Friday, February 12, 2021

നൈറ്റ് ഓഫ് ദി ഫോക്സ് – 10

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ഗ്രീൻ റൂമിലെ കസേരയിലേക്ക് കുഴഞ്ഞിരുന്നിട്ട് മുന്നിലെ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് എറിക്ക് ബെർഗർ തുറിച്ച് നോക്കി. വിയർത്തു കുളിച്ച അയാളുടെ ഹൃദയം പെരുമ്പറ പോലെ കൊട്ടുന്നുണ്ടായിരുന്നു. പ്രശസ്തനായ ഒരു വ്യക്തിയുടെ മുന്നിൽ അദ്ദേഹത്തെ അനുകരിച്ച് അഭിനയിച്ച് കാണിക്കുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. അതും ജർമ്മനിയിലെ ഏറ്റവും ജനപ്രീതിയുള്ള സൈനികനായ എർവിൻ റോമലിനെപ്പോലെയുള്ള ഒരാളുടെ മുന്നിൽ.

 

അത്ര മോശമൊന്നും അല്ലായിരുന്നു ഹെയ്നീ...  Mazel Tov...” അയാൾ തന്നോട് മന്ത്രിച്ചു. മേശവലിപ്പിനുള്ളിൽ നിന്നും ഷ്നാപ്സിന്റെ ഒരു ബോട്ട്‌ൽ എടുത്ത് കോർക്ക് ഊരി വായിലേക്ക് കമഴ്ത്തി ഒരു കവിൾ ഉള്ളിലേക്കിറക്കി.

 

ജർമ്മൻ ഫാൾഷിംജാഗർ റെജിമെന്റിലെ ഒരു കോർപ്പറിലിന്റെ ചുണ്ടുകളിൽ നിന്നും പുറത്തു വന്ന ആ ഹീബ്രു വാക്കുകൾ (Mazel Tov – Good Fortune) ആരെങ്കിലും കേട്ടിരുന്നെങ്കിൽ അമ്പരന്നു പോയേനെ. കാരണം അയാൾ എറിക്ക് ബെർഗർ അല്ലായിരുന്നു എന്നത് തന്നെ. ബെർലിൻ സ്വദേശിയും നടനും കാബറെ ആർട്ടിസ്റ്റും ജൂതവംശജനും ആയ ഹെയ്നി ബാം ആയിരുന്നു അയാൾ.

 

യൂറോപ്പിൽ എമ്പാടും വിജയകരമായി കാബറെ അവതരിപ്പിച്ച് നടന്നിരുന്ന ഹെയ്നി ബാം ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. ഒരു സ്വവർഗ്ഗാനുരാഗി ആയിരുന്നു അയാൾ എന്നതാണ് വാസ്തവം. നാസികൾ അധികാരത്തിലെത്തിയപ്പോഴും ബെർലിൻ ഉപേക്ഷിച്ച് പോകാൻ അയാൾ ഒരുക്കമായിരുന്നില്ല. തന്റെ വൃദ്ധരായ മാതാപിതാക്കൾക്കൊപ്പം താൻ ജനിച്ചു വളർന്ന ബെർലിനിൽ തന്നെ ജീവിക്കുവാനായിരുന്നു അയാൾക്ക് താല്പര്യം. ഒരു ജൂതൻ ആണെങ്കിലും ഒരിക്കലും തനിക്ക് ആപത്തൊന്നും സംഭവിക്കില്ല എന്ന് തന്നെ അയാൾ വിശ്വസിച്ചു. എന്നാൽ ആ വിശ്വാസം അധിക കാലമൊന്നും നീണ്ടു നിന്നില്ല. തനിക്ക് ചുറ്റുമുള്ളവരെയും സുഹൃത്തുക്കളെയും എല്ലാം നാസികൾ പിടിച്ചു കൊണ്ടു പോയപ്പോഴും ഒരു കലാകാരൻ എന്ന നിലയിൽ അയാളെ നാസി സാമ്രാജ്യത്തിന് ആവശ്യമുണ്ടായിരുന്നു. ജുതവംശജരെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയുന്നതിനായി അവരെല്ലാം സ്റ്റാർ ഓഫ് ഡേവിഡ്ബാഡ്ജ് നെഞ്ചിൽ ഇടതുഭാഗത്ത് അണിഞ്ഞിരിക്കണമെന്ന് നാസി ഭരണകൂടം ഉത്തരവിട്ടിരുന്നു. എങ്കിലും ഭരണകൂടം നൽകിയ സ്പെഷൽ പെർമിറ്റുകളോടെ ഹെയ്നി ബാമും മാതാപിതാക്കളും ബെർലിനിൽത്തന്നെ കഴിഞ്ഞു കൂടി.

 

അങ്ങനെയിരിക്കവെയാണ് 1940 ലെ ഒരു രാത്രിയിൽ അയാളുടെ വിധി തന്നെ മാറിമറിയാൻ കാരണമായ ആ സംഭവം നടന്നത്. ഒരു സ്റ്റേജ് പെർഫോമൻസ് കഴിഞ്ഞ് തിരിച്ചു വരവെ തന്റെ വീടിനടുത്തുള്ള തെരുവിൽ എത്തിയ അയാൾ ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടു. ഏതാനും ഗെസ്റ്റപ്പോ ഭടന്മാർ ചേർന്ന് തന്റെ മാതാപിതാക്കളെ വീട്ടിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോകുന്നു...! ഒരു ഭീരുവിനെപ്പോലെ തിരിഞ്ഞോടിയ അയാൾ അടുത്ത തെരുവിൽ ചെന്നാണ് നിന്നത്. എന്നിട്ട് തന്റെ കോട്ടിലെ സ്റ്റാർ ഓഫ് ഡേവിഡ്ബാഡ്ജ് പറിച്ച് ദൂരെയെറിഞ്ഞു. പക്ഷേ, എങ്ങോട്ടും പോകുവാൻ ആകുമായിരുന്നില്ല അയാൾക്ക്. കാരണം അയാളുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകളിൽ എല്ലാം ജൂതൻ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

 

എങ്ങോട്ടെങ്കിലും പോകുന്ന കപ്പലുകളിൽ ഒന്നിൽ ഇടം പിടിക്കാമെന്ന പ്രതീക്ഷയോടെ അയാൾ കീലിലേക്കുള്ള ട്രെയിനിൽ കയറിപ്പറ്റി. കനത്ത നാശനഷ്ടങ്ങൾ വിതച്ചിട്ട് RAF ഫൈറ്ററുകൾ മടങ്ങിപ്പോയ സമയത്താണ് അയാൾ നഗരത്തിൽ എത്തുന്നത്. സിറ്റി സെന്ററിലെ തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ സുരക്ഷിതമായ ഒരു താവളം തേടി നടക്കുമ്പോഴാണ് രണ്ടാം വട്ട ആക്രമണത്തിനായി വീണ്ടും RAF വിമാനങ്ങൾ എത്തുന്നത്. അടുത്തുള്ള ഒരു ഭൂഗർഭ അറയിൽ രക്ഷ പ്രാപിച്ച അയാൾ കണ്ടത് മരിച്ചു കിടക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും പന്ത്രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയെയുമാണ്. അവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചതിൽ നിന്നും അവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് മനസ്സിലായി. എറിക്ക് ബെർഗറും അയാളുടെ ഭാര്യയും മകളും. മറ്റൊന്നു കൂടി ബെർഗറുടെ പോക്കറ്റിൽ ഉണ്ടായിരുന്നു. അടുത്തയാഴ്ച്ച സൈന്യത്തിൽ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള അപ്പോയ്ൻമെന്റ് ലെറ്റർ.

 

ഏത് നിമിഷവും പിടിക്കപ്പെടാം എന്ന് ഭയന്ന് നടക്കുന്ന ഒരു ജൂതന് ഇതിലും നല്ല ഒരു ഒളിയിടം വേറെ എവിടെ കിട്ടാനാണ്...? തനിക്ക് ബെർഗറെക്കാളും പത്ത് വയസ്സ് മൂപ്പുണ്ടെങ്കിലും അതൊരു പ്രശ്നമല്ല. നാല്പത്തിനാലുകാരനായ അയാളെ കണ്ടാൽ ഒരു പത്തു വയസ്സ് എങ്കിലും കുറവേ തോന്നിച്ചിരുന്നുള്ളൂ. ഇരുവരുടെയും ഐഡന്റിറ്റി കാർഡുകളിലെ ഫോട്ടോകൾ പരസ്പരം മാറ്റുന്നത് ഹെയ്നിയെ സംബന്ധിച്ചിടത്തോളം അത്ര വലിയ കാര്യമൊന്നും ആയിരുന്നില്ല. അയാളുടെ മൃതദേഹം അവിടെ നിന്നും വലിച്ചു പുറത്തു കൊണ്ടു വന്ന് അല്പമകലെയായി തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉപേക്ഷിച്ചു. കൂടാതെ ഒരു ഇഷ്ടികക്കഷണം കൊണ്ട് ഇടിച്ച് അതിന്റെ മുഖം വിരൂപമാക്കുകയും ചെയ്തു. അധികാരികൾ കണ്ടെത്തുമ്പോൾ ഹെയ്നി ബാം എന്ന ഏതോ ഒരു ജൂതന്റെ ശവശരീരം...

 

ലെറ്ററുമായി ചെന്ന അയാൾക്ക് ജോലി ലഭിച്ചത് പാരാട്രൂപ്പ് വിഭാഗത്തിലായിരുന്നു. അവരോടൊപ്പം ലോകത്തിന്റെ പല ഭാഗത്തേക്കും അയാൾ പറന്നു. ഗ്രീസ്, സ്റ്റാലിൻഗ്രാഡ്, നോർത്ത് ആഫ്രിക്ക എന്നിങ്ങനെ വിവിധയിടങ്ങളിൽ. മനോഹരമായ ലുഫ്ത്‌വാഫ് ജാക്കറ്റും ബാഗി പാരാട്രൂപ്പേഴ്സ് പാന്റ്സും ജമ്പ് ബൂട്ട്സും ഒക്കെ ധരിച്ച് അയേൺ ക്രോസ് സെക്കൻഡ് & ഫസ്റ്റ് ക്ലാസ് മെഡലുകളും അണിഞ്ഞ് കോർപ്പറൽ എറിക്ക് ബെർഗർ ആയിട്ട്...

 

ഷ്നാപ്സ് ബോട്ട്‌ൽ ഒരു വട്ടം കൂടി അയാൾ വായിലേക്ക് കമഴ്ത്തി. അടുത്ത നിമിഷം അദ്ദേഹത്തിന്റെ പിന്നിൽ വാതിൽ തുറന്ന് ഫീൽഡ് മാർഷൽ റോമലും കേണൽ ഹാൾഡറും ഹോഫറും മുറിയിലേക്ക് പ്രവേശിച്ചു.

 

                                                        ***

 

സമയം പാതിരാത്രി ആയിരിക്കുന്നു. മനോഹരമായ ഒരു സ്വപ്നത്തിന്റെ ചിറകിലേറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഹ്യൂ കെൽസോ. കേപ് കോഡിലെ തന്റെ വേനൽക്കാല വസതിയുടെ വരാന്തയിലെ ചാരുകസേരയിൽ അലസമായി കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. തൊട്ടു മുന്നിലെ ബീച്ചിൽ നിന്നും സൂര്യസ്നാനം കഴിഞ്ഞ് കയറി വരുന്ന ഭാര്യ ജെയ്‌ൻ അദ്ദേഹത്തെ വിളിക്കുന്നുണ്ട്. മുഖത്തേക്ക് പതിക്കാൻ വെമ്പുന്ന സൂര്യകിരണങ്ങളെ തടയുന്ന സൺ ഹാറ്റ്... പഴയ കോട്ടൺ ഡ്രെസ്സിന് താഴെ വെയിൽ കൊണ്ട് ചുവന്ന വടിവൊത്ത കാലുകൾ... സ്വിം സ്യൂട്ട് ധരിച്ച പെൺമക്കൾ രണ്ടു പേരും ബക്കറ്റും ഷവലും കൈകളിലേന്തിയിട്ടുണ്ട്. അവരുടെ ആഹ്ലാദാരവങ്ങൾ മദ്ധ്യാഹ്നത്തിലെ ആ ചെറു ചുടുകാറ്റിൽ അദ്ദേഹത്തിനരികിലേക്കെത്തി. അതെ... എല്ലാവരും സന്തോഷത്തിലാണ്... അങ്ങേയറ്റം സന്തോഷത്തിൽ... ഒട്ടും തണുപ്പ് തോന്നുന്നുണ്ടായിരുന്നില്ല അദ്ദേഹത്തിന്. വരാന്തയിലേക്കുള്ള പടവുകൾക്ക് അരികിലെത്തിയ ജെയ്നിനെ പിടിച്ചു കയറ്റുവാൻ കൈകൾ നീട്ടിക്കൊണ്ട് അദ്ദേഹം എഴുന്നേറ്റു. പൊടുന്നനെ അവളുടെയും മക്കളുടെയും ശബ്ദങ്ങൾ അകലേക്ക് അകന്ന് മാഞ്ഞു പോകുന്നത് പോലെ അദ്ദേഹത്തിന് തോന്നി. ദേഹമാസകലം ഒരു വിറയലോടെ ഹ്യൂ കെൽസോ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.

 

കണ്ണു തുറന്ന് നോക്കിയ അദ്ദേഹത്തെ എതിരേറ്റത് കനത്ത ഇരുട്ടായിരുന്നു. കടൽ അത്ര പ്രക്ഷുബ്ധമായിരുന്നില്ല എന്ന് വേണം പറയാൻ. എങ്കിലും സാമാന്യം വേഗതയിൽ തന്നെയാണ് ആ ലൈഫ് റാഫ്റ്റ് ഒഴുകിക്കൊണ്ടിരുന്നത്. മരവിച്ച വിരലുകൾ കൊണ്ട് എൻട്രൻസ് ഫ്ലാപ്പിന്റെ സിപ്പർ താഴേക്ക് വലിച്ച് പുറത്തേക്ക് എത്തി നോക്കി. ഓളം വെട്ടുന്ന തിരകളുടെ ചെറിയൊരു തിളക്കം മാത്രമായിരുന്നു ആ കൂരാകൂരിരുട്ടിൽ അദ്ദേഹത്തിന് കാണാനായത്. ഉപ്പു വെള്ളം തുടർച്ചയായി ഏറ്റതു കൊണ്ടാവാം കണ്ണുകൾക്ക് നീറ്റൽ അനുഭവപ്പെടുന്നുണ്ട്. പൊടുന്നനെ, ഒരു നിമിഷ നേരത്തേക്ക് അധികം അകലെയല്ലാതെ എവിടെയോ വെളിച്ചത്തിന്റെ ഒരു കണിക കണ്ണിലുടക്കിയതു പോലെ അദ്ദേഹത്തിന് തോന്നി. തലയൊന്നു കുടഞ്ഞ് കണ്ണുകൾ ഇറുക്കിയടച്ച് തുറന്നിട്ട് വീണ്ടും അദ്ദേഹം തുറിച്ചു നോക്കി. ഇല്ല... തന്റെ തോന്നൽ മാത്രമായിരുന്നു അത്... അന്തമില്ലാത്ത ഇരുട്ട് മാത്രം മുന്നിൽ... കവാടത്തിന്റെ സിപ്പർ മുകളിലേക്ക് വലിച്ചടച്ച്, കണ്ണുകൾ ചേർത്തടച്ച് ജെയ്നിനെയും മക്കളെയും മനസ്സിലോർത്തു കൊണ്ട് അദ്ദേഹം മലർന്നു കിടന്നു. ഒരു പക്ഷേ, വീണ്ടും അവർ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടാലോ...?

 

ഡെവൺ കോസ്റ്റിലെ ലൈം ബേയിൽ നിന്നും ഒഴുകിത്തുടങ്ങിയ ആ ലൈഫ് റാഫ്റ്റ് ഏതാണ്ട് എഴുപതോളം മൈൽ താണ്ടിക്കഴിഞ്ഞിരിക്കുന്നു എന്ന കാര്യം അദ്ദേഹത്തിന് അറിവില്ലായിരുന്നു. പിന്നെ മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ കണ്ണുകൾ അദ്ദേഹത്തെ ചതിക്കുകയായിരുന്നില്ല എന്നതാണ്. കനത്ത ഇരുട്ടിനുള്ളിൽ ഒരു നിമിഷനേരത്തേക്കെങ്കിലും കണ്ടു എന്ന് തോന്നിയ ആ വെളിച്ചത്തിന്റെ കീറ് ഒരു മിഥ്യയല്ലായിരുന്നു. ഗ്വെൺസീ ഐലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ തീരത്തെ പ്ലെയിൻമോണ്ട് പോയിന്റിലുള്ള ജർമ്മൻ ഗാർഡ് പോസ്റ്റിലെ ഒരു പാറാവുകാരൻ ഡ്യൂട്ടിയ്ക്ക് പോകാനായി വാതിൽ തുറന്നപ്പോൾ പുറത്ത് വന്ന വെട്ടമായിരുന്നു അത്. അവിടെ നിന്നും തെക്ക് കിഴക്കായി ഏതാണ്ട് മുപ്പത് മൈൽ അകലെയായിരുന്നു ചാനൽ ഐലന്റ്സിലെ ഏറ്റവും വലിയ ദ്വീപായ ജെഴ്സി സ്ഥിതി ചെയ്തിരുന്നത്. വീണ്ടും വീശിത്തുടങ്ങിയ കാറ്റ് ഉറക്കത്തിലേക്ക് വീണ ഹ്യൂ കെൽസോയെ ആ ദിശയിലേക്കാണ് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്.

 

 (തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

19 comments:

  1. ആൾമാറാട്ടം... ഐഡിയ കൊള്ളാമല്ലേ...

    ReplyDelete
    Replies
    1. അതെ... ഇയാളെ വച്ച് ഇവർ ഒരു കളി കളിക്കും...

      Delete
  2. ഹെയ്നി ബാം.. ഇവന്റെ മേലൊരു കണ്ണ് വേണം.. ആളത്ര വെടിപ്പല്ലാ..

    ReplyDelete
    Replies
    1. രക്ഷപ്പെടാനല്ലേ ജിമ്മിച്ചാ... 

      Delete
    2. അങ്ങനെ പറഞ്ഞു കൊടുക്ക് ശ്രീ...

      Delete
  3. അപ്പോ ഹ്യു കേൽസോ ഇപ്പോഴും ഒഴുകി നടക്കുക തന്നെയാണ്. കാലിലെ മുറിവ് എത്ര ഭീകരം ആണ് ആവോ

    ReplyDelete
    Replies
    1. അതെ... കാലിലെ മുറിവ് അത്ര നിസ്സാരമല്ല...

      Delete
  4. ആൾമാറാട്ടം യുദ്ധതന്ത്രം

    ReplyDelete
    Replies
    1. ഇത് ഒരു നിർണ്ണായക തന്ത്രം തന്നെ...

      Delete
  5. നിങ്ങളിങ്ങനെ ഹെയ്നി ബാമിന്റെ പുറകെ പോകാതെ ഹ്യു കേൽസോയെ രെക്ഷിക്കു മനുഷ്യാ

    ReplyDelete
    Replies
    1. അയാളുടെ കാര്യത്തിൽ ബേജാറാവണ്ടാന്ന്...

      Delete
  6. കെൽസോയെ വഴിതെറ്റിക്കുകയാണോ വിനുവേട്ടാ?

    ReplyDelete
    Replies
    1. കെൽസോ ഒരു തീരത്ത് എത്തിച്ചേരും... ഇത്തിരീം കൂടി ഒഴുകാനുണ്ട്... :)

      Delete
  7. എത്ര ഭയങ്കരം ആയിരുന്നു ഹിറ്റ്ലർ ടെ ജൂത നായാട്ട്......

    ReplyDelete
    Replies
    1. സത്യം... ഹിറ്റ്‌ലറുടെ ചരിത്രം ആവർത്തിക്കാതിരിക്കാൻ നാം എല്ലാം ജാഗരൂകരായിരിക്കണം...

      Delete
  8. ജൂതന്മാരോളം അതിജീവനങ്ങൾ നേരിട്ട ഒരു ജനത വേറെ ഇല്ലന്നാണ് പറയപ്പെടുന്നത് .എന്നിട്ടും എത്രയെത്ര പ്രഗത്ഭരാണ് അവരിൽ നിന്നും ലോകത്തിന് പലകാര്യത്തിലും വഴികാട്ടിയായത് ..അല്ലേ

    ReplyDelete
  9. അപ്പോൾ കെൽസൊ ഒഴുകിയോഴുകി അങ്ങ് ചെന്ന് പിടികൊടുക്കും അല്ലേ

    ReplyDelete
    Replies
    1. പാവം‌ എവിടേലും ഒന്ന് ഒഴുകി കരപറ്റട്ടെ ആദ്യം...

      Delete