ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
കൊട്ടാരത്തിലെ മെയിൻ ഹാളിലായിരുന്നു ആ പ്രദർശനം ഏർപ്പാടാക്കിയിരുന്നത്. ഹാളിന്റെ അറ്റത്തായി ഒരു ചെറിയ സ്റ്റേജും ഇരുവശങ്ങളിലേക്കും വകഞ്ഞു മാറുന്ന കർട്ടനും ഒരുക്കിയിട്ടുണ്ട്. റോമലും ഹോഫറും റെജിമെന്റൽ ഓഫീസർമാരും സ്റ്റേജിന് മുന്നിൽ ഇട്ടിരിക്കുന്ന കസേരകളിൽ ഇരിപ്പുറപ്പിച്ചു. ബാക്കി സൈനികരെല്ലാം അവർക്ക് പിന്നിലായി ഹാളിൽ നിൽക്കുകയോ സ്റ്റെയർകെയ്സിന്റെ പടികളിൽ ഇരിക്കുകയോ ചെയ്തു.
ചെറുപ്പക്കാരനായ ഒരു കോർപ്പറൽ വന്ന് എല്ലാവരെയും വണങ്ങിയിട്ട് പിയാനോയുടെ മുന്നിൽ വന്നിരുന്ന് ഏതാനും ലളിത ഗാനങ്ങൾ വായിക്കുവാൻ ആരംഭിച്ചു. കാണികളുടെ ആദരവോടെയുള്ള കരഘോഷത്തിനൊടുവിൽ അയാൾ ജർമ്മൻ പാരാട്രൂപ്പേഴ്സിന്റെ സ്വന്തം ഗാനത്തിലേക്ക് ചുവടു മാറി. സ്റ്റാലിൻഗ്രാഡ് മുതൽ നോർത്ത് ആഫ്രിക്ക വരെ എവിടെയെല്ലാം യുദ്ധത്തിന് പോയിരുന്നുവോ അവിടെയെല്ലാം ഫാൾഷിംജാഗേഴ്സ് ആലപിച്ചിരുന്ന ഗാനം. വേദിയുടെ തിരശ്ശീല ഇരുവശങ്ങളിലേക്കും വകഞ്ഞു മാറി. വേദിയിൽ അണിനിരന്നിരുന്ന റെജിമെന്റൽ ക്വയർ ആ ഈണത്തിനൊപ്പം ആവേശത്തോടെ പാടുവാനാരംഭിച്ചു. അതോടെ സദസ്സിലുണ്ടായിരുന്ന ഓഫീസർമാരടക്കം എല്ലാവരും ആഹ്ലാദത്തോടെ ആ ഗാനം ഏറ്റുപാടുവാനാരംഭിച്ചു. ഒട്ടും താമസിയാതെ ക്വയർ ‘We March Against England...’ എന്ന മറ്റൊരു ഗാനത്തിലേക്ക് തിരിഞ്ഞു. “ഈ സമയത്ത് പാടാൻ പറ്റിയ ഗാനം തന്നെ...” പരിഹാസത്തോടെ റോമൽ മനസ്സിലോർത്തു. കർട്ടൻ കാഴ്ച്ച മറച്ചതും സദസ്സിൽ നിന്നും ഹർഷാരവം ഉയർന്നു. വാദ്യസംഘത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും പിയാനിസ്റ്റിന്റെ ചുറ്റും കൂടി നിന്ന് രണ്ടോ മൂന്നോ ജാസ് നമ്പേഴ്സ് ആലപിച്ചു. അത് അവസാനിച്ചതോടെ ഹാളിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു. ഏതാനും നിമിഷ നേരത്തേക്ക് അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞു.
“എന്താണ് സംഭവിക്കുന്നത്...?” റോമൽ ആരാഞ്ഞു.
“കാത്തിരുന്ന് കാണൂ ഹെർ ഫീൽഡ് മാർഷൽ... സംതിങ്ങ് സ്പെഷൽ... അത് ഞാൻ ഉറപ്പ് തരുന്നു...”
പിയാനിസ്റ്റിന്റെ വിരലുകൾ വീണ്ടും ഇന്ദ്രജാലം ആരംഭിച്ചു. ജർമ്മൻ സൈനികർക്കിടയിൽ പ്രസിദ്ധമായിരുന്ന ‘Lili Marlene...’ എന്ന ഗാനം. കർട്ടൻ വീണ്ടും ഇരുവശങ്ങളിലേക്കും വഴി മാറി. വേദിയിലെ ഇരുളിന് നടുവിൽ സ്പോട്ട് ലൈറ്റിന്റെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഒരു സ്റ്റൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ആ ഇരുളിൽ നിന്നും മർലിൻ ഡൈട്രിച്ച് സ്പോട്ട് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് കടന്നു വന്നത്. ഹാറ്റും മിനി സ്കർട്ടും കറുത്ത സ്റ്റോക്കിങ്ങ്സും അണിഞ്ഞ അവൾ ആ സ്റ്റൂളിന്മേൽ ഇരുന്നു. സദസ്യരുടെ ഹർഷാരവങ്ങൾക്കും ചൂളംവിളികൾക്കും ഇടയിൽ അവൾ പാടുവാൻ ആരംഭിച്ചു. ‘ലിലി മർലിൻ’ എന്ന ആ മെലഡിയുടെ മാസ്മരികതയിൽ അലിഞ്ഞ് ആ സദസ്സ് സമ്പൂർണ്ണ നിശ്ശബ്ദതയിലേക്ക് വഴി മാറി.
വളരെ ഭംഗിയായി സ്ത്രീ വേഷം കെട്ടിയ ഒരു പുരുഷൻ ആയിരുന്നു അതെന്ന കാര്യം അല്പം കഴിഞ്ഞാണ് റോമൽ ശ്രദ്ധിച്ചത്. ഗാനം അവസാനിച്ചതും സദ്യസ്യർക്കൊപ്പം അദ്ദേഹവും ആവേശത്തോടെ കൈയ്യടിച്ചു. “ആരാണയാൾ...?” കേണൽ ഹാൾഡറിനോട് അദ്ദേഹം ചോദിച്ചു.
“ഞങ്ങളുടെ ഓർഡർലിയാണ്... കോർപ്പറൽ ബെർഗർ... സൈന്യത്തിൽ ചേരുന്നതിന് മുമ്പ് ഒരു കാബറെ പെർഫോർമർ ആയിരുന്നുവത്രെ...”
“ഗംഭീരം...” റോമൽ പറഞ്ഞു. “ആട്ടെ, ഇനി എന്തെങ്കിലും കലാപരിപാടികളുണ്ടോ...?”
“ഓ, യെസ്, ഹെർ ഫീൽഡ് മാർഷൽ... സംതിങ്ങ് വെരി സ്പെഷൽ...”
വാദ്യകലാകാരന്മാർ വീണ്ടും എത്തി. പിന്നാലെയെത്തിയ ഗായകസംഘം ഏതാനും ഗാനങ്ങൾ കൂടി ആലപിച്ചു. അതിനു ശേഷം വീണ്ടും ഒരു ഇടവേള. പിന്നെ കൃത്യമായ താളത്തോടെ ഡ്രം ബീറ്റുകൾ മുഴങ്ങുവാനാരംഭിച്ചു. കർട്ടൻ വഴി മാറിയ വേദിയിൽ അരണ്ട വെളിച്ചം. ഗായകസംഘം ആഫ്രിക്ക കോർപ്സിന്റെ ഗാനം ആലപിക്കുവാൻ തുടങ്ങിയതും ഒരു വശത്തു നിന്നും റോമൽ വേദിയിലേക്ക് നടന്നു വന്നു. അതെ... സാക്ഷാൽ എർവിൽ റോമലിന്റെ അതേ രൂപം... ക്യാപ്പും ഡെസർട്ട് ഗോഗ്‌ൾസും കഴുത്തിലൂടെ അലക്ഷ്യമായി ചുറ്റിയ വെള്ള സ്കാർഫും ആ പഴയ ലെതർ ഗ്രേറ്റ് കോട്ടും എല്ലാം വളരെ കൃത്യമായി അണിഞ്ഞിരിക്കുന്നു. ഒരു കൈ അരക്കെട്ടിൽ കുത്തി മറുകൈയിൽ ഫീൽഡ് മാർഷലിന്റെ ബാറ്റണുമായി അയാൾ സദസ്യരെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചിട്ട് സംസാരിക്കുവാൻ തുടങ്ങി. എൽ അലാമിനിലെ പോരാട്ടത്തിന് മുന്നോടിയായി ഫീൽഡ് മാർഷൽ എർവിൻ റോമൽ തന്റെ സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ച അതേ വാക്കുകൾ അതേ സ്വരത്തിൽ അവിടെങ്ങും മുഴങ്ങി.
“എനിക്കറിയാം, മരുഭൂമിയിലെ അസഹ്യമായ ചൂടിനെയും മണലിനെയും തേളുകളെയും അല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തരുവാൻ എന്നെക്കൊണ്ടായില്ല എന്ന്... പക്ഷേ, അതെല്ലാം നാം ഒരുമിച്ചാണ് അനുഭവിച്ചത്... ഒന്നു കൂടി ആഞ്ഞു പിടിച്ചാൽ നാം കെയ്റോയിലെത്തും... നേരെ മറിച്ച് പരാജയപ്പെടുകയാണെങ്കിലോ... വെൽ... നാം നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്ന് ആശ്വസിക്കാം... എല്ലാം നമ്മൾ ഒരുമിച്ച്...”
ഹാൾ അപ്പോഴും സമ്പൂർണ്ണ നിശ്ശബ്ദതയിലായിരുന്നു. കേണൽ ഹാൾഡർ ആകാംക്ഷയോടെ റോമലിനെ നോക്കി. “ഫീൽഡ് മാർഷൽ, താങ്കൾക്ക് വിഷമമായില്ല എന്ന് കരുതിക്കോട്ടെ...?”
“വിഷമമോ... ഒരിക്കലുമില്ല... അയാൾ വളരെ ഭംഗിയായിത്തന്നെ അവതരിപ്പിച്ചു... ബ്രാവോ...!” ചാടിയെഴുന്നേറ്റ റോമൽ അഭിനന്ദനസൂചകമായി കരഘോഷം മുഴക്കി. തൊട്ടു പിന്നാലെ ആ സദസ്സ് മുഴുവനും അതേറ്റു പിടിച്ചു. പിന്നെ ഗായകസംഘത്തിനൊപ്പം ആഫ്രിക്ക കോർപ്സിന്റെ പ്രസിദ്ധമായ ആ ഗാനം അവരെല്ലാവരും ആവേശത്തോടെ ഏറ്റു പാടുവാനാരംഭിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഇതിനിടയിലും നേരം പോക്കിന് ഒക്കെ സമയമുണ്ടോ
ReplyDeleteഅതും വേണമല്ലോ...
Deleteമെർലിൻ ഡിയറ്റ്റിച്ച് ആയി വേഷം കെട്ടിയ ഓർഡർലി തന്നെയാണോ റോമേൽ ആയും അഭിനയിച്ചത്
ReplyDeleteഅതെ സുചിത്രാജീ...
Deleteസംതിങ്ങ് സ്പെഷ്യൽ സ്ത്രീ വേഷം കെട്ടിയ പുരുഷന്റെ കാബെറെ
ReplyDeleteവിചിത്രം...
Deleteആ ആൾമാറാട്ടക്കാരനെ , കോർപ്പറൽ ബർഗർ, ഒന്ന് ശ്രദ്ധിച്ചോളൂ.. വീണ്ടും ആവശ്യം വന്നാലോ..
ReplyDeleteഅതെ... അടുത്ത ലക്കത്തിൽ അയാളുടെ കൂടുതൽ വിവരങ്ങൾ...
Deleteകോർപ്പറൽ ബർഗർ... ആ പേര് മറക്കണ്ട.. പാട്ടും!
ReplyDeleteയെസ്... നോട്ട് ദ് പോയിന്റ്...
Deleteഒരു നാടകം നേരിൽ കണ്ട പോലെ
ReplyDeleteസന്തോഷം...
Deleteബ്രാവോ.. നല്ല പരുപാടി ആയിരുന്നു
ReplyDeleteസമാധാനമായല്ലോ...?
Deleteതന്ത്രങ്ങൾ പയറ്റുവാൻ എത്രെയെത്ര നാടകീയ രംഗങ്ങൾക്ക് വേഷം കെട്ടേണ്ടി വരുമെന്നുള്ളതിനുള്ള കാഴ്ച്ചകൾ ...
ReplyDeleteവേഷങ്ങൾ പലത്...
Deleteആൾമാറാട്ടനെ ഇനിയും ആവശ്യം വന്നേക്കും
ReplyDeleteതീർച്ചയായും...
Delete