Friday, July 22, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 72

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഉൾക്കടലിനപ്പുറം അനന്തതയിലേക്ക് കണ്ണും നട്ട്, ഡു വിലാ പ്ലേസിലെ ഗാർഡന്റെ അരമതിലിൽ ഇരിക്കുകയാണ് സാറ. ഒരു സിഗരറ്റ് പുകച്ചുകൊണ്ട് ഓർസിനി അവൾക്കരികിൽ മതിലിൽ ചാരി നിൽക്കുന്നുണ്ട്. “സാറാ… നിന്നെക്കുറിച്ച് ഇനിയും അറിയണമെന്നുണ്ട് എനിക്ക്…” ഇംഗ്ലീഷിലാണ് അയാൾ സംസാരിച്ചത്. “ഒരു ഫ്രഞ്ച് കോൾഗേൾ ആയി നിന്നെ വേഷം കെട്ടിച്ചത് ആരായാലും ശരി, ഏറ്റവും വലിയ മണ്ടത്തരമാണ് അവർ ചെയ്തത്… നിന്റെ കാര്യത്തിൽ എന്തോ ഒരു പൊരുത്തക്കേട് തുടക്കം മുതലേ എനിക്ക് തോന്നിയിരുന്നു…”


“അപ്പോൾ ഹാരിയുടെ കാര്യത്തിലോ…? അസ്വാഭാവികത ഒന്നും തന്നെ തോന്നിയില്ല…?”


“ഇല്ല… മറിച്ച് ഭയമായിരുന്നു… ഫോഗെലിന്റെ റോൾ അത്രയ്ക്കും ഗംഭീരമായിട്ടാണ് അദ്ദേഹം ചെയ്യുന്നത്…”


“സത്യം…” അവൾക്ക് വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി. “അദ്ദേഹം പോയിട്ട് കുറേ നേരമായല്ലോ… എന്തായോ എന്തോ…!”


“അദ്ദേഹത്തിന് ഒരു കുഴപ്പവും വരില്ല… അക്കാര്യത്തിൽ യാതൊരു ഉത്കണ്ഠയുമില്ല എനിക്ക്… നിനക്ക് അദ്ദേഹത്തെ ഇഷ്ടമാണല്ലേ…?”


“അതെ…” അവൾ പറഞ്ഞു. “വേണമെങ്കിൽ അങ്ങനെയും പറയാം…” കൂടുതൽ എന്തെങ്കിലും പറയാനാവുന്നതിന് മുമ്പ് ഹെലനും ഗാലഗറും കൂടി ആ പുൽത്തകിടി കടന്ന് അവർക്കരികിലേക്ക് വന്നു.


“എന്താണ് രണ്ടു പേരും കൂടി…?” ഹെലൻ ആരാഞ്ഞു.


“പ്രത്യേകിച്ചൊന്നുമില്ല…” സാറ പറഞ്ഞു. “ഹാരിയുടെ വിവരമൊന്നുമില്ലല്ലോ എന്ന് പറയുകയായിരുന്നു ഞങ്ങൾ…”


“ചെകുത്താനാണോ സ്വന്തം കാര്യം നോക്കാനറിയാത്തത്…” ഗാലഗർ പറഞ്ഞു. “അദ്ദേഹത്തിന്റെ കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമേയില്ല… ഇപ്പോൾ അതിനെക്കാൾ പ്രാധാന്യം കെൽസോയുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നതിനാണ്… അദ്ദേഹത്തെ തട്ടുംപുറത്ത് നിന്നും എന്റെ കോട്ടേജിലേക്ക് മാറ്റിയാലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്…”


ഗ്വിഡോ തല കുലുക്കി. “അത് ന്യായം… അവിടെ നിന്നാകുമ്പോൾ, സവരിയുമായി സംസാരിച്ച് കാര്യങ്ങൾക്കൊരു തീരുമാനമായാൽ പെട്ടെന്ന് അദ്ദേഹത്തെ ഹാർബറിലേക്ക് കൊണ്ടുപോകാൻ എളുപ്പമാകും…”


“ശരിയ്ക്കും ഇത് നടക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…?” സാറ ചോദിച്ചു.


“എന്താ നടക്കാതിരിക്കാൻ…? ഒരു ഫ്രഞ്ച് നാവികൻ എന്നതിന്റെ രേഖകൾ… അവ ശരിയാക്കാൻ എനിക്കും ജനറലിനും ഒരു ബുദ്ധിമുട്ടുമില്ല…” ഗ്വിഡോ ഉറപ്പു കൊടുത്തു.


“അദ്ദേഹത്തിന്റെ മുഖത്ത് നമ്മൾ ബാൻഡേജ് ഇടുന്നു… കോൺവോയിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് കടലിൽ കിടക്കുകയായിരുന്ന നാവികൻ…” ഗാലഗർ പറഞ്ഞു. “എന്തായാലും ഇന്ന് രാത്രി തന്നെ നാം അദ്ദേഹത്തെ ഇവിടെ നിന്നും മാറ്റുന്നു…” ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഗാലഗർ സാറയെ ചേർത്തു പിടിച്ചു. “ഇത് വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല… ബിലീവ് മീ…”


(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 


11 comments:

  1. ആത്മവിശ്വാസം ഇത്തിരി കൂടി പോയോ .?

    ReplyDelete
    Replies
    1. ഗാലഗറിനല്ലേ... ആശാന് ആത്മവിശ്വാസം ഇത്തിരി കൂടുതലാ...

      Delete
    2. ആത്മവിശ്വാസം ഇത്തിരി കൂടിപ്പോയെങ്കിലും ഈ ലക്കത്തിന്റെ നീളം വല്ലാതെ കുറഞ്ഞുപോയി..

      Delete
    3. അടുത്ത ലക്കം ഇത്തിരി നീളം കൂട്ടിയേക്കാമേ... 😊

      Delete
  2. അപ്പോ ഇന്ന് രാത്രി എന്തെങ്കിലുമൊക്കെ നടക്കും!!

    ReplyDelete
  3. ചെകുത്താനാണോ സ്വന്തം കാര്യം നോക്കാൻ അറിയാത്തത്..അത് കലക്കി

    ReplyDelete
    Replies
    1. മാർട്ടിനോയെ നന്നായി മനസ്സിലാക്കിയിരിക്കുന്നു ഗാലഗർ...

      Delete
  4. ഈ പെണ്ണിനെക്കൊണ്ട് തോറ്റു.

    ReplyDelete