ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഹാരി മാർട്ടിനോയും സാറയും കൂടി ബെർക്ക്‌ലി ഹാളിലെ ലൈബ്രറിയിൽ എത്തിയപ്പോൾ മാപ്പ് ടേബിളിൽ നിവർത്തിയിട്ടിരിക്കുന്ന ഭൂപടത്തിന് മുന്നിൽ ജാക്ക് കാർട്ടർ ഇരിക്കുന്നുണ്ടായിരുന്നു.
"ആഹ്, എത്തിയോ..." അദ്ദേഹം അവരെ സ്വീകരിച്ചു. "ബ്രിഗേഡിയർ മൺറോ ജനറൽ ഐസൻഹോവറിനെ കാണാൻ ലണ്ടനിൽ പോയിരിക്കുകയാണ്... പക്ഷേ, ഇന്ന് രാത്രിയിൽത്തന്നെ തിരിച്ചെത്തും... ഹോൺലീ എയർഫീഡിൽ നിങ്ങളെ യാത്രയയക്കാൻ ഞങ്ങൾ ഇരുവരും ഉണ്ടായിരിക്കും... റെഡിയല്ലേ നിങ്ങൾ...? എന്തെങ്കിലും പ്രശ്നങ്ങൾ...?"
"പ്രശ്നങ്ങളോ...? അങ്ങനെയൊന്നിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു പോലുമില്ല..." മാർട്ടിനോ സാറയുടെ നേർക്ക് തിരിഞ്ഞു. "നിന്റെ കാര്യം എങ്ങനെയാണ്...?"
"എനിക്കെന്ത് പ്രശ്നം...?"
"നിങ്ങളുടെ വസ്ത്രങ്ങളെല്ലാം ഫ്രഞ്ച് നിർമ്മിതമാണെന്ന് പരിശോധിച്ച് ഞങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്..." കാർട്ടർ പറഞ്ഞു. "അതുകൊണ്ട് അക്കാര്യത്തിൽ വിഷമിക്കേണ്ട... സാറാ, നിങ്ങളുടെ പേപ്പറുകൾ ഇതാ... ഫോട്ടോ പതിച്ച ഫ്രഞ്ച് ഐഡന്റിറ്റി കാർഡ്... കൂടാതെ വേറെ ഫോട്ടോ പതിച്ച ജർമ്മൻ ഐഡന്റിറ്റി കാർഡ്... ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ ഫോട്ടോ സെഷന്റെ സമയത്ത് വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കാൻ പറഞ്ഞതിന്റെ ഉദ്ദേശ്യം... പിന്നെ റേഷൻ കാർഡ്... മാത്രമല്ല റ്റുബാക്കോ റേഷൻ കാർഡും..."
"പുകവലിക്കുന്ന ആളല്ലെങ്കിൽക്കൂടി ആ റേഷൻ കാർഡ് ഉണ്ടായിരിക്കേണ്ടതാണ്..." മാർട്ടിനോ അവളോട് പറഞ്ഞു.
"ഈ രേഖകൾ എല്ലാം നൂറു ശതമാനം ഒറിജിനൽ തന്നെയാണ്..." കാർട്ടർ പറഞ്ഞു. "അവർ ഉപയോഗിക്കുന്ന അതേ പേപ്പർ... അതേ വാട്ടർമാർക്ക്... ടൈപ്പ്റൈറ്റർ, മഷി എല്ലാം പെർഫക്റ്റ്... അബ്ഫെറിലെയോ ഗെസ്റ്റപ്പോയിലെയോ അതിവിദഗ്ദ്ധർക്ക് പോലും ഇവ ഒറിജിനൽ അല്ലെന്ന് പറയാൻ കഴിയില്ല..." അദ്ദേഹം മറ്റൊരു പേപ്പർ അവൾക്ക് നൽകി. "ഇത് നിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസ് ആണ്... ആൻ മാരി ലത്വാ... നിങ്ങളുടെ ശരിയായ വയസ്സും ജനന തീയ്യതിയുമാണ് ഇതിൽ ഞങ്ങൾ വച്ചിരിക്കുന്നത്... നിങ്ങളുടെ ബ്രെറ്റൻ ഉച്ചാരണ ശൈലിയെ സാധൂകരിക്കുവാൻ ജന്മദേശം ബ്രിറ്റനി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു... തീരപ്രദേശമായ പൈംപലിൽ ജനനം... നിങ്ങൾക്ക് പരിചയമുള്ള സ്ഥലം തന്നെയാണ് അതെന്ന് ഞാൻ കരുതുന്നു..."
"തീർച്ചയായും... എന്റെ മുത്തശ്ശി അവിടെയാണ് ജീവിച്ചിരുന്നത്... അവധിക്കാലത്ത് അവരോടൊപ്പം ഞാൻ താമസിച്ചിട്ടുണ്ട്..."
"സാധാരണ ഗതിയിൽ പുതിയ വ്യക്തിത്വവുമായി പൊരുത്തപ്പെടുവാൻ നിങ്ങൾക്ക് ആവശ്യത്തിന് സമയം ലഭിക്കേണ്ടതായിരുന്നു... പക്ഷേ, ഇവിടെ അത് സാദ്ധ്യമല്ലല്ലോ... എങ്കിലും വിഷമിക്കാനില്ല, ഹാരി എപ്പോഴും നിങ്ങളോടൊപ്പം തന്നെ ഉണ്ടായിരിക്കും... പിന്നെ മൂന്ന് ദിവസത്തെ കാര്യമല്ലേയുള്ളൂ... ഏറിയാൽ നാല്..."
"മനസ്സിലാവുന്നു..."
"ഒരു കാര്യം കൂടി... സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെലുമായുള്ള നിങ്ങളുടെ ഇടപഴകൽ മറ്റുള്ളവർക്ക് എല്ലായ്പ്പോഴും സ്വാഭാവികമായി തോന്നണം... ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ...?"
"ഒരേ റൂമിൽ താമസിക്കേണ്ടി വരുമെന്നല്ലേ...?" മാർട്ടിനോയുടെ നേർക്ക് നോക്കവെ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ ഒരു കള്ള ലക്ഷണമുണ്ടായിരുന്നു. "നിങ്ങൾക്കതിൽ വിരോധമൊന്നും ഇല്ലല്ലോ കേണൽ...?"
ഒരു നിമിഷം അസ്വസ്ഥനായത് പോലെ കാണപ്പെട്ട മാർട്ടിനോ പുരികം ചുളിച്ചു. "യൂ ലിറ്റ്‌ൽ ബിച്ച്...!"
ഒരു നിമിഷനേരത്തേക്ക് അവിടെ അവർ മാത്രമേയുള്ളൂ എന്ന മട്ടിലായിരുന്നു അവളുടെ പ്രകടനം. അദ്ദേഹത്തിന്റെ കവിളിൽ വിരൽത്തുമ്പുകൾ കൊണ്ട് തഴുകി അവൾ പറഞ്ഞു. "ഓ, ഹാരി മാർട്ടിനോ, ദ്വേഷ്യപ്പെടുമ്പോൾ നിങ്ങളെ കാണാൻ എന്ത് രസമാണെന്നറിയുമോ..." അവൾ കാർട്ടറുടെ നേർക്ക് തിരിഞ്ഞു. "ആ വിഷയത്തിൽ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഞാൻ ഉറപ്പു തരുന്നു ക്യാപ്റ്റൻ..."
അവളുടെ പ്രകടനം കണ്ട കാർട്ടർ ജാള്യതയോടെ പൊടുന്നനെ വിഷയം മാറ്റി. "ഓൾറൈറ്റ്... എങ്കിൽ പിന്നെ ഇരുവരും ഇതൊന്ന് വായിച്ചു നോക്കൂ... മാർഗ്ഗ നിർദ്ദേശങ്ങളാണ് സാറാ..."
ലളിതവും വ്യക്തവും നിയതവുമായ ഒരു SOE ഓപ്പറേഷൻസ് ഓർഡർ ആയിരുന്നു അത്. സങ്കീർണമായ ഭാഷാപ്രയോഗങ്ങൾ ഒന്നും തന്നെയില്ല. അവരുടെ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു അതിൽ. നടപടി ക്രമങ്ങൾ, ഗ്രാൻവിലായിലെ ക്രെസ്സൺസ് ദമ്പതികൾ മുഖേനയുള്ള കമ്യൂണിക്കേഷൻസ് എന്ന് വേണ്ട, സകല കാര്യങ്ങളും അതിൽ പ്രതിപാദിച്ചിരുന്നു. 'JERSEYMAN' എന്നതായിരുന്നു ആ ദൗത്യത്തിന്റെ കോഡ് നെയിം. ആ പേപ്പറിന്റെ ചുവടെ അവസാന വരിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. 'NOW DISTROY NOW DISTROY'.
"എല്ലാം ഓകെ അല്ലേ...?" മാർട്ടിനോ അവളോട് ചോദിച്ചു.
അവൾ തല കുലുക്കി. മാർട്ടിനോ തീപ്പെട്ടിക്കൊള്ളി ഉരച്ച് ആ പേപ്പറിന്റെ തുമ്പത്ത് തീ കൊളുത്തി ആഷ്ട്രേയിലേക്ക് ഇട്ടു. "അപ്പോൾ ശരി..." അദ്ദേഹം എഴുന്നേറ്റു. "ഞാൻ പോയി പായ്ക്ക് ചെയ്യാൻ നോക്കട്ടെ... പിന്നെ കാണാം..."
അദ്ദേഹത്തിന്റെ റൂമിലെ ബെഡ്ഡിൽ ലൈറ്റ് ഗ്രേ നിറത്തിലുള്ള ഒരു ത്രീ-പീസ് സ്യൂട്ടും ഏതാനും വെള്ള ഷർട്ടുകളും കറുത്ത രണ്ട് ടൈയും ഒരു ജോഡി ഷൂസും അവർ വച്ചിട്ടുണ്ടായിരുന്നു. കൂടാതെ SS ഓഫീസർമാർ ധരിക്കുന്ന തരത്തിലുള്ള കറുത്ത മിലിട്ടറി ലെതർ കോട്ടും.
ഗ്രേ-ഗ്രീൻ നിറത്തിലുള്ള SS യൂണിഫോം കതകിന് പിന്നിൽ കൊളുത്തി ഇട്ടിട്ടുണ്ടായിരുന്നു. മാർട്ടിനോ അത് ശ്രദ്ധാപൂർവ്വം പരിശോധിച്ചു. യൂണിഫോമിന്റെ ഇടതുകൈയ്യിൽ ഹിംലറുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് സൂചിപ്പിക്കുന്ന RFSS കഫ് ടൈറ്റ്‌ലും അതിന് മുകളിലായി SD പാച്ചും ഉണ്ട്. വാഫെൻഫാർബൻ എന്നറിയപ്പെടുന്ന, യൂണിഫോമിലെയും ക്യാപ്പിലെയും പച്ച നിറത്തിലുള്ള പൈപ്പിങ്ങ് സൂചിപ്പിക്കുന്നത് ആ വ്യക്തി SS സെക്യൂരിറ്റി സർവ്വീസിലാണ് വർക്ക് ചെയ്യുന്നത് എന്നാണ്. കോളർ പാച്ചിലെ ഓക്ക് ലീവ്സ് അദ്ദേഹത്തിന്റെ സിൽവർ ത്രെഡ് റാങ്കിനെ സൂചിപ്പിക്കുന്നു. ട്യൂണിക്കിന്റെ ഇടതു വശത്ത് അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് ബാഡ്ജ് ഘടിപ്പിച്ചിട്ടുണ്ട്. പിന്നെയുണ്ടായിരുന്നത് 'ഓർഡർ ഓഫ് ബ്ലഡ്' മെഡലാണ്. 1920കളിൽ രാഷ്ട്രീയ കുറ്റകൃത്യങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ചവർക്കും പണ്ട് ഫ്യൂററോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ചിരുന്നവർക്കും നൽകി വരുന്ന മെഡൽ.
ആ യൂണിഫോം ഒന്ന് അണിഞ്ഞു നോക്കാനായി അദ്ദേഹം തന്റെ വസ്ത്രം അഴിച്ചു മാറ്റി. എല്ലാം കൃത്യമായ അളവിൽത്തന്നെ തയ്ച്ചിരിക്കുന്നു. ട്യൂണിക്കിന്റെ ബട്ടൻസ് ഇട്ടിട്ട് അദ്ദേഹം ബെൽറ്റിന്റെ സ്വസ്തിക അടയാളമുള്ള ബക്കിൾ ടൈറ്റ് ചെയ്തു. പിന്നെ ക്യാപ്പ് എടുത്ത് അതിലെ സിൽവർ ഡെത്ത് ബാഡ്ജ് പരിശോധിച്ചു. അതിന്റെ ഉൾഭാഗത്തെ സിൽക്ക് ലൈനിങ്ങിൽ ചെറിയൊരു കീറൽ ഉണ്ടാക്കി സ്പ്രിങ്ങ് വലിച്ചെടുത്തതോടെ ആ ക്യാപ്പിന്റെ ദൃഢത നഷ്ടമായി. ചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിലും സൈന്യത്തിലെ സീനിയേഴ്സിന്റെ ഒരു രീതിയായിരുന്നു ക്യാപ്പ് അത്തരത്തിൽ ആക്കി ധരിക്കുക എന്നത്.
മാർട്ടിനോ ആ ക്യാപ്പ് തലയിൽ വച്ചിട്ട് അതിന്റെ ആംഗിൾ ഒരു വശത്തേക്ക് ചെറുതായി അഡ്ജസ്റ്റ് ചെയ്തു. അദ്ദേഹമറിയാതെ പിന്നിൽ എത്തിയ സാറ പറഞ്ഞു. "ഇതെല്ലാം കൂടി മൊത്തത്തിൽ ആസ്വദിക്കുകയാണെന്ന് തോന്നുന്നല്ലോ നിങ്ങൾ... യൂണിഫോമിനോട് അടക്കാനാവാത്ത പ്രണയമാണല്ലേ നിങ്ങൾക്ക്...?"
"എല്ലാം ശരിയായ വിധത്തിൽ ധരിക്കണമെന്ന് നിർബന്ധമുണ്ടെനിക്ക്..." അദ്ദേഹം പറഞ്ഞു. "എനിക്കിഷ്ടപ്പെട്ട തൊഴിൽ ചെയ്യുവാൻ അവസരം ലഭിച്ചില്ല എന്നത് എന്റെയൊരു ദുഃഖമാണ്... ഞാനൊരു നടൻ ആകേണ്ടതായിരുന്നു... എന്തും ശരിയായ വിധത്തിൽ ചെയ്യുക എന്നത് വളരെ പ്രധാനമാണ് സാറാ... വീണ്ടും ഒരു അവസരം നമുക്ക് ലഭിക്കണമെന്നില്ല..."
അവളുടെ മുഖത്ത് മ്ലാനത പരന്നു. അരികിൽ ചെന്ന് അദ്ദേഹത്തിന്റെ കൈയ്യിൽ തൂങ്ങി അവൾ പറഞ്ഞു. "ഈ വേഷത്തിൽ നിങ്ങളെ കാണുമ്പോൾ ഇത് നിങ്ങൾ തന്നെയാണോ എന്നെനിക്ക് സംശയം തോന്നുന്നു ഹാരീ..."
"ഈ യൂണിഫോമിൽ നിൽക്കുന്ന ഞാൻ ഞാനല്ല സാറാ... സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ ഓഫ് ദ് SD... ഫ്രഞ്ചുകാർക്ക് മാത്രമല്ല, സ്വന്തം പക്ഷത്തുള്ളവർക്ക് പോലും പേടിസ്വപ്നമായ ഉദ്യോഗസ്ഥൻ... നീ കാണാനിരിക്കുന്നതേയുള്ളൂ... നിസ്സാര കളിയല്ല സാറാ ഇത്..."
ഒരു വിറയലോടെ അവൾ അദ്ദേഹത്തെ തന്നോട് ചേർത്തു പിടിച്ചു. "എനിക്കറിയാം ഹാരീ, എനിക്കറിയാം..."
"നിനക്ക് ഭയം തോന്നുന്നുണ്ടോ...?"
"ഗുഡ് ഗോഡ്, നോ..." അദ്ദേഹത്തെ നോക്കി അവൾ പുഞ്ചിരിച്ചു. "ആ ഭാവി പ്രവചനക്കാരി പറഞ്ഞത് വച്ചു നോക്കുമ്പോൾ ഞാനെന്തിന് പേടിക്കണം...?"
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...