ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
യുദ്ധാരംഭത്തിന് മുമ്പ് ഹോൺലി ഫീൽഡ് ഒരു എയറോക്ലബ് ആയിരുന്നു. ബാറ്റ്ൽ ഓഫ് ബ്രിട്ടന്റെ സമയത്ത് ഒരു താൽക്കാലിക ഫൈറ്റർ സ്റ്റേഷനായിട്ടും അവിടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ലൈസാൻഡർ, ലിബറേറ്റർ എന്നീ ചെറുവിമാനങ്ങൾ കൊണ്ട് ഏതാനും ചില രഹസ്യ ആഭ്യന്തര സർവ്വീസുകൾക്ക് വേണ്ടി മാത്രമാണ് ഇപ്പോൾ ആ എയർഫീൽഡ് ഉപയോഗിക്കുന്നത്. ഗ്രാസ് റൺവേ ആണെങ്കിലും ആവശ്യത്തിനുള്ള നീളമുണ്ട്. ഒരു ടവറും ഏതാനും ചെറിയ ഷെഡ്ഡുകളും രണ്ട് ഹാങ്കറുകളും ഉള്ള ഒരു എയർഫീൽഡ്.
1940ലെ വേനൽക്കാല പോരാട്ടത്തിൽ ഇടതു കൈ നഷ്ടപ്പെട്ട മുൻ ഫൈറ്റർ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ബാൺസ് ആയിരുന്നു കമാൻഡിങ്ങ് ഓഫീസർ. പീറ്റർ ഗ്രീൻ എന്ന് പേരുള്ള ഒരു ഫ്ലൈറ്റ് ലെഫ്റ്റെനന്റ് ആണ് ആ ലൈസാൻഡർ വിമാനത്തിന്റെ പൈലറ്റ്. ഫ്ലൈയിങ്ങ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് വിമാനത്തിനരികിൽ നിൽക്കുന്ന അയാളെ ജാലകത്തിനരികിൽ നിന്നുകൊണ്ട് സാറ വീക്ഷിച്ചു.
പുലർച്ചെ രണ്ടര മണി ആയെങ്കിലും തണുപ്പിന് അത്ര കാഠിന്യം തോന്നിയില്ല. സ്റ്റൗവിൽ കാപ്പി തിളച്ചു കൊണ്ടിരിക്കുന്നു. "അല്പം കൂടി കോഫി എടുക്കട്ടെ, ഫ്ലൈറ്റ് ഓഫീസർ...?" ബാൺസ് സാറയോട് ചോദിച്ചു.
അവൾ തിരിഞ്ഞ് പുഞ്ചിരിച്ചു. "നോ, താങ്ക്സ്... വെസ്റ്റ്ലാന്റ് കമ്പനി അവരുടെ ലൈസാൻഡറുകളിൽ ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല..."
അയാൾ പുഞ്ചിരിച്ചു. "അതിനുള്ള സ്ഥലമൊന്നും ലൈസാൻഡറിൽ ഇല്ല..."
ഇരുകൈകളും ലെതർ ട്രെഞ്ച് കോട്ടിന്റെ പോക്കറ്റിൽ തിരുകി മാർട്ടിനോ സ്റ്റൗവ്വിന് സമീപം നിൽക്കുന്നുണ്ടായിരുന്നു. കമ്പിളി സ്യൂട്ടും ഹാറ്റും ധരിച്ചിരിക്കുന്ന അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. സ്റ്റൗവ്വിന് അരികിൽ ഇരിക്കുന്ന ജാക്ക് കാർട്ടർ തന്റെ ഊന്നുവടി നിരന്തരം തറയിൽ തട്ടിക്കൊണ്ട് അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.
"നിങ്ങൾക്ക് പുറപ്പെടേണ്ട സമയം ആയി എന്നാണെന്റെ അഭിപ്രായം..." ബാൺസ് പറഞ്ഞു. "ഇപ്പോൾ പുറപ്പെട്ടാൽ അവിടെയെത്തുമ്പോഴേക്കും കാലാവസ്ഥ അനുകൂലമായിരിക്കും... വൈകും തോറും മോശമാകാനാണ് സാദ്ധ്യത..."
"ബ്രിഗേഡിയറിന് എന്തു പറ്റിയോ എന്തോ... ഇതുവരെ എത്തിയില്ലല്ലോ..." കാർട്ടർ ഒന്നു കൂടി അസ്വസ്ഥനായി.
"അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല..." മാർട്ടിനോ സാറയുടെ നേർക്ക് തിരിഞ്ഞു. "നീ റെഡിയാണോ...?"
തല കുലുക്കിയിട്ട് അവൾ ഭംഗിയുള്ള ലെതർ ഗ്ലൗസ് കൈകളിൽ വലിച്ചു കയറ്റി. അരക്കെട്ട് ഇറുകിയ വസ്ത്രത്തിന് മേൽ ഒരു കറുത്ത കോട്ടാണ് അവൾ ധരിച്ചിരിക്കുന്നത്. മൊത്തത്തിൽ മോടിയുള്ള വേഷം.
കമ്പിളിയുടെ ഒരു വലിയ ഫ്ലൈയിങ്ങ് ജാക്കറ്റ് അവളുടെ ചുമലിൽ ഇട്ടു കൊടുത്തിട്ട് ബാൺസ് പറഞ്ഞു. "മുകളിലെത്തുമ്പോൾ കൊടും തണുപ്പായിരിക്കും..."
"താങ്ക് യൂ..."
അവരുടെ രണ്ട് സ്യൂട്ട്കെയ്സുകളും എടുത്ത് പുറത്തിറങ്ങിയ മാർട്ടിനോ അവളെയും കൂട്ടി വിമാനത്തിനരികിലേക്ക് നടന്നു. "എന്തെങ്കിലും പ്രശ്നങ്ങൾ...?" ലൈസാൻഡറിനരികിൽ നിന്നിരുന്ന ഗ്രീനിനോട് അദ്ദേഹം ചോദിച്ചു.
"അങ്ങിങ്ങായി അല്പം മൂടൽമഞ്ഞുണ്ട്... പക്ഷേ, കാര്യമാക്കാനില്ല... പിന്നെ ചെറുതായി ഹെഡ്വിൻഡുമുണ്ട്..." അയാൾ വാച്ചിലേക്ക് നോക്കി. "നാലരയോടെ നമ്മൾ അവിടെയെത്തും..."
വിമാനത്തിൽ ആദ്യം കയറി ഇരിപ്പുറപ്പിച്ച സാറ സീറ്റ് ബെൽറ്റ് അണിഞ്ഞു. സ്യൂട്ട്കെയ്സുകൾ രണ്ടും മുകളിലേക്ക് ഉയർത്തി കൊടുത്തിട്ട് തിരിഞ്ഞ മാർട്ടിനോ കാർട്ടർക്ക് ഹസ്തദാനം നൽകി. "സീ യൂ സൂൺ, ജാക്ക്..."
"കോൾ സൈൻ അറിയാമല്ലോ... അത് ഇങ്ങോട്ട് അയയ്ക്കുക എന്ന ജോലി മാത്രമേ ക്രെസ്സൺ ചെയ്യേണ്ടതുള്ളൂ... വേറെ മെസ്സേജുകളുടെയൊന്നും ആവശ്യമില്ല... നിങ്ങളെ പിക്ക് ചെയ്യേണ്ട ദിവസം രാത്രി പത്ത് മണിക്ക് ഒരു ലൈസൻഡർ നിങ്ങൾ ഇപ്പോൾ ഇറങ്ങാൻ പോകുന്ന അതേ എയർഫീൽഡിൽ എത്തിയിരിക്കും..."
വിമാനത്തിൽ കയറി സാറയുടെ അരികിലെ സീറ്റിൽ ഇരുന്നിട്ട് മാർട്ടിനോ സീറ്റ് ബെൽറ്റ് മുറുക്കി. അവളെ നോക്കാനോ എന്തെങ്കിലും സംസാരിക്കാനോ അദ്ദേഹം തുനിഞ്ഞില്ല. ലെഫ്റ്റെനന്റ് ഗ്രീൻ പൈലറ്റ് സീറ്റിൽ കയറി ഇരുന്നതും മാർട്ടിനോ അവളുടെ കരം തന്റെ കൈയ്യിലെടുത്തു. എൻജിനുകളുടെ ശബ്ദം ഇരുട്ടിനെ ഭേദിച്ചു. ടാക്സി ചെയ്ത് റൺവേയുടെ അറ്റത്ത് എത്തിയ വിമാനം തിരിഞ്ഞു. ശേഷം, ലൈറ്റുകൾ അതിരിടുന്ന ഇരുവശത്തെയും രേഖകൾക്കിടയിലൂടെ മുന്നോട്ട് നീങ്ങുവാൻ തുടങ്ങി. ക്രമേണ വേഗതയാർജ്ജിച്ചു തുടങ്ങിയ സമയത്താണ് പ്രധാന കവാടം കടന്ന്, കാവൽക്കാരന്റെ പരിശോധനക്കായി ഒരു നിമിഷം നിന്നതിന് ശേഷം ഒരു ഓസ്റ്റിൻ പ്രിൻസസ് കാർ പുൽ മൈതാനത്തിലൂടെ ആ ഷെഡ്ഡുകൾക്ക് നേരെ കുതിച്ചെത്തിയത്. ഡോഗൽ മൺറോ കാറിൽ നിന്നും പുറത്തിറങ്ങിയതും റൺവേയുടെ അറ്റത്ത് എത്തിയിരുന്ന ലൈസാൻഡർ ഉയർന്ന് മരങ്ങൾക്ക് മുകളിലൂടെ ഇരുട്ടിൽ ലയിച്ചു.
"നാശം..." മൺറോ സ്വയം ശപിച്ചു. "ബേക്കർ സ്ട്രീറ്റിൽ പെട്ടു പോയി, ജാക്ക്... ഒഴിവാക്കാനാവാത്ത ചില കാര്യങ്ങൾ വന്നുപെട്ടു... സമയമാവുമ്പോഴേക്കും എത്താമെന്നാണ് ഞാൻ കരുതിയത്..."
"അവർക്ക് കാത്തു നിൽക്കാൻ ആവുമായിരുന്നില്ല സർ..." ബാൺസ് പറഞ്ഞു. "വൈകിയാൽ അവിടുത്തെ കാലാവസ്ഥ തീരെ മോശമാകാൻ സാദ്ധ്യതയുണ്ട്..."
"തീർച്ചയായും..." മൺറോ പറഞ്ഞു.
ബാൺസ് നടന്നകലവെ കാർട്ടർ ചോദിച്ചു. "ഇതേക്കുറിച്ച് ജനറൽ ഐസൻഹോവർ എന്തു പറഞ്ഞു സർ...?"
"അദ്ദേഹം എന്തു പറയാൻ, ജാക്ക്...? അദ്ദേഹത്തിനെന്നല്ല, നമുക്കാർക്കെങ്കിലും എന്തെങ്കിലും പറയാനാവുമോ...?" മൺറോ ചുമൽ വെട്ടിച്ചു. "പന്ത് ഇനി മാർട്ടിനോയുടെ കോർട്ടിലാണ്... എല്ലാം അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നു..."
"സാറാ ഡ്രെയ്ട്ടനെയും സർ..."
"അതെ, നല്ലൊരു ചെറുപ്പക്കാരിയായിരുന്നു അവൾ..." തന്റെ നാവിൽ നിന്നും ഉതിർന്ന വാക്കുകൾ ഭൂതകാല പ്രയോഗമാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞ മൺറോ അതൊരു ദുശ്ശകുനമാണല്ലോ എന്നോർത്ത് ഞെട്ടി വിറച്ചു പോയി. "വരൂ ജാക്ക്... നമുക്ക് തിരിച്ചു പോകാം..." അദ്ദേഹം തിരിഞ്ഞ് കാറിന് നേർക്ക് നടന്നു.
(തുടരും)
ആ ഭൂതകാലപ്രയോഗം നടത്തുവാൻ വേണ്ടി മാത്രം മണ്റോ ഓടിയെത്തിയത് പോലെ!!
ReplyDeleteശകുനം ഒന്നും നോക്കേണ്ട ബ്രോ..പോയി തകർത്തു വാരി വാ.
ReplyDeleteഅതന്നെ...
Deleteഎന്നാലും മൺറോ ഇങ്ങനെ പറഞ്ഞ് വിഷമത്തിലായി..
ReplyDeleteഅതെ... അറിയാതെ വീണുപോയ വാക്കുകൾ...
Deleteമൻറോ പറഞ്ഞപോലെ പന്ത് ഇനി മാർട്ടിനോയുടെ കോർട്ടിൽ ആണ്. എങ്കിലും ആ ഭൂതകാലപ്രയോഗം.....
ReplyDelete😳
അതെ... അതൊരു ഉത്കണ്ഠയായി...
Deleteമൺറോ -സാറ ഫ്ലാഷ്ബാക്കിലൂടെ ഇനി ആ ഭൂതകാലം പൊട്ടിവിരിയും അല്ലെ
ReplyDeleteഇല്ല മുരളിഭായ്... അതൊരു നാവ് പിഴ മാത്രം...
Deleteവിജയിച്ചു വരിക
ReplyDeleteഎന്ന് പ്രതീക്ഷിക്കാം നമുക്ക്...
Delete