Friday, June 10, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 66

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഡിന്നറിനായി മാർട്ടിനോയും സാറയും മെയിൻ ഡൈനിങ്ങ് റൂമിൽ ഓഫീസർമാർക്കൊപ്പം ചേർന്നു. ഗ്വിഡോ ഓർസിനി, ബ്രൂണോ ഫെൽറ്റ്, കപ്പിത്താൻലെഫ്റ്റനന്റ് എറിക് ഡൈട്രിച്ച് തുടങ്ങി നിരവധി പേരുണ്ടായിരുന്നു അവിടെ. ആളില്ലാ കസേരകളുടെ മുന്നിൽ മേശപ്പുറത്ത് മുനിഞ്ഞു കത്തിക്കൊണ്ടിരുന്ന മെഴുകുതിരികളുടെ ദൃശ്യം സാറയെ തെല്ല് ഭീതിപ്പെടുത്തി. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ഇരിപ്പിടങ്ങളായിരുന്നു അത്. തികഞ്ഞ സംയമനത്തോടെ മര്യാദക്കാരായി അവിടെ ഇരിക്കുന്ന ചെറുപ്പക്കാരായ ആ ഓഫീസർമാർ മാർട്ടിനോയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ അവരുടെ തനിനിറം കാണിക്കുമായിരുന്നു എന്ന് അവൾക്ക് തോന്നി. ആചാരമര്യാദകൾക്ക് വിരുദ്ധമായി ഭക്ഷണത്തിന് ഫുൾ യൂണിഫോമിൽ എത്തിയ മാർട്ടിനോ അവരിൽ നിരാശയും ഭയവും ജനിപ്പിച്ചു എന്നതായിരുന്നു വസ്തുത.


ഭക്ഷണപാത്രങ്ങളുമായി ഹെലൻ ഡു വിലാ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങൾ കേട്ട് മടുത്ത സാറ ഒഴിഞ്ഞ പാത്രങ്ങൾ എടുത്തു വയ്ക്കാനും മറ്റുമായി ഹെലനോടൊപ്പം കൂടി. ശേഷം അവരോടൊപ്പം കിച്ചണിലേക്ക് നടന്നു. അവിടെ ഒരു ചെറിയ ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ട് ഷോൺ ഗാലഗർ ഇരിക്കുന്നുണ്ടായിരുന്നു.


"ഭീകരം... ഒരു ചെകുത്താന്റെ മട്ടിലാണ് അവിടെ ഹാരിയുടെ പെരുമാറ്റം..." സാറ പറഞ്ഞു.


കെൽസോയ്ക്കുള്ള ഭക്ഷണം ഹെലൻ ഒരു ട്രേയിൽ എടുത്തു വച്ചിട്ടുണ്ടായിരുന്നു. "അവരൊന്നും കഴിച്ചു കഴിഞ്ഞിട്ടില്ലല്ലോ... അപ്പോഴേക്കും ഞാൻ ഇത് മുകളിൽ കൊണ്ടുപോയി കൊടുത്തിട്ട് വരാം..." ഹെലൻ പറഞ്ഞു.


പിൻഭാഗത്തെ സ്റ്റെയർകെയ്സ് വഴി മുകളിലെത്തിയ ഹെലൻ തന്റെ മാസ്റ്റർ ബെഡ്റൂമിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറി. ആ നിമിഷം തന്നെയാണ്‌ ഇടനാഴിയുടെ അറ്റത്തായി ഗ്വിഡോ ഓർസിനി കടന്നു പോയതും. ട്രേയിൽ ഭക്ഷണവുമായി സ്വന്തം റൂമിലേക്ക് പോകുന്ന ഹെലനെ കണ്ട് ആശ്ചര്യപ്പെട്ട അയാൾ കരുതലോടെ അങ്ങോട്ട് നീങ്ങി. ഒ‌ന്ന് സംശയിച്ചു നിന്നിട്ട് അയാൾ ആ വാതിലിന്റെ ഹാൻഡിലിൽ കൈ വച്ചു. ഹെലനാകട്ടെ, നിർഭാഗ്യവശാൽ ഡോർ ലോക്ക് ചെയ്യാൻ മറന്നും പോയിരുന്നു. ഉള്ളിലേക്ക് എത്തി നോക്കിയ അയാൾ കണ്ടത് തുറന്ന് കിടക്കുന്ന ആ രഹസ്യവാതിൽ ആണ്. ശബ്ദമുണ്ടാക്കാതെ പതുങ്ങി ആ വാതിലിനരികിലെത്തി അയാൾ ചെവിയോർത്തു. മുകളിൽ നിന്നും പതിഞ്ഞ സ്വരത്തിലുള്ള സംസാരം കേൾക്കാമായിരുന്നു. ഏതാനും മാത്ര അത് ശ്രദ്ധിച്ചതിന്‌ ശേഷം തിരിഞ്ഞ് പുറത്തു കടന്ന് അയാൾ വാതിൽ ചാരി. 


                                  ***


പതിഞ്ഞ സ്വരത്തിൽ‌ എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്ന ഗാലഗറിനെയും സാറയെയുമാണ് കിച്ചണിൽ എത്തിയ ഗ്വിഡോ കണ്ടത്. "ആഹ്, നീ ഇവിടെ ആയിരുന്നോ...?" ഓർസിനി പുഞ്ചിരിച്ചു. "അവരവിടെ രാഷ്ട്രീയ ചർച്ചയിലാണ്... വിരോധമില്ലെങ്കിൽ നമുക്ക് ടെറസ്സിലേക്ക് പോയാലോ...? ഗാർഡനിൽ അല്പനേരം നടക്കാം..."


"ഇയാളെ വിശ്വസിക്കാമോ...?" പതിഞ്ഞ സ്വരത്തിൽ അവൾ ഗാലഗറിനോട് ആരാഞ്ഞു.


"അങ്ങനെ കണ്ണടച്ച് വിശ്വസിക്കുകയൊന്നും‌ വേണ്ട... പ്രത്യേകിച്ചും നിന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരി..."


"എങ്കിൽ അല്പം കരുതൽ വേണമല്ലോ..." അവൾ മന്ത്രിച്ചു. "കേണൽ ഫോഗെൽ എന്നെ അന്വേഷിക്കുകയാണെങ്കിൽ മുകളിൽ പോയിരിക്കുകയാണ്, പെട്ടെന്ന് തന്നെ തിരിച്ചെത്തും എന്ന് പറഞ്ഞേക്കൂ..." ഔപചാരികതയോടെ അവൾ കൂട്ടിച്ചേർത്തു.


തെളിഞ്ഞ ആകാശത്തിൽ തിളങ്ങുന്ന അർദ്ധചന്ദ്രൻ. മാനമെങ്ങും വാരിവിതറിയത് പോലെ അസംഖ്യം താരകങ്ങൾ. ആകാശം മുട്ടുമെന്ന മട്ടിൽ നിൽക്കുന്ന പനയുടെ ചില്ലകൾ. എല്ലാത്തിനുമുണ്ട് മനം മയക്കുന്ന ശോഭ. മുമ്പ് പെയ്ത മഴയിൽ എങ്ങും വ്യാപിച്ചിരിക്കുന്ന പൂക്കളുടെ ഗന്ധം.


"അസേലിയാ പുഷ്പങ്ങൾ..." അവൾ ഗാഢമായി ശ്വാസം ഉള്ളിലേക്കെടുത്തു. "എനിക്ക് ഏറെ ഇഷ്ടപ്പെട്ട പൂക്കളാണിവ..." 


"യൂ ആർ എ റിമാർക്കെബ്‌ൾ ഗേൾ..." ഗ്വിഡോ പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു. "ഇംഗ്ലീഷിൽ സംസാരിക്കുന്നത് കൊണ്ട് നിനക്ക് വിരോധമൊന്നും ഇല്ലല്ലോ അല്ലേ...? ഇവിടെയിപ്പോൾ ആരും ഇല്ല... എനിക്ക് ഫ്രഞ്ചിനെക്കാളും സൗകര്യം അതാണ് താനും..."


"ഓൾറൈറ്റ്... ബട്ട് നോട്ട് ഫോർ ലോങ്ങ്..." അവൾ പറഞ്ഞു.


"ഇതിന് മുമ്പൊരിക്കലും നീ ജെഴ്സിയിൽ വന്നിട്ടില്ല...?"


"ഇല്ല... എന്റെ അമ്മയുടെ മരണശേഷം മുത്തശ്ശിയോടൊപ്പം പൈമ്പലിൽ ആയിരുന്നു ഞാൻ വളർന്നത്..."


"ഐ സീ... അപ്പോൾ നിന്റെ അമ്മയായിരുന്നു ഇംഗ്ലീഷുകാരി..."


"ദാറ്റ്സ് റൈറ്റ്..."


അയാളുടെ ചോദ്യം ചെയ്യലിൽ തെല്ല് നീരസം തോന്നാതിരുന്നില്ല അവൾക്ക്. അതിനാൽത്തന്നെ അല്പം കരുതലോടെ അവൾ ഗാർഡനിലെ ഗ്രാനൈറ്റ് പടിയിൽ ഇരുന്നു. അവൾക്ക് പിന്നിൽ ആകാശത്തിൽ ചന്ദ്രൻ തിളങ്ങുന്നുണ്ടായിരുന്നു. "നീ ജിറ്റാൻസ് വലിക്കുമല്ലോ അല്ലേ...?" ഒരു സിഗരറ്റ് നീട്ടിക്കൊണ്ട് ഓർസിനി ചോദിച്ചു.


ഇതിനോടകം സിഗരറ്റ് വലിച്ച് ശീലമായിത്തുടങ്ങിയിരുന്ന അവൾ തല കുലുക്കി. "ഇന്നത്തെ അവസ്ഥയിൽ കിട്ടുന്നത് വലിക്കുകയല്ലേ മാർഗ്ഗമുള്ളൂ...?"


അയാൾ അവളുടെ സിഗരറ്റിന്‌ തീ കൊളുത്തിക്കൊടുത്തു. "അതെ... ശരിയാണ്...  പിന്നെ, നീ ഫ്രഞ്ച് സംസാരിക്കുന്നത് ബ്രെറ്റൻ ചുവയോടെയാണല്ലോ..."


"അതിലിപ്പോൾ എന്താണിത്ര അസ്വാഭാവികത...? എന്റെ മുത്തശ്ശി ബ്രെറ്റൻ ആയിരുന്നു..."


"അതെനിക്കറിയാം... നിന്റെ ഇംഗ്ലീഷാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്... വെരി അപ്പർ ക്ലാസ്... ഞാൻ വിഞ്ചസ്റ്ററിൽ പഠിച്ചിട്ടുണ്ട്... അതുകൊണ്ട് എനിക്ക് മനസ്സിലാവുമത്..."


"റിയലി...? അയാം എ ലക്കി ഗേൾ ദെൻ..." അവൾ എഴുന്നേറ്റു. "ഞാൻ താഴേക്ക് ചെല്ലട്ടെ, ഗ്വിഡോ... അധികനേരം എന്നെ കാണാതിരുന്നാൽ മാക്സ് അസ്വസ്ഥനാകും... പ്രത്യേകിച്ചും ഒരു അന്യപുരുഷന്റെ കൂടെയായിരുന്നു ഞാനെന്നറിഞ്ഞാൽ..."


"തീർച്ചയായും..." 


അയാളുടെ കൈ പിടിച്ച് ആ ഗാർഡനിലൂടെ അവൾ തിരിച്ചു നടന്നു. ഇളംകാറ്റിൽ അസേലിയാ പുഷ്പങ്ങളുടെ ഗന്ധം വീണ്ടും പരന്നു. "ഐ ലൈക്ക് യൂ ആൻ മാരി ലത്വാ... ഐ ലൈക്ക് യൂ എ ലോട്ട്... നിനക്കത് ഓർമ്മയുണ്ടായിരിക്കണം..."


"ഓൺലി ലൈക്ക്...?" അവൾ ചോദിച്ചു. "പ്രേമമാണെന്ന് പറയുമെന്നാണ് ഞാൻ കരുതിയത്..." 


വളരെ അപകടകരമായ ഒരു ഗെയിമാണ്‌ അവളിപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് അവൾ പൂർണ്ണ ബോധവതി ആയിരുന്നു താനും. എ‌ങ്കിലും വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാത്തതിനാൽ പോകുന്നിടം വരെ പോകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു അവൾ.


"ഓൾ റൈറ്റ്... ഐ ലവ് യൂ..." അയാൾ അവളെ വലിച്ച് തന്നിലേക്കടുപ്പിച്ച് കരവലയത്തിലൊതുക്കി  വികാര പാരവശ്യത്തോടെ ആ അധരങ്ങളിൽ ചുംബിച്ചു. "ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ...?"


"യെസ് ഗ്വിഡോ... എനിക്ക് മനസ്സിലാവുന്നു..." അവൾ മന്ത്രിച്ചു.


ടെറസ്സിലെത്തിയ മാർട്ടിനോ നിലാവെട്ടത്തിൽ ചുറ്റിനും പരതിക്കൊണ്ട് ഫ്രഞ്ചിൽ വിളിച്ചു. "ആൻ മാരി, നീ എവിടെയാണ്...?"


"വരുന്നൂ..." ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് അവൾ ഓർസിനിയുടെ കവിളിൽ പതുക്കെ തട്ടി. "നമുക്ക് നാളെ കാണാം, ഗ്വിഡോ..." അവൾ ടെറസ്സിലേക്കുള്ള പടവുകൾ ഓടിക്കയറി.



(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


11 comments:

  1. കെൽസോ അങ്ങനെ പണി മേടിക്കാൻ പോണ്...

    ReplyDelete
    Replies
    1. കണ്ടറിയണം ഉണ്ടാപ്രീ എന്തു സംഭവിക്കുമെന്ന്...

      Delete
  2. ശ്ശേടാ...ഇവരിത് എന്ത് ഭാവിച്ചാ ?

    ReplyDelete
    Replies
    1. ഇത്തിരി ലോലഹൃദയ ആയിപ്പോയി... ഓർസിനിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ...

      Delete
  3. അസേലിയ പുഷ്പങ്ങളുടെ ഗന്ധം..ആകെ കുഴപ്പമാവൂലോ..😀

    ReplyDelete
  4. തെളിഞ്ഞ ആകാശം.. താരകങ്ങൾ.. അസേലിയ പൂക്കളുടെ ഗന്ധം..

    ഹെലനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

    ReplyDelete
    Replies
    1. ഹെലൻ അല്ല ജിമ്മാ... നമ്മുടെ സാറയാണ്...

      Delete
  5. പണിയാകാകുമല്ലോ. ഈ പെണ്ണെന്നാ ഭാവിച്ചാ.... 😜

    ReplyDelete
    Replies
    1. കൊച്ചുപെണ്ണല്ലേ... മനസ്സിന് ചാഞ്ചാട്ടം കൂടുതലാ...

      Delete