ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
രാത്രി പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു. അടുക്കളയുടെ പിൻഭാഗത്തു നിന്നും നേരെ തന്റെ ബെഡ്റൂമിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഗോവണി വഴി ഒരു ട്രേയുമായി ഹെലൻ ഡു വിലാ മുകളിലേക്ക് കയറി. അവളുടെ സ്വകാര്യ ആവശ്യത്തിനുള്ളതായതിനാൽ അവിടെ തങ്ങുന്ന ഓഫീസർമാർ ആരും തന്നെ ആ ഗോവണി ഉപയോഗിക്കാറില്ല. എങ്കിലും അത്യന്തം ശ്രദ്ധാലു ആയിരുന്നു അവൾ. ട്രേയിൽ ഒരേയൊരു കപ്പ് മാത്രം. ഭക്ഷണം ആയാലും ഒരാൾക്കുള്ളത് മാത്രം. ഇത്രയും വൈകി തന്റെ ബെഡ്റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കണമെന്ന് അവൾ തീരുമാനിച്ചാൽ ചോദ്യം ചെയ്യാൻ ആർക്കവകാശം...?
ബെഡ്റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തിട്ട് അവൾ ബുക്ക് ഷെൽഫിന് നേർക്ക് നീങ്ങി. ആ ഷെൽഫിലെ രഹസ്യ വാതിൽ തുറന്ന് അകത്ത് കയറി മച്ചിൻപുറത്തേക്കുള്ള ഗോവണി കയറുന്നതിന് മുമ്പ് വാതിൽ അടച്ചു എന്നവൾ ഉറപ്പ് വരുത്തി. കട്ടിലിലെ തലയിണയിൽ ചാരിയിരുന്ന് എണ്ണവിളക്കിന്റെ വെട്ടത്തിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഹ്യൂ കെൽസോ. ആകെയുള്ള ഒരു ജാലകത്തിന്റെ പലക കൊണ്ടുള്ള കതകുകൾ അടച്ചിട്ടുണ്ട്. മാത്രവുമല്ല, കനം കൂടിയ കർട്ടൻ വലിച്ചിട്ടിട്ടുമുണ്ട്.
തലയുയർത്തി അദ്ദേഹം പുഞ്ചിരിച്ചു. "ഇന്ന് എന്തൊക്കെയാണ് വിഭവങ്ങൾ...?"
"അങ്ങനെ അധികമൊന്നുമില്ല... ചായ... നല്ല ഒറിജിനൽ ചായ... പിന്നെ ചീസ് സാൻഡ്‌വിച്ച്... ഈയിടെയായി ഞാൻ തന്നെയാണ് ചീസ് ഉണ്ടാക്കുന്നത്... താങ്കൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല... ആട്ടെ, ഏത് പുസ്തകമാണ് വായിക്കുന്നത്...?"
"നിങ്ങൾ തന്ന പുസ്തകങ്ങളിലൊന്ന്... ഏലിയറ്റിന്റെ The Four Quartets..."
"ഒരു എഞ്ചിനീയറായ താങ്കൾ വായിക്കുന്നത് കവിത...!" ബെഡ്ഡിന്റെ അരികിൽ ഇരുന്ന് അവൾ ഒരു സിഗരറ്റിന് തീ കൊളുത്തി.
"പണ്ടൊന്നും കവിതയിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല... പക്ഷേ, ഈ യുദ്ധം..." അദ്ദേഹം ചുമൽ വെട്ടിച്ചു. "മറ്റു പലരെയും പോലെ ഞാനും പലതിനുമുള്ള ഉത്തരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്... In my end is my beginning എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്... പക്ഷേ ഇവ രണ്ടിനും ഇടയിൽ എന്താണ്...? എന്താണ് ശരിക്കും അദ്ദേഹം ഉദ്ദേശിച്ചത്...?"
"വെൽ, ഇതിനൊക്കെയുള്ള ഉത്തരം എപ്പോഴെങ്കിലും കണ്ടെത്തുകയാണെങ്കിൽ എന്നെയും അറിയിക്കാൻ മറക്കരുത്..." ലോക്കറിനരികിൽ വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും ചിത്രം അപ്പോഴാണവൾ ശ്രദ്ധിച്ചത്. അവൾ അത് കൈയ്യിലെടുത്തു. "ഇവരെക്കുറിച്ച് എപ്പോഴും ഓർക്കാറുണ്ടോ താങ്കൾ...?"
"എപ്പോഴും... എന്റെ ജീവനാണവർ... ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ വൈവാഹിക ജീവിതം വിജയകരമായിരുന്നു എന്നർത്ഥം... വേറൊന്നും തന്നെ ഞാൻ ആഗ്രഹിച്ചിരുന്നില്ല... പക്ഷേ അപ്പോഴാണ് യുദ്ധം വന്നതും എല്ലാം താറുമാറായതും..."
"അതെ... യുദ്ധത്തിന് അങ്ങനെ ചില ദൂഷ്യവശങ്ങൾ കൂടിയുണ്ട്..."
"എന്നാലും എനിക്ക് പരാതിയൊന്നുമില്ല... സുഖപ്രദമായ കിടക്ക, രുചികരമായ ഭക്ഷണം, ഗൃഹാതുരത്വം പേറുന്ന എണ്ണവിളക്കിന്റെ വെട്ടം..."
"കൃത്യം ഒമ്പത് മണിക്ക് തന്നെ അവർ ഈ ഭാഗത്തേക്കുള്ള വൈദ്യുതി കട്ട് ചെയ്യും..." അവൾ പറഞ്ഞു. "ഈ എണ്ണവിളക്കിന്റെ വെട്ടം എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വാസം കൊള്ളുന്ന പലരെയും എനിക്കറിയാം..."
"അത്രയ്ക്കും മോശമാണോ ഇവിടുത്തെ അവസ്ഥ....?"
"സംശയമെന്ത്...?" അവളുടെ സ്വരത്തിൽ രോഷം കലർന്നിരുന്നു. "മറ്റെന്ത് പ്രതീക്ഷിക്കണം...? ഭാഗ്യം കൊണ്ട് മാത്രമാണ് ഈ ഒരു കപ്പ് ചായ പോലും താങ്കൾക്ക് കിട്ടുന്നത്... ഈ ദ്വീപിൽ ഭൂരിഭാഗം ഇടങ്ങളിലും ചായയിലയ്ക്ക് പകരം മുള്ളങ്കി അല്ലെങ്കിൽ ബ്ലാക്ക്ബെറി എന്നിവയുടെ ഇലകളാണ് ഉപയോഗിക്കുന്നത്... അല്ലെങ്കിൽ പിന്നെ ഓക്ക് മരത്തിന്റെ കായ പൊടിച്ചുണ്ടാക്കുന്ന Acorn coffee പരീക്ഷിച്ചു നോക്കണം... ജീവിതം അത്ര മാത്രം ദുഷ്കരമാണ്..."
"ഭക്ഷണത്തിന്റെ കാര്യമോ...?"
"ഒരു മനുഷ്യന് അത്യാവശ്യം വേണ്ടുന്നതിലും വളരെ കുറഞ്ഞയളവ് കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥ... അത്ര തന്നെ... പുകയിലയുടെ കാര്യവും വിഭിന്നമല്ല..." അവൾ തന്റെ സിഗരറ്റ് ഉയർത്തിക്കാണിച്ചു. "ഇത് പക്ഷേ ഒറിജിനൽ ആണ്... കരിഞ്ചന്തയിൽ നിന്നും ലഭിക്കുന്നത്... പരിചയമുള്ള ആളും ധാരാളം പണവും ഉണ്ടെങ്കിൽ എന്തും ലഭ്യമാണെന്നത് വേറെ വിഷയം... സമ്പന്നർക്ക് ഇപ്പോഴും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല... പൗണ്ടിന് പകരം റൈമാർക്ക് ആണ് ബാങ്കുകളിൽ ഇപ്പോൾ വിതരണം ചെയ്യുന്നത്..." അവൾ ചിരിച്ചു. "ജർമ്മൻ അധിനിവേശത്തിന് കീഴിൽ ജെഴ്സിയിലെ സാധരണ ജനങ്ങളുടെ മാനസികാവസ്ഥ എന്താണെന്നറിയുമോ താങ്കൾക്ക്...?"
"അറിയാൻ കൗതുകമുണ്ട്..."
"തീർത്തും വിരസം..." അവൾ അദ്ദേഹത്തിന്റെ തലയിണ തട്ടിക്കുടഞ്ഞു കൊടുത്തു. "എന്നാൽ ശരി, ഞാൻ ഉറങ്ങാൻ പോകുകയാണ്..."
"നാളെ സംഭവ ബഹുലമായ ഒരു ദിനമായിരിക്കും..." അദ്ദേഹം പറഞ്ഞു.
"സവരി അന്ന് കൊണ്ടുവന്ന സന്ദേശം വിശ്വസിക്കാമെങ്കിൽ..." അവൾ ട്രേ എടുത്തു. "രാത്രി എന്തായാലും കുറച്ച് ഉറങ്ങാൻ പറ്റുമോ എന്ന് നോക്കൂ..."
***
ഓർസിനി തന്റെ ക്യാബിൻ സാറയ്ക്ക് വിട്ടു കൊടുത്തിരുന്നു. ഒരു കബോർഡും വാഷ് ബേസിനും ഒരു ബങ്കും മാത്രമുള്ള വളരെ ചെറിയ ഒരു ക്യാബിൻ. ആകെയുള്ള ഒരു ജാലകം ബ്ലാക്കൗട്ട് റൂൾ പ്രകാരം വെളിച്ചം പുറത്തു കടക്കാതിരിക്കാൻ വേണ്ടി അടച്ചിരിക്കുന്നു. റൂമിൽ വായു സഞ്ചാരം ഇല്ലാത്തതിനാൽ അസഹനീയമായ ചൂടായിരുന്നു. ക്യാബിന് താഴെ നിന്നും എത്തുന്ന എഞ്ചിന്റെ മടുപ്പിക്കുന്ന മുരൾച്ച കേട്ട് അവൾക്ക് തലവേദനയുണ്ടാക്കി. കണ്ണുകളടച്ച് ബങ്കിൽ കിടക്കുന്ന അവൾ മനസ്സിനെ ശാന്തമാക്കുവാൻ ശ്രമിച്ചു. പെട്ടെന്ന് കപ്പൽ ഒന്ന് കുലുങ്ങിയത് പോലെ അവൾക്ക് തോന്നി. ഒരു പക്ഷേ തോന്നൽ മാത്രമായിരിക്കാം. എന്നാൽ തൊട്ടടുത്ത നിമിഷം ശക്തമായ ഒരു സ്ഫോടനം കേട്ടു.
അതിനു ശേഷം സ്ലോ മോഷനിൽ എന്നത് പോലെയാണ് കാര്യങ്ങൾ നടന്നത്. ചെറുതായി ഒന്ന് ഉയർന്ന് വീണ്ടും താഴോട്ട് പതിച്ചത് പോലെയുള്ള അനുഭവം. തൊട്ടു പിന്നാലെ ഒരു സ്ഫോടനം കൂടി. ഇത്തവണ ചുവരുകളിൽ വിറയൽ അനുഭവപ്പെട്ടു. അലറി കരഞ്ഞു കൊണ്ട് അവൾ ബങ്കിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞത് പെട്ടെന്നായിരുന്നു. ബങ്കിൽ നിന്നും ഊർന്നുപോയ അവൾ എതിർവശത്തെ വാതിൽക്കൽ ചെന്നു വീണു. മുകളിലെ ലോക്കറിൽ വച്ചിരുന്ന ഹാൻഡ്ബാഗ് അവളുടെ കാൽക്കൽ വന്ന് പതിച്ചു. ബാഗുമായി ചാടിയെഴുന്നേറ്റ അവൾ വാതിലിന് നേർക്ക് കുതിച്ചതും കതക് ശക്തിയായി അടഞ്ഞു. ഹാൻഡിലിൽ പിടിച്ച് തുറക്കാൻ കഠിന പ്രയത്നം നടത്തവെ അപ്രതീക്ഷിതമായി തുറന്ന കതകിന്റെ ശക്തിയിൽ അവൾ എതിർവശത്തെ ചുമരിലേക്ക് എടുത്തെറിയപ്പെട്ടു.
പരിഭ്രമം നിറഞ്ഞ മുഖത്തോടെ വാതിൽക്കൽ ഓർസിനി നിൽക്കുന്നുണ്ടായിരുന്നു. "പുറത്തു കടക്കൂ..." അയാൾ ആജ്ഞാപിച്ചു. "പെട്ടെന്ന്... സമയമില്ല..."
"എന്താണ് സംഭവിക്കുന്നത്...?" തന്റെ കൈയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് കുതിക്കുന്ന ഓർസിനിയോട് അവൾ ചോദിച്ചു.
"ടോർപിഡോ അറ്റാക്ക്... ഒന്നല്ല, രണ്ടു തവണ... നിമിഷങ്ങൾക്കകം കപ്പൽ മുങ്ങും...'
ഇടനാഴിയിലൂടെ മുകളിക്ക് കുതിച്ച അവർ സലൂണിൽ എത്തി. ആരും തന്നെ ഉണ്ടായിരുന്നില്ല അവിടെ. അയാൾ തന്റെ റീഫർകോട്ട് ഊരി അവൾക്ക് നേരെ നീട്ടി. "പെട്ടെന്ന് ഇത് ധരിക്കൂ..." ഹാൻഡ്ബാഗും പിടിച്ച് അമ്പരന്ന് നിൽക്കുകയായിരുന്ന അവൾ പെട്ടെന്ന് അത് വാങ്ങി ധരിച്ചിട്ട് തന്റെ ബാഗ് അതിന്റെ വലിയ പോക്കറ്റിലേക്ക് തിരുകി. ഒരു ലൈഫ് ജാക്കറ്റ് എടുത്ത് കൊടുത്തിട്ട് അത് ധരിക്കാൻ അവളെ അയാൾ സഹായിച്ചു. പിന്നെ ഒരെണ്ണം എടുത്ത് സ്വയം അണിഞ്ഞിട്ട് അവളെയും കൂട്ടി ഡെക്കിലേക്ക് കുതിച്ചു.
ഡെക്കിൽ എമ്പാടും ആളുകൾ പരിഭ്രാന്തരായി പല പ്രവൃത്തികളിൽ മുഴുകിയിരിക്കുകയായിരുന്നു. ചിലർ ലൈഫ്ബോട്ട് ഇറക്കുവാനുള്ള പരിശ്രമത്തിലാണ്. ബ്രിഡ്ജിനു മുകളിൽ ഗൺ ക്രൂ അലക്ഷ്യമായി ഇരുട്ടിലേക്ക് വെടിയുതിർത്തു കൊണ്ടിരിക്കുന്നു. അതിന് മറുപടിയെന്നോണം അവർക്ക് നേരെ ശത്രുപക്ഷത്തു നിന്നും തീഗോളങ്ങൾ വന്നു പതിച്ചു കൊണ്ടിരുന്നു. ബ്രിഡ്ജിന് മുകളിൽ നിന്ന് ആജ്ഞകൾ നൽകിക്കൊണ്ടിരുന്ന സവരിയുടെ സമീപമാണ് അതിലൊന്ന് വന്നു പതിച്ചത്. ഭയന്ന് അലറി വിളിച്ചു കൊണ്ട് അയാൾ ബ്രിഡ്ജിനു മുകളിലൂടെ ഡെക്കിലെ വൈക്കോൽക്കെട്ടുകൾക്ക് മുകളിലേക്ക് ചാടി. പീരങ്കിയിൽ നിന്നുമുള്ള ഷെല്ലുകൾ ലൈഫ്ബോട്ടുകളിലൊന്നിന്റെ പാർശ്വഭാഗത്ത് തുളഞ്ഞു കയറി.
ഓർസിനി സാറയെ തൊട്ടടുത്തു കണ്ട കൽക്കരിച്ചാക്കുകളുടെ മറവിലേക്ക് തള്ളിയിട്ടു. ആ നിമിഷമാണ് ശക്തിയായ മറ്റൊരു സ്ഫോടനം ഉണ്ടായത്. ഇത്തവണ അത് കപ്പലിനുള്ളിൽ ആയിരുന്നു. ഡെക്കിൽ നിന്നും പിളർന്ന് മാറിയ പിൻഭാഗത്ത് നിന്നും തീജ്വാലകൾ ഇരുട്ടിലേക്കുയർന്നു പൊങ്ങി. കപ്പൽ ഒന്നാകെ ഇടത്തോട്ട് ചരിഞ്ഞു. ഡെക്കിൽ അടുക്കി വച്ചിരുന്ന കൽക്കരിച്ചാക്കുകളും വൈക്കോൽക്കെട്ടുകളും മറ്റു ചരക്കുകളും എല്ലാം കൂടി കൈവരികൾക്ക് മുകളിലേക്ക് നിരങ്ങി വീണു തുടങ്ങി.
ലൈഫ്ബോട്ടുകളിൽ ഒന്നു പോലും കടലിലേക്ക് ഇറക്കുവാൻ ആകുമായിരുന്നില്ല ആ അവസ്ഥയിൽ. അത്രയ്ക്കും ചടുലമായിരുന്നു ശത്രുവിന്റെ ആക്രമണം. സവരിയുടെ പിന്നാലെ നാവികർ ഓരോരുത്തരായി കൈവരികൾക്ക് മുകളിലൂടെ കടലിലേക്ക് ചാടി. നില തെറ്റിയ ഓർസിനിയോടൊപ്പം സാറയും ഡെക്കിൽ മലർന്ന് വീണു. ചരിഞ്ഞ ഡെക്കിലൂടെ താൻ താഴോട്ട് തെന്നി നീങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് കൈവരികൾ വെള്ളത്തിനടിയിലായതും അവൾ കടലിലേക്ക് വീണതും.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ആഹാ.. തുടങ്ങിയോ
ReplyDeleteഉം... ടോർപിഡോ അറ്റാക്ക്...
Deleteസ്ഫോടനം അവിചാരിതമായി..ഇനി എന്താവും
ReplyDeleteഇനി എത്ര പേർ രക്ഷപെടുമെന്ന് കണ്ടറിയണം...
Deleteകാര്യങ്ങളൊക്കെ വളരെ സ്മൂത്ത് ആയി നടന്നാൽ ഒരു രസമില്ലല്ലോ.. എന്നാലും ഇത് തികച്ചും അപ്രതീക്ഷിതമായിപ്പോയി..
ReplyDelete" In my end is my beginning "
അതിന്റെ അർത്ഥം കണ്ടെത്തിയാൽ എനിക്കും ഒന്നു പറഞ്ഞു തരണേ...
Deleteതുടങ്ങിയോ പരിപാടി?
ReplyDeleteഉം, തുടങ്ങി...
Delete