന്നേറ്റ് കൗണ്ടറിന്റെ അറ്റത്തു കൂടി പുറത്ത് വന്ന് കസ്റ്റമേഴ്സിൽ ഒരുവനെ വിളിച്ചു. "ഹേയ്, മാർസെൽ...‌ കുറച്ച് നേരത്തേക്ക് ബാർ ഒന്ന് നോക്കിക്കോണേ..."


പിയാനോ വായന നിർത്തി ഒരു സിഗരറ്റിന്‌ തീ കൊളുത്തുവാനൊരുങ്ങുന്ന ഭർത്താവിനടുത്തേക്ക് അവൾ ചെന്നു.


"എന്തായിരുന്നുവത്...?" അയാൾ ചോദിച്ചു.


"വരൂ, നമുക്ക് അപ്പുറത്ത് ചെന്നിട്ട് നോക്കാം..."


പിയാനോയുടെ മുന്നിൽ നിന്നും അവൾ വീൽ ചെയർ പിറകോട്ട് വലിച്ച് അയാളെയും കൊണ്ട് ബാറിന് പിന്നിലെ സിറ്റിങ്ങ് റൂമിലേക്ക് നീങ്ങി. സവരി കൊണ്ടുവന്ന് കൊടുത്ത ആ കത്ത് മേശയ്ക്കരികിൽ ഇരുന്ന് വായിച്ച ജെറാർഡ് ക്രെസ്സൺ വലിഞ്ഞ് മുറുകിയ മുഖത്തോടെ അത് സോഫിയുടെ മുന്നിലേക്ക് നീക്കി വച്ചു.


നിമിഷനേരം കൊണ്ട് അത് വായിച്ചിട്ട് അവൾ ഒരു ബോട്ട്‌ൽ റെഡ് വൈൻ എടുത്ത് രണ്ടു ഗ്ലാസ്സുകളിലേക്ക് പകർന്നു. "നമ്മുടെ സുഹൃത്ത് ആ ജനറൽ ഇത്തവണ ശരിക്കും പ്രശ്നത്തിലകപ്പെട്ടിരിക്കുകയാണല്ലോ..."


"ഏറെക്കുറെ..."


കഴിഞ്ഞ മൂന്ന് വർഷമായി ഗ്രാൻവിലാ മുതൽ സെന്റ് മാലോ വരെയുള്ള പ്രദേശങ്ങളിലെ ജർമ്മനിക്കെതിരെയുള്ള ഫ്രഞ്ച് പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണം അവർ ഇരുവരുടെയും കൈകളിലാണ്. ജെറാർഡിന്റെ സംഘടനാ പാടവം എടുത്തു പറയത്തക്കതായിരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ വലംകൈ ആയി സോഫിയും ഒപ്പമുണ്ടായിരുന്നു. വളരെ മികച്ച ഒരു ടീം. അതുകൊണ്ട് തന്നെയാണ് ശത്രുക്കളുടെ കൈയ്യിൽ അകപ്പെടാതെ ഇപ്പോഴും അവർ അതിജീവിച്ചു പോരുന്നതും.


"ലണ്ടനിലേക്ക് റേഡിയോ സന്ദേശം അയയ്ക്കുകയല്ലേ...?" അവൾ ചോദിച്ചു.


"തീർച്ചയായും..."


"എ‌ന്ത് തോന്നുന്നു നിങ്ങൾക്ക്...? ജെഴ്സിയിൽ നിന്ന് ഈ അമേരിക്കക്കാരനെ പുറത്ത് എത്തിക്കാൻ ഒരു പക്ഷേ അവർ നമ്മളോട് ആവശ്യപ്പെട്ടേക്കാം..." അവൾ പറഞ്ഞു.


"അതത്ര എളുപ്പമുള്ള കാര്യമല്ല..." അയാൾ പറഞ്ഞു. "അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയിൽ അക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ട..." അല്പം കൂടി വൈനിനായി അയാൾ ഗ്ലാസ് നീട്ടി. "തീർച്ചയായും മറ്റൊരു പരിഹാരമുണ്ട്... ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കിയാൽ എല്ലാവർക്കും നല്ലത് അതായിരിക്കും..."


"എന്താണത്...?"


"ആരെയെങ്കിലും അങ്ങോട്ടയച്ച് അദ്ദേഹത്തെയങ്ങ് വക വരുത്തുക..."


ഒരു നീണ്ട മൗനം അവിടെങ്ങും നിറഞ്ഞു. പിന്നെ അവൾ പറഞ്ഞു. "എത്ര കാലമായിരിക്കുന്നു ഈ യുദ്ധം തുടങ്ങിയിട്ട്...!"


"അതെ... അവസാനമില്ലാത്ത യുദ്ധം..." അയാൾ പറഞ്ഞു. "എന്നെ സ്റ്റോർ റൂമിലേക്ക് കൊണ്ടു പോകൂ... ലണ്ടനിലേക്ക് റേഡിയോ സന്ദേശം അയക്കട്ടെ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, May 1, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 20

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വിക്ടോറിയൻ ശൈലിയിൽ  നിർമ്മിച്ച പൈൻ ട്രീസ് എന്ന ആ കെട്ടിടത്തിന്റെ അവസ്ഥ വളരെ  പരിതാപകരമായിരുന്നു. വിണ്ടു കീറിയ ചുമരിലെ സിമന്റ് പ്ലാസ്റ്ററിങ്ങ് മിക്കയിടത്തും അടർന്ന് പോയിരിക്കുന്നു. ഗാലഗർ തന്റെ വാൻ നേഴ്സിങ്ങ് ഹോമിന്റെ മുറ്റത്ത് കൊണ്ടു പോയി നിർത്തി. ഡോക്ടർ ഹാമിൽട്ടൺ അദ്ദേഹത്തോടൊപ്പം മുൻ സീറ്റിൽത്തന്നെ ഉണ്ടായിരുന്നു. ഇരുവരും പുറത്തിറങ്ങവെ കെട്ടിടത്തിന്റെ ഫ്രണ്ട് ഡോർ തുറന്ന് മുറ്റത്തേക്കുള്ള സ്ലോപ്പ് റാമ്പ് വഴി സിസ്റ്റർ മരിയ തെരേസ അവരെ സ്വീകരിക്കാനെത്തി. കന്യാസ്ത്രീകൾ സാധാരണ ധരിക്കുന്ന തരത്തിലുള്ള കറുത്ത വസ്ത്രമണിഞ്ഞ അവർക്ക് അത്രയൊന്നും ഉയരമില്ലായിരുന്നു. ശാന്തത നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ. പ്രായം അറുപത് കടന്നുവെങ്കിലും അവരുടെ മുഖത്ത് അല്പം പോലും ചുളിവുകൾ കാണാനുണ്ടായിരുന്നില്ല.


"ഡോക്ടർ ഹാമിൽട്ടൺ..." ഫ്രഞ്ച് ചുവ ഉണ്ടായിരുന്നുവെങ്കിലും അവരുടെ ഇംഗ്ലീഷ് സാമാന്യം ഭേദപ്പെട്ടതായിരുന്നു.


"ഇത് ജനറൽ ഗാലഗർ... ഇദ്ദേഹമാണ് ഞാൻ പറഞ്ഞ പേഷ്യന്റ് ജോലി ചെയ്യുന്ന ഡു വിലാ പ്ലേസിന്റെ മാനേജർ..." ഹാമിൽട്ടൺ പരിചയപ്പെടുത്തി.


"ഒരു ട്രോളി വേണ്ടി വരുമല്ലോ..." ഗാലഗർ പറഞ്ഞു.


"അതാ, ആ വാതിലിനപ്പുറത്തുണ്ട്..."


ഗാലഗർ അകത്തു കയറി ട്രോളിയുമായി വാനിനിന്റെ പിന്നിലേക്ക് വന്നു. വാനിനുള്ളിൽ ഒരു പഴയ കിടക്കയിൽ കിടത്തിയിരുന്ന കെൽസോയെ ഡോർ തുറന്ന് അദ്ദേഹം ട്രോളിയിലേക്ക് മാറ്റി. സിസ്റ്റർ മരിയ തെരേസയുടെ പിന്നാലെ സ്ലോപ്പ് റാമ്പിലൂടെ ട്രോളി തള്ളിക്കൊണ്ട് ഉള്ളിലേക്ക് കയറവെ അദ്ദേഹം കെൽസോയുടെ ചെവിയിൽ മന്ത്രിച്ചു. "ഓർമ്മയിരിക്കട്ടെ... വായടച്ച് വച്ചോണം...‌ അഥവാ ഇനി വേദന സഹിക്കാനാവാതെ നിലവിളിക്കണമെന്ന് തോന്നിയാൽ അത് നിങ്ങളുടെ അമേരിക്കൻ ചുവയിൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക..."


                                 ***


ചെറുപ്പക്കാരിയായ സിസ്റ്റർ ബെർണാഡെറ്റ് ഓപ്പറേഷൻ തീയേറ്ററിലേക്ക് എത്തിച്ച എക്സ് റേ ഫിലിംസ് ഡോക്ടർ ഹാമിൽട്ടൺ പരിശോധിച്ചു. "ത്രീ ഫ്രാക്ച്ചേഴ്സ്..." സിസ്റ്റർ മരിയ തെരേസ പറഞ്ഞു. "നോട്ട് ഗുഡ്... ഹീ ഷുഡ് ബീ ഇൻ ഹോസ്പിറ്റൽ, ഡോക്ടർ... ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ..."


"ഓൾറൈറ്റ് സിസ്റ്റർ... ഐ വിൽ റ്റെൽ യൂ ദ് ട്രൂത്ത്..." ഹാമിൽട്ടൺ പറഞ്ഞു. "അതിനായി ഇദ്ദേഹം സെന്റ് ഹെലിയറിലേക്ക് പോകുകയാണെങ്കിൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അവർ ആരായും... ജർമ്മൻകാർ എത്രത്തോളം ചുഴിഞ്ഞ് ചോദിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ... അനധികൃതമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു ലെ മാർക്കണ്ടിന് അപകടം സംഭവിച്ചത്..."


"എന്ന് വച്ചാൽ ചുരുങ്ങിയത് മൂന്ന് മാസത്തെ ജയിൽവാസമായിരിക്കും ഇയാളെ കാത്തിരിക്കുന്നത് എന്ന്..." അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ഗാലഗർ കൂട്ടിച്ചേർത്തു.


"ഐ സീ..." അവർ തല കുലുക്കി. "ഇയാളെ അഡ്മിറ്റ് ചെയ്യുവാൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല... പക്ഷേ ബെഡ്ഡുകൾ ഒന്നും തന്നെ ഒഴിവില്ല..."


"ജർമ്മൻകാർ ആരെങ്കിലുമുണ്ടോ ഇവിടെ...?"


"അവരിൽ രണ്ടു പേരുടെ ഗേൾഫ്രണ്ട്സ് ഉണ്ട്..." അവർ പറഞ്ഞു. "പതിവ് കേസ് തന്നെ... ഇന്നലെയാണ് അവരുടെ ഒരു ആർമി ഡോക്ടർ വന്ന്  അതെല്ലാം പൂർത്തിയാക്കിയത്... മേജർ സ്പിയർ... അറിയുമോ അദ്ദേഹത്തെ...?"


"എപ്പോഴോ ഒരിക്കൽ ഹോസ്പിറ്റലിൽ വച്ച് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്..." ഹാമിൽട്ടൺ പറഞ്ഞു. "എനിവേ, സിസ്റ്റർ, നിങ്ങളും സിസ്റ്റർ ബെർണാഡെറ്റും എന്നോടൊപ്പം ഉണ്ടെങ്കിൽ ഓപ്പറേഷൻ തുടങ്ങാമായിരുന്നു..."


ഓപ്പറേഷൻ ഗൗൺ ധരിക്കുവാൻ സിസ്റ്റർ മരിയ അദ്ദേഹത്തെ സഹായിച്ചു. സർജിക്കൽ ഗ്ലൗസ് ധരിക്കുവാൻ സിസ്റ്റർ ബെർണാഡെറ്റും. മരിയ തെരേസയോട് അദ്ദേഹം പറഞ്ഞു.  "ഷോർട്ട് ടേം‌ അനസ്തേഷ്യ മതി... ക്ലോറോഫോം പാഡ് തന്നെ ധാരാളം..." ഓപ്പറേഷൻ ടേബിളിനരികിൽ ചെന്ന് അദ്ദേഹം കെൽസോയെ നോക്കി. "റെഡിയല്ലേ...?"


പല്ല് കടിച്ചു പിടിച്ചു കൊണ്ട് കെൽസോ തല കുലുക്കി. "നിങ്ങൾ പുറത്ത് വെയ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത്..." ഗാലഗറിനോട് ഹാമിൽട്ടൺ പറഞ്ഞു.


പുറത്തേക്കിറങ്ങാനായി ഗാലഗർ തിരിഞ്ഞു. ആ നിമിഷമാണ് അപ്രതീക്ഷിതമായി വാതിൽ തുറന്ന് ഒരു ജർമ്മൻ ഓഫീസർ ഉള്ളിലേക്ക് പ്രവേശിച്ചത്.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...