Friday, June 4, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 25

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം - ആറ്


ഓക്സ്ഫഡിൽ ഉണ്ടായിരുന്ന കാലത്തെ ഒരു സുഹൃത്ത് മാർട്ടിനോയ്ക്ക് വാടകയ്ക്ക് കൊടുത്തതായിരുന്നു ലുൽവർത്ത് കോവിന് സമീപം ഡോർസെറ്റിലുള്ള ആ കോട്ടേജ്. ബീച്ചിന് അഭിമുഖമായി അല്പം ഉയർന്ന സ്ഥലത്തായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്. ബീച്ചിലേക്കുള്ള വഴി തുരുമ്പിച്ച മുൾവേലി കൊണ്ട് അടച്ചു കെട്ടിയിട്ടുണ്ട്. മൈൻ വിന്യസിച്ചിരിക്കുന്നതായുള്ള സൂചനാ ഫലകം മുമ്പെങ്ങോ അവിടെയുണ്ടായിരുന്നുവെങ്കിലും ആ പ്രദേശത്തെങ്ങും മൈനുകൾ ഇല്ല എന്നാണ് ആ ഗ്രാമത്തിലെ പബ്ബിന്റെ ഉടമ മാർട്ടിനോയോട് പറഞ്ഞത്. അതിനാൽ ഇടയ്ക്കൊക്കെ അദ്ദേഹം ആ ബീച്ചിൽ നടക്കാൻ പോകുമായിരുന്നു. ലണ്ടനിലെ ഹെയ്സ് ലോഡ്ജിൽ ബ്രിഗേഡിയർ ഡോഗൽ മൺറോയും ജനറൽ ഐസൻഹോവറും തമ്മിൽ കൂടിക്കാഴ്ച്ച നടന്ന ആ പ്രഭാതത്തിൽ ഹാരി മാർട്ടിനോ ഡോർസെറ്റിലെ ബീച്ചിൽ തീരത്തെ പുണരാനെത്തുന്ന തിരമാലകളുടെ നേർക്ക് ചെറു കല്ലുകൾ പെറുക്കി എറിഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു.


തണുപ്പിനെ പ്രതിരോധിക്കാനായി അദ്ദേഹം പാരാട്രൂപ്പേഴ്സ് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു പഴയ കാമുഫ്ലാഷ് ജമ്പ് ജാക്കറ്റ് ധരിച്ചിരുന്നു. നാൽപ്പത്തിനാല് വയസ്സുള്ള, ശരാശരി ഉയരവും വിരിഞ്ഞ മാറുമുള്ള വ്യക്തിയാണ് ഹാരി മാർട്ടിനോ. ഒരിക്കലും വെയിൽ കാഞ്ഞിട്ടില്ലാത്തതെന്നു തോന്നും വിധം വിളറിയ മുഖം. വീതി കുറഞ്ഞ ഇരുണ്ട കണ്ണുകളുടെ യഥാർത്ഥ നിറമെന്തെന്ന് മനസ്സിലാക്കാൻ അത്ര എളുപ്പമായിരുന്നില്ല. ചുണ്ടിൽ സ്ഥായിയായ പുച്ഛരസത്തിലുള്ള മന്ദഹാസം. പ്രതീക്ഷകളെല്ലാം നഷ്ടമായ ഒരു മനുഷ്യന്റെ രൂപമായിരുന്നു അദ്ദേഹത്തിന്റേത്.


ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയിട്ട് മൂന്ന് മാസമായിരിക്കുന്നു. ആരോഗ്യസ്ഥിതി പഴയതിനേക്കാൾ മെച്ചപ്പെട്ടിരിക്കുന്നു. വല്ലപ്പോഴും അമിതമായി അദ്ധ്വാനിക്കുമ്പോൾ അല്ലാതെ ആ നെഞ്ചുവേദന ഇപ്പോൾ വരാറില്ല. പക്ഷേ ഉറക്കമില്ലായ്മയാണ്‌ ഭീകരം. പലപ്പോഴും രാത്രികളിൽ ഉറങ്ങാൻ സാധിക്കാറില്ല. ഉറങ്ങാൻ കിടക്കുന്ന നിമിഷം മുതൽ തലച്ചോർ ഹൈപ്പർ ആക്ടീവ് ആകാൻ തുടങ്ങുന്നു. ഒന്നോർത്താൽ മറ്റെന്ത് പ്രതീക്ഷിക്കാൻ... വർഷങ്ങളായുള്ള ഓട്ടമല്ലേ...   നിരന്തരം ഉറക്കമൊഴിഞ്ഞ്, അപകടം മുന്നിൽ കണ്ടുള്ള ദൗത്യങ്ങൾ...


മൺറോയ്ക്ക് തന്നെക്കൊണ്ട് ഇനി ഒരു ഉപയോഗവും ഉണ്ടാകാൻ പോകുന്നില്ല എന്ന് സംശയലേശമെന്യേ ഡോക്ടർമാർ  വ്യക്തമാക്കിയതാണ്. വേണമെങ്കിൽ ഓക്സ്ഫഡിലേക്ക് തിരികെ പോകാമായിരുന്നു. പക്ഷേ ഒട്ടും താല്പര്യം തോന്നുന്നില്ല. 1939 മുതൽ എഴുതുവാൻ ശ്രമിക്കുന്ന നോവലും തുടങ്ങാനാവുന്നില്ല. യുദ്ധം അത്രകണ്ട് അദ്ദേഹത്തെ നിസ്സംഗനാക്കിയിരുന്നു. എല്ലാത്തിനോടും വിരക്തി. അങ്ങനെയാണ് ഡോർസെറ്റിൽ കടൽക്കരയിലുള്ള കോട്ടേജിൽ ധാരാളം പുസ്തകങ്ങളുമായി വായനയുടെ ലോകത്തേക്ക് അദ്ദേഹം ഒതുങ്ങിക്കൂടിയത്.


"ജീവിതത്തിൽ നീ എന്തു നേടി ഹാരീ...?" കോട്ടേജിന് നേർക്ക് നടക്കവെ അദ്ദേഹം സ്വയം ചോദിച്ചു. "ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല..."


                                   ***


സാമാന്യം ഭേദപ്പെട്ട സൗകര്യങ്ങളോടു കൂടിയതായിരുന്നു ആ പഴയ കോട്ടേജിന്റെ ലിവിങ്ങ് റൂം. തറയിൽ പേർഷ്യൻ പരവതാനി. തരക്കേടില്ലാത്ത ഡൈനിങ്ങ് ടേബിളും കസേരകളും. ഷെൽഫിലും മുറിയുടെ മൂലയിലുമായി ധാരാളം പുസ്തകങ്ങൾ. പക്ഷേ അതൊന്നും തന്നെ അദ്ദേഹത്തിന്റേതായിരുന്നില്ല. ഏതാനും വസ്ത്രങ്ങളൊഴികെ അവിടെയുള്ള ഒന്നും തന്നെ മാർട്ടിനോയുടേതായിരുന്നില്ല. 


നെരിപ്പോടിന്റെ ഇരുവശത്തും ഓരോ സോഫകൾ ഉണ്ടായിരുന്നു. നെരിപ്പോടിനുള്ളിലേക്ക് ഏതാനും വിറകു കൊള്ളികൾ തള്ളി വച്ചിട്ട് അദ്ദേഹം ഒരു ഗ്ലാസ്സിലേക്ക് സ്കോച്ച് പകർന്നു. ഒറ്റയിറക്കിന് അത് അകത്താക്കിയ ശേഷം വീണ്ടും ഗ്ലാസ് നിറച്ചു. പിന്നെ ഇരുന്നിട്ട് കോഫീ ടേബിളിൽ കിടന്നിരുന്ന നോട്ട് പാഡ് എടുത്തു. അതിൽ ഏതാനും കവിതകൾ കുത്തിക്കുറിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം അത് ഉച്ചത്തിൽ ചൊല്ലുവാൻ തുടങ്ങി. 


"The station is ominous at midnight...

 Hope is a dead letter..."


പരിഹാസം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അദ്ദേഹം ആ നോട്ട് പാഡ് മേശപ്പുറത്തിട്ടു. "സമ്മതിക്കൂ ഹാരീ..." അദ്ദേഹം മന്ത്രിച്ചു. "നിന്നിലെ കവി ഒരു അലസനാണ്... "


വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നു. ഉറക്കമില്ലായ്മ അത്രത്തോളം ബാധിച്ചിരിക്കുന്നു തന്നെ. നെഞ്ചിൽ ചെറിയ വേദന പോലെ... ഇടത് ഭാഗത്തായി... അത് അദ്ദേഹത്തെ ലിയോൺസിലേക്ക് തിരിച്ചു കൊണ്ടുപോയി. മരണത്തെ മുന്നിൽ കണ്ട ആ ദിനത്തിന്റെ ഓർമ്മകളിലേക്ക്... അല്പം കൂടി അന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അതൊന്നും സംഭവിക്കുകയേ ഇല്ലായിരുന്നു. എല്ലാം തന്റെ ദൗർഭാഗ്യം എന്നല്ലാതെ എന്തു പറയാൻ... പതുക്കെ നിദ്രയിലേക്ക് വഴുതി വീഴവെ അന്നത്തെ സംഭവങ്ങളെല്ലാം മിഴിവാർന്ന ഒരു ചലച്ചിത്രത്തിലെന്ന പോലെ അദ്ദേഹത്തിൻറെ മുന്നിലേക്കോടിയെത്തി.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

18 comments:

  1. ഈ ജീവിതത്തിൽ അവർ എന്തു നേടാൻ...

    ReplyDelete
    Replies
    1. പലർക്കും മടുത്തിരിക്കുന്നു അന്തമില്ലാത്ത ഈ യുദ്ധം...

      Delete
  2. ഹാരിയുടെ കൺഫെഷനുകളെല്ലാം സ്വയം നുള്ളിപ്പെറുക്കിയെടുത്ത് ഇനി ഒരു സാഹിത്യ പർവ്വം കീഴടക്കുവാൻ അവനാകുമോ ..?

    ReplyDelete
    Replies
    1. ഇല്ല മുരളിഭായ്... അടുത്ത ദൗത്യം അണിയറയിൽ തയ്യാറാവുകയല്ലേ...

      Delete
  3. കുറെ ലക്കങ്ങൾ വായിക്കാൻ ബാക്കിയാണ് വിനുവേട്ടാ... വായിക്കാം 

    ReplyDelete
    Replies
    1. "നിന്നിലെ കവി ഒരു അലസനാണ്... "

      Delete
    2. അങ്ങനെ പറയല്ലേ ജിമ്മിച്ചാ... 

      Delete
    3. @ മുബി : വന്നു ല്ലേ...

      Delete
  4. ജീവിതത്തിൽ എന്തു നേടി എന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി ഹാരി

    ReplyDelete
    Replies
    1. അതെ... നിരാശയുടെ പടുകുഴിയിൽ...

      Delete
  5. എന്തൊക്കെ നേടിയാലും അവസാനം ഒന്നും നേടിയില്ല എന്ന തോന്നലാണ് ജീവിതത്തിലെ പ്രധാന നേട്ടം !!

    ReplyDelete
  6. ജീവിതത്തിൽ എന്ത് നേടിയെന്നു ചോദിച്ചാൽ? നേടിയെന്നു നീ കരുതുന്നത് വല്ലതും നീ ശാശ്വതമായി നേടുന്നുണ്ടോ? ഇന്ന് നിറെതായ എല്ലാം നാളെ മറ്‍റൊരാളുടേതു ആയിത്തീരും.

    ReplyDelete
  7. കുറേ പെന്റിങ് ആണ്. ഇന്ന് വീണ്ടും വായന തുടങ്ങി. മാർട്ടിനോ ആകെ നിരാശൻ ആണല്ലോ

    ReplyDelete
    Replies
    1. എന്നാലും മറക്കാതെ വായിക്കാൻ വന്നല്ലോ... സന്തോഷമായി...

      Delete