Saturday, July 9, 2022

നൈറ്റ്‌ ഓഫ്‌ ദി ഫോക്സ്‌ - 70

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ആ സിട്രോൺ കാർ, ഹാർബർ താണ്ടി എസ്പ്ലനേഡിലൂടെ നീങ്ങവെ ഗ്രൈസർ ചോദിച്ചു. "സ്റ്റ്യൂട്ഗാർട്ടിലുള്ള എന്റെ സഹോദരനെ വിളിക്കാൻ ഇന്നലെ രാത്രി കോൾ ബുക്ക് ചെയ്തിരുന്നതോർമ്മയില്ലേ...?”

 

“അതെ... എന്നിട്ടെന്തു പറഞ്ഞു അയാൾ...?” മുള്ളർ ചോദിച്ചു.

 

“അവനെ കിട്ടിയില്ല... ലീവിലായിരുന്നു... ഇന്ന് നൈറ്റ് ഷിഫ്റ്റിൽ ജോലിക്കെത്തും... അപ്പോൾ വീണ്ടും വിളിക്കണം...”

 

“ഓ, ഇനിയിപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...” മുള്ളർ പറഞ്ഞു. “നമ്മുടെ സുഹൃത്ത് ഫോഗെലിന്റെ കാര്യത്തിൽ ഇനി ദുരൂഹതയൊന്നുമില്ല... ഫീൽഡ് മാർഷൽ വരുന്നതിന് മുന്നോടിയായി അദ്ദേഹം ഇവിടെയെത്തി... അത്ര തന്നെ...”

 

“പക്ഷേ, ഈ റോമൽ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വരുന്നത്...?” ഗ്രൈസർ ചോദിച്ചു.

 

“തെക്ക് ഡൈപ്പ് മുതൽ ഫ്രഞ്ച് തീരം മൊത്തം നാം നിർമ്മിച്ചിരിക്കുന്ന മിലിട്ടറി പോസ്റ്റുകളും ബാരക്കുകളും എല്ലാം കണക്കിലെടുക്കുകയാണെങ്കിൽ അതിന്റെ പകുതിയും ഈ ദ്വീപിൽത്തന്നെയാണുള്ളത്...” മുള്ളർ പറഞ്ഞു. “ബ്രിട്ടീഷ് അധിനിവേശം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ അതെല്ലാം ഒന്ന് കണ്ടു വിലയിരുത്തണമെന്ന് അദ്ദേഹത്തിന് ഒരുപക്ഷേ തോന്നിക്കാണണം...” അദ്ദേഹം വാച്ചിലേക്ക് നോക്കി. “അതേക്കുറിച്ചോർത്ത് തൽക്കാലം തല പുകയ്ക്കണ്ട... നമ്മുടെ ജോലി ഭംഗിയായി ചെയ്യുക... പത്തു മിനിറ്റും കൂടിയേ ഉള്ളൂ വിമാനം എത്താൻ...”

 

                                                   ***

 

എയർപോർട്ടിൽ എത്തിയ മാർട്ടിനോ തന്റെ പാസ് ചെക്ക് ചെയ്യുവാനായി സെൻട്രിയുടെ കൈവശം കൊടുത്തു. അദ്ദേഹം യൂണിഫോമിൽ ആയിരുന്നതിനാൽ അത് വെറുമൊരു ചടങ്ങ് മാത്രമായിരുന്നു. പ്രധാന കവാടത്തിന് വെളിയിൽ ധാരാളം കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. അവയുടെയെല്ലാം ഡ്രൈവർമാരും അരികിൽത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. കറുത്ത വലിയ ഓസ്റ്റിൻ ലിമോസിന്റെ ബോണറ്റിൽ മിലിട്ടറി കമാൻഡറുടെ പതാക ഘടിപ്പിച്ചിരിക്കുന്നു.

 

മുള്ളറുടെ സിട്രോൺ കാറിന്റെ പിന്നിലായി മാർട്ടിനോ തന്റെ ക്യൂബൽവാഗൺ പാർക്ക് ചെയ്തു. അതിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഗ്രൈസർ ഇരിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിരുന്ന ഡ്രൈവർമാരുടെ കൂട്ടത്തിൽ സിവിലിയൻ ഡ്രെസ് ധരിച്ച ഏകവ്യക്തി. അയാളെ അവഗണിച്ച് മാർട്ടിനോ എയർപോർട്ട് ബിൽഡിങ്ങിനുള്ളിലേക്ക് നടന്നു. എവിടെ നോക്കിയാലും യൂണിഫോം ധാരികൾ. മുഖ്യമായും ലുഫ്ത്‌വാഫ് അംഗങ്ങൾ. അവർക്കിടയിൽ ഒറ്റപ്പെട്ടതു പോലെ തോന്നിയെങ്കിലും തരിമ്പും ഭയം കൂടാതെ അദ്ദേഹം മുന്നോട്ട് നടന്നു. വിധി തനിക്ക് നൽകിയ ചീട്ടുകൾ കൊണ്ട് കഴിവിന്റെ പരമാവധി ഭംഗിയായി കളിച്ചേ തീരൂ.

 

ഗാർഡ് ഓഫ് ഓണർ നൽകുവാനായി മുള്ളറും ഒരു സംഘം ഓഫീസർമാരുമായി നെക്കർ പുറത്ത് ഏപ്രണിൽ നിൽക്കുന്നുണ്ടായിരുന്നു. മാർട്ടിനോയെ കണ്ടതും നെക്കറും മുള്ളറും തെല്ല് പരിഭ്രമം കലർന്ന പുഞ്ചിരിയോടെ അടുത്തേക്ക് വന്നു. “ഏതാനും മിനിറ്റുകൾക്കകം അവർ എത്തിച്ചേരും” നെക്കർ ഒരു സിൽവർ കെയ്സ് തുറന്ന് ഒരു സിഗരറ്റ് നീട്ടി. “ഒരു മുന്നറിയിപ്പുമില്ലാതെ ഫീൽഡ് മാർഷൽ എത്തുന്നു എന്ന് കേട്ടപ്പോൾ ഞങ്ങൾക്കത് വല്ലാത്ത ഷോക്കായിപ്പോയി പക്ഷേ, താങ്കൾക്ക് അങ്ങനെയായിരിക്കില്ല എന്ന് എനിക്കറിയാം

 

അയാൾ എന്താണുദ്ദേശിച്ചതെന്ന് അപ്പോഴാണ് മാർട്ടിനോയ്ക്ക് പിടികിട്ടിയത്. തന്റെ ദുരൂഹമായ സാന്നിദ്ധ്യത്തിനും റോമലിന്റെ അപ്രതീക്ഷിതമായ സന്ദർശനത്തിനും തമ്മിൽ ബന്ധമുണ്ടെന്ന് അവർ ധരിച്ചു വച്ചിരിക്കുന്നു. അതേതായാലും നന്നായി. “മൈ ഡിയർ നെക്കർ, നിങ്ങൾ എന്താണുദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല

 

അസ്വസ്ഥതയോടെ നെക്കർ മുള്ളറുടെ നേരെ നോക്കി. താൻ പറഞ്ഞത് അവർ ഇരുവരും വിശ്വസിച്ചിട്ടില്ല എന്നത് വ്യക്തം. ഈ സാഹചര്യത്തിന് ഏറ്റവും അനുയോജ്യവും അതുതന്നെയാണ്. ഏതാനും വാര ദൂരേയ്ക്ക് മാറി കൈകൾ പിറകിൽ കെട്ടി നിന്ന് അദ്ദേഹം ആ എയർപോർട്ട് മൊത്തമായി ഒന്ന് വീക്ഷിച്ചു. ലുഫ്ത്‌വാഫ് നിർമ്മിച്ചതാണെന്ന് തോന്നുന്നു, ഏഴ് ബ്ലിസ്റ്റർ ഹാങ്കറുകളുണ്ട്. അവയിൽ ഒന്നിന്റെ തുറന്നു കിടക്കുന്ന വാതിലിലൂടെ ഒരു ജങ്കേഴ്സ്-52 വിമാനത്തിന്റെ പാർശ്വഭാഗം കാണാനുണ്ട്. ജർമ്മൻ ആർമിയുടെ ആവശ്യങ്ങൾക്കായി പൊതുവേ ഉപയോഗിക്കപ്പെടുന്നവയാണ് മൂന്ന് എഞ്ചിനോടു കൂടിയ JU52 വിമാനങ്ങൾ. വേറെ വിമാനങ്ങളൊന്നും അവിടെയുള്ളതായി കാണപ്പെട്ടില്ല.

 

“ഇപ്പോഴും ദുരൂഹത നിറഞ്ഞ മനുഷ്യനായി നടക്കാനാണ് അദ്ദേഹത്തിന് താല്പര്യം” നെക്കർ മുള്ളറോട് പതുക്കെ പറഞ്ഞു.

 

മാർട്ടിനോ അവരുടെയരികിലേക്ക് വീണ്ടുമെത്തി. “ലുഫ്ത്‌വാഫിന് ഇവിടെ കാര്യമായ റോളൊന്നും ഇല്ലെന്ന് തോന്നുന്നു?”

 

“നിർഭാഗ്യവശാൽ ഇല്ല ഈ ഭാഗത്തെ വ്യോമമേഖലയിൽ ശത്രുവിനാണ് പ്രാമുഖ്യം

 

ഹാങ്കറിന് നേർക്ക് ചൂണ്ടി മാർട്ടിനോ ചോദിച്ചു. “ആ കിടക്കുന്ന JU52 എന്താണ് ഇവിടെ ചെയ്യുന്നത്?”

 

“മെയിൽ സർവീസ് നടത്തുന്ന വിമാനമാണത് പൈലറ്റും ഒരു സഹായിയും കൂടി ആഴ്ച്ചയിൽ ഒരിക്കൽ ഓപ്പറേറ്റ് ചെയ്യുന്നു അതും ഇരുട്ടിന്റെ മറവിൽ മാത്രം ഇന്നലെ രാത്രി എത്തിയതേയുള്ളൂ

 

“എപ്പോഴാണ് മടക്കയാത്ര?”

 

“നാളെ രാത്രി

 

ദൂരെ നിന്നും ഒരു വിമാനത്തിന്റെ ഇരമ്പൽ ശബ്ദം കേൾക്കാറായി. അവർ തിരിഞ്ഞു നോക്കി. ഉൾക്കടലിന് മുകളിലൂടെ പറന്നെത്തിയ ഒരു സ്റ്റോർക്ക് വിമാനം അനായാസം റൺവേയിൽ ലാന്റ് ചെയ്തു. പൈലറ്റ് ഓബർലെഫ്റ്റനന്റ് സോർസ റൺവേയ്ക്ക് സമീപം കാത്തു നിൽക്കുന്ന ഓഫീസർമാരുടെ അടുത്തേക്ക് വിമാനം ടാക്സി ചെയ്യവേ കോൺറാഡ് ഹോഫർ ഒരു നിമിഷം ഹെയ്നി ബാമിന്റെ ചുമലിൽ കൈ വച്ച് ധൈര്യം പകർന്നു. അയാളെ നോക്കി തല കുലുക്കിയ ബാം തന്റെ ക്യാപ്പിന്റെ ചെരിവ് അഡ്ജസ്റ്റ് ചെയ്തിട്ട് ഗ്ലൗസ് ടൈറ്റ് ചെയ്തു. നിന്റെ സമയമായിരിക്കുന്നു ഹെയ്നി അയാൾ മനസ്സിൽ പറഞ്ഞു. നല്ല പ്രകടനമായിരിക്കണം കാഴ്ച്ച വയ്ക്കുന്നത്

 

സോർസ വിമാനത്തിന്റെ വാതിൽ തുറന്നു. പുറത്തിറങ്ങിയ ഹോഫർ, ബാമിനെ സഹായിക്കാനായി കൈ നീട്ടി. തന്റെ ലെതർകോട്ടിന്റെ ബട്ടൻസ് തുറന്ന് കഴുത്തിലെ ബ്ലൂ മാക്സ്, നൈറ്റ്സ് ക്രോസ് എന്നീ മെഡലുകൾ കാണത്തക്ക വിധം ഹെയ്നി ബാം പുറത്തിറങ്ങി. മുന്നോട്ട് നീങ്ങിയ ഫെലിക്സ് നെക്കർ അയാളുടെ മുന്നിലെത്തി ആചാരപൂർവ്വം മിലിട്ടറി സല്യൂട്ട് നൽകി. “താങ്കളെ കാണാനായത് ഒരു ബഹുമതിയായി കരുതുന്നു, ഫീൽഡ് മാർഷൽ

 

തന്റെ കൈയ്യിലെ ബാറ്റൺ കൊണ്ട് ക്യാപ്പിന്റെ തുമ്പിൽ അശ്രദ്ധമായി ഒന്ന് തട്ടിയിട്ട് ഹെയ്നി ബാം ചോദിച്ചു. “നിങ്ങൾ?”

 

“ഫെലിക്സ് നെക്കർ, സർ ഇവിടുത്തെ താൽക്കാലിക ചുമതല എനിക്കാണ് കേണൽ ഹെയ്ൻ ഗ്വെൺസിയിലേക്ക് പോയിരിക്കുകയാണ് ജനറൽ വോൺ ഷ്മെറ്റോ വിളിച്ചു ചേർത്ത വാരാന്ത്യ മീറ്റിങ്ങിനായി

 

“യെസ്, എനിക്കറിയാം അതേക്കുറിച്ച്

 

“താങ്കൾ വരുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ…….” നെക്കർ പറഞ്ഞു തുടങ്ങി.

 

“വെൽ, ആരെയും അറിയിച്ചിരുന്നില്ല ഇത് കോൺറാഡ് ഹോഫർ എന്റെ അസിസ്റ്റന്റ്ഇനി ആരൊക്കെയാണ് ഇവരെന്ന് പരിചയപ്പെടുത്തൂ

 

നെക്കർ അവിടെയുള്ള ഓഫീസർമാരെ പരിചയപ്പെടുത്തുവാൻ തുടങ്ങി. “ഇത്  സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ ഇദ്ദേഹത്തെ താങ്കൾക്ക് അറിയാമെന്ന് കരുതുന്നു

 

“ഇല്ല” മാർട്ടിനോ പറഞ്ഞു. “ഫീൽഡ് മാർഷലിനെ ഇതിനു മുമ്പ് സന്ധിക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല

 

റോമലിന്റെ അതൃപ്തി പ്രകടമായിരുന്നു. മുള്ളറെയും മറ്റ് ഓഫീസർമാരെയും പരിചയപ്പെട്ടതിന് ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു കൊണ്ട് അദ്ദേഹം മുന്നോട്ട് നീങ്ങി. അതിന് ശേഷം അടുത്തു കണ്ട ആയുധപ്പുരയുടെ നേർക്ക് നടന്നു. ഓഫീസർമാർ എല്ലാവരും അദ്ദേഹത്തെ അനുഗമിച്ചു. ഗൺ ക്രൂവിനോട് രണ്ടു വാക്ക് സംസാരിച്ചതിന് ശേഷം ഹാങ്കറിനരികിൽ നിലയുറപ്പിച്ചിരുന്ന ലുഫ്ത്‌വാഫ് ഗ്രൗണ്ട് ക്രൂവിനരികിലേക്ക് നീങ്ങി.

 

പരിശോധനയെല്ലാം കഴിഞ്ഞ് അദ്ദേഹം തിരികെ എയർപോർട്ട് ബിൽഡിങ്ങിന് നേർക്ക് നടന്നു. “വളരെ നല്ല കാലാവസ്ഥ ഇതുപോലെ തന്നെയായിരിക്കുമോ ഇന്ന് മുഴുവനും?” ആകാശത്തേക്ക് കണ്ണോടിച്ചിട്ട് അദ്ദേഹം ചോദിച്ചു.

 

“ഇന്നത്തെ ഫൊർകാസ്റ്റ് ശുഭസൂചകമാണ്, ഹെർ ഫീൽഡ് മാർഷൽ” നെക്കർ പറഞ്ഞു.

 

“എക്സലന്റ് എനിക്ക് എല്ലായിടവും ഒന്ന് പരിശോധിക്കണം മനസ്സിലായോ? നാളെയാണ് ഞാൻ മടങ്ങുക ഒരു പക്ഷേ, വൈകുന്നേരം അതുകൊണ്ട് ഇന്ന് രാത്രിയിലേക്കുള്ള താമസസൗകര്യം ഏർപ്പാടാക്കണം ഉടനെ വേണമെന്നില്ല, അല്പം കഴിഞ്ഞിട്ടായാലും മതി

 

“ലുഫ്ത്‌വാഫ് ഓഫീസർമാരുടെ മെസ്സിൽ ചെറിയ തോതിൽ ലഞ്ച് തയ്യാറാക്കിയിട്ടുണ്ട്, ഹെർ ഫീൽഡ് മാർഷൽ അവരോടൊപ്പം ഭക്ഷണം കഴിക്കാനും രണ്ട് വാക്ക് സംസാരിക്കാനും താങ്കൾക്ക് വിരോധമില്ലെങ്കിൽ വളരെ സന്തോഷമായിരിക്കും അവർക്ക്

 

“തീർച്ചയായും, മേജർ പക്ഷേ, ജോലി തീർത്തതിന് ശേഷം പലയിടത്തും സന്ദർശിക്കുവാനുണ്ട് അപ്പോൾ എങ്ങോട്ടാണ് നാം ആദ്യം പോകുന്നത്?”

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

11 comments:

  1. വേഷപ്രച്ഛന്നരായി വന്നു വൻ പ്രകടനം ആണല്ലോ രണ്ടാളും..ആരു ജയിക്കുമോ ആവോ

    ReplyDelete
    Replies
    1. അതല്ലേ അതിന്റെ രസം... അടിപൊളി ട്വിസ്റ്റ് ആയിരിക്കും... ബിലീവ് മീ, ഉണ്ടാപ്രീ...

      Delete
  2. ഇരുട്ടിന്റെ മറവിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന JU52.. ഉപകാരപ്പെടും..

    ReplyDelete
    Replies
    1. എന്തിനാണാവോ... ഒരെണ്ണം മേടിയ്ക്കുന്നൊ 😁

      Delete
    2. RAF ന്റെ ഫൈറ്ററുകളെ പേടിച്ചിട്ടാണ്‌ ജിമ്മാ... അല്ലാതെ വേറെ ഉദ്ദേശ്യമൊന്നുമില്ല...

      Delete
    3. തളിപ്പറമ്പീന്ന് പെരുമ്പടവിൽ പോകാൻ ഒരെണ്ണം വേണ്ടി വരും ശ്രീക്കുട്ടാ... അമ്മാതിരി വഴിയല്ലേ... 😛

      Delete
  3. "വിധി നൽകിയ ചീട്ടുകൾ കൊണ്ട് കഴിവിന്റെ
    പരമാവധി ഭംഗിയായി കളിച്ചേ തീരൂ". വളരെ ശരി.

    ReplyDelete
  4. ആൾമാറാട്ടന്മാർ നേരിൽ.... എന്റമ്മോ


    ReplyDelete
    Replies
    1. എങ്ങനെയുണ്ട്...? കിടിലനല്ലേ...?

      Delete