ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ജെഴ്സി - 1985
അദ്ധ്യായം – പതിനേഴ്
മൗനം തളം കെട്ടി നിൽക്കുന്ന ആ ലൈബ്രറിയുടെ ജാലകത്തിനരികിൽ നിന്നുകൊണ്ട് സാറാ ഡ്രെയ്ട്ടൺ പുറത്തേക്ക് നോക്കി. “ഇവിടെ ഇരുൾ വീഴുന്നത് പെട്ടെന്നായിരിക്കും… ഈ മഴയ്ക്ക് ഒരു അവസാനമില്ലെന്നുണ്ടോ…? ഇത്തവണ ശൈത്യം കടുത്തതായിരിക്കുമെന്ന് തോന്നുന്നു…”
വാതിൽ തുറന്ന് ഉള്ളിലേക്ക് വന്ന പരിചാരകൻ വീറ്റോ, ട്രേ നെരിപ്പോടിനരികിലെ ടീപോയിൽ വച്ചു. “കോഫി കൊണ്ടുവന്നിട്ടുണ്ട്, കോണ്ടെസ്സാ…”
“നന്ദി, വീറ്റോ… ഞാൻ എടുത്തോളാം…”
അയാൾ പുറത്ത് പോയതും അവർ തിരികെ വന്ന് കസേരയിൽ ഇരുന്നിട്ട് കാപ്പിപ്പാത്രം കൈയ്യിലെടുത്തു. “അതിന് ശേഷം എന്തു സംഭവിച്ചു…?” ഞാൻ ചോദിച്ചു.
“യൂ മീൻ വാട്ട് ഹാപ്പെൻഡ് റ്റു എവ്‌രിബഡി…? വെൽ, പിറ്റേന്ന് രാവിലെ തന്നെ ആ സ്റ്റോർക്ക് വിമാനത്തിൽ കോൺറാഡ് ഹോഫർ ഫ്രാൻസിലേക്ക് പറന്നു… അവിടെ ചെന്ന് നടന്ന സംഭവങ്ങളെല്ലാം റോമലിനെ ധരിപ്പിച്ചു…”
“എന്നിട്ട് എങ്ങനെയാണ് റോമൽ തന്റെ നില സുരക്ഷിതമാക്കിയത്…?”
“ഹാരി പറഞ്ഞിരുന്നത് പോലെ തന്നെ… അദ്ദേഹം റാസ്റ്റൻബർഗിലേക്ക് പറന്നു…”
“എന്നിട്ട് വൂൾഫ്സ് ലയറിലേക്ക് ചെന്നു…?”
“അതെ… അദ്ദേഹം ചെന്ന് ഹിറ്റ്ലറെ നേരിൽ കണ്ടു… തനിക്ക് നേരെ വധശ്രമം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതുകൊണ്ടാണ് തന്റെ അപരനായി ബെർഗറെ ജെഴ്സിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു… കാര്യങ്ങൾ ധരിപ്പിക്കുമ്പോൾ യാഥാർത്ഥ്യവുമായി കഴിയുന്നതും ചേർന്നു നിൽക്കാൻ അദ്ദേഹം ശ്രദ്ധിച്ചു… താനാണ് ജെഴ്സിയിലേക്ക് പോയിരുന്നതെങ്കിൽ തീർച്ചയായും ഹാരിയുടെ കൈ കൊണ്ട് വധിക്കപ്പെടുമായിരുന്നു… മുങ്ങുന്ന കപ്പലിൽ നിന്നും ചാടി രക്ഷപെട്ട ഒരു എലിയായി ബെർഗറെ അദ്ദേഹം എഴുതിത്തള്ളി…”
“പക്ഷേ, ഫ്യൂററുടെ മുന്നിൽ ഈ വാക്കുകളായിരിക്കില്ല അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക എന്ന് നൂറ് ശതമാനം ഉറപ്പുണ്ടെനിക്ക്…” ഞാൻ പറഞ്ഞു.
“ശരിയായിരിക്കാം… എന്തായാലും ഒരു ഔദ്യോഗിക അന്വേഷണം ഉണ്ടായില്ല ഈ വിഷയത്തിൽ… യുദ്ധം അവസാനിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം ഈ കേസുമായി ബന്ധപ്പെട്ട ഗെസ്റ്റപ്പോ ഫയൽ ഞാൻ കാണുകയുണ്ടായി… കാര്യമായി ഒന്നും തന്നെ കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല എന്നു വേണം പറയാൻ… ഹ്യൂ കെൽസോയെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു അവർക്ക്… ഹാരിയെക്കുറിച്ചുള്ള സൂചന മാത്രം മതിയായിരുന്നു റോമലിന്റെ കഥ അവർക്ക് വിശ്വാസയോഗ്യമാകുവാൻ…”
“മനസ്സിലായില്ല…?” ഞാൻ പറഞ്ഞു.
“താൻ ആരാണെന്ന് ഹോഫറിനോട് ഹാരി വെളിപ്പെടുത്തിയ കാര്യം അറിയാമല്ലോ… ഗെസ്റ്റപ്പോയ്ക്ക് അതു തന്നെ വലിയൊരു തെളിവായിരുന്നു… ഗെസ്റ്റപ്പോ ഫയലുകളിൽ ഉള്ള പിടികിട്ടാപ്പുള്ളിയായ ഹാരി മാർട്ടിനോയെ പിടികൂടുവാൻ ഏറെക്കാലമായി ശ്രമിക്കുന്നുണ്ടായിരുന്നു അവർ… ലിയോൺസിൽ വച്ച് കോഫ്മാനെ വെടിവെച്ചു കൊന്ന ഹാരി അവരുടെ കൈകളിൽ നിന്നും വഴുതിപ്പോകുകയായിരുന്നു…”
“അങ്ങനെ റോമൽ പറഞ്ഞതെല്ലാം അവർ വിശ്വസിച്ചു…?”
“പക്ഷേ, ഹിംലർ അത് പൂർണ്ണമായും വിശ്വസിച്ചു എന്നെനിക്ക് തോന്നുന്നില്ല… എങ്കിലും, ഫ്യൂറർ സംതൃപ്തനായിരുന്നു… എന്തായാലും ആ കേസ് പുറംലോകം അറിയുവാൻ അനുവദിച്ചില്ല അവർ… യുദ്ധത്തിന്റെ ആ ഘട്ടത്തിൽ ദേശീയ ദിനപത്രങ്ങളുടെ ഒന്നാം പേജിൽ ആ വാർത്ത വരുന്നത് കാണാൻ അവർക്ക് താല്പര്യമില്ലായിരുന്നു… കാരണങ്ങൾ വേറെയായിരുന്നെങ്കിലും നമ്മുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്…”
“നോ പബ്ലിസിറ്റി…?”
“ദാറ്റ്സ് റൈറ്റ്…”
“അന്നത്തെ സാഹചര്യത്തിൽ, അബദ്ധത്തിലുള്ള വെടിയേറ്റ് ഹെയ്നി ബാം കൊല്ലപ്പെട്ടത് അവർക്ക് സൗകര്യമാകുകയും ചെയ്തു… അല്ലെങ്കിൽ അദ്ദേഹം ഒരു പ്രശ്നമായി മാറിയേനെ…” ഞാൻ അഭിപ്രായപ്പെട്ടു.
“തീർച്ചയായും വളരെ സൗകര്യമായി…” സാറ പറഞ്ഞു. “ഹാരി ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു, ചെറിയ ലൂപ്പ് ഹോൾസ് പോലും വെറുത്തിരുന്ന ആളാണ് ഡോഗൽ മൺറോ എന്ന്… അതുകൊണ്ടു തന്നെ, ഹെയ്നി ബാമിന്റെ മരണം ആർക്കും ഒരു പ്രശ്നമായില്ല… D-Day സമാഗതമായ ഘട്ടത്തിൽ ഹ്യൂ കെൽസോയെ ജീവനോടെ തിരികെക്കിട്ടിയതിൽ അങ്ങേയറ്റം സന്തുഷ്ടനായിരുന്നു ജനറൽ ഐസൻഹോവർ… നമ്മുടെ ഇന്റലിജൻസ് വിഭാഗത്തിനാകട്ടെ, ഹിറ്റ്ലറെ വധിക്കാൻ അണിയറയിൽ നീക്കം നടത്തിക്കൊണ്ടിരിക്കുന്ന റോമലിനും മറ്റു ജനറൽമാർക്കും വിഘാതം സൃഷ്ടിക്കാൻ ഒട്ടും താല്പര്യവുമുണ്ടായിരുന്നില്ല…”
“അക്കാര്യത്തിൽ അവർ ഏതാണ്ട് വിജയിക്കുകയും ചെയ്തു…” ഞാൻ പറഞ്ഞു.
“എന്നു പറയാം… എങ്കിലും, ആ വർഷം ജൂലൈയിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റെങ്കിലും ഹിറ്റ്ലർ രക്ഷപെടുകയാണുണ്ടായത്…”
“അപ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവർ…?”
“ഫൊൺ സ്റ്റൗഫൻബെർഗ് പ്രഭുവിനെയും കൂട്ടാളികളെയും വധശിക്ഷയ്ക്ക് വിധേയരാക്കി… വളരെ ക്രൂരമായ രീതിയിലായിരുന്നു അവരിൽ പലരുടെയും മരണം…”
“റോമലിന്റെ കാര്യമോ…?”
“ഹിറ്റ്ലറുടെ നേർക്കുള്ള വധശ്രമം നടക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് സഖ്യകക്ഷികളുടെ ഒരു വ്യോമാക്രമണത്തിൽ റോമലിന്റെ കാറിന് മെഷീൻ ഗണ്ണിൽ നിന്നുള്ള വെടിയേറ്റത്… അതിൽ അദ്ദേഹത്തിന് സാരമായ പരിക്കേറ്റു… ഹിറ്റ്ലർക്കെതിരെയുള്ള ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നെങ്കിലും വധശ്രമത്തിന്റെ സമയത്ത് അദ്ദേഹം ആശുപത്രിക്കിടക്കയിൽ ആയിരുന്നതുകൊണ്ട് തൽക്കാലം രക്ഷപെട്ടു…”
“പക്ഷേ, പിന്നീട് അദ്ദേഹത്തെ തേടി അവരെത്തുക തന്നെ ചെയ്തു അല്ലേ…?”
“കുറച്ചു നാൾ കഴിഞ്ഞ്… ഗെസ്റ്റപ്പോയുടെ മൂന്നാംമുറയിൽ പിടിച്ചു നിൽക്കാനാവാതെ പ്രതികളിൽ ഒരാൾ റോമലിന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തി… എങ്കിലും, ജർമ്മനിയുടെ എക്കാലത്തെയും വാർ ഹീറോ ആയ ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെ തടങ്കലിലാക്കിയവൻ എന്ന പേരുദോഷം കേൾപ്പിക്കാൻ ഹിറ്റ്ലർ ആഗ്രഹിച്ചില്ല… സ്വയം ജീവനൊടുക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയില്ല എന്ന ഉറപ്പിന്മേൽ റോമലിനെ ആത്മഹത്യ ചെയ്യുവാൻ അനുവദിച്ചു…”
ഞാൻ തല കുലുക്കി. “ഹോഫറിന് എന്തു സംഭവിച്ചു…?”
“D-Day കഴിഞ്ഞ് അധികം താമസിയാതെ കെയ്നിൽ വെച്ച് നടന്ന രൂക്ഷമായ ഒരു ഏറ്റുമുട്ടലിൽ അദ്ദേഹം കൊല്ലപ്പെട്ടു…”
“ഹ്യൂ കെൽസോയോ…?”
“ആക്റ്റീവ് ഡ്യൂട്ടിയിലേക്ക് മടങ്ങിപ്പോകാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല… അന്ന് കാലിന് ഏറ്റ പരിക്കിൽ നിന്നും അദ്ദേഹത്തിന് ഒരിക്കലും പൂർണ്ണമോചനം ലഭിച്ചില്ല… എങ്കിലും നാല്പത്തിയഞ്ചിലെ റൈൻ ക്രോസിങ്ങിന് അദ്ദേഹത്തിന്റെ സാങ്കേതിക പിന്തുണ അവർക്ക് ആവശ്യമുണ്ടായിരുന്നു… റേമാഗനിലെ ഒരു തകർന്ന പാലത്തിന്റെ പുനഃർനിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കെ ഉണ്ടായ ഒരു സ്ഫോടനത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു… ഒരു ബൂബി ട്രാപ്പ് ആയിരുന്നുവത്…”
ഞാൻ എഴുന്നേറ്റ് ജാലകത്തിനരികിൽ ചെന്ന്, കോരിച്ചൊരിയുന്ന മഴയെ നോക്കി നിന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവങ്ങളെല്ലാമായിരുന്നു എന്റെ മനസ്സിലപ്പോൾ. “ഈ കഥ ഒരിക്കലും പുറത്തു വന്നില്ല എന്നത് അസാധാരണം തന്നെ… വിചിത്രം…” ഞാൻ പറഞ്ഞു.
“അതിനൊരു പ്രത്യേക കാരണവുമുണ്ട്…” അവർ പറഞ്ഞു. “ജെഴ്സിയുമായുള്ള ബന്ധം… തൊള്ളായിരത്തി നാല്പത്തിയഞ്ച് മെയ് ഒമ്പതിനാണ് ഈ ദ്വീപ് ജർമ്മൻ അധിനിവേശത്തിൽ നിന്നും മോചിതമായത്… അതിന്റെ നാല്പതാം വാർഷികമാണ് ഏതാനും മാസങ്ങൾ കഴിഞ്ഞാൽ… വളരെ പ്രാധാന്യത്തോടുകൂടിയാണ് എല്ലാ വർഷവും ഇവിടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുള്ളത്…”
“എനിക്ക് ഊഹിക്കാൻ കഴിയും…”
“പക്ഷേ, യുദ്ധാനന്തരം എളുപ്പമായിരുന്നില്ല ഇവിടെ കാര്യങ്ങൾ… ശത്രുക്കളുമായി ചങ്ങാത്തം കൂടി ജർമ്മനിയെ സഹായിച്ചവരെക്കുറിച്ചുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായിരുന്നു എങ്ങും. സുഹൃത്തുക്കളെയും അയൽക്കാരെയും ഒറ്റിക്കൊടുത്ത് ഊമക്കത്തുകൾ അയച്ചിരുന്നവർ ആരൊക്കെ എന്ന് ഗെസ്റ്റപ്പോ അന്വേഷിച്ചു കണ്ടെത്തിയിരുന്നു… അവരുടെയൊക്കെ പേരുകൾ ഫയലുകളിൽ ഉണ്ടായിരുന്നു… എങ്കിലും അതൊക്കെ അന്വേഷിക്കുവാനായി ഒരു ഗവണ്മന്റ് കമ്മിറ്റി അവർ രൂപീകരിച്ചു…”
“എന്നിട്ട് എന്താണവർ കണ്ടെത്തിയത്…?”
“അതെനിക്കറിയില്ല… ആ രേഖകളെല്ലാം നൂറു വർഷത്തെ സെക്യൂരിറ്റി ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തി ലോക്കറിൽ വച്ചു… രണ്ടായിരത്തി നാല്പത്തിയഞ്ച് ആകാതെ ആ റിപ്പോർട്ട് ആർക്കും വായിക്കാനാവില്ല…”
ഞാൻ തിരിച്ചുവന്ന് കസേരയിൽ ഇരുന്നു. “ഹെലൻ ഡു വിലാ, ഗാലഗർ, ഗ്വിഡോ എന്നിവർക്ക് എന്തു സംഭവിച്ചു…?”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അവസാനത്തോട് അടുത്തു ന്ന് തോന്നുന്നല്ലോ...
ReplyDeleteഅതെ.. അവസാനത്തിന്റെ ആരംഭം..
Deleteഅതെ...
Deleteരണ്ടായിരത്തി നാല്പത്തിയഞ്ച്.. ഇനി അധികമില്ല.. പക്ഷെ, ആ രേഖകൾക്ക് ഇനി പ്രസക്തിയുണ്ടാവുമോ??
ReplyDeleteനടന്ന സംഭവങ്ങൾ വെളിച്ചം കണ്ട സ്ഥിതിയ്ക്ക് ഇനി പ്രത്യേകിച്ചെന്ത് പ്രസക്തി...?
Delete100 വർഷത്തെ സെക്യൂരിറ്റി ക്ലാസിഫിക്കേഷൻ !!2045 -ൽ റിപ്പോർട്ട് വായിക്കാൻ ആരുണ്ടാകും? അതിരിക്കട്ടെ. നമുക്ക് നേരാം 2023 പുതുവത്സരാശംസകൾ
ReplyDelete2045...! എനിക്കന്ന് 83 വയസ്സുണ്ടാകും... ശ്ശോ.. !!!
Deleteതീരൂകയാണോ...?
ReplyDeleteഅതെ അശോകേട്ടാ...
Delete