ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
I am the resurrection and the life, saith the Lord: he that believeth in me, though he were dead, yet shall he live...
കനത്ത മഴയുടെ ആരവവുമായി പൊരുതിക്കൊണ്ട് ഉച്ചത്തിൽ ചൊല്ലുമ്പോൾ ഫാദർ കോളെന്റെ ഉച്ചാരണത്തിൽ ഐറിഷ് ചുവ പ്രകടമായിരുന്നു. കടും നിറത്തിലുള്ള ളോഹ ധരിച്ച അദ്ദേഹത്തിന് കുട പിടിച്ചു കൊണ്ട് ഒരു കാര്യക്കാരൻ തൊട്ടരികിൽ നിൽക്കുന്നു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ ബന്ധു എന്ന നിലയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടർ സാറാ ഡ്രെയ്ട്ടൺ. കുഴിമാടത്തിന്റെ മറുവശത്ത് നിൽക്കുന്ന അവർക്ക് മഴയിൽ നിന്നും സംരക്ഷണമേകി കുടയുമായി ശ്മശാനത്തിന്റെ കാര്യക്കാരനും ഉണ്ട്.
കറുത്ത റ്റൂ-പീസ് സ്യൂട്ടും ഹാറ്റും അണിഞ്ഞ് നിൽക്കുന്ന അവരെ കണ്ടാൽ ഏറിയാൽ ഒരു നാൽപ്പത്തിയെട്ട് അല്ലെങ്കിൽ അമ്പത് വയസ്സ് മാത്രമേ തോന്നിക്കുമായിരുന്നുള്ളൂ. പിന്നീടാണ് അവർക്ക് പ്രായം അറുപത് കടന്നിരിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കിയത്. നീളം കുറച്ച് വെട്ടിയൊതുക്കിയ അവരുടെ മുടി പൂർണ്ണമായും നരച്ചതായിരുന്നു. ഏത് വിധത്തിൽ നോക്കിയാലും അത്രയൊന്നും സൗന്ദര്യം അവശകാശപ്പെടുവാൻ കഴിയുന്ന രൂപമായിരുന്നില്ല അവരുടേത്. ജീവിതത്തിലെ നല്ലതും കെട്ടതുമായ കാലങ്ങളിലൂടെ കടന്നു വന്ന ഒരു വ്യക്തിയുടേതെന്ന പോലെയുള്ള പക്വത നിറഞ്ഞ ഒരു ശാന്തത ആ മുഖത്ത് കാണാമായിരുന്നു. എങ്കിലും, ആദ്യമായി എവിടെയെങ്കിലും വച്ച് കാണുവാനിടയായാൽ ഒരു വട്ടം കൂടി നാം തിരിഞ്ഞു നോക്കും വിധമുള്ള എന്തോ ഒരു പ്രത്യേകത അവരിലുണ്ടായിരുന്നു.
മരച്ചുവട്ടിൽ നിന്ന് എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ഞാൻ കുട ചൂടിയിരുന്നുവെങ്കിലും നനഞ്ഞു കുതിർന്നിരുന്നു. എന്തുകൊണ്ടോ, സാറാ ഡ്രെയ്ട്ടൺ മനഃപൂർവ്വം എന്നെ അവഗണിക്കുന്നത് പോലെ എനിക്ക് തോന്നി. ചടങ്ങുകളും പ്രാർത്ഥനയും അവസാനിപ്പിച്ച ഫാദർ കോളെൻ അവരുടെ അരികിൽ ചെന്ന് പതിഞ്ഞ സ്വരത്തിൽ എന്തോ സംസാരിച്ചു. അവർ അദ്ദേഹത്തിന്റെ കവിളിൽ മുത്തം നൽകി. തിരിഞ്ഞ് ദേവാലയത്തിന് നേർക്ക് നടന്ന അദ്ദേഹത്തെ ശ്മശാനത്തിന്റെ കാര്യക്കാർ അനുഗമിച്ചു.
കുഴിമാടത്തിനരികിൽ അൽപ്പനേരം കൂടി അവർ നിന്നു. ഞാൻ രാവിലെ വന്നപ്പോൾ കണ്ട ആ രണ്ടു കുഴിവെട്ടുകാർ അങ്ങേയറ്റം ഭവ്യതയോടെ അവരെയും നോക്കി ഏതാനും വാര അകലെ നിൽക്കുന്നുണ്ടായിരുന്നു. സാറാ ഡ്രെയ്ട്ടൺ പിന്നെയും എന്നെ കണ്ടില്ല എന്ന് നടിക്കുന്നത് പോലെ തോന്നി. കുഴിമാടത്തിനടുത്ത് ചെന്ന് ഒരു പിടി നനഞ്ഞ മണ്ണ് വാരി ഞാൻ ശവപ്പെട്ടിയുടെ മുകളിലേക്കിട്ടു.
“ഡോക്ടർ ഡ്രെയ്ട്ടൺ...?” തെല്ല് സംശയത്തോടെ ഞാൻ പറഞ്ഞു. “ശല്യപ്പെടുത്തുന്നതിൽ ക്ഷമിക്കണം... എന്റെ പേര് അലൻ സ്റ്റെയ്സി... നിങ്ങളിൽ നിന്നും രണ്ട് വാക്ക് കേൾക്കുവാൻ ആഗ്രഹമുണ്ട്... ബൈ ദി വേ, അയാം നോട്ട് എ റിപ്പോർട്ടർ...”
ഞാൻ പ്രതീക്ഷിച്ചതിലും ആഴമുണ്ടായിരുന്നു അവരുടെ സ്വരത്തിന്. ശാന്തത നിറഞ്ഞ ആ വാക്കുകൾക്ക് അടുക്കും ചിട്ടയുമുണ്ടായിരുന്നു. എനിക്ക് മുഖം തരാതെ അവർ മൊഴിഞ്ഞു. “നിങ്ങൾ ആരാണെന്ന് എനിക്ക് നന്നായിട്ടറിയാം, പ്രൊഫസർ സ്റ്റെയ്സി... കഴിഞ്ഞ മൂന്നു വർഷമായി ഏത് നിമിഷവും ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...” അവർ തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു. ഒരു ഇരുപതുകാരിയുടെയെന്ന പോലെ വളരെ പ്രസന്നമായിരുന്നു അവരുടെ മുഖം അപ്പോൾ. “ഈ മഴ ഇനിയും കൊള്ളുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ല... ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് അതാണ്... എന്റെ കാർ പുറത്ത് കിടക്കുന്നുണ്ട്... വരൂ, വീട്ടിൽ ചെന്ന് അൽപ്പം ഡ്രിങ്ക്സ് ആയാലോ...?”
***
കഷ്ടിച്ച് അഞ്ച് മിനിറ്റ് യാത്രയേ അവരുടെ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളൂ. ഇടുങ്ങിയ നാട്ടുപാതകളിലൂടെ സാമാന്യം വേഗതയിൽത്തന്നെയാണ് ഡോക്ടർ സാറാ ഡ്രെയ്ട്ടൻ കാർ ഓടിച്ചത്. ബീച്ച് മരങ്ങൾ അതിരിടുന്ന ഒരേക്കറോളം വരുന്ന, മനോഹരമായി പരിപാലിച്ചു പോരുന്ന ആ പറമ്പിൽ നിന്ന് നോക്കിയാൽ അകലെയായി ഉൾക്കടലിന്റെ ദൃശ്യം ഗോചരമായിരുന്നു. വിക്ടോറിയൻ ശൈലിയിലുള്ള നിർമ്മിതിയായിരുന്നു ആ വീടിന്റേത്. ഉയരം കൂടി വീതി കുറഞ്ഞ ജാലകങ്ങളായിരുന്നു മുൻവശത്ത്. കയറി ചെല്ലുന്നിടത്ത് ഒരു പോർട്ടിക്കോ. ഞങ്ങൾ ചെന്നതും കറുത്ത ജാക്കറ്റ് ധരിച്ച, ഉയരമുള്ള ഒരാൾ വാതിൽ തുറന്നു തന്ന് ഞങ്ങളെ മുകളിലേക്ക് ആനയിച്ചു. നരച്ച മുടിയും സ്റ്റീൽ ഫ്രെയിമോടു കൂടിയ കണ്ണടയും ധരിച്ച അയാളുടെ മുഖം അത്ര പ്രസന്നമായിരുന്നില്ല.
തന്റെ ഓവർകോട്ട് അയാളെ ഏൽപ്പിക്കവെ അവർ എന്നെ അയാൾക്ക് പരിചയപ്പെടുത്തി. “വീറ്റോ... ഇത് പ്രൊഫസർ സ്റ്റെയ്സി...”
“പ്രൊഫൊസ്യോർ...” തെല്ല് ബഹുമാനത്തോടെ അയാൾ തല കുനിച്ചു.
“കുറച്ചു കഴിഞ്ഞ് ഞങ്ങൾക്ക് ലൈബ്രറിയിലേക്ക് കോഫി എത്തിക്കണം...” അവർ അയാളോട് പറഞ്ഞു. “തൽക്കാലം ഞാൻ ഡ്രിങ്ക്സ് അറേഞ്ച് ചെയ്യുകയാണ്...”
“തീർച്ചയായും, കോണ്ടെസ്സാ...”
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാൾ ഒന്ന് നിന്നിട്ട് അവരോട് ഇറ്റാലിയൻ ഭാഷയിൽ എന്തോ സംസാരിച്ചു. തല കുലുക്കിയിട്ട് അതേ ഭാഷയിൽത്തന്നെ അവർ അയാൾക്ക് മറുപടിയും കൊടുത്തു. ഹാളിന് പിൻഭാഗത്തുള്ള വാതിൽ തുറന്ന് അയാൾ അപ്രത്യക്ഷനായി.
“കോണ്ടെസ്സ...? മനസ്സിലായില്ല...” ഞാൻ അവരെ നോക്കി.
“ഓ, ഡോണ്ട് ലിസൻ റ്റു വീറ്റോ...” വിനയപൂർവ്വമെങ്കിലും ദൃഢസ്വരത്തിൽ എന്റെ ചോദ്യം അവർ തള്ളിക്കളഞ്ഞു. “സമൂഹത്തിലെ ഉന്നതരെ മാത്രം ബഹുമാനിക്കുന്ന സ്വഭാവക്കാരനാണയാൾ... അതു പോട്ടെ, ഇതിലേ വന്നോളൂ...”
സാമാന്യം ഭംഗിയുള്ള ഒരു ഹാൾ. കറുപ്പും വെളുപ്പും ഇട കലർന്ന ടൈലുകൾ വിരിച്ച തറ. വളഞ്ഞ രീതിയിലുള്ള സ്റ്റെയർകെയ്സ്. രണ്ടോ മൂന്നോ ഓയിൽ പെയിന്റിങ്ങുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ചുമർ. പതിനെട്ടാം നൂറ്റാണ്ടിലെ കടൽത്തീരത്തിന്റെ ദൃശ്യങ്ങളാണ് അവ. മഹാഗണിയാൽ നിർമ്മിച്ച രണ്ടുപാളി കതക് തുറന്ന് അവർ ആ വലിയ ലൈബ്രറിയിലേക്ക് എന്നെ ആനയിച്ചു. ചുമരിലെ ഷെൽഫുകളിൽ നിറയെ പുസ്തകങ്ങൾ മനോഹരമായി അടുക്കി വച്ചിരിക്കുന്നു. ഫ്രഞ്ച് ജാലകങ്ങൾ തുറക്കുന്നത് പുറത്തെ ഗാർഡനിലേക്കാണ്. ഹാളിന്റെ ഒരു വശത്തുള്ള നെരിപ്പോടിൽ കനലുകൾ ജ്വലിച്ചു കൊണ്ടിരിക്കുന്നുണ്ട്. അല്പമകലെയായി വച്ചിരിക്കുന്ന പിയാനോയുടെ മുകളിൽ നിരത്തി വച്ചിരിക്കുന്ന ഫോട്ടോകളിൽ അധികവും വെള്ളി ഫ്രെയിമുകളാൽ അലംകൃതമായിരുന്നു.
“സ്കോച്ച് എടുക്കട്ടെ...?” അവർ ചോദിച്ചു.
“തീർച്ചയായും...”
സൈഡ്ബോർഡിനരികിൽ ചെന്ന് അവർ ഡ്രിങ്ക്സ് എടുക്കുന്നതിൽ മുഴുകി.
“ഞാൻ ആരാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി...?” ഞാൻ ചോദിച്ചു. “ഫാദർ കോളെൻ പറഞ്ഞറിഞ്ഞതാണോ...?”
“നിങ്ങൾ ഹാരിയെക്കുറിച്ച് ഗവേഷണം ആരംഭിച്ച നാൾ മുതൽ എനിക്ക് നിങ്ങളെ അറിയാം...” വിസ്കി ഗ്ലാസ് എനിക്ക് തന്നു കൊണ്ട് അവർ പറഞ്ഞു.
“ആരാണ് എന്നെക്കുറിച്ച് പറഞ്ഞത്...?”
“ഓ, എന്റെ സുഹൃത്തുക്കൾ...” അവർ പറഞ്ഞു. “പഴയകാല സുഹൃത്തുക്കൾ... വിവരങ്ങൾ അറിയാൻ അവർക്ക് പല മാർഗ്ഗങ്ങളും ഉണ്ടെന്ന് കൂട്ടിക്കോളൂ...”
അവരുടെ വാക്കുകൾ ടോണി ബിയാങ്കോയിലേക്കാണ് എന്റെ ചിന്തയെ നയിച്ചത്. എംബസിയിലെ എന്റെ CIA കോൺടാക്റ്റ്. അത് എന്നിൽ ആവേശമുണർത്തി. “എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മിനിസ്ട്രി ഓഫ് ഡിഫൻസിലെ ആരും തന്നെ തയ്യാറായിരുന്നില്ല...”
“അതിൽ യാതൊരു അത്ഭുതവുമില്ല...”
“എന്നിട്ടും അദ്ദേഹത്തിന്റെ മൃതശരീരം നിങ്ങൾക്കവർ വിട്ടു തന്നു... അത്രയ്ക്കും സ്വാധീനം നിങ്ങൾക്കവിടെ ഉണ്ടായിരിക്കണമല്ലോ...” ഞാൻ പറഞ്ഞു.
“ഒരു തരത്തിൽ ശരിയാണെന്ന് പറയാം...” സിൽവർ കെയ്സിനുള്ളിൽ നിന്നും ഒരു സിഗരറ്റെടുത്ത് തീ കൊളുത്തിയിട്ട് അവർ നെരിപ്പോടിനരികിലുള്ള വിങ്ങ് ചെയറിൽ പോയി ഇരുന്നു. “SOE യെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ പ്രൊഫസർ...?”
“തീർച്ചയായും...” ഞാൻ പറഞ്ഞു. “സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവ്... യൂറോപ്പിലെ പ്രതിരോധ പ്രവർത്തനങ്ങളെയും അധോലോക നീക്കങ്ങളെയും നിരീക്ഷിക്കാനായി ചർച്ചിലിന്റെ നിർദ്ദേശപ്രകാരം 1940 ൽ ബ്രിട്ടീഷ് ഇന്റലിജൻസ് രൂപീകരിച്ച ഡിപ്പാർട്ട്മെന്റ്...”
“ ‘യൂറോപ്പ് കത്തിയെരിയണം...’ അതായിരുന്നു ചർച്ചിലിന്റെ നിർദ്ദേശം...” സാറാ ഡ്രെയ്ട്ടൺ സിഗരറ്റിന്റെ ചാരം നെരിപ്പോടിനുള്ളിൽ തട്ടി. “ആ ഡിപ്പാർട്ട്മെനിന് വേണ്ടി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്...”
എനിക്ക് വിശ്വസിക്കാനായില്ല. “പക്ഷേ, എങ്ങനെ...? അന്ന് നിങ്ങൾക്കതിനുള്ള പ്രായമൊന്നും ആയിക്കാണാൻ വഴിയില്ലല്ലോ...”
“പത്തൊമ്പത്... 1944 ൽ...”
“അപ്പോൾ മാർട്ടിനോയോ...?”
“ആ പിയാനോയുടെ മുകളിൽ നോക്കൂ...” അവർ പറഞ്ഞു. “ആ അറ്റത്തെ ഫോട്ടോ... സിൽവർ ഫ്രെയിമുള്ളത്...”
ഞാൻ എഴുന്നേറ്റ് പിയാനോയുടെ അരികിൽ ചെന്ന് ആ ഫോട്ടോ എടുത്തു. അതിനുള്ളിൽ നിന്നും എന്നെ തുറിച്ചു നോക്കുന്ന അവരുടെ മുഖത്തിന് കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഒരു കാര്യത്തിലൊഴികെ. സ്വർണ്ണ നിറമായിരുന്നു അവരുടെ മുടിയ്ക്ക്. മുഖത്ത് ഒരു പടയാളിയുടെ ശൗര്യവും. ഒരു കറുത്ത കുഞ്ഞു തൊപ്പിയും അക്കാലത്തെ ഫാഷനായ വീതി കൂടിയ ചുമലും ഇടുങ്ങിയ അരയുമുള്ള കോട്ടും ആയിരുന്നു വേഷം. ഒപ്പം സിൽക്ക് സ്റ്റോക്കിങ്ങ്സും ഹൈ ഹീൽഡ് ഷൂവും കറുത്ത ഒരു ലെതർ ബാഗും.
അവരുടെ ഒപ്പം നിൽക്കുന്ന സാമാന്യം ഉയരമുള്ള പുരുഷൻ ധരിച്ചിരിക്കുന്നത് കമ്പിളി കൊണ്ടുള്ള സ്യൂട്ടും അതിനു മുകളിൽ ഒരു ലെതർ മിലിട്ടറി ട്രെഞ്ച്കോട്ടും ആണ്. ഇരു കൈകളും കോട്ടിന്റെ പോക്കറ്റിലേക്ക് തിരുകിയിരിക്കുന്നു. തലയിൽ വച്ചിരിക്കുന്ന കറുത്ത തൊപ്പിയുടെ നിഴൽ മുഖത്തടിക്കുന്നുണ്ട്. ചുണ്ടിന്റെ ഒരറ്റത്ത് പുകയുന്ന സിഗരറ്റ്. വികാരരഹിതമായ കറുത്ത കണ്ണുകൾ... കരുണ ലവലേശമില്ലെന്ന് തോന്നിക്കും വിധമുള്ള ആ പുഞ്ചിരിക്ക് എന്തോ ഒരു ആകർഷകത്വം ഉണ്ടെന്നത് വാസ്തവം. തികച്ചും അപകടകാരിയായ ഒരു മനുഷ്യൻ എന്ന് ഒറ്റ നോട്ടത്തിൽ പറയാം.
സാറാ ഡ്രെയ്ട്ടൺ എഴുന്നേറ്റ് എന്റെയടുത്തേക്ക് വന്നു. “ഓക്സ്ഫഡിലെ ഒരു മോറൽ ഫിലോസഫി പ്രൊഫസർ ആണെന്ന് തോന്നുകയേ ഇല്ല അല്ലേ...?”
“ഇത് എവിടെ വച്ച് എടുത്ത ചിത്രമാണ്...?” ഞാൻ ആരാഞ്ഞു.
“ജെഴ്സിയിൽ വച്ച്... ഇവിടെ നിന്നും അത്ര ദൂരെയൊന്നുമല്ല... 1944 മെയ് മാസത്തിൽ... പത്താം തീയ്യതി ആയിരുന്നുവെന്നാണ് എന്റെ ഓർമ്മ...”
“പക്ഷേ, എന്റെ അറിവ് ശരിയാണെങ്കിൽ, അധിനിവേശം നടത്തിയ ജർമ്മൻകാരായിരുന്നു അന്നിവിടെ ഭരിച്ചിരുന്നത്...” ഞാൻ പറഞ്ഞു.
“വളരെ ശരിയാണ്...”
“അന്ന് മാർട്ടിനോ ഇവിടെയുണ്ടായിരുന്നുവെന്നോ...? നിങ്ങളോടൊപ്പമോ...?”
തൊട്ടപ്പുറത്തുള്ള മേശയ്ക്കരികിൽ ചെന്ന് ഡ്രോയർ തുറന്ന് അവർ ചെറിയ ഒരു ഫയൽ പുറത്തെടുത്തു. അനേകം പഴയ ഫോട്ടോകൾ അതിനുള്ളിൽ ഉണ്ടെന്ന കാര്യം അവർ അത് തുറന്ന ഉടൻ തന്നെ എന്റെ ശ്രദ്ധയിൽ പെട്ടു. അതിലൊന്നെടുത്ത് അവർ എനിക്ക് നീട്ടി. “ചില പ്രത്യേക കാരണങ്ങളാലാണ് ഇത് ഞാൻ പിയാനോയുടെ മുകളിൽ വയ്ക്കാത്തത്...”
ആദ്യത്തെ ചിത്രത്തിൽ കണ്ടതു പോലുള്ള വസ്ത്രങ്ങൾ തന്നെയാണ് സാറാ ഡ്രെയ്ട്ടൺ ധരിച്ചിരുന്നത്. മാർട്ടിനോയാകട്ടെ അതേ ട്രെഞ്ച്കോട്ടും. എന്നൽ ഒരു വ്യത്യാസം... ആ കോട്ടിനടിയിൽ അദ്ദേഹം ധരിച്ചിരുന്നത് SS യൂണിഫോം ആയിരുന്നു. തൊപ്പിയിൽ സിൽവർ ഡെത്ത്സ് ഹെഡ് ബാഡ്ജും. “സ്റ്റാൻഡർടെൻഫ്യൂറർ മാക്സ് ഫോഗെൽ...” അവർ പറഞ്ഞു. “നിങ്ങൾ അമേരിക്കക്കാരുടെ ഭാഷയിൽ കേണൽ എന്ന് പറയും... ഈ വേഷത്തിൽ അദ്ദേഹം നല്ല സുന്ദരനായിരിക്കുന്നു, അല്ലേ...?” ആ ഫോട്ടോ തിരികെ വാങ്ങവെ അവർ പുഞ്ചിരിച്ചു. “ഹാരിയ്ക്ക് യൂണിഫോം എന്നും ഒരു ദൗർബല്യമായിരുന്നു...”
“മൈ ഗോഡ്...! എന്താണിതെല്ലാം...?” എനിക്ക് വിശ്വസിക്കാനായില്ല.
അതിന് ഉത്തരം നൽകാതെ അവർ മറ്റൊരു ഫോട്ടോ എനിക്ക് തന്നു. അല്പം നിറം മങ്ങിയതെങ്കിലും വ്യക്തമായിരുന്നു അത്. ഒരു കൂട്ടം ജർമ്മൻ ഓഫീസർമാരുടെ ചിത്രം. അവർക്ക് തൊട്ടു മുന്നിലായി രണ്ടു പേർ നിൽക്കുന്നു. അതിലൊന്ന് SS യൂണിഫോം ധരിച്ച ഹാരി മാർട്ടിനോയാണ്. എന്നാൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന വ്യക്തിയെ കണ്ടതും ഒരു നിമിഷം എന്റെ ശ്വാസം നിലച്ചു പോയി. രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏറ്റവും സുപരിചിതമായ മുഖങ്ങളിലൊന്ന്... അതെ... ഡെസർട്ട് ഫോക്സ് എന്നറിയപ്പെടുന്ന ഫീൽഡ് മാർഷൽ എർവിൻ റോമൽ...!
“ഇതും ഇവിടെ വച്ച് എടുത്ത ചിത്രമാണോ...?” ഞാൻ ചോദിച്ചു.
“ഓ, യെസ്...” ഫോട്ടോകളെല്ലാം തിരികെ ഡ്രോയറിനുള്ളിൽ വച്ചിട്ട് അവർ എന്റെ ഗ്ലാസ് എടുത്തു. “നിങ്ങൾക്ക് ഒരു ഡ്രിങ്ക് കൂടി ആവാമെന്ന് കരുതുന്നു...”
“തീർച്ചയായും...”
അവർ പകർന്നു തന്ന വിസ്കിയുമായി ഞാൻ നെരിപ്പോടിനരികിലേക്ക് നീങ്ങി. കെയ്സിനുള്ളിൽ നിന്നും അവർ ഒരു സിഗരറ്റ് പുറത്തെടുത്തു. “ഇത് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്കറിയാം... പക്ഷേ, വളരെ വൈകിപ്പോയിരിക്കുന്നു... ഹാരി എന്നെ പഠിപ്പിച്ച ദുശ്ശീലങ്ങളിൽ ഒന്ന്...”
“ഇതിന്റെയൊക്കെ പിറകിലുള്ള കഥകൾ എനിക്ക് അറിയാൻ സാധിക്കുമോ...?”
“പിന്നെന്താ...?” മഴത്തുള്ളികൾ താളം പിടിക്കുന്ന ഫ്രഞ്ച് ജാലകത്തിന്റെ ചില്ലുകളിലേക്ക് അവർ കണ്ണുകൾ പായിച്ചു. “ഇതു പോലുള്ളൊരു മദ്ധ്യഹ്നത്തിൽ ഈ കഥയുടെ ചുരുളുകൾ നിവർത്തുന്നതിനേക്കാൾ രസം മറ്റെന്തിനുണ്ട്...? ശരിയല്ലേ...?”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അപ്പോൾ കഥ തുടങ്ങുന്നു.ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടി.
ReplyDeleteഅതെ... അടുത്ത ലക്കം മുതൽ... നാം ആ കാലഘട്ടത്തിലേക്ക് പോകുന്നു...
Deleteകഥയുടെ ചുരുൾ അഴിഞ്ഞുതുടങ്ങാൻ കാത്തിരിക്കുന്നു
ReplyDeleteഅടുത്ത ലക്കത്തിൽ നമുക്ക് വീണ്ടും പോകാം... രണ്ടാം ലോക മഹായുദ്ധ കാലത്തിലേക്ക്...
Deleteഇതിന്റെയൊക്കെ പിന്നിലുള്ള കഥകൾക്കായി കാത്തിരിക്കാം.. സംഗതി കളറാവും എന്നതിൽ സംശയം വേണ്ട!!
ReplyDeleteവീണ്ടും ജെഴ്സിയും കോൾഡ് ഹാർബറും എല്ലാം നമുക്കരികിലേക്ക്...
Deleteഅപ്പൊ കഥ വരട്ടെ!
ReplyDeleteഅടുത്ത ലക്കത്തിൽ നമുക്ക് ചിരപരിചിതരായ രണ്ടു കഥാപാത്രങ്ങളുടെ അടുത്തേക്ക്...
Deleteഇവിടെ എല്ലാരും നേരത്തെ വന്നുവല്ലേ.. എന്തായാലും കഥയുടെ കൂടെയുണ്ട്.
ReplyDeleteഅങ്ങനെ നല്ല കുട്ടിയായി പണ്ടത്തെപ്പോലെ കൂട്ടത്തിലേക്ക് വാ ശ്രീജിത്തേ...
Deleteവിനുവേട്ടാ, നമ്മൾ വീണ്ടും ബങ്കറിലേക്ക് പോകുന്നു...
ReplyDeleteഅതെ... ആ കാലഘട്ടത്തിലേക്ക്...
Deleteകഥകൾ വീണ്ടും ചുരുളഴിഞ്ഞു യുദ്ധമുഖത്തേക്കും ചാരപ്രവർത്തനങ്ങളിലേക്കും നീങ്ങുന്ന മുന്നോടികൾ മനസ്സിൽ കാണുന്നു ...
ReplyDeleteതീർച്ചയായും... ത്രസിപ്പിക്കുന്ന രംഗങ്ങളുമായി മറ്റൊരു ത്രില്ലർ...
Deleteകഥ തുടരട്ടെ!😊
ReplyDeleteഎത്തി അല്ലേ...?
Deleteറോമൽ ആരാണെന്ന് പഠിപ്പിച്ച ദിവസം ക്ലാസിൽ വന്നിട്ടില്ല സർ 😂😂😂😂
ReplyDeleteഫീൽഡ് മാർഷൽ ഇർവിൻ റോമലിനെ അറിയില്ലെന്നോ...!
Delete