Wednesday, December 14, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 93

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തികച്ചും ആഹ്ലാദഭരിതമായിരുന്നു ആ മെയിൽ വിമാനത്തിലെ അന്തരീക്ഷം. സോർസയുടെ മേൽ ഒരു കണ്ണുണ്ടായിരിക്കുന്നതിന് ബാമിനെ കോക്ക്പിറ്റിൽ ഇരുത്തിയിട്ട് മാർട്ടിനോ ക്യാബിനിലേക്ക് മടങ്ങി.

 

“എവ്‌രിതിങ്ങ് ഓകെ?” കെൽസോ ആരാഞ്ഞു.

 

“ഗംഭീരം ഇംഗ്ലണ്ടിൽ നമ്മുടെ ആൾക്കാരുമായി ഞാൻ ബന്ധപ്പെട്ടിരുന്നുനമുക്ക് അകമ്പടി നൽകുവാനായി റോയൽ എയർഫോഴ്സിന്റെ വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടവർ” തിരിഞ്ഞ് സാറയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം അവളുടെ കരം കവർന്നു. ആദ്യമായിട്ടായിരുന്നു അദ്ദേഹത്തെ ഇത്രയും ആവേശഭരിതനായി അവൾ കാണുന്നത്. ഒരു പത്തു വയസ്സ് കുറഞ്ഞതു പോലെ. “യൂ ഓൾറൈറ്റ്?” അദ്ദേഹം അവളോട് ചോദിച്ചു.

 

“ഫൈൻ ഹാരീ, ജസ്റ്റ് ഫൈൻ

 

“നാളെ രാത്രി റിറ്റ്സ് ഹോട്ടലിൽ ഡിന്നർ” അദ്ദേഹം പറഞ്ഞു.

 

“ബൈ കാൻഡ്‌ൽ ലൈറ്റ്?”

 

“എന്റെ സ്വന്തം ചെലവിലാണെങ്കിൽപ്പോലും ഞാനത് ചെയ്തിരിക്കും” അദ്ദേഹം ബ്രൗണിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ കോഫിയെക്കുറിച്ച് നേരത്തെ എന്തോ പറഞ്ഞിരുന്നില്ലേ?”

 

ബ്രൗൺ എഴുന്നേൽക്കാൻ തുനിഞ്ഞ സമയത്താണ് വലിയൊരു ഇരമ്പൽ കേട്ടതും വിമാനം ഒന്നാകെ ഉലഞ്ഞ് പൊടുന്നനെ താഴോട്ട് പതിച്ചതും. ബാലൻസ് നഷ്ടപ്പെട്ട ബ്രൗൺ വീഴാതിരിക്കാൻ പാടുപെട്ടു. തറയിൽ ഉരുണ്ടുപോയ കെൽസോ വേദനയാൽ അലറി വിളിച്ചു.

 

“ഹാരീ!” സാറ ഭയന്ന് നിലവിളിച്ചു. “എന്താണിത്?”

 

നിമിഷങ്ങൾക്കകം വിമാനം ഒരു വിധം സ്റ്റെബിലിറ്റി വീണ്ടെടുത്തു. സൈഡ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയ മാർട്ടിനോ കണ്ടത് ഏതാണ്ട് നൂറ് വാര അകലെ ഇടതുവശത്ത് സമാന്തരമായി പറന്നുകൊണ്ടിരിക്കുന്ന ഒരു ജങ്കേഴ്സ്-88Sനെയാണ്. രാത്രികാലങ്ങളിൽ യൂറോപ്പിന്റെ ആകാശത്ത് RAFന് കനത്ത നാശനഷ്ടം വിതയ്ക്കുന്ന ആ കറുത്ത ഇരട്ട എഞ്ചിൻ വിമാനങ്ങളിലൊന്ന്.

 

“നമ്മുടെ കാര്യം പ്രശ്നത്തിലാണ്” മാർട്ടിനോ പറഞ്ഞു. “ഒരു ലുഫ്ത്‌വാഫ് നൈറ്റ് ഫൈറ്റർ” അദ്ദേഹം എഴുന്നേറ്റ് ക്യാബിൻ ഡോർ തുറന്ന് കോക്ക്പിറ്റിനുള്ളിലേക്ക് എത്തിനോക്കി.

 

സോർസ തല തിരിച്ച് അദ്ദേഹത്തെ നോക്കി. അയാളുടെ മുഖം വിവർണ്ണമായിരിക്കുന്നത് കോക്ക്പിറ്റിലെ മങ്ങിയ വെട്ടത്തിൽ മാർട്ടിനോ കണ്ടു. “നാം ഭയപ്പെട്ടത് സംഭവിച്ചു നമ്മെ തിരികെ കൊണ്ടുപോകാൻ എത്തിയതാണവർ” സോർസ പറഞ്ഞു.

 

“എന്ന് അയാൾ പറഞ്ഞോ?” മാർട്ടിനോ ചോദിച്ചു.

 

“ഇല്ല ഇതുവരെ അവർ നമ്മളുമായി റേഡിയോ ബന്ധം സ്ഥാപിച്ചിട്ടില്ല

 

“എന്തുകൊണ്ട്? അതിലെന്തോ അസ്വാഭാവികതയുണ്ടല്ലോ

 

പൊടുന്നനെ ആ ജങ്കേഴ്സ്-88S മുകളിലേക്ക് കുതിച്ചുയർന്ന് അപ്രത്യക്ഷമായി. മാർട്ടിനോയുടെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞത് ഹെയ്നി ബാം ആയിരുന്നു. “നമ്മളെ തിരികെ കൊണ്ടുചെല്ലാൻ അവർക്ക് ഉദ്ദേശ്യമില്ലെങ്കിൽ പിന്നെന്തിന് നമ്മളുമായി സംസാരിക്കണം സുഹൃത്തേ?”

 

മാർട്ടിനോയ്ക്ക് കാര്യങ്ങൾ വ്യക്തമായത് അപ്പോഴാണ്. എവിടെയോ പിഴവ് സംഭവിച്ചിരിക്കുന്നു തങ്ങളെ തിരികെ കൊണ്ടുചെന്ന് ഗെസ്റ്റപ്പോയ്ക്ക് കൈമാറാൻ ഹോഫർ ആഗ്രഹിക്കുന്നില്ല അങ്ങനെ സംഭവിച്ചാൽ അപകടത്തിലാവുന്നത് അയാളുടെ തന്നെ ഭാവിയായിരിക്കും ഒപ്പം ഫീൽഡ് മാർഷൽ ഇർവിൻ റോമലിന്റെയും

 

“എന്തു ചെയ്യണം ഞാൻ?” സോർസ ചോദിച്ചു. “ആ വിമാനത്തിന് നമ്മെ തകർത്ത് തരിപ്പണമാക്കാൻ കഴിയും കഴിഞ്ഞ രണ്ടുവർഷമായി ഞാൻ പറത്തുന്ന ഇനമാണത്

 

ആ നിമിഷം ഇരുളിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഇരമ്പൽ വീണ്ടും അടുത്തു വന്നു. പീരങ്കിയിൽ നിന്നും ഉതിർന്ന ഷെല്ലിന്റെ ആഘാതത്തിൽ വിമാനം ഒന്ന് കുലുങ്ങി. മറ്റൊരു ഷെൽ അടിഭാഗത്തു നിന്നും കോക്ക്പിറ്റിന്റെ തറയിലൂടെ മുകളിലേക്ക് തുളച്ചുകയറി വിൻഡ്സ്ക്രീനിന്റെ ചില്ലുകൾ തകർത്തു. തലനാരിഴയ്ക്കാണ് ആ ഷെല്ലിൽ നിന്നും സോർസ രക്ഷപെട്ടത്. കോളം മുന്നോട്ടമർത്തി കുത്തനെ താഴോട്ട് ഡൈവ് ചെയ്ത് അയാൾ വിമാനത്തെ മേഘപാളികൾക്കിടയിലേക്ക് ഇറക്കി. ഒരു കറുത്ത നിഴൽ പോലെ ആ ജങ്കേഴ്സ്-88S മുകളിലൂടെ പാഞ്ഞു പോകുന്നത് അവർ കണ്ടു.

 

മാർട്ടിനോ മുട്ടുകുത്തി താഴെ വീണുവെങ്കിലും വാതിൽ തുറന്ന് ഒരുവിധം കോക്ക്പിറ്റിൽ നിന്നും പുറത്തു കടന്നു. ഷെല്ലുകളേറ്റ് വിമാനത്തിന്റെ ഫ്യൂസലേജിൽ ധാരാളം ദ്വാരങ്ങൾ വീണു കഴിഞ്ഞിരുന്നു. രണ്ട് ജാലകങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്നു. സീറ്റിന്റെ കാലിൽ മുറുകെ പിടിച്ച് തറയിൽ കിടക്കുകയാണ് കെൽസോ. രക്തത്തിൽ കുളിച്ച് മലർന്നു കിടക്കുന്ന ബ്രൗണിനരികിൽ കുത്തിയിരിക്കുന്ന സാറ. ദൃഷ്ടികൾ മറഞ്ഞു തുടങ്ങിയ അയാളുടെ ശരീരം ഒന്ന് വിറച്ചിട്ട് നിശ്ചലമായി.

 

സാറ തലയുയർത്തി നോക്കി. അതിശയകരമാം വിധം ശാന്തമായിരുന്നു അവളുടെ മുഖം. “ഹീ ഈസ് ഡെഡ്, ഹാരീ

 

ഒന്നും പറയാനുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഉണ്ടാകുമായിരുന്നില്ല താനും. മാർട്ടിനോ തിരിഞ്ഞ് കോക്ക്പിറ്റിനുള്ളിലേക്ക് നോക്കി. മേഘങ്ങൾക്കിടയിലൂടെ താഴോട്ട് ഡൈവ് ചെയ്തുകൊണ്ടിരിക്കുകയാണ് വിമാനം. ആ ജങ്കേഴ്സ്-88S വീണ്ടും അവർക്കരികിലൂടെ കടന്നു പോയപ്പോൾ ഷെല്ലുകളേറ്റ് ഒരിക്കൽക്കൂടി വിമാനം ആടിയുലഞ്ഞു.

 

“ബാസ്റ്റർഡ്!” സോർസ രോഷം കൊണ്ട് അലറി. “കാണിച്ചു തരാം നിനക്ക് ഞാൻ

 

തറയിൽ കുത്തിയിരിക്കുന്ന ബാം ഭീതി കലർന്ന പുഞ്ചിരിയോടെ മാർട്ടിനോയെ നോക്കി. “സോർസ ഒരു ഫിന്നിഷ് പൗരനാണെന്ന കാര്യം ഓർമ്മയില്ലേ? വാസ്തവത്തിൽ ഞങ്ങൾ ജർമ്മൻകാരെ അത്രയൊന്നും ഇഷ്ടമല്ല അവർക്ക്

 

മുവ്വായിരം അടി ഉയരത്തിൽ വച്ച് ആ മെയിൽ വിമാനം മേഘാപാളികളിൽ നിന്നും പുറത്തു കടന്നു. പിന്നെയും അത് താഴോട്ട് തന്നെ പൊയ്ക്കൊണ്ടിരിക്കുകയാണ്.

 

“വാട്ട് ആർ യൂ ഡൂയിങ്ങ്?” മാർട്ടിനോ വിളിച്ചു ചോദിച്ചു.

 

“ആ മേഘക്കൂട്ടങ്ങൾക്കിടയിൽ വച്ച് അവനുമായി ഒരു ഒളിച്ചുകളി നടത്തുന്നതിൽ അർത്ഥമില്ല നമ്മളെ തുണ്ടു തുണ്ടാക്കി കളയും എന്നതിൽ ഒരു സംശയവും വേണ്ട ഒരു സൂത്രമുണ്ട് എന്റെ കൈവശം വളരെ ഫാസ്റ്റാണ് അവൻ ഞാനാണെങ്കിൽ വളരെ സ്ലോയും അതാണ് അവന് ബുദ്ധിമുട്ടുണ്ടാക്കാൻ പോകുന്നത്” സോർസ തല തിരിച്ച് മാർട്ടിനോയെ ഒന്ന് നോക്കിയിട്ട് പുഞ്ചിരിച്ചു. “മിടുക്കനാണോ അവൻ എന്ന് നോക്കാം നമുക്ക്

 

അയാൾ ആൾട്ടിറ്റ്യൂഡ് കുറച്ചു കൊണ്ടേയിരുന്നു. എഴുനൂറോ എണ്ണൂറോ അടി ഉയരത്തിലേക്ക് എത്തിയപ്പോഴാണ് ദൂരെ നിന്നും അതിവേഗം ആ ജങ്കേഴ്സ്-88S അവരുടെ പിന്നിലേക്ക് വീണ്ടും പറന്നെത്തിയത്. ഒരു കൂട്ടിയിടി ഒഴിവാക്കാനായി ഇടതുവശത്തേക്ക് വെട്ടിച്ച് അത് ദൂരേയ്ക്ക് പോയി.

 

സോർസ വീണ്ടും ആൾട്ടിറ്റ്യൂഡ് കുറച്ച് വിമാനത്തെ അഞ്ഞൂറ് അടിയിലേക്ക് താഴ്ത്തിയിട്ട് ലെവൽ ചെയ്തു. “റൈറ്റ്, യൂ സ്വൈൻ ലെറ്റ്സ് ഹാവ് യൂ” കോളത്തിൽ മുറുകെ പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

 

ഇത്തരം ഘട്ടങ്ങളിൽ ഒരു ജീനിയസ് എങ്ങനെയാണ് പ്രവർത്തിക്കുക എന്നത് മാർട്ടിനോ നേരിൽ കണ്ടത് അപ്പോഴാണ്. ആ ഫിൻലണ്ടുകാരൻ അണിഞ്ഞിരിക്കുന്ന Knight’s Cross അടക്കമുള്ള നിരവധി മെഡലുകൾ വെറുതെയല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി. വിചിത്രമായ ഒരു ശാന്തത തന്നെ പൊതിയുന്നത് പോലെ അദ്ദേഹത്തിന് തോന്നി. സംഭവിക്കാൻ പാടില്ലാത്ത, തികച്ചും അയഥാർത്ഥമായ കാഴ്ച്ചകളായിരുന്നു കൺമുന്നിൽ. ഇൻസ്ട്രുമെന്റ് പാനലിലെ ലൈറ്റുകൾ, ഉടഞ്ഞ വിൻഡ്സ്ക്രീനിലൂടെ അലറി വിളിച്ചെത്തുന്ന കാറ്റ് എല്ലാമെല്ലാം

 

പിന്നെ സംഭവിച്ചതെല്ലാം ഞൊടിയിടകൾക്കുള്ളിലായിരുന്നു. മുകളിൽ നിന്നും തങ്ങളുടെ പിന്നിലേക്ക് അതിവേഗം പാഞ്ഞെത്തുന്ന ആ ജങ്കേഴ്സ്-88Sനെ കണ്ടതും സോർസ പൊടുന്നനെ കോളം വലിച്ച് വിമാനത്തെ മുകളിലേക്കുയർത്തി. അനിവാര്യമായ കൂട്ടിയിടി ഒഴിവാക്കാനായി ആ ജങ്കേഴ്സ്-88Sന്റെ പൈലറ്റ് പെട്ടെന്ന് ഒരു വശത്തേക്ക് വെട്ടിച്ചു. പക്ഷേ, ആ ആൾട്ടിറ്റ്യൂഡിൽ ആ വേഗതയിൽ ഒരേയൊരു ഇടത്തേക്ക് മാത്രമേ ആ വിമാനത്തിന് പോകുവാനാകുമായിരുന്നുള്ളൂ. താഴെ, രൗദ്രതയോടെ ഉയർന്നു പൊങ്ങുന്ന തിരമാലകളിലേക്ക്.

 

സോർസയുടെ മുഖത്ത് ശാന്തത തിരിച്ചെത്തി. “യൂ ലോസ്റ്റ്, മൈ ഫ്രണ്ട്” പതിഞ്ഞ സ്വരത്തിൽ പറഞ്ഞിട്ട് അയാൾ സാവധാനം കോളം വലിച്ചു. “ഓൾറൈറ്റ്, നമുക്കിനി വീണ്ടും മുകളിലേക്ക് കയറാം

 

കോക്ക്പിറ്റിന്റെ വാതിൽ തുറന്ന് മാർട്ടിനോ ക്യാബിനിലേക്ക് എത്തിനോക്കി. ഒരു കുരുതിക്കളം പോലെയായിരുന്നു വിമാനത്തിന്റെ ഉൾഭാഗം. എണ്ണമറ്റ ദ്വാരങ്ങളിലൂടെ ചൂളമടിച്ചെത്തുന്ന കാറ്റ്. രക്തത്തിൽ കുതിർന്ന് കിടക്കുന്ന ബ്രൗണിന്റെ മൃതശരീരം. കെൽസോയുടെ അരികിൽ തറയിൽ ഇരിക്കുന്ന സാറ.

 

“നിങ്ങൾ രണ്ടുപേർക്കും കുഴപ്പമൊന്നുമില്ലല്ലോ?” മാർട്ടിനോ വിളിച്ചു ചോദിച്ചു.

 

“ഏയ്, കുഴപ്പമൊന്നുമില്ല ഞങ്ങളെയോർത്ത് വിഷമിക്കണ്ട ഈസ് ഇറ്റ് ഓവർ?” സാറ ചോദിച്ചു.

 

“എന്ന് പറയാം

 

അദ്ദേഹം വീണ്ടും കോക്ക്പിറ്റിനുള്ളിലേക്ക് തിരിഞ്ഞു. ആറായിരം അടി ഉയരത്തിൽ വിമാനം ലെവൽ ചെയ്തിട്ട് സോർസ പറഞ്ഞു. “വിമാനം മൊത്തം ദ്വാരം വീണ് കാറ്റ് കയറുന്നുണ്ട് എങ്കിലും സിസ്റ്റംസ് എല്ലാം പ്രവർത്തിക്കുന്നുവെന്നത് ഭാഗ്യം തന്നെ

 

“റേഡിയോ പ്രവർത്തനക്ഷമമാണോ എന്ന് നോക്കട്ടെ” കോ-പൈലറ്റിന്റെ സീറ്റിലേക്ക് കടന്നിരുന്നിട്ട് പരീക്ഷണാർത്ഥം മാർട്ടിനോ ഡയൽ തിരിച്ചു നോക്കി. ഭാഗ്യം കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. “ഇവിടെ നടന്ന കാര്യങ്ങളൊക്കെ ഞാൻ അവരെയൊന്ന് അറിയിക്കട്ടെ” അദ്ദേഹം SOEയുടെ എമർജൻസി ഫ്രീക്വൻസിയിലേക്ക് സന്ദേശം ട്രാൻസ്മിറ്റ് ചെയ്യുവാനാരംഭിച്ചു.

 

ഹെയ്നി ബാം ഒരു സിഗരറ്റിന് തീ കൊളുത്താൻ ശ്രമിച്ചെങ്കിലും കൈകൾ വല്ലാതെ വിറയ്ക്കുന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. “മൈ ഗോഡ്! നാടകത്തിന്റെ അവസാന രംഗം ഗംഭീരം തന്നെ” അയാൾ പറഞ്ഞു.

 

“റ്റെൽ മീ, ബ്രിട്ടണിലെ യുദ്ധത്തടവുകാരുടെ ക്യാമ്പിൽ ഭക്ഷണമൊക്കെ എങ്ങനെ? കൊള്ളാമോ?” ആഹ്ലാദത്തോടെ സോർസ ചോദിച്ചു.

 

മാർട്ടിനോ പുഞ്ചിരിച്ചു. “ഓ, അതോർത്ത് വിഷമിക്കണ്ട സുഹൃത്തേ നിങ്ങളുടെ കാര്യത്തിൽ ചില സ്പെഷ്യൽ അറേഞ്ച്മെന്റുകളൊക്കെ നടത്തിയിരിക്കും ഞങ്ങൾ” അദ്ദേഹം വീണ്ടും SOE ഹെഡ്ക്വാർട്ടേഴ്സിലേക്ക് ട്രാൻസ്മിറ്റ് ചെയ്തു തുടങ്ങി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


10 comments:

  1. ആഹാ ഇത്ര എളുപ്പമാരുന്നോ ..
    മിടുക്കനായ ഒരു പൈലറ്റ് ഉണ്ടേൽ ആകാശയുദ്ധം ഒക്കെ എത്ര നിസ്സാരം ..
    ഈ ടെക്നിക് നുമ്മ കഴിഞ്ഞ കുറെ നോവലിൽ കണ്ടതാണല്ലോ ..

    ഇനിയിപ്പം റോയൽ airforce-നെ പേടിച്ചാൽ മതി..
    അറിയാണ്ടെങ്ങാനും വിമാനം വെടി വച്ചിടുമോ ..( പാരച്യൂട് ഒക്കെ ആവശ്യത്തിനുണ്ടോ ദൈവേ)..

    ( കാൻഡിൽ ലൈറ്റ് ഡിന്നർ .. നടക്കുവോ ആവോ )

    ReplyDelete
    Replies
    1. പിന്നിലൂടെയുള്ള വ്യോമാക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള ട്രിക്ക്... ഫ്ലൈറ്റ് ഓഫ് ഈഗിൾസിൽ ഹാരിയും മാക്സും പലവട്ടം പ്രയോഗിച്ച് വിജയം കണ്ട തന്ത്രം...

      പാരച്യൂട്ടും കാൻഡിൽ ലൈറ്റ് ഡിന്നറുമൊക്കെ എന്താകും എന്നറിയാൻ അടുത്ത ബുധനാഴ്ച്ച രാവിലെ കൃത്യം ആറു മണിക്ക് ഇവിടെയെത്തുക...

      Delete
  2. "റ്റെൽ മീ, ബ്രിട്ടണിലെ യുദ്ധത്തടവുകാരുടെ ക്യാമ്പിൽ ഭക്ഷണമൊക്കെ എങ്ങനെ…? കൊള്ളാമോ…?” ആഹ്ലാദത്തോടെ സോർസ ചോദിച്ചു."

    സല്യൂട്ട് സോർസ 🫡

    ReplyDelete
  3. സോർസയുടെ പ്രകടനം ഗംഭീരം. മൊത്തം ദ്വാരം വീണെങ്കിലും വിമാനം പറക്കുന്നുണ്ടല്ലോ, ഭാഗ്യം.

    ReplyDelete
    Replies
    1. അതെ സുകന്യാജീ... ശരിയ്ക്കും ഭാഗ്യം തന്നെ...

      Delete
  4. പക്ഷേ, ഇന്ധന ടാങ്കിന് ദ്വാരം വീണല്ലോ...!
    അപ്പോ ... ഇനി... അയ്യയ്യോ...???!!!

    ReplyDelete
    Replies
    1. ഇല്ല അശോകേട്ടാ... ഇന്ധന ടാങ്കിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല... "ഫ്യൂസലേജ്" എന്ന പദത്തിനെ തെറ്റിദ്ധരിച്ചതാണെന്ന് മനസ്സിലായി. വിമാനത്തിന്റെ ബോഡിയെയാണ് ഫ്യൂസലേജ് എന്ന് പറയുന്നത്... നാടൻ ഭാഷയിൽ പറഞ്ഞാൽ വിമാനത്തിന്റെ "പള്ള"... 😆

      Delete