ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അദ്ധ്യായം – പതിനാറ്
ഇരുൾ വീഴവേ, ലുഫ്ത്‌വാഫിന്റെ ആ ചെറുസംഘം എയർപോർട്ടിൽ ക്ഷമയോടെ കാത്തുനിന്നു. ഫീൽഡ് മാർഷലിന്റെ ആഗമനസമയത്ത് അദ്ദേഹത്തെ വരവേറ്റ അതേ സംഘം തന്നെയായിരുന്നു യാത്രയയപ്പിനും സന്നിഹിതരായിരുന്നത്. ടെർമിനൽ ബിൽഡിങ്ങിന് ഏതാണ്ട് അമ്പതു വാര അകലെയായി അന്നത്തെ വിശിഷ്ട യാത്രികനെയും കാത്ത് ആ ജങ്കേഴ്സ്-52 കിടക്കുന്നുണ്ടായിരുന്നു. അധികമകലെയല്ലാതെ അദ്ദേഹം എത്തിയ സ്റ്റോർക്ക് വിമാനവും പാർക്ക് ചെയ്തിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്നറിയാത്തതിനാൽ അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ് നെക്കർ. മോണ്ട് ഡി ലാ റോക്കിൽ നിന്നും മെയിൽ വിമാനത്തെക്കുറിച്ചുള്ള ഹെയ്ഡറുടെ സന്ദേശമായിരുന്നു ആദ്യം അമ്പരപ്പിച്ചുകളഞ്ഞത്. ഇപ്പോഴിതാ, എട്ടു മണി കഴിഞ്ഞ് ഇരുപത് മിനിറ്റ് ആയിരിക്കുന്നു. എന്നിട്ടും ഒരു വിവരവുമില്ല.
പെട്ടെന്നാണ് ഒരു വാഹനവ്യൂഹത്തിന്റെ ഇരമ്പൽ കേൾക്കാനായത്. തിരിഞ്ഞു നോക്കിയ അയാൾ കണ്ടത് എയർപോർട്ടിന്റെ മെയിൻ ബിൽഡിങ്ങിനടുത്തേക്ക് കുതിച്ചെത്തികൊണ്ടിരിക്കുന്ന കവചിതവാഹനങ്ങളുടെ ഒരു സംഘത്തെയാണ്. മുന്നിൽ വന്നുകൊണ്ടിരിക്കുന്ന ക്യൂബൽവാഗണിന്റെ വിൻഡ്ഷീൽഡിൽ പിടിച്ച് നിന്നുകൊണ്ട് യാത്ര ചെയ്യുന്ന ഫീൽഡ് മാർഷലിനെയാണ് അയാൾ ആദ്യം ശ്രദ്ധിച്ചത്.
നേരെ ജങ്കേഴ്സ്-52 ന് അരികിലേക്കാണ് ആ വാഹനവ്യൂഹം ചെന്നു നിന്നത്. സൈഡ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി കോക്ക്പിറ്റിൽ ഇരിക്കുന്ന സോർസയുടെ നേർക്ക് ഫീൽഡ് മാർഷൽ കൈ ഉയർത്തി വീശുന്നത് നെക്കർ കണ്ടു. അടുത്ത നിമിഷം തന്നെ വിമാനത്തിന്റെ സെൻട്രൽ എഞ്ചിൻ മുരൾച്ചയോടെ ജീവൻ വച്ചു. റോമൽ ആകട്ടെ പിന്നിലേക്ക് തിരിഞ്ഞ് കൈ വീശി സൈനികർക്ക് ഉച്ചത്തിൽ ഓർഡറുകൾ നൽകിക്കൊണ്ടിരുന്നു. ട്രക്കുകളിൽ നിന്നും ചാടിയിറങ്ങിയ സൈനികർ റൈഫിളുകൾ നീട്ടിപ്പിടിച്ച് എന്തിനും തയ്യാറായി നിന്നു. ക്യാപ്റ്റൻ ഹെയ്ഡറുടെ നേതൃത്വത്തിൽ രണ്ട് സൈനികർ ഒരു വാഹനത്തിൽ നിന്നും ദേഹമാസകലം ബാൻഡേജിട്ട ഒരു നാവികനെ താങ്ങിയെടുത്തു കൊണ്ടുവന്ന് വിമാനത്തിനുള്ളിൽ കയറ്റി.
ഞൊടിയിടയ്ക്കുള്ളിലായിരുന്നു ഇതെല്ലാം സംഭവിച്ചത്. അവർക്കരികിലേക്ക് ചെല്ലാനൊരുമ്പെട്ട നെക്കറുടെയടുത്തേക്ക് ഫീൽഡ് മാർഷൽ വന്നു. അപ്പോഴേക്കും വിമാനത്തിന്റെ വിംഗ് എഞ്ചിനുകളും പ്രവർത്തിച്ചു തുടങ്ങിയിരുന്നതിനാൽ ശബ്ദായമാനമായിരുന്നു അന്തരീക്ഷം. ആ സമയത്താണ് മറ്റൊരു കാഴ്ച്ച നെക്കറെ വീണ്ടും അമ്പരപ്പിച്ചത്. വേറൊരു വാഹനത്തിൽ നിന്നും ഇറങ്ങിയ സ്റ്റാൻഡർടൻഫ്യൂറർ ഫോഗെലും ആ ഫ്രഞ്ച് യുവതിയും ഫീൽഡ് മാർഷലിനരികിലൂടെ വന്ന് ചെറിയ ലാഡർ വഴി വിമാനത്തിനുള്ളിലേക്ക് കയറുന്നു…!
ബാം ആകട്ടെ ശരിയ്ക്കും ആസ്വദിക്കുകയായിരുന്നു എല്ലാം. സിൽവർടൈഡിൽ നിന്നുമുള്ള യാത്ര ഗംഭീരമായിരുന്നു. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം നെക്കറുടെ ചുമലിൽ കൈ വച്ചു. “നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു നെക്കർ… ഒഴിവാക്കാനാവാത്ത ചില കാര്യങ്ങളുണ്ടായിരുന്നു… ആവശ്യനേരത്ത് ക്യാപ്റ്റൻ ഹെയ്ഡറുടെയും സംഘത്തിന്റെയും സഹായം ലഭിച്ചത് വളരെ അനുഗ്രഹമായി… മിടുക്കനായ ഓഫീസറാണ് അയാൾ…”
ആകെപ്പാടെ ചിന്താക്കുഴപ്പത്തിലായിരുന്നു നെക്കർ. “പക്ഷേ, ഹെർ ഫീൽഡ് മാർഷൽ……….” അയാൾ വായ് തുറന്നു.
എന്നാൽ അത് അവഗണിച്ചുകൊണ്ട് ബാം സംസാരം തുടർന്നു. “ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ എന്നോട് ഒരു സഹായം അഭ്യർത്ഥിച്ചിരുന്നു… അന്ന് രാത്രിയിലെ കോൺവോയ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു യുവനാവികനെ വിദഗ്ദ്ധ ചികിത്സയ്ക്കായി റെനിസിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടതിനെക്കുറിച്ച്… ഞാൻ തിരിച്ചു പോകുമ്പോൾ ഒപ്പം കൊണ്ടുപോകാനാവുമോ എന്ന് അയാൾ ആരാഞ്ഞിരുന്നു. ആ നാവികന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സ്റ്റോർക്ക് വിമാനത്തിൽ കൊണ്ടുപോകുക എന്നത് അസാദ്ധ്യമാണ്… അതുകൊണ്ടാണ് ഈ മെയിൽ വിമാനം ഞാൻ ആവശ്യപ്പെട്ടത്…”
“അപ്പോൾ സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ…?”
“വാസ്തവത്തിൽ നാളെയായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര… വലിയ വിമാനം ആയതുകൊണ്ട് അദ്ദേഹത്തിനും ആ യുവതിയ്ക്കും ഒരു ലിഫ്റ്റ് കൊടുക്കാമെന്ന് തീരുമാനിച്ചു…” നെക്കറുടെ ചുമലിൽ ഒന്നുകൂടി തട്ടിയിട്ട് അദ്ദേഹം തുടർന്നു. “ശരി, അപ്പോൾ ഞങ്ങൾക്ക് പുറപ്പെടാൻ സമയമായി… നിങ്ങൾ ചെയ്തുതന്ന എല്ലാ സഹായങ്ങൾക്കും ഒരിക്കൽക്കൂടി നന്ദി… ജെഴ്സിയിലെ സൈനിക വിന്യാസത്തെക്കുറിച്ച് പരിപൂർണ്ണ സംതൃപ്തനാണെന്ന കാര്യം ഞാൻ ജനറൽ വോൺ ഷ്മെറ്റോയെ തീർച്ചയായും അറിയിക്കുന്നതായിരിക്കും…”
സല്യൂട്ട് നൽകിയിട്ട് തിരിഞ്ഞ് വിമാനത്തിൽ കയറാനായി അദ്ദേഹം ലാഡറിന് നേർക്ക് നടന്നു. “പക്ഷേ, ഹെർ ഫീൽഡ് മാർഷൽ, അപ്പോൾ മേജർ ഹോഫർ…?” നെക്കർ ചോദിച്ചു.
“ഏതു നിമിഷവും അദ്ദേഹം ഇവിടെയെത്താം…” ബാം പറഞ്ഞു. “നേരത്തെ പ്ലാൻ ചെയ്തതു പോലെ അദ്ദേഹം സ്റ്റോർക്ക് വിമാനത്തിൽ പുറപ്പെടും… മെയിൽ വിമാനത്തിന്റെ പൈലറ്റായിരിക്കും അദ്ദേഹത്തെ കൊണ്ടുപോകുക…”
ബാം വിമാനത്തിനുള്ളിൽ കയറിയതും ലാഡർ വലിച്ചെടുത്ത് വിമാനജീവനക്കാരൻ ഡോർ അടച്ചു. ടാക്സി ചെയ്ത് റൺവേയുടെ കിഴക്കേ അറ്റത്ത് എത്തിയ വിമാനം പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞു നിന്നു. അടുത്ത നിമിഷം അതിന്റെ മൂന്ന് എഞ്ചിനുകളും ഒന്നിച്ച് അലറിക്കൊണ്ട് മുന്നോട്ട് കുതിച്ചു. ക്രമേണ വേഗതയാർജ്ജിച്ച് ഒരു നിഴൽച്ചിത്രം പോലെ ആ വിമാനം മുകളിലേക്കുയർന്നു. സെന്റ് ഓൺസ് ബേയുടെ മുകളിലൂടെ പിന്നെയും പിന്നെയും ഉയരത്തിലേക്ക്…
***
എയർപോർട്ട് റോഡിൽ ഏതാണ്ട് പത്തിരുനൂറ് വാര അകലെയായിട്ടായിരുന്നു ഗ്വിഡോ തന്റെ മോറിസ് പാർക്ക് ചെയ്തിരുന്നത്. സന്ധ്യാംബരത്തിലേക്ക് സാവധാനം ഉയർന്ന് പൊങ്ങി, ചെഞ്ചായം വാരി വിതറിയതു പോലെ തിളങ്ങുന്ന പടിഞ്ഞാറൻ ചക്രവാളം ലക്ഷ്യമാക്കി പറന്നകലുന്ന ആ ജങ്കേഴ്സിനെ കാറിൽ ചാരി നിന്നു കൊണ്ട് അവർ ഇരുവരും വീക്ഷിച്ചു.
എഞ്ചിനുകളുടെ ശബ്ദം വിദൂരതയിൽ ലയിച്ച് ഇല്ലാതായതും ഗ്വിഡോ മന്ത്രിച്ചു. “മൈ ഗോഡ്, ദേ ആക്ച്വലി പുൾഡ് ഇറ്റ് ഓഫ്…”
ഗാലഗർ തല കുലുക്കി. “ഇനി നമുക്ക് വീട്ടിൽ പോയി തയ്യാറെടുപ്പുകൾ തുടങ്ങാം… ചോദ്യശരങ്ങൾ എത്തുമ്പോഴേക്കും പഴുതുകൾ ഇല്ലാത്തൊരു കഥ നമ്മുടെ പക്കൽ ഉണ്ടായിരിക്കണമല്ലോ…”
“നമ്മൾ ഒരുമിച്ച് നിന്നാൽ ഒന്നും ഭയപ്പെടാനില്ല…” ഗ്വിഡോ പറഞ്ഞു. “ഒന്നുമല്ലെങ്കിൽ ഞാനൊരു ഒരു വാർ ഹീറോ അല്ലേ… അതിന്റെ ആനുകൂല്യം എല്ലായിടത്തും ലഭിക്കാറുണ്ട്…”
“ഞാൻ നിങ്ങളെ ഇഷ്ടപ്പെടാനുള്ള കാരണവും ഇതാണ് ഗ്വിഡോ… നിങ്ങളുടെ ഈ വിനയവും ലാളിത്യവും…” ഗാലഗർ പറഞ്ഞു. “വരൂ, നമുക്കിനി തിരികെ പോകാം… ഹെലൻ വിഷമിച്ചു തുടങ്ങിയിട്ടുണ്ടാവും…”
ഇരുവരും കാറിൽ കയറി. ഒട്ടും സമയം കളയാതെ ഗ്വിഡോ വാഹനം മുന്നോട്ടെടുത്തു. ഡു വിലാ പ്ലേസ് ലക്ഷ്യമാക്കി നീങ്ങവെ എതിർദിശയിൽ നിന്നും ഒരു ക്യൂബൽവാഗൺ വരുന്നത് അവർ കണ്ടുവെങ്കിലും അത് കടന്നുപോയത് അസാമാന്യവേഗതയിൽ ആയിരുന്നതിനാൽ അതിന്റെ പിൻസീറ്റിൽ ഇരുന്നിരുന്ന ഹോഫറിനെ അവർ ഇരുവർക്കും കാണാൻ കഴിഞ്ഞില്ല.
***
എയർപോർട്ടിൽ ഒട്ടുമിക്ക ഓഫീസർമാരും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിപ്പോയിരുന്നു. നെക്കർ തന്റെ കാറിനരികിൽ ലുഫ്ത്‌വാഫ് ഡ്യൂട്ടി കൺട്രോൾ ഓഫീസർ അഡ്‌ലറുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മെയിൻ എയർപോർട്ട് ബിൽഡിങ്ങിന് മുന്നിലൂടെ പാഞ്ഞെത്തിയ ആ ക്യൂബൽവാഗൺ അവർക്കരികിൽ ബ്രേക്ക് ചെയ്തത്. തിരിഞ്ഞു നോക്കിയ അവർ കണ്ടത് രണ്ട് സൈനികർ ചേർന്ന് വാഹനത്തിന്റെ പിൻസീറ്റിൽ നിന്നും ഹോഫറിനെ പുറത്തിറങ്ങാൻ സഹായിക്കുന്നതാണ്.
അത് കണ്ടതും നെക്കറിന് മനസ്സിലായി എന്തോ കുഴപ്പമുണ്ടെന്ന്. “ഹോഫർ…? എന്തു പറ്റി…?”
ഹോഫർ തളർന്ന് ക്യൂബൽവാഗണിലേക്ക് ചാരി നിന്നു. “അവർ പോയോ…?”
“അഞ്ചു മിനിറ്റ് പോലും ആയില്ല… ആ മെയിൽ വിമാനത്തിലാണ് ഫീൽഡ് മാർഷൽ പോയത്… പിറകേ സ്റ്റോർക്ക് വിമാനത്തിൽ താങ്കളും ഉണ്ടാവും എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സ്വന്തം പൈലറ്റാണ് വിമാനം എടുത്തത്…”
“അല്ല…!” ഹോഫർ പറഞ്ഞു. “അത് ഫീൽഡ് മാർഷൽ അല്ല…”
നെക്കറിന് തന്റെ വയർ ചുരുങ്ങി വലിയുന്നത് പോലെ തോന്നി. അല്ലെങ്കിൽത്തന്നെ ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്… ഇനി എന്തൊക്കെയാണാവോ…………. അയാൾ ഒരു ദീർഘശ്വാസമെടുത്തു. “എന്താണ് താങ്കൾ ഈ പറയുന്നത്…?”
“ഫീൽഡ് മാർഷൽ റോമൽ എന്ന് നിങ്ങൾ കരുതിയ ആ മനുഷ്യൻ യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ അപരനാണെന്ന്… ശത്രുപക്ഷത്തേക്ക് കൂറു മാറിയ ബെർഗർ എന്നൊരു രാജ്യദ്രോഹി… ഒരു കാര്യം കൂടി അറിഞ്ഞോളൂ… സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ എന്നയാൾ ബ്രിട്ടീഷ് സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവിന്റെ ഒരു ഏജന്റാണെന്നും…അതുപോലെ തന്നെ ആ പെൺകുട്ടിയും… പിന്നെ, ആ പരിക്കേറ്റ നാവികൻ… ഒരു അമേരിക്കൻ കേണലാണ് അയാൾ…”
ഇതെല്ലാം കേട്ട് പ്രജ്ഞ നഷ്ടപ്പെട്ടവനെപ്പോലെ നിന്നുപോയി നെക്കർ. “എനിക്കൊന്നും മനസ്സിലാവുന്നില്ല…”
“വളരെ ലളിതം…” ഹോഫർ പറഞ്ഞു. “ആ മെയിൽ വിമാനവുമായി ഇംഗ്ലണ്ടിലേക്ക് പറക്കുകയാണ് അവരിപ്പോൾ…” പൊടുന്നനെ അദ്ദേഹത്തിന്റെ മയക്കം വിട്ടതു പോലെ തോന്നി. അദ്ദേഹം നിവർന്നു നിന്നു. “സ്വാഭാവികമായും അവരെ തടയേണ്ടിയിരിക്കുന്നു…” അദ്ദേഹം അഡ്ലറുടെ നേർക്ക് തിരിഞ്ഞു. “ഷെർബർഗിലേക്ക് ഒരു റേഡിയോ സന്ദേശം അയയ്ക്കൂ… ഒരു നൈറ്റ് ഫൈറ്റർ സ്ക്വാഡ്രണിനെ ഉടൻ വിന്യസിക്കാൻ പറഞ്ഞ്… പെട്ടെന്ന്… ഒട്ടും സമയമില്ല നമുക്ക്…” അദ്ദേഹം തിരിഞ്ഞ് ഓപ്പറേഷൻസ് ബിൽഡിങ്ങിന് നേർക്ക് നടന്നു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...