ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
എന്നാൽ ആ സമയത്ത് കേണൽ ഹ്യൂ കെൽസോ ജീവനോടെ തന്നെയുണ്ടായിരുന്നു. ജീവിതത്തിൽ ഇത്രയേറെ ഭയം തോന്നിയ നിമിഷങ്ങൾ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. നനഞ്ഞ് കുതിർന്ന് തണുത്ത് വിറയ്ക്കുന്ന അദ്ദേഹം അസഹനീയമായ വേദന അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഡെവൺ തീരത്ത് നിന്നും ഏതാണ്ട് ഒരു മൈൽ അകലെ ഒഴുക്കിനൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ലൈഫ് റാഫ്റ്റിനുള്ളിൽ ആയിരുന്നു അദ്ദേഹം. ലൈം ബേയുടെ തെക്കേ അറ്റത്തുള്ള സ്റ്റാർട്ട് പോയിന്റിന് നേർക്ക് അതിവേഗം ഒഴുകിക്കൊണ്ടിരിക്കുകയാണ് ആ ലൈഫ് റാഫ്റ്റ്. അതിന് അപ്പുറമാണ് വിശാലമായ ഇംഗ്ലീഷ് ചാനൽ.
നാൽപ്പത്തിരണ്ടുകാരനായ കെൽസോ വിവാഹിതനും രണ്ട് പെൺകുട്ടികളുടെ പിതാവുമാണ്. തൊഴിൽപരമായി ഒരു സിവിൽ എൻജിനീയർ. ന്യൂയോർക്കിൽ തന്റെ കുടുംബം നടത്തിപ്പോരുന്ന പ്രശസ്തമായ ഒരു എൻജിനീയറിങ്ങ് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടർ ആയിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് 1942 ൽ മേജർ പദവിയോടെ എൻജിനീയറിങ്ങ് കോർപ്സിലേക്ക് അദ്ദേഹം റിക്രൂട്ട് ചെയ്യപ്പെട്ടതും. സൗത്ത് പസഫിക്കിലെ വിവിധ ദ്വീപുകളിൽ ലാൻഡ് ചെയ്തിട്ടുള്ള പരിചയവും എൻജിനീയറിങ്ങ് സമസ്യകളിൽ ഉള്ള പ്രാവീണ്യവും കണക്കിലെടുത്ത് അവർ അദ്ദേഹത്തെ ഇംഗ്ലണ്ടിലെ SHAEF ഹെഡ്ക്വാർട്ടേഴ്സിലേക്ക് പ്രൊമോഷനോടെ ട്രാൻസ്ഫർ ചെയ്തു. ബ്രിട്ടന്റെ യൂറോപ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയായിരുന്നു അത്.
ഒരു പ്രത്യേക കാരണത്താലാണ് കമാൻഡിങ്ങ് ഓഫീസർ അദ്ദേഹത്തെ എക്സർസൈസ് ടൈഗർ ദൗത്യത്തിലേക്ക് തെരഞ്ഞെടുത്തത്. നോർമൻഡിയിലെ യൂട്ടാ ബീച്ചിൽ നടക്കാൻ പോകുന്ന അധിനിവേശ ലാന്റിങ്ങിന് അയക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് അമേരിക്കൻ ഫസ്റ്റ് എൻജിനീയർ സ്പെഷൽ ബ്രിഗേഡിനെ ആയിരുന്നു. കേണൽ ഹ്യൂ കെൽസോ ആകട്ടെ ആറാഴ്ച്ച മുമ്പ് ബ്രിട്ടീഷ് കമാൻഡോകളുടെ അകമ്പടിയോടെ ഇരുട്ടിന്റെ മറവിൽ യൂട്ടാ ബീച്ച് സന്ദർശിച്ചിട്ടുള്ളതുമാണ്. സ്ലാപ്ടൺ സാൻഡ്സ് ആണെങ്കിൽ യൂട്ടാ ബീച്ചുമായി വളരെയധികം സാമ്യമുള്ള പ്രദേശമാണ് താനും. അതിനാൽ തന്നെ, ആ വിഷയത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം അവർക്ക് ആവശ്യവുമായിരുന്നു. അങ്ങനെയാണ് പ്ലിമത്തിൽ നിന്നുമുള്ള LST 31 സംഘത്തിൽ അദ്ദേഹവും ഉൾപ്പെടുന്നത്.
കപ്പലിലെ മറ്റെല്ലാവരെയും എന്ന പോലെ അപ്രതീക്ഷിതമായ ആക്രമണത്തിൽ കേണൽ ഹ്യൂ കെൽസോയും അമ്പരന്നു പോയി. അധികം അകലെയല്ലാതെ പ്രത്യക്ഷപ്പെട്ട പ്രകാശവും മറ്റും ബ്രിട്ടീഷ് ടോർപിഡോ ബോട്ടുകളുടേതായിരിക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ ആദ്യത്തെ ടോർപിഡോ വന്ന് തട്ടിയതോടെ പരിഭ്രാന്തരായ സൈനികരുടെ ഒച്ചപ്പാടും ബഹളവും എല്ലാം കൊണ്ട് ആ രാത്രി ശബ്ദമുഖരിതമായി. ഇന്ധനം കത്തിപ്പിടിക്കുന്നതിന്റെ രൂക്ഷഗന്ധം എങ്ങും പരന്നു. LST 31 നിന്ന് മാത്രം 413 പേർ കൊല്ലപ്പെട്ട കാര്യം കെൽസോയ്ക്ക് അപ്പോൾ അറിയില്ലായിരുന്നു. ടോർപിഡോ വന്നിടിച്ചതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ തെറിച്ചു പോയ അദ്ദേഹം റെയിലിൽ ചെന്നിടിച്ച് കടലിലേക്ക് മറിഞ്ഞു വീണു. ബോധരഹിതനായ കെൽസോ, ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതു കൊണ്ട് മാത്രമാണ് കടലിൽ താഴ്ന്നു പോകാതെ കിടന്നത്. പിന്നീട് എപ്പോഴോ ബോധമണ്ഡലത്തിലേക്ക് എത്തിയപ്പോഴാണ് തണുത്തുറഞ്ഞ വെള്ളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയാണ് താൻ എന്ന് അദ്ദേഹത്തിന് മനസ്സിലായത്.
തീജ്വാലകൾ ഏതാണ്ട് നൂറ് വാരയോളം അകലെയായിരുന്നു. അതിന്റെ പ്രതിഫലനത്തിന്റെ പ്രകാശത്തിൽ തനിക്കരികിൽ പൊന്തിവന്ന ഒരാളുടെ മുഖം പെട്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. കപ്പലിന്റെ ടാങ്ക് തകർന്നൊഴുകിയ എണ്ണപ്പാടയിൽ അയാളുടെ തലമുടി നനഞ്ഞൊട്ടിയിരുന്നു.
“താങ്കൾ സുരക്ഷിതനാണ് സർ... ഇവിടെയൊരു ലൈഫ് റാഫ്റ്റ് ഉണ്ട്... ഞാൻ അടുപ്പിക്കാം...” അയാൾ പറഞ്ഞു.
ഇരുട്ടിൽ നിന്നും ആ ചങ്ങാടം അദ്ദേഹത്തിനരികിലേക്കെത്തി. കാറ്റ് നിറച്ച് ഉപയോഗിക്കാവുന്ന തരത്തിലുള്ള പുതിയ തരം ലൈഫ് റാഫ്റ്റ് ആയിരുന്നു അത്. വൃത്താകൃതിയിൽ ഓറഞ്ച് നിറത്തിൽ ഏതാണ്ട് പത്ത് പേർക്കെങ്കിലും സഞ്ചരിക്കാവുന്നത്ര വലുപ്പമുള്ളത്. മഞ്ഞിൽ നിന്നും മഴയിൽ നിന്നും സംരക്ഷണത്തിനായി ഒരു മേൽക്കൂരയും അതിനുണ്ടായിരുന്നു. അതിനുള്ളിലേക്ക് കടക്കുവാനുള്ള ഫ്ലാപ്പ് തുറന്നു കിടക്കുന്നുണ്ട്.
“ഇതിനകത്ത് കയറാൻ താങ്കളെ ഞാൻ സഹായിക്കാം... എന്നിട്ട് എനിക്ക് പോകണം... കഴിയുന്നിടത്തോളം ആളുകളെ രക്ഷിക്കണം... കയറിക്കോളൂ സർ...” അയാൾ പറഞ്ഞു.
തന്റെ ശരീരം കുഴയുന്നതു പോലെ കെൽസോയ്ക്ക് തോന്നി. പക്ഷേ, അജ്ഞാതനായ ആ സുഹൃത്ത് കരുത്തനായിരുന്നു. അയാൾ കെൽസോയെ ഉയർത്തി ആ ഫ്ലാപ്പിലൂടെ അകത്തേക്ക് തള്ളി വിട്ടു. അപ്പോഴാണ് തന്റെ വലതു കാലിൽ അസഹനീയമായ വേദന അനുഭവപ്പെടുന്ന കാര്യം അദ്ദേഹം തിരിച്ചറിഞ്ഞത്. ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര കടുത്ത വേദന. ഒരു നിലവിളിയോടെ അദ്ദേഹം വീണ്ടും ബോധരഹിതനായി.
വീണ്ടും ബോധം വരുമ്പോൾ തണുത്ത് മരവിച്ചിരിക്കുകയായിരുന്നു അദ്ദേഹം. താൻ എവിടെയാണെന്ന് മനസ്സിലാക്കിയെടുക്കുവാൻ അദ്ദേഹത്തിന് ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു. തന്നെ രക്ഷിച്ച ആ അജ്ഞാത സുഹൃത്തിന്റെ അടയാളം പോലും അവിടെങ്ങുമുണ്ടായിരുന്നില്ല. ചുറ്റും കൂരിരുട്ട് മാത്രം. ചങ്ങാടത്തിന്റെ തുറന്നു കിടക്കുന്ന ഫ്ലാപ്പിലൂടെ അദ്ദേഹം പുറത്തേക്ക് എത്തി നോക്കി. കടൽ വെള്ളത്തിന്റെ നുരകൾ മുഖത്തേക്ക് അടിച്ചു കയറുന്നു. വെളിച്ചത്തിന്റെ കണിക പോലുമില്ല അടുത്തെങ്ങും. തിരകൾ ഓളം വെട്ടുന്നതിന്റെയും കാറ്റിന്റെയും ശബ്ദം മാത്രം. തന്റെ വാട്ടർപ്രൂഫ് വാച്ചിന്റെ തിളങ്ങുന്ന ഡയലിലേക്ക് അദ്ദേഹം കണ്ണോടിച്ചു. സമയം പുലർച്ചെ അഞ്ചു മണിയോട് അടുക്കുന്നു. ഇത്തരം ലൈഫ് റാഫ്റ്റുകളിൽ എമർജൻസി കിറ്റ് ഉണ്ടാകുമല്ലോ എന്ന കാര്യം ഓർമ്മ വന്നത് പെട്ടെന്നായിരുന്നു. കിടന്ന കിടപ്പിൽ തന്നെ അദ്ദേഹം ചുറ്റും ഒന്ന് പരതുവാൻ ശ്രമിച്ചു. കാലിൽ വീണ്ടും അസഹനീയമായ വേദന. പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ട് വേദനയെ അടക്കി അദ്ദേഹം ആ കിറ്റ് കണ്ടെടുത്ത് അതിന്റെ അടപ്പ് തുറന്നു.
അതിന്റെ അടപ്പിന്റെ ഉൾഭാഗത്തെ ക്ലിപ്പിൽ ഒരു വാട്ടർപ്രൂഫ് ഫ്ലാഷ് ലൈറ്റ് ഉണ്ടായിരുന്നു. അത് ഓൺ ചെയ്തിട്ട് അദ്ദേഹം ചുറ്റിനും തെളിയിച്ചു നോക്കി. ഓറഞ്ച് നിറത്തിലുള്ള ഒരു ഗുഹ എന്ന പോലെ തോന്നിക്കുന്ന ആ ചങ്ങാടത്തിനുള്ളിൽ താൻ മാത്രം...! എതാണ്ട് ഒരടിയോളം വെള്ളത്തിലാണ് താൻ കിടക്കുന്നത്. വലതു കാൽമുട്ടിന് താഴെയായി തന്റെ പാന്റ്സ് കീറിപ്പോയിരിക്കുന്നു. ആ ഭാഗത്ത് തൊട്ടു നോക്കിയപ്പോഴാണ് മനസ്സിലായത് പലയിടത്തും ഒടിഞ്ഞ എല്ലിന്റെ മുനകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന കാര്യം.
ആ കിറ്റിനുള്ളിൽ ഒരു ഫ്ലെയർ ഗൺ കൂടി ഉണ്ടായിരുന്നു. പാരച്യൂട്ടിൽ കടലിൽ ഇറങ്ങുന്ന അവസരങ്ങളിൽ ദൂരെയുള്ളവരുടെ ശ്രദ്ധ ആകർഷിക്കുവാനായി തീജ്വാലകൾ തൊടുത്തു വിടുന്ന ഒരു ഉപകരണം. അതിന്റെ കാഞ്ചിയിൽ വിരൽ വച്ചുവെങ്കിലും ക്ഷീണിതമായ തലച്ചോറ് പൊടുന്നനെ പ്രവർത്തിച്ചതിനാൽ തൊട്ടടുത്ത നിമിഷം തന്നെ അത് വേണ്ടെന്ന് വച്ചു. തങ്ങളെ ആക്രമിച്ച ആ ജർമ്മൻ നേവൽ യൂണിറ്റുകൾ ആ പ്രദേശത്ത് തന്നെ ഉണ്ടെങ്കിൽ എന്തായിരിക്കും സംഭവിക്കുക...? തന്നെ പിക്ക് ചെയ്യുന്നത് ശത്രുക്കളാണെങ്കിലോ...? അങ്ങനെ ഒരു റിസ്ക് എടുക്കുവാൻ അദ്ദേഹം ആഗ്രഹിച്ചില്ല. താൻ ഒരു ബിഗോട്ട് ആണെന്നതു തന്നെ കാര്യം. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ആറായിരത്തോളം കപ്പലുകൾ അടങ്ങുന്ന ഒരു വ്യൂഹം ഇംഗ്ലീഷ് ചാനലിലൂടെ യൂറോപ്പിന്റെ തീരത്തേക്ക് നീങ്ങും. അത് എന്ന് എപ്പോൾ എവിടെ എന്നൊക്കെയുള്ള കാര്യങ്ങൾ കൃത്യമായി അറിയുന്ന ഒരു വ്യക്തിയാണ് താൻ. വേണ്ട... നേരം വെളുക്കുന്നത് വരെ കാത്തിരിക്കുക തന്നെ...
കാലിലെ വേദന അസഹനീയമായി തുടരുന്നു. മെഡിക്കൽ കിറ്റിനുള്ളിൽ പരതി അദ്ദേഹം മോർഫിൻ ആംപ്യൂൾസ് കണ്ടെടുത്തു. അതിലൊന്ന് പൊട്ടിച്ച് കാലിലേക്ക് കുത്തിയിറക്കി. ഒരു നിമിഷം കഴിഞ്ഞ് ഒന്ന് സംശയിച്ചതിന് ശേഷം പിന്നെയും ഒരെണ്ണം കൂടി. പിന്നെ ബെയ്ലർ കണ്ടെടുത്ത് കുറച്ചു നേരം ചങ്ങാടത്തിനുള്ളിലെ വെള്ളം പുറത്തേക്ക് തേകി കളഞ്ഞു. പക്ഷേ, അപ്പോഴേക്കും അദ്ദേഹം വല്ലാതെ ക്ഷീണിച്ചിരുന്നു. ഒരു പക്ഷേ, മോർഫിന്റെ ഡോസ് കൂടിയതു കൊണ്ടായിരിക്കാം. എന്തായാലും വേദനയ്ക്ക് ശമനമുണ്ട്... ബെയ്ലർ താഴെയിട്ട് ഫ്ലാപ്പിന്റെ സിബ്ബ് വലിച്ച് ചങ്ങാടത്തിന്റെ കവാടം അടച്ചതിന് ശേഷം പിന്നോട്ട് ചാഞ്ഞ് ഇരുന്ന അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ മയക്കത്തിലേക്ക് വീണു.
അദ്ദേഹത്തിന്റെ വലതു ഭാഗത്തായി ഏതാണ്ട് നൂറു വാര അകലെയായിരുന്നു സ്റ്റാർട്ട് പോയിന്റ്. അവിടെയുള്ള പാറക്കെട്ടുകളുടെ നേർക്ക് ഒഴുകി അടുത്തു കൊണ്ടിരുന്ന ആ ചങ്ങാടം പെട്ടെന്ന് എതിർദിശയിലുള്ള ജലപ്രവാഹത്തിൽ പെട്ട് ദൂരേയ്ക്ക് മാറി. പത്ത് മിനിറ്റുകൾക്ക് ശേഷം തീരത്തിന്റെ അവസാന പോയിന്റും കടന്ന് മുന്നോട്ടോഴുകിയ ആ ലൈഫ് റാഫ്റ്റ്, വീശുവാനാരംഭിച്ച കാറ്റിന്റെ കൈകളിലേറി തണുത്തുറഞ്ഞ ഇംഗ്ലീഷ് ചാനലിന്റെ വിശാലതയിലേക്ക് പ്രവേശിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഇനി എന്തു സംഭവിയ്ക്കുമോ ആവോ
ReplyDeleteഇനി എന്തെല്ലാം സംഭവിക്കാൻ കിടക്കുന്നു...!
Deleteഅതെ അങ്ങിനെ കേൾസോയെ ഒഴുക്കിവിടാനൊന്നും ഞങ്ങൾ സമ്മതിക്കില്ല.
ReplyDeleteഅതാണ് സ്പിരിറ്റ്... :)
Deleteവേദനയിലും ധൈര്യം കൈവിടാതെ
ReplyDeleteസൈനിക വൃത്തിയിൽ ഏർപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഇതൊക്കെ തനിയേ വന്നു കൊള്ളും സുകന്യാജീ...
Deleteഅങ്ങനെ ആ ലൈഫ് റാഫ്റ്റിന്റെ ഒഴുക്കിനൊപ്പം നമ്മളും കഥാഗതിയിലേക്ക് ഒഴുകിച്ചേരുകയാണ് സൂർത്തുക്കളെ..
ReplyDeleteഅതെ സൂർത്തുക്കളേ... നമ്മളും ഒഴുകുകയാണ്...
Deleteനന്നായി സൂർത്തെ..കഥ ചൂടാകുന്നുണ്ട്
ReplyDeleteലേറ്റായാലും ലേറ്റസ്റ്റ് ആയി എത്തിയതിൽ വളരെ സന്തോഷമുണ്ട് സൂർത്തേ... വളരെ സന്തോഷമുണ്ട്... :)
Deleteഹ്യൂ കെൽസൊ യുടെ മനസ്സാന്നിധ്യം അദ്‌ഭുതകരം തന്നെ. അദ്ദേഹത്തിന് പിന്നെ എന്ത് സംഭവിച്ചു?
ReplyDeleteതീർച്ചയായും മൃദുലാജീ... അദ്ദേഹത്തിന് ഇനി എന്ത് സംഭവിക്കും എന്നതാണ് നമ്മുടെ കഥയുടെ പ്രയാണതതിലെ മുഖ്യവിഷയം... ആകാംക്ഷയോടെ, മുടങ്ങാതെ വായിക്കാനെത്തുമല്ലോ...
Deleteതീർച്ചയായും
Deleteഹ്യൂ കെൽസൊ ഇംഗ്ലീഷ് ചാനലിലേക്ക് കടന്നു... Interesting :)
ReplyDeleteഒഴുകിയൊഴുകി എവിടേയ്ക്കോ...
Deleteഅങ്ങനെ കുറച്ച് ആകാംഷയുമായി ആ റാഫ്റ്റിലൂടെ വായനക്കാരും ബ്രിട്ടീഷ് ചാനലിൽ എത്തപ്പെട്ടു ...
ReplyDeleteമുരളിഭായിയുടെ ഏരിയയിലേക്ക് എത്തുമോ...?
Deleteതെയിംസിലൂടെയല്ലാതെ ഞങ്ങളുടെ ഏരിയയിലേക്ക് വരാൻ സാധ്യമല്ല വിനുവേട്ടാ
Deleteഎന്താണോ എന്തോ.... ദേ കെൽസോ ജീവനോടെ. 🌹
ReplyDeleteഅതെ... സന്തോഷമായില്ലേ..?
Delete