Saturday, January 16, 2021

നൈറ്റ് ഓഫ് ദി ഫോക്സ് – 06

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ഹെയ്സ് ലോഡ്ജിലെ ലൈബ്രറിയിൽ റീജൻസി ഹാളിലെ ജാലകത്തിനരികിലുള്ള ഇരിപ്പിടത്തിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് ജനറൽ ഐസൻഹോവർ. ടോസ്റ്റും ഓംലെറ്റും കോഫിയും ആയിരുന്നു വിഭവങ്ങൾ. ചെറുപ്പക്കാരനായ ഒരു സൈനികൻ ബ്രിഗേഡിയർ ഡോഗൽ മൺറോയെ അങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നു.

 

“ആവശ്യം വരുമ്പോൾ വിളിക്കാം ക്യാപ്റ്റൻ...” ഐസൻഹോവർ പറഞ്ഞതും ആ സൈനികൻ പുറത്തേക്ക് പോയി.

 

“ഡിഫിക്കൽറ്റ് റ്റു സ്മൈൽ ദിസ് മോണിങ്ങ്, ബ്രിഗേഡിയർ...” ഐസൻഹോവർ പറഞ്ഞു.

 

“അയാം അഫ്രെയ്ഡ് സോ, ജനറൽ...”

 

“ഭക്ഷണം എന്തെങ്കിലും കഴിച്ചുവോ...?”

 

“വർഷങ്ങളായി ഞാൻ ബ്രേക്ക്ഫസ്റ്റ് കഴിച്ചിട്ട്, ജനറൽ...”

 

ഒരു നിമിഷം ഐസൻഹോവറുടെ മുഖം ഒന്ന് പ്രകാശിച്ചു. ആർക്കും അനുകരിക്കാനാവാത്ത ആ ഗൂഢസ്മിതം. “എന്ന് വച്ചാൽ യാഥാസ്ഥിതിക ചിന്തയുള്ള ഒരു മുരടൻ സൈനികൻ അല്ല നിങ്ങളെന്ന്... ആട്ടെ, ചായയല്ലേ നിങ്ങൾക്കിഷ്ടം...?”

 

“യെസ്, ജനറൽ...”

 

“അതാ, ആ സൈഡ്ബോർഡിലുണ്ട്... എടുത്തിട്ട് വരൂ... എന്നിട്ട് ഇന്നലെ രാത്രിയിലെ ആ നശിച്ച സംഭവത്തെക്കുറിച്ച് നിങ്ങൾക്ക് ലഭിച്ച വിവരങ്ങൾ എന്തൊക്കെയാണെന്ന് പറയൂ... എന്റെ കൂട്ടരുടെ വ്യാഖ്യാനം എനിക്ക് ലഭിച്ചിട്ടുണ്ട്... എങ്കിലും നിങ്ങൾ SOE ടീമിന്റെ അഭിപ്രായങ്ങളെ അങ്ങേയറ്റം ഞാൻ മാനിക്കുന്നു എന്ന കാര്യം നിങ്ങൾക്കറിയാമല്ലോ...”

 

ഗ്ലാസിൽ ചായയുമായി മൺറോ മേശയുടെ മറുവശത്ത് വന്നിരുന്നു. എന്നിട്ട് തലേന്ന് രാത്രിയിലെ സംഭവവികാസങ്ങളുടെ ഒരു സംക്ഷിപ്ത രൂപം ഐസൻഹോവറിന് മുന്നിൽ അവതരിപ്പിച്ചു.

 

“ഇത്തരമൊരു ആക്രമണത്തിൽ നിന്നും നമ്മുടെ കപ്പലുകളെ സംരക്ഷിക്കുവാൻ നാവികസേനയുടെ അകമ്പടി വ്യൂഹത്തിന് കഴിയേണ്ടതായിരുന്നു...”  ഐസൻഹോവർ പറഞ്ഞു. “കാലാവസ്ഥയും വളരെ മോശമായിരുന്നു... അവരുടെ നാവികാഭ്യാസങ്ങൾ വിലയിരുത്തുവാനായി ഞാൻ സ്ലാപ്ടൺ ബീച്ച് സന്ദർശിച്ചത് മൂന്ന് ദിവസം മുമ്പാണ്... ടെഡ്ഡറിന്റെയും ഒമാർ ബ്രാഡ്ലിയുടെയും ഒപ്പം ഒരു സ്പെഷൽ ട്രെയിനിൽ...”

 

“താങ്കളുടെ LST ക്രൂവിലെ ഭൂരിഭാഗം പേരും ഇംഗ്ലീഷ് ചാനലിൽ ആദ്യമായിട്ടാണ് വരുന്നത്... ഏറ്റവും നല്ല സീസണിൽ പോലും ഇംഗ്ലീഷ് ചാനൽ അപകടകാരിയാണ്...” മൺറോ ചുമൽ വെട്ടിച്ചു. “നാവികാഭ്യാസ സമയത്ത് ഷെർബർഗ് തീരത്തിന് സമീപം നമ്മുടെ റോയൽ നേവിയുടെ ടോർപ്പിഡോ ബോട്ടുകൾ റോന്തു ചുറ്റാറുള്ളതാണ്... താങ്കൾക്കറിയാമല്ലോ, ജർമ്മനിയുടെ E–ബോട്ടുകളുടെ കേന്ദ്രമാണ് ഫ്രഞ്ച് തീരത്തെ ഷെർബർഗ് എന്ന്... ഇന്നലെ രാത്രി കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു... ആ തക്കം നോക്കിയാണ് സൈലൻസറുകൾ ഓൺ ചെയ്ത് അവർ നുഴഞ്ഞു കയറിയതെന്ന് കരുതുന്നു... നാല്പത് നോട്ട്സിനും മേലെ സഞ്ചരിക്കാൻ കഴിവുള്ളവയാണ് അവരുടെ E–ബോട്ടുകൾ... അത്രയും വേഗതയിൽ സഞ്ചരിക്കുന്ന മറ്റൊന്നും തന്നെയില്ല എന്ന് വേണമെങ്കിൽ പറയാം... വളരെ കൗശലത്തോടെയാണ് അവർ സമീപിച്ചത്... അവർ തൊടുത്തു വിട്ട പാരച്യൂട്ട് ഫ്ലെയേഴ്സ് നമ്മുടെ കപ്പലുകളുടേതാണെന്ന് കോൺവോയിയിലുള്ളവർ അനുമാനിച്ചു...”

 

“ഡാമിറ്റ്... അങ്ങനെ കണ്ണുമടച്ച് ഒന്നും അനുമാനിക്കാൻ പാടില്ല ഈ കളിയിൽ... എത്ര വട്ടം ഞാനിത് പറഞ്ഞിട്ടുള്ളതാണ് ഇവരോട്...” ഐസൻഹോവർ ഗ്ലാസിലേക്ക് അല്പം കൂടി കോഫി പകർന്നിട്ട് എഴുന്നേറ്റ് നെരിപ്പോടിനരികിലേക്ക് ചെന്നു. “നൂറ് കണക്കിനാണ് ശവശരീരങ്ങൾ വന്നടിയുന്നത് എന്നാണവർ പറഞ്ഞത്...”

 

“സത്യമാണ്...”

 

“എന്തായാലും ഈ വിവരം പുറത്തു പോകാതെ സൂക്ഷിക്കണം എന്ന് പറയേണ്ട ആവശ്യമില്ലല്ലോ... തൽക്കാലം ഡെവൺ തീരത്തിന് സമീപം വലിയൊരു കുഴിയിൽ എല്ലാവരെയും കൂടി ഒരുമിച്ചടക്കാം... മിലിട്ടറിയുടെ അധീനതയിലുള്ള ഒരു ഡിഫൻസ് ഏരിയ ആയതു കൊണ്ട് അക്കാര്യത്തിൽ ബുദ്ധിമുട്ടില്ല... നമ്മുടെ യൂറോപ്യൻ അധിനിവേശം തൊട്ടരികിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ഈ വാർത്ത പുറത്തു പോകുന്നത് സൈനികരുടെ മനോവീര്യത്തെ ബാധിക്കും...”

 

“ഞാൻ യോജിക്കുന്നു...” ഒന്നു സംശയിച്ചിട്ട് കരുതലോടെ മൺറോ കൂട്ടിച്ചേർത്തു. “ബിഗോട്ട്സിന്റെ ഒരു പ്രശ്നം കൂടിയുണ്ട് ജനറൽ...”

 

“തുടക്കം മുതൽക്കേ ഈ ദൗത്യത്തിൽ അവർ പങ്കെടുക്കാവാൻ പാടില്ലാത്തതായിരുന്നു... അവരുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നിങ്ങൾക്ക് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ...”

 

“അതെ... പക്ഷേ, സ്ഥിതി അല്പം വഷളാണ് സർ... ബിഗോട്ട്സ് മൂന്നു പേരുണ്ടായിരുന്നു... രണ്ടു പേരുടെ മൃതശരീരങ്ങൾ കണ്ടെടുത്തിട്ടുണ്ട്... മൂന്നാമത്തെയാൾ ഇദ്ദേഹമാണ്...” തന്റെ ബ്രീഫ്കെയ്സിൽ നിന്നും ഒരു ഫയൽ എടുത്ത് മൺറോ അദ്ദേഹത്തിന് നൽകി. “ഹീ ഈസ് സ്റ്റിൽ മിസ്സിങ്ങ്...”

 

ഐസൻഹോവർ ആ ഫയൽ പെട്ടെന്ന് ഒന്നോടിച്ചു നോക്കി. “കേണൽ ഹ്യൂ കെൽസോ...” അദ്ദേഹത്തിന്റെ മുഖം ഇരുണ്ടു. “ഈ കെൽസോയെ എനിക്ക് നേരിട്ട് പരിചയമുള്ളതാണ്... രണ്ടാഴ്ച്ചകൾക്ക് മുമ്പാണ് അയാൾ നോർമൻഡിയിലെ രണ്ട് ബീച്ചുകളിൽ പോയി പരിശോധിച്ചിട്ട് വന്നത്...”

 

“യൂട്ടായിലും സ്വോർഡിലും... അന്ന് കമാൻഡോകൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചിരുന്നു... മാത്രവുമല്ല, അഥവാ പിടിക്കപ്പെടുകയാണെങ്കിൽ വിഴുങ്ങുവാനായി സയനൈഡ് ഗുളികയും കൈവശമുണ്ടായിരുന്നു...”

 

ഐസൻഹോവർ ആ ഫയൽ മേശപ്പുറത്തിട്ടു. “ബ്രിഗേഡിയർ, അധിനിവേശത്തിന് എപ്പോൾ എവിടെ നാം ലാന്റ് ചെയ്യാൻ പോകുന്നുവെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തിയാണയാൾ...”

 

“അദ്ദേഹത്തിന്റെ മൃതദേഹം കരയ്ക്കടിയുന്നതും കാത്ത് നമ്മുടെ സൈനികർ സ്ലാപ്ടൺ ബീച്ചിൽ നിൽക്കുന്നുണ്ട്, ജനറൽ... മറ്റുള്ളവരുടേതിനൊപ്പം അദ്ദേഹത്തിന്റെ ശരീരവും കരയ്ക്കെത്തും എന്നു തന്നെയാണെന്റെ ഉറച്ച വിശ്വാസം...” മൺറോ പറഞ്ഞു.

 

“ഡോണ്ട് ട്രൈ റ്റു മെയ്ക്ക് മീ ഫീൽ ഗുഡ്...” കടുത്ത സ്വരത്തിൽ ഐസൻഹോവർ പറഞ്ഞു. “ചില മൃതദേഹങ്ങളെങ്കിലും ഒരിക്കലും കരയ്ക്കടിയില്ല എന്നത് ഒരു വാസ്തവമാണ്... അതെനിക്കുമറിയാം നിങ്ങൾക്കുമറിയാം... അതിലൊന്നാണ് കെൽസോയുടേതെങ്കിൽ...? ജീവനോടെ അദ്ദേഹം ശത്രുക്കളുടെ കൈയ്യിൽ അകപ്പെട്ടിട്ടില്ല എന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ...?”

 

“അതും ശരിയാണ് ജനറൽ...” മൺറോ സമ്മതിച്ചു. കാരണം മറ്റൊന്നും തന്നെ അദ്ദേഹത്തിന് അപ്പോൾ പറയാനാകുമായിരുന്നില്ല.

 

ഐസൻഹോവർ ജാലകത്തിനരികിലേക്ക് നീങ്ങി. ജാലകച്ചില്ലിൽ മഴത്തുള്ളികൾ ആഞ്ഞു പതിക്കുന്നുണ്ടായിരുന്നു. “എന്തൊരു ദിവസമാണിത്...” നീരസത്തോടെ അദ്ദേഹം പറഞ്ഞു. “ഒരു കാര്യം തീർച്ചയാണ്... ഈ പ്രഭാതത്തിൽ, പുഞ്ചിരിക്കുന്ന മുഖവുമായി ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടാവും... അഡോൾഫ് ഹിറ്റ്‌ലർ...”

 

                                                       ***

 

അതേ സമയം കിഴക്കൻ പ്രഷ്യയിലെ വനാന്തരത്തിലുള്ള റാസ്റ്റൻബർഗിലെ അണ്ടർഗ്രൗണ്ട് ഹെഡ്ക്വാർട്ടേഴ്സിൽ തങ്ങളുടെ നാവികസേന നടത്തിയ സ്ലാപ്ടൺ ബീച്ച് ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ.

 

നാസിഭരണകൂടത്തിലെ ഉന്നതരിൽ ഒട്ടുമിക്കവരും അവിടെ സന്നിഹിതരായിരുന്നു. സ്റ്റേറ്റിന്റെയും സീക്രട്ട് പോലീസിന്റെയും ചീഫും SS ന്റെ റൈഫ്യൂററും ആയ ഹെൻട്രിച്ച് ഹിംലർ, പ്രൊപ്പഗാണ്ട മിനിസ്റ്റർ ജോസഫ് ഗീബൽസ്, ഹിറ്റ്‌ലറുടെ സെക്രട്ടറി റൈലൈറ്റർ മാർട്ടിൻ ബോർമാൻ, ഹിംലറുടെ സെക്യൂരിറ്റി ചീഫും റാസ്റ്റൻബർഗിലെ SS ഗാർഡ് കമാൻഡറുമായ ഓബർഫ്യൂറർ റാറ്റൻഹ്യൂബർ എന്നിവരായിരുന്നു അവരിൽ പ്രമുഖർ.

 

അങ്ങേയറ്റം ആഹ്ലാദചിത്തനായിരുന്നു ഹിറ്റ്‌ലർ. വായിച്ചു കഴിഞ്ഞ ആ സന്ദേശം അദ്ദേഹം ആവേശത്താൽ ചുരുട്ടിക്കൂട്ടി. “അങ്ങനെ, ശത്രുവിന്റെ താവളത്തിൽ ചെന്ന് കനത്ത പ്രഹരം ഏൽപ്പിക്കുവാൻ നമ്മുടെ നേവിയ്ക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു...! മൂന്ന് കപ്പലുകളാണ് മുങ്ങിയിരിക്കുന്നത്...! നൂറു കണക്കിന് മരണങ്ങൾ...” അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി. “ജെന്റിൽമെൻ... എന്തായാലും ജനറൽ ഐസൻഹോവറിന് ഇന്നത്തെ പ്രഭാതം ഒട്ടും സുഖകരമായിരിക്കില്ല...”

 

എല്ലാവരും ആവേശത്തിലായിരുന്നു. “തീർച്ചയായും സന്തോഷകരമായ വാർത്ത തന്നെ ഫ്യൂറർ...” ഗീബൽസ് പതിവു പോലെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.

 

ആ സന്ദേശം ആദ്യമായി വായിച്ച ബോർമാൻ ആകട്ടെ ശാന്തസ്വരത്തിൽ പറഞ്ഞു. “ഡെവണിന്റെ തീരത്ത് വച്ച് ഈ വിധത്തിൽ അവർക്ക് നാശനഷ്ടങ്ങൾ വരുത്തുവാൻ നമുക്കായെങ്കിൽ ഫ്രഞ്ച് തീരത്ത് വച്ച് അവർക്ക് ഇതിനപ്പുറത്തെ പ്രഹരമേൽപ്പിക്കാൻ നമുക്കാവും...”

 

“തീരത്ത് അടുക്കാൻ പോലും അവർക്കാവില്ല...” ഹിംലർ കൂട്ടിച്ചേർത്തു.

 

“ശരിയാണ്...” അത് ആസ്വദിച്ചു കൊണ്ട് ഹിറ്റ്‌ലർ പറഞ്ഞു. “അപ്പോൾ, ജെന്റിൽമെൻ... നമ്മുടെ ഈ മീറ്റിങ്ങിന്റെ ഉദ്ദേശ്യം...” അവർ ആ മാപ്പ് ടേബിളിന് ചുറ്റും ഒരുമിച്ചു കൂടി. ഫ്രാൻസിന്റെ ഒരു വലിയ ഭൂപടം മേശമേൽ വിടർത്തി ഇട്ടിട്ടുണ്ടായിരുന്നു. “പടിഞ്ഞാറൻ തീരത്തേക്കുള്ള നമ്മുടെ നീക്കം തുടങ്ങുന്നു...” അദ്ദേഹം ബോർമാന്റെ നേർക്ക് തിരിഞ്ഞു. “ആർമിയുടെ ഗ്രൂപ്പ് – B യെക്കുറിച്ച് ഞാൻ ചോദിച്ച റിപ്പോർട്ട്... അത് എത്തിയോ...?”

 

ബോർമാൻ ചോദ്യരൂപേണ റാറ്റൻഹ്യൂബറിനെ നോക്കി.

 

“എയർഫീൽഡിൽ നിന്നും സന്ദേശമുണ്ടായിരുന്നു... കൊറിയറുമായി ക്യാപ്റ്റൻ കീനിഗ്ഗ് അഞ്ച് മിനിറ്റ് മുമ്പ് ലാന്റ് ചെയ്തിട്ടുണ്ട്... ഇങ്ങോട്ട് വന്നു കൊണ്ടിരിക്കുന്നു...” റാറ്റൻഹ്യൂബർ പറഞ്ഞു.

 

“ഗുഡ്...” ഒരു തീരുമാനത്തിൽ എത്തിയത് പോലെ ഹിറ്റ്‌ലർ ആ ഭൂപടത്തിലേക്ക് തുറിച്ചു നോക്കി. “അപ്പോൾ ജെന്റിൽമെൻ... എവിടെ നിന്നാണ് നാം തുടങ്ങേണ്ടത്...?”

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

18 comments:

  1. അപ്പോൾ ജെന്റിൽമെൻ... എവിടെ നിന്നാണ് നാം തുടങ്ങേണ്ടത്...? ഒന്നും തുടങ്ങാതെ ഇരുന്നെങ്കിൽ

    ReplyDelete
    Replies
    1. എവിടെയെങ്കിലും തുടങ്ങിയല്ലേ പറ്റൂ...

      Delete
  2. വീണ്ടും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലേക്ക്.

    ReplyDelete
  3. നാശനഷ്ടങ്ങളും മരണങ്ങളും എത്ര അസ്വദിയ്ക്കുന്നു യുദ്ധകാലത്ത്... അല്ലെ

    ReplyDelete
    Replies
    1. സാഡിസ്റ്റുകൾ അങ്ങനെയാണ്...

      Delete
  4. നൂറ് കണക്കിന് മരണങ്ങൾ.. എന്തിന് വേണ്ടി??

    ReplyDelete
    Replies
    1. ഭരണനായകന്മാരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി...

      Delete
  5. കെൽസോ യുടെ ശവ ശരീരം കാത്തിരിക്കുന്ന ഐസൻ ഹോവർ.... നൂറു കണക്കിന് മരണങ്ങളിൽ ആർത്തുല്ലസിക്കുന്ന ഹിറ്റ്ലർ! എത്ര ഭയാനകമായ യുദ്ധം...

    ReplyDelete
    Replies
    1. അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു... നാമൊക്കെ എത്രയോ ഭാഗ്യമുള്ളവർ...

      Delete
  6. ഹിറ്റ്ലറുടെ രംഗപ്രവേശം

    ReplyDelete
    Replies
    1. അതെ... ഫ്യൂറർ അഡോൾഫ് ഹിറ്റ്‌ലർ...

      Delete
  7. കണ്ണുമടച്ച് ഒന്നും അനുമാനിക്കാൻ പാടില്ല ഈ കളിയിൽ...

    ReplyDelete
    Replies
    1. മറക്കാൻ പാടില്ലാത്ത നിയമം...

      Delete
  8. ഹിറ്റ്‌ലർ ഒറിജിനിലോ ഡ്യൂപ്ലിക്കേറ്റോ ആയി വരും... വരാതിരിക്കില്ല

    ReplyDelete
  9. വേഗം തുടങ്ങിക്കോ... ഹിറ്റ്‌ലർ രോമാഞ്ചം 🌹

    ReplyDelete
  10. അല്ലേലും എനിക്കറിയാം സുധി ഹിറ്റ്ലറുടെ ആളാന്ന്...

    ReplyDelete