ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ലണ്ടൻ - 1944
ബ്രിഗേഡിയർ ഡോഗൽ മൺറോയ്ക്ക് വന്ന ആ ഒരു ടെലിഫോൺ കോൾ ആയിരുന്നു എല്ലാത്തിന്റെയും തുടക്കം എന്നു വേണമെങ്കിൽ പറയാം. ബേക്കർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ലണ്ടനിലെ SOE ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും വെറും പത്ത് മിനിറ്റ് നടക്കുവാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ ഹേസ്റ്റൻ പ്ലേസിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക്. Section D യുടെ തലവൻ എന്ന നിലയിൽ രണ്ട് ടെലിഫോണുകളാണ് അദ്ദേഹത്തിന്റെ കട്ടിലിന് സമീപം ഉണ്ടായിരുന്നത്. അതിൽ ഒന്ന് ഓഫീസിൽ നിന്നുമുള്ള ഹോട്ട്‌ലൈൻ കണക്ഷനായിരുന്നു. ആ ഫോൺ ആണ് 1944 ഏപ്രിൽ 28 ന് പുലർച്ചെ നാലു മണിക്ക് അദ്ദേഹത്തെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.
ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നുമുള്ള സന്ദേശം കേട്ടുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. പതിഞ്ഞ സ്വരത്തിൽ ശപിച്ചിട്ട് അദ്ദേഹം പറഞ്ഞു. “ഞാൻ ഇതാ എത്തി... പിന്നെ, ഒരു കാര്യം... ഐസൻഹോവർ നഗരത്തിൽ ഉണ്ടോ എന്ന് ഒന്ന് അന്വേഷിച്ച് വച്ചേക്കൂ...”
അഞ്ച് മിനിറ്റിനകം ഒരുങ്ങി വാതിൽ തുറന്ന് അദ്ദേഹം പുറത്തിറങ്ങി. തണുപ്പും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം. വിറയ്ക്കുന്ന കൈകളോടെ ആ ദിവസത്തെ ആദ്യത്തെ സിഗരറ്റിന് തീ കൊളുത്തി പുകയെടുത്തിട്ട് വിജനമായ തെരുവിലൂടെ അദ്ദേഹം വേഗത്തിൽ നടന്നു. വയസ്സ് അറുപത്തിയഞ്ച് ആയെങ്കിലും ഊർജ്ജസ്വലനായ ഒരു കരുത്തന്റെ മുഖഭാവമായിരുന്നു അദ്ദേഹത്തിന്റേത്. തലമുടി മുഴുവനും നരച്ച് സ്റ്റീൽ ഫ്രെയിമുള്ള കണ്ണടയുമായി അത്രയൊന്നും സൗകുമാര്യം അവകാശപ്പെടാനില്ലാത്ത മുഖം. ഒരു പഴയ ബർബെറി റെയിൻകോട്ട് അണിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ കൈവശം കുടയും ഉണ്ടായിരുന്നു.
ഒരു സൈനികന്റെ യാതൊരു രൂപഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നതിൽ ഒട്ടും അതിശയപ്പെടേണ്ട കാര്യം ഇല്ല. ചില പ്രത്യേക അധികാരങ്ങളുള്ള ഒരു സ്പെഷൽ യൂണിറ്റിന്റെ തലവൻ എന്ന സ്ഥാനം വഹിക്കുവാൻ വേണ്ടി നൽകപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ബ്രിഗേഡിയർ പദവി. 1939 വരെ ഒരു ആർക്കിയോളജിസ്റ്റ് ആയിട്ടാണ് അദ്ദേഹം ജോലി നോക്കിയിരുന്നത്. കുറച്ചു കൂടി കൃത്യമായി പറയുകയാണെങ്കിൽ ഒരു ഈജിപ്റ്റോളജിസ്റ്റ്. കൂടാതെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഫെലോയും. കഴിഞ്ഞ മൂന്നു വർഷമായി SOE യിൽ Section D യുടെ തലവനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഡെർട്ടി ട്രിക്സ് ഡിപ്പാർട്ട്മെന്റ് എന്നാണ് ആ സെക്ഷനെക്കുറിച്ച് പൊതുവെ പരാമർശിക്കപ്പെടുന്നത്.
ബേക്കർ സ്ട്രീറ്റിലെ ഓഫീസിന്റെ കവാടത്തിൽ നിന്നിരുന്ന കാവൽക്കാരനെ നോക്കി തലയൊന്ന് കുലുക്കിയിട്ട് അദ്ദേഹം സ്റ്റെയർകെയ്സ് കയറി ഒന്നാം നിലയിലെ തന്റെ ഓഫീസിലേക്ക് നടന്നു. നൈറ്റ് ഡ്യൂട്ടി ഓഫീസറായ ക്യാപ്റ്റൻ ജാക്ക് കാർട്ടർ ഡെസ്കിൽ ഉണ്ടായിരുന്നു. തന്റെ വാക്കിങ്ങ് സ്റ്റിക്ക് എത്തിയെടുത്ത് അയാൾ എഴുന്നേൽക്കാനാഞ്ഞു. ഡൺകിർക്ക് പോരാട്ടത്തിലാണ് അയാളുടെ ഒരു കാൽ നഷ്ടമായതും പകരം കൃത്രിമക്കാൽ ഘടിപ്പിച്ചതും.
“ഇരുന്നോളൂ ജാക്ക്... എഴുന്നേൽക്കണ്ട...” മൺറോ പറഞ്ഞു. “ഒരു ചായ കിട്ടാൻ മാർഗ്ഗമുണ്ടോ...?”
“മാപ്പ് ടേബിളിൽ തെർമോസ്ഫ്ലാസ്ക് ഉണ്ട് സർ...”
ഫ്ലാസ്കിന്റെ അടപ്പ് തുറന്ന് ഗ്ലാസ്സിലേക്ക് ചായ പകർന്ന് മൺറോ അല്പം രുചിച്ചു നോക്കി. “മൈ ഗോഡ്... ഇതെന്തിന് കൊള്ളാം...? എന്തെങ്കിലുമാവട്ടെ, ചൂടെങ്കിലുമുണ്ടല്ലോ... അപ്പോൾ ശരി, നമുക്ക് കാര്യത്തിലേക്ക് കടക്കാം...”
കാർട്ടർ എഴുന്നേറ്റ് മുടന്തിക്കൊണ്ട് മാപ്പ് ടേബിളിനരികിലേക്ക് നടന്നു. ഡെവൺ, കോൺവാൾ എന്നിങ്ങനെ മുഖ്യമായും ഇംഗ്ലീഷ് ചാനൽ പ്രദേശം എടുത്തു കാണിക്കുന്ന തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ഒരു മാപ്പ് മേശമേൽ നിവർത്തിയിട്ടിട്ടുണ്ടായിരുന്നു.
“എക്സർസൈസ് ടൈഗർ, സർ...” കാർട്ടർ പറഞ്ഞു. “അതിന്റെ വിശദാംശങ്ങൾ ഓർക്കുന്നുവോ സർ...?”
“നമ്മുടെ യൂറോപ്യൻ അധിനിവേശം എങ്ങനെയായിരിക്കണമെന്നതിനുള്ള പരിശീലനം...”
“ദാറ്റ്സ് റൈറ്റ്... ഇവിടെ ഡെവണിൽ ഉള്ള ലിം ബേയിൽ സ്ലാപ്ടൺ സാൻഡ്സ് എന്നൊരു സ്ഥലമുണ്ട്... അധിനിവേശത്തിനായി നാം തിരഞ്ഞെടുത്തിരിക്കുന്ന നോർമൻഡിയിലെ യൂട്ടാ ബീച്ചുമായി വളരെയധികം സാമ്യമുണ്ട് അതിന്... അതുകൊണ്ടാണ് പരിശീലനത്തിനായി ആ പ്രദേശം നാം തിരഞ്ഞെടുത്തത്. അധിനിവേശത്തിന് പോകുന്ന അമേരിക്കൻ യുവാക്കളിൽ അധികം പേർക്കും യുദ്ധത്തിൽ പങ്കെടുത്ത പരിചയമില്ലെന്നതാണ് സത്യം...”
“ഐ നോ ദാറ്റ് ജാക്ക്...” മൺറോ പറഞ്ഞു. “ഗോ ഓൺ...”
“ഇന്നലെ രാത്രിയിലെ കോൺവോയിയിൽ എട്ട് ലാൻഡിങ്ങ് ക്രാഫ്റ്റുകളാണ് ഉണ്ടായിരുന്നത്... പ്ലിമത്തിൽ നിന്നുള്ള അഞ്ചും ബ്രിക്സ്‌ഹാമിൽ നിന്നുള്ള മൂന്നും... സ്വാഭാവികമായും നേവൽ എസ്കോർട്ടും ഉണ്ടായിരുന്നു... സ്ലാപ്ടൺ ബീച്ചിൽ ലാൻഡിങ്ങ് പരിശീലനം നടത്തേണ്ടവരായിരുന്നു അവർ...” ജാക്ക് ഒന്ന് നിർത്തി.
“റ്റെൽ മീ ദി വേഴ്സ്റ്റ്...” ക്ഷമ കൈവിട്ട് മൺറോ പറഞ്ഞു.
“കടലിൽ വച്ച് നമ്മുടെ കോൺവോയിയെ ജർമ്മൻ E-ബോട്ടുകൾ ആക്രമിച്ചു... ഷെർബർഗ്ഗിൽ നിന്നും ഉള്ള ഷ്നെൽബൂട്ടിന്റെ അഞ്ചും ഒമ്പതും ഫ്ലോട്ടില്ലകളായിരുന്നു ആക്രമണത്തിന്റെ പിന്നിൽ എന്നാണ് സംശയിക്കുന്നത്...”
“നാശനഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ട്...?”
“രണ്ട് ലാൻഡിങ്ങ് ക്രാഫ്റ്റുകൾ മുങ്ങി എന്നത് തീർച്ചയാണ്... മറ്റുള്ളവയ്ക്ക് ടോർപ്പിഡോ ഏറ്റിട്ടുണ്ട്...”
“മരണ സംഖ്യ എത്രയാണ്...?”
“ഇപ്പോൾ കൃത്യമായി പറയാനാവില്ല... ഏകദേശം ഇരുനൂറോളം നാവികരും നാനൂറ്റിയമ്പത് സൈനികരും...”
“കഴിഞ്ഞ രാത്രിയിൽ അറുനൂറ്റിയമ്പത് അമേരിക്കൻ യോദ്ധാക്കളെ നമുക്ക് നഷ്ടമായി എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...?” മൺറോ ചോദിച്ചു. “അറുനൂറ്റിയമ്പത് പേർ...? യൂറോപ്യൻ അധിനിവേശം ഇതുവരെ നാം തുടങ്ങിയിട്ടു പോലുമില്ല എന്നോർക്കണം...!”
“അതെ സർ...”
അസ്വസ്ഥതയോടെ മൺറോ റൂമിന്റെ മറുവശത്തേക്ക് നടന്ന് ജാലകത്തിനരികിൽ ചെന്ന് നിന്നു. “ഐസൻഹോവറിനെ വിവരം അറിയിച്ചുവോ...?”
“അദ്ദേഹം നഗരത്തിലുണ്ട് സർ... ഹേയ്സ് ലോഡ്ജിൽ... ബ്രേക്ക്ഫസ്റ്റിന് താങ്കളെ കാണണമെന്ന് അറിയിച്ചിട്ടുണ്ട്... എട്ടു മണിക്ക്...”
“കൃത്യമായ കണക്കുകളായിരിക്കും അദ്ദേഹം ആവശ്യപ്പെടുക...” മൺറോ തിരിഞ്ഞ് തന്റെ ഡെസ്കിനരികിലേക്ക് ചെന്നു.
“കാണാതായ ഓഫീസർമാരുടെ കൂട്ടത്തിൽ ബിഗോട്ട്സ് ആരെങ്കിലും ഉണ്ടോ...?” (*Bigot - British Invasion of German Occupied Territory എന്ന യൂറോപ്യൻ അധിനിവേശ പദ്ധതിയുടെ രഹസ്യങ്ങൾ അറിയുന്ന പ്രമുഖ വ്യക്തികളെ സൂചിപ്പിക്കുന്ന കോഡ് നെയിം)
“മൂന്ന് പേർ, സർ...”
“ഡിയർ ഗോഡ്...! ഞാൻ മുന്നറിയിപ്പ് കൊടുത്തിരുന്നതാണ്... ഇങ്ങനെയൊരു അപകട സാദ്ധ്യതയെക്കുറിച്ച്...” മൺറോ പറഞ്ഞു. “ഇത്തരം അപകടകരമായ ഡ്യൂട്ടികളിൽ ഒരു കാരണവശാലും ബിഗോട്ടുകളെ അയയ്ക്കരുതെന്ന്...”
ഏതാനും മാസങ്ങൾക്ക് മുമ്പ് യൂറോപ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടയിൽ ഉന്നത റാങ്കിലുള്ള അമേരിക്കൻ ഓഫീസർമാർക്ക് ചില സുരക്ഷാ വീഴ്ച്ചകൾ സംഭവിച്ച കാര്യം ഒരു വസ്തുതയാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി എടുത്ത ഒരു തീരുമാനമായിരുന്നു ബിഗോട്ട് നടപടി ക്രമങ്ങൾ കർശനമായി പാലിക്കുക എന്നത്. അത്യന്തം രഹസ്യ സ്വഭാവമുള്ള വിഷയമായതിനാൽ ഇന്റലിജൻസ് വകുപ്പിന്റെ തീരുമാനമായിരുന്നു അത്. മറ്റുള്ളവർക്ക് അറിയാത്ത പല കാര്യങ്ങളും ബിഗോട്ടുകൾക്ക് അറിയാമായിരുന്നു. പ്രത്യേകിച്ചും സഖ്യകക്ഷികളുടെ യൂറോപ്യൻ അധിനിവേശത്തിന്റെ വിശദാംശങ്ങൾ.
“കാണാതായ ആ മൂന്നു പേരുടെ ഫയലുകൾ ഞാൻ എടുത്തു കൊണ്ടുവന്നിട്ടുണ്ട്...” കാർട്ടർ പറഞ്ഞു.
അയാൾ മേശപ്പുറത്ത് വച്ച ആ ഫയലുകൾ മൺറോ മറിച്ചു നോക്കി. “സ്റ്റുപിഡ്...” അദ്ദേഹം പറഞ്ഞു. “വിശ്വസിക്കാൻ പറ്റുന്നില്ല ഈ മണ്ടത്തരം... ഉദാഹരണത്തിന് ഇതാ ഈ മനുഷ്യൻ... കേണൽ ഹ്യൂ കെൽസോ...”
“എൻജിനീയറിങ്ങ് ഓഫീസറാണ്...” കാർട്ടർ പറഞ്ഞു. “നോർമൻഡിയിലെ രണ്ട് ബീച്ചുകളിൽ അദ്ദേഹം രാത്രിയിൽ സന്ദർശിച്ചിട്ടുണ്ട്... നാല് കമാൻഡോകളോടൊപ്പം... അവിടെ വാഹനങ്ങൾ ഇറക്കാനാവുമോ എന്നതിന്റെ സാദ്ധ്യതാ പഠനത്തിനായി...”
“സ്വോർഡ് ബീച്ചിലും യൂട്ടാ ബീച്ചിലും...” മൺറോ അസ്വസ്ഥത പ്രകടിപ്പിച്ചു. “കഷ്ടകാലത്തിന് ആ E-ബോട്ടുകളിൽ ഉള്ളവരെങ്ങാനും അദ്ദേഹത്തെ പിക്ക് ചെയ്തിട്ടുണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ ജാക്ക്...? അദ്ദേഹമിപ്പോൾ ശത്രുക്കളുടെ കരങ്ങളിലായിരിക്കും... വേണമെങ്കിൽ അദ്ദേഹത്തെക്കൊണ്ട് അവർക്ക് പറയിക്കാം... നമ്മുടെ സകല രഹസ്യങ്ങളും ചോരും... ഞാൻ പറയാതെ തന്നെ അറിയാമല്ലോ അത്...?”
“കാണാതായവരിൽ ആരെയും തന്നെ ജർമ്മൻകാർ പിക്ക് ചെയ്തിരിക്കാനുള്ള സാദ്ധ്യത ഞാൻ കാണുന്നില്ല സർ... അകമ്പടി സേവിച്ചിരുന്ന സലാഡിൻ എന്ന യുദ്ധക്കപ്പലിന്റെ ക്യാപ്റ്റൻ പറഞ്ഞത് ആയിരത്തിയഞ്ഞൂറ് മീറ്റർ ദൂരത്ത് വച്ചാണ് ആ E - ബോട്ടുകൾ ആക്രമിച്ചതെന്നാണ്... എന്നിട്ട് പെട്ടെന്ന് തന്നെ കടന്നു കളയുകയും ചെയ്തുവത്രെ... എ ടിപ്പിക്കൽ ഹിറ്റ് ആന്റ് റൺ... കനത്ത ഇരുട്ട് ആയിരുന്നതിനാൽ ഇരുവശത്തും മൊത്തം ആശയക്കുഴപ്പമായിരുന്നു... കാലാവസ്ഥയും വളരെ മോശമാണ്... അഞ്ച് – ആറ് എന്ന നിലയിൽ വീശുന്ന കാറ്റ്... ലിം ബേയിലെ ഒഴുക്കിന്റെ ഗതി വച്ചു നോക്കിയാൽ ഭൂരിഭാഗം ശവശരീരങ്ങളും കരയ്ക്കടിയുമെന്നാണ് എനിക്ക് ലഭിച്ച വിവരം... അത് തുടങ്ങിക്കഴിഞ്ഞുവത്രെ...”
“ഭൂരിഭാഗം മാത്രം ജാക്ക്...മുഴുവനും എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ...?” മൺറോ മാപ്പ് ടേബിളിൽ അടിച്ചു. “അധിനിവേശത്തിന് നാം എത്തുമെന്നത് ജർമ്മൻകാർക്ക് അറിയാവുന്ന കാര്യമാണ്... ഏത് നിമിഷവും അവർ അത് പ്രതീക്ഷിക്കുന്നുമുണ്ട്... അതിനെ നേരിടുവാൻ അവർ തയ്യാറുമാണ്... തീരദേശത്തെ പ്രതിരോധത്തിനായി ഫീൽഡ് മാർഷൽ റോമലിനെത്തന്നെയാണ് ഹിറ്റ്‌ലർ നിയോഗിച്ചിരിക്കുന്നത്... എന്നാൽ നമ്മുടെ ആക്രമണം എവിടെ എപ്പോൾ സംഭവിക്കും എന്നത് മാത്രമാണ് അവർക്ക് നിശ്ചയമില്ലാത്തത്...” മാപ്പ് ടേബിളിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് അദ്ദേഹം തലയാട്ടി. “ആക്രമണത്തിന്റെ സകല വിവരങ്ങളും അറിയാവുന്ന ഒരു വ്യക്തി അവരുടെ കൈകളിൽ എത്തിപ്പെടുക എന്ന ഒറ്റ കാരണം കൊണ്ട് ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന നമ്മുടെ യൂറോപ്യൻ അധിനിവേശം ഉപേക്ഷിക്കുക എന്നത് എന്തൊരു വിരോധാഭാസമായിരിക്കും...?”
“അതിന് സാദ്ധ്യതയില്ല സർ... ബിലീവ് മീ...” കാർട്ടർ പറഞ്ഞു. “മറ്റുള്ളവരുടേതിനൊപ്പം കേണൽ കെൽസോയുടെ മൃതദേഹവും കരയ്ക്കടിയും സർ...”
“ഗോഡ് ഹെൽപ്പ് മീ... അദ്ദേഹത്തിന്റെ ശവശരീരവും കരയ്ക്കടിയുമെന്ന് തന്നെ കരുതാം നമുക്ക്... അങ്ങനെ സംഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...” പ്രതീക്ഷയോടെ ഡോഗൽ മൺറോ മന്ത്രിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
പുതുവർഷത്തിൽ ആദ്യ തേങ്ങാ എന്റെ വക!!!
ReplyDeleteബ്ലോഗുകളുടെ സുവർണ്ണകാലഘട്ടത്തിൽ ശ്രീയുടെ കമന്റുകൾക്കായി കണ്ണിൽ എണ്ണയിഴിച്ച് കാത്തിരിക്കുമായിരുന്നു ഞാൻ...
Deleteശ്ശോ 🌹🌹🌹
Deleteപരിചിത മുഖങ്ങൾ മുന്നിലേക്കെത്തിത്തുടങ്ങി..
ReplyDeleteഎല്ലാ ജാക്കേട്ടൻ ആൻഡ് വിനുവേട്ടൻ ഫാൻസിനും ഹൃദ്യമായ പുതുവത്സാരാശംസകൾ 🙏
സന്തോഷം ജിം...
Deleteവീണ്ടും മൺറോയും കാർട്ടറും...
ReplyDeleteഅതെ...
Deleteഹാപ്പി ന്യൂ ഇയർ വിനുവേട്ടാ.. കഥ തുടരട്ടെ
ReplyDeleteഹാപ്പി ന്യൂ ഇയർ അങ്ങോട്ടും...
Deleteപഴയ ആളുകൾ എത്തി ജാക്ക് മൺറോ..
ReplyDeleteഡോഗൽ മൺറോ & ജാക്ക് കാർട്ടർ...
Deleteഎല്ലാവർക്കും പുതുവത്സരാശംസകൾ... കഥയോടൊപ്പമുണ്ട് :)
ReplyDeleteസന്തോഷം മുബീ...
Deleteപുത്തൻ കൊല്ലത്തിൽ ഷെർലക്ക് ഹോംസിന് ശേഷമുള്ള ലണ്ടൻ കാഴ്ച്ചകളാണല്ലോ വിനുവേട്ടൻ കാട്ടി തന്നിരിക്കുന്നത്
ReplyDeleteമുരളിഭായിയുടെ ലണ്ടൻ വിട്ടൊരു കളി നമുക്കില്ല ഭായ്...
DeleteAa വന്നല്ലോ മൺറോ ആൻഡ് ടീം
ReplyDeleteസമാധാനമായില്ലേ...? ഇനി ഉണ്ടാപ്രി മുടങ്ങാതെ എത്തുമല്ലോ...?
Deleteവീണ്ടും വന്നല്ലോ ജാക്ക് കാർറ്റർ & മൺ റോ..... കാത്തിരിക്കുന്നു
ReplyDeleteഅതെ... സന്തോഷമായില്ലേ...? :)
Deleteശ്ശോ. ഒരാൾ മരിക്കാൻ നോക്കിയിരിക്കുന്നു
ReplyDeleteജീവനോടെ ശത്രുവിന്റെ കൈയ്യിൽ അകപ്പെട്ടാലോ..?
Delete