Saturday, June 26, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 27

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ നിന്ന് ഇറക്കി സ്റ്റാർട്ട്  ചെയ്ത് അദ്ദേഹം മുന്നോട്ടെടുത്തു. നിമിഷങ്ങൾക്ക് മുമ്പ് രണ്ടു പേരെ വക വരുത്തിയിട്ടും അദ്ദേഹത്തിന്റെ ആത്മനിയന്ത്രണം കൈവിട്ടു പോയിരുന്നില്ല. പ്രത്യേകിച്ചൊരു വികാരവും തോന്നുന്നില്ല. ഒന്നും തന്നെ... ഒരേയൊരു കാര്യം മാത്രം... ആ പ്രവൃത്തി കൊണ്ട് തന്റെ റോസാ ബെൻസ്റ്റൈനെ തിരികെ കൊണ്ടുവരാനാകുമായിരുന്നില്ല. നഷ്ടമായതെല്ലാം എന്നെന്നേയ്ക്കുമായിരുന്നു.


വളഞ്ഞു പുളഞ്ഞ ഗ്രാമപാതകളിലൂടെ പടിഞ്ഞാറ് ദിശയിലേക്ക് ഏതാണ്ട് ഒരു മണിക്കൂറിലധികം അദ്ദേഹം ഡ്രൈവ് ചെയ്തു. പിന്നെ ഇരുവശത്തും പുല്ലുകൾ ഉയർന്നു നിൽക്കുന്ന ഒറ്റയടിപ്പാതയിലേക്ക് തിരിഞ്ഞു. ഒരു ഫാം ഹൗസിന്റെ മുറ്റത്തേക്കാണ്‌ അദ്ദേഹം ചെന്നെത്തിയത്. കാലപ്പഴക്കത്താൽ ആ കെട്ടിടത്തിന്റെ ജാലകപ്പാളികളിൽ പലതും നഷ്ടപ്പെട്ടിരുന്നു. മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ കയറ്റി വച്ചിട്ട് ഹാരി മാർട്ടിനോ മുൻവാതിലിന് നേർക്ക് നടന്നു.


"ഹേ, പിയർ... വാതിൽ തുറക്കൂ...!" കതകിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു. പെട്ടെന്ന് വാതിൽ തുറന്നതും മുന്നോട്ടാഞ്ഞ അദ്ദേഹം മുട്ടു കുത്തി വീണു പോയി. 


ഒരു വാൾട്ടർ പിസ്റ്റളിന്റെ ബാരൽ അദ്ദേഹത്തിന്റെ നെറ്റിയിൽ അമർന്നു. ഒരു കോർഡുറോയ് ജാക്കറ്റും ഡെനിം ട്രൗസേഴ്സും   തൊപ്പിയും ധരിച്ചിരുന്ന നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ആ തോക്കുധാരിയെ കണ്ടാൽ ഒരു ഫ്രഞ്ച് കർഷകത്തൊഴിലാളിയെ പോലെ തോന്നിച്ചു. പക്ഷേ, വളരെ അനായാസമായാണ് ജർമ്മൻ ഭാഷയിൽ അയാൾ സംസാരിച്ചത്. "എഴുന്നേറ്റാലും മേജർ മാർട്ടിനോ... സാവധാനം അകത്തേക്ക് നടന്നോളൂ..."


ഇടനാഴിയിലൂടെ കിച്ചണിലേക്ക് നീങ്ങിയ മാർട്ടിനോയെ അയാൾ അനുഗമിച്ചു. പിയർ ഡുവാൽ അവിടെയുണ്ടായിരുന്നു. വായിൽ ഒരു കർച്ചീഫ് തിരുകി കസേരയിൽ ബന്ധിക്കപ്പെട്ട നിലയിൽ ഇരിക്കുകയാണ് അയാൾ. മുഖം നിറയെ രക്തം പുരണ്ട അയാളുടെ കണ്ണുകൾ മാർട്ടിനോയെ കണ്ടതും വികസിച്ചു.


"കൈകൾ വിടർത്തി ചുവരിൽ ചാരി നിൽക്കൂ..." ആ ജർമ്മൻകാരൻ മാർട്ടിനോയുടെ ദേഹപരിശോധന നടത്തി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഷ്മീസറും മോസറും പിടിച്ചെടുത്ത് മേശപ്പുറത്ത് വച്ചു. 


ചുവരിൽ ഘടിപ്പിച്ചിരിക്കുന്ന പഴഞ്ചൻ മോഡലിലുള്ള ടെലിഫോൺ റിസീവർ എടുത്ത് അയാൾ ഓപ്പറേറ്റർക്ക് ഡയൽ ചെയ്ത് ഒരു നമ്പർ നൽകി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ ചോദിച്ചു. "ഷ്മിഡ്റ്റ്...?" അയാൾ ഒന്ന് തിരിഞ്ഞ് മാർട്ടിനോയെ നോക്കിയിട്ട് തുടർന്നു. "അതെ, മാർട്ടിനോയെ കിട്ടിയിയിട്ടുണ്ട്... പെട്ടെന്ന് വരൂ..."


"ഷ്മിഡ്റ്റ് നിങ്ങളുടെ സുഹൃത്താണോ...?" മാർട്ടിനോ ചോദിച്ചു.


"എന്ന് പറയാനാവില്ല... ഞാൻ അബ്‌ഫെറിൽ നിന്നാണ്... പേര് ക്രാമർ... ഇപ്പോൾ വിളിച്ചത് ഗെസ്റ്റപ്പോയിലുള്ള ഒരാളെയാണ്... നിങ്ങളെയെന്ന പോലെ ആ പന്നിയെയും ഞാൻ വെറുക്കുന്നു... പക്ഷേ എന്തു ചെയ്യാം... ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലികൾ ചെയ്യാതിരിക്കാനാവില്ലല്ലോ... നിങ്ങൾ ആ ഹെൽമറ്റും റെയിൻകോട്ടും ഊരി വച്ച് അവിടെ ഇരുന്നോളൂ..."


മാർട്ടിനോ‌ തന്റെ ഹെൽമറ്റും കോട്ടും‌ ഊരി മാറ്റി. പുറത്ത് സായാഹ്നം വിട പറഞ്ഞു തുടങ്ങിയിരുന്നു. മുറിയ്ക്കുള്ളിൽ ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഹെൽമറ്റും കോട്ടും താഴെ വച്ച് SS യൂണിഫോമിൽ നിൽക്കുന്ന അദ്ദേഹം മേശയുടെ മറുവശത്ത് കസേരയിൽ പ്രകാശിക്കുന്ന കണ്ണുകളോടെ ഇരിക്കുന്ന പിയറിനെ നോക്കി. അയാളുടെ കാലുകൾ ചവിട്ടാൻ എന്ന പോലെ  ഉയരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. 


"ഒരു ഡ്രിങ്ക് ആയാലോ...?" മാർട്ടിനോ ക്രാമറോട് ചോദിച്ചു.


"മൈ ഗോഡ്... നിങ്ങളുടെ മനഃസാന്നിദ്ധ്യം അപാരമാണെന്ന് ഞാൻ കേട്ടിരുന്നു..." പുകഴ്ത്തുന്ന മട്ടിൽ അയാൾ പറഞ്ഞു.


ആ നിമിഷമാണ് പിയർ മേശയുടെ മൂലയ്ക്ക് ആഞ്ഞ് ചവിട്ടിയത്. മേശ ശക്തിയോടെ ക്രാമറുടെ പിൻഭാഗത്ത് വന്നിടിച്ചു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ മുന്നോട്ടാഞ്ഞ ക്രാമറിന്റെ കൈയ്യിലെ പിസ്റ്റൾ ഇടതുകൈ കൊണ്ട് മാർട്ടിനോ തന്നിൽ നിന്നും ദൂരേയ്ക്ക് മാറ്റി. ഒപ്പം കാൽമുട്ടു കൊണ്ട് ഒരു പ്രഹരവും. ഒന്ന് തിരിഞ്ഞ ക്രാമർ തന്റെ വിരലുകൾ ബലമായി പിടിച്ച് മാർട്ടിനോയുടെ താടിയുടെ കീഴിൽ അമർത്തി അദ്ദേഹത്തിന്റെ തല പിന്നോട്ട് ചരിച്ചു. പക്ഷേ മാർട്ടിനോ വിട്ടു കൊടുത്തില്ല. ക്രാമറുടെ ഇടതു കാലിൽ കത്രികപ്പൂട്ടിട്ട് വീഴ്ത്തി അയാളുടെ മുകളിലായി നിലത്തേക്ക് വീണു. പിസ്റ്റൾ പിടിച്ചിരിക്കുന്ന കൈയ്യിലെ പിടി വിടാതെ മറുകൈ കൊണ്ട് അദ്ദേഹം അയാളുടെ കഴുത്തിന്റെ ഒരു വശത്ത് പ്രഹരിച്ചു. പെട്ടെന്നാണ് ആ പിസ്റ്റളിൽ നിന്നും ഉഗ്ര ശബ്ദത്തോടെ അവർ ഇരുവർക്കുമിടയിൽ നിറയുതിർന്നത്.


അസ്ഥി നുറുങ്ങുന്ന ശബ്ദം മാർട്ടിനോ കേട്ടിരുന്നു. നിലത്ത് കിടക്കുന്ന ആ ജർമ്മൻകാരൻ വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു. അയാളെ നോക്കിക്കൊണ്ട് പതുക്കെ എഴുന്നേറ്റ മാർട്ടിനോയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. മേശവലിപ്പ് തുറന്ന അദ്ദേഹം അതിനുള്ളിലെ സാധനങ്ങളെല്ലാം നിലത്തേക്ക്  കുടഞ്ഞിട്ടു. അവയിൽ നിന്നും കണ്ടെടുത്ത പിച്ചാത്തിയുമായി അദ്ദേഹം പിയറിനരികിൽ ചെന്ന് കസേരയുമായി ബന്ധിപ്പിച്ചിരുന്ന കയർ മുറിച്ചു മാറ്റി. ചാടിയെഴുന്നേറ്റ ആ വയസ്സൻ ഫ്രഞ്ചുകാരൻ തന്റെ വായിൽ കുത്തിത്തിരുകിയിരുന്ന തുണി വലിച്ചെടുത്തു.


"മൈ ഗോഡ്, ഹാരീ... ഇത്രയും ചോര ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..." അയാൾ പറഞ്ഞു.


മാർട്ടിനോ താഴേക്ക് നോക്കി. താൻ ധരിച്ചിരിക്കുന്ന SS ജാക്കറ്റ് ചോര കൊണ്ട് കുതിർന്നിരിക്കുന്നു. തന്റെ തന്നെ രക്തം... വെടിയുണ്ടയേറ്റ മൂന്ന് സുഷിരങ്ങൾ കാണാനാവുന്നുണ്ട്. അതിലൊന്നിൽ നിന്നും വെടിമരുന്നിന്റെ പുകയും ഗന്ധവും...


അദ്ദേഹം കസേരയിലേക്ക് കുഴഞ്ഞ് ഇരുന്നു. "അത് കാര്യമാക്കണ്ട..."


"അയാളെ കിട്ടിയോ ഹാരീ...? കോഫ്മാനെ കിട്ടിയോ...?"


"കിട്ടി പിയർ..." തളർച്ചയോടെ മാർട്ടിനോ പറഞ്ഞു. "എപ്പോഴാണ് പിക്ക് ചെയ്യാനുള്ള വിമാനം വരുന്നത്...?"


"ഏഴു മണിക്ക്... ഫ്ലൂറിയിലെ എയറോ ക്ലബ്ബിൽ... ഇരുട്ട് വീഴുമ്പോഴേക്കും..."


മാർട്ടിനോ തന്റെ വാച്ചിൽ നോക്കി. "എന്ന് വച്ചാൽ വെറും അര മണിക്കൂർ മാത്രം... നിങ്ങൾക്കും എന്നോടൊപ്പം വരേണ്ടി വരും... കാരണം നിങ്ങൾക്ക് പോകാനിപ്പോൾ മറ്റൊരിടം ഇല്ല എന്നത് തന്നെ..."


അദ്ദേഹം എഴുന്നേറ്റ് വാതിലിന് നേർക്ക് വേച്ച് വേച്ച് നടന്നു. ആ ഫ്രഞ്ചുകാരൻ അദ്ദേഹത്തെ താങ്ങി പിടിച്ചു. "നിങ്ങൾക്ക് സമയത്ത് അവിടെ  എത്താനാവുമെന്ന് തോന്നുന്നില്ല ഹാരീ..."


"എനിക്ക് ശ്രമിച്ചേ പറ്റൂ... കാരണം അഞ്ചു മിനിറ്റിനുള്ളിൽ ഗെസ്റ്റപ്പോ സംഘം ആ വഴിയിലൂടെ ഇങ്ങോട്ടെത്തും..." മാർട്ടിനോ പുറത്തേക്ക് നടന്നു.


ബൈക്ക് സ്റ്റാന്റിൽ നിന്നും ഇറക്കി കയറി ഇരുന്ന് അദ്ദേഹം കിക്ക് ചെയ്ത് സ്റ്റാർട്ടാക്കി. എല്ലാം ഒരു സ്ലോ മോഷനിൽ എന്ന പോലെ മാർട്ടിനോയ്ക്ക് തോന്നി. പിൻസീറ്റിൽ കയറി ഇരുന്ന പിയർ ഇരുകൈകളും കൊണ്ട് അദ്ദേഹത്തെ വട്ടം ചുറ്റി പിടിച്ചു. മുറ്റത്തു നിന്നും പുറത്തു കടന്ന മോട്ടോർ സൈക്കിൾ ആ ഒറ്റയടിപ്പാതയിലൂടെ മുന്നോട്ട് കുതിച്ചു.


പ്രധാന പാതയിലേക്ക് കയറിയ മാർട്ടിനോ തന്റെ ഇടതു വശത്തു കൂടി അതിവേഗം പാഞ്ഞു വരുന്ന രണ്ടു കറുത്ത കാറുകളെ ശ്രദ്ധിച്ചു. അതിലൊന്ന് സഡൻ ബ്രേക്കിട്ട് അദ്ദേഹത്തിന് തൊട്ടരികിൽ വന്ന് സ്കിഡ് ചെയ്ത് നിന്നു. മോട്ടോർ സൈക്കിൾ വലത്തോട്ട് വെട്ടിച്ച് അദ്ദേഹം ഫുൾ ത്രോട്ട്‌ൽ കൊടുത്തു. പിന്നിൽ നിന്നും ഉയർന്ന തോക്കിന്റെ ഗർജ്ജനം അദ്ദേഹം കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് പിയറിന്റെ ആർത്തനാദം ഉയർന്നതും തന്നെ വരിഞ്ഞിരിക്കുന്ന അയാളുടെ കൈകൾ അയഞ്ഞ് സീറ്റിന് പിറകോട്ട് അയാൾ തെറിച്ച് പോയതും.


അധികം അകലെയല്ലാത്ത കനാലിന് സമീപത്തേക്ക് മാർട്ടിനോ കുതിച്ചു. അതിനരികിലെത്തിയ അദ്ദേഹം കനാലിന്‌ സമാന്തരമായി പോകുന്ന പാതയിലേക്ക് വെട്ടിത്തിരിഞ്ഞു. ഗെസ്റ്റപ്പോ സംഘത്തിന്റെ കാറുകൾ തൊട്ടു പിന്നിൽ തന്നെയുണ്ടായിരുന്നു. ഏതാണ്ട് ഇരുനൂറ് വാര കഴിഞ്ഞതും കനാലിന് മറുവശത്തേക്ക് കടക്കാൻ കാൽനടക്കാർ ഉപയോഗിക്കുന്ന ഒരു വീതി കുറഞ്ഞ പാലം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ആ പാലത്തിലൂടെ മാർട്ടിനോ അനായാസം അപ്പുറത്തേക്ക് കടന്നു. ബ്രേക്ക് ചെയ്ത കാറുകളിൽ നിന്നും ഇറങ്ങിയ ഗെസ്റ്റപ്പോ ഭടന്മാർ തുരുതുരാ വെടിയുതിർക്കുവാൻ തുടങ്ങിയെങ്കിലും അദ്ദേഹം വളരെ ദൂരെ എത്തിക്കഴിഞ്ഞിരുന്നു.


അവിടെ നിന്നും ഫ്ലൂറിയിലേക്കുള്ള ബൈക്ക് യാത്രയുടെ വിശദാംശങ്ങൾ പിന്നീടൊരിക്കലും വ്യക്തമായി ഓർത്തെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്തായാലും ഒടുവിൽ എല്ലാം ഒരു ആന്റി ക്ലൈമാക്സ് പോലെ ആയിത്തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. യുദ്ധത്തിന് മുമ്പ് ഒരു എയറോ ക്ലബ്ബിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആയിരുന്നു ആ എയർഫീൽഡ്. എന്നാൽ ഇപ്പോഴാകട്ടെ, ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉപയോഗ ശൂന്യമായി അനാഥമായി കിടക്കുകയാണവിടം.


എയർഫീൽഡിനരികിൽ എത്തുമ്പോഴേക്കും ആ ലൈസാൻഡർ വിമാനത്തിന്റെ ഇരമ്പൽ അദ്ദേഹത്തിന് കേൾക്കാനാവുന്നുണ്ടായിരുന്നു. ബൈക്ക് നിർത്തി അദ്ദേഹം കാത്തിരുന്നു. വളരെ കൃത്യമായി ലാന്റ് ചെയ്ത വിമാനം തിരിഞ്ഞ് ടാക്സി ചെയ്ത് അദ്ദേഹത്തിനരികിലേക്ക് വന്നു. ബൈക്കിൽ നിന്നും ഇറങ്ങിയ മാർട്ടിനോ ഒരു വശത്തേക്ക് അതിനെ വീഴുവാൻ അനുവദിച്ചിട്ട് മുന്നോട്ട് വേച്ചു വേച്ച് നടന്നു. ഡോർ തുറന്ന് പുറത്തേക്ക് തലയിട്ട പൈലറ്റ് ഉച്ചത്തിൽ പറഞ്ഞു. "യൂണിഫോം കണ്ടിട്ട് താങ്കൾ തന്നെയാണോ എന്ന് അത്ര ഉറപ്പില്ലായിരുന്നു എനിക്ക്..."


തുറന്ന ഡോറിലൂടെ മാർട്ടിനോ ഉള്ളിലേക്ക് വലിഞ്ഞു കയറി. പൈലറ്റ് അദ്ദേഹത്തിന് മുന്നിലൂടെ എത്തി വലിഞ്ഞ് ഡോർ വലിച്ചടച്ച് ലോക്ക് ചെയ്തു. പെട്ടെന്നാണ് മാർട്ടിനോ ചുമച്ചത്. അദ്ദേഹത്തിന്റെ വായിൽ നിന്നും പുറത്തേക്ക് വന്ന രക്തം താടിയിലൂടെ താഴോട്ടൊഴുകി.


"മൈ ഗോഡ്...! നിങ്ങളുടെ വായ് നിറയെ രക്തമാണല്ലോ..." അമ്പരപ്പോടെ പൈലറ്റ് പറഞ്ഞു.


"ഇതൊന്നും എനിക്കൊരു പുതുമയല്ല... കഴിഞ്ഞ നാലു വർഷമായി ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്..." മാർട്ടിനോ പറഞ്ഞു.


എന്നാൽ അതിനേക്കാൾ ഗൗരവമേറിയ കാര്യങ്ങളായിരുന്നു പൈലറ്റിന്‌ ശ്രദ്ധിക്കാനുണ്ടായിരുന്നത്. റൺവേയുടെ അറ്റത്തെ കെട്ടിടങ്ങൾക്കരികിൽ ഏതാനും വാഹനങ്ങൾ വിമാനത്തിന്റെ ടേക്ക് ഓഫ് തടയാനായി റൺവേയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ ആരായിരുന്നാലും ശരി അവർ വൈകിപ്പോയിരുന്നു. ഫുൾ ത്രോട്ട്‌ൽ കൊടുത്തതും ബ്രിസ്റ്റോൾ പെർസ്യൂസ് എൻജിൻ ചടുലമായി പ്രതികരിച്ചു. പരുക്കൻ ഗ്രൗണ്ടുകളിൽ ഫുൾ ലോഡുമായി ടേക്ക് ഓഫ് ചെയ്യാൻ വെസ്റ്റ്ലാന്റ് ലൈസാൻഡറിന് ഇരുനൂറ്റി നാൽപ്പത് വാര മതിയാകും. എന്നാൽ ഫ്ലൂറിയിൽ ആ രാത്രിയിൽ റൺവേ തടസ്സപ്പെടുത്തി കിടന്ന കാറുകൾക്ക് തൊട്ടടുത്തു വച്ച് അവർ ആകാശത്തേക്ക് പറന്നുയർന്നത് വെറും ഇരുനൂറ് വാരയിലായിരുന്നു. 


"വെരി നൈസ്... ഐ ലൈക്ക്ഡ് ദാറ്റ്..." അത്രയും പറഞ്ഞിട്ട് മാർട്ടിനോ കനത്ത ഇരുട്ടിലേക്ക് പറന്നുയരുന്ന വിമാനത്തിനുള്ളിൽ അബോധാവസ്ഥയിലേക്ക് വഴുതി വീണു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Wednesday, June 16, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 26

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ടൗൺ ഹാളിന്റെ പടവുകളിറങ്ങി ആ കറുത്ത സിട്രോൺ കാറിന്റെ പിൻസീറ്റിലേക്ക് കയറുമ്പോൾ ഗെസ്റ്റപ്പോയുടെ ലിയോൺസിലെ തലവനായ സ്റ്റാൻഡർടെൻഫ്യൂറർ ജർഗൻ കോഫ്മാൻ ധരിച്ചിരുന്നത് സിവിലിയൻ വേഷമായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറും അതേ വേഷത്തിൽ തന്നെ ആയിരു‌ന്നു. കാരണം, തന്റെ രഹസ്യക്കാരിയുടെ അടുത്തേക്ക് എല്ലാ വ്യാഴാഴ്ച്ചയും ഉച്ച തിരിഞ്ഞുള്ള സന്ദർശനം ആരും അറിയരുതെന്ന് കോഫ്മാന് നിർബ്ബന്ധമുണ്ടായിരുന്നു.


"തിരക്കൊന്നുമില്ല കാൾ... പതുക്കെ പോയാൽ മതി..." അദ്ദേഹം ഡ്രൈവറോട് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി SS സെർജന്റ് കാൾ ആണ് അദ്ദേഹത്തിന്റെ ഡ്രൈവർ. "നാം അല്പം നേരത്തെയാണിന്ന്... മൂന്ന് മണിയ്ക്ക് മുമ്പ് എത്തില്ല എന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു... നിങ്ങൾക്കറിയാമല്ലോ സർപ്രൈസുകളെ അവൾ വെറുക്കുന്നു എന്ന കാര്യം..."


"താങ്കളുടെ ഇഷ്ടം പോലെ, സ്റ്റാൻഡർടെൻഫ്യൂറർ..." പുഞ്ചിരിച്ചു കൊണ്ട് അയാൾ കാർ മുന്നോട്ടെടുത്തു.


അന്ന് രാവിലത്തെ പോസ്റ്റിൽ ലഭിച്ച ബെർലിൻ ന്യൂസ് പേപ്പർ വായിച്ചു കൊണ്ട് കോഫ്മാൻ പിൻസീറ്റിൽ ചാരിക്കിടന്നു. നഗരത്തിൽ നിന്നും പുറത്തു കടന്ന വാഹനം ഗ്രാമത്തിന്റെ സ്വച്ഛതയിലേക്ക് പ്രവേശിച്ചു. പാതയുടെ ഇരുവശങ്ങളിലും ഫലസമൃദ്ധമായ ആപ്പിൾ മരങ്ങൾ  നിരന്ന് നിൽക്കുന്ന കാഴ്ച്ച അതിമനോഹരമായിരുന്നു. അന്തരീക്ഷത്തിൽ എമ്പാടും അവയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നു. കുറച്ചു നേരമായി തങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കുന്ന ഒരു മോട്ടോർ സൈക്കിൾ കാളിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. മെയിൻ റോഡിൽ നിന്നും ഷാമോണ്ട് ഗ്രാമത്തിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞ അവരുടെ പിന്നാലെ തന്നെ അതും വരുന്നത് കണ്ട കാൾ പോക്കറ്റിൽ നിന്നും ല്യൂഗർ പിസ്റ്റൾ എടുത്ത് സൈഡ് സീറ്റിൽ വച്ചിട്ട് പറഞ്ഞു. "കുറച്ചു നേരമായി ഒരു മോട്ടോർ സൈക്കിൾ നമ്മെ പിന്തുടരുന്നുണ്ട് സ്റ്റാൻഡർടെൻഫ്യൂറർ..."


തിരിഞ്ഞ് പിന്നിലെ ഗ്ലാസ് വിൻഡോയിലൂടെ നോക്കിയ കോഫ്മാൻ പൊട്ടിച്ചിരിച്ചു. "നിങ്ങളുടെ സാമാന്യ ബോധമൊക്കെ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു... അത് നമ്മുടെ സേനാംഗങ്ങളിൽ ഒരുവനാണ്..."


കാറിനരികിലൂടെ ഒപ്പമെത്തിയ മോട്ടോർ സൈക്കിൾകാരൻ കൈ ഉയർത്തി വീശി. ഹെൽമറ്റും ഹെവി യൂണിഫോം കോട്ടും ധരിച്ച ഒരു SS ഭടനായിരുന്നു അത്. ഔദ്യോഗിക ഡ്യൂട്ടിയിലുള്ള ഓഫീസർമാർ ധരിക്കുന്ന SS ഫീൽഡ് പോലീസ് മെറ്റൽ ഗോർജറ്റിന് താഴെയായി നെഞ്ചിന് കുറുകെ ഒരു ഷ്മീസർ മെഷീൻ പിസ്റ്റൾ തൂങ്ങിക്കിടക്കുന്നുണ്ട്. ഗോഗ്‌ൾസ് ധരിച്ചിരിക്കുന്നതിനാൽ മുഖം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ഗ്ലൗസണിഞ്ഞ കൈ അയാൾ വീണ്ടും ഉയർത്തി.


"എനിക്കുള്ള എന്തെങ്കിലും മെസ്സേജ് ആയിരിക്കും... സൈഡാക്കി നിർത്തൂ..." കോഫ്മാൻ പറഞ്ഞു.


കാൾ വാഹനം സൈഡിലൊതുക്കി നിർത്തിയതും മോട്ടോർ സൈക്കിൾകാരൻ കാറിന് മുന്നിൽ കയറ്റി നിർത്തി സ്റ്റാന്റിൽ കയറ്റി വച്ചു. ഡോർ തുറന്ന് കാൾ പുറത്തിറങ്ങി. "എന്താണ് സംഭവം...?"


അയാളുടെ റെയിൻകോട്ടിന്റെ പോക്കറ്റിൽ നിന്നും പുറത്തു വന്ന കൈയ്യിൽ ഒരു മോസർ സെമി ഓട്ടോമാറ്റിക്ക് പിസ്റ്റൾ ഉണ്ടായിരുന്നു. അതിൽ നിന്നും നെഞ്ചിലേക്കുതിർന്ന വെടിയുണ്ടയേറ്റ് പിറകോട്ട് തെറിച്ച കാൾ കാറിലേക്ക് ചാരി നിലത്തേക്ക് കമഴ്ന്നു വീണു. ആ SS ഭടൻ തന്റെ ബൂട്ട് കൊണ്ട് അയാളെ മലർത്തി ഇട്ട് നെറ്റിത്തടത്തിലേക്ക് അടുത്ത നിറയൊഴിച്ചു. ശേഷം കാറിന്റെ പിൻവാതിൽ തുറന്നു.


എല്ലായ്പ്പോഴും സായുധനായിത്തന്നെയാണ് കോഫ്മാൻ യാത്ര ചെയ്യാറുള്ളത്. പക്ഷേ ഇത്തവണ അദ്ദേഹം തന്റെ ഓവർകോട്ട് ഊരി ഭംഗിയായി മടക്കി സീറ്റിൽ വച്ചിരിക്കുകയായിരുന്നു. കോട്ടിന്റെ പോക്കറ്റിൽ നിന്നും ല്യൂഗർ പിസ്റ്റൾ എടുത്ത് തിരിഞ്ഞപ്പോഴേക്കും ആ SS ഭടൻ അദ്ദേഹത്തിന്റെ കൈത്തണ്ടയിലേക്ക് നിറയൊഴിച്ചു കഴിഞ്ഞിരുന്നു. മറുകൈ കൊണ്ട് തന്റെ മുറിവ് പൊത്തിപ്പിടിക്കവെ വിരലുകൾക്കിടയിലൂടെ രക്തം ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു.


"ആരാണ് നി‌‌ങ്ങൾ...?" അദ്ദേഹം അലറി. ആ SS ഭടൻ തന്റെ ഗോഗ്‌ൾസ് മുകളിലേക്ക് ഉയർത്തി വച്ചു. അത്രയും ഇരുണ്ടതും നിർവ്വികാരവും ആയ കണ്ണുകൾ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു കോഫ്മാൻ കാണുന്നത്.


"എന്റെ പേര് മാർട്ടിനോ... ബ്രിട്ടീഷ് ആർമിയിലെ ഒരു മേജർ ആണ്... SOE യ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു..."


"അപ്പോൾ നിങ്ങളാണല്ലേ മാർട്ടിനോ..." കോഫ്മാൻ വേദന കടിച്ചമർത്തി. "നിങ്ങളുടെ ജർമ്മൻ കൊള്ളാമല്ലോ... ഭംഗിയായി സംസാരിക്കുന്നു..."


"അതങ്ങനെയല്ലേ വരൂ... എന്റെ മാതാവ് ജർമ്മൻകാരിയായിരുന്നു..." മാർട്ടിനോ പറഞ്ഞു.


"നിങ്ങളെ ഒന്ന് കാണണമെന്ന് വളരെ പണ്ടു മുതലേ ഞാൻ ആഗ്രഹിച്ചിരുന്നതാണ്... പക്ഷേ ഇത്തരം ഒരു സാഹചര്യത്തിലായിരുന്നില്ല എന്ന് മാത്രം..." കോഫ്മാൻ പറഞ്ഞു.


"നിങ്ങൾ ആഗ്രഹിക്കുമെന്ന് എനിക്കറിയാം... നിങ്ങളെയൊന്ന് കാണാൻ വേണ്ടി ഞാനും കുറച്ചു നാളായി നടപ്പ് തുടങ്ങിയിട്ട്... കൃത്യമായി  പറഞ്ഞാൽ 1938 മുതൽ... ആ വർഷം മേയ് മാസത്തിൽ ബെർലിനിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിൽ ഒരു ക്യാപ്റ്റൻ ആയി ജോലി ചെയ്യുകയായിരുന്നു നിങ്ങൾ... റോസാ ബെൻസ്റ്റൈൻ എന്നൊരു യുവതിയെ അന്ന് നിങ്ങൾ അറസ്റ്റ് ചെയ്യുകയുണ്ടായി... ഒരു പക്ഷേ ആ പേര് പോലും നിങ്ങൾ ഓർക്കുന്നുണ്ടാവില്ല..."


"എനിക്ക് നല്ല ഓർമ്മയുണ്ട് അവരെ..." കോഫ്മാൻ പറഞ്ഞു. "സോഷ്യലിസ്റ്റ് അധോലോകത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ഒരു ജൂതവനിത ആയിരുന്നു അവർ..."


"നിങ്ങളുടെ ചോദ്യം ചെയ്യലിന് ശേഷം ഫയറിങ്ങ് സ്ക്വാഡിന്‌ മുന്നിലേക്ക് നടന്നു പോകാനുള്ള ആരോഗ്യം പോലും അവൾക്കുണ്ടായിരുന്നില്ല എന്നാണ് ഞാൻ അറിഞ്ഞത്..."


"അത് സത്യമല്ല... ഫയറിങ്ങ് സ്ക്വാഡിന് അതിൽ യാതൊരു റോളും ഉണ്ടായിരുന്നില്ല... മൂന്നാം നമ്പർ സെല്ലിൽ വച്ച് അവരെ തൂക്കിക്കൊല്ലുകയാണുണ്ടായത്... തികച്ചും ചട്ടങ്ങൾക്ക് അനുസൃതമായി... നിങ്ങളുടെ ആരായിരുന്നു അവൾ...?"


"എന്റെ പ്രണയിനി..." മാർട്ടിനോ തന്റെ റൈഫിൾ ഉയർത്തി.


"വിഡ്ഢിത്തരം കാണിക്കാതിരിക്കൂ..." കോഫ്മാൻ അലറി. "നമുക്കൊരു ഒത്തു തീർപ്പിലെത്താം... എനിക്ക് നിങ്ങളുടെ ജീവൻ രക്ഷിക്കാനാവും മാർട്ടിനോ... എന്നെ വിശ്വസിക്കൂ..."



"ശരിക്കും...?" ഹാരി മാർട്ടിനോ അയാളുടെ നെറ്റിയിൽ ഇരുകണ്ണുകളുടെയും നടുവിലേക്ക് നിറയൊഴിച്ചു. ഒരു പിടച്ചിലോടെ ജർഗൻ കോഫ്മാൻ അന്ത്യശ്വാസം വലിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, June 4, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 25

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം - ആറ്


ഓക്സ്ഫഡിൽ ഉണ്ടായിരുന്ന കാലത്തെ ഒരു സുഹൃത്ത് മാർട്ടിനോയ്ക്ക് വാടകയ്ക്ക് കൊടുത്തതായിരുന്നു ലുൽവർത്ത് കോവിന് സമീപം ഡോർസെറ്റിലുള്ള ആ കോട്ടേജ്. ബീച്ചിന് അഭിമുഖമായി അല്പം ഉയർന്ന സ്ഥലത്തായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്. ബീച്ചിലേക്കുള്ള വഴി തുരുമ്പിച്ച മുൾവേലി കൊണ്ട് അടച്ചു കെട്ടിയിട്ടുണ്ട്. മൈൻ വിന്യസിച്ചിരിക്കുന്നതായുള്ള സൂചനാ ഫലകം മുമ്പെങ്ങോ അവിടെയുണ്ടായിരുന്നുവെങ്കിലും ആ പ്രദേശത്തെങ്ങും മൈനുകൾ ഇല്ല എന്നാണ് ആ ഗ്രാമത്തിലെ പബ്ബിന്റെ ഉടമ മാർട്ടിനോയോട് പറഞ്ഞത്. അതിനാൽ ഇടയ്ക്കൊക്കെ അദ്ദേഹം ആ ബീച്ചിൽ നടക്കാൻ പോകുമായിരുന്നു. ലണ്ടനിലെ ഹെയ്സ് ലോഡ്ജിൽ ബ്രിഗേഡിയർ ഡോഗൽ മൺറോയും ജനറൽ ഐസൻഹോവറും തമ്മിൽ കൂടിക്കാഴ്ച്ച നടന്ന ആ പ്രഭാതത്തിൽ ഹാരി മാർട്ടിനോ ഡോർസെറ്റിലെ ബീച്ചിൽ തീരത്തെ പുണരാനെത്തുന്ന തിരമാലകളുടെ നേർക്ക് ചെറു കല്ലുകൾ പെറുക്കി എറിഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു.


തണുപ്പിനെ പ്രതിരോധിക്കാനായി അദ്ദേഹം പാരാട്രൂപ്പേഴ്സ് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു പഴയ കാമുഫ്ലാഷ് ജമ്പ് ജാക്കറ്റ് ധരിച്ചിരുന്നു. നാൽപ്പത്തിനാല് വയസ്സുള്ള, ശരാശരി ഉയരവും വിരിഞ്ഞ മാറുമുള്ള വ്യക്തിയാണ് ഹാരി മാർട്ടിനോ. ഒരിക്കലും വെയിൽ കാഞ്ഞിട്ടില്ലാത്തതെന്നു തോന്നും വിധം വിളറിയ മുഖം. വീതി കുറഞ്ഞ ഇരുണ്ട കണ്ണുകളുടെ യഥാർത്ഥ നിറമെന്തെന്ന് മനസ്സിലാക്കാൻ അത്ര എളുപ്പമായിരുന്നില്ല. ചുണ്ടിൽ സ്ഥായിയായ പുച്ഛരസത്തിലുള്ള മന്ദഹാസം. പ്രതീക്ഷകളെല്ലാം നഷ്ടമായ ഒരു മനുഷ്യന്റെ രൂപമായിരുന്നു അദ്ദേഹത്തിന്റേത്.


ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയിട്ട് മൂന്ന് മാസമായിരിക്കുന്നു. ആരോഗ്യസ്ഥിതി പഴയതിനേക്കാൾ മെച്ചപ്പെട്ടിരിക്കുന്നു. വല്ലപ്പോഴും അമിതമായി അദ്ധ്വാനിക്കുമ്പോൾ അല്ലാതെ ആ നെഞ്ചുവേദന ഇപ്പോൾ വരാറില്ല. പക്ഷേ ഉറക്കമില്ലായ്മയാണ്‌ ഭീകരം. പലപ്പോഴും രാത്രികളിൽ ഉറങ്ങാൻ സാധിക്കാറില്ല. ഉറങ്ങാൻ കിടക്കുന്ന നിമിഷം മുതൽ തലച്ചോർ ഹൈപ്പർ ആക്ടീവ് ആകാൻ തുടങ്ങുന്നു. ഒന്നോർത്താൽ മറ്റെന്ത് പ്രതീക്ഷിക്കാൻ... വർഷങ്ങളായുള്ള ഓട്ടമല്ലേ...   നിരന്തരം ഉറക്കമൊഴിഞ്ഞ്, അപകടം മുന്നിൽ കണ്ടുള്ള ദൗത്യങ്ങൾ...


മൺറോയ്ക്ക് തന്നെക്കൊണ്ട് ഇനി ഒരു ഉപയോഗവും ഉണ്ടാകാൻ പോകുന്നില്ല എന്ന് സംശയലേശമെന്യേ ഡോക്ടർമാർ  വ്യക്തമാക്കിയതാണ്. വേണമെങ്കിൽ ഓക്സ്ഫഡിലേക്ക് തിരികെ പോകാമായിരുന്നു. പക്ഷേ ഒട്ടും താല്പര്യം തോന്നുന്നില്ല. 1939 മുതൽ എഴുതുവാൻ ശ്രമിക്കുന്ന നോവലും തുടങ്ങാനാവുന്നില്ല. യുദ്ധം അത്രകണ്ട് അദ്ദേഹത്തെ നിസ്സംഗനാക്കിയിരുന്നു. എല്ലാത്തിനോടും വിരക്തി. അങ്ങനെയാണ് ഡോർസെറ്റിൽ കടൽക്കരയിലുള്ള കോട്ടേജിൽ ധാരാളം പുസ്തകങ്ങളുമായി വായനയുടെ ലോകത്തേക്ക് അദ്ദേഹം ഒതുങ്ങിക്കൂടിയത്.


"ജീവിതത്തിൽ നീ എന്തു നേടി ഹാരീ...?" കോട്ടേജിന് നേർക്ക് നടക്കവെ അദ്ദേഹം സ്വയം ചോദിച്ചു. "ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല..."


                                   ***


സാമാന്യം ഭേദപ്പെട്ട സൗകര്യങ്ങളോടു കൂടിയതായിരുന്നു ആ പഴയ കോട്ടേജിന്റെ ലിവിങ്ങ് റൂം. തറയിൽ പേർഷ്യൻ പരവതാനി. തരക്കേടില്ലാത്ത ഡൈനിങ്ങ് ടേബിളും കസേരകളും. ഷെൽഫിലും മുറിയുടെ മൂലയിലുമായി ധാരാളം പുസ്തകങ്ങൾ. പക്ഷേ അതൊന്നും തന്നെ അദ്ദേഹത്തിന്റേതായിരുന്നില്ല. ഏതാനും വസ്ത്രങ്ങളൊഴികെ അവിടെയുള്ള ഒന്നും തന്നെ മാർട്ടിനോയുടേതായിരുന്നില്ല. 


നെരിപ്പോടിന്റെ ഇരുവശത്തും ഓരോ സോഫകൾ ഉണ്ടായിരുന്നു. നെരിപ്പോടിനുള്ളിലേക്ക് ഏതാനും വിറകു കൊള്ളികൾ തള്ളി വച്ചിട്ട് അദ്ദേഹം ഒരു ഗ്ലാസ്സിലേക്ക് സ്കോച്ച് പകർന്നു. ഒറ്റയിറക്കിന് അത് അകത്താക്കിയ ശേഷം വീണ്ടും ഗ്ലാസ് നിറച്ചു. പിന്നെ ഇരുന്നിട്ട് കോഫീ ടേബിളിൽ കിടന്നിരുന്ന നോട്ട് പാഡ് എടുത്തു. അതിൽ ഏതാനും കവിതകൾ കുത്തിക്കുറിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം അത് ഉച്ചത്തിൽ ചൊല്ലുവാൻ തുടങ്ങി. 


"The station is ominous at midnight...

 Hope is a dead letter..."


പരിഹാസം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അദ്ദേഹം ആ നോട്ട് പാഡ് മേശപ്പുറത്തിട്ടു. "സമ്മതിക്കൂ ഹാരീ..." അദ്ദേഹം മന്ത്രിച്ചു. "നിന്നിലെ കവി ഒരു അലസനാണ്... "


വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നു. ഉറക്കമില്ലായ്മ അത്രത്തോളം ബാധിച്ചിരിക്കുന്നു തന്നെ. നെഞ്ചിൽ ചെറിയ വേദന പോലെ... ഇടത് ഭാഗത്തായി... അത് അദ്ദേഹത്തെ ലിയോൺസിലേക്ക് തിരിച്ചു കൊണ്ടുപോയി. മരണത്തെ മുന്നിൽ കണ്ട ആ ദിനത്തിന്റെ ഓർമ്മകളിലേക്ക്... അല്പം കൂടി അന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അതൊന്നും സംഭവിക്കുകയേ ഇല്ലായിരുന്നു. എല്ലാം തന്റെ ദൗർഭാഗ്യം എന്നല്ലാതെ എന്തു പറയാൻ... പതുക്കെ നിദ്രയിലേക്ക് വഴുതി വീഴവെ അന്നത്തെ സംഭവങ്ങളെല്ലാം മിഴിവാർന്ന ഒരു ചലച്ചിത്രത്തിലെന്ന പോലെ അദ്ദേഹത്തിൻറെ മുന്നിലേക്കോടിയെത്തി.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...