ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഒരു ചരക്കുവിമാനം ആയതിനാൽ യാത്രികർക്ക് വേണ്ടുന്ന സൗകര്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല ആ ജങ്കേഴ്സ്-52ൽ. മെയിൽ ഉരുപ്പടികൾ നിറച്ച ചാക്കുകൾ എമ്പാടും അടുക്കി വച്ചിരിക്കുന്നു. അവയിൽ ചാരി തറയിലിരുന്നിട്ട് കെൽസോ തന്റെ കാലുകൾ നീട്ടിവച്ചു. വിമാനത്തിന്റെ ഒരു വശത്തുള്ള ബെഞ്ചിൽ സാറയും മറുവശത്തെ ബെഞ്ചിൽ ബാമും മാർട്ടിനോയും ഇരുന്നു.
കോക്ക്പിറ്റിൽ നിന്നും പുറത്തു വന്ന ഒരു യുവവൈമാനികൻ സ്വയം പരിചയപ്പെടുത്തി. “ഹെർ ഫീൽഡ് മാർഷൽ, എന്റെ പേര് ബ്രൗൺ… സെർജന്റ് ഒബ്സർവർ ആണ്… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം… ഒരു തെർമോസ്ഫ്ലാസ്ക് കോഫിയുണ്ട്… പിന്നെ അതിനൊപ്പം…………….”
“വേണ്ട, ഇപ്പോൾ ഒന്നും ആവശ്യമില്ല… നന്ദി…” ബാം തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണം മാർട്ടിനോയുടെ നേർക്ക് നീട്ടി.
നമ്മുടെ പൈലറ്റ് ഓബർലെഫ്റ്റനന്റ് സോർസയുടെ അന്വേഷണം അറിയിക്കുന്നു… വിരോധമില്ലെങ്കിൽ കോക്ക്പിറ്റിനുള്ളിലേക്ക് ഒന്ന് വരുമോ എന്ന് അദ്ദേഹം ചോദിച്ചു…” ബ്രൗൺ പറഞ്ഞു.
“ഒരു ഫുൾ ക്രൂ പോലുമില്ലേ നിങ്ങൾക്ക്…? നിങ്ങൾ രണ്ടുപേർ മാത്രമേയുള്ളോ…?” മാർട്ടിനോ ആരാഞ്ഞു.
“മെയിൽ ഉരുപ്പടികൾ മാത്രം കൊണ്ടുപോകുന്ന ഇത്തരം യാത്രകളിൽ അതു മതിയാവും, സ്റ്റാൻഡർടൻഫ്യൂറർ…”
“ഓബർലെഫ്റ്റനന്റ് സോർസയോട് പറയൂ, തീർച്ചയായും വരാമെന്ന്… പക്ഷേ, അല്പം കഴിഞ്ഞ്… ഞാൻ ഈ സിഗരറ്റ് ഒന്ന് തീർത്തോട്ടെ…” ബാം പറഞ്ഞു.
“ശരി, ഹെർ ഫീൽഡ് മാർഷൽ…”
വാതിൽ തുറന്ന് ബ്രൗൺ കോക്ക്പിറ്റിനുള്ളിലേക്ക് തിരികെപ്പോയി. ബാം തിരിഞ്ഞ് മാർട്ടിനോയെ നോക്കി പുഞ്ചിരിച്ചു. “അഞ്ചു മിനിറ്റ്…?”
“അതു മതി…” മാർട്ടിനോ എഴുന്നേറ്റ് സാറയുടെ അരികിൽ പോയി ഇരുന്നു. തന്റെ കൈയ്യിലെ എരിയുന്ന സിഗരറ്റ് അവൾക്ക് നൽകിയിട്ട് ചോദിച്ചു. “ആർ യൂ ഓൾറൈറ്റ്…?”
“അബ്സൊല്യൂട്ട്ലി…”
“യൂ ആർ ഷുവർ…?”
“ഒരാളെ കൊല്ലേണ്ടി വന്നതുകൊണ്ട് ആകെപ്പാടെ അസ്വസ്ഥയാണ് ഞാനെന്നാണോ നിങ്ങളുടെ വിചാരം…?” തീർത്തും ശാന്തമായിരുന്നു അവളുടെ മുഖം. “ഒരിക്കലുമല്ല… ഒരു കാര്യത്തിൽ മാത്രമേ എനിക്ക് ദുഃഖമുള്ളൂ… കൊല്ലപ്പെട്ടത് ഗ്രൈസറിന് പകരം മുള്ളർ ആയിപ്പോയി എന്നതിൽ… ശരിയ്ക്കും ഒരു നരാധമനാണ് ഗ്രൈസർ… മുള്ളർ ആകട്ടെ, വെറുമൊരു പോലീസുകാരൻ… മറുപക്ഷത്തായിപ്പോയി എന്നു മാത്രം…”
“അത് നമ്മുടെ കാഴ്ച്ചപ്പാടിലൂടെ നോക്കുമ്പോൾ…”
“അല്ല ഹാരീ…” അവൾ പറഞ്ഞു. “യുദ്ധങ്ങളിലേറെയും നിരർത്ഥകമാണ്… പക്ഷേ, ഇതങ്ങനെയല്ല… ശരിയുടെ പക്ഷത്താണ് നമ്മൾ… നാസികൾ തെറ്റിന്റെയും… ദ്രോഹമാണവർ ജർമ്മൻ ജനതയോടു ചെയ്യുന്നത്… എന്തിനേറെ, ലോകജനതയോടു പോലും… ഇറ്റ് ഈസ് ആസ് സിമ്പിൾ ആസ് ദാറ്റ്…”
“മിടുക്കി…” കെൽസോ പറഞ്ഞു. “ഇത്ര ചെറുപ്പത്തിലേ ഈ സത്യം മനസ്സിലാക്കിയ നീ അഭിനന്ദനമർഹിക്കുന്നു…”
“തീർച്ചയായും…” മാർട്ടിനോ പറഞ്ഞു. “ഇറ്റ്സ് വണ്ടർഫുൾ റ്റു ബീ യങ്ങ്…” അദ്ദേഹം ബാമിന്റെ കാൽമുട്ടിൽ പതുക്കെ തട്ടി. “റെഡിയല്ലേ…?”
“യെസ്…”
മാർട്ടിനോ ഉറയിൽ നിന്നും വാൾട്ടർ പിസ്റ്റൾ എടുത്ത് സാറയ്ക്ക് നൽകി. “ആക്ഷനുള്ള സമയമായിരിക്കുന്നു… ബ്രൗണിനെ കൈകാര്യം ചെയ്യാൻ നിനക്കിത് ആവശ്യമായി വരും… ഞങ്ങൾ കോക്ക്പിറ്റിലേക്ക് പോകുകയാണ്…”
മാർട്ടിനോയും ബാമും ക്യാബിൻ ഡോർ തുറന്ന് കോക്ക്പിറ്റിനുള്ളിലേക്ക് ഞെരുങ്ങി കയറി പൈലറ്റിന്റെയും ഒബ്സർവറുടെയും പിന്നിൽ നിന്നു. ഓബർലെഫ്റ്റനന്റ് സോർസ തിരിഞ്ഞു നോക്കി. “എല്ലാം തൃപ്തികരമല്ലേ, ഹെർ ഫീൽഡ് മാർഷൽ…?”
“അതെയെന്ന് പറയാം…” ബാം പറഞ്ഞു.
“ഇനിയെന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ…?”
“സത്യം പറഞ്ഞാൽ, ഉണ്ട്… ഒരു റൗണ്ടെടുത്ത് ഈ വിമാനം ഒരു നാല്പത് മൈൽ ദൂരം പടിഞ്ഞാറ് ദിശയിലേക്ക് പറത്തുക… ചാനൽ ഐലന്റ്സിന്റെ ട്രാഫിക്ക് പരിധിയിൽ നിന്നും പൂർണ്ണമായും പുറത്തു കടക്കുന്നത് വരെ …”
“പക്ഷേ, എന്തിന്…? എനിക്ക് മനസ്സിലാവുന്നില്ല…”
ഹോൾസ്റ്ററിൽ നിന്നും മോസർ പുറത്തെടുത്ത് ബാം സോർസയുടെ കഴുത്തിന് പിന്നിൽ മുട്ടിച്ചു പിടിച്ചു. “ഒരു പക്ഷേ, ഇപ്പോൾ മനസ്സിലായേക്കും നിങ്ങൾക്ക്…”
“കുറച്ചു സമയം കഴിഞ്ഞ് ഞാൻ പറയുമ്പോൾ നിങ്ങൾ വടക്കോട്ട് ദിശ മാറ്റും…” മാർട്ടിനോ പറഞ്ഞു. “എന്നിട്ട് നേരെ ഇംഗ്ലണ്ടിലേക്ക്…”
“ഇംഗ്ലണ്ട്…?” ഭീതിയോടെ ബ്രൗൺ വായ് തുറന്നു.
“അതെ…” മാർട്ടിനോ പറഞ്ഞു. “നിങ്ങളെ സംബന്ധിച്ചിടത്തോളം യുദ്ധം അവസാനിച്ചിരിക്കുന്നു… കാര്യങ്ങളുടെ ഗതി വച്ച് നോക്കുമ്പോൾ നിങ്ങൾ ഇനി സ്വതന്ത്രനാണ്…”
“മുഴുഭ്രാന്ത്…” സോർസ പറഞ്ഞു.
“ഫ്യൂററുടെ ഒരു പ്രത്യേക പ്രതിനിധി എന്ന നിലയിൽ ഫീൽഡ് മാർഷൽ ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് പറന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം മുഴുഭ്രാന്ത് എന്ന് വിശ്വസിക്കാനാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ അങ്ങനെയായിക്കൊള്ളൂ…” മാർട്ടിനോ പറഞ്ഞു. “തർക്കിക്കാൻ നിൽക്കാതെ നല്ലകുട്ടിയായി വിമാനത്തിന്റെ ദിശ മാറ്റൂ…”
മറുത്തൊന്നും പറയാതെ സോർസ അനുസരിച്ചു. ഗതി മാറിയ വിമാനം ഇരുട്ടിലൂടെ മുന്നോട്ട് യാത്ര തുടർന്നു. മാർട്ടിനോ ബ്രൗണിന് നേർക്ക് തിരിഞ്ഞു. “ഇനി റേഡിയോയുടെ കാര്യം… ഫ്രീക്വൻസി സെലക്ഷൻ പ്രൊസീജർ എങ്ങനെയെന്ന് കാണിച്ചു തരൂ…” ആ യുവാവും എതിർക്കാൻ നിന്നില്ല. “ഗുഡ്… ഇനി പുറത്ത് ക്യാബിനിൽ ചെന്ന് സമാധാനമായി ഇരുന്നോളൂ… മണ്ടത്തരമൊന്നും കാണിക്കാൻ ശ്രമിക്കണ്ട… ആ യുവതിയുടെ കൈയ്യിൽ തോക്കുള്ളതാണ്…” മാർട്ടിനോ മുന്നറിയിപ്പ് നൽകി.
അദ്ദേഹത്തിനരികിലൂടെ ഞെങ്ങിഞെരുങ്ങി അവൻ പുറത്തു കടന്നു. കോ-പൈലറ്റിന്റെ സീറ്റിലേക്ക് കടന്നിരുന്ന മാർട്ടിനോ എമർജൻസി ആവശ്യങ്ങൾക്ക് വേണ്ടി റിസർവ് ചെയ്തിട്ടുള്ള SOEയുടെ ഫ്രീക്വൻസി സെലക്റ്റ് ചെയ്ത് ട്രാൻസ്മിറ്റ് ചെയ്തു തുടങ്ങി.
***
ജെഴ്സി എയർപോർട്ടിലെ ടവറിലെ കൺട്രോൾ റൂമിൽ അഡ്ലർ റേഡിയോയിലൂടെ സംസാരിക്കുന്നതും നോക്കിക്കൊണ്ട് ആകാംക്ഷയോടെ കാത്തുനിൽക്കുകയാണ് ഹോഫറും നെക്കറും. ഒരു ലുഫ്ത്‌വാഫ് കോർപ്പറലുമായിട്ടാണ് അയാൾ സംസാരിച്ചു കൊണ്ടിരുന്നത്.
അയാൾ തിരിഞ്ഞ് അവർ ഇരുവരെയും നോക്കി. “അവർ ഇപ്പോഴും റഡാറിൽത്തന്നെയുണ്ട്… പക്ഷേ, പടിഞ്ഞാറ് ദിശയിൽ കടലിന്നപ്പുറത്തേക്കാണ് അവർ നീങ്ങുന്നത്…”
“മൈ ഗോഡ്…!” നെക്കർ വിളിച്ചുപോയി.
ഒരു നിമിഷം വീണ്ടും മൈക്രോഫോണിലേക്ക് സംസാരിച്ചിട്ട് അഡ്ലർ ഹോഫറിന് നേർക്ക് തിരിഞ്ഞു. “ബ്രിറ്റനി ഏരിയയിലുള്ള എല്ലാ നൈറ്റ് ഫൈറ്ററുകളെയും ഒരു മണിക്കൂർ മുമ്പാണ് ജർമ്മനിയുടെ വ്യോമമേഖലയിലേക്ക് വിന്യസിച്ചത്… റൂഹർ പ്രദേശത്ത് ഇന്ന് കനത്ത ബ്രിട്ടീഷ് ബോംബിങ്ങ് പ്രതീക്ഷിക്കുന്നുണ്ടത്രെ…”
“ദൈവമേ… അപ്പോൾ ഇന്ന് കാര്യമായിട്ട് എന്തോ ഉണ്ടല്ലോ…” ഹോഫർ പറഞ്ഞു.
നിശ്ശബ്ദത പാലിക്കാൻ ആംഗ്യം കാണിച്ച അഡ്ലർ മറുവശത്ത് നിന്നുള്ള സന്ദേശം മുഴുവനും ശ്രദ്ധയോടെ കേട്ടതിന് ശേഷം മൈക്ക് താഴെ വച്ച് തിരിഞ്ഞ് പുഞ്ചിരിച്ചു. “ഒരെണ്ണമുണ്ട്… ഒരു ജങ്കേഴ്സ്-88S നൈറ്റ് ഫൈറ്റർ… അതിന്റെ ഇടതുഭാഗത്തെ എഞ്ചിന് എന്തോ തകരാറുണ്ടായിരുന്നത് സ്ക്വാഡ്രണിലെ മറ്റു വിമാനങ്ങൾ പുറപ്പെടുന്നതിന് മുമ്പ് പരിഹരിക്കാനായില്ലായിരുന്നു…”
“എന്നിട്ട് ഇപ്പോൾ അത് ശരിയായോ…?” ആകാംക്ഷയോടെ നെക്കർ ചോദിച്ചു.
“യെസ്…” അഡ്ലറിന് സന്തോഷം അടക്കാനാവുന്നില്ലായിരുന്നു. “ഷെർബർഗിൽ നിന്നും ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു…”
“പക്ഷേ, അവർക്കൊപ്പം എത്താൻ കഴിയുമോ…?” നെക്കർ ആരാഞ്ഞു.
“ഹെർ മേജർ, അവർ പറന്നു കൊണ്ടിരിക്കുന്ന ആ പഴഞ്ചൻ ജങ്കേഴ്സ്-52ന് ഏറിയാൽ നൂറ്റിയെൺപത് മൈൽ വേഗത്തിലേ പോകാനാവൂ… പുതിയ എഞ്ചിൻ ബൂസ്റ്റിങ്ങ് സിസ്റ്റമുള്ള ജങ്കേഴ്സ്-88S ന് നാനൂറ് മൈലിന് മുകളിൽ വേഗതയുണ്ട്… മിനിറ്റുകൾക്കുള്ളിൽ അത് അവരോടൊപ്പം എത്തിയിരിക്കും…”
വിജയഭാവത്തിൽ നെക്കർ ഹോഫറിന് നേർക്ക് തിരിഞ്ഞു. “തിരികെ വരാതിരിക്കാനാവില്ല അവർക്ക്… അല്ലെങ്കിൽ ആകാശത്ത് വച്ച് തന്നെ തകർത്തു കളയും…”
അക്കാര്യത്തെക്കുറിച്ചു തന്നെയായിരുന്നു ഹോഫറും ആലോചിച്ചുകൊണ്ടിരുന്നത്. ആ വിമാനം തിരികെയെത്തിയാൽ സംഭവിക്കാൻ പോകുന്നത് ഒരേയൊരു കാര്യം മാത്രമായിരിക്കും. മാർട്ടിനോയെയും സംഘത്തെയും ബെർലിനിലേക്ക് കൊണ്ടുപോകും. പ്രിൻസ് ആൽബ്രസ്ട്രാസെയിലുള്ള ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്‌സിലെ തടവറയിലെ ചോദ്യം ചെയ്യലിനു മുന്നിൽ പിടിച്ചു നിന്നവർ ആരും തന്നെയില്ല എന്ന് പറയാം. അത് സംഭവിക്കാൻ അനുവദിച്ചു കൂടാ. ഫ്യൂററെ വകവരുത്താനുള്ള രഹസ്യ പദ്ധതികളുമായി മുന്നോട്ട് പോകുന്ന ജനറൽമാരുമായി റോമലിനുള്ള ബന്ധം അറിയാവുന്ന ആളാണ് ബെർഗർ. മാർട്ടിനോയ്ക്കും അറിയാം അതേക്കുറിച്ച്. അദ്ദേഹമത് ആ പെൺകുട്ടിയോടും പറഞ്ഞിട്ടുണ്ടാവാൻ സാദ്ധ്യതയുണ്ട്.
ഹോഫർ ഒരു ദീർഘശ്വാസമെടുത്തു. “ഇല്ല, ഒരു വിധത്തിലും പോകാൻ അനുവദിച്ചുകൂടാ അവരെ…”
“ഹെർ മേജർ…?” എന്താണ് അദ്ദേഹത്തിന്റെ മനസ്സിൽ എന്നറിയാനായി അഡ്ലർ ചോദിച്ചു.
“ഒരു ഷൂട്ട് ഓൺ സൈറ്റ് ഓർഡർ ഉടൻ തന്നെ ആ നൈറ്റ് ഫൈറ്ററിലെ പൈലറ്റിന് അയക്കൂ… അവർ ഇംഗ്ലണ്ടിൽ എത്താൻ പാടില്ല…”
“ആജ്ഞ പോലെ, ഹെർ മേജർ…” അഡ്ലർ മൈക്രോഫോൺ എടുത്തു.
നെക്കർ ഹോഫറിന്റെ ചുമലിൽ കൈ വച്ചു. “താങ്കളുടെ മുഖം വല്ലാതെയിരിക്കുന്നല്ലോ… വരൂ, നമുക്ക് താഴെ മെസ്സിലേക്ക് ചെല്ലാം… അല്പം ബ്രാണ്ടി എടുത്തു തരാം ഞാൻ … വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അഡ്ലർ നമ്മളെ വിളിച്ചോളും…”
ബുദ്ധിമുട്ടി ഹോഫർ മുഖത്ത് ഒരു പുഞ്ചിരി വരുത്തി. “ഇന്ന് രാത്രി എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഓഫർ…” അവർ ഇരുവരും പുറത്തേക്ക് നടന്നു.
***
സമയമേറെയായിട്ടും ബേക്കർ സ്ട്രീറ്റിലെ തന്റെ ഓഫീസിൽ ജോലിയിൽ മുഴുകിയിരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺറോ. മുറിക്കുള്ളിലേക്ക് പ്രവേശിച്ച ജാക്ക് കാർട്ടർ കൈയ്യിലെ സിഗ്നൽ ഫ്ലിംസി അദ്ദേഹത്തിന് നൽകി. ഒറ്റ നോട്ടത്തിൽത്തന്നെ അത് വായിച്ച അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. “ഗുഡ് ഗോഡ്, ദിസ് ഈസ് എക്സ്ട്രാ ഓർഡിനറി… ഈവൺ ഫോർ ഹാരി…”
“അറിയാം സർ… അവരെ സ്വീകരിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യാൻ ഞാൻ ഫൈറ്റർ കമാൻഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്… എവിടെ ലാന്റ് ചെയ്യിക്കാനാണ് താങ്കൾക്ക് താല്പര്യം…? കോൺവാൾ ആയിരിക്കും അവർക്ക് ഏറ്റവും അടുത്ത എയർഫീൽഡ് എന്ന് തോന്നുന്നു…”
“നോ… ലെറ്റ്സ് ബ്രിങ്ങ് ദെം ഓൾ ദി വേ ഇൻ… അവർ പുറപ്പെട്ട ഹോൺലി ഫീൽഡിൽത്തന്നെ ലാന്റ് ചെയ്യട്ടെ ജാക്ക്… ഫൈറ്റർ കമാൻഡിനെ ഈ വിവരം അറിയിച്ചേക്കൂ… തെറ്റിദ്ധാരണ മൂലം നമ്മുടെ വിമാനങ്ങൾ അവരെ വെടിവെച്ചിടാൻ ഇടവരരുത്…”
“ജനറൽ ഐസൻഹോവറെ അറിയിക്കണ്ടേ സർ…?”
“നോ… കെൽസോ സുരക്ഷിതമായി ലാന്റ് ചെയ്തതിന് ശേഷം മാത്രം അറിയിച്ചാൽ മതി…” മൺറോ എഴുന്നേറ്റ് തന്റെ ജാക്കറ്റ് എടുത്തു. “നമ്മുടെ കാർ തയ്യാറാക്കി നിർത്തൂ, ജാക്ക്… ഒന്ന് അല്ലെങ്കിൽ ഒന്നേകാൽ മണിക്കൂർ കൊണ്ട് നമുക്കവിടെ എത്താനാവും… അവരെ വരവേൽക്കാനുള്ള ഭാഗ്യമുണ്ടാവുമെന്ന് പ്രത്യാശിക്കാം നമുക്ക്…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
"അവരെ വരവേൽക്കാനുള്ള ഭാഗ്യമുണ്ടാവുമെന്ന് പ്രത്യാശിക്കാം നമുക്ക്…"
ReplyDeleteപക്ഷേ, അത്ര എളുപ്പമായിരിക്കുമോ അത്...? കണ്ടറിയണം കോശീ...
Deleteഅതേ.. അതത്ര എളുപ്പമായിരിക്കില്ലെന്നു് തന്നെ കരുതുന്നു...!
ReplyDeleteമറ്റവൻ്റെ നാനൂറിന് ഈ 180 ഒന്നുമല്ലല്ലോ ..!!
പിന്നെ മാർട്ടിനുണ്ടല്ലോ....
എളുപ്പമല്ല അശോകേട്ടാ... വ്യോമാക്രമണത്തിൽ മാർട്ടിനോയ്ക്ക് എന്തു ചെയ്യാനാവും...?
Deleteഇനി War on the clouds ? ആരൊക്കെ ബാക്കി കാണും ?
ReplyDeleteഅതൊരു ചോദ്യം തന്നെയാണ് ശ്രീ...
Deleteഇറ്റ് ഈസ് ആസ് സിമ്പിൾ ആസ് ദാറ്റ്…” യുദ്ധത്തിലെ ശരിയും തെറ്റും സാറ സിംപിൾ ആയി പറഞ്ഞു
ReplyDeleteസത്യം, സുകന്യാജീ...
Deleteഉണ്ടാപ്രി എത്രയും പെട്ടെന്ന് ഹാജർ വയ്കേണ്ടതാണ്... ഇത്രയൊക്കെ സംഭവിച്ചിട്ടും കേളൻ കുലുങ്ങാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല... 😀
ReplyDeleteകേളൻ വല്ലാണ്ട് കുലുങ്ങി നിൽക്കുവാരുന്നു. ആകെ മൊത്തം ടെൻഷൻ ആയല്ലോ... വേടി വച്ചിടില്ല എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteആഹാ, വന്നല്ലോ ഉണ്ടാപ്രി...
Deleteവെടി വെച്ചിടുമോ എന്ന് ചോദിച്ചാൽ... അടുത്ത ലക്കം വരെ കാത്തിരിക്കൂ എന്ന് മാത്രം പറയുന്നു...