ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഗ്രാൻവിലായിൽ നിന്നും വടക്ക് പടിഞ്ഞാറ് ഏഴ് മൈൽ അകലെയുള്ള എയർസ്ട്രിപ്പിനരികിലെ മരക്കൂട്ടങ്ങൾക്കിടയിൽ കാത്തു നിൽക്കുകയാണ് സോഫിയാ ക്രെസ്സൺ. ആരെയും ഒപ്പം കൂട്ടാതെ തനിയേ എത്തിയ അവൾ തന്റെ പഴയ റെനോ വാനിൽ ചാരി നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. വാനിന്റെ ഡോർ തുറന്നിട്ടിരിക്കുന്നതിന്റെ ഉദ്ദേശ്യം പാസഞ്ചർ സീറ്റിൽ വച്ചിട്ടുള്ള സ്റ്റെൻഗൺ ആവശ്യം വന്നാൽ ഞൊടിയിടയിൽ എടുക്കുക എന്നതായിരുന്നു. ബാറ്ററിയിൽ ഓപ്പറേറ്റ് ചെയ്യുന്ന ഒരു റേഡിയോ ബീക്കണും വണ്ടിക്കുള്ളിൽ ഉണ്ട്. മാർട്ടിനോയും സാറയും ഹോൺലി ഫീൽഡിൽ നിന്നും ടേക്ക് ഓഫ് ചെയ്തു എന്ന സന്ദേശം ജെറാർഡിന് എത്തുന്നത് വരെ അവൾ ബാറിൽത്തന്നെ ഇരിക്കുകയായിരുന്നു. ഈ കാര്യത്തിൽ സമയക്ലിപ്തത അത്രയ്ക്കും പ്രാധാന്യമുള്ളതാണല്ലോ.
തണുപ്പിൽ നിന്നും രക്ഷയ്ക്കായി ചെവികൾ മൂടുന്ന ഒരു കമ്പിളിത്തൊപ്പിയും ഷർട്ടിന് മുകളിൽ ജെറാർഡിന്റെ ഒരു പഴയ ഹണ്ടിങ്ങ് കോട്ടും ആണ് അവൾ ധരിച്ചിരുന്നത്. വഴി മദ്ധ്യേ കണ്ടുമുട്ടാനിടയുള്ള സെക്യൂരിറ്റി പട്രോൾ സംഘത്തെക്കുറിച്ചൊന്നും അവൾക്ക് വേവലാതി ഉണ്ടായിരുന്നില്ല. ഗ്രാൻവിലാ പ്രദേശത്തുള്ള സൈനികരെയെല്ലാം അവൾക്ക് പരിചയമുണ്ടായിരുന്നു. അതുപോലെ തന്നെ അവർക്ക് അവളെയും. പോലീസുകാരാണെങ്കിൽ സൈനികർ പറയുന്നതിനപ്പുറം ഒരു പ്രവൃത്തിയ്ക്കും പോകാറുമില്ല. ചുരുക്കത്തിൽ അവളുടെ അറിവിൽപ്പെടാത്തതായി ഒന്നും തന്നെ ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല എന്ന് പറയാം. വാനിന്റെ പിൻഭാഗത്ത് ഏതാനും ചത്ത കോഴികളെയും പ്രാവുകളെയും കൂട്ടിയിട്ടിട്ടുണ്ട്. അഥവാ എന്തെങ്കിലും ചെക്കിങ്ങ് ഉണ്ടാവുകയാണെങ്കിൽ കരിഞ്ചന്തയിലേക്ക് കൊണ്ടുപോകുന്ന ഇറച്ചിക്കോഴികൾ ആണെന്ന് കരുതിക്കൊള്ളും.
വാച്ചിൽ നോക്കിയിട്ട് അവൾ റേഡിയോ ബീക്കൺ സ്വിച്ച് ഓൺ ചെയ്തു. പിന്നെ വാനിൽ നിന്നും മൂന്ന് ടോർച്ചുകൾ എടുത്ത് എയർസ്ട്രിപ്പിലേക്ക് ഓടിച്ചെന്ന് ‘L’ തല തിരിച്ചു വച്ച ആകൃതിയിൽ മുകളിലേക്ക് കുത്തി നിർത്തി തെളിയിച്ചു വച്ചു. ശേഷം തിരികെ വാനിന് അടുത്തു വന്ന് വിമാനത്തിൽ നിന്നുള്ള സിഗ്നലിനായി കാത്തു നിന്നു.
***
അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഇല്ലാത്തൊരു വ്യോമയാത്രയായിരുന്നു അവരുടേത്. ഇതുപോലുള്ള നാല്പതിലധികം ദൗത്യങ്ങൾ നിർവ്വഹിച്ചിട്ടുള്ള ലെഫ്റ്റനന്റ് പീറ്റർ ഗ്രീനിന് മറ്റൊരു യാത്ര കൂടി. ഫ്രഞ്ച് തീരത്തോടടുക്കുമ്പോൾ റഡാർ കവറേജിന് താഴെക്കൂടി പറക്കുന്നതാണ് ഉത്തമം എന്ന വിദഗ്ദ്ധാഭിപ്രായങ്ങളിലൊന്നും അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. ഒരു തവണ ആ വിദ്യ പരീക്ഷിച്ച അവസരത്തിൽ റോയൽ നേവിയുടെ കപ്പലിൽ നിന്നുള്ള പീരങ്കിയാക്രമണമാണ് നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ 8000 അടി ഉയരത്തിൽ ഷെർബർഗ് ഉപഭൂഖണ്ഡത്തിന് മുകളിലെത്തിയ അദ്ദേഹം ആ ലൈസാൻഡറിനെ അല്പം തെക്ക് ദിശയിലേക്ക് തിരിച്ചു.
“ഇനി പതിനഞ്ച് മിനിറ്റ് മാത്രം… റെഡിയായിരുന്നോളൂ…” ഇന്റർകോമിലൂടെ അദ്ദേഹം മുന്നറിയിപ്പ് കൊടുത്തു.
“ഏതെങ്കിലും നൈറ്റ് ഫൈറ്ററുകൾ വഴി മുടക്കാൻ സാദ്ധ്യതയുണ്ടോ…?” മാർട്ടിനോ ചോദിച്ചു.
“സാദ്ധ്യത കുറവാണ്… ജർമ്മനിയിലെ വിവിധ പട്ടണങ്ങളിൽ ആക്രമണം നടത്തുന്ന നമ്മുടെ യുദ്ധവിമാനങ്ങളെ നേരിടാനായി ഫ്രാൻസിലുള്ള നൈറ്റ് ഫൈറ്ററുകളെയെല്ലാം അവർ നിയോഗിച്ചിട്ടുണ്ടാവും…”
“നോക്കൂ…” സാറ ഇടയിൽ കയറി പറഞ്ഞു. “താഴെ ലൈറ്റുകൾ കാണാനുണ്ട്…”
പെട്ടെന്ന് ആൾട്ടിറ്റ്യൂഡ് കുറച്ച അവർക്ക് ആ ‘L’ അടയാളം വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. “ദാറ്റ്സ് ഇറ്റ്…” ഗ്രീൻ പറഞ്ഞു. “മുമ്പ് രണ്ട് തവണ ഞാനിവിടെ ലാൻഡ് ചെയ്തിട്ടുണ്ട്… അതുകൊണ്ട് യാതൊരു ചിന്താക്കുഴപ്പവുമില്ല… ഇൻ ആന്റ് ഔട്ട് വെരി ഫാസ്റ്റ്… എന്താണ് ചെയ്യേണ്ടതെന്ന് അറിയാമല്ലോ കേണൽ…?”
മരക്കൂട്ടങ്ങൾക്ക് മുകളിലൂടെ പറന്നെത്തി ആ പുൽമൈതാനത്തിൽ നിലം തൊട്ട വിമാനം ലൈറ്റിന് സമാന്തരമായി ഓടി നിശ്ചലമായി. ഒരു കൈയ്യിൽ സ്റ്റെൻഗണ്ണുമായി മറുകൈ വീശിക്കൊണ്ട് സോഫി ക്രെസ്സൺ വിമാനത്തിനരികിലേക്ക് ഓടിയെത്തി. ഡോർ തുറന്ന് സ്യൂട്ട്കെയ്സുകൾ താഴേക്കെറിഞ്ഞിട്ട് മാർട്ടിനോ പുറത്തിറങ്ങി. ശേഷം സാറയെ ഇറങ്ങുവാൻ സഹായിച്ചു. അവൾ ഇറങ്ങിയതും പീറ്റർ ഗ്രീൻ ഡോർ വലിച്ചടച്ച് ലോക്ക് ചെയ്തു. ഫുൾ ത്രോട്ട്ൽ ലഭിച്ചതോടെ കർണ്ണകഠോരമായ ശബ്ദത്തോടെ മുന്നോട്ട് കുതിച്ച ലൈസാൻഡർ മൈതാനത്തിന്റെ അറ്റത്ത് ചെന്ന് പറന്നുയർന്നു.
“വരൂ, നമുക്കിവിടെ നിന്ന് പുറത്ത് കടക്കാം… നിങ്ങളുടെ സ്യൂട്ട്കെയ്സുകൾ വണ്ടിയിൽ എടുത്തു വച്ചോളൂ… അപ്പോഴേക്കും ഞാൻ ആ ടോർച്ചുകൾ എടുത്തുകൊണ്ടു വരട്ടെ…” വാനിന്റെ പിൻവാതിൽ തുറന്ന് കൊടുത്തു കൊണ്ട് സോഫി പറഞ്ഞു. “ഈ ബാരലുകളുടെ പിന്നിൽ ഒളിച്ചിരിക്കാൻ ധാരാളം സ്ഥലമുണ്ട്… പേടിക്കേണ്ട കാര്യമൊന്നുമില്ല… ഈ പ്രദേശം കാണാപാഠമാണെനിക്ക്… അഥവാ അവരെങ്ങാനും തടഞ്ഞാൽത്തന്നെ ഒന്നോ രണ്ടോ കോഴിയെയും എടുത്ത് സ്ഥലം വിടുകയേയുള്ളൂ…”
“എല്ലായിടത്തും ഇങ്ങനെയൊക്കെത്തന്നെയാണല്ലേ…?” സാറ ചോദിച്ചു.
“ങ്ഹെ… ബ്രെറ്റൻ പെൺകൊടിയോ…!” സാറയുടെ മുഖത്തേക്ക് ടോർച്ച് അടിച്ച് നോക്കിയിട്ട് സോഫി അത്ഭുതം കൂറി. “മൈ ഗോഡ്, വന്ന് വന്ന് കൊച്ചു പെൺകുട്ടികളെയും അയച്ചു തുടങ്ങിയോ അവർ…?” അവൾ ചുമൽ വെട്ടിച്ചു. “എന്തായാലും ശരി, പെട്ടെന്ന് വണ്ടിയിൽ കയറൂ… നമുക്ക് പോകാം…”
സോഫി വാൻ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കവെ ബാരലുകൾക്ക് പിന്നിൽ നിലത്ത് ഇരിക്കുന്ന സാറയുടെ കാൽമുട്ട് മാർട്ടിനോയുടെ ദേഹത്ത് സ്പർശിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒടുവിൽ അത് യാഥാർത്ഥ്യമായിരിക്കുന്നു… ഇനി കളിയില്ല… കാര്യം മാത്രം… അവൾ മനസ്സിലോർത്തു. ഹാൻഡ്ബാഗ് തുറന്ന് ആ വാൾട്ടർ PPK തോക്ക് കെയ്സിനുള്ളിൽത്തന്നെയുണ്ടെന്ന് അവൾ ഉറപ്പ് വരുത്തി. കെല്ലി അവൾക്ക് സമ്മാനിച്ച ആ ചെറിയ ബെൽജിയൻ ഓട്ടോമാറ്റിക്ക് ഗൺ… അവശ്യഘട്ടത്തിൽ അവൾക്ക് അത് ഉപയോഗിക്കാനാവുമോ…? അവസരം വരുമ്പോൾ മാത്രമേ പറയാൻ കഴിയൂ… മാർട്ടിനോ ഒരു സിഗരറ്റിന് തീ കൊളുത്തി അവൾക്ക് നൽകി. ശ്വാസകോശങ്ങൾക്കുള്ളിൽ പുക എത്തിയപ്പോൾ അവൾക്ക് അനുഭവപ്പെട്ട ആശ്വാസം ചെറുതായിരുന്നില്ല. വാനിന്റെ ഒരു വശത്തേക്ക് ചാരിയിരുന്ന് വീണ്ടും പുകയെടുക്കവെ അവൾക്കുള്ളിൽ ആവേശം നുരയുകയായിരുന്നു.
***
ഉറക്കമുണർന്ന സാറ കോട്ടുവായിട്ട് കൈകൾ നീട്ടി മൂരി നിവർത്തി. സമയം മദ്ധ്യാഹ്നമായിരിക്കുന്നു. മേൽക്കൂരയോട് തൊട്ട് ചേർന്നുള്ള ആ ബെഡ്റൂമിൽ കാര്യമായി ഫർണീച്ചറുകൾ ഒന്നും ഇല്ലെങ്കിലും ആവശ്യത്തിനും മാത്രം സൗകര്യങ്ങൾ ഉണ്ടായിരുന്നു. പുതയ്ക്കാൻ ഉപയോഗിച്ചിരുന്ന ഷീറ്റ് ഒരു വശത്തേക്ക് മാറ്റി വച്ചിട്ട് എഴുന്നേറ്റ് അവൾ ജാലകത്തിനരികിലേക്ക് ചെന്നു. മതിലിനപ്പുറം ഹാർബറിന്റെ ദൃശ്യം തികച്ചും മനോഹരമായിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു. ഒരു ട്രേയിൽ കോഫിയുമായി എത്തിയ സോഫി ആയിരുന്നു അത്.
“ആഹാ, എഴുന്നേറ്റോ…?” സോഫി ചോദിച്ചു.
“ഇപ്പോൾ അല്പം ഉന്മേഷം തോന്നുന്നു…” ട്രേയിൽ നിന്നും കോഫി ഗ്ലാസ് എടുത്ത് സാറ ജാലകത്തിനരികിലെ കസേരയിൽ ഇരുന്നു.
സോഫി ഒരു സിഗരറ്റിന് തീ കൊളുത്തി. “നിങ്ങൾ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ…?”
“പല തവണ… എന്റെ അമ്മ ഡു വിലാ കുടുംബത്തിലെ അംഗമാണ്… പാതി ജെഴ്സി, പാതി ബ്രെറ്റൻ എന്നു പറയാം… എന്റെ മുത്തശ്ശി ജനിച്ചത് പൈംപോളിലാണ്… ചെറിയ കുട്ടിയായിരിക്കുമ്പോൾ ദ്വീപിൽ നിന്നും ഇടയ്ക്കിടെ ഗ്രാൻവിലായിൽ വരാറുണ്ടായിരുന്നു… ആ ഹാർബറിന് മുന്നിൽ ഒരു ഫിഷർമെൻസ് കഫേ ഉണ്ടായിരുന്നല്ലോ… രുചികരമായ കോഫിയും ലോകത്തിലെ ഏറ്റവും സ്വാദിഷ്ടമായ സാൻഡ്വിച്ചും അവിടെ ലഭിക്കുമായിരുന്നു…”
“അതൊന്നും ഇപ്പോഴില്ല…” സോഫി പറഞ്ഞു. “യുദ്ധം എല്ലാം മാറ്റി മറിച്ചിരിക്കുന്നു… അതാ, അങ്ങോട്ട് നോക്കൂ…”
ജലയാനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു ആ ഹാർബർ. റൈൻ ബാർജുകൾ, മൂന്ന് കോസ്റ്ററുകൾ, പിന്നെ ജർമ്മൻ നേവിയുടെ കുറേ നൗകകൾ… വാർഫിൽ വരിയായി നിർത്തിയിട്ടിരിക്കുന്ന ട്രക്കുകളിൽ നിന്നും സാധനങ്ങൾ ഇറക്കി ബാർജുകളിലേക്ക് കയറ്റുകയാണ് തുറമുഖത്തൊഴിലാളികൾ.
“ആ ബാർജുകളെല്ലാം ഇന്ന് രാത്രി ദ്വീപുകളിലേക്ക് പുറപ്പെടാനുള്ളതായിരിക്കും അല്ലേ…?” സാറ ചോദിച്ചു.
“അതെ… കുറെയെണ്ണം ജെഴ്സിയിലേക്ക്… ബാക്കി ഗ്വെൺസിയിലേക്കും…”
“ഇവരെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം…?”
“ജർമ്മൻ സൈനികരോ…?” സോഫി ചുമൽ വെട്ടിച്ചു. “നോക്കൂ, ഞാനൊരു പ്രായോഗികമതിയാണ്… എനിക്കാരോടും വെറുപ്പില്ല… ഫ്രാൻസിൽ നിന്നും ഇവരെ പുറത്താക്കണമെന്നേ എനിക്കുള്ളൂ…”
“ഇവരുടെ ക്രൂരതകളെക്കുറിച്ച് വളരെയേറെ കേട്ടിട്ടുണ്ട്… ഇംഗ്ലണ്ടിൽ എവിടെയും അതാണ് സംസാര വിഷയം…”
“ശരിയാണ്…” സോഫി പറഞ്ഞു. “SS ഉം ഗെസ്റ്റപ്പോയും ശരിക്കും പിശാചുക്കൾ തന്നെ… സാധാരണ ജനങ്ങൾക്കെന്ന പോലെ ജർമ്മൻ സൈനികർക്കും അവരെ ഭയമാണ്… ഒന്നോർത്താൽ ഗെസ്റ്റപ്പോ ഭടന്മാരെപ്പോലെ തന്നെ ദുഷ്ടന്മാർ നമ്മുടെ ആൾക്കാരുടെ ഇടയിലും ഉണ്ടെന്നതാണ് വാസ്തവം… ഡർനാൻ മിലിഷ്യയിലെ അംഗങ്ങൾ… നാസികളോടൊപ്പം ചേർന്ന് ഫ്രഞ്ച് പ്രതിരോധ പ്രവർത്തകരെ ഒറ്റിക്കൊടുക്കുന്ന ഫ്രഞ്ചുകാർ...”
“വല്ലാത്ത കഷ്ടം തന്നെ…” സാറ പറഞ്ഞു.
“ഇതാണ് ജീവിതം കുട്ടീ… ആരെയും നമുക്ക് വിശ്വസിക്കാൻ കഴിയില്ലെന്ന് സാരം… അത് പോട്ടെ, ഡ്രെസ് ചെയ്ത് താഴേക്ക് വരൂ… നമുക്ക് ഭക്ഷണം കഴിക്കാം…”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ദങ്ങനെ കളി തുടങ്ങി...
ReplyDeleteഅതെ ആരെയും വിശ്വസിക്കാൻ പറ്റില്ല..
വല്ലാത്തൊരു അവസ്ഥ തന്നെ...
Deleteഇനി കളിയില്ല.. കാര്യം മാത്രം..
ReplyDelete(എന്നാലും പുകവലി പാടില്ല)
ഇവർക്കെല്ലാം പുകവലി ഇല്ലാത്ത ഒരു കാര്യവുമില്ല... മോശം മോശം...
Deleteഒറ്റുകാർ ശാപമായി എവിടെയും
ReplyDeleteഅതെ സുകന്യാജീ...
Deleteഅതെ... ഭക്ഷണം കഴിച്ചിട്ട് ആകാം ബാക്കി... 😊
ReplyDeleteഭക്ഷണം... വല്ല ഉരുളക്കിഴങ്ങ് പുഴുങ്ങിയതും സൂപ്പും ഒക്കെ ആയിരിക്കുമെന്നേ... അതിനൊക്കെ നമ്മുടെ ഭക്ഷണമാണ് ഭക്ഷണം...
Deleteഭക്ഷണം കഴിഞ്ഞിട്ടുള്ള കളികൾ വിശദമായി പറയണം കേട്ടോ വിനുവേട്ടാ
ReplyDeleteപ്രഭാകരാ...!!!
Deleteഎത്തി
ReplyDeleteഅതെ...
Deleteപിന്നല്ല
Delete